ചീരത്തോരനു കുനുകുനെ അരിഞ്ഞുകൊണ്ടിരിയ്ക്കുമ്പോഴാണ് ജാനകിക്ക്, മാപ്പിളപ്പറമ്പിലെ കുഞ്ഞൗസേപ്പിൻ്റെ കൊനഷ്ടു ചോദ്യം ഓർമ്മവന്നത്….
മൂക്കില് കൊമ്പുമുളച്ചിട്ടും ‘കന്യകനാ’യി നിൽക്കുന്ന ഒറ്റപ്പുത്രനെ പെണ്ണുകെട്ടിച്ചിട്ട്, ജാനകിയ്ക്കും ഒരന്തിക്കൂട്ടു നോക്കിക്കൂടേ എന്ന അയാളുടെ ‘കൊണച്ച’ചോദ്യത്തിന് ‘ഫ്‌ഭ’ എന്നൊരാട്ടാട്ടിയിരുന്നു ജാനകി. അങ്ങാടിയില് , ആൾക്കാരു കുറവായിരുന്നത് അയാക്കടെ ഭാഗ്യം…ആട്ടിനോടൊപ്പം ഒരു ‘ഭരണിപ്പാട്ടു’കൂടി നാവിൻ്റെ തുമ്പത്തു വന്നതാ…പക്ഷേ, വേണ്ടെന്നുവച്ചു.
ജാനകി, എല്ലാരോടും കളിച്ചും ചിരിച്ചുമൊക്കെ സംസാരിയ്ക്കും…എന്നാലും എല്ലാം നിർത്തേണ്ടിടത്തു നിർത്തും……അല്ല, അത്ര പാവമൊന്നുമല്ല ജാനകിയെന്ന് നാട്ടുകാർക്കുമറിയാം. എന്നിട്ടും ഇടയ്ക്കിടെ ഓരോത്തന്മാർക്കു അസുഖമിളകിയാൽ മരുന്ന് ഉടൻതന്നെ കൊടുക്കണ്ടേ…
മൂന്നു കെട്ടിയിട്ടും ഒന്നുപോലും ഒതകാത്ത ചെത്തുകാരൻ ചെല്ലപ്പൻ പനേടെ മേളിലിരുന്നാണ് തന്നെ ‘സെറ്റപ്പിനു’ ക്ഷണിച്ചത്….പിന്നൊന്നും നോക്കിയില്ല, തലയിലിരുന്ന, റബ്ബർകമ്പുകെട്ട് താഴേയ്ക്കിട്ട്, അതീന്നൊരു മുഴുത്തകമ്പെടുത്ത് ഒരൊറ്റ ഏറു വച്ചുകൊടുത്തു…അതായക്കടെ വേണ്ടാത്തെവിടെയോ ചെന്നു കൊണ്ടുകാണണം….’അയ്യോ’ന്നൊരു നെലോളി മേലേന്നു കേട്ടപ്പം വിറകുകെട്ടുമെടുത്ത് ജാനകി സ്ഥലം വിട്ടു…അല്ലപിന്നെ!
നോക്കിം കണ്ടുംവേണം മനുഷമ്മാരോടിടപെടാൻ …കെട്ടിയോൻ, അയാക്കടെ വെവരക്കേടുകൊണ്ടു വെഷമടിച്ചു ചത്തെന്നു കരുതി, ജാനകിയ്ക്കങ്ങുപൊറുതിമുട്ടി നിൽക്കുകയാന്നാ ചിലരുടെയൊക്കെ ധാരണ.. പോയി പണി നോക്കാൻപറ….
അയാളെക്കൊണ്ട് ജീവിച്ചിരുന്നപ്പോഴും വലിയ മെച്ചമൊന്നും ഉണ്ടായിട്ടില്ല ….പണിയെടുത്തുണ്ടാക്കുന്ന കൂലിയിൽ മുക്കാലും ഷാപ്പിലുകൊടുക്കും…ബാക്കിയൊള്ളേനു വീട്ടിലേയ്ക്കു വല്ലതും വാങ്ങിച്ചു തന്നാലായി … അത്ര തന്നെ……പക്ഷേ തലയ്ക്കു പെരുപ്പുകേറി ,അയാക്കടെ കൈത്തരിപ്പു തൻ്റെടുത്തു തീർക്കാൻ ഒരിയ്ക്കലും മറക്കാറില്ല. എങ്ങനൊക്കെയോ ഒരു ചെക്കനുണ്ടായി. അതിനു വയറ്റിലോട്ടു വല്ലോം കൊടുക്കണ്ടായോ…അന്ന് മുണ്ടും മുറുക്കിയുടുത്ത് കൂലിപ്പണിയ്ക്കു പോയി ത്തുടങ്ങിയതാ…വർഷം ഇരുപത്തെട്ടായി…..
തള്ളേടെ പങ്കപ്പാടുകണ്ട് , ചെക്കൻ, രഘുവെങ്കിലും പറയണ്ടേ..’അമ്മ വീട്ടിലിരുന്നോ…ഞാമ്പണിയെടുത്തു ചെലവിനു തരാംന്ന്…ങേഹേ…തന്ത്യാൻ്റെ എല്ലാ കൊണവും അവനു കിട്ടീട്ടുണ്ട്…..എന്തു ചെയ്താലും തൃപ്തിയില്ല…പണിയ്ക്കുവല്ലോം പോവ്വോ അതും ഇല്ല…തീറ്റ…ടി.വി….ഉറക്കം…
തല്ലിക്കൊല്ലാനും പറ്റില്ലല്ലോ…
ഒരിയ്ക്കെ അവനിഷ്ടപ്പെടാത്തതെന്തോ താൻ പറഞ്ഞെന്നും പറഞ്ഞു ഒച്ചയെടുത്ത് തൻ്റെ നേർക്കു വന്നതാ… കൊടുത്തു ഞാൻ ചൂലിനിട്ട് രണ്ടെണ്ണം…..മര്യാദയെങ്കിൽ മര്യാദ…അത്രതന്നെ.
ഈയിടെയായി ഏതോ പാർട്ടിക്കാര് , താൻ പണിയ്ക്കിറങ്ങിയതിനുപിന്നാലേ, നിരന്തരം , വേലിയ്ക്കൽ വന്നു നിന്നു അവനെ പാർട്ടി പ്രവർത്തനത്തിനും ബാനറുകെട്ടാനുമൊക്കെ വിളിയ്ക്കാറുണ്ടെന്ന് അയലോക്കത്തെ നാണിത്തള്ള പറഞ്ഞിരുന്നു….. ഇനി അതിൻ്റെകൂടി കുറവേയുള്ളു ….
ചോദ്യം ചെയ്താൽ സമ്മതിയ്ക്കണ്ടേ….തന്തേടെ തനി കൊണമാണ് …മുഖത്തുനോക്കി ഒരുളുപ്പുമില്ലാതെ കള്ളം പറയും…എന്തായാലും താനവനോടു പറഞ്ഞു, പാർട്ടിപ്രവർത്തനമെന്നു പറഞ്ഞു വീട്ടീന്നു പുറത്തിറങ്ങിയാ ആ വഴിയ്ക്കങ്ങു പൊക്കോണമെന്ന് …അടിപിടീംകൂടി, പോലീസുകാരുടെ ചതേം മേടിച്ചേച്ച് വന്നിട്ട് നിന്നെ തിരുമ്മാനും ആട്ടിൻസൂപ്പിട്ടു കുടിപ്പിയ്ക്കാനുമൊന്നും എന്നെക്കൊണ്ടു പറ്റില്ലെന്ന് ……എന്തുംതീർത്തങ്ങു പറയുന്നതാണല്ലോ തൻ്റെ സ്വഭാവം…
“മുദ്രാവാക്യം വിളിയ്ക്കാനും ജാത്തായ്ക്കു കൊടിപിടിയ്ക്കാനും നടക്കാതെ വല്ല പണിയ്ക്കും പോടാ” എന്ന് അവൻ്റെ കൂട്ടുകാരൻ സുകുമാരനോട്, വഴിയിൽതടഞ്ഞുനിർത്തി പറഞ്ഞത് “ രഘു മയിശ്രേട്ടിന് “അത്ര സുഹിച്ചില്ല…
അന്നും ഉണ്ടായി വീട്ടിൽ വഴക്കും വക്കാണവും…..
ഒരുത്തരവാദിത്തവുമില്ലാതെ, ചൊറിയുംകുത്തിയിരുന്ന്, തള്ളേടെ ചോര കുടിയ്ക്കുന്ന ഈ അട്ടയെപിടിച്ച് പെണ്ണുകെട്ടിയ്ക്കാഞ്ഞിട്ട് , ഇരിയ്ക്കപ്പൊറുതിയില്ലാത്ത കുറേ നാട്ടുകാര് ! പക്ഷേ ഈ പറയുന്നവരിലൊരാളെങ്കിലും അവരുടെ പെണ്മക്കളെ ഇതുപോലൊരു പോങ്ങനു കെട്ടിച്ചുകൊടുക്കുമെന്നു തോന്നുന്നുണ്ടോ?
ഇനി ഒരു പെണ്ണിനെകൂടി താനറിഞ്ഞുകൊണ്ട് കുഴീൽചാടിയ്ക്കാൻ ഉദ്ദേശിച്ചിട്ടില്ല…താൻ പൊഴിച്ച കണ്ണീരിൻ്റെ നനവ് ഇപ്പോഴും കിനിയുന്ന ആ വീട്ടിൽ , ആരെന്തൊക്കെപ്പറഞ്ഞാലും, പഴിച്ചാലും , ഇനിയുമൊരു നിരപരാധിയുടെ കണ്ണീർ വീഴ്‌ത്താൻ വയ്യ….
: “ജാനൂ…ജാനൂ….” കിടപ്പുമുറിയിൽനിന്നും സിസിലിക്കൊച്ചിൻ്റെ നീട്ടിയുള്ള വിളി കേട്ടപ്പോൾ, അടുപ്പത്ത്നിന്നും ചീരത്തോരൻ ഇറക്കിവച്ച്, ഗ്യാസ്സ്റ്റൗ ഓഫ്ചെയ്ത് ജാനകി, അങ്ങോട്ടേയ്ക്കു നടന്നു.
കാര്യം തന്നേക്കാൾ രണ്ടുവയസ്സിനിളപ്പമാണ് സിസിലിക്കൊച്ച്..പക്ഷേ കണ്ടാൽ തൻ്റെ അമ്മച്ചിയാണെന്നു തോന്നും. റബ്ബർ പന്തിനു കണ്ണുംമൂക്കുംവച്ചതുപോലെ, വണ്ണംകാരണം ഉരുണ്ടുരുണ്ടാണു നടക്കുന്നതുതന്നെ… പക്ഷേ പാവമാ…ശുദ്ധഗതിക്കാരിയും…
കെട്ടിയോനൊരു പോക്കുവരവും ചുറ്റിക്കളിയുമൊക്കെയുള്ളത് അറിയാഞ്ഞിട്ടാണോ അതോ അജ്ഞത നടിയ്ക്കുന്നതാണോ എന്നു തനിയ്ക്കറിയാൻ പാടില്ല…ഏതായാലും താനൊന്നും ചോദിയ്ക്കാനും പറയാനും പോകുന്നില്ല…അവരൊക്കെ വലിയ ആൾക്കാര്….കുശിനിപ്പണിചെയ്യുന്നവർക്ക് ഇതിലൊക്കെ എടപെടേണ്ട കാര്യമില്ലല്ലോ …
“ജാനൂ..എന്നെ ബാത്ത്റൂമിൽ പോകാനൊന്ന് സഹായിയ്ക്കാമോ”?
“പിന്നെന്താ….അല്ല ..സൂസിയ്ക്കെന്തുപറ്റി?…വീട്ടിൽപോയിട്ട് അവൾ തിരിച്ചുവന്നില്ലേ? കൊച്ചിൻ്റടുത്ത് വല്ല മൊബൈലും നോക്കിയിരിയ്ക്കുവാരിക്കുമെന്നാ ഞാൻ കരുതിയെ…”
“ഞാനവളെ പറഞ്ഞുവിട്ടു….ഏജൻസീന്ന് ആളുവരുന്നതുവരെ , ജാനുവിനെ ഞാൻ ബുദ്ധിമുട്ടിയ്ക്കും കേട്ടോ..” നിർവ്വികാരയായി സിസിലി പറഞ്ഞു.
തനിയ്ക്കിതു നേരത്തേ തോന്നിയതാണ്…ഇവിടുത്തെ ചെക്കൻ കൊച്ചിനെ കാണുമ്പോഴുള്ള ,അവളുടെ അടക്കിച്ചിരീം ചുഴിഞ്ഞുനോട്ടോം താൻ കാണാഞ്ഞിട്ടല്ല…മത്തൻകുത്തിയാൽ കുമ്പളം മുളയ്ക്കില്ലല്ലോ….ചെക്കന് പ്രായത്തിൻ്റേതായ എളക്കം കാണുമായിരിക്കും…പക്ഷേ ,അവൻ്റെ തള്ളേടത്രേം പ്രായമുള്ള സൂസി എന്തിനാണാവോ കൊഴഞ്ഞാടാൻ നിൽക്കുന്നേ…
അന്നൊരിയ്ക്കൽ താൻ ആ ചെക്കൻ്റെ മുറി തൂത്തുതുടയ്ക്കാൻകയറിയപ്പോൾ, മേശപ്പുറത്തിരുന്ന കമ്പ്യൂട്ടറിൽ ഓടിക്കോണ്ടിരുന്ന പടം….ഛേ…നാണക്കേട്….താൻ വേഗം ചാടിപുറത്തിറങ്ങി….ദേഷ്യം വന്നിട്ട്, അന്നങ്ങോട്ടു പിന്നെ കയറിയതേയില്ല ….അവനതു മനപ്പൂർവ്വം ചെയ്തതാണെന്നു തനിയ്ക്കറിയാം. ചില നേരങ്ങളിൽ കണ്ണും കാതും ഇല്ലാതിരിയ്ക്കുകയാണ് നല്ലതെന്ന് അനുഭവം തന്നെ പഠിപ്പിച്ചിട്ടുണ്ട്.
കെട്ട്യോനെ ചുട്ട ചുടലേടെ ചൂടു മാറുമ്മുമ്പേ പണിയ്ക്കിറങ്ങണ്ട എന്നുവച്ചാണ് ഒരു മാസം വീട്ടിൽ കുത്തിയിരുന്നത്…അന്നു തനിയ്ക്കൊരുകാര്യം മനസ്സിലായി….കൊള്ളരുതാത്തവനെങ്കിലും പേരിനൊരു ഭർത്താവുള്ളത് പെണ്ണിനൊരു രക്ഷ തന്നെ…..അതുവരെപെണ്ണു വഴങ്ങിക്കൊടുക്കാത്തിടത്തോളം ആരും കേറി തോണ്ടാൻ ധൈര്യപ്പെടില്ല …
ഇൻസ്റ്റാൾമെൻ്റിൽ സാരിവിൽക്കുന്ന ചെട്ടിയാര് , നാട്ടിലുള്ളപ്പോൾ സാരികൾ സ്റ്റോക്കുചെയ്യാനായി ഒരു മുറി കൊടുക്കാമോ എന്നു ചോദിച്ചാണ് ആദ്യം വീട്ടിൽവന്നത്….അയാളുടെ ഭാഷേം പടുതീം ഒറ്റ നോട്ടത്തിൽത്തന്നെ തനിയ്ക്കിഷ്ടപ്പെട്ടില്ല…നല്ല വാടക തരാമെന്നു പറഞ്ഞപ്പോൾ രഘു അതിൽ ചാടി വീഴുകയുംചെയ്തു……..ആണൊരുത്തനായി താനിവിടെയുണ്ടല്ലോ, അമ്മ ഒന്നും പേടിയ്ക്കണ്ട എന്ന് അവൻ പറഞ്ഞപ്പോൾ മനസ്സില്ലാ മനസ്സോടെയാണ് താൻ സമ്മതിച്ചത്…
എന്നിട്ടെന്തായി…പതിയെപതിയെ അയാളവിടെ കിടപ്പായി…ചായചോദിയ്ക്കലായി…അത്താഴം വേണമെന്ന ഡിമാൻ്റായി….കണ്ണും കലാശവും കാട്ടലായി….ആദ്യമൊക്കെ താനതത്ര ഗൗനിച്ചില്ല…ചായപ്പാത്രം തിരിച്ചെടുക്കാൻചെന്നപ്പോൾ അയാൾ അറിയാത്തമട്ടിൽ ചന്തിയ്ക്കു തോണ്ടിയപ്പോഴാണ് പോക്കത്ര പന്തിയല്ലെന്നു മനസ്സിലാക്കിയത്….പുറത്താരോടെങ്കിലും പറയാൻ പറ്റുമോ….എന്തിനു് ….മകനൊരുത്തനുള്ളവനോടുപോലും മിണ്ടാൻ പറ്റുമോ….അവനെങ്ങനെ പ്രതികരിയ്ക്കുമെന്നുമറിയില്ല……ഒടുവിൽ പഞ്ചായത്തു മെമ്പറെ ഇടപെടുത്തിയാണ് അയാളെ അവിടുന്ന് ഇറക്കിവിട്ടത്….
തൻ്റെ മേനിക്കൊഴുപ്പിൽ പലർക്കും നോട്ടമുണ്ടെന്നറിയാവുന്നതു കൊണ്ടുതന്നെയാണ് തൻ്റേടിയുടേയും താൻപോരിമക്കാരിയുടേയും മേലങ്കി താനെടുത്തിട്ടിരിയ്ക്കുന്നത്…
പലരും തന്നോടു ചോദിയ്ക്കുന്ന ഒരു ചോദ്യമുണ്ട്…മകൻ അവൻ്റെ വഴിയ്ക്കു പോയാൽ ഒറ്റപ്പെട്ടുപോവില്ലേ…വയസ്സു നാല്പത്തെട്ടല്ലേ ആയിട്ടുള്ളു….എന്നായാലും ഒരുതുണവേണ്ടേന്നൊക്കെ….
എന്തിന്…..?
കുറഞ്ഞകാലംകൊണ്ടുതന്നെ, സുഖവും ദുഃഖവുമൊക്കെ അനുഭവിച്ചറിഞ്ഞവളാണു താൻ… ദൈവം പണിയെടുക്കാനുള്ള ആരോഗ്യം തന്നാൽ മാത്രം മതി…
ഈ ‘അഴകത്തു’ വീട്ടിലെ കാര്യംതന്നെയെടുത്തേ…സിസിലിക്കൊച്ചിന് ഇട്ടുമൂടാനുള്ള കാശൊണ്ട്…പക്ഷേ ആരോഗ്യവുമില്ല… മനസ്സമാധാനവുമില്ല… തനിയ്ക്കോ…ആരോഗ്യമുണ്ട്…കാശില്ല…പിന്നെ മനഃസ്സമാധാനം….അത് ഓരോരുത്തരുടെ ചിന്തയനുസരിച്ച് ഏറിയും കുറഞ്ഞുമിരിയ്ക്കും….
താനിപ്പോൾ ഒന്നിനെപ്പറ്റിയും വേവലാതിപ്പെടാറില്ല…
നടക്കേണ്ടതൊക്കെ നമ്മൾ വേണ്ടെന്നു പറഞ്ഞാലും നടക്കേണ്ടപ്പോൾ നടന്നോളും …നെടുവീർപ്പോടെ, ജാനകി,സിസിലിയെ ബാത്ത്റൂമിൽനിന്നും താങ്ങിക്കൊണ്ടുവന്ന് കട്ടിലിലിരുത്തി.
“കുടിയ്ക്കാനെന്തെങ്കിലും വേണോ സിസിലികൊച്ചേ…? “ജാനകി അലിവോടെ ചോദിച്ചു.
“സത്യത്തിൽ എനിയ്ക്കു വേണ്ടത് ഒരൽപ്പം വിഷമാണു ജാനു”….എന്തിനിങ്ങനെയൊരു ജീവിതം?…ഭർത്താവ് ഈ മുറിയിലേയ്ക്കൊന്നെത്തി നോക്കിയിട്ട് ആഴ്ച രണ്ടായി.
എന്തെങ്കിലും കാരണങ്ങളുണ്ടാക്കി ഏതുനേരവും ഈ മുറിയിൽ വട്ടമിട്ടുനടന്ന സൽപ്പുത്രനും സൂസി പോയേപ്പിന്നെ തിരിഞ്ഞുനോക്കിയിട്ടില്ല….
മൊതലൊന്നും ഒരുപാടുണ്ടായിട്ട് ഒരു കാര്യവുമില്ല ജാനു… നമ്മളെ സ്നേഹിയ്ക്കാനും നമുക്കുവേണ്ടി ഒരൽപ്പം സമയം ചിലവാക്കാനുംകൂടി ആരെങ്കിലുമുണ്ടാവണം…. ഇതെന്തൊരു ജീവിതമാ… കൂട്ടിലടച്ച കിളിയെപ്പോലെ …എന്നെക്കൊണ്ട് ചെക്ക് ഒപ്പിടീയ്ക്കാൻ ഓരോരുത്തരും വരുമ്പോൾ എന്നാ അഭിനയമാ…അവരുടെ പ്രകടനം കണ്ടാൽ എനിയ്ക്കു ഉള്ളിൽചിരിവരും…അന്നുമാത്രം എന്താ ഒരു സുഖാന്വേഷണം.. എനിയ്ക്കു മതിയായി…. എല്ലാവരും ചേർന്നെന്നെ പൊട്ടിയാക്കുകയാ ജാനൂ”… സിസിലി പൊട്ടി ക്കരഞ്ഞു.
അടുത്തുകണ്ട ഒരു കസേരവലിച്ച് സിസിലിയുടെ അരികത്തിട്ട് ജാനു അതിലിരുന്നു. പിന്നെ ശാന്തമായ സ്വരത്തിൽ പറഞ്ഞുതുടങ്ങി…
“സിസിലിക്കൊച്ചേ ….നമ്മുടെ യഥാർത്ഥ ശത്രു നമ്മളുതന്നെയാണ്….ഈ കാലിലെ പ്ലാസ്റ്ററൊക്കെ ഇത്തിരിനാളൂടി കഴിയുമ്പം എടുത്തുമാറ്റും…കുറച്ചുനാളത്തെ പിസിയോതെറാപ്പീിന്നോ , അങ്ങനെന്തോ പറയുവല്ലോ, അതൂടി കഴിയുമ്പം കൊച്ചിന് പരസഹായമില്ലാതെ ഓടിനടക്കാമ്പറ്റും…അതുവരെ ഒന്നു ക്ഷമി… അതുകഴിയുമ്പം , കൊച്ചു നേരത്തേ പറഞ്ഞപോലെ, ഓരോന്ന് ഒപ്പിടീയ്ക്കാൻ വരുമ്പോ എന്തിനാ ഏതിനാന്നൊക്കെ ചോദിച്ചറിയാതെ ഒപ്പുവച്ചു കൊടുക്കരുത്. കൊച്ചുതന്നെ കൊച്ചിൻ്റെ വില കളയരുത്…എന്തു പറഞ്ഞാലും അനുസരിയ്ക്കുന്ന ഒരു ബൊമ്മയായിരുന്നിട്ട് എന്തെങ്കിലും ഗുണമൊണ്ടായോ…? കൊച്ചിൻ്റെ ഇഷ്ടങ്ങളെന്താണെന്ന് ആരെങ്കിലും തെരക്കീട്ടുണ്ടോ…? ഒരുദിവസമെങ്കിലും കൊച്ചിൻ്റെ ഇഷ്ടമനുസരിച്ച് ജീവിച്ചിട്ടുണ്ടോ? അതുകൊണ്ട് നനഞ്ഞ പഴംതുണിപോലെ മൂലയിൽ ചുരുണ്ടുകൂടി കിടക്കാതെ കാര്യപ്രാപ്തിയോടെ എല്ലാം നോക്കിക്കേ .. അങ്ങിനെയുള്ളവരെയാണ് ഈ ആണുങ്ങൾക്ക് ഇഷ്ട്ടം .ഞാൻ പണിക്കാരിയാ എന്നാലുംകൊച്ചു സങ്കടം പറഞ്ഞോണ്ടു പറേവാ
‘കൊച്ചിൻ്റെ തല കൊച്ചിൻ്റെ കഴുത്തേത്തന്നെയിരിയ്ക്കട്ടെ’….
വീണെന്നു കണ്ടാൽ , എഴുന്നേൽപ്പിയ്ക്കുന്നതിനുപകരം ചവുട്ടിത്താഴ്ത്തുന്നവരാണ് ചുറ്റുമുള്ളവർ….മനോബലം പെണ്ണിനാണു കൂടുതൽ….പ്രശ്നങ്ങൾ വരുമ്പോൾ അതു നേരിടുകയല്ലേ വേണ്ടത്? അല്ലാതെ ഒളിച്ചോടുകയാണോ?
കൊച്ചിനറിയാവോ , എൻ്റെ കെട്ടിയോൻ ചത്തപ്പോ ബന്ധുക്കാരു വരെ പറഞ്ഞു, എൻ്റെ ഗൊണവതിയാരം കൊണ്ടാണ് അയാൾ വിഷം കഴിച്ചതെന്ന്…സത്യമെന്തെന്ന് എനിയ്കല്ലേ അറിയൂ … ഞാനനുഭവിച്ച അപമാനങ്ങൾ…ഒറ്റപ്പെടുത്തലുകൾ…എന്നിട്ട് ഞാൻ തോറ്റോ…?ഇല്ലല്ലോ… അന്നത്തേക്കാൾ സന്തോഷമായും സുഖമായും സമാധാനമായുമാണ് ഞാനിന്നു കഴിയുന്നത്…കാര്യം പഠിത്തമില്ലാത്ത കൂലിപ്പണിക്കാരിയാണ്….നാളെ വീണുപോയാൽ എന്താകുമെന്ന് എനിക്കൊരു നിശ്ചയവുമില്ല….ഞാനതിനെക്കുറിച്ചു ചിന്തിക്കാറുമില്ല…’ഇന്നി’ ൽ ജീവിയ്ക്കാനാണെനിയ്ക്കിഷ്ടം….അതുകൊണ്ട് വേണ്ടാത്ത തോന്നലൊക്കെ കളഞ്ഞിട്ട്, സന്തോഷമായിരിയ്ക്കാൻ നോക്ക്…..ചുറ്റുപാടും ഞങ്ങളൊക്കെയില്ലേ….”
സിസിലി തല കുലുക്കി….കണ്ണീരിനിടയിൽക്കൂടി ജാനുവിനെനോക്കി ചിരിച്ചു.
“അതാണ് സിസിലിക്കൊച്ച്!”
സിസിലിയെ അഭിനന്ദിച്ച്, കവിളത്തൊരു കിള്ളും കൊടുത്ത് , അടുക്കളയിലേയ്ക്കു തിരിച്ചു നടക്കുമ്പോൾ, ജാനകി മനസ്സിലോർത്തു…മറ്റുള്ളവരെ ഉപദേശിയ്ക്കാൻ ‘എന്തെളുപ്പം.!….എന്തൊക്കെ പങ്കപ്പാടുകൾ താണ്ടണം ഭഗവാനേ ഇനിയുള്ള കാലം കടന്നുപോകാൻ…..
**************************************