മേയ്‌ഡ് ഫോർ ഈച്ച്അദർ…..

ടെൻഷനടിച്ച്, മനസ്സു പുകഞ്ഞു പുകഞ്ഞ്, ഒരുപോള കണ്ണടയ്ക്കാനാവാതെ, നേരം വെളിപ്പിച്ചെടുക്കുന്ന സുഖം അനുഭവിയ്ക്കാത്തതുകൊണ്ടാണ് നിങ്ങൾ ഇങ്ങനെ പെരുമാറുന്നത്.. ശാരിക, ശശിധരനോടു പറഞ്ഞു.

പുശ്ച്ചഭാവത്തിൽ അവളെ ഒന്നുനോക്കി,അയാൾ വീണ്ടും പത്രത്തിലേയ്ക്കു തലതാഴ്ത്തി.

നിർത്താനുള്ള ഭാവമുണ്ടായിരുന്നില്ല ശാരികയ്ക്ക്…ഈ മാനസിക പീഢനം സഹിയ്ക്കാൻ തുടങ്ങിയിട്ട് നാളേറെയായി. മദ്യം അകത്തു ചെല്ലുമ്പോൾ സ്വഭാവം മാറുന്ന മായാജാലം അയാളൊരിയ്ക്കലും അറിയുന്നില്ലല്ലോ….

“എനിയ്ക്കു മടുത്തു”ശാരിക പറഞ്ഞു.

“മടുത്തെങ്കിൽ കളഞ്ഞിട്ട് പൊക്കൂടേ?” അയാൾ ധാർഷ്ട്യത്തോടെ ചോദിച്ചു.

“പോയേനേ..പോകണമെന്നുണ്ട്…..ഇങ്ങനെയൊക്കെയാണ് മുന്നോട്ടുപോകാൻ ഉദ്ദേശിയ്ക്കുന്നതെങ്കിൽ, ഞാനൊരുദിവസം പോവുകതന്നെ ചെയ്യും.”

“പറയുന്നതുകേട്ടാൽതോന്നും,ആരാണ്ടോ പിടിച്ചിവിടെ കെട്ടിയിട്ടിട്ടുണ്ടെന്ന്…….നീ പോടീ…”

ശശിധരൻ പരിഹസിച്ചു.“ഇനി,കാശു കൈയ്യിലില്ലാഞ്ഞിട്ടാ പോകാത്തതെങ്കിൽ, എത്ര രുൂഭാ വേണമെടീ…ഞാനൊരു ചെക്കെഴുതി തന്നേക്കാം..”

ശശിധരൻ ,ചോദ്യഭാവത്തിൽ,ഭാര്യയെനോക്കി,പുരികമുയർത്തി.

“നിറഞ്ഞുവരുന്ന കണ്ണുകൾ അയാളിൽ നിന്നു പിൻവലിച്ച് ,അടുക്കളയിലേയ്ക്കു നടക്കുന്നതിനിടയിൽ അവൾ മനസ്സിൽ പറഞ്ഞു ‘നന്ദികെട്ടവൻ’….!

ഫ്രിഡ്‌ജ് തുറന്നുപിടിച്ച് രണ്ടുമിനിട്ടു നിന്നു…`കാപ്പിയ്ക് എന്തുണ്ടാക്കും?’ അതായി അടുത്ത തലവേദന…ഇഡ്ലി…ദോശ…പുട്ട്..അപ്പം…ചപ്പാത്തി…കറങ്ങീംതിരിഞ്ഞും എന്നും ഇതൊക്കെത്തന്നെ…ഉറക്കം ഒട്ടും ശരിയാകാത്തതു കാരണം സത്യത്തിൽഒന്നും ഉണ്ടാക്കാൻതന്നെ തോന്നുന്നില്ല …

തലചുറ്റലാണോ, തലപെരുപ്പാണോ …എന്തൊക്കെയോ അസ്വസ്ഥതകൾ…

ആരോടു പറയാൻ?…എന്തെങ്കിലും ഒന്നു തട്ടിക്കുട്ടി വയ്ക്കുകതന്നെ…

ശാരിക, ഫ്രിഡ്ജിൽ നിന്നും ദോശമാവെടുത്തു വെളിയിൽവച്ചു.

“ശാരീീ….ീ”തുടങ്ങി ഉമ്മറത്തുനിന്നു കാറി വിളി…”ഏതുനേരവും ചാരീ….ചാരീന്നു കാറിക്കൊണ്ടിരിയ്ക്കും……ഒരുപണീം സമാധാനമായിട്ടുചെയ്യാൻ സമ്മതിയ്ക്കില്ല ….പിറുപിറുത്തുകൊണ്ട് ശാരിക, കൈകൾ നൈറ്റിയിൽ തുടച്ച്,ഉമ്മറത്തേയ്ക്കു ചെന്നു.

“എന്താ?”ശാരിക ദേഷ്യത്തോടെ ചോദിച്ചു.

“അല്ലാ നീ പോയില്ലേ ഇതുവരേം?”

“ഇല്ല,പോകും..” ഒട്ടും വിട്ടുകൊടുത്തില്ല ശാരിക .

“അതുപോട്ടെ…എൻ്റെ കണ്ണാടി കണ്ടോ?”

“മൂക്കിൻമേലിരിയ്ക്കുന്നത് പിന്നെന്തു കുന്തവാ”ന്നു ചോദിയ്ക്കാൻ നാവു വളച്ചതാണ്.

പിന്നെ കരുതി കുറച്ചു തപ്പി നടക്കട്ടേന്ന്…

“ഞാങ്ങണ്ടില്ല….”

“ഇതു പറയാനാണോ മഹതി ഇങ്ങോട്ടെഴുന്നള്ളിയത് ?”

“എന്നെ വിളിച്ചു വരുത്തിയതല്ലേ?…അല്ലാതെ, കെട്ടിയോനെ കാണാഞ്ഞിട്ട് ഇരിയ്ക്കപ്പൊറുതി യില്ലാതെ ഓടി വന്നതൊന്നുമല്ലല്ലോ…..”അരിശംവന്നു ശാരികയ്ക്.

“ഒന്നു നോക്കെടേ പ്ലീസ് ..”ശശിധരൻ ഒരല്പം താഴ്ന്നുകൊടുത്തു. കാര്യംനടക്കണമല്ലോ…

“കുറച്ചു നേരത്തേ ഒട്ടകപ്പക്ഷി, മണ്ണിൽ തല പൂഴ്‌ത്തിയിരിയ്ക്കുന്നതുപോലെ, പത്രത്തിൽ മുങ്ങാംകുഴിയിട്ടിരിയ്ക്കുന്നതു കണ്ടല്ലോ…കണ്ണാടി വയ്ക്കാതാണോ വായിച്ചത്?”

ശശിധരൻ പെട്ടെന്ന് മുഖത്തു തപ്പിനോക്കി.

“”ഇതങ്ങു നേരത്തേ പറഞ്ഞാ പോരാരുന്നോ?”

“ഇതാ ഇപ്പോ നന്നായേ…ഇന്നലെ കുറേ വലിച്ചുകേറ്റിയതല്ലേ …അത്താഴംപോലും കഴിയ്ക്കാതെ , ഇരുന്നിടത്തുകിടന്നുറങ്ങുകയുംചെയ്തു. എന്നാ വല്ലോം ഉണ്ടാക്കിപ്പെറുക്കി തരാമെന്നുവച്ചപ്പം, പുട്ടിനുതേങ്ങയിടുന്നപോലെ ചാരീ…ചാരീന്നു വിളിച്ചോണ്ടിരിക്കുകയാ….കുപ്പിമേടിയ്ക്കാൻ കൃത്യമായിട്ട് ഓർക്കുന്നുണ്ടല്ലോ….എന്നാപിന്നെ അവനവൻ്റെ കാര്യങ്ങളെല്ലാം ഓർത്തങ്ങു ചെയ്താപ്പോരേ?”

“നീ ഇത്രകെടന്നു തുള്ളാൻ ഞാൻ നിന്നെ ദേഹോപദ്രവമൊന്നും ചെയ്തില്ലല്ലോ”

“ഓഹോ…ഇനി അതിൻ്റെകൂടി കുറവേയുള്ളു. രാത്രിമുഴുവൻ പോത്ത് മുക്രയിടുന്നപോലെ ഒച്ചയുംവച്ച്, തെരുതെരെ,കയ്യുംകാലുമിട്ടടിച്ച് നിങ്ങളുകിടക്കുന്നതുകാണാൻ നല്ല രസമാണല്ലോ ! മറ്റുള്ളവരുടെ മനസ്സമാധാനവും ഉറക്കവും കളഞ്ഞ്….ഇതിനെ മാനസിക പീഢനമെന്നാ പറയുക… വകുപ്പു വേറെയാ…” ശാരിക ചുണ്ടുകോട്ടി.

“ഓ… മാഡം വക്കീലായിരുന്നോ?…വകുപ്പൊക്കെ പറയുന്നുണ്ടല്ലോ ..”

“അതെ…വക്കീലാണ്….എൻ്റെ മനസ്സാക്ഷിയുടെ…അതാരെയും ബോദ്ധ്യപ്പെടുത്തേണ്ട ആവശ്യം എനിക്കില്ല…..”

ശാരിക ചാടിത്തുള്ളി അകത്തേയ്ക്കു പോയി.

ഓ…ഇനിയിപ്പം പാത്രങ്ങൾക്കാകും കഷ്ടപ്പാട് ..തന്നോടുള്ള ദേഷ്യംമുഴുവൻ അവൾ അതിനോടു തീർക്കും….ശശിധരൻ മനസ്സിലോർത്തു. ഒന്നുംകാണണ്ട,കേൾക്കണ്ടെന്നുവച്ച്ഇവിടെനിന്നെഴുന്നേറ്റ് പുറത്തെങ്ങാനും നടക്കാൻ പോകാമെന്നു വച്ചാൽ ,തലയും കാലും നേരേ നിൽക്കുന്നില്ല.

എന്തൊക്കെയോ കാര്യങ്ങൾ ചെയ്തുതീർക്കാനുണ്ടായിരുന്നു.. ഒന്നുമൊട്ട് ഓർത്തെടുക്കാനും പറ്റുന്നില്ല …ഭദ്രകാളി വേഷംകെട്ടി ആടുന്ന അവളോട് ഒന്നു൦ ചോദിയ്ക്കാനും വയ്യ…

ഒരു തരത്തിൽ പറഞ്ഞാൽ ഇന്നു പുറത്തിറങ്ങാതിരിയ്ക്കുകയാവും ബുദ്ധി…തല നേരേ നിന്നിട്ടുവേണ്ടേ ചിന്തിയ്ക്കാൻ …

ഈ പരിപാടി തൻ്റെ ആരോഗ്യത്തിനും കുടുംബത്തിൻ്റെ സമാധാനത്തിനും പറ്റിയതല്ലെന്ന് അറിയാഞ്ഞിട്ടല്ല…എന്തുചെയ്യാം…’സായിപ്പിനെകാണുമ്പോ കവാത്തുമറക്കു’മെന്നു പറയുന്നപോലെ, ബെവറേജിൻ്റെ മുന്നിലൂടെ പോകുമ്പോ അറിയാതെ ബ്രേക്കു ചവുട്ടിപ്പോവുകയാ…

എന്നാ രണ്ടെണ്ണം അടിച്ചുകഴിയുമ്പോ ഫുൾസ്റ്റോപ്പിടണമെന്നുകരുതും..എവിടെ….പിന്നെ കുപ്പി കാലിയാകുന്നതുതന്നെ കണക്ക്….അതു പേടിച്ചിപ്പം അര വീതമേ മേടിയ്ക്കാറുള്ളു…പറഞ്ഞിട്ടു കാര്യമില്ല, കപ്പാസിറ്റി തീരെയില്ല…

ഒന്നു മണത്തുനോക്കിയാൽപ്പോലും പെമ്പ്രന്നോത്തി സ്റ്റാൻഡിൽ പിടിയ്ക്കുകയും ചെയ്യും. കഴിഞ്ഞജന്മം അവൾ വല്ല സ്നിഫർ ഡോഗുമായിരുന്നോ എന്തോ….

എൻ്റെ സ്റ്റെലും സ്വഭാവവുമൊക്കെ പാടേ മാറുമെന്നാണ് അവൾ പറയാറ്….എന്തോ ….ശരിയായിരിയ്ക്കും…..അല്ലേൽപിന്നെ എത്ര ഒളിച്ചിരുന്നടിച്ചാലും അവൾ കണ്ടുപിടിയ്ക്കുന്നതെങ്ങനെ ?

വിശന്നിട്ട് വയറിനുള്ളിൽ ശിങ്കാരിമേളം തുടങ്ങിയിട്ടുണ്ട്.

അടുക്കളവഴി ഒന്നു കറങ്ങി നോക്കാനുള്ള ധൈര്യവും വരുന്നില്ല…അപ്പോഴാണോർത്തത്, പല്ലുതേച്ചിട്ടില്ലെന്ന കാര്യം. അതേതായാലും നന്നായി. ബ്രഷും പേസ്റ്റുമെടുത്ത്,പല്ലുതേയ്ക്കാനെന്ന ഭാവത്തിൽ അടുക്കളവഴി ഒന്നു കറങ്ങിനോക്കാം. ഉപ്പുമാവ് തനിയ്ക്കു കണ്ണെടുത്താൽ കണ്ടുകൂടാ…പക്ഷേ ഇന്നവൾ എന്തു ചപ്പുചവറുണ്ടാക്കി ത്തന്നാലും തിന്നേക്കാം…അത്രയ്ക്കുണ്ട് വിശപ്പും ആന്തലും……..ഇന്നലെ വീശിയ വോഡ്ക ഇനി വല്ല വ്യാജനുമാണോ ആവോ…മുമ്പൊരിയ്ക്കലും ഇത്രയധികം പരവേശവും മന്ദതയും തോന്നിയിട്ടില്ല…എന്നതാണോ എന്തോ…എന്തായാലും കാഴ്ചപോയിട്ടില്ല ,കണ്ണുകാണാം….

അടുക്കളയിൽ ,ദോശയുടേയും, മുളകുചമ്മന്തിയുടേയും സുഖകരമായ ഗന്ധം തങ്ങി നിൽപ്പുണ്ട്….അതു കിട്ടിയപ്പോൾത്തന്നെ വായിൽ ഒരു കപ്പലോടിയ്ക്കാൻ തക്ക വെള്ളം കുമിഞ്ഞുകൂടി. ശാരിയെ അവിടെയെങ്ങും കാണുന്നില്ല…

ഇന്നിപ്പോൾ, ക്ഷണിച്ചിരുത്തി, വിളമ്പിഊട്ടൂമെന്നൊന്നും പ്രതീക്ഷിയ്ക്കണ്ട….വിശന്നു വയറു കാളുമ്പോ ക്ഷണംപ്രതീക്ഷിച്ചിരിയ്ക്കണോ…എന്തിന്?…അല്ലേ തന്നെ വിശന്നുപൊരിയുമ്പോ എന്തഭിമാനം?….എടുത്തു കഴിയ്ക്കുകതന്നെ…

ശശിധരൻ, പ്ലേറ്റെടുത്തു മൂന്നാലു ദോശയും അതിനുള്ള ചട്‌നിയും വിളമ്പി ഡൈനിംങ്ടേബിളിൽ പോയിരുന്നു….ഓ..ഇതിനൊക്കെ എന്താ ടേസ്റ്റ്… !ദോഷംപറയരുതല്ലോ, അവളു കുറ്റംപറയാനില്ലാത്തപോലെ കുക്കുചെയ്യും….

വയറു നിറഞ്ഞപ്പോഴാണ്, ആ വഴക്കാളി പെണ്ണുമ്പിള്ളേ ഇത്രനേരമായിട്ടും കണ്ടില്ലല്ലോ എന്നോർത്തത്..

ഇനി,പറമ്പിലെങ്ങാനും അവളുടെ കൃഷിയും നോക്കിനടക്കുകയാണോ എന്നറിയില്ലല്ലോ…ചിലപ്പോഴത്തെ അവളുടെ ഭാവം കണ്ടാതോന്നും വലിയ’കർഷകസ്ത്രീ’ അവാർഡ് ജേതാവാണെന്ന്! വെറുതേ കുറേ രൂപാ നഴ്‌സറിക്കാരെ പുഷ്ടിപ്പെടുത്താൻ കളയാമെന്നല്ലാതെ ,അഞ്ചുപൈസേടെ ഗുണമുണ്ടെന്ന് എനിക്കു തോന്നീട്ടില്ല…ആ ….എന്തേലു മാകട്ടെ,ഓരോത്തർക്ക് ഓരോ വട്ട്….അല്ലാതെന്തു പറയാൻ!

ജനലിലൂടെ പുറത്തേയ്ക്കൊന്നു പാളി നോക്കി ശശിധരൻ. പുറത്തെങ്ങും അവളെ കാണുന്നില്ല…മാത്രമല്ല, ഇന്ന് പുറത്തേയ്ക്കിറങ്ങിയ ഒരു ലക്ഷണവുമില്ല… ഇന്നലെ പെയ്ത മഴയിലും കാറ്റിലും കൊഴിഞ്ഞും പറന്നും വീണ ഇലകൾ മുറ്റംമുഴുവൻ അതേപടി ചിതറിക്കിടപ്പുണ്ട്. സാധാരണ ഗതിയിൽ, ഇതുകണ്ടാൽ,അവൾ ചൂലുംകൊണ്ടിറങ്ങേണ്ടതാണ്.

ഇവളിതെവിടെപ്പോയിക്കിടക്കുന്നു.?

പെട്ടെന്ന് ഉള്ളിലൊരാന്തലുണ്ടായി…

ഇനി അവളും ഇന്നലെ പട്ടിണി ആയിരുന്നോ ആവോ..അതും ഉറക്കമില്ലായ്മയും കൂടിച്ചേർന്ന് ഇനി വല്ല ഷുഗറുംതാഴ്‌ന്ന് എവിടെയെങ്കിലും വീണു പോയിട്ടുണ്ടാവുമോ….?

“ശാരീ…ശാരീ…”ഉറക്കെ വിളിച്ചുകൊണ്ട് ശശിധരൻ ചാടി മുറ്റത്തേയ്ക്കിറങ്ങി.

“എന്താ നിങ്ങളുടെ ശരിയ്ക്കുള്ള പ്രശ്‌നം?” കരഞ്ഞു വീർത്ത , ഉറക്കച്ചടവുള്ളകണ്ണുകളോടെ തൊട്ടു പിന്നിൽ ശാരിക!

“പകലെങ്കിലും മനസ്സമാധാനത്തോടെ , കുറച്ചൊന്നു കിടക്കാൻ സമ്മതിയ്ക്കുമോ? രാത്രീ നിങ്ങൾ ഏതു കോലത്തിലായിരിയ്ക്കുമെന്ന് പറയാൻ പറ്റില്ലല്ലോ…പ്ലീസ്…

ഭാര്യയെന്ന പരിഗണനയൊന്നും തന്നില്ലെങ്കിലും ഒരുവേലക്കാരിയെന്നോ നിങ്ങളുടെ കെയർടേക്കറെന്നോ കരുതി എന്നെ ഒന്നു വെറുതേ വിട്ടേക്കാമോ …എനിക്ക് ഈ ടെൻഷനൊന്നും താങ്ങാൻ പറ്റുന്നില്ല…..ഞാൻ വിചാരിച്ചാൽ നിങ്ങളെയൊട്ട് നേരെയാക്കാനും സാധിയ്കുമെന്നുതോന്നുന്നില്ല..എന്നെഇങ്ങനെ കൊല്ലാതെകൊല്ലരുതേ…”ഇരുകൈകളുംകൂപ്പി ശാരിക പറഞ്ഞു.

ശശിധരൻ വല്ലാതെയായി…”ഒന്നും വേണമെന്നുവച്ചല്ലടോ…അങ്ങനെയൊക്കെ സംഭവിച്ചു പോകുന്നതാണ്…മദ്യം നീട്ടുന്ന പ്രലോഭനങ്ങളിൽനിന്ന് എനിയ്ക്കു ഒഴിഞ്ഞു മാറാനാകുന്നില്ല …

ഇനി ഒരിയ്ക്കലും ഇങ്ങനെയൊന്നും ഉണ്ടാവില്ല..സത്യം…സത്യം…സത്യം”

അയാൾ പറഞ്ഞു. നിന്ദാഗർഭമായ ഒരു ചിരി ചിരിച്ചു ശാരിക.

“ഇത് എത്രാമത്തെ സത്യംചെയ്യലാണെന്ന് വല്ല ഓർമ്മയുമുണ്ടോ? ചിലർ കുമ്പസാരിച്ചിട്ട്, വീണ്ടും വീണ്ടും അതേ പാപംതന്നെ ചെയ്യുന്നതുപോലെ, നിങ്ങൾ എൻ്റെ തലതൊട്ട് സത്യംചെയ്യുന്നു, പിന്നെയും കുടിയ്ക്കുന്നു…ഇവിടെക്കിടന്ന് എന്തെല്ലാമോ കാട്ടിക്കൂട്ടുന്നു…സ്വന്തം സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് മുൻതൂക്കംകൊടുക്കുമ്പോൾ നിങ്ങൾ കൂടെനിൽക്കുന്നവരുടെ മനസ്സുകാണുന്നില്ല…അവർക്കുണ്ടാവുന്ന ബുദ്ധിമുട്ടുകൾ കാണുന്നില്ല…മനസ്സാക്ഷി എന്നൊന്നുണ്ടെങ്കിൽ, അതിനോട് സത്യസന്ധനായിരിയ്ക്കാൻ ആദ്യം പഠിയ്ക്ക്…ഈകാണിക്കുന്ന നാടകമൊക്കെ എനിയ്ക്കു മനസ്സിലാവില്ല, ഞാനൊരു വിഡ്ഢിയും പൊട്ടിയുമൊക്കെയാണെന്നു് കരുതരുത് …എന്നെ ഇവിടെ പിടിച്ചുനിർത്തുന്ന രണ്ടേരണ്ടക്ഷരം ‘സ്നേഹ’മാണെങ്കിൽ നിങ്ങളണിഞ്ഞിരിയ്ക്കുന്ന കവചം’സോറി’എന്ന രണ്ടക്ഷരങ്ങളാണു്…..എല്ലാക്കാലവും എല്ലാവരേയും പറ്റിയ്ക്കാമെന്നും ഭീഷണിപ്പെടുത്തി വരുതിയ്ക്കു നിർത്താമെന്നും കരുതരുത്… അത് നിങ്ങൾക്കുതന്നെ വിനയാകും”

അകത്ത്, മൊബൈൽ ബെല്ലടിയ്ക്കാൻ തുടങ്ങി. റിങ്ടോൺ കേട്ടപ്പോഴേ മനസ്സിലായി, മക്കളാണ്. ഞായറാഴ്ച ദിവസം ഈ സമയത്തുള്ള വീഡിയോകോൾ പതിവുള്ളതാണ്…

ചേട്ടനും അനുജനും ഫേസ്ടൈമിൽ , ഗ്രൂപ്പ് കോൺഫറൻസ് മോഡിൽ വരുന്നതുകൊണ്ട്, വിശേഷങ്ങളൊക്കെ അന്യോനും പങ്കുവയ്ക്കാൻ എളുപ്പമുണ്ട്….

പിള്ളേരുടെ കോളാണെന്നു മനസ്സിലായതും, ശശിധരൻ ചാടി അകത്തുകയറി.. ഇനി അവരുടെ വക കൊണദോഷം കേൾക്കേണ്ടിവരും…അവരു പറയുന്നതിൽ തെറ്റൊന്നും പറയാൻ പറ്റില്ല …..പെറ്റതള്ളയെ മനസ്സുവിഷമിപ്പിയ്ക്കുന്നതുകണ്ടാൽ, സ്നേഹമുള്ള ഏതു മക്കളും തിരിഞ്ഞുനിൽക്കും, ചോദ്യം ചെയ്യും…അതിൽ അതിശയമൊന്നുമില്ല..എന്നാലും മക്കളോരോന്നു പറയുന്നതു കേൾക്കുമ്പോൾ, തെറ്റു തൻ്റെഭാഗത്താണെങ്കിലും എന്തോ’ഒരിത്’….സമ്മതിച്ചുകൊടുക്കാൻ ഒരുമടി….

“ബെല്ലടിയ്ക്കുന്നതു കേട്ടില്ലേ…പോയി അറ്റൻ്റുചെയ്യ്…ഇല്ലെങ്കിൽ അവമ്മാരിപ്പോ അയലോക്കത്തു വിളിയ്ക്കും….എന്നിട്ടുവേണം ഇവിടുത്തെ പുകിലു നാട്ടുകാരുമൊത്തമറിയാൻ….”ശശിധരൻ പറഞ്ഞു.

അങ്ങോട്ടൊന്നും പറയേണ്ടിവന്നില്ല, ശാരികയുടെ മുഖംകണ്ടപ്പോഴേ മൂത്തവൻ, ശരത് ചോദിച്ചു….”അപ്പനിന്നലെ ഫോർവീലറായിരുന്നു അല്ലേ?”

ശാരിക ചിരിയ്ക്കാൻ ശ്രമിച്ചു.

“എന്നിട്ട് ആളെവിടെ? ഷെഡിലാണോ അതോ ഡ്രൈവിനു പോയോ?”രണ്ടാമത്തവൻ ശ്യാമിൻ്റേതായിരുന്നു അടുത്ത ഊഴം….ഞാനൊന്നും മിണ്ടിയില്ല. ഒഴുകിവരുന്ന കണ്ണുനീരൊട്ടു മറയ്ക്കാനും കഴിഞ്ഞില്ല ….

“ഞങ്ങൾ അമ്മയേ കുറ്റം പറയുള്ളു. ഓർമ്മ വച്ച നാൾ മുതൽ ഞങ്ങൾ കാണുന്നതാ .. അപ്പനെന്തു തെറ്റുചെയ്താലും അമ്മ ക്ഷമിക്കും. അതു ഞങ്ങൾ ചോദ്യംചെയ്താലുടൻ അമ്മ പറയുന്നൊരു വാചകമുണ്ട്.’അപ്പന് നമ്മളല്ലാതെ വേറേ ആരാടാ ഉള്ളത്…നമ്മൾ ക്ഷമിച്ചില്ലെങ്കിൽ പിന്നാരാടാ ക്ഷമിയ്ക്കുകാ ‘ന്ന്.

ആ വിചാരം അപ്പനും വേണം..

അപ്പൻ്റെ വിഷമ ഘട്ടങ്ങളിലെല്ലാം ,അമ്മ ,കട്ടയ്ക്കുനിന്നു പുള്ളിയെ സപ്പോർട്ടു ചെയ്തതല്ലേ…..അതിൻ്റെ എന്തെങ്കിലും ഒരുനന്ദിയോ സ്നേഹമോ അമ്മയോടുണ്ടോ?

ഉണ്ടെങ്കിൽകുഴപ്പമില്ല…

ആ ചിന്നുചേച്ചിയെകണ്ടു പഠിയ്ക്ക്….കെട്ടിയോൻ…പിള്ളേര് എന്നൊക്കെ പറഞ്ഞ് വീട്ടിക്കിടന്നു വെന്തുരുകാതെ, റിലാക്സ് ചെയ്യണമെന്നു തോന്നുമ്പോൾ കറങ്ങി നടക്കുന്നതു കണ്ടിട്ടില്ലേ ? അങ്ങനെവേണം പെണ്ണുങ്ങള്…അല്ലാതെ, സ്വന്തം വിലേം നിലേം കളഞ്ഞ് അപ്പൻമന്ത്രവും ജപിച്ചോണ്ടു നടന്നിട്ടിപ്പോ എന്തായി? അമ്മേടെ കണ്ണീരിന് എന്തെങ്കിലും വിലയുണ്ടോ?

ഞങ്ങക്കിപ്പം സ്നേഹവും സഹതാപവുമൊന്നുമല്ല അമ്മയോടു തോന്നുന്നത്…അവജ്ഞയാ..

സ്വന്തം കാര്യംനോക്കാനറിയാതെ, ഈ’സർവ്വംസഹ’റോൾ കളിച്ചിട്ട് എന്തു കിട്ടി ?”

ശാരിക ശരിയാണെന്നു തലകുലുക്കി സമ്മതിച്ചു.

“എനിയ്ക്ക് ,നിങ്ങൾ,ന്യൂജെൻ കുട്ടികളെപ്പോലെ ചിന്തിയ്ക്കാനാവുന്നില്ല…എല്ലാം വലിച്ചെറിഞ്ഞ് എങ്ങോട്ടെങ്കിലും ഓടിപ്പോകണമെന്നു വിചാരിച്ചാലും എന്തോ ഒന്ന് എന്നെ, പുറകോട്ടു പിടിച്ചു വലിയ്ക്കും….അദൃശ്യമായ ഒരു ചങ്ങലയിൽ കൂച്ചുവിലങ്ങിട്ടിരിയ്ക്കുന്നതുപോലെ എന്തോ ഒന്ന്…അതെന്താണെന്നു തിരിച്ചറിയാനോ പൊട്ടിച്ചെറിയാനോ പറ്റുന്നില്ല പിള്ളേരേ….”ശാരിക പൊട്ടിക്കരഞ്ഞുപോയി .

“ഒരുകാര്യം ചെയ്യാം.. കുറച്ചുദിവസം അമ്മ അവിടുന്നൊന്നു മാറിനിൽക്ക് …ഞാൻ ടിക്കറ്റു ബുക്കുചെയ്തുതരാം …ഒരു കറക്കമൊക്കെ കറങ്ങി, ഫ്രഷ്ആയി തിരിച്ചുപോകാം

എന്താ സമ്മതിച്ചോ?”ശ്യാം ചോദിച്ചു.

“ഓകെ…പക്ഷേ രണ്ടു ടിക്കറ്റുകൾ വേണം…ഒന്നെനിയ്ക്കും, വേറൊന്നു നിൻ്റെ അപ്പനും”കണ്ണീർത്തുള്ളികൾ തിളങ്ങി നില്ക്കേ, ശാരിക ചെറുചിരിയോടെ പറഞ്ഞു.

“ഈ അമ്മ ഒരിയ്ക്കലും നന്നാവില്ല”

പൊട്ടിച്ചിരിയോടെ ശരത് പറഞ്ഞു.

“ഞാനില്ലെങ്കിൽ നിൻ്റെ അപ്പന് ഒന്നും ശരിയാവില്ലെടാ….അതാ”

“നേരേ തിരിച്ചല്ലേ ? അമ്മഅവിടെയില്ലെങ്കിൽ അപ്പന് കുറേക്കൂടി സ്വാതന്ത്ര്യം കിട്ടുകയല്ലേയുള്ളു.?”

“അങ്ങനെയല്ലടാ …അതൊന്നും ശരിയാവില്ല…ഞാനൊറ്റയ്ക്ക് എങ്ങോട്ടും വരുന്നില്ല”

“ശരിശരി”….അവർ തലകുലുക്കി. കോൾകട്ടായി.

വീഡിയോകോൾ കഴിയുമ്പോൾ ശാരികയുടെ സങ്കടങ്ങൾ ഏറെക്കുറേ പെയ്‌തൊഴിഞ്ഞിരുന്നു…

പിന്നിൽനിന്ന് രണ്ടു കരങ്ങൾവന്ന് ശാരികയെ ഗാഢം പുണർന്നു.

കൈകളിൽ ചൂടുള്ള രണ്ടുതുള്ളി കണ്ണുനീർ പതിച്ചപ്പോൾ അവൾ ഞെട്ടി,തലതിരിച്ചുനോക്കി …സങ്കടം സഹിയ്ക്കാനാകാതെ ശശിധരൻ വിതുമ്പുന്നുണ്ടായിരുന്നു….തിരിഞ്ഞുനിന്ന്,

അയാളുടെ നെഞ്ചിലെ ചൂടിലേയ്ക്ക് പറ്റിച്ചേർന്നുകൊണ്ട്, ഏങ്ങലടിയ്ക്കുമ്പോൾ ശാരികപറഞ്ഞു,” സാരമില്ല …കരയണ്ട…പോട്ടെ..”

“ഇന്നലെവരെ പറഞ്ഞതു പോലെയല്ല….ശരിയ്ക്കും ഞാനിനി കുടിയ്ക്കില്ല….നിന്നെ വിഷമിപ്പിയ്ക്കുകയുമില്ല…എന്നെ വിശ്വസിയ്ക്ക്” ശശിധരൻ പറഞ്ഞു.

“എനിയ്ക്കറിയാം” ശാരിക പറഞ്ഞു.

അവൾ തലഉയർത്തി അയാളുടെ കണ്ണുകളിലേയ്ക്കുനോക്കി…

അവിടെ, നിശ്ചയദാർഡ്യത്തിൻ്റെ കനലുകളുണ്ടായിരുന്നു…..സ്നേഹത്തിൻ്റെ സൗമ്യതയാർന്ന തിരത്തള്ളലുകളുമുണ്ടായിരുന്നു……അതുമാത്രം മതിയായിരുന്നു ശാരികയ്ക്കു്…..

****************************************

Scroll to Top