ടെറസ്സിൽ ,അലക്കിയിട്ട തുണികൾ വെയിലത്ത് വിരിക്കുകയായിരുന്നു ഞാൻ ….പെട്ടന്നാണ് അത് കണ്ടത് ….
ഇടവഴിയുടെ ഓരത്തുള്ള ഇലക്ട്രിക് പോസ്റ്റ് മറയാക്കി ,ഒരു പെണ്ണും ചെറുക്കനും കെട്ടിപ്പിടിച്ചു നിൽക്കുന്നു.! വെറുമൊരു രസത്തിന്റെ പേരിലാണെങ്കിലും ,അവരാരെന്നറിയാൻ എനിക്കെന്തോ വല്ലാത്ത താത്പര്യം തോന്നി….വെയിലത്തുനിന്നും ഒരൽപം മാറിനിന്നു ,കണ്ണാടി നേരെയാക്കി ,വീണ്ടും അവരെത്തന്നെ നോക്കി നിന്നു ഞാൻ ……
പെൺകുട്ടി ,പരിഭ്രമത്തോടെ,തെരുവിന്റെ നാലുപാടും ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു …കൂടെയുള്ളവൻ പരിസരത്തെക്കുറിച്ചൊന്നും ബോധവാൻ അല്ലെന്നു തോന്നി, നിൽപ്പും ഭാവവും കണ്ടപ്പോൾ…..ഇതെല്ലം കണ്ടിട്ട് എനിക്ക് ചിരി വന്നു ….
പ്രണയം എന്നും എന്നെ തരള ഹൃദയ ആക്കിയിട്ടുണ്ട് …പ്രായം അതിനെ നോക്കിക്കാണുന്ന രീതിയിൽ കുറേ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നു മാത്രം ……
പൊടുന്നനെ, പെൺകുട്ടി കണ്ണുപൊത്തി കരയുന്നതും, ചെക്കൻ അവളുടെ കൈകൾ അടർത്തിമാറ്റാൻ നോക്കുന്നതും കൺ ടു ….
എന്താണെന്നുമനസ്സിലായില്ല,ദേഷ്യത്തിൽ അവളോടെന്തോ പറഞ്ഞിട്ട് ,അവൻ എതിർ ദിശയിലേക്കു ഓടിപ്പോകുന്നതും, പിറകെ ഒരു ബൈക്കിന്റെ ശബ്ദം അകന്നുപോകുന്നതും കേട്ടപ്പോൾ ഞാൻ പതിയെ ടെറസ്സിൽനിന്നും താഴേക്കിറങ്ങി .
മതിലിനരുകിലെ ചെമ്പരത്തികൾക്കിടയിലൂടെ ഞാൻ വഴിയിലേക്ക് എത്തിനോക്കി .
പെൺകുട്ടി ,കണ്ണുകൾ തുടച്ചുകൊണ്ട് നടന്നു വരുന്നുണ്ടായിരുന്നു .മുഖം അടുത്തുകാണുവാനുള്ള ആഗ്രഹം കൊണ്ട് ഞാൻ ഗേറ്റ് അടക്കാനുള്ള ഭാവത്തിൽ വഴിയിലേക്ക് ഉറ്റുനോക്കി നിന്നു.
എന്നെകണ്ടിട്ടാവാം ,അവൾ ആദ്യം ഒന്ന് ഞെട്ടി …പിന്നെ ദയനീയ ഭാവത്തിൽ ഒന്ന് ചിരിച്ചെന്നു വരുത്തി .
“ആന്റി ,ഇത്തിരി വെള്ളം കുടിക്കാൻ തരാമോ ?”അടുത്തനിമിഷം അവൾ എന്നോട് ചോദിച്ചു.
“പിന്നെന്താ,തരാലോ”…അവളെ പുറത്തുനിറുത്തി ,
.ഞാൻ അകത്തേക്ക് നടക്കാൻ തിരിഞ്ഞതാണ്……പിന്നെത്തോന്നി ,അപരിചിതരെ ആരെയും അകത്തേക്ക് കയറ്റരുതെന്ന ഭർതാവിന്റെ വിലക്കുകളെ അവഗണിച്ചു, അവളോട് അകത്തേക്ക് വരാൻ
പറയാമെന്നു ….അല്ലെങ്കിലും ഒരു പതിനാറുവയസ്സിനുമേൽ പ്രായം തോന്നാത്ത,ഒറ്റ നോട്ടത്തിൽത്തന്നെ,നല്ല കുടുംബത്തിലേതെന്നു
തിരിച്ചറിയാനാവുന്ന ,ഈ പെങ്കൊച്പ് തന്നെ എന്ത് ചെയ്യാനാണ്……”
മോള് അകത്തേക്ക് കയറി വാ …വെയില് കൊള്ളേണ്ട…ഞാൻ തണുത്തതെന്തെങ്കിലും കുടിക്കാൻ എടുക്കാം “
“ഓ അതൊന്നും വേണ്ടാന്റ്റി,വെറും വെള്ളം മതി ….എന്തൊരു ചൂടാ “…വരണ്ട ചുണ്ടുകൾ നാവുനീട്ടി നനച്ചുകൊണ്ടു അവൾ ഗേറ്റിനു വെളിയിൽത്തന്നെ നിന്നു .
“ഇവിടെ വേറാരുമില്ല കുട്ടി,കേറിപ്പോര് “ഞാൻ അവളെ പിന്നെയും ക്ഷണിച്ചു ..മടിച്ചു മടിച്ചു അവൾ സിറ്റൗട്ടിലേക്കു കടന്നുവന്നു .
“ഇരിക്ക് …ഞാൻ കുടിക്കാൻ എടുത്തിട്ട് വരാം”ഞാൻ അകത്തേക്ക് പോയി ….
“വെള്ളം മതിയായിരുന്നു”…..ആപ്പിൾ ജ്യൂസ് നീട്ടിയത് വാങ്ങിക്കൊണ്ടു അവൾ പറഞ്ഞു .ഞാൻ ചിരിച്ചതേയുള്ളു
“എന്താ മോൾടെ പേര് ?…എവിടെയാ വീട്?….അവളൊന്നു ഞെട്ടിയെന്നുതോന്നി .കുറച്ചു ജ്യൂസ് തുളുമ്പി അവളുടെ ചുരിദാറിലേക്കു വീണു .
“പേര് …പേര്….പ്രീതി….വീട് കുറച്ചു ദൂരെയാ….
“എന്നാലും ഒരു സ്ഥലപ്പേരുണ്ടാവുമല്ലോ “ഞാൻ അവളുടെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി .
“അത്…അത് “…..എന്റെ നോട്ടം നേരിടാനാവാതെ അവൾ തല താഴ്ത്തി .”ഏതായിരുന്നു ആ പയ്യൻ ?”ഇത്തവണ അവൾ ശരിക്കും ഞെട്ടി .
“ഏതു…ഏതു ….പയ്യൻ ?” അവളി രുന്നു വിയർത്തു .
“പൂച്ചകൾ കണ്ണടച്ചാണ് പാല് കുടിക്കാറ്….ഞാൻ എല്ലാം കണ്ടു ….”
ഒറ്റ കരച്ചിലായിരുന്നു അവൾ …”ആന്റീ …ആരോടും ഇതൊന്നും പറയരുതേ …അമ്മയറിഞ്ഞാൽ ചത്തുകളയും …അച്ഛനാണേൽ എന്നെയും കൊല്ലും ,അച്ഛനും ചാവും “അവൾ വിമ്മി കരയാൻ തുടങ്ങി.
കഷ്ടം തോന്നി എനിക്ക്…എന്റെ അനുജത്തിയുടെ മകൾ” ശ്രാവണ”ക്കും ഇതേ പ്രായമാണ്. അവളാണ് മുന്നിലിരിക്കുന്നതെന്നു ഒരുമാത്ര തോന്നിപ്പോയി …
“കരയണ്ട…ഞാൻ ആരോടും ഒന്നും പറയാനും പോകുന്നില്ല …പഠിത്തത്തിൽ മാത്രം ശ്രദ്ധിച്ചു നടക്കേണ്ട സമയമല്ലേ കുട്ടി …
പ്രേമം പിന്നെയുമാകാമല്ലോ ….ആട്ടെ ,നീ എന്തിനാ ഇപ്പൊ ഈ സ്ട്രീറ്റിൽ വന്നത്?”
“അത്,അവന്റെ വീടിവിടെ അടുത്താ…അത് കാണിച്ചു തരാമെന്നു പറഞ്ഞാഎന്നെ വിളിച്ചോണ്ടുവന്നത് …” അവൾ തേങ്ങി
“എന്നിട്ടു കണ്ടോ ?” “ഉവ്വ് …പക്ഷെ അകത്തു കയറിയില്ല “
“അതെവിടെയായിട്ടു വരും? എന്താ വീട്ടുപേര്”?
ഹൗസ് നമ്പർ 28 ഭഗീരഥം”
ഇത്തവണ ഞെട്ടിയത് ഞാനാണ് ..കഴിഞ്ഞ 2 വര്ഷങ്ങളായി പൂട്ടിക്കിടക്കുന്നകൊട്ടാര സദൃശ്യമായ വീടാണത് …അതിന്റെ ഉടമസ്ഥർ ജർമനിയിലാണു .അവരുടെ വീട്ടിലാരും ഈ പെങ്കൊച്ചിന്റൊപ്പം ചുറ്റിക്കറങ്ങാൻ പറ്റിയ പ്രായത്തിലില്ല ….റസിഡന്റ്സ് അസോസിയേഷൻ ആക്റ്റീവ് മെമ്പർ എന്ന നിലയിൽ ഒരുമാതിരി എല്ലാ വീടുകളിലെയും ആൾക്കാരെ എനിക്കറിയാം…അപ്പൊ ഇതിലെന്തോ ചുറ്റിക്കളിയുണ്ട് ….ഞാൻ മനസ്സിലോർത്തു .
“ഓ…നിന്നെ വീടുകാണിക്കാൻ കൊണ്ടുവന്നവന്റെ പേരെന്നതെന്നാ പറഞ്ഞേ…? “ഭഗത്” “അവനെന്താ ജോലി ?”. ബിസിനസ് “
“എന്ത് ബിസിനസ്?” “അതറിയില്ല…..എന്തോ വലിയ ബിസിനസ്സാ …മൂന്നാലു വണ്ടിയൊക്കെ ഉണ്ട് …..അച്ഛനും അമ്മയുമൊക്കെ ഫോറിനിലാ …അതുകൊണ്ടാ അവൻ ഒറ്റയ്ക്ക് താമസിക്കാൻ മടിച്ചു ലോഡ്ജിൽ താമസിക്കുന്നെ ….”
ഒറ്റ ശ്വാസത്തിൽ അവൾ പറഞ്ഞു .”എന്ത് പ്രായം വരും അവനു?” ഞാൻ ചോദിച്ചു. “.ഇരുപത്തിരണ്ടെന്നാ അവൻ പറഞ്ഞേ” ….
“കൊച്ചിനോ?” “പതിനാറു കഴിഞ്ഞു” “അത് വലിയ വ്യത്യാസമൊന്നുമല്ല” ഞാൻ കളിയാക്കിയതാണെന്നു മനസ്സിലായിട്ടാകും അവൾ സംശയത്തോടെ എന്നെ ഒന്ന് നോക്കി
“അവന്റെ ഫോട്ടോ വല്ലതും കയ്യിലുണ്ടോ….ഐ മീൻ മൊബൈലിലോ മറ്റോ ?”
“ഉണ്ട് ” അവൾ ബാഗിൽ നിന്നും മൊബൈൽ എടുത്തു സേർച്ച് ചെയ്തു ഒരു ഫോട്ടോ എടുത്തു നീട്ടി…. ഞാൻ മൊബൈൽ കയ്യിൽ വാങ്ങി. നല്ല പരിചയമുള്ള മുഖം…..മനസ്സിലെവിടെയോ പെട്ടെന്നൊരു ഫ്ലാഷ് മിന്നി .
“ഒരു മിനിട്ടു “….ഞാൻ അകത്തുപോയി റെസിഡന്റ്സ് അസോസിയേഷന്റെ ലേറ്റസ്റ്റ് ഡയറക്ടറി എടുത്തിട്ട് വന്നു .അതിൽ അസോസിയേഷന്റെ കീഴിലുള്ള എല്ലാ കുടുംബങ്ങളുടെയും ഫാമിലി ഫോട്ടോ ഉണ്ട് ……..
പെട്ടെന്നാണ് എനിക്കൊരുകാര്യം ഓർമ്മ വന്നത് …..ഹൗസ് നമ്പർ 28 ന്റെ താക്കോൽക്കൂട്ടം ഹൗസ് നമ്പർ
31 നെ യാണ് ഏൽപ്പിച്ചിരിക്കുന്നത് ……മാസത്തിലൊരിക്കൽ “ഭഗീരഥം”
തൂത്തു തുടച്ചിടാൻ “മുളയിൽ”വീട്ടിലെ ചിന്നമ്മയോടു പറഞ്ഞിട്ടുണ്ടെന്ന് അസോസിയേഷൻ സെക്രട്ടറി ഒരിക്കൽ പറഞ്ഞിരുന്നു..ആ വീട്ടിലാണെങ്കിൽ
മൂന്നു തലതെറിച്ച ചെക്കന്മാരുമുണ്ട്. ലക്ഷണം വച്ച് നോക്കുമ്പോൾ അതാവാനാണ് സാധ്യത .
“ഇതിലേതാ “ഭഗത്”?…..”മുളയിൽ “വീട്ടുകാരുടെ ഫാമിലി ഫോട്ടോ കാട്ടി അവളോട് ചോദിച്ചു .
അത് വാങ്ങി നോക്കിയഅവളുടെ മുഖം പ്രേതത്തെ കണ്ടതുപോലെ വിളറി വെളുക്കുന്നതു കണ്ടു.”ഭഗത് ഇതാണ്….പക്ഷെ അച്ഛനും അമ്മയുമൊന്നും ഇതല്ല ….ഒറ്റ മോനാണെന്നാ എന്നോട് പറഞ്ഞത്….ഇവരൊക്കെ ആരാ “?
“മോളെ ,അവൻ നിന്നെ ചതിക്കുകയായിരുന്നു. അവന്റെ പേര് “ഭഗത്”എന്നല്ലപയസ് എന്നാണ് ….അവന്റെ അപ്പന് കൂലിപ്പണിയാണ് ..’അമ്മ ,ഒരു പ്രൈമറിസ്കൂൾ തൂപ്പുകാരിയാണ് .രണ്ടു ചേട്ടന്മാരുണ്ട് .ഒരുത്തൻ ഈയിടെ ഏതോ കുത്തുകേസില്പെട്ടു ജയിലിൽ ആയിരുന്നു. മറ്റവൻ ഹെഡ്ലോഡ് വർക്കർ ആണെന്ന് തോന്നുന്നു ..നീ ഈ പറഞ്ഞ ചെക്കൻ ഏതോ ടു വീലർ വർക്ഷോപ്പിലോ മറ്റോ പോകുന്നുണ്ടെന്നു തോന്നുന്നു. മൂന്നും നാലും വണ്ടിയുണ്ടെന്നു പറഞ്ഞത് അവിടുത്തെആയിരിക്കും…പിന്നെ “ഭഗീരഥത്തിന്റെ “മേൽനോട്ടം അവരെ ഏൽപ്പിച്ചിട്ടുണ്ടെന്നത് ശരിയാ ….അല്ലാതെ അതവന്റെ വീടൊന്നുമല്ല…..അവൻ ഒരു ഫ്രോഡ് ആണ് മോളെ …പക്കാ ഫ്രോഡ് !”
ഇടിവെട്ടേറ്റതുപോലെ അവളിരിക്കുന്നതു കണ്ടപ്പോൾ വിഷമം തോന്നി .”ആട്ടെ …നിങ്ങൾ വഴക്കിട്ടാണോ പിരിഞ്ഞത് ?’
അവൾ അതെ എന്ന് തലയാട്ടി ….”എന്തിനു” എന്ന് ചോദിക്കുന്നതിനു മുൻപുതന്നെ അവൾ പറഞ്ഞുതുടങ്ങി ….
“ആ വലിയ ബന്ഗ്ലാവിൽ മറ്റാരുമില്ലാത്തപ്പോൾ കയറിച്ചെല്ലാൻ പേടി യാണെന്ന് പറഞ്ഞപ്പോ ,അടുത്ത് വേറൊരു ചെറിയ വീടുണ്ടെന്നും അവിടെ പോയിരുന്നു സംസാരിക്കാമെന്നും എന്നോട് പറഞ്ഞിട്ട്, ഞാൻ സമ്മതിച്ചില്ല….അതിനാ എന്നെ വഴക്കു പറഞ്ഞു,പിണങ്ങിപ്പോയത് ” ,
“ഭാഗ്യം!….ഞാൻ നെടുവീർപ്പിട്ടു….”നീ എങ്ങനെയാ അവനെ പരിചയപ്പെട്ടത് ?” “ഫേസ്ബുക്കിലൂടെ “
“പഠിക്കേണ്ട പ്രായത്തിൽ എന്തിനാ കുഞ്ഞേ ഫേസ് ബുക്കും വാട്സാപ്പുമൊക്കെ …നീ കാട്ടിക്കൂട്ടിയതൊക്കെ വീട്ടിലുള്ളവർക്കു എന്ത് വിഷമവും മാനക്കേടും ഉണ്ടാക്കുമെന്ന് നീ ചിന്തിച്ചിട്ടുണ്ടോ….നീ അവനുമായിട്ടുള്ള എല്ലാ ചങ്ങാത്തവും അവസാനിപ്പിച്ചേക്കു ….മൊബൈലിൽ,അവന്റെ ഫേസ്ബുക് അക്കൗണ്ടും വാട്സാപ്പ് അക്കൗണ്ടും ബ്ലോക്ക് ചെയ്തേക്കു…മനസ്സിൽനിന്ന് അവനെ മുഴുവനായി തുടച്ചുമാറ്റിയേരെ…അവൻ ആള് ശരിയല്ല ..അവനു വയസ്സ് മുപ്പത്തിമൂന്നിനു മേളിലുണ്ട്….ഒരു തരത്തിലും അവൻ നിനക്ക് ചേരില്ല…അവനോടൊപ്പം കൂടിയാൽ ജീവിതം മുഴുവൻ നീ കണ്ണീരു കുടിക്കേണ്ടിവരും “
“ഞാൻ അവനെ വിട്ടുപോയാൽ അവൻ എന്നെ ഉപദ്രവിക്കുമോ ആന്റി “
“അവൻ മോളെ മിസ്യൂസ് ചെയ്യുകയോ അരുതാത്ത ഫോട്ടോസ് എടുക്കുകയോ ചെയ്തിട്ടുണ്ടോ?”
“ഇല്ല…അതിനുള്ള അവസരമൊന്നും ഞാൻ ഉണ്ടാക്കിയിട്ടില്ല .അത് മാത്രമല്ല,വാട്സാപ്പിലൂടെ അവൻ ചീത്ത മെസ്സേജസ്അയക്കാൻ തുടങ്ങിയപ്പോഴേ ഫ്രണ്ട്ഷിപ് കട്ട് ചെയ്യുമെന്ന് പറഞ്ഞു ഞാൻ വിലക്കിയിരുന്നു “
ഗുഡ് ഗേൾ …ഒരു തെറ്റൊക്കെ എല്ലാവര്ക്കും പറ്റാം….അത് തിരിച്ചറിഞ്ഞു തിരുത്തുന്നതിലാണ് കാര്യം ….സത്യത്തിൽ കുട്ടി ഭാഗ്യവതിയാണ് …നിന്റെ മാതാപിതാക്കൾ ചെയ്ത സുകൃതഫലം !ചെളിക്കുണ്ടിൽ വീഴുന്നതിനുമുന്പേ രക്ഷപ്പെടാനൊരുഅവസരം ദൈവം തന്നില്ലേ ….അതിനു തമ്പുരാനോട് നന്ദി പറയുക…..”
“തമ്പുരാൻ ആന്റി യുടെ രൂപത്തിൽ വന്നെന്നു മാത്രം “….അവൾ ചിരിക്കാൻ ശ്രമിച്ചു .
“പരവേശം ഒക്കെ മാറിയോ ?…ഒരു ഗ്ലാസ് ജ്യൂസ് കൂടെ വേണോ ?” ഞാൻ ചോദിച്ചു
“വേണ്ട ആന്റി….സ്പെഷ്യൽ ക്ലാസ് ഉണ്ടെന്നു പറഞ്ഞു രാവിലെ വീട്ടിൽ നിന്നിറങ്ങിയതാ….വേഗം തിരിച്ചു പോകാൻ നോക്കട്ടെ ….”
ഞാൻ ഒന്നും മിണ്ടിയില്ല ..അവൾ പതിയെ എഴുന്നേറ്റു എന്റെ അടുത്തേക്ക് വന്നു ,എന്റെ കൈകൾ കൂട്ടിപ്പിടിച്ചു നെഞ്ചോട് ചേർത്തു.”മറക്കില്ലൊരിക്കലും….ഇനി ഞാൻ ശരിക്കും ആരാണെന്നു പറയാം “
“വേണ്ട….എനിക്കറിയാം …നീ” രേഖ”….സെയിന്റ് ജോസഫ്സിൽ പ്ലസ് ടു കോമേഴ്സ് ….’അമ്മ “ആരതി “….അച്ഛൻ “അനന്തകൃഷ്ണൻ ” എന്താ ശരിയല്ലേ?”
അന്തം വിട്ടു നിന്നുപോയ അവളെ നോക്കി ഞാൻ പറഞ്ഞു “കണ്ണുതള്ളണ്ട …ഫേസ്ബുക് പ്രൊഫൈലിൽ നിന്നാ…””കള്ളപ്പേരാഎന്നോട് പറയുന്നതെന്ന് നിന്റെ മുഖം തന്നെ വിളിച്ചു പറയുന്നുണ്ടായിരുന്നു ….നേരാംവണ്ണം ഒരു നുണപോലും പറയാൻ അറിയാൻ വയ്യ ….പ്രേമിക്കാൻ നടക്കുന്നു !വേഗം വീട്ടി പോടീ”ഞാൻ കപട ദേഷ്യം കാട്ടി .
കഴിഞ്ഞതെല്ലാം ഒരു ദുസ്വപ്നം പോലെ മറന്നു കളഞ്ഞിട്ടു ,പഠിച്ചുമിടുക്കിയായി,ജോലിയെല്ലാം കിട്ടി ,കല്യാണം ആകുമ്പോൾ എന്നെ മറക്കാതെ വിളിക്കണം കേട്ടോ ” ഞാൻ പറഞ്ഞു .
നിനച്ചിരിക്കാതെ അവൾ എന്നെ കെട്ടിപ്പിടിച്ചു കവിളിൽ ഒരുമ്മ തന്നു .”താങ്ക്സ്….എല്ലാത്തിനും”….
യാത്ര പറഞ്ഞു അവളിറങ്ങുമ്പോൾ ,എന്തിനെന്നറിയില്ല, എന്റെ കണ്ണുകൾ നിറഞ്ഞുവന്നു …………