വിശ്വാസികളുടെ ലോകം …

വിശ്വാസികളുടെ തിക്കിലും തിരക്കിലും പെട്ട് ശ്വാസംമുട്ടി,കർത്താവീശോ , ഇടംവലം നോക്കാതെ, അൾത്താരയിൽ നിന്നിറങ്ങി ഓടി.

ആവശ്യങ്ങളുടേയും , പരാതികളുടേയും, നേർച്ചതന്നിട്ടും ഉദ്ദിഷ്ട കാര്യം നടത്തിക്കൊടുക്കാത്തതിലുള്ള കുറ്റപ്പെടുത്തലുകളുടെയും ഇടകലർന്ന ശബ്ദകോലാഹലങ്ങൾ കേട്ടുകേട്ടു തഴമ്പിച്ച കാതുകൾ കൊട്ടിയടച്ചുകൊണ്ട് , തമ്പുരാൻ, അടുത്തുള്ള, അമ്പലമുറ്റത്തെ ആൽത്തറ ലക്ഷ്യമാക്കി, അതിവേഗം ഓടി. അവിടെയാകുമ്പോൾ, അമ്പലക്കുളത്തിനെ തഴുകിവരുന്ന ഇളംകാറ്റുമേറ്റ് അല്പനേരം ആൽത്തറയിൽ മയങ്ങുകയുമാവാം….

അവിടെന്തായാലും ഉത്സവനാളുകളിലൊഴികെ, ശാന്തമായ അന്തരീക്ഷമായിരിയ്ക്കും …അല്ലാതെ, എല്ലാഞായറാഴ്ചകളിലും, ഇതുപോലെ, ശ്വാസംമുട്ടിയ്ക്കുന്ന ഏർപ്പാടൊന്നും അവിടുണ്ടെന്നു തോന്നുന്നില്ല…ഏതായാലും കൃഷ്ണനെ കാണാനൊത്താൽ ഒരുദിവസം , അവനോടൊപ്പം ആ അമ്പലത്തിനകത്തൊന്നു ചുറ്റിക്കറങ്ങി നടന്ന് സെറ്റപ്പൊക്കെ ഒന്നു കാണണം…..കർത്താവീശോ ഓരോന്നു മനസ്സിൽ പ്ലാൻ ചെയ്തുകൊണ്ട് കിതപ്പോടെ ആൽത്തറയിയിലിരുന്നു.

കിതപ്പൊന്നടങ്ങി, നേരേചൊവ്വേ ശ്വാസംവിടാമെന്നായപ്പോൾ , കർത്താവീശോ നാലുചുറ്റിനും ഒന്നു നോക്കി. മങ്ങിത്തുടങ്ങിയ കിരീടം ഊരിവച്ച്, നരച്ചു തുടങ്ങിയ ഉത്തരീയംകൊണ്ട് മുഖംമറച്ച്, നേരിയ ശബ്ദത്തിൽ കൂർക്കം വലിച്ചുറങ്ങുന്ന ഒരാളാണ് ആദ്യം കർത്താവീശോയുടെ കണ്ണിൽപ്പെടുന്നത്….

ഓ..വല്ല നാടകക്കാരുമായിരിയ്ക്കും…..ആദ്യം മനസ്സിൽതോന്നിയത് അങ്ങനെയാണ് …ദൃഷ്ടികൾ പിൻവലിയ്ക്കാൻ തുടങ്ങുമ്പോഴാണ് ആളുടെ അടുത്തുകിടക്കുന്ന ഓടക്കുഴൽ ശ്രദ്ധയിൽപ്പെട്ടത്….തൊട്ടടുത്തായി ഒരുമയിൽപീലിത്തുണ്ടും കാറ്റത്തിളകി കിടപ്പുണ്ട്. കണ്ടിട്ട് അതുരണ്ടും ഒറിജിനലാണെന്നു തോന്നുന്നു….ഏതായാലും ഒന്നടുത്തുപോയി നോക്കിയേക്കാം….

കർത്താവീശോ മൂട്ടിലെ മണ്ണു തട്ടിക്കുടഞ്ഞു പതിയെ ,ആളിനടുത്തുപോയി, സൂക്ഷിച്ച്, കുനിഞ്ഞുനോക്കി.

വല്ല പാവത്താന്മാരുമാണെങ്കിൽ ഉറങ്ങിക്കോട്ടെ… തൻ്റെ കയ്യിലാണെങ്കിൽ കൊടുക്കാനും ഒന്നുമില്ല…മറിച്ച്, കൃഷ്ണനെങ്ങാനുമാണെങ്കിൽ,കുചേലനെ സൽക്കരിച്ചതുപോലെ തന്നെയും ആദരിയ്ക്കാനിടയില്ലാതില്ല… പ്രതീക്ഷയോടെ കർത്താവീശോ,മുഖംമറച്ചിരുന്ന ഉത്തരീയം ഒരൽപ്പം മാറ്റിനോക്കി…ഛെ.!…മുഖംമുഴുവൻ മാന്തിപ്പറിച്ച പാടുകൾ….

ഇത് ആ വെണ്ണക്കള്ളനാവാൻ ഒരു ചാൻസുമില്ല…

തിരിഞ്ഞുനടക്കാൻ തുടങ്ങുമ്പോഴാണ് കയ്യിൽ പിടി വീണത്….കർത്താവീശോ ഞെട്ടിപ്പോയി.

എന്തെങ്കിലുംചോദിയ്ക്കാൻ തുടങ്ങുന്നതിനുമുൻപേ കൃഷ്ണൻ പറഞ്ഞു.

“തന്നെയിരുന്നു ബോറടിച്ചപ്പോൾ ഒന്നു കിടന്നതാടോ… ശുദ്ധവായുകൊണ്ടപ്പോൾ അറിയാതെ,കണ്ണടഞ്ഞുപോയി ..”ഉത്തരീയം തട്ടിക്കുടഞ്ഞു കൃഷ്ണനെണീറ്റിരുന്നു..

“താനെന്താ..പോകാൻ തുടങ്ങുകയായിരുന്നോ? കേറേണ്ട സമയമായോ? …”കൃഷ്ണൻ ചോദിച്ചു…

“ഇല്ലെന്നേ…തനിയ്ക്കല്ലേ ആ പ്രശ്‌നം….പള്ളി തുറന്നിട്ടിരിയ്ക്കുന്ന കാരണം കുഴപ്പമില്ല…രാത്രി ആ കുള്ളൻ കളള കപ്യാരു പൂട്ടുന്നേനു മുമ്പു ചെന്നു കേറിയാ മതി….തനിയ്ക്കല്ലേ ശ്രീകോവിലടയ്ക്കുന്നതിനു മുമ്പേ കേറിപ്പറ്റേണ്ടത്….രാത്രിമുഴുവൻ ആ കുടുസുമുറീല് ശ്വാസം മുട്ടി എങ്ങനെയിരിയ്ക്കുമെടോ?

“അതിന് ഞാൻ ഈയിടെ അകത്തുകേറാറില്ലേടോ….വെളിയിലാ സുഖം…

ഏതോ ഒരു മഹാപാപി,ചെയ്തുകൂട്ടിയ പാപങ്ങൾക്കു പരിഹാരമെന്നപേരിൽ എൻ്റെ ദേഹംമുഴുവൻ സ്വർണ്ണം പൂശിയെടോ.. അന്നുതുടങ്ങി എൻ്റെ കഷ്ടകാലം !

പിറ്റേന്നുമുതൽ ആ അത്യാഗ്രഹി പൂജാരി ,ഏതോ ഒരു കല്ലുകൊണ്ടിട്ട് എന്നെ ഉരയ്ക്കാൻ തുടങ്ങി. കണ്ടില്ലേ എൻ്റെ ദേഹത്തെ ഈ പോറലുമുഴുവൻ ആ മഹാപാപിയുടെ കൈക്രിയയാ…”

കൃഷ്ണൻ ഉരഞ്ഞ കൈകാലുകൾ കർത്താവിനെ കാട്ടി.

ഒന്നും മിണ്ടാനാകാതെ, വിഷമത്തോടെ കർത്താവ് കൃഷ്ണനെനോക്കി തലകുലുക്കി.

“ഇതുകൊണ്ടും തീർന്നില്ലെടോ പീഢനങ്ങൾ..

വേദനസഹിച്ച് ഒരുവിധം ഉറങ്ങാൻ തുടങ്ങുമ്പോഴാണ് ,വെളുപ്പിനെ,അതും മരംകോച്ചുന്ന തണുപ്പാണേലും,കൊറേ ഐസുവാട്ടറുകോരി തലേലൊഴിയ്കും… പിന്നെ,ആസിഡിൽ കുഴച്ചെടുക്കുന്ന ചന്ദനം, ആ….അതുചന്ദനമാണോന്ന് ആർക്കറിയാം…അത് ദേഹമാസകലം പൂശും…. അപ്പോഴൊള്ള ഒരു നീറ്റലൊണ്ടല്ലോ …ഹോ..അതുസഹിച്ചാലേ അറിയൂ …. ..കാർ വർണ്ണനായിരുന്ന ഞാനിപ്പോൾ കരി വർണ്ണനായില്ലേന്നു നോക്കിയേ…

ആകെയുണ്ടായിരുന്ന സുഖം പാലഭിഷേകം ചെയ്യുമ്പോഴായിരുന്നു….ഇപ്പോ അതും പോയെടോ… ആ കള്ള എമ്പ്രാന്തിരി, കാഫ്റ്, പാല് വീട്ടിൽകൊണ്ടുപോകാൻ അടിച്ചുമാറ്റീട്ട് ,ഇപ്പം മൊന്ത കഴുകിയ വെള്ളമാ എൻ്റെ മേത്തൊഴിയ്ക്കുന്നേ …”

“ങ്ങള് ഞമ്മൻ്റെ ബാഷ കോപ്പിയടിച്ചാ?” ആലിൻ്റെ മുകളിൽ നിന്ന് ഒരശരീരി കേട്ട് കൃഷ്ണനും കർത്താവും ഞെട്ടിപ്പോയി.

“മലേലെ വാവരൂട്ടി പറഞ്ഞു് ഞമ്മള് കേട്ടിക്കിന്….പാവം അയ്യപ്പൻകുട്ടി…ഓൻ്റെ സൊർണ്ണം മുയുക്കെ അടിച്ചുമാറ്റിലേ കൊറേ ഇബ്ലീസുങ്ങള്….പച്ചേങ്കില് ഓന് , മൊതലുപോയെങ്കിലും , അന്നെപ്പോലെപീഢനപ്രച്നമൊന്നുമില്ലെന്നു സമാദാനിയ്ക്കാം …”

തലയിലെ തൊപ്പി ഊരിമാറ്റി,മുണ്ടു മടക്കിക്കുത്തി ,ആലിൻമുകളിൽനിന്ന് അള്ളാഹു ഇറങ്ങിവന്നു

“ഞാൻ ഇനിയൊന്നൂടി കേട്ടു കൂട്ടരേ..കക്കണതു കാണാതിരിയ്ക്കാൻ ഭഗോതീടെ കണ്ണില് ഒരു കള്ള ഹിമാറ് കുരുമുളകരച്ചു പുരട്ടീന്ന്….

ഞമ്മക്കൊന്നേ പറയാനു…കർത്താവിൻ്റെ മേത്ത് സൊർണ്ണം പൂസാത്തോണ്ട് ഓൻ രക്ഷപെട്ടു…. ഞമ്മളെപ്പിടിച്ച് ബേഷംകെട്ടിച്ച് മോശ്കിലടയ്ക്കാത്തോണ്ടു ഞമ്മളും രക്ഷപ്പെട്ടു….എന്നാലും ഞമ്മൻ്റെ പേരി നടത്തണ അരുംകൊലകൾക്ക് ഒരു കണക്കുമില്ലപ്പാ..”അല്ലാഹു നെടുവീർപ്പിട്ടു.

“ങ്ങളെന്തപ്പാ മുണ്ടാണ്ടിരിയ്ക്കണേ?”വിഷണ്ണനായിനിൽക്കുന്ന കർത്താവിനെ നോക്കി അള്ളാഹു ചോദിച്ചു.

“ഞാൻ ഓർക്കുകയായിരുന്നു,ഈ മനുഷ്യരൊരിയ്ക്കലും നന്നാവില്ലേന്ന്….കൊടുംപാപങ്ങൾ ചെയ്തു വന്ന് കുമ്പസാരിച്ചു പോകുന്നവർ, പശ്ചാത്തപിച്ചു പ്രായശ്ചിത്തം ചെയ്യുന്നതിനു പകരം, പിന്നെയും പിന്നെയും അതേതെറ്റ്, ഒരുപക്ഷേ മുൻപുചെയ്തതിനേക്കാൾ ഇരട്ടിയായി ആവർത്തിയ്ക്കുന്നു…..പിന്നെയും കുമ്പസാരിയ്ക്കുന്നു….തനിആവർത്തനങ്ങൾ …പിന്നെന്തിനാണീ പ്രഹസനം?…ആരെകാണിയ്ക്കാൻ? …ആരെബോധിപ്പിയ്ക്കാൻ ?….ഹൊ! വൈദികനെന്നൊരു ഇടനിലക്കാരനില്ലായിരുന്നെങ്കിൽ എൻ്റെ അവസ്ഥ എന്താകുമായിരുന്നു എന്ന് ഓർക്കാൻ കൂടി വയ്യ….കൃഷ്ണനുപിന്നെ, അങ്ങനത്തെ സഹിഷ്ണതയൊന്നും വേണ്ടല്ലോ …”

“ഇതാ ഇപ്പോ നന്നായേ…കാര്യസാദ്ധ്യത്തിനുവേണ്ടി പൂജ…ശത്രുവിനെ സംഹരിയ്ക്കാൻ പൂജ…ഇങ്ങനെ നൂറെണ്ണം…പൂജാരി ജപിയ്കുന്ന മന്ത്രം കേട്ടാൽ കരച്ചിൽവരും….

നാലുവശവും വിളക്കു കത്തുന്നതിൻ്റെ ചൂട്…പുക…മണിയടിയുടെ കാതടപ്പിക്കുന്ന ശബ്ദങ്ങൾ…സ്വസ്ഥതയെന്നൊന്ന് അതിൻ്റെ ഉള്ളിലില്ല… അവനവൻ്റെ കർമ്മങ്ങൾ കൃത്യമായി ചെയ്ത് ദിവസത്തിലൊരുനേരം എന്നെ ഒന്നു മനസ്സിലോർത്താൽ കിട്ടുന്ന പുണ്യത്തിൻ്റെ ആയിരത്തിലൊന്നുപോലും ഈ പ്രഹസനങ്ങൾ കാട്ടിയാൽ കിട്ടില്ലെന്നറിയാത്ത കുറേ കോമാളികൾ ! അല്ലാതെന്തു പറയാൻ? അള്ളാഹുവിന് പിന്നെ, ഈവക ജാടകൾ കാണണ്ടല്ലോ …”

“എന്നാരു പറഞ്ഞു ങളോട്?…ഓത്തു പള്ളില് ചില ഹറാംപെറന്നോരു ,എട്ടുംപൊട്ടുംതിരിയാത്ത, ഓൻ്റെയൊക്കെ കൊച്ചുമക്കളോട് ശെയ്യണ പെറപ്പു കണ്ടാലേ…നിയ്ക്ക് സയിയ്ക്കാൻ പറ്റൂല….പച്ചേങ്കി ഓനൊക്കെ രച്ചപ്പെടും..അങ്ങനെയാണല്ല് ഈ മനിച്ചമ്മാരടെ നെയമം..പടച്ചോനെ പേടിയുള്ള കാലോക്കെ പോയി …”അള്ളാഹു നെടുവീർപ്പിട്ടു.

“അതു ശരിയാ… നമ്മളി മനുഷമ്മാരെ മര്യാദ പഠിപ്പിയ്ക്കാനായി സുനാമിവിട്ടു…വെള്ളപ്പൊക്കം വിട്ടു, പഠിച്ചോ….ഇല്ല… പിന്നെ നമ്മള് കൊറോണയെ വിട്ടു… പഠിച്ചോ?…ഇല്ല……ഇനി എല്ലാത്തിനേയും ചേർത്തൊന്നു പഠിപ്പിയ്ക്കാന്നുവച്ചാ … കൊറേ നല്ല മനുഷ്യരുമുണ്ടല്ലോ.. അതു കരുതിയാ …അതും തീർത്ത് ഇല്ലാതെ വരുന്ന കാലം വരട്ടെ… നമുക്കു നോക്കാം ….”കർത്താവീശോ പറഞ്ഞു.

അമ്പലത്തിൽ ഉച്ചപൂജയ്ക്കുള്ള സമയമായിരിയ്ക്കുന്നു…കൃഷ്ണനോർത്തു. ഇന്നെങ്കിലും കല്ലും നെല്ലുമില്ലാത്ത, കുറച്ചെങ്കിലും പാലിൻ്റെ അംശമുള്ള, മധുരമുള്ള പായസം കിട്ടിയാൽ മതിയായിരുന്നു….. പ്രത്യേകിച്ചും രണ്ട് അതിഥികൾ കൂടെയുള്ളപ്പോൾ …

ഇന്നൊരു പയ്യൻപൂജാരിയാണ്….. അവൻ നേരേചൊവ്വേ ഉണ്ടാക്കുമായിരിയ്ക്കും….ഏതായാലും പോയി നോക്കാം …

“അപ്പോ…നമ്മക്ക് പോയേക്കാം?”കൃഷ്ണൻ ചോദിച്ചു.

“എങ്ങോട്ട് ?”കർത്താവും അള്ളാഹുവും ഒരുമിച്ചു ചോദിച്ചു.

“പാൽപായസം കുടിയ്ക്കാൻ…ശ്രീകോവിലിലേയ്ക്ക്”കൃഷ്ണൻ മുമ്പേ നടന്നു.മറ്റുള്ളവർ തൊട്ടു പുറകിലായും.അമ്പലത്തിൻ്റെ പടിവാതിലിലെത്തിയപ്പോൾ സ്വിച്ചിട്ടതുപോലെ പിറകേ വന്നവർ അകത്തേയ്ക്കു കയറാതെ നിന്നു …ചോദ്യഭാവത്തിൽ തിരിഞ്ഞുനോക്കിയ കൃഷ്ണനെ അവർ ഒരു വലിയബോർഡ് ചൂണ്ടിക്കാട്ടി.”അഹിന്ദുക്കൾക്ക് പ്രവേശനമില്ല…”

കൃഷ്ണൻ ഒരു ചിരി ചിരിച്ചു. പിന്നെപുറത്തു നിന്നിരുന്നവരെ നോക്കി കണ്ണിറുക്കിക്കാട്ടി, സ്വതസിദ്ധമാ പുഞ്ചിരിയോടെ പറഞ്ഞു”അത് മനുഷരുടെ ഭ്രാന്ത് …നമുക്കു അതു ബാധകമല്ല …”പിന്നെ കൈ പിടിച്ച് രണ്ടു പേരെയും ശ്രീകോവിലിലേയ്ക് ആനയിച്ചു..

അതു വരെയുണ്ടായിരുന്ന ദൈവ ചൈതന്യത്തിൻ്റെ മൂന്നുമടങ്ങ് അന്നത്തെ പൂജാ വിഗ്രഹത്തിനുണ്ടായിരുന്നെന്ന് പൂജാരി ആരോടൊക്കെയോ പിന്നീടു സാക്ഷ്യം പറഞ്ഞു….

————————————————–

Scroll to Top