ക്ഷണിക്കാത്ത ഒരതിഥികൂടി

അമ്മിണിവാരസ്യാർ ഒരു നെടുവീർപ്പോടെ കലണ്ടറിലേക്കു നോക്കി. ആത്മാഭിമാനം അനുവദിക്കാത്തതുകൊണ്ടു ഉരുണ്ടുവീഴാൻ വെമ്പി നിന്നിരുന്ന കണ്ണുനീർമണികളെ ഇമചിമ്മി കണ്ണുകളിൽ തന്നെ ഒതുക്കി അവർ എഴുന്നേറ്റു . ഇന്ന്, അവളുടെ വിവാഹമാണ്, ….വാണിയുടെ..!. സ്വന്തം വയറ്റിൽ പിറന്നില്ലെങ്കിലും ഉള്ളിന്റെയുള്ളിൽ സ്നേഹവാത്സല്യങ്ങൾ ഒളിപ്പിച്ചു ഓരോ വളർച്ചയും നിശബ്ദമായി അനുഗ്രഹിച്ചു , ആശംസിച്ചു വളർത്തിക്കൊണ്ടുവന്ന തന്റെ മനസപുത്രിയുടെ !.

എന്നിട്ടും അവളെന്തേ തന്നോടൊരു വാക്കുപോലും പറഞ്ഞില്ല ?. പാവപ്പെട്ടവളായ തന്നെ ബന്ധുവായി കാണുന്നതിനുള്ള കുറച്ചിലുകൊണ്ടോ അതോ പ്രബലരായ ബന്ധുക്കളെ കിട്ടിയതിലുള്ള അഹന്തകൊണ്ടോ ? വൃക്ഷമെത്ര വളർന്നാലും വേരുകൾ മറക്കാനാവില്ലെന്നു പറഞ്ഞതാരാണ് ? രക്തത്തിനു വെള്ളത്തേക്കാൾ കട്ടിയുണ്ടെന്നു വിശ്വസിച്ചതാവാം തെറ്റ്.

അല്ലെങ്കിൽ ഒരേ ഒരപ്പച്ചിയായ തന്നെ എത്ര നിസ്സാരമായി അവഗണിക്കാൻ കഴിഞ്ഞു ?. അല്ലെങ്കിൽ എന്ത് ബന്ധം …. ഒക്കെ കഴിഞ്ഞില്ലേ , പദ്മനാഭൻ മരിച്ചതോടെ ?.

എന്ത് സ്നേഹമായിരുന്നു പപ്പനെന്നോടു. മൂത്ത സഹോദരി ആയിരുന്നിട്ടുകൂടി ‘ അമ്മൂട്ടിയേ ‘ ന്നും വിളിച്ചൊരു വരവുണ്ട്. ആ ചിരി കണ്ടാൽ മതിയെല്ലോ സകല പരിഭവവും അലിഞ്ഞുതീരാൻ. ഇടക്കിടെ കുടവയറും തടവി അവൻ കുശാലാന്വേഷണത്തിനു വരും. ആവശ്യമില്ലെങ്കിൽകൂടി ഒരു ഗ്ലാസ് വെള്ളമെങ്കിലും അവൻ ചോദിച്ചു വാങ്ങി കുടിക്കും. അത് കാണുമ്പോൾ വാൽസല്യംകൊണ്ട് മനസ്സ് വിതുമ്പിപ്പോയിട്ടുണ്ട്.

പപ്പൻ മരിക്കുന്നതിന് തൊട്ടുള്ളൊരു വിഷു . അന്ന് കൈനീട്ടം തന്നിട്ട് അവൻ പറഞ്ഞ വാക്കുകൾ….. ” ഇനി എത്രനാൾ കൂടിയാണെന്നറിയില്ലെന്റെ അമ്മൂട്ടിയേ . വയ്യ ഓടി ഓടി തളർന്നുപോയിരിക്കുന്നു…”… അതിത്രവേഗം അറംപറ്റിയതുപോലെ ആയിത്തീരുമെന്നാരുകണ്ടു . സ്നേഹത്തിന്റെ ഒരു തിരിനാളം മനസ്സിന്റെ മൺവിളക്കിൽ ഞാനിപ്പോഴും സൂക്ഷിക്കുന്നുണ്ട് പപ്പാ… അതുകൊണ്ടുമാത്രം നിന്റെ കുട്ടികളെ , അവരെങ്ങനെയൊക്കെയായാലും വെറുക്കവയ്യ. അതല്ലെങ്കിൽ ഇന്ന് നിന്റെ മകളെ ഞാൻ മനംനൊന്ത് ശപിച്ചേനെ.

നിന്റെ കുട്ടികളെ ഒക്കത്തേന്തി , അവരെ ഊട്ടി , താരാട്ടുപാടി ഉറക്കി ഞാൻ കൊണ്ടുനടന്നപ്പോളെല്ലാം നിന്റെ ഭാര്യ – എന്റെ നാത്തൂൻ – സാമൂഹ്യ സേവനം ചെയ്തുനടക്കുകയായിരുന്നില്ലേ . നിന്നെ , ഒരലങ്കാരവസ്തു മാത്രമായി അവൾ കാണുന്നതോർത്തു എത്ര തവണ ഞാൻ രഹസ്യമായി കരഞ്ഞിരിക്കുന്നു . ഇതൊക്കെയാണെങ്കിലും നീ ജീവിച്ചിരുന്നപ്പോൾ അവൾ പല കാര്യങ്ങൾക്കും എനിക്കും സഹകരിച്ചിട്ടുണ്ടെന്നുള്ളത് ഞാൻ നന്ദിയോടെ ഓർക്കുന്നുണ്ട്. എന്നാലും ഇന്നിപ്പോൾ കാണിക്കുന്ന നിന്ദ …അത് കാണുമ്പോൾ വേദനയോടെ നീ പറഞ്ഞ പല കാര്യങ്ങളും എനിക്കോർമവരും . വേണ്ട…അതൊക്കെ ഓർത്തുപോയാൽ ഇന്നിനി മറ്റൊന്നും ചെയ്യാൻ കൈയും കാലും അനങ്ങത്തില്ല .

വാരസ്യാർ പതുക്കെ എഴുന്നേറ്റു . എന്തോ പതിവില്ലാതെ കൈക്കും കാലിനുമൊക്കെ ഒരു വിറയൽ പോലെ….. ഓ …ഇനി എത്രനാൾ കൂടി… ഹൃദയത്തിനെന്തോ തകരാറുണ്ടെന്നു ഡോക്ടർ രഹസ്യമായി മകനോട് പറഞ്ഞത് ശരിയാവാം. ഇടയ്ക്കിടെ നെഞ്ചിൽ കൊളുത്തിപിടിക്കുന്നതുപോലെയുള്ള വേദന . ശരീരത്തിനെന്തൊരു തളർച്ച . കട്ടിലിനടിയിലിരുന്ന കാൽപെട്ടി നീക്കി അതിനുള്ളിൽ നിന്നും വാരസ്യാർ ചെറിയൊരു ചെപ്പ് പുറത്തെടുത്തു. ഒരു കൊച്ചു ചുമപ്പു കല്ലുള്ള മൂക്കുത്തി . വാണിക്കു വിവാഹസമ്മാനമായി കൊടുക്കാൻ കരുതി വച്ചിരുന്നത്. അതിനു വല്ലാത്തൊരു ഭാരംപോലെ.

” ലോകം മുഴുവൻ നടന്നു അവർ ക്ഷണിക്കുന്നുണ്ടല്ലോ തമ്പ്രാട്ടി…… അവർ തമ്പ്രാട്ടിയെ വിളിക്കാതിരുന്നത് മന:പൂർവം അപമാനിക്കാൻ വേണ്ടിയല്ലേ..?” നാണിത്തള്ളയുടെ വാക്കുകൾ അശരീരിപോലെ കാതിൽ മുഴങ്ങുകയാണ്….

അപമാനം ! ഈശ്വരാ ഇവരെന്തറിഞ്ഞു ?.. അപമാനിക്കപ്പെടാനും അഭിമാനിക്കാനുമുള്ള അവസരങ്ങളൊക്കെയുണ്ടാക്കിയത് ദൈവമല്ലേ . ദൈവഹിതം ഇതാണെങ്കിൽ അവർ ക്ഷണിക്കാത്തതുതന്നെയാണ് ശരി . ആരെയും കുറ്റപ്പെടുത്തുവാൻ തനിക്കാകുന്നില്ല. അതിനു മുതിരുമ്പോഴൊക്കെ മരിച്ചുപോയ അമ്മയുടെ വാക്കുകൾ ഓർത്തുപോകും.: ” നീ ഒരു വിരൽ ഒരാൾക്കുനേരെ ചൂണ്ടുമ്പോൾ ബാക്കി നാലു വിരലുകൾ നിനക്കുനേരെ ചൂണ്ടി നിൽക്കുന്നില്ലേ കുഞ്ഞേ … അതുകൊണ്ട് ആദ്യം നീ നിന്റെ പ്രവർത്തികൾ നേരേയാക്കൂ ..”

എന്ന്. ഒരാത്മപരിശോധന ഞാൻ നടത്തിനോക്കി… ഇല്ല .. എന്റെ പക്ഷത്തുനിന്ന് ഞാൻ യാതൊരു തെറ്റും ചെയ്തിട്ടില്ല . പിന്നെ എനിക്ക് ആരോടാണീ രോഷം ? അകാലത്തിൽ വേർപിരിഞ്ഞുപോയ എന്റെ കുഞ്ഞാങ്ങളയോടൊ , അതോ എന്റെ സ്വന്തം മകളോടെന്നപോലെ വാത്സല്യം ഉള്ളിൽ തോന്നിയിട്ടുള്ള നിന്നോടോ ?. സ്നേഹത്തിനു ക്ഷമിക്കാനാകാത്ത തെറ്റുകളൊന്നുമില്ലല്ലോ. അതുകൊണ്ടുമാത്രം എനിക്ക് നിന്നോട് ക്ഷമിക്കാതിരിക്കാനാവില്ല. എന്റെ മകളെ, നിന്നെ കരുതിമാത്രം ഞാൻ വരികയാണ്. ക്ഷണിക്കപ്പെടാത്ത അതിഥിയായി.

സദ്യ ഉണ്ണാനല്ല , സ്വീകരണങ്ങൾ ഏറ്റുവാങ്ങാനുമല്ല…. നിന്നെ അനുഗ്രഹിക്കാൻ ….ദൂരെ നിന്ന് നിന്നെ ഒന്ന് കാണുവാൻ മാത്രം. എന്റെ കണ്ണുനീർത്തുള്ളികൾ നിന്റെ വിവാഹ ജീവിതത്തിൽ ഒരു ശാപത്തിന്റെ നിഴൽ പരത്താതിരിക്കാൻ….. മരിച്ചുപോയ എന്റെ പദ്മനാഭനെ ഓർത്തെങ്കിലും ….അതാണ് ശരി ….അത് മാത്രം…

ദീർഘനിശ്വാസമുതിർത്തുകൊണ്ടു വാരസ്യാർ പതുക്കെ എഴുന്നേറ്റു. ചെപ്പു മടിയിൽ തിരുകി വാതിൽ ചാരി പുറത്തിറങ്ങി.

അപ്പോൾ വീശിയ കാറ്റിന് പദ്മനാഭൻ പൂശാറുള്ള സെന്റിന്റെ നറുമണമുണ്ടായിരുന്നു ….മനസ്സിന് അവന്റെ ചിരി കാണുമ്പോഴുള്ള ആത്മസംതൃപ്തിയും !.

——————————————————————————————————————————————

Scroll to Top