'അമ്മച്ചീ ഇവള് പറയുന്നതൊന്നും വിശ്വസിക്കരുതേ ...വാ തുറന്നാൽ നുണയെ പറയു ....കല്ലുവച്ചനുണ"....പാറുവമ്മ ചീറി ".നുണച്ചി നിങ്ങളാ....മുട്ടക്കള്ളി!."...ആനന്ദം ,പാറുവമ്മയെ നോക്കി കൊഞ്ഞനം കുത്തി .
“കണ്ടോ കണ്ടോ അമ്മച്ചി…ഈ നീർക്കോലി എന്നെവിളിച്ചത് കേട്ടോ”
പാറുവമ്മ മുളചീന്തുമ്പോലെ ഒറ്റ കരച്ചിൽ !
കള്ളി പുറത്താകുമെന്നാവുമ്പോൾ പാറുവമ്മയുടെ സ്ഥിരം പരിപാടിയാണത്
ആനന്ദത്തിനു പതിനാലു വയസ്സ് …അമ്മച്ചിയുടെ അകന്ന ബന്ധത്തിലുള്ള, ഉറ്റവരും ഉടയവരും ഇല്ലാത്തൊരു പെൺകുട്ടി ..ബന്ധു വീടുകളിൽ അങ്ങോട്ടുമിങ്ങോട്ടും ഇട്ടു തട്ടി നശിപ്പിച്ചു കളയേണ്ടെന്നോർത്തു അമ്മച്ചി കൂട്ടിക്കൊണ്ടു വരികയായിരുന്നു .നാലാം ക്‌ളാസിൽ മൂന്നു തവണ തോറ്റതില്പിന്നെ “പള്ളിക്കൂടം” എന്ന് കേട്ടാൽ സന്നിവരുന്നൊരു സൂത്രക്കാരി !അമ്മച്ചിയുടെ ബന്ധുക്കാരി എന്നൊരു ഭാവവും അധികാരവും പെരുമാറ്റത്തിൽ ഒരൽപം ഇല്ലാതില്ല ..അമ്മച്ചി അതൊക്കെ അറിയാത്തമട്ടിൽ ആസ്വദിക്കുകയും ചെയ്തിരുന്നു …..
പാറുവമ്മ എന്നും വന്നുപോകുന്ന പണിക്കാരത്തിയാണ് .അവരുടെ തന്നെ ശൈലിയിൽ “വയറ്റിലേക്കിടാനുള്ളതെല്ലാം ഒതുക്കിക്കൊടുക്കുന്നവൾ “….രാവിലെ ഒഴിഞ്ഞ മടിക്കുത്തുമായിട്ടാണ് വരുന്നതെങ്കിലും പോകുമ്പോൾ അത് വയറ്റുകണ്ണികളെപ്പോലെ നിറഞ്ഞിരിക്കും .മല്ലി,മുളക്,പഞ്ചസാര,കാപ്പിപ്പൊടി തുടങ്ങി ഒരു മിനി പലചരക്കുകട മടിക്കുത്തിലുണ്ടെന്നറിയാമായിരുന്നിട്ടും അമ്മച്ചി ഒന്നും ചോദിക്കാറില്ല….ഇല്ലാഞ്ഞിട്ടല്ലേ……..
അമ്മച്ചി രണ്ടുപേരെയും മാറിമാറി നോക്കി .പോരുകോഴികളെയാണ് അമ്മച്ചിക്ക് ഓർമ്മവന്നത്.
“എന്താ നിങ്ങളുടെ പ്രശനം “? പൊട്ടിവന്ന ചിരി ഒതുക്കി അമ്മച്ചി ചോദിച്ചു “അത് ഇന്ന് ചിന്നു ക്കോഴി ഇട്ട മുട്ട ……”മുഴുവൻ പറയാൻ ആനന്ദത്തിനെഅനുവദിക്കാതെ അമ്മച്ചി ഇടക്ക് കയറി ചോദിച്ചു “ചിന്നു കോഴി അതിനു മുട്ട ഇടാറേ ഇല്ലല്ലോ .”
പാറുവമ്മയുടെ വിളറിയ മുഖത്ത് ഇപ്പോൾ ഒരു വിജയിയുടെ ഭാവം തെളിഞ്ഞുവന്നു .”കണ്ടോ കണ്ടോ …ഞാൻ അപ്പോഴേ പറഞ്ഞില്ലേ ഈ കൊച്ചു നോണയെ പറയത്തൊല്ലെന്ന്…..ഇക്കണക്കിനു ഞാൻ പലതും എടുത്തോണ്ടുപോയെന്നു പറഞ്ഞോണ്ടാക്കുമല്ലോ …..എന്റെ പൊന്നൂ കെട്ടിച്ചു ,വേറൊരു വീട്ടിപോയി കഴിയാനൊള്ളതല്ലേ …അവര്, കള്ളം പറഞ്ഞാ കിറിക്കിട്ടു കുത്തും !
ആനന്ദം, ഇത് കേട്ടപാടെ ,കടന്നൽക്കുത്തേറ്റതുപോലെ മുഖം വീർപ്പിച്ചു, ചാടിത്തുള്ളി എഴുന്നേറ്റു പോയി
“ആ മുറുക്കാൻ ചെല്ലം എടുത്തു തന്നിട്ട് നീ പോയി പണി നോക്ക് പാറു “
“അമ്മച്ചി സഭ പിരിച്ചുവിട്ടു .
“എവിടെ എന്റെ പൊട്ടിക്കാളി?”…..വിളക്കുവയ്ക്കാൻ നേരമായപ്പോൾ അമ്മച്ചി വിളിച്ചു ചോദിച്ചു ….
ഞാൻ ഇവിടുണ്ട് ” കതകിനു മറവിൽ നിന്ന് അശരീരി മുഴങ്ങി .
“നീയിങ്ങു വാ ….അമ്മച്ചി ചോദിക്കട്ടെ “…..മടിച്ചു മടിച്ചു ആനന്ദം അമ്മച്ചിയുടെ അരികിലേക്ക് വന്ന് തലകുനിച്ചു നിന്നു.
“നീ എന്തിനാ കൊച്ചേ ആ പാറൂന്റടുത്തുചുമ്മാ വഴക്കുണ്ടാക്കുന്നെ ?പ്രായത്തിനു മൂത്തവരോട് ഇങ്ങനൊക്കെ സംസാരിക്കാൻ പാടുണ്ടോ ?”
അവളുടെ മുടിയിഴകൾ ഒതുക്കിക്കൊണ്ടു അമ്മച്ചി ചോദിച്ചു.
“അതോ…അവരെന്നെ പറ്റിച്ചിട്ടാ…പള്ളിപ്പെരുന്നാളിന് ഉണ്ണിയപ്പവും ഉഴുന്നാടയും കരിവാളായും ഒക്കെ മേടിച്ചുതരാമെന്നു പറഞ്ഞിട്ട് എത്ര നാളായെന്നോ…അതോണ്ടല്ലേ അവര് കാപ്പിപ്പൊടിയും പഞ്ചാരേമൊക്കെ എടുത്തോണ്ട് പോന്നത് അമ്മച്ചിയോടു പറയാതിരുന്നേ …”
“പിന്നിപ്പം പറഞ്ഞതെന്തിനാ “…അമ്മച്ചി ചിരി ഉള്ളിലടക്കി ചോദിച്ചു .”ഇന്ന് പറയുവാ ,പെരുന്നാളെല്ലാം കഴിഞ്ഞുപോയി,ഇനി അടുത്ത കൊല്ലമാവട്ടേന്നു …അങ്ങനെ പറ്റിക്കാൻ കൊള്ളാമോ ?”
“പറ്റിച്ചതെന്നതായാലും ശരിയായില്ല…പക്ഷെ ,എനിക്കറിയാമായിരുന്നു അവർ പലചരക്കോക്കെ കൊണ്ടുപോകുന്നുണ്ടെന്നു ..പാവം വിചാരിച്ചു ചോദിച്ചില്ലെന്നുമാത്രം”…അമ്മച്ചി ചിരിച്ചു
“അപ്പൊ ..ഞാൻ പച്ചമുട്ട കട്ട് കുടിക്കുന്നതും അമ്മച്ചിക്കറിയാമോ ?”
“പിന്നിലാണ്ട്…ഞാൻ എന്നും അത് ജനലിലൂടെ കാണുന്നതല്ലേ….ഇന്ന് പാറു അത് തട്ടി എടുത്തതിന്റെ കലിപ്പിലാണ് നീ എന്നും എനിക്കറിയാം “
“പിന്നെ…ആ കോഴി മുട്ടയിടാറേയില്ലെന്നു അമ്മച്ചി പറഞ്ഞതോ”?
“അതല്ലേ നുണ….കല്ലുവച്ച നുണ”
അമ്മച്ചി പൊട്ടിച്ചിരിച്ചു…..പതിയെ ആനന്ദവും .
***********************