ബിരിയാണി

വർഷം കൃത്യമായി ഓർമ്മയില്ല..80-85 കാലഘട്ടമാണെന്നു തോന്നുന്നു…..

കൊല്ലം ക്ലോക്ക്ടവറിനടുത്തുള്ള ,ബാങ്കിൻ്റെ,ചിന്നക്കട ബ്രാഞ്ചിൽ ജോലി ചെയ്തിരുന്ന സമയം…

ബാങ്കിൻ്റെ എൻട്രൻസിനടുത്തുള്ള മൂലയിൽ ,ഒരു ചെരുപ്പുകുത്തി,കുറേ പൊട്ടിപ്പൊളിഞ്ഞ ചെരുപ്പുകളും,നരച്ച,കുതിരപോയതും ഒടിഞ്ഞതുമായ കാലൻകുടകളും നിരത്തിവച്ച്,തലയൊന്ന് ഉയർത്തി ആരെയുംനോക്കാതെ ,സ്വന്തം ജോലിയിൽ മുഴുകിയിരിയ്ക്കുന്ന കാഴ്ചയായിരുന്നു ,അയാളെ ശ്രദ്ധിയ്ക്കാൻ എന്നെ പ്രേരിപ്പിച്ചത്.

നിനച്ചിരിയ്ക്കാതെ,ഇടിമിന്നലോടുകൂടി,മഴ തകർത്തുപെയ്ത ഒരു ശനിയാഴ്ച ദിവസം… അന്നൊക്കെ രണ്ടുമണിവരെയേ ബാങ്കു പ്രവർത്തിക്കൂ.എല്ലാ ദിവസവും ജോലി കഴിഞ്ഞ് കാറുമായി എന്നെ വിളിയ്ക്കാൻ വരുമായിരുന്ന എൻ്റെ ഭർത്താവ്,കഷ്ടകാലത്തിന്,കുറച്ചുദൂരെ സർപ്രൈസ് ഇൻസ്പെക്ഷനു പോയിരിയ്ക്കുകയാണ് …

പെരുമഴയത്ത് ,റോഡിലേയ്ക്കിറങ്ങാനാകാതെ,ഞാൻ തിണ്ണയിൽ നിന്നു വിയർത്തു.കൂടെജോലി ചെയ്തിരുന്നവരിൽ ഭൂരിഭാഗവും സ്ഥലംവിട്ടുകഴിഞ്ഞിരിയ്കുന്നു.

മഴ തോരാനായി കാത്തുനിന്നതാണ്…അതാണ് തനിയ്ക്കു പറ്റിയ അബദ്ധം. നേരത്തേയായിരുന്നെങ്കിൽ ഏതെങ്കിലും ഒരു ഓട്ടോയെങ്കിലും കിട്ടിയേനെ….ഇനിയിപ്പോ കാലി ഓട്ടോ വല്ലതുംകിട്ടുമെന്ന് പ്രതീക്ഷിയ്ക്കുകയേ വേണ്ട…ഞാൻ വരുന്നതുംനോക്കി,ചോറുണ്ണാതെ കാത്തിരിയ്ക്കുന്ന മകനെക്കുറിച്ചോർത്തപ്പോൾ ഉള്ളിൽ ആധികേറി…ഒരുപക്ഷേ അവനിപ്പോൾ തന്നെ കാണാഞ്ഞ് കരയാൻ തുടങ്ങിയിട്ടുണ്ടാവും….

“കുഞ്ഞിന്ന് കൊട കൊണ്ടുവന്നു കാണത്തില്ല അല്ല്യോ?” പെട്ടെന്ന് തൊട്ടടുത്തുനിന്ന് ഒരു ചോദ്യം വന്നപ്പോൾ ഞാൻ ഞെട്ടിപ്പോയി.

നോക്കിയപ്പോൾ ചെരുപ്പുകുത്തി!

തുവാനമടിച്ച്, അയാൾ ഇരുന്നിരുന്നസ്ഥലം മുഴുവൻ നനഞ്ഞിരിയ്ക്കുന്നു …നിരത്തിവച്ചിരുന്ന ചെരുപ്പുകളും കുടകളും `ആയുധ’ങ്ങളും അടുക്കിഒതുക്കി ഒരു മൂലയിൽ കൂട്ടി വച്ചിട്ടുണ്ട്. പല ചിന്തകൾക്കിടയിൽ ഞാനിതൊന്നും ശ്രദ്ധിച്ചിട്ടുണ്ടാവില്ല…..

ആശ്ചര്യത്തോടെ ഞാനയാളെ നോക്കി.

“മഴയുണ്ടാകുമെന്ന് കരുതിയതേയില്ല..അതുകൊണ്ട് എടുത്തില്ല.” ഞാൻ മറുപടി പറഞ്ഞു.

“കുഞ്ഞിന് കൊണ്ടുപോകുന്നതിൽ പ്രശ്‌നമൊന്നുമില്ലെങ്കിൽ ,ഒരു കുs ഞാൻ തന്നുവിടാം. ഒരു സാറ് കമ്പിമാറ്റാൻ ഏൽപ്പിച്ചതാ….അദ്ദേഹം ഒരാഴ്ചകഴിഞ്ഞേ വരുള്ളു…കുഞ്ഞ് തിങ്കളാഴ്ച വരുമ്പോ തിരിയെതന്നാമതി”അയാൾ പറഞ്ഞു.

സംസാരിച്ചുകൊണ്ടിരിക്കെ,ഒരു നീല പോർഷെ ഒഴുകിയിറങ്ങിവന്നതുപോലെ എൻ്റെയടുത്തു വന്നുനിന്നു.

വിൻഡോഗ്ലാസ്സ് ചെറുതായിതാഴ്ത്തി ഒരു കൈ പുറത്തേയ്ക്കുനീണ്ട് എന്നെ മാടിവിളിച്ചു.

“ഹലോ…മാഡം….വാ വന്നു കേറിക്കോ …ഞാൻ വീട്ടിൽകൊണ്ടു വിട്ടേക്കാം…”

ആ പരുക്കൻ സ്വരം ഞാൻ പെട്ടെന്ന് തിരിച്ചറിഞ്ഞു. “നീലക്കുറുക്കൻ” എന്ന് ,ഞങ്ങൾ ,ലേഡിസ്റ്റാഫ് ഇരട്ടപ്പേരിട്ടിട്ടുള്ള സ്റ്റീഫൻ!

വഷളൻ ചിരിയും ദ്വയാർത്ഥപ്രയോഗത്തിലുള്ള സംസാരവും അടിമുടി അളക്കുന്നതരത്തിലുള്ള ചുഴിഞ്ഞനോട്ടവുമായി,സ്ത്രീകൾക്കിടയിൽ ഷൈൻചെയ്യാൻ കറങ്ങിനടക്കുന്ന ഒരുപുത്തൻ പണക്കാരൻ കാഷ്യു മുതലാളി!

എനിയ്ക്ക് അയാളെ കാണുന്നതുതന്നെ വെറുപ്പായിരുന്നു….എന്തോ ഒരു നെഗറ്റീവ് എനർജി അയാളെകാണുന്നമാത്രയിൽ എനിയ്ക്കു ഫീൽചെയ്യും….അയാളാണ് പെരുമഴയത്ത്,എനിയ്ക്ക് ലിഫ്‌റ്റ് ഓഫർചെയ്ത് നിൽക്കുന്നത്…..

ഞാൻ പതിയെ ചെരുപ്പുകുത്തിയെ ഒന്നുനോക്കി. അരുത് എന്ന്അർത്ഥം വരുംവിധം അയാൾ എന്നെ കണ്ണടച്ചു കാണിച്ചു.

“താങ്ക്യൂ സർ…ഞാൻ ഹസ്ബൻഡിനെ വെയിറ്റു ചെയ്തു നിൽക്കുകയാണു സർ….”ശബ്ദത്തിൽ കഴിയുന്നത്ര മയം വരുത്തി ഞാൻ സ്റ്റീഫനോടു പറഞ്ഞു.”ഓകെ…ടേക് കെയർ” ജാള്യത്തോടെ,വിൻഡോഗ്ലാസ്സുയർത്തി അയാൾ വേഗത്തിൽ ഓടിച്ചുപോയി.

“പന്നന്മാരാ… കുഞ്ഞ് ഇവരുടെയൊന്നും വണ്ടിയേലെങ്ങും കേറണ്ട. കുടുമ്മത്തി പെറന്നോർക്കൊന്നും എടപെടാൻ കൊള്ളൂല്ല….കൊന്നും കൊലവിളിച്ചും പാവപ്പെട്ടവൻ്റെ മൊതലു തട്ടിപ്പറിച്ചും ഒണ്ടാക്കിയ കൊറേ കാശുണ്ടെന്നല്ലാതെ അമ്മയെയും പെങ്ങളേയും തിരിച്ചറിയാൻ വയ്യാത്ത,നെറികെട്ട വെറിയന്മാരാ….”

പറയുന്നതിനിടയിൽ ,അയാൾ,പേപ്പറിൽ പൊതിഞ്ഞ് ,ഭദ്രമായി സൂക്ഷിച്ചിരുന്ന ഒരു ലേഡീസ് അംബ്രല്ല എടുത്ത് എൻ്റെ നേർക്കു നീട്ടി.”വെക്കം ചെല്ലു കുഞ്ഞേ,കുഞ്ഞുമോൻ നോക്കിയിരുന്നു മടുത്തുകാണും.”

“അതെങ്ങനെയറിയാം?”

പോകാൻതിടുക്കമുണ്ടായിരുന്നെങ്കിലും എനിയ്ക്കു ചോദിയ്ക്കാതിരിയ്ക്കാനായില്ല..

“ഓ..അതോ…ഞായറാഴ്ചദിവസം ഞാനിവിടെ വരാറില്ല …അന്നു വൈകുന്നേരം ബീച്ചിൽ കപ്പലണ്ടി കച്ചോടത്തിനു പോകും.കുഞ്ഞിനേയും സാറിനേയും കുഞ്ഞുമോനേയും പല ഞായറാഴ്ചകളിലും ഞാനവിടെ കണ്ടിട്ടുണ്ട്. കപ്പലണ്ടി കൂടുമായി ഞാൻ പലതവണ നിങ്ങടടുത്തു വന്നിട്ടുമുണ്ട്… പക്ഷേ ഒരിയ്ക്കൽപോലും വാങ്ങിച്ചിട്ടില്ല…”

അയാൾ ചിരിച്ചു. എനിയ്ക്കും ചിരിവന്നു.

“ദേവ് അങ്ങനെയാ.. പുറത്തുനിന്ന് ഒന്നും വാങ്ങി കഴിയ്ക്കാറില്ല.”

“അത് സാരമില്ല … എൻ്റെ ചപ്രത്തലയും നരച്ച കുറ്റിത്താടിയും ,പിഞ്ചിയ ഡ്രസ്സും കണ്ടാൽ ഒരുമാതിരിപ്പെട്ടവരാരും ഒന്നും വാങ്ങിയ്ക്കത്തില്ല.”…അയാൾ സ്വയം വിലയിരുത്തി, പിന്നെയും ചിരിച്ചു.പിന്നെ, കറുത്തആകാശത്തിലേയ്ക്കു നോക്കിപറഞ്ഞു.”കുഞ്ഞു വേഗംപൊയ്ക്കോ…മഴ ഉറഞ്ഞുതുള്ളിവരുന്നുണ്ട്….”

ഞാൻ തലയാട്ടി, കുട നിവർത്തി, മഴയിലേയ്ക്കിറങ്ങി ..

ഒറ്റ ഓട്ടോപോലും കാണാനില്ല….

പലതും മുഴുവൻ മൂടിക്കെട്ടിപായുന്നതിനാൽ ഉള്ളിൽ ആളുണ്ടോന്നുപോലും അറിയാനും വയ്യ…ഒന്നു രണ്ടെണ്ണത്തിനു കൈ കാണിച്ചു,നിർത്താതെ പോയപ്പോൾ ,പിന്നെ ആ പരിപാടി വേണ്ടെന്നുവച്ചു. അഞ്ചുമിനിട്ടു നടന്നാൽ ബസ്സ്സ്റ്റോപ്പിലെത്താം .

എന്തിനാ വെറുതേ കൈ കാണിച്ചു നാണം കെടുന്നത്…. നനഞ്ഞൊട്ടിയ സാരി കാരണം വേഗം നടക്കാനുംവയ്യ…ചീറിയടിയ്ക്കുന്ന കാറ്റിൽ, കുട മുറുകെ പിടിച്ചില്ലെങ്കിൽ,പാരച്യൂട്ടുപോലെ അതതിൻ്റെ പാട്ടിനു പോകും …

പെട്ടെന്നാണോർത്തത് ,കുട തന്നുവിട്ട ആ നല്ല മനുഷ്യൻ്റെ പേരു ചോദിച്ചില്ലല്ലോ എന്നകാര്യം..

“തേവള്ളി…തേവള്ളി….തേവള്ളി”ബസ്സിലെ കിളിയുടെ കാറിച്ച കാതിൽ മുഴങ്ങിയപ്പോൾ ,ബോർഡുപോലും വായിയ്കാൻ നിൽക്കാതെ,ഞാൻ ബസ്സിലേയ്ക്ക് ഓടിക്കയറി….

ഒരു ചെറുപ്പക്കാരനാണ് ,ഞാൻ കുട തിരിച്ചേൽപ്പിയ്ക്കാൻ ചെന്നപ്പോൾ അവിടിരുന്നത്….

എൻ്റെ പരുങ്ങലും മുഖത്തു നിഴലിച്ച സംശയവും കണ്ടിട്ടാവും അയാൾ പറഞ്ഞു”മാഡം കുട കൊണ്ടുത്തരുമെന്ന് അസ്സനാരിക്ക പറഞ്ഞായിരുന്നു…ആള് മിനിയാന്നത്തെ മയ മുയുവൻ നനഞ്ഞ്,പനിച്ചു പായേലാ…രണ്ടീസം കയിയണം ഉസാറാവാൻ….എൻ്റെ പേര് റസാക്ക്…ഓൻ്റെ അയലോക്കത്തുള്ളതാ…” ഒറ്റ ശ്വാസത്തിൽ അയാൾ പറഞ്ഞു നിർത്തി.

“ഓ.. ശരി…ഞാനിതിവിടെ തിരിച്ചേൽപ്പിച്ചെന്ന് ഇക്കയോടൊന്നു് പറഞ്ഞേക്കണേ …”കുട റസാക്കിനെ ഏൽപ്പിച്ച് ,ഞാൻ ബാങ്കിൻ്റെ പടികൾ കയറി.

ബാങ്കിംങ് ഹാളിലേയ്ക്കു കടന്നതും ,എൻ്റെ ടേബിളിൻ്റെ മുൻപിലിരിയ്ക്കുന്ന ആളിനെക്കണ്ട് എൻ്റെ മൂഡുമുഴുവൻ പോയി…..നീലക്കുറുക്കൻ!.

നാശം പിടിയ്ക്കാൻ….ഞാൻ ഉള്ളിൽ പ്രാകിക്കൊണ്ട് സീറ്റിനടുത്തേയ്ക്കുചെന്നു.

“ഗുഡ്മോണിങ് മാഡം”. കപട വിനയം ഭാവിച്ചുകൊണ്ട് അയാൾ തല പാതികുനിച്ചു പറഞ്ഞു.”ഞാൻ വന്നിട്ട് കുറച്ചുനേരമായി…”

“അതിന് പ്രവർത്തനസമയം തുടങ്ങാൻ ഇനിയും അര മണിക്കൂർ ഉണ്ടല്ലോ”അയാളുടെ സംസാരം അത്രരസിക്കാത്ത മട്ടിൽ ഞാൻ മറുപടി പറഞ്ഞു.

“അത്..ആ ലോൺ ഡോക്യുമെൻ്റ്സ് ഒക്കെ ഇന്ന് ഒപ്പിടാനാവുമല്ലോ അല്ലേ ?”

സാറിനോടും വൈഫിനോടും പതിനൊന്നുമണി കഴിഞ്ഞിട്ടു വരാനല്ലേ പറഞ്ഞത് ?അപ്പോഴേയ്ക്കേ അതു റഡിയാവുള്ളു….”ഞാൻ സ്വരത്തിൽ കഴിയുന്നത്ര സൗമ്യതവരുത്തി പറഞ്ഞു.

“അതെനിയക്കറിയാം…. ഞാനിപ്പോൾ വന്നത് മാഡത്തിനോട് വേറൊരു കാര്യം പറയാനാ…”

ഞാൻ ചോദ്യഭാവത്തിൽ അയാളെ നോക്കി.

“ഇന്നലെ മാഡം സംസാരിച്ചുകൊണ്ടിരുന്ന ആ ചെരുപ്പുകുത്തിയുണ്ടല്ലോ….തീരെ സ്റ്റാൻഡേർഡ് ഇല്ലാത്തവനാ…ഒന്നു നേരേ നോക്കിപ്പോയാൽ കടം ചോദിയ്ക്കും…വൈകുന്നേരമായാൽ പട്ടയടിച്ച് പാമ്പാകും.പിന്നെ നാലുകാലേൽ ഇഴഞ്ഞാ നടപ്പ്…വല്ല ഓടേലും കിടന്നാ ഉറക്കം…വീടോ ആ ചേരില്….”

ഞാൻ മിണ്ടാതെനിന്നു.

“ഞാൻ ലിഫ്റ്റു തരാമെന്നു പറഞ്ഞപ്പോ എന്തായിരുന്നു മാഡത്തിൻ്റെ ജാഡ…എന്നിട്ട്,ഒരു പൊത്ത കുടയുംകൊണ്ട് നനഞ്ഞൊട്ടി ബസ്സിനുപുറകേ ഓടുന്നത് ,ഞാനാ വൈൻ ഷോപ്പിൽനിന്നു കണ്ടായിരുന്നു…”

എൻ്റെ ക്ഷമയുടെ കടിഞ്ഞാൺ ഏതാണ്ട് പൊട്ടാറായിരുന്നു.

താൻ തൻ്റെ പണി നോക്കിപോടോ എന്ന് മുഖത്തുനോക്കി പറയണമെന്നുണ്ട്…പക്ഷേ പറഞ്ഞില്ല…

ബാങ്കിൻ്റെ പ്രസ്റ്റീജിയസ് കസ്റ്റമർ …നമ്പർഒൺ ഡെപ്പൊസിറ്റർ…ഫോറിൻ എക്സ്ചേഞ്ച് ബിസിനസ്സിലൂടെ ബാങ്കിനു ലക്ഷങ്ങൾ ലാഭമുണ്ടാക്കിത്തരുന്ന ആൾ..ഹയർലെവലിൽ പിടിപാടുകളുള്ളവൻ…ചെയർമാൻവന്നാൽപ്പോലും അയാളുടെ ആതിഥ്യം സ്വീകരിയ്ക്കാതെ പോകാറില്ലെന്നാണു കേൾവി…ആളുവെറുംതറയാണെന്ന് അറിയാവുന്നവർ പോലും കാണുമ്പോൾ പൂവിട്ടുപൂജിച്ചു കാൽക്കൽ വീഴുന്നവർ…മൗനം ആയുധമാക്കുകതന്നെ തനിയ്ക്കുനല്ലത്…

“എനിക്ക് ഡോക്യുമെൻ്റേഷൻ്റെ കുറച്ചു പണി തീർക്കാനുണ്ടായിരുന്നു.”

ഇത്രയുംനേരം അയാൾ പറഞ്ഞതൊന്നും കേട്ടിട്ടേയില്ല എന്ന മട്ടിൽ ഞാൻ വിനയത്തോടെ പറഞ്ഞു.

“ശരി…ഞാനൊരു പതിനൊന്നരയോടെ വന്നേക്കാം…”

ഒരു വളിച്ചചിരിയോടെ അയാൾ സീറ്റിൽനിന്ന് എഴുന്നേറ്റു.

“വൈഫും വരേണ്ടിവരും…”ഞാൻ ഓർമ്മപ്പെടുത്തി.

“അതെന്തിനാ…അവൾടെ ഒപ്പ് ഞാനങ്ങ് ഇട്ടുതന്നാൽപോരേ?”

“പറ്റില്ല സർ…ഇവിടെ വന്ന് ഒപ്പിടേണ്ടി വരും…ആള് കിടപ്പുരോഗിയൊന്നു മല്ലല്ലോ…”

“അതുപോലെയൊക്കെത്തന്നെയാ… നാശം…ഇനിഅതിനേയുംകെട്ടിവലിച്ചോണ്ടു ഇങ്ങോട്ടു വരണോ?”അയാൾ പിറുപിറുത്തു.

ഞാനതുകേട്ടമട്ടേ കാണിച്ചില്ല.. തിരക്ക് അഭിനയിച്ച് ഒരു ഫയലുമായി ഞാൻ സീറ്റിൽനിന്നെഴുന്നേറ്റ് അകത്തേയ്ക്കു പോയി.

ഒരു പതിനൊന്നു മണിയാകാറായിക്കാണും….ഒരു കറുത്തുമെലിഞ്ഞ സ്ത്രീരൂപം ബാങ്കിങ് ഹാളിൻ്റെ വാതില്ക്കൽ വന്നുനിന്ന് ഉള്ളിലേക്കു കടക്കണോ വേണ്ടയോ എന്നറിയാതെ സംശയിച്ചു നിൽക്കുന്നത് എൻ്റെ ശ്രദ്ധയിൽപ്പെട്ടു.

ഞാനവരെ അടുത്തേക്കുവിളിച്ചു.”എന്താ വേണ്ടേ…എന്താണെങ്കിലും അകത്തുവന്നു ചോദിയ്ക്കാമല്ലോ ..”ഞാനവരോടു പറഞ്ഞു.

“ഒരൊപ്പിടാനുണ്ടെന്ന് സ്റ്റീഫൻ പറഞ്ഞു.”

“ചിന്നമ്മ?”ഞാൻ സംശയത്തോടെ അവരെ നോക്കി.

“ഉം…”അവർ തലയാട്ടി.” താമസമുണ്ടെങ്കിൽ ഞാൻ ഓട്ടോ പറഞ്ഞു വിട്ടിട്ടുവരാം ..”അവർ വിനയത്തോടെ പറഞ്ഞു.

“സ്റ്റീഫൻ സർ?”ഞാനവരോടുചോദിച്ചു.”ആ എനിക്കറിയത്തില്ല…. കുറച്ചു രൂപായും കൈയ്യീതന്ന് ഓട്ടോപിടിച്ച് ബാങ്കിപ്പോയി ഒപ്പിട്ടിട്ട് തിരിച്ചുപൊക്കോന്നുപറഞ്ഞ് ആള് കാറെടുത്ത് എങ്ങോട്ടോ പോയി.”ചിന്നമ്മ പറഞ്ഞു.

ഞാൻ അതിശയിച്ചുപോയി. താലി കെട്ടിയ പെണ്ണിനെ ഓട്ടോ പിടിച്ചു പൊയ്ക്കോളാൻ പറഞ്ഞിട്ട്,നാട്ടിലുള്ള,പെണ്ണുങ്ങൾക്കൊക്കെ ലിഫ്‌റ്റുകൊടുക്കാൻ നടക്കുന്ന ശപ്പൻ !

എൻ്റെ മനസ്സിൽ സ്റ്റീഫനോടുണ്ടായിരുന്ന വെറുപ്പ് പതിന്മടങ്ങായി.

“സിറ്റ് ഡൗൺ പ്ലീസ്”….ഓട്ടോക്കാരനെ പറഞ്ഞുവിട്ട്,തിരിച്ചുവന്ന ചിന്നമ്മയോട് ഞാൻപറഞ്ഞു.

നന്ദിപൂർവ്വം ചിരിച്ചുകൊണ്ട് അവർ കസേരയിലിരുന്നു.നാലുപാടും പാളിനോക്കി ഒരു രഹസ്യം പറയുമ്പോലെ അവരെന്നോടു ചോദിച്ചു”ഒരുകാര്യം അറിഞ്ഞാൽകൊള്ളാമെന്നുണ്ടു മാഡം…സ്റ്റീഫനത് അറിയുകയുമരുത്. എന്നാൽ ഞാൻ തീർന്നു… എൻ്റെപേരിൽ ഡെപ്പോസിറ്റു ചെയ്യാനെന്നു പറഞ്ഞ് കുറേയേറെ പണം സ്റ്റീഫൻ എൻ്റെകയ്യിൽനിന്നും വാങ്ങിയിട്ടുണ്ട്…അതുവല്ലതും ഇവിടെയുണ്ടോ?ഉണ്ടെങ്കിൽ,അതീന്ന് കൊറച്ചു കാശെനിയ്ക്കു തരാമോ?”

ഞാനൊന്നും മിണ്ടിയില്ല…

”ഇല്ല… അല്ലേ… എനിയക്കറിയാം എല്ലാം കണ്ടവളുമാരു കൊണ്ടുപോയിക്കാണും..

കോടീശ്വരിയും കോളേജുബ്യൂട്ടിയുമായിരുന്ന എന്നെ കണ്ടാലിപ്പം പിച്ചക്കാരിയെപ്പോലില്ലേ മാഡം ?അഞ്ചുരൂപാ വേണമെങ്കിലിപ്പം അഞ്ഞൂറുതവണ കെഞ്ചണം…ആവശ്യം ബോധിപ്പിയ്ക്കണം…തോന്നിയാൽ തരും..അത്രതന്നെ”…ചിന്നമ്മ സ്വയംനിന്ദയോടെ ചിരിച്ചു.

ഞാനിതെല്ലാംകേട്ടു വല്ലാതെയായി….എന്തു പറയാനാണ്…

“നമുക്ക് ഒപ്പിട്ടാലോ ?” സംസാരിച്ചുകൊണ്ടിരുന്ന വിഷയത്തിൽ നിന്നും വഴുതിമാറി ഞാൻ കാര്യത്തിലേയ്ക്കു കടന്നു ….

“ഈടു വച്ചിരിയ്ക്കുന്ന വസ്തുവകകളെല്ലാം എൻ്റെ പേരിലുള്ളതായിരിയ്ക്കും …അല്ലേ മാഡം?

ഞാൻതലയാട്ടി.

“എനിയ്ക്കു തോന്നി…ലോണടവുവന്നില്ലേൽ അതു ജപ്തി ചെയ്തോളുമല്ലോ …

അയാക്കടെ പേരിലൊണ്ടാക്കിയിട്ടതെല്ലാം സേഫായി ഇരിയ്കയും ചെയ്യും….കാഞ്ഞ ബുദ്ധിയാ ചെകുത്താന്…”ചിന്നമ്മ മന്ത്രിയ്ക്കും പോലെ പറഞ്ഞു….

“കഴിഞ്ഞില്ലേ നിൻ്റെ ‘ശൂ’വര?”ഉച്ചത്തിൽ ചോദിച്ചുകൊണ്ട് സ്റ്റീഫൻ കയറിവന്നു.

ഞെട്ടിപ്പിടഞ്ഞു് ചിന്നമ്മ കസേരയിൽനിന്നെഴുന്നേറ്റു.

“ചിന്നമ്മ അവിടിരിയ്ക്ക് …ഒപ്പിട്ട്,എല്ലാം കറക്ട് ആണെന്നു വെരിഫൈചെയ്തിട്ട് പോകാം..അല്ലെങ്കിൽ ഇനിയും വരേണ്ടിവരും…അത് സ്റ്റീഫൻസാറിന് ബുദ്ധിമുട്ടാകും”ഞാൻ ശാന്തമായി പറഞ്ഞു.

മുദ്രപ്പത്രത്തിൽ ഒപ്പുവയ്ക്കുമ്പോൾ ചിന്നമ്മയുടെ കൈ വല്ലാതെ വിറച്ചു.

“എടീ മറ്റവളേ…നേരേചൊവ്വേ ചാർത്തെടീ നിൻ്റെ മറ്റെടത്തെ ഒപ്പ്……യൂസ്ലസ്സ്..”പരിസരം മറന്ന് സ്റ്റീഫൻ അലറി. മറ്റുസ്റ്റാഫും കസ്റ്റമേഴ്‌സും ഇതെല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ടെന്ന ഒരു വിചാരവും അയാൾക്കുണ്ടായിരുന്നില്ലെന്നുതോന്നി അപ്പോൾ….ഒരു പബ്ലിക്പ്ലേസിൽ അയാളിങ്ങനെയാണെങ്കിൽ ,വീട്ടിൽ എങ്ങനെയാവുമെന്നുള്ളത് ഊഹിയ്കാവുന്നതേയുള്ളു …

നിറഞ്ഞ കണ്ണുകൾ തുടച്ച്,തലകുനിച്ച്,ചിന്നമ്മ,ഒപ്പിട്ടുകഴിഞ്ഞയുടൻ ഇറങ്ങിപ്പോയി.

ആറു മാസത്തോളം പ്രത്യേകിച്ച് സംഭവ വികാസങ്ങളൊന്നുമില്ലാതെ കടന്നുപോയി.

പെട്ടെന്നാണ് ഞങ്ങളുടെതന്നെ മറ്റൊരു കാഷ്യു എക്സ്പോർട്ടറുടെ ഷിപ്പ്മെൻ്റ് റിജക്ട്ചെയ്തുകൊണ്ട് മെയിൽ കിട്ടിയത്….മാനേജർ ആകെ പരിഭ്രാന്തനായി….കോടികളുടെ ബിസ്സിനസ്സാണ്…എല്ലാം നന്നായിപോകുന്നിടത്തോളം എല്ലാരും വാനോളംപുകഴ്ത്തും. എവിടെയെങ്കിലും ചെറിയഒരുപാളിച്ചവന്നാലോ…സർവ്വ അപരാധവും മാനേജരുടേതാകും…അന്നും ഇന്നും എന്നും അതങ്ങനെതന്നെയാണല്ലോ …

ഇതറിഞ്ഞയുടൻ സ്റ്റീഫൻ ബാങ്കിൽ ഓടിപ്പാഞ്ഞു വന്നു.

ഫീൽഡിൽ അയാളുടെ മുഖ്യ എതിരാളിയാണ് വെട്ടിലായിരിയ്ക്കുന്നത്…എങ്ങനെ സന്തോഷിയ്ക്കാതിരിയ്ക്കും…..

ബാങ്കിംങ് ഹാളിൽ വന്നുനിന്ന് അയാൾ ഉച്ചത്തിൽ പറഞ്ഞു”പി.പി.കെ യുടെ അണ്ടി തിരിച്ചുവരും..പക്ഷേ ഈ സ്റ്റീഫൻ്റെ അണ്ടി അങ്ങനെയല്ല … അത് ഒരൊന്നൊന്നര അണ്ടിയാ…അല്ലേ രമണിമാഡം?”അയാൾ ഗോഡൗൺ ഇൻസ്പെക്ഷൻ ഇൻചാർജായ രമണിവില്യംസിനെ നോക്കി ചോദിച്ചു….രമണി അസ്തപ്രജ്ഞയായി നിന്നുപോയെങ്കിലും മറ്റുള്ളവരിൽ അത് ചിരി പടർത്തി.

സംഗതി ,രമണിയ്ക്ക് സ്റ്റീഫനെകാണുമ്പോൾ ഒരു ഇളക്കവും ചിരിയും കുഴച്ചിലുമൊക്കെയുണ്ടെന്നും ഇൻസ്പെക്ഷനു പോകുമ്പോഴെല്ലാം കിലോകണക്കിനു കാഷ്യുനട്ട്സ് അവർ വീട്ടിൽകൊണ്ടുപോകാറുണ്ടെന്നുള്ളതും പരസ്യമായ ഒരു രഹസ്യമാണ്…

ഒരു കാര്യം എനിയ്ക്കു വ്യക്തമായി അറിയാമായിരുന്നു….അന്യവ്യക്തികളിൽനിന്ന് ഒരു സമ്മാനം അല്ലെങ്കിൽ ഒരു സൗജന്യം നമ്മൾ സ്വീകരിച്ചാൽ അതോടുകൂടി ധൈര്യമായി നോ പറയാനുള്ള സ്വാതന്ത്ര്യം നമ്മൾ അടിയറവു വയ്ക്കുകയാണെന്ന്..

ഏകദേശം ഒരു നാലുമാസംകൂടി കഴിഞ്ഞുകാണും..

ഒരുദിവസം രാവിലെ,സ്റ്റീഫൻ മദയാന കാടിളക്കി ഇറങ്ങിവരുന്നതുപോലെ,ആർത്തു തിമിർത്തു ബാങ്കിലേയ്ക്കു കയറിവന്നു..”ഗയ്‌സ്…ആ ബാക്കിലെ ഹാളിലിരിയ്ക്കുന്നവരെക്കൂടി ഫ്രണ്ടിലേയ്ക്കു വിളിയ്ക്കൂ പ്ലീസ് …എനിക്ക് ഒരു സന്തോഷവാർത്ത പറയാനുണ്ട്….”

എല്ലാവരും എത്തിച്ചേർന്നെന്നറിഞപ്പോൾ അയാൾ പറഞ്ഞു

”കഴിഞ്ഞയാഴ്ച എൻ്റെ മകൻ്റെ കല്യാണം അമേരിക്കയിൽ വച്ച് നടന്നായിരുന്നല്ലോ …അതിന് വളരെ വിശിഷ്ടവ്യക്തികളെ മാത്രമേ കൊണ്ടുപോകാൻ സാധിച്ചുള്ളൂ.

വരാൻ സാധിയ്കാത്തവർക്കായി ഞാൻ ഈ വരുന്ന ഞായറാഴ്ച വീട്ടിൽ ഒരു റിസപ്ഷൻ അറേഞ്ചുചെയ്തിട്ടുണ്ട്….സമ്മാനംതരേണ്ടിവരുമെന്നു കരുതി ആരും വരാതിരിയക്കരുത്….സമ്മാനംവേണ്ട…ആരും കൊണ്ടുവരരുത്…”

എല്ലാവരും കയ്യടിച്ച് ആഹ്ലാദം പ്രകടിപ്പിയ്ക്കുന്നതുകണ്ടപ്പോൾ എനിയ്ക്ക് ഉള്ളിൽ ചിരി വന്നു.

എല്ലാവരും അവരവരുടെ സീറ്റിലേയ്ക്കു മടങ്ങിപ്പോയിക്കഴിഞ്ഞപ്പോൾ സ്റ്റീഫൻ എൻ്റെ അടുത്തേയ്ക്കു വന്നു. എനിയ്ക്കു മാത്രം കേൾക്കാനാവുന്ന ശബ്ദത്തിൽ അയാൾ പറഞ്ഞു

”മാഡത്തിന് എന്നെ ഇഷ്ടമല്ലെന്ന് എനിക്കറിയാം..പക്ഷേ എനിക്കു മാഡത്തിനോടുള്ള ബഹുമാനം കൂടീട്ടേ ഉള്ളൂ…ഫംഗ്ഷന് വരാതിരിയക്കരുത്…”

“വരരുത് എന്നൊന്നും എനിയ്ക്കില്ല…മറ്റ് അസൗകര്യങ്ങൾ ഒന്നും ഇല്ലെങ്കിൽ വരാൻനോക്കാം.” ഞാൻ പറഞ്ഞു.

“ഞാൻ പ്രതീക്ഷിയ്ക്കും …”അത്ര സുഖമല്ലാത്ത ഒരുചിരിയോടെ അയാൾ പോയി…

എനിയ്ക്കന്തോ ആ പറച്ചിലും ചിരിയും അത്രയ്ക്കങ്ങോട്ടു രസിച്ചില്ല.

ബാങ്കിലെ ചില സ്റ്റാഫുകളുടെ ഡിസ്‌ക്കഷൻസും ഒരുക്കവും കണ്ടാൽതോന്നും അവരുടെ മകൻ്റെയോ സഹോദരൻ്റെയോ കല്യാണ റിസപ്ഷനാണെന്ന്!

രണ്ടുമൂന്നു ദിവസങ്ങളായി അസ്സനാരിക്കയെ കാണുന്നില്ലല്ലോ..ഞാൻ മനസ്സിലോർത്തു. ആരോടാ ഒന്നു അന്വേഷിയ്ക്കുക… റസാക്കിനേയും കാണാനില്ല…കാര്യം,രാവിലെവരുമ്പോഴും വൈകുന്നേരം തിരിച്ചുപോകുമ്പോഴും സൗഹൃദം നിറഞ്ഞുള്ള ഒരു ചിരിയല്ലാതെ മറ്റൊന്നും സംസാരിയ്ക്കാറില്ല….

ഒന്നു രണ്ടുതവണ ബീച്ചിൽവച്ച് ഇക്കയുടെ കയ്യിൽനിന്നും വറുത്ത കപ്പലണ്ടി വാങ്ങി ചമനിന് കൊടുത്തിട്ടുണ്ട്. ആരോടും പെട്ടെന്ന് അടുക്കാത്ത അവൻ എത്ര പെട്ടെന്നാണ് അസ്സനാരിക്കയുമായി കൂട്ടുകൂടിയത്! പെരുമഴയത്ത് തനിക്കു കുടതന്നു സഹായിച്ച ഇക്കയാണിതെന്നു പറഞ്ഞ് ദേവേട്ടനു പരിചയപ്പെടുത്തിക്കൊടുത്തപ്പോൾ ഇക്കയുടെ മുഖത്തുകണ്ട വാത്സല്യവും ബഹുമാനവും ഒന്നു കാണേണ്ടതുതന്നെയായിരുന്നു…..

ആലോചിച്ചു നിൽക്കേ,എവിടെ നിന്നാണെന്നറിയില്ല,അസ്സനാരിക്ക ഓടിക്കിതച്ചു മുന്നിലെത്തി.

കയ്യിൽ ചുരുട്ടിപ്പിടിച്ച ഒരുതുണ്ടുപേപ്പറുമുണ്ട്..

“കുഞ്ഞ് പോയിക്കാണുമോന്നു പേടിച്ച് ഞാനോടി വരുവാരുന്നു.

വരുന്ന ഞായറാഴ്ച എൻ്റെ മോള് റസിയാടെ നിക്കാഹാ….കാർഡൊന്നുമടിയ്ക്കാൻ പാങ്ങില്ലാത്തോണ്ട്,ഞാനാ റസാക്കിനെക്കൊണ്ട് സമയവും, വീടും,സലവുമൊക്കെ ഇതിലെഴുതിച്ചിട്ടുണ്ട്…കുഞ്ഞും സാറും കുഞ്ഞോനേം കൊണ്ടുവരണമെന്നാ ഇക്കാൻ്റെ ആശ…നിങ്ങളെപ്പോലെ വലിയ ആൾക്കാരെ യൊക്കെ പാവപ്പെട്ടോൻ്റെ വീട്ടിലേയ്ക്കു വിളിയ്ക്കണ ശരിയാണോ,വിളിച്ചാ വരുവോ എന്നൊന്നും അറിയാൻ വയ്യ…എന്നാലും ഇക്ക വിളിക്കുവാ..വരണം..”

അഡ്രസ്സ് കുറിച്ച തുണ്ടുകടലാസ് എനിയ്ക്കുനേരേ നീട്ടി അസ്സനാരിക്ക പറഞ്ഞു.ഞാനതു വാങ്ങി ഭദ്രമായി പേഴ്‌സിനുള്ളിൽ വച്ചു.

“ഞങ്ങൾ ഉറപ്പായും വരും ഇക്കാ”ഞാൻ പറഞ്ഞു.

“അപ്പോ ആരൊക്കെയാ റിസപ്‌ഷനു വരുന്നേ…എന്താണ് നമ്മുടെ പ്ലാൻ?….”വെള്ളിയാഴ്ചത്തെ ബാങ്കിലെ മെയിൻ ഡിസ്കഷൻ അതായിരുന്നു.’ഇവർക്കൊന്നും വേറേ പണിയില്ലേ…?ഞാൻ മനസ്സിൽ പറഞ്ഞു.

അവിടെ സർവുചെയ്യാനിടയുള്ള ഡിഷസിനെക്കുറിച്ചായി വേറെ ചിലരുടെ ചിന്ത. ഫാമിലി മുഴുവൻ പങ്കെടുത്താൽ വല്ല പ്രശ്‌നവുമുണ്ടോ എന്നായി ഒരുകൂട്ടരുടെ സംശയം.

“മാഡം മാത്രം ഒരഭിപ്രായവും പറയാതെ മാറി നില്ക്കുന്നതെന്താ?” ലതിക ചോദിച്ചു.

“ഞാനെന്തായാലും വരുന്നില്ല. എനിയ്ക്ക് വളരെ വേണ്ടപ്പെട്ട ഒരാളുടെ മകളുടെ കല്യാണമുണ്ട്. ഒഴിവാക്കാൻ പറ്റില്ല..” ഞാൻ തീർത്തു പറഞ്ഞു.

“കഷ്ടമായിപ്പോയി ..ഞാൻ മാഡത്തിൻ്റെകൂടെ വരാമെന്നു കരുതിയിരിയ്ക്കയായിരുന്നു….ഇനി രമണിമാഡത്തിനോടു ചോദിയ്ക്കട്ടെ…”. ലതിക ഉത്സാഹത്തോടെ രമണിയുടെ മേശയ്ക്കരികിലേക്ക് പോയി.

ഊടുവഴികൾ കുറച്ചേറെ ചുറ്റിച്ചെങ്കിലും,

നിക്കാഹിൻ്റെ ചടങ്ങുകൾ അവസാനിയ്ക്കുംമുൻപേ അസ്സനാരിക്കയുടെ വീട്ടിലെത്തിച്ചേരാൻ സാധിച്ചു. ഏറെ ബുദ്ധിമുട്ടിയത് കാർ പാർക്കുചെയ്യാൻ ഒരിടം കണ്ടെത്താനാണ്.

ഞങ്ങളെ കണ്ടയുടൻ റസാക്ക് ആൾക്കൂട്ടത്തിനിടയിൽ നിന്നു ഓടിയെത്തി. ഏതോ വിശിഷ്ടാതിഥികളെ സ്വീകരിച്ചാനയിയ്ക്കുന്നതുപോലെ, കൂടിനിന്നിരുന്നവരെ വകഞ്ഞുമാറ്റി,ഞങ്ങൾക്കു വഴിയൊരുക്കുന്നതു കണ്ടപ്പോൾ സത്യത്തിൽ ഞാൻ ചൂളിപ്പോയി. പ്രത്യേകിച്ചും കൂടി നിന്നിരുന്നവരുടെ ശ്രദ്ധ മുഴുവൻ ഞങ്ങളിലാണെന്നു മനസ്സിലായപ്പോൾ …

“അസ്സനാരിക്ക ചടങ്ങുകഴിഞ്ഞാലുടനേ വരും…സാറമ്മാരെ മിറ്റത്തു നിർത്താതെ, അകത്തുകൊണ്ടിരുത്തണമെന്ന് എന്നോടു പറഞ്ഞിരുന്നു…വെക്കം വരും…തീരാറായി…”രഹസ്യം പറയുമ്പോലെ അവൻ പറഞ്ഞു.

“അതിനെന്താ…വരട്ടെ,വരട്ടെ…ഞങ്ങളിവിടെ വെയിറ്റുചെയ്തോളാം”ഞാൻ പറഞ്ഞു.

ചെറുതെങ്കിലും ,നല്ല വൃത്തിയും വെടിപ്പുമുള്ള ഒരു മുറിയിലേക്കാണ് റസാക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയത്. അവിടെയുണ്ടായിരുന്ന രണ്ടുകസേരകളിലായി ഞാനും ദേവേട്ടനും ഇരുന്നു. ചമൻ ഒരിടത്തും ഇരിയ്ക്കാൻ കൂട്ടാക്കാതെ മുറിയിൽ അങ്ങോളമിങ്ങോളം ഓടിക്കളിച്ചുകൊണ്ടിരുന്നു.

പെട്ടെന്നാണ് ഞാനതു ശ്രദ്ധിച്ചത്.

പാളികളില്ലാത്ത ജനലഴികളിലൂടെ ഞങ്ങളെ എത്തിനോക്കി മറയുന്ന കുറേ മുഖങ്ങൾ….എനിയ്ക്കു ചിരിവന്നു….കൂട്ടിലിട്ടിരിയ്കുന്ന കുരങ്ങന്മാരാണു ഞങ്ങളെന്നു വെറുതേ സങ്കല്പിച്ചുനോക്കി. അപ്പോൾ ചിരിയടക്കാനായില്ല…അതു കണ്ടുകൊണ്ടാണ് അസ്സനാരിക്ക മുറിയിലേയ്ക്കു വന്നത്.

“കുഞ്ഞേ, സാറേ…ഇക്കയ്ക്ക് പെരുത്തു സന്തോഷമായി കേട്ടോ … പൊര കണ്ടുപിടിയ്ക്കാൻ കൊറേ ബലഞ്ഞുകാണും അല്ലേ…ന്നാലും പടച്ചോനേ ങ്ങളു വന്നല്ലോ ….ഇക്കാക്ക് അതുമതി.”

തോളത്തുകിടന്ന തോർത്തെടുത്ത് നിറഞ്ഞുവന്ന കണ്ണുകളൊപ്പി അസ്സനാരിക്ക വെളുക്കെ ചിരിച്ചു.

“എടാ…റസാക്കേ…ഹമുക്കേ..നീ സാറമ്മാർക്ക് കുടിക്കാനെന്തേലും കൊടുത്തില്ലേ ഇതുവരെ?”

“അതു സാരമില്ല ഇക്കാ…ഇക്കയ്ക്കു തിരക്കല്ലേ…ഇക്ക പൊക്കോളൂ ഞങ്ങൾ ഒന്നും കഴിയ്ക്കാതെ പോവില്ല …റസാക്കുണ്ടല്ലോ ഇവിടെ..പലരും ഇക്കയെ അന്വേഷിയ്ക്കുന്നുണ്ടെന്നു തോന്നുന്നു…”ഞാൻ പറഞ്ഞു.

അസ്സനാരിക്കയെ തിരിച്ചറിഞ്ഞ ചമൻ ഇതിനിടെ ആളോട് കപ്പലണ്ടി ചോദിച്ചുതുടങ്ങിയിരുന്നു.

“ഓ…കുഞ്ഞോന് ബെശക്കുനുണ്ടെന്നു തോന്നുന്നു….

റസാക്കേ…ചെമ്പു പൊട്ടിച്ചാലുടനെ ഓര്ക്കു ബിരിയാണി വെളമ്പണം കേട്ടോ…

സാറേ…ഞാൻപോയി ഒന്നു കറങ്ങിട്ടും വരാം…”അസ്സനാരിക്ക പുറത്തേക്കിറങ്ങി.

“റസാക്കേ,പുതുപ്പെണ്ണിനേം,പുതിയാപ്ലേയും ഇക്കാടെ ബീവിയേയുമൊക്കെ ഒന്നു കാണണമായിരുന്നു….”ഞാൻപറഞ്ഞു.

“അപ്പോ സാറിനൊന്നും അറിയില്ലേ?…..ഓൻ്റെ ബീവി മയ്യത്തായിട്ട് പത്തു പതിനഞ്ചു വർഷം കഴിഞ്ഞിക്കണ്…റാസിയെ

എൻ്റുമ്മയാ വളത്തീത്…എനക്ക് ഓള് സൊന്തം പെങ്ങളാ…പുയ്യാപ്ല എൻ്റെ ചങ്ങാതിയാ…ഓന് ദുബായില് സൂപ്പർമാർക്കറ്റിലാ പണി…ൻ്റെ റാസീടെ മൊഞ്ചുകണ്ട് മോഹിച്ചാ പൊന്നും പണവുംചെലവാക്കി ഓൻ ഓളെ നിക്കാഹുചെയ്യുന്നേ…

ങ്ങളു കണ്ടുനോക്കീ…ഓളൊരു ഹൂറിയാ ഹൂറി!”റസാക്കു പറഞ്ഞു.

എനിയ്ക്കുസന്തോഷം തോന്നി…ഒരു സ്വാർത്ഥതയും ,കളങ്കവും അസൂയയും തൊട്ടുതീണ്ടാത്ത പാവങ്ങൾ! സ്നേഹബന്ധങ്ങൾക്ക് അതിർവരമ്പുകളില്ല,…സ്നേഹിയ്ക്കാൻ നല്ലൊരു മനസ്സുണ്ടായാൽമതി.രക്തബന്ധമുണ്ടായാൽമാത്രമേ സഹോദരസ്ഥാനീയരാവൂ എന്നില്ല …നിബന്ധനകളും ,ബോധിപ്പിയ്ക്കലുകളും പോർവിളികളുമില്ലാത്ത സ്നേഹം !അതെത്ര സുന്ദരമാണ് ….ഞാൻമനസ്സിലോർത്തു.

“ങ്ങള് ബരീൻ…”അസ്സനാരിക്ക റസിയയേയും പുയ്യാപ്ല നിസാറിനേയും കൂട്ടി മുറിയിലേയ്ക്കു വന്നു..

റസാക്കു പറഞ്ഞതു ശരിതന്നെ……ആർക്കു കണ്ടാലും ഒരിഷ്ടംതോന്നുന്ന,ഇനിയും കുട്ടിത്തം മാറാത്ത ,മൊഞ്ചത്തിതന്നെ റസിയ…

നിസാറിനെകണ്ടപ്പോൾ കാര്യപ്രാപ്തിയുള്ള ഒരു മര്യാദക്കാരൻ പയ്യനായിട്ടാണ് തോന്നിയത്.

ഇത്….അസ്സനാരിക്ക ഞങ്ങളെ പരിചയപ്പെടുത്താൻ ഭാവിച്ചപ്പോഴേ റസിയ ചാടിക്കയറി പറഞ്ഞു”നി ക്കറിയാം ബാപ്പാ…ബാങ്കിലെ ദീദിയും ,ദീദീടെ ചേട്ടായിയും കുഞ്ഞാവയുമല്ലേ…ബാപ്പാ എന്നോടു പറഞ്ഞിട്ടുണ്ടല്ലോ…”

റസിയയെ ചേർത്തുപിടിച്ച്,അവൾക്കായി ഞാൻ വാങ്ങിക്കൊണ്ടുവന്ന മുത്തുമണികൾചിരിയ്ക്കുന്ന വെള്ളി പാദസരം കൈവെള്ളയിൽ വച്ചുകൊടുത്തു.അതു കണ്ടപ്പോൾ അവളുടെ കണ്ണുകളിൽ തെളിഞ്ഞവിസ്മയവും ചുണ്ടത്തെ പുഞ്ചിരിയും ഒരുകാലത്തും മറക്ക വയ്യ…..”ഇതു ബാപ്പായ്ക്കിരിക്കട്ടെ”എന്നു പറഞ്ഞ് ,കൊലുസിനൊപ്പം ഞാൻ കൊടുത്ത കവർ അവൾ അസ്സനാരിക്കയ്കു നീട്ടി.

“എന്തിനാ കുഞ്ഞേ ഇതെല്ലാം? നിങ്ങൾ ൻ്റെ കൂടിലേയ്ക്കു വന്നതുതന്നെ വലിയ കൃപ….ൻ്റെ കുട്ടിക്കും പെരുത്തു സന്തോഷായി” അസ്സനാരിക്ക വീണ്ടും വീണ്ടും അതുതന്നെ പറഞ്ഞുകൊണ്ടിരുന്നു….

ചമൻ സാരിത്തുമ്പിൽ തുങ്ങി ചെറുതായി ചിണുങ്ങാൻ തുടങ്ങി.

ഒന്നുകിൽ അവനു വിശക്കാൻ തുടങ്ങിക്കാണും..അല്ലെങ്കിൽ പരിചയമില്ലാത്ത അന്തരീക്ഷം അവനെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ടാവാം.

“ഇപ്പം പോകാം മോനേ…” ഞാനവനെ സമാധാനിപ്പിയ്ക്കാൻ നോക്കി.

“സാറേ…ബിരിയാണി റൂമിലേയ്ക്കെടുക്കട്ടേ?”വാതില്ക്കൽ വന്നുനിന്ന് റസാക്കു ചോദിച്ചു.

“നോ … അതിൻ്റെ ആവശ്യമില്ല,ഞങ്ങൾ പുറത്തിരുന്നു കഴിച്ചോളാം…”ദേവേട്ടൻ ചാടിക്കയറി പറഞ്ഞു…ആസ്ബസ്റ്റോസ് ഷീറ്റിൻ്റെ ചൂടിൽ വെന്തുരുകിയൊലിയ്കാൻ തുടങ്ങിയിട്ട് നേരം കുറേയായി…പുറത്താകുമ്പോൾ കുറച്ചു ശുദ്ധവായുവെങ്കിലും കിട്ടുമെന്നു കരുതീട്ടുണ്ടാവും …

പ്രത്യേകമായി മാറ്റിയിട്ടിരിയ്ക്കുന്ന മേശയ്ക്കരികിലേക്കാണ് റസാക്ക് ഞങ്ങളെ കുട്ടിക്കൊണ്ടുപോയത്. ചുറ്റുമുള്ളവരുടെ കണ്ണുകൾമുഴുവൻ ഞങ്ങളുടെമേലാണെന്നു കണ്ടപ്പോൾ എനിക്കൊരു ചമ്മൽ തോന്നാതിരുന്നില്ല …എല്ലാവരേയും നോക്കി സൗഹാർദ്ദത്തോടെ ഞാൻ ചിരിച്ചു. അവരുടെ മുഖങ്ങളിലും നേരിയ ചിരി പടരുന്നതുകണ്ടപ്പോൾ എനിയ്ക്ക് ആശ്വാസം തോന്നി.

റസാക്ക് രണ്ടു പ്ലേറ്റുകളിൽ നിറയെ ബിരിയാണിയുമായി എത്തി.ഒപ്പം,മിനുങ്ങുന്ന തട്ടമിട്ട ഒരു തടിച്ച സ്ത്രീയും.

“എൻ്റുമ്മായാ…ങ്ങക്കു വെളമ്പിത്തരാൻ അസ്സനാരിക്ക പറഞ്ഞുവിട്ടതാ… ഓരിച്ചിരി തെരക്കിലായിപ്പോയി..ജമാഅത്തീന്ന് ആൾക്കാരു വന്നിട്ടുണ്ടേ…നോക്കീല്ലേല് പിന്നെ പുക്കാറാവും” റസാക്കു പറഞ്ഞു.

ഞങ്ങൾ മനസ്സിലായെന്നമട്ടിൽ തലയാട്ടി.

“പയ്യനെ കയിച്ചാമതി…കുഞ്ഞോനെ ഞാൻ പുടിക്കണാ?”ചമൻ്റെ നേർക്കു കൈ നീട്ടി റസാക്കിൻ്റെ ഉമ്മാ ചോദിച്ചു.

“വേണ്ട.. സാരമില്ല…

പരിചയമില്ലാത്തവരുടെയടുത്ത് അവൻ പോകില്ല…എടുത്താ ചിലപ്പോ കരഞ്ഞു ബഹളമുണ്ടാക്കും…”ഞാൻ പറഞ്ഞു.

സത്യത്തിൽ അവനെ മടിയിലിരുത്തി ഭക്ഷണം കഴിയ്ക്കാൻ ഞാൻ പാടുപെടുന്നുണ്ടായിരുന്നു.

“ഞാൻ വേഗം കഴിച്ചിട്ട് അവനെയെടുക്കാം” ദേവേട്ടൻ പറഞ്ഞു…

ദേവേട്ടൻ്റെ പ്ലേറ്റിൽ ഒരു മുക്കാൽഭാഗം തീർന്നുകാണും,ഇതിനിടെ അവിടേയ്കെത്തിയ റസാക്ക് വീണ്ടും കുറേ ബിരിയാണി അതിലേയ്ക്കിട്ടു….

അന്തംവിട്ട് ദേവേട്ടൻ എന്നെ നോക്കി.എനിയ്ക്കു ചിരിവന്നു. വീട്ടിലാണെങ്കിൽ ഇപ്പോൾ കഴിച്ചതിൻ്റെ പകുതിപോലും ആൾ കഴിയ്ക്കില്ല …!

“ഒരു പപ്പടം കൂടി വയ്ക്കട്ടേ?” ഉമ്മാ ദേവേട്ടനോടു ചോദിച്ചു.

വേണ്ട…ഉമ്മാ,ഞാനിത്രയൊന്നും ഫുഡു കഴിയ്ക്കാറില്ല…നെയ്യും മസാലയുമൊന്നും ,അധികമായാൽ എൻ്റെ വയറിനു പിടിക്കില്ല …..അതാ “

“ൻ്റെ റബ്ബേ…ഈ പ്രായത്തിലല്ലേ തിന്നണ്ടേ…?അതു മോനേ..ഇദൊന്നും വെളീന്നു ബാങ്ങീതല്ല…. ഒക്കെ അസ്സനാരു പെഷ്യലാ ആളെ നിർത്തി ചെയ്യിച്ചതാ…ഉമ്മയല്ലേ പറയുന്നേ…അനക്കു ഒരു കൊയപ്പോം ബരൂല്ല….കയിച്ചോളീ…..കുറച്ചു ശൂടുബെള്ളംകൂടി കുടിച്ചോളീ “

ഉമ്മാ കുറേകൂടി കരിങ്ങാലി വെള്ളം ഗ്ലാസ്സിലേയ്ക്കു പകർന്നു.

ദേവേട്ടൻ്റെ നിസ്സഹായത കണ്ട് ഞാൻ ഇടയ്ക്കുകയറി.

“ഉമ്മാ..ആള് വീട്ടില് ഇത്രതന്നെ കഴിയ്ക്കാറില്ല…ഞാനൊരു കാര്യം ചെയ്യാം…അത് ഞാൻ കഴിച്ചോളാം…വെറുതേ ഫുഡ് വേസ്റ്റാക്കണ്ട…”

ഉമ്മാ അതിശയത്തോടെ എന്നെ നോക്കി. “ഓൻ്റെ ബാക്കിയല്ലേ ദ്…ജ്ജ് ഇതു കയിയ്ക്കുവോ? നിങ്ങളൊക്കെ ബല്യ ബല്യ ആളോളല്ലേ”

“അങ്ങനൊന്നും ഇല്ലുമ്മാ…വീട്ടിലിത് സാധാരണയാ…”

” ഈടുത്തെ ആളോള് കണ്ടാ എന്താക്കുവോ ആവോ …

അതുപോട്ടെ,അൻ്റെ ബിരിയാണി ഞാനെന്താക്കും?…മുമ്പി വിളമ്പീത് തിരിച്ചെടുത്താ പടച്ച റബ്ബ് പൊറുക്കൂല”

“അത്രേയുള്ളോ….. ഉമ്മ റസാക്കിനോട് അതിങ്ങ് എലേപൊതിഞ്ഞു തരാൻ പറയ്…ഞാനത് രാത്രീ കഴിച്ചോളാം”

” അങ്ങനെ ബയിക്കു ബാ” ഉമ്മയ്ക്കു സന്തോഷമായി.

ആ വീട്ടിലെ എല്ലാവരുംചേർന്നാണ് ഞങ്ങളെ യാത്രയാക്കിയത്. എവിടുന്നോ സംഘടിപ്പിച്ചുകൊടുത്ത കുറച്ചു വറുത്ത കപ്പലണ്ടി കിട്ടിയപ്പോൾ ചമനും നല്ല ഫോമിലായി.

കാറിൽ കയറാൻ നേരം റസാക്ക്, സാമാന്യം വലിയൊരു പൊതി ബാക്ക്സീറ്റിൽ കൊണ്ടുവച്ചു. ഞാൻ ചോദ്യഭാവത്തിൽ അവനെയൊന്നു നോക്കി.

“കൂടുതലൊന്നു മില്ല, ഇന്നലത്തെ സൽക്കാരത്തിനുണ്ടാക്കിയ കറുത്തലുവ കുറച്ചു വച്ചിട്ടുണ്ടെന്നേയുള്ളു”അവൻചിരിയോടെ പറഞ്ഞു.

രാവിലെ ബാങ്കിലെത്തുമ്പോൾ ആകെമൊത്തത്തിൽ ഒരു മ്ലാനത എനിയ്ക്കു തോന്നി. ചിരിയില്ല,കളിയില്ല,പൊടിപ്പുംതൊങ്ങലുംവച്ച വിശേഷംപറച്ചിലുകളുമില്ല …പൊങ്ങച്ചക്കാരിയായ ഗോപികപോലും തലയൊന്നുയർത്തി നോക്കാതെ,തിരക്കിട്ട പണിയിലാണ്…തെരുതെരെ കോളിംങ് ബെല്ലടിച്ചു്വരുത്തി വിളിപ്പിച്ച്,ചെല്ലുമ്പോൾ വിളിച്ചകാര്യം മറന്നുപോയെന്നുപറയുന്ന മാനേജരും ഇന്ന് മൗനവൃതത്തിലാണെന്നു തോന്നുന്നു….എങ്ങും ഒരു ശ്മശാന മൂകത!

ഏതുനേരവും പ്രസന്നവതിയായി നടക്കുന്ന ,സ്വീപ്പർ ലീലയ്ക്കുമാത്രം ഒരു മാറ്റവുമില്ല…

എന്തുപറ്റി എല്ലാർക്കും ? ഞാൻ ആംഗ്യ ഭാഷയിൽ അവരോടു ചോദിച്ചു. അറിയില്ല….അവർ കൈ മലർത്തി.

ഈ ഒരാഴ്ചമുഴുവൻ റിസപ്ഷൻ്റെ വിശേഷങ്ങളും പുകഴ്ത്തലുകളും കേൾപ്പിച്ച് തല മരവിപ്പിയ്ക്കുമായിരിക്കുമെന്നാണ് കരുതിയത്……ഇതിപ്പം എല്ലാരും ഇഞ്ചിതിന്ന കുരങ്ങന്മാരെപ്പോലെ….ആ…എന്താച്ചാ പറയുന്നെങ്കിൽ പറയട്ടെ..

ഞാൻ ഫയലെടുത്തു നിവർത്തി.

പല തിരക്കുകളിൽ മുങ്ങി,ലഞ്ചു കഴിയ്ക്കാൻ വൈകി.

ഉച്ചയ്ക്ക് ഊണുകഴിയ്ക്കാൻ

വീട്ടിൽപോയ മാനേജർ ഇനി നാളെയേ വരുള്ളൂ എന്ന് ഫോൺചെയ്തു പറഞ്ഞിരുന്നു….എന്തുപറ്റിയെന്നു ചോദിയ്ക്കുംമുൻപേ ആൾ ,കോൾ കട്ടാക്കി. എന്തോ വശപ്പിശകുണ്ടല്ലോ ഞാൻ മനസ്സിലോർത്തു.

യൂറിനലിലും ഒക്കെ പോയി,സോപ്പിട്ടു കൈ കഴുകിക്കൊണ്ടിരിയ്ക്കുമ്പോഴാണ് ,ലതിക ശരംവിട്ടതുപോലെ അങ്ങോട്ടേയ്ക്കോടി വന്നത്.

“മാം…മാംഇന്നലെ റിസപ്ഷനു വരാതിരുന്നത് നന്നായി കേട്ടോ….

എൻ്റെ പൊന്നോ…നാണംകെട്ട്…ഒന്നും പറയണ്ട…”

“എന്താ സംഭവിച്ചത്?” ഞാൻ നല്ലൊരു കേൾവിക്കാരിയായി.

“ഞങ്ങളെല്ലാവരും കൂടി ആ ബെൻസിഗർ ഹോസ്പിറ്റലിനടുത്ത് ഒത്തുകൂടി,നാലു കാറുകളിലാണ് റിസപ്ഷന് കൊച്ചുപ്ലാം മൂടിലേയ്ക്കു പോയത്. മാനേജരാണേൽ സ്പെഷ്യൽ വിളിയൊണ്ടെന്നും പറഞ്ഞ് ഫാമിലിയെ കൂട്ടിയാ വന്നത് .

വണ്ടി പാർക്കുചെയ്തിട്ട് ഒരു അര കിലോമീറ്ററെങ്കിലും നടന്നുകാണും…. സെക്യൂരിറ്റികളെ തട്ടീട്ട് നടക്കാൻ വയ്യ..തിക്കും തിരക്കുമാണെങ്കിൽ…തൃശൂർപൂരത്തിനേക്കാൾ ആളുണ്ടെന്നുതോന്നി …..ഒരു വിധത്തിൽ എൻട്രൻസിൻ്റെ അവിടെഎത്തിയപ്പോഴോ സെക്യൂരിറ്റി കടത്തിവിടില്ല…അകത്തുകയറിയ സിനിമാ താരങ്ങളും,രാഷ്ട്രീയക്കാരും,ഏതാണ്ടോക്കെ മതനേതാക്കളുമൊക്കെ പോയികഴിഞ്ഞിട്ടുമാത്രം കോമൺ പീപ്പിളിനെ ഉള്ളിലേയ്ക്കു വിട്ടാൽമതിയെന്നാണത്രേ ഓർഡർ.

ബാങ്കുമാനേജരും സ്റ്റാഫുമൊക്കെയാണെന്ന് മാനേജർ പറഞ്ഞുനോക്കി. ബാങ്കുകാർക്കെന്താ കൊമ്പുണ്ടോന്നു ചോദിച്ചു അവർ…

ആ പൊരിവെയിലത്ത്,കുടിവെള്ളം പോലും കിട്ടാതെ, വിയർത്തുകുളിച്ച് ..രമണിമാഡത്തിൻ്റെ മേക്കപ്പെല്ലാം ഒലിച്ചിറങ്ങി…അതുകണ്ടുറോയിസാറിൻ്റെ വക ഒരുകമൻ്റും’ഷീലേപ്പോലിരുന്ന മാഡം ഇപ്പോ അടൂർ ഭവാനീടെ കൂട്ടായല്ലോന്ന്’ പോരേ പൂരം..രണ്ടെണ്ണവും കൂടി വഴീക്കെടന്നു വാക്കു തർക്കമായി.

പതിനൊന്നു മണിക്കുതുടങ്ങിയ വെയിറ്റിംങിന് ഒരു മണിയായിട്ടും തീരുമാനമാകാത്തതുകൊണ്ട്,മാനേജരുടെ ഭാര്യയും പിള്ളേരും ഓട്ടോ പിടിച്ച് വീട്ടിപ്പോയി.

എന്തായാലും വന്നതല്ലേ, ഈ സിനിമാക്കാരെയൊക്കെ ജീവനോടെ കാണാമെന്നുവിചാരിച്ച് കാത്തു നിന്നപ്പം, നാട്ടുകാരടെ നുള്ളും പിച്ചും ഉമ്മയുമൊക്കെ പേടിച്ച് അവരെ വേറേ വഴീക്കൂടെ വിട്ടെന്ന്..

ഒടുക്കം,വാതിലുതുറന്ന് അകത്തോട്ടു കേറ്റിവിട്ടപ്പം സമയമെത്രാ….രണ്ടരമണി !

അകത്തോട്ടു കേറാനൊള്ള ഉന്തിലും തള്ളിലും ആരൊക്കെയോ ഉരുണ്ടു താഴെ വീണു….പിന്നെ തെറിവിളിയായി,ശപിക്കലായി…

പിച്ചക്കാരു പാത്രവുംനീട്ടി നില്ക്കുന്നപോലെ അരമണിക്കൂർ ക്യൂവിൽ നിന്നപ്പം രണ്ടൊണക്കചപ്പാത്തീം കുറച്ച്കോഴിക്കറിച്ചാറും കിട്ടി.

അതു വെളമ്പിത്തരുന്നവൻ്റെ മോന്തേലെ പുഞ്അം കണ്ടാ തോന്നും നമ്മളൊക്കെ അമേദ്യം തിന്നാനാ നില്ക്കുന്നേന്ന്.

പലർക്കും തിന്നാനൊന്നുംകിട്ടീല്ല മാഡം….

ഇതിലൊക്കെ രസം നമ്മളെ ക്ഷണിച്ച നീലക്കുറുക്കൻ്റെയോ നവദമ്പതികളുടേയോ പൊടിപോലും അവിടെങ്ങുമില്ലായിരുന്നുവെന്നതാ…… അല്ലേലും വിശപ്പു തലേക്കേറുമ്പം ആരിതൊക്കെ നോക്കുന്നു?

നമ്മടെകാര്യം പോട്ടെ,മാനേജർക്ക് ഭയങ്കര ക്ഷീണമായിപ്പോയി….അപ്പോ കുനിച്ചതല,ഇന്നിവിടുന്നു പോകുന്നതുവരെ ഉയർത്തീട്ടില്ല …

വല്യ പണക്കാർക്കൊക്കെ ‘വേണേൽ വന്നു നക്കീട്ടു പോട്ടേ’ ന്ന സ്റ്റൈൽ ഒരു തമാശയായിരിക്കും മാഡം…പക്ഷേ ക്ഷണിച്ചിട്ടു വരുന്ന വരെ അപമാനിച്ചുവിടുന്നത്അത്ര അന്തസ്സുള്ള കാര്യമായി എനിക്കു തോന്നുന്നില്ല..

ആക്ച്വലി ഐ ഫെൽറ്റ് ഇൻസൾട്ടഡ്…”ലതിക ദേഷ്യംകൊണ്ട് നിന്നു വിറച്ചു.

‘“കൂൾ…കൂൾ….വാ..ഇവിടെവന്നിരിയ്ക്ക്… അതൊക്കെ കഴിഞ്ഞില്ലേ ലതികേ ……കാശുണ്ടായാൽ മാത്രം പോരല്ലോ…സംസ്‌കാരംകൂടി വേണ്ടേ…അത് പശതേച്ച് ഒട്ടിച്ചുവയ്ക്കാനാവില്ലല്ലോ …വിട്ടേരെ.. ആട്ടെ,ഉച്ചയ്ക്കെന്തു കഴിച്ചു?”

“ഓ…അസ് യൂഷ്വൽ…കുറേ വെട്ടിയറഞ്ഞിട്ട ഉരുളക്കിഴങ്ങും ഏതാണ്ടൊരു ഉപ്പുതോരനും…രണ്ടുരുള കഴിച്ചിട്ട് ബാക്കി ഞാൻ വേസ്റ്റ്ബിന്നിൽ തട്ടിമാഡം…പറഞ്ഞിട്ടു കാര്യമില്ല…ഹോസ്റ്റൽഫുഡല്ലേ…അതങ്ങനെയൊക്കേ ഇരിയ്ക്കൂ…

അതീന്ന് ഒരു നേരമെങ്കിൽ ഒരു നേരം രക്ഷപ്പെടാമെന്നു വച്ചാ ഇന്നലെ റിസപ്ഷനു പോയത്…അതങ്ങനെയുമായി….”

“താൻ പോയി ഒരു പ്ലേറ്റെടുത്തിട്ടു വാ….ഞാനൊരൂട്ടം തരാം …കഴിച്ചിട്ട് അഭിപ്രായം പറയണം കേട്ടോ”

കാസറോൾ തുറന്നതും ,ബിരിയാണിയുടെ സുഗന്ധം അവിടെങ്ങും പരന്നു.

“മണം കിട്ടിയപ്പോഴേ വായിൽ വെള്ളം നിറഞ്ഞു മാഡം…”

ലതിക വേഗം പ്ലേറ്റുമായി വന്നു…

“ഓ..മാഡം…എന്തു ടേസ്റ്റാണിതിന്..

സൂപ്പർ മാഡം …സൂപ്പർ! ഇത്രയും രൂചിയിൽ ഞാനിതുവരെ ബിരിയാണി കഴിച്ചിട്ടില്ല …. ഇത് മാഡം ഉണ്ടാക്കിയതാണോ?”ലതിക,ആസ്വദിച്ചു കഴിയ്ക്കുന്നതിനിടയിൽ ചോദിച്ചു.

“അല്ല…ഇത്രയും ടേസ്റ്റോടെ ഞാനും ബിരിയാണി കഴിച്ചിട്ടില്ല….ഇതൊരാൾ എനിയ്ക്കു തന്നതാണ്….

“സ്നേഹത്തിൽ പൊതിഞ്ഞ സ്പെഷ്യൽ ബിരിയാണി..”

അതിന് രുചി കൂടും ലതികേ …

———————————————-

Scroll to Top