എന്തിനെന്നറിയാതെ ….

അടുക്കളയിൽ, ധൃതിയിൽ കാളന് കടുക് താളിക്കുകയായിരുന്നു താൻ…

ഇന്നാണ് സ്മൃതിയെ പെണ്ണുകാണാൻ വരുന്നത്. ഉടനെയെങ്ങും തന്റെ തോളിൽ നുകം കെട്ടരുതേ എന്ന് പകുതി തമാശയും ബാക്കി കാര്യമായും അവൾ പറഞ്ഞിട്ടും നല്ലൊരാലോചനവന്നപ്പോൾ തള്ളിക്കളയാൻ തോന്നിയില്ല. അതുകൊണ്ടാണ് ലീവില്ലമ്മേ എന്ന് പറഞ്ഞു ചിണുങ്ങിയിട്ടും ബാഗ്ലൂരിൽനിന്നും അവളെ വിളിച്ചു വരുത്തിയത്.

രവിയേട്ടനോടൊപ്പം ജോലിചെയ്തിരുന്ന ശ്യാമസുന്ദറിന്റെ പെങ്ങളുടെ മകൻ….ഐ എസ് ആർ ഓ യിലെ സയന്റിസ്റ്റ് …..കാണാൻ സുന്ദരൻ ….സ്വഭാവം അതിലേറെ സുന്ദരം…. ഇത്രയൊക്കെ വിശേഷണങ്ങൾ കേട്ടതും, മറ്റൊന്നുമാലോചിക്കാതെ , താൻ പെണ്ണുകാണാൻ വരാൻ ക്ഷണിക്കുകയായിരുന്നു.

ഇന്ന് പെണ്ണുകാണാൻ വരുമെന്ന കാര്യം വീട്ടുജോലിക്ക് വരുന്ന പെണ്ണിനോടൊന്നു പറഞ്ഞുപോയി….. ദാ കിടക്കുന്നു… മൂന്ന് ദിവസമായി അവൾ വരാതായിട്ടു… എന്തെങ്കിലുമൊക്കെ കൂടുതൽ പണിചയ്യേണ്ടിവരുമെന്നു കരുതിയതാവും…. ഫോൺ വിളിച്ചാലോട്ടു എടുക്കുകേമില്ല. ഇനി വരും…. നാളെ ….ചേച്ചീന്നും പറഞ്ഞു മൂക്കും പിഴിഞ്ഞ്, കണ്ണും കലക്കി വന്നു നിൽകുമ്പോൾ എത്ര വിചാരിച്ചാലും ശകാരിക്കാൻ തനിക്കു തോന്നുകയില്ല. അതുകൊണ്ടാണ് ഇവറ്റകളൊക്കെ തന്നെ മുതലെടുക്കുന്നതെന്നാണ് രവിയേട്ടൻ പറയാറ്. പാവം രവിയേട്ടൻ ! ഇന്ന് രാവിലെ മുതൽ ശ്വാസംവിടാൻ നേരമില്ലാതെ മുറിയെല്ലാം തൂത്തും തുടച്ചും അടുക്കിപ്പെറുക്കിയും നടക്കുകയാണ്.

ആരതീ…..ആരതീ …..നിന്റെ മൊബൈൽ അടിക്കുന്നത് കേൾക്കുന്നില്ലേ ? മുകളിലത്തെ നിലയിൽ നിന്നും രവിയേട്ടൻ വിളിച്ചു ചോദിച്ചു. ഓ …അതെടുത്തു അടുക്കളയിൽ കൊണ്ടുവെക്കാൻ മറന്നു…. ഓടിച്ചെന്നു മൊബൈലെടുത്തു…പരിചയമില്ലാത്ത നമ്പറായതുകൊണ്ടു ആദ്യം എടുക്കാൻ ഒന്ന് മടിച്ചു. പിന്നെ പതിയെ ആൻസർ ബട്ടൺ അമർത്തി.

ഹലോ…മിസ്സിസ് ആരതി രവി ? ഒരു പുരുഷ സ്വരം ചോദിച്ചു. യെസ്.. ഹോൾഡിങ് ..മാഡം ….സോറി ടു ടെൽ യു ദാറ്റ് മിസ് സാന്താ സക്കറിയ ഈസ് നോ മോർ…” ” വാട്ട് ?” ഞാൻ ഞെട്ടിപ്പോയി.

” എസ് മാം …ഇന്ന് രാവിലേ …അറ്റാക്കായിരുന്നു. ബോധം മറയുന്നതിനുമുന്പ് അവർ പറഞ്ഞുതന്ന നമ്പറും പേരുമാണിത് ..”

ആരാടാ എന്ന് ചോദിച്ചുകൊണ്ട് രവിയേട്ടൻ താഴേക്കിറങ്ങി വന്നു. ഞാൻ ഫോൺ രവിയേട്ടന് നേർക്ക് നീട്ടി.

” എന്താ വല്ല വശപ്പിശക് കേസുമാണോ ?”

എന്റെ വിളറിയ മുഖം കണ്ട് കളിയാക്കി ചിരിച്ചുകൊണ്ട് രവിയേട്ടൻ ഫോൺ കാതോടുചേർത്തു ….. നോക്കിനിൽക്കേ രവിയേട്ടന്റെ മുഖം വിവർണമാകുന്നത് കണ്ട് കരച്ചിൽ എന്റെ തൊണ്ടക്കുഴിയിൽ വന്നു തിക്കുമുട്ടി.

ഫോൺ കട്ടാക്കി രവിയേട്ടൻ പതിയെ എന്റെ തോളിൽ കൈവെച്ചു . പിന്നെ എനിക്ക് പിടിച്ചു നിൽക്കാനായില്ല ….. രവിയേട്ടാ ….എനിക്ക് പോണം…. ശാന്തക്കയെ കാണണം…. ഞാൻ പൊട്ടിക്കരഞ്ഞുപോയി…..

.ഉം…പക്ഷെ അവർ വരുമ്പോൾ…. സാരമില്ല ഒരു കാര്യം ചെയ്യാം…. നിന്റെ ഫ്രണ്ട്സിനെ ഒക്കെ വിളിച്ചു കാര്യം പറയ്. ആരെങ്കിലുമൊക്കെ പോകുന്നുണ്ടാവുമല്ലോ …..കൂട്ടത്തിൽ നീയും പോയിട്ട് പോരെ…..ഇവിടെ കാര്യങ്ങളൊക്കെ ഞാൻ മാനേജ് ചെയ്തോളാം…

എന്നാലും വരുന്നവർ എന്ത് വിചാരിക്കും … എനിക്ക് പോകാതെയും വയ്യല്ലോ രവിയേട്ടാ ….

പറയത്തക്ക ബന്ധുക്കൾ ആരുമില്ലാത്തതുകൊണ്ടു ഉച്ചക്കുമുന്പേ അടക്കുമെന്നാണ് വിളിച്ചയാൾ പറഞ്ഞത് . നീ വേഗം പോകാനുള്ള കാര്യം നോക്ക് ….ഞാൻ മോളെ വിളിച്ചുണർത്തട്ടെ…രവിയേട്ടൻ സ്മൃതിയുടെ ബെഡ്റൂമിനുനേർക്കു നടന്നുകൊണ്ടു പറഞ്ഞു.

കരഞ്ഞു വീർത്ത മുഖം കഴുകി ഞാൻ ധൃതിയിൽ ലാൻഡ്‌ഫോണിനടുത്തേക്കു നടന്നു. സിമിയെയും പ്രീതിയെയും വിളിച്ചു പറയാം….പിന്നെ അവർക്കറിയാവുന്നവരോടൊക്കെ വിളിച്ചു പറയാൻ ചട്ടം കെട്ടാം . ആവശ്യമില്ലാതെ ആരെയും ഫോണിൽവിളിച്ചു സൊള്ളുന്ന സ്വഭാവം തനിക്കില്ലാത്തതുകൊണ്ടു , വിരലിലെണ്ണാവുന്ന സുഹൃത്തുക്കൾ മാത്രമേ തനിക്കുള്ളൂ.

സിമിയുടെ ഫോൺ ബെല്ലടിച്ചു നിന്നതേയുള്ളൂ. വിവരമറിഞ്ഞപ്പോൾ പ്രീതിക്കും സങ്കടമായി .പക്ഷെ അവൾക്കു മാസംതികഞ്ഞിരിക്കുന്നതുകൊണ്ടു ദൂരയാത്ര വയ്യ. പാരയാണെങ്കിലും പൊങ്ങച്ചക്കാരി ലിസി മാത്യുവിനെ സ്ക്രൂവെച്ചു തന്നെക്കൂടി ഫ്യൂണറലിനു കൊണ്ടുപോകുന്നകാര്യം പ്രീത ഏറ്റു .

പത്തു മിനിട്ടു കഴിഞ്ഞില്ല ലിസ്സിയുടെ വിളി വന്നു…… :” ആരതീ , ഞാൻ എന്റെ പുത്തൻ ലാൻസെറുമായി വരാം … റെഡിയായി നിന്നോളൂ….. പിന്നൊരുകാര്യം ഏതു സാരിയാ ഉടുക്കുന്നത് ? ബ്ലാക്കാണ് ലേറ്റസ്റ്റ് ഫാഷൻ, ഒക്കേഷനു പറ്റിയതും …”

ഇതെന്താ വല്ല ഫാഷൻഷോക്കും പോകാനാണോ ? ദൈവമേ, ഇവളെ കൂട്ടുപിടിച്ചത് ശിക്ഷ യാകോമോ ?…. ഞാൻ മനസ്സിലോർത്തു…

” ശരി …ശരി..ഷാർപ് ടെൻത്തേർട്ടി ….ഓക്കേ ? ” ലിസി ഫോൺ വച്ചു . ഞാൻ തിടുക്കത്തിൽ അടുക്കളയിലേക്കു ചെന്നു…

രവിയേട്ടൻ ചോറും കറികളുമെല്ലാം ചൂടാറാതെ കാസറോളിലേക്കു പകർന്നു കഴിഞ്ഞിരുന്നു…. സ ന്നർഭത്തിനൊത്തു ഉയരാനുള്ള രവിയേട്ടന്റെ കഴിവ് പലപ്പോഴും തന്നെ അതിശയപ്പെടുത്തിയിട്ടുണ്ട്.

” താങ്ക്സ് രവിയേട്ടാ ..” നിറഞ്ഞ മനസ്സോടെ താൻ പറഞ്ഞുപോയി…. സ്നേഹത്തോടെ തന്നെ ഒന്ന് നോക്കുകമാത്രം ചെയ്തിട്ട് രവിയേട്ടൻ ഏപ്രൺ അഴിച്ചുമാറ്റി. പിന്നെ പറഞ്ഞു : ” താൻ ഒന്നിനെപ്പറ്റിയും ബേജാറാകേണ്ട ….എന്തെങ്കിലും കഴിച്ചിട്ട് വേഗം റെഡിയാകാൻ നോക്ക് “

“ഇനി എനിക്കൊന്നും ഇറങ്ങില്ല രവിയേട്ടാ..ഞാൻ വന്നിട്ട് കഴിച്ചോളാം…”

” ഓക്കേ …ഓക്കേ… പക്ഷെ ഒരു ഗ്ലാസ് പാലെങ്കിലും കുടിക്കാതെ താൻ പോയാൽ ശരിയാവില്ല…..ഒന്നാമത് ലോ ബിപി ക്കാരിയും…”

ഞാൻ തലയാട്ടി…. ഈ സ്നേഹത്തിന്റെയും കരുതലിന്റെയും മുന്നിൽ ഞാനെപ്പോഴും തോറ്റുപോവുകയാണ്…..

നീട്ടിയുള്ള ഹോണടി സ്ട്രീറ്റിന്റെ അറ്റത്തു കേട്ടപ്പോഴേ ഞാനുറപ്പിച്ചു ലിസി എത്തിക്കഴിഞ്ഞെന്ന് …

” നീ ഇതുവരെ ഒരുങ്ങിയില്ലേ ?” കാർ റിവേഴ്‌സെടുത്തു തിരിക്കാനായി ഗേറ്റു തുറന്നപ്പോഴേ തല പുറത്തേക്കിട്ടു ലിസി ചോദിച്ചു…. നിറം കുറഞ്ഞ ഒരു ഒഴുക്കൻ സാരിയായിരുന്നു ഞാൻ ഉടുത്തിരുന്നത്….

ഇതൊക്കെ മതി…. നമുക്ക് പോകാം ലിസി .

ഛീ ചവറ് , ഡീ ബുദ്ദൂസേ …. എത്ര ആളുകള് വരുന്ന സ്ഥാലമാണെന്നറിയാമോ ….. നിന്റെയൊരു ചപ്പടാസി വേഷം … പോ …പോയി വേറെ നല്ല സാരി വല്ലതും ഉടുത്തു വാ ….ഞങ്ങൾ വെയിറ്റ് ചെയ്യാം……അല്ലെ ഡിയർ ? …” ഡ്രൈവിംഗ് സീറ്റിലിരുന്ന ഭർത്താവിനെ നോക്കി അവൾ കൊഞ്ചി. ഞാൻ വിളറിപ്പോയി.. . യാത്രയയക്കാൻ ഉമ്മറത്ത് നിന്ന രവിയേട്ടനെയും മോളെയും ഞാൻ ഇടംകണ്ണിട്ടു നോക്കി … അവരും ചമ്മിയതുപോലെ നിൽക്കുകയാണ്.

” ഓ ഒരു മരണവീട്ടിലേക്കല്ലേ ലിസി , എനിക്കിതൊക്കെ മതി . ഞാൻ പിന്നിലെ ഡോർ തുറന്നു കാറിനുള്ളിലേക്കു കടന്നിരുന്നു. പിന്നെ രവിയേട്ടനെയും മോളെയും നോക്കി തലയാട്ടി.

തല പെരുത്തുപോകുന്ന അസഹനീയമായ പെർഫ്യൂം ഗന്ധമായിരുന്നു കാറിനുള്ളിൽ…. കറുത്ത സീക്യുഎൻസ് പിടിപ്പിച്ച ഒരു പാർട്ടിവെയർ സാരിയായിരുന്നു ലിസ്സിയുടെ വേഷം…അതിനു ചേരുന്ന കമ്മലും മാലയും വളകളും …. ലിപ്‌ഗ്ലോസ് ഇട്ടു തിളങ്ങുന്ന ചുണ്ടുകളിൽ തന്നോടുള്ള പരിഹാസം ഒളിഞ്ഞിരുപ്പുണ്ടെന്നു അറിഞ്ഞിട്ടും എനിക്ക് സങ്കടം തോന്നിയില്ല….. ഒന്നുമില്ലെങ്കിലും തന്നെ കൂടെ കൂട്ടാൻ സന്മനസ്സു കാണിച്ചല്ലോ…

ചെവിക്കല്ല് പൊട്ടിക്കുന്ന ഒരലർച്ച കാറിലെ സ്പീക്കറിലൂടെ പുറത്തുചാടിയപ്പോൾ ഞാൻ ഞെട്ടിപ്പോയി.. ഏതോ ഒരു തമിഴ് തട്ടുപൊളിപ്പൻ പാട്ടാണ് … അതിലെ ഡ്രമ്മിന്റെ മുഴക്കത്തിൽ എന്റെ ചങ്കിടിപ്പ് താളം തെറ്റാൻ തുടങ്ങി. മറ്റൊന്നും ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും ശാന്താക്കയുടെ ആത്‌മാവിനുവേണ്ടി സ്വസ്ഥതയോടെ പ്രാര്ഥിക്കണമെന്നു ഞാൻ ആശിച്ചിരുന്നു…… ഒന്നും നടക്കില്ല….. ഒന്നും ,,,പ്രതികരിക്കാനാവാതെ , മൗനമായിരുന്നു ഞാൻ മനസ്സിൽ കരഞ്ഞു .

ശാന്തക്ക എന്റെ ആരുമല്ല….. പക്ഷെ ആരൊക്കെയോ ആയിരുന്നു…ഒരു കൂടപ്പിറപ്പിനെപ്പോലെ …കൂട്ടുകാരിയെപ്പോലെ….രക്ഷകയെപ്പോലെ…

ഞരമ്പുരോഗമുള്ള തന്റെ സെക്ഷൻ ഓഫീസർ താൻ പ്രൊബേഷനർ ആണെന്ന കാരണം പറഞ്ഞു തനിക്കു മാത്രം ഓവർടൈം ഡ്യൂട്ടി ഇട്ടതിനെ ,ചോദ്യം ചെയ്തു ശാന്തക്ക …. കോണ്ഫിടെൻഷ്യൽ റിപ്പോർട്ട് കുളമാക്കണ്ടായെങ്കിൽ, തന്നെ ക്വാട്ടേഴ്‌സിൽ വന്നു രഹസ്യമായി കാണാൻ പറഞ്ഞ മേലുദ്യോഗസ്ഥന്റെ മുഖത്തടിച്ചു ശാന്തക്ക ..സത്യമെന്തെന്നു അന്വേഷി ക്കാൻ പോലും മിനക്കെടാതെ തലങ്ങും വിലങ്ങും ട്രാൻസ്ഫർ ചെയ്താണ് മേലാളന്മാർ അവരോടുള്ള പ്രതികാരം തീർത്തത്. ശാന്തക്ക പക്ഷെ ഒന്നിലും തളർന്നില്ല. ആരോപണങ്ങളുടെയും കെട്ടുകഥകളുടെയും വേലിയേറ്റത്തിൽ അവർക്കുവന്ന നല്ല വിവാഹആലോചനകളെല്ലാം ഒഴുകിപ്പോയപ്പോൾ ഒരാണിന്റെ തുണയില്ലെങ്കിലും അന്തസ്സുള്ളോരു പെണ്ണിന് ജീവിക്കാമെന്ന് , ചിരിച്ചുകൊണ്ടുമാത്രം പറഞ്ഞിരുന്ന ശാന്തക്ക …. യൂണിയൻ പ്രവർത്തനം സ്വന്തം നേട്ടങ്ങൾ കൊയ്തെടുക്കാൻ മാത്രമുള്ള വേദിയാക്കി മാറ്റിയില്ല ശാന്തക്ക …. അങ്ങിനെ എന്തെല്ലാം.

പക്ഷെ ഇതൊന്നുമായിരുന്നില്ല ശാന്തക്കയെ തന്നോടടുപ്പിച്ചത് …ഒന്നും മറക്ക വയ്യ ….ഒന്നും.

രവിയേട്ടന് ഒരു എമർജൻസി ഓപ്പറേഷൻ വേണ്ടി വന്നപ്പോൾ പണത്തിനുവേണ്ടി താൻ നെട്ടോട്ടമോടുകയായിരുന്നു. സഹപ്രവർത്തകർ പലരും ഇതറിഞ്ഞു മുഖംതരാതെ മുങ്ങി നടന്നത് ഇന്നെന്നപോലെ ഓർക്കുന്നു.

അന്ന് , ഒന്നും ആവശ്യപ്പെടാതെതന്നെ ആവശ്യത്തിലേറെ പണം തന്റെ അക്കൗണ്ടിലേക്കു മാറ്റിത്തന്നു ശാന്തക്ക…. പ്രസവത്തോടനുബന്ധിച്ചു തനിക്കു എ ബി നെഗറ്റീവ് ബ്ലഡിനുവേണ്ടി രവിയേട്ടൻ പരക്കം പായുന്നതറിഞ്ഞു എന്റെ ബ്ളഡ്ഡും സെയിം ഗ്രൂപ്പ് എന്ന് പറഞ്ഞു ഓടി കിതച്ചു

ആശുപത്രിയിലെത്തി ശാന്തക്ക…. അന്നൊക്കെ, പകലും രാത്രിയുമെന്നില്ലാതെ , ലീവെടുത്തു ആശുപത്രിയിൽ കൂട്ടിരുന്നു ശാന്തക്ക…..

“നീ പട്ടത്തിയല്ലേ ….ഈ മാഡം വിളിയൊക്കെ നിർത്തി എന്നെ അക്കാ എന്ന് വിളിച്ചോളൂ ….അന്നവർ പറഞ്ഞു.. അതിൽ പിന്നിന്നോളം ശാന്തക്കാ എന്നേ താൻ അവരെ വിളിച്ചുട്ടുള്ളൂ . ഇതിലൊക്കെയേറെ തന്നെ അത്ഭുതപ്പെടുത്തിയ മറ്റൊരുകാര്യമുണ്ട് … എപ്പോഴൊക്കെ താൻ ശാന്തക്കയെക്കുറിച്ചോർത്തിരുന്നുവോ അപ്പോഴൊക്കെ ശാന്തക്കയുടെ ഒരു കാൾ എങ്കിലും തനിക്കു വരുമായിരുന്നു…എന്നിട്ടിപ്പോൾ ഒന്നും പറയാതെ…..

ലാൻസർ ഒരു കൂൾ ബാറിനരികെ സഡൻ ബ്രെക്കിട്ടു നിന്നു…

” ആരതീ , നമുക്കൊരു മിൽക്ക് ഷേക്ക് അടിച്ചാലോ ” പിന്നിലേക്ക് തിരിഞ്ഞു ലിസി ചോദിച്ചു….

” എനിക്കൊന്നും വേണ്ട , നിങ്ങൾ കഴിച്ചോളൂ “

” ഹാ …. എന്ന് പറഞ്ഞാലെങ്ങനാ ?, സാധാരണ ഇത്തരം ട്രിപ്പിനെല്ലാം രണ്ടു പിടിപ്പിച്ചിട്ടേ ഞാനിറങ്ങറുള്ളൂ …. ഇത്തവണ കൂട്ടുകാരത്തി കൂട്ടത്തിലുണ്ടെന്നുംപറഞ്ഞു ഇവളൊന്നിനും സമ്മതിച്ചില്ല.. അല്ല … രണ്ടെണ്ണം വിട്ടാ ഞാനിത്തിരി മിണ്ടിയും പറഞ്ഞുമൊക്കെ ഇരിക്കുവേ … ഇറങ്ങിവാ കൊച്ചെ ജാഡ കാണിക്കാതെ ..” ലിസിയുടെ കെട്ടിയോൻ പൗലോസ് വായിൽകിടന്ന ച്യുയിങ് ഗം പുറത്തേക്കു നീട്ടി തുപ്പി , നീരസത്തോടെ പറഞ്ഞു…

എനിക്ക് വല്ലാതെ വിഷമം തോന്നി……ഞാൻ കാരണം …

പക്ഷെ എനിക്ക് ഐസ്ക്രീം വേണ്ട…ഇനിയെന്ത് പറയും ?

” നിങ്ങൾ കഴിച്ചോളൂ, എനിക്ക് നല്ല സുഖമില്ല ” ഞാൻപറഞ്ഞു.

സമയം കടന്നുപോയതറിഞ്ഞില്ല…അരമണിക്കൂറിലേറെ കഴിഞ്ഞിട്ടും അവരെ കാണാതായപ്പോൾ എനിക്ക് അസ്വസ്ഥത തോന്നി. കൂൾബാറിനടുത്തെങ്ങാനും ഒറിജിനൽ ബാറുണ്ടോ എന്ന് എന്റെ കണ്ണുകൾപരതി….

പത്തുമിനിട്ടുകൂടി കഴിഞ്ഞുകാണും, കൈയ്യിൽ ഒരു ബിഗ്‌ഷോപ്പറുമായി ലിസിയും കെട്ടിയോനും വന്നു. ” അതേയ് … അപ്രത്തെ ഷോറൂമിൽ നല്ല ഹൈഹീൽഡ് ചെരുപ്പ് കണ്ടു…. ഈ പാറ്റേൺ എങ്ങും കണ്ടിട്ടില്ല കേട്ടോ …. രണ്ടായിരം കൊടുത്താലെന്താ… നല്ല സ്റ്റൈലൻ സാധനം….” ലിസി ഡിസ്‌പ്ലേയ്ക്കൊരുങ്ങി..

” ഓ വേണ്ട ലിസി…ഇപ്പൊ പൊതി അഴിക്കണ്ട …ലിസി അതിടുമ്പോൾ കണ്ടോളാം..” ഞാൻ ചിരിച്ചെന്നു വരുത്തി പറഞ്ഞു.

എന്റെ മനസ്സുരുകുകയാണ്

…… ഇങ്ങനെപോയാൽ ശാന്തക്കയെ അവസാനമായൊന്നു കാണാൻ പറ്റുമെന്ന് തോന്നുന്നില്ല…..മണ്ടത്തരമായിപ്പോയി… ഇതിലും ഭേദം അവിടെനിന്നും ഒരു ടാക്സി വിളിച്ചു തനിച്ചു പോരുകയായിരുന്നു… പക്ഷെ രവിയേട്ടന് തന്നെ തനിച്ചു വിടാനുള്ള ധൈര്യവുമില്ലല്ലോ …

ലിസ്സീ ,,,,, ഇനി എത്ര സമയമെടുക്കും നമ്മളവിടെച്ചെല്ലാൻ ? ഞാൻ പതിയെ ചോദിച്ചു.

: “കൂട്ടുകാരി വിഷമിക്കേണ്ട, ഇത്തിരി താമസിച്ചാലും ശവമെഴുന്നേറ്റു ഓടിപ്പോകാനൊന്നും പോകുന്നില്ല ” എന്തോ വലിയ തമാശ പറഞ്ഞതുപോലെ കുലുങ്ങിചിരിച്ചുകൊണ്ടു പൗലോസാണ് മറുപടി പറഞ്ഞത് . എനിക്കയാളോട് വെറുപ്പുതോന്നി…കാശുണ്ടെങ്കിലും സംസ്കാരം തൊട്ടു തീണ്ടിയിട്ടില്ലാത്ത മനുഷ്യൻ !. കുമിളകൾ പോലെ ക്ഷണികമാണ് ജീവിതമെന്നും പച്ചയായ ജീവിതം കൈപും ചവർപ്പും മധുരവും പുളിപ്പും കണ്ണുനീരിന്റെ ഉപ്പുമെല്ലാം ഇടകലർന്നതാണെന്നും മനസ്സിലാക്കാത്ത ശപ്പൻ ! അഭിനയിച്ചു മാത്രം ജീവിച്ചു പഠിച്ചവർക്ക് മറ്റുള്ളവരുടെ സങ്കടങ്ങളും അഭിനയമായേ തോന്നൂള്ളൂ …കണ്ണടച്ച്, സീറ്റിലേക്ക് ചാരിയിരുന്നു , ശാന്തക്ക പണ്ടെനിക്ക് പഠിപ്പിച്ചു തന്ന കുരിശ് പ്രയർ ഉരുവിടാൻ തുടങ്ങി ഞാൻ…

ശാന്തക്കയുടെ വീടിനു മുന്നിലെത്തുമ്പോൾ കഷ്ടിച്ച് പത്തു മുപ്പതുപേരെ മുറ്റത്തുണ്ടായിരുന്നുള്ളു. കാർ നിർത്തിയപാടെ വിതുമ്പിക്കരഞ്ഞുകൊണ്ടു ലിസി ഓടി ഉള്ളിലേക്ക് പോകുന്നതുകണ്ട് ഞാൻ അന്തംവിട്ടുപോയി. ചുണ്ടിലൊളിപ്പിച്ച ഒരു ഗൂഢസ്മിതത്തോടെ , പൗലോസ് ഒരു സിഗരറ്റിനു തീപിടുപ്പിച്ചു അടുത്തുകണ്ട മരചുവട്ടിലേക്കു നടന്നു.

വീട്ടിനുള്ളിലേക്ക് കടന്നുചെല്ലുമ്പോൾ….മൊബൈൽ മോർച്ചറിക്കുള്ളിൽ ശുഭ്രവസ്ത്രധാരിയായി നീണ്ടുനിവർന്നു കിടക്കുന്നു എന്റെ ശാന്തക്കാ ! റീത്തുകളുടെ ധാരാളിത്തമില്ലാതെ ….പുകയുന്ന ചന്ദനത്തിരിയുടെ സുഗന്ധമില്ലാതെ …. തലക്കൽ കത്തിച്ചുവെച്ച ഒരു മെഴുകുതിരിയുടെ ഇമചിമ്മൽ മാത്രം…. തേങ്ങലുകളില്ല…. അന്തരീക്ഷത്തിൽ അലയടിക്കുന്ന പ്രാർത്ഥനകളില്ല ….. പരസ്പരം നോക്കി നെടുവീർപ്പെടാൻപോലും ബന്ധുക്കളാരുമില്ല….. നിറഞ്ഞുവരുന്ന കണ്ണുകൾ അമർത്തി തുടക്കവേ കാതിനരികെ ലിസിയുടെ മന്ത്രണം കേട്ടു… “വെറുതെ കരഞ്ഞു മോന്ത കേടാക്കണ്ട ….. ഇവിടെ വിഡിയോക്കാരുമില്ല ….ഒരു ഫോട്ടോഗ്രാഫാർപോലുംഇല്ല ” …. അലമുറയോടെ അകത്തേക്കോടിയ ലിസി ഇത്രപെട്ടെന്ന് ശാന്തയായതെന്താണെന്നു എനിക്കപ്പോൾ മനസ്സിലായി….. ശാസനയോടെ ഞാനവളുടെ മുഖത്തേക്ക് നോക്കി…

എപ്പോഴാ ബാക്കി പരിപാടി ? അങ്ങ് തിരികെ ചെന്നിട്ട് പൗലോച്ചന് നൂറു എൻഗേജ്മെന്റ്സ് ഉള്ളതാ ….ലിസി അടുത്തിരുന്ന ഒരു സ്ത്രീയോട് ചോദിച്ചു.

“ആ ….ആർക്കറിയാം… പ്രത്യേകിച്ച് ചടങ്ങൊന്നും കാണാൻ വഴിയില്ല…..പള്ളിക്കാരൊന്നും വരത്തില്ല… അതെങ്ങനാ പള്ളീം പട്ടക്കാരുമൊന്നും വേണ്ട … മനുഷ്യസ്നേഹമാ ഏറ്റുവും വലിയ ആരാധനാന്നും പറഞ്ഞല്ലേ നടന്നിരുന്നത് ! ഇതിന്റെ അപ്പൻ ചത്തപ്പോഴും പറമ്പിലല്ലേ കുഴിച്ചിട്ടത്…. ഇതും അങ്ങനായിരിക്കും ….. ആ കൊച്ചവരാച്ചൻ നല്ല മനുഷ്യനായതുകൊണ്ടു ഇത്രയൊക്കെ ചെയ്തു…. വെറും അയലോക്കമല്ലേ ….ഏന്നിട്ടും….അയാൾക്ക് എന്തിന്റെ കേടാ … ചത്തവക്കൊള്ള സ്വത്തെല്ലാം ഇനി അനാഥാലയത്തിനാണല്ലോ …. അവറാച്ചന്റെ കൈക്കാശു പോകുന്നത് നഷ്ടം “….

” യ്യോടീ …. അപ്പൊ നിത്യ നരകത്തിൽ കിടക്കാനാണോ ഇതിന്റെ വിധി …? ” ലിസി ചോദിച്ചു … ” ഒന്ന് മിണ്ടാതിരിക്ക് ലിസി ” സഹികെട്ടു ഞാൻ പറഞ്ഞു…. ഒന്നുമില്ലെങ്കിലും ഈ കിടക്കുന്നതു നമ്മുടെ സഹപ്രവർത്തകയായിരുന്നില്ലേ ? എന്തൊക്കെ ഉപകാരം നമുക്കിവർ ചെയ്തിട്ടുണ്ട് ….. വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത് ലിസീ …”

കടന്നൽ കുത്തേറ്റപോലെ ലിസിയുടെ മുഖം വീർത്തു…. തലവെട്ടിതിരിച്ചവൾ പുറത്തേക്കിറങ്ങിപ്പോയി…

ശാന്തക്കയുടെ കാൽച്ചുവട്ടിൽ ഞാൻ അല്പനേരമിരുന്നു…. ആ മുഖമൊന്നു തൊട്ടുനോക്കണമെന്നു …സാരമില്ല ….. എല്ലാം സുഖമാകുമെന്നു ചൊല്ലി സ്വാന്തനപ്പെടുത്തണമെന്നു എനിക്ക് തോന്നി….പക്ഷെ അടുത്ത നിമിഷം ….ഇവിടെ ഈ തണുത്തു വിറങ്ങലിച്ചു കിടക്കുന്നതു എന്റെ ശാന്തക്ക തന്നെയാണോ എന്നെനിക്കു സംശയം തോന്നി… ശാന്തക്കക്കു എന്നെ കണ്ടാൽ ഇങ്ങനെ അനങ്ങാതെ കിടക്കാനാവില്ല. എപ്പോൾ കണ്ടാലും ചിരിച്ചുകൊണ്ടോടിവന്നു എന്നെ നെഞ്ചോട് ചേർക്കും എന്റെ ശാന്തക്ക… ഇത് മറ്റാരോ ആണ് …..എനിക്കറിയാത്തൊരാൾ ….. നെഞ്ചിടിപ്പ് താഴുന്നതും കണ്ണുകൾ തുറന്നു പിടിക്കാൻ പ്രയാസം തോന്നിതുടങ്ങിയതും ഞാനറിഞ്ഞു. പിന്നെ എത്ര ശ്രമിച്ചിട്ടും നിയന്ത്രിക്കാനാവാതെ ശാന്തക്കയുടെ കാൽചുവട്ടിലേക്കു ഞാൻ കമഴ്ന്ന് വീണുപോയി….

കണ്ണ് തുറക്കുമ്പോൾ ഞാനെന്റെ കിടപ്പുമുറിയിലായിരുന്നു….. സ്നേഹത്തോടെ എന്നെ നോക്കി പുഞ്ചിരിക്കുന്ന സ്മൃതിയെയും വാത്സല്യത്തോടെ എന്റെ തല തഴുകിയിരിക്കുന്ന രവിയേട്ടനെയും കണ്ടപ്പോൾ വീണ്ടും എന്റെ നെഞ്ച് വിങ്ങി …… കണ്ണുനീർ തുളുമ്പി….. എന്തിനെന്നറിയാതെ …..ഒരു പക്ഷെ സ്നേഹം എന്റെ ഏറ്റവും വലിയ ബലഹീനതയായതു കൊണ്ടാവാം……..

************************************

Scroll to Top