ജോർജുകുട്ടീടെ പറമ്പിലെ ചാഞ്ഞുവരുന്ന മഹാഗണി തനിയ്ക്കൊരു കെണി’യാകുമെന്ന തിരിച്ചറിവിലാണ് ചാക്കോച്ചൻ, അതിൻ്റെ കമ്പൊന്നു കോതിച്ചു തരാമോ എന്ന നിവേദനവുമായി ടിയാനെ സമീപിക്കാൻ തീരുമാനിച്ചത്.
ജോർജുകുട്ടിയുടെ, രാവിലെയുള്ള, പരദൂഷണപ്രഭാഷണ നടത്തത്തിനിടയിൽവേണോ അതോ വീട്ടിൽ നേരിട്ടെത്തി,സമക്ഷത്തിൽ, ഇക്കാര്യത്തിലുള്ള ആകുലതകൾ ബോധിപ്പിക്കണോ എന്നതിൽ മാത്രമേ ചാക്കോച്ചനു സംശയമുണ്ടായുള്ളു.
മോന്തയ്ക്കു രണ്ടുകിലോപൗഡറുംപൂശി, കുറഞ്ഞ പക്ഷം അരക്കുപ്പി ബോഡി സ്പ്രേയുമടിച്ച്, അതിയാൻ്റെ ഞെളിഞ്ഞുള്ള നടത്തം കാണുമ്പോൾ പലപ്പോഴും കുമ്മായത്തിൽ വീണ കൊതുകിനെയാണ് ഓർമ്മവരിക. അതോർത്തപ്പോൾ ചാക്കോച്ചന് ചിരിയടക്കാനായില്ല.
വിദ്യാഭ്യാസം തീരെ കുറവാണെങ്കിലും നാടൻ തെറികളുടെ എൻസൈക്ലോപീടിയ ആണല്ലോ ജോർജുകുട്ടി…അല്ല, അയാൾ ചെയ്തിരുന്ന പണിക്ക്, ( അബ്കാരിയും ബ്ലേഡും) അതൊരാവശ്യമായിരുന്നിരിയ്ക്കാം
എന്തായാലും, “ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ടെ” ന്നപോലെ , പരദൂഷണവും പാരവയ്പ്പും മുഖമുദ്രയാക്കിയ, പറ്റിയ ഒരു പെമ്പ്രന്നോത്തിയേയും അയാൾ തപ്പിയെടുത്തിട്ടുണ്ട്……
എൻ്റെപൊന്നോ, എന്നതാണോ അവരുടെ ഭക്തിമാർഗ്ഗത്തിൻ്റെ നാടകംകളികൾ ! ഉടയതമ്പുരാൻപോലും ക്ഷമിക്കില്ല..പറയാൻ തുടങ്ങിയാൽ “ശ്ശി”ഏറെയുണ്ട് …വേണ്ട ,വിട്ടേക്കാം. ..അവരായി അവരുടെ പാടായി…എനിയ്ക്കിപ്പോ പുരയ്ക്കുമേലേയ്ക്കു ചാഞ്ഞുവരുന്ന കൊമ്പൊന്നു മുറിച്ചു കിട്ടണം..അത്ര തന്നെ.
സംസ്കാരശൂന്യനെന്ന സൽപ്പേര് ജോർജുകുട്ടിയ്ക്കുള്ളതു കൊണ്ട് നേരിട്ടു ചെന്ന് ആവശ്യപ്പെട്ടാൽ ശശി’യാക്കി വിടുമോ എന്നുള്ള ശങ്ക ഉള്ളിലില്ലാതില്ല …
തെക്കേലെ മാവു മുറിയ്ക്കാൻ വന്ന കൊച്ചാപ്പിയോട് ഉപായത്തിൽ ഈ കാര്യം അവതരിപ്പിച്ചപ്പോഴേ അയാൾ പറഞ്ഞു….”സാറേ നേരാം വഴിയ്ക് ഒന്നുംനടക്കുമെന്നു വിചാരിയ്ക്കണ്ട…അവനാരാമോൻ ! തനി, തീട്ടത്തിൽ തരിപെറുക്കി…
“ഉടുപ്പും നടപ്പും വാചകമടിയുമൊക്കെ കണ്ടാതോന്നും മാന്യനും ദൈവഭയമുള്ള ഉദാരമനസ്ക്കനുമൊക്കെയാണെന്ന്… ചെറ്റയാസാറേ …തനിചെറ്റ.”
“ഏതാണ്ട് ഒരു വർഷംമുമ്പ് അയാക്കടെ പ്ലാവിൻ മണ്ടേല് എന്നെ വിളിച്ചു കേറ്റിയാരുന്നു……പെരേടെ മേലേക്കു കിടക്കുന്ന കമ്പുവെട്ടാൻ…ആയിരംരൂപാ പറഞ്ഞൊറപ്പിച്ചേച്ച് ,ഞാനൊരു സഹായിയേം കൂട്ടിചെന്നു മരം മുറിയ്കാൻ. പറഞ്ഞൊറപ്പിച്ച ചില്ലകൂടാതെ അയാള് അതുവെട്ട്, ഇതുവെട്ട്, ചക്കയിട് എന്നൊക്കെപ്പറഞ്ഞു് രണ്ടാളിൻ്റെ പണിയെടുപ്പിച്ചു…പ്ലാവിലാണേലോ മൊത്തം നീറ്. ..ദാ..ന്നുപറയുന്നതിനിടയിൽ അതങ്ങു സെൻട്രൽ ഗവണ്മെൻ്റുവരെ കടിച്ചു തൂങ്ങിക്കിടക്കുകയാ..ചൊറിയാവോ’ അതും വയ്യ,തൂത്തെറിയാവോ അതുംവയ്യ…അയാക്കടെപെമ്പ്രന്നോത്തി വായുംപൊളിച്ച് മേപ്പോട്ടുംനോക്കി ‘ആ ചില്ല, ഈചില്ല’എന്നും പറഞ്ഞു് ആജ്ഞാപിച്ചോണ്ടു നിൽക്കുവല്ലിയോ.. എനിയ്ക്കന്നു വന്നകലിയ്ക്കുകണക്കില്ല. എൻ്റെപെമ്പിളവല്ലോമായിരിക്കണം.മോന്തനോക്കിഒന്നുകൊടുത്ത് ചവിട്ടിക്കൂട്ടിയേനേ ഞാൻ…ആ പെങ്കോന്തൻ , മണത്തു മണത്തു പെണ്ണുമ്പിള്ളേടൊപ്പം തുള്ളിക്കളിയ്ക്കുന്നുണ്ടായിരുന്നു. അയാളെവേണംതല്ലാൻ.
അല്ലാ അയാളേം പറഞ്ഞിട്ടു കാര്യമില്ല.. ഭരണംമുഴുക്കെ അവരല്ലേ…
സാറിനു് ഇതൊന്നുമറിയത്തില്ലേ? “
“ഇല്ല’ കൊച്ചാപ്പീ, എൻ്റെ വയറ്റുപ്പിഴപ്പിനുള്ള നെട്ടോട്ടത്തിനിടയിൽ ഇതൊക്കെ തിരക്കാൻ എനിക്കെ വിടാ നേരം?”
”അതുംശരിയാ.. പക്ഷേ ഈ പ്രദേശത്തെ ഒരുവിധപ്പെട്ടവർക്കൊക്കെ അറിയാം , അയാളു കള്ളു ബിസിനസ്സിൽ പൊട്ടിയപ്പം, അതുവരെ ഉണ്ടാക്കിയതെല്ലാം പെമ്പ്രന്നോത്തീടെ പേരിലാക്കിയിട്ടാ പാപ്പരാണെന്നു വരുത്തിത്തീർത്തത്. ഇപ്പഴെങ്ങനാന്നോ…അയാക്കിപ്പം പട്ടീടെ വിലയാവീട്ടില്. ഇരിയ്ക്കാൻപറഞ്ഞാ ഇരിക്കണം..കൊരക്കാൻപറഞ്ഞാ കൊരയ്ക്കണം, വാലാട്ടാൻപറഞ്ഞാ ആട്ടണം. അല്ലേ പടിക്കുപുറത്താ…കസേരയും കൈയ്യികിട്ടുന്നതുമൊക്കെയെടുത്ത് ആ താടക അയാളെ തല്ലിയിട്ടുണ്ടെന്നു് ആ നാണംകെട്ടവൻതന്നെ പലരോടുംപറഞ്ഞിട്ടുണ്ട്. എത്ര പേരെ വഴിയാധാരമാക്കി കെട്ടിപ്പൊക്കിയ കോട്ടയിലാ അയാളിപ്പം സുഹിച്ചുവാഴുന്നേ…നിലനില്ക്കില്ലസാറേ…ഇതൊന്നുംനിലനിൽക്കില്ല..
പാവപ്പെട്ടോൻ്റെ എച്ചിപ്പാത്രത്തില്കൈയ്യിട്ടുവാരാൻ അയാക്കു നല്ല വിരുതാ..പണി എടുപ്പിച്ചാലുംകാശുംകൊടുക്കില്ല, തൊള്ളനനയാനൊരുതുള്ളി വെള്ളവും കൊടുക്കില്ല…..
സാറിനറിയുവോ,അന്നയാളെന്നെക്കൊണ്ട് രണ്ടാളിൻ്റെ പണിഎടുപ്പിച്ചേച്ച് തന്നത് എഴുന്നൂറ്റമ്പതു ഉലുവായാ.. കാരണമറിയണോ? മുറിച്ചിട്ട പ്ലാവിൻകൊമ്പ് വെട്ടിനുറുക്കി അവക്കടെ വടക്കേപ്പൊറത്തു കൊണ്ടടുക്കിവച്ചുകൊടുത്തില്ല പോലും!
എൻ്റെനാവുചൊറിഞ്ഞു വന്നതാ. ..രണ്ടുപറയാൻ, പക്ഷേ സംസ്കാരം അനുവദിച്ചില്ല…
അന്നു തീരുമാനിച്ചതാ ഇനി അയാളു സൊർണ്ണമുരുട്ടിത്തരാമെന്നു പറഞ്ഞാലും ആ പറമ്പിൽ കാലുകുത്തില്ലെന്ന്….”
കൊച്ചാപ്പി , തലേക്കെട്ടഴിച്ചു കുടഞ്ഞു് ഒന്നു കൂടികെട്ടി.
”സാറേ. . പാവപ്പെട്ടവൻ്റെ നെഞ്ചത്തുകേറാൻമാത്രമേ അയാക്കറിയാവൂ. ..കയ്യൂക്കുള്ളവൻ നേർക്കുനേർ വന്നാൽ അവൻ മുണ്ടേ മുള്ളും”
“പിന്നെ,തെറിവിളി…അതാരെങ്കിലും പെടലിയ്ക്കിട്ടൊന്നു ചാമ്പാത്തതിൻ്റെ ഏനക്കേടാ. -…കിട്ടിക്കോളും.”
കൊച്ചാപ്പി, മഴുവും വടവുമൊക്കെയെടുത്തു പോകാൻതയാറായി… പിന്നെ, സ്വതസിദ്ധമായ ഊറിച്ചിരിയോടെ, ഇത്രയുംകൂടിപറഞ്ഞു”സാറേ..ഇത്രപാവമായി, വീട്ടിൽ കയറി ചടഞ്ഞിരിക്കാതെ,പുറത്തിറങ്ങി, അത്യാവശ്യം കുറച്ചു ന്യൂസൊക്കെ പിടിയ്ക്കുന്നതു നല്ലതാ…ആൾക്കാരെ മനസ്സിലാക്കാൻപറ്റും..”
ഞാൻ ചിരിച്ചുകൊണ്ടു തലയാട്ടി.
ഇനി എന്താണൊരു വഴി ?
അറിഞ്ഞിടത്തോളം ജോർജുകുട്ടിയ്ക്കു പല മുഖങ്ങളാണ്…
പബ്ലിക്കിനുമുന്നിൽ ഒന്ന്, സുഹൃത്തുക്കൾക്കിടയിൽ മറ്റൊന്ന് വീട്ടിൽ വേറൊന്നു്..
ഒരു വഴി കാണിച്ചുതരണേ തമ്പുരാനേ…ചാക്കോച്ചൻ മനസ്സിൽ കുരിശുവരച്ചു. കൊള്ളാത്ത കൂട്ടുകാരെയാണെങ്കിൽ , കൂട്ടുവേണ്ടെന്നു വയ്ക്കാം, അയലോക്കം നല്ലതല്ലെങ്കിൽ അവരെമാറ്റാനാവില്ലല്ലോ…തലേവര എന്നു കരുതിസഹിക്കാനല്ലാതെ എന്തു ചെയ്യാൻ?
മനസ്സിലൊരു മാർഗ്ഗവുംതെളിഞ്ഞു കാണാതെ, ചാക്കോച്ചൻ നെടുവീർപ്പോടെ ചാരുകസേരയിലിരുന്ന് കണ്ണുകളടച്ചു.
ആരോടും തല്ലു കൂടിയും തർക്കിച്ചും, പാരപണിതും, പരദൂഷണം പറഞ്ഞും ഇന്നേ വരെ കഴിഞ്ഞിട്ടില്ല…തനിയ്ക്കു പറ്റിയതല്ലെന്നു തോന്നിയാൽ അവിടുന്നെല്ലാം ഒഴിഞ്ഞുമാറി നടന്നിട്ടേയുള്ളു…അർഹതപ്പെട്ടതുപോലും കിട്ടാതിരുന്നിട്ടും ആരോടും ഒരു പരാതിയും പറഞ്ഞിട്ടില്ല…
“അപ്പനു പറ്റിയപണി സന്യാസ ” മാണെന്നു പറഞ്ഞ് പിള്ളേരു കളിയാക്കുമ്പോൾ പോലും മറുപടി ഒരു ചിരിയിലൊതുക്കാറേയുള്ളു താൻ ….
വെട്ടിപ്പിടിയ്കാനും,തട്ടിപ്പറിയ്ക്കാനുമൊന്നും തന്നെക്കൊണ്ടുകൊള്ളില്ല..തമ്പുരാൻവിളിക്കുമ്പോൾ വെറുംകയ്യോടെയേ തിരിച്ചുപോകാനാവൂ എന്നബോധം എപ്പോഴും ഉള്ളിലുണ്ടായിരുന്നു…ഓരോന്നോർത്തുകിടന്ന് ചാക്കോച്ചൻ എപ്പോഴോ മയങ്ങിപ്പോയി.
“ഇതെന്നാപറ്റി? ഇവിടിരുന്നുറങ്ങുകയാണോ?”ചാക്കോച്ചൻ ഞെട്ടിയുണർന്നു…
ആശുപത്രിയിൽ അഡ്മിറ്റായ കൂട്ടുകാരിയെ കാണാൻപോയിട്ട്’ ലിസി ഇത്രപെട്ടെന്ന് തിരിച്ചെത്തിയോ?
“എങ്ങനുണ്ട് പ്രിയസഖിക്ക്?”
കണ്ണുതിരുമ്മി എഴുന്നേറ്റുകൊണ്ട് ചാക്കോച്ച൯ ചോദിച്ചു.
“കുഴപ്പമില്ല, നാളെ ഡിസ്ചാർജാവും
“ഞാനെന്നാ ഡ്രസ്സു ചേഞ്ചുചെയ്തിട്ടുവരാം. ആകെ വിയർത്തു കുളിച്ചു”. ലിസി ധൃതിയിൽ ഉള്ളിലേക്കു പോയി.
”എന്നാ ഇച്ചായാ , ഇതുവരെ ബ്രേക്ക്ഫാസ്റ്റ് കഴിച്ചില്ലേ?”
പോയ അതേ സ്പീഡിൽ തിരിച്ചുവന്നു അവൾ…
”എന്തെങ്കിലും പ്രശ്നമുണ്ടോ?
എന്നോടു പറ…എന്തായാലും പരിഹാരമുണ്ടാക്കാമെന്നേ…”
ലിസി , ചാക്കോച്ചൻ്റെ കൈ പിടിച്ചു പറഞ്ഞു.
ഇലയ്ക്കും മുള്ളിനും കേടില്ലാത്തവിധം പ്രശ്നങ്ങൾ പരിഹരിയ്ക്കാൻ മിടുക്കിയാണു ലിസി.’ ചാക്കോച്ചനു സമാധാനമായി…
“ഓ…ഇത്രയേഉള്ളോ കാര്യം? നമുക്ക് ഈസിയായി പരിഹരിയ്ക്കാമെന്നേ…കൂൾ..കൂൾ””പക്ഷേ ഇതത്ര ഈസിയാണെന്ന് എനിയ്ക്കു തോന്നുന്നില്ല ലിസീ….നീ ഓർക്കുന്നുണ്ടോ നമ്മുടെ മതിലിനോടു ചേർന്നു നിന്നിരുന്ന അയാളുടെ തേക്കുമരം, പുഴുശല്യംകാരണം , ഇങ്ങോട്ടുള്ള കമ്പു കോതാമോ എന്നുചോദിച്ചപ്പോൾ അയാൾ ഉറഞ്ഞു തുള്ളിയത് ?
അന്നെന്താ അയാൾ പറഞ്ഞത്…വെട്ടിക്കാൻ കയ്യിൽ കാശില്ല, പുഴുശല്യം തീരുന്നതുവരെ വീടിനു പുറത്തിറങ്ങണ്ട…പിന്നെ മരമാകുമ്പോൾ ഇതൊക്കെ സാധാരണമാ, ഇതൊന്നും സഹിക്കാൻ പറ്റാത്തവര് സ്ഥലംവിറ്റു പോകുന്നതാവും നല്ലതെന്നൊക്കെയല്ലേ? കാറ്റിലും മഴയിലുംപെട്ട് ഉള്ളു പൊള്ളയായ ആ മരം ഒടിഞ്ഞ് അവരുടെ പറമ്പിലേയ്ക്കു തന്നെ വീണതുകൊണ്ട് നമ്മൾ രക്ഷപ്പെട്ടു. മറിച്ച് അതു ഇവുടുത്തെ കാർഷെഡിലേക്കാണു വീണതെങ്കിലോ? ഷെഡുംകാറും തവിടുപൊടി ആയേനേ. അയാൾ കോമ്പൻസേഷൻ വല്ലതും തരുമെന്നു കരുതുന്നുണ്ടോ? പോയി മരത്തിനോടുചോദിയ്ക്കെന്നു പറയും… അതാഇനം..
ഇപ്പോ ,ആ മഹാഗണി! ഈകാറ്റത്ത് അതിൻ്റെചില്ലകളെല്ലാംകൂടി വട്ടംകറങ്ങി, നമ്മുടെ പുരയ്ക്കുമോളിലോട്ടു ചായുന്നതു കാണുമ്പോ ചങ്കിടിയ്ക്കുകയാ…
വിശപ്പും പോയി, ദാഹവുംപോയി, ഉറക്കവുംപോയി . നീ പറ,നമ്മളെന്തുചെയ്യും?കണ്ണിൽചോരയില്ലാത്തവനാണയാൾ..സ്വാർത്ഥനും…
നിനക്കറിയാലോ, തേക്കു വീണത് നമ്മളതിൻ്റെ ചോട്ടിൽ മണ്ണെണ്ണ ഒഴിച്ചിട്ടാണെന്നല്ലേ അയാൾ നാടുമുഴുവൻ പറഞ്ഞു നടന്നിരുന്നത്.. നാട്ടുകാർക്ക് നമ്മളെ അറിയാവുന്നതുകൊണ്ടും നമ്മളീ പ്രചാരണം അവഗണിച്ചതുകൊണ്ടുമല്ലേ വഴക്കും വക്കാണവുമില്ലാതെ പോയത്…
“എൻ്റിച്ചായാ, എന്നാത്തിനാ ഇങ്ങനെ ടെൻഷനടിക്കുന്നേ?
തേക്കിൻ്റെകാര്യത്തിൽ നമുക്കൊരു അബദ്ധം പറ്റിയതല്ലേ? അന്നൊക്കെ അതിയാൻ നല്ല തണ്ണി ആയിരുന്നല്ലോ. വെളിവില്ലാതെ, പെമ്പ്രന്നോത്തിയുമായി തല്ലും കൂടി, മോന്തേംവീർപ്പിച്ച് പറമ്പിൽകൂടി വിറളിപിടിച്ചു നടക്കുമ്പോഴല്ലേ ഇച്ചായൻ അയാളോട് തേക്കിൻ്റെ കൊമ്പുകോതുന്ന കാര്യംപറഞ്ഞത്?
അങ്ങാടീ തോറ്റതിന് അമ്മയോട്….അത്ര തന്നെ…
കെട്ടിയോളെ നിലയ്ക്കുനിർത്താൻ പറ്റാത്ത അരിശം ഇച്ചായനോടു തീർത്തെന്നു കരുതിയാ മതി.
ഇന്നിപ്പം അങ്ങനെയല്ലല്ലോ..സ്ഥലത്തെ ദിവ്യനാണെന്ന് സ്വയം അവരോധിച്ചു നടക്കയല്ലേ?
അടിയ്ക്കുമ്പോ അയാളുടെ വീക്ക്നെസ്സ് അല്ലെങ്കിൽ മർമ്മംനോക്കി അടിയ്ക്കണം അച്ചായാ…, അല്ലേൽതിരിച്ചുകൊത്തും. ഇനി കളി സൂക്ഷിച്ചുമതി…
ഇപ്പോഅയാൾക്കു വിദേശത്തുള്ള മക്കൾ ലോഭമില്ലാതയച്ചുകൊടുക്കുന്ന കാശുണ്ട്. അതിൻ്റെ ഭള്ളുമുണ്ട്. വിവരവും വിദ്യാഭ്യാസവും തീരെയില്ലെങ്കിലും പണവും പ്രതാപവും ആവശ്യത്തിലേറെയുണ്ടല്ലോ ഇപ്പോൾ …ഇനി അയാൾക്കു വേണ്ടത് നല്ലവനും ഉദാരമതിയുമെന്ന ലേബലാണ്.
അതിനുവേണ്ടി,ഫോർപീപ്പിൾഅറിയാൻ വേണ്ടി ,അയാൾ എന്തുംചെയ്യും.”
“എന്താ ലിസീ,നിൻ്റെമനസ്സിലിരിപ്പ് ?’
“അത് നിസ്സാരമല്ലേ?.. വരുന്ന ശനിയാഴ്ചയല്ലേ കിഴക്കേതിലെ ഷൈനിക്കൊച്ചിൻ്റെ മനസ്സമ്മതം? അവരു നാടടക്കം എല്ലാരേംക്ഷണിച്ചിട്ടുണ്ടുതാനും.
തീറ്റഭ്രാന്തരായ ജോർജുകുട്ടീം പെമ്പിളേം എന്തായാലും അതൊഴിവാക്കില്ല…
അച്ചായനൊരു കാര്യം ചെയ്യണം..
റിസപ്ഷൻ കഴിഞ്ഞാലുടൻ അയാൾ ഈ പരിസരത്തൊക്കെത്തന്നെയുള്ള വലിയ വീട്ടുകാരെ തിരഞ്ഞു പിടിച്ച് വാചകമടിക്കാൻ പോകും.
ഇച്ചായൻ ഔചിത്യവും കോപ്പുമൊന്നും നോക്കണ്ട..ആളു കൂടുതൽ നില്ക്കുന്ന, പ്രത്യേകിച്ചും നമ്മളെനന്നായി അറിയാവുന്നവരുള്ള അയാളുടെ ഗ്രൂപ്പിലേയ്ക്ക് ഇടിച്ചുകയറിച്ചെന്ന്, പത്തു പേർകേൾക്കേ നമ്മുടെ ആവശ്യം പറയുക. അത്രയുംപേരുടെമുന്നിൽ വച്ച് പറ്റില്ലെ ന്നു പറയുന്നതെങ്ങിനെ ?
ഏറിപ്പോയാ”നിങ്ങളു വെട്ടിച്ചോന്നു” പറയുമായിരിയ്ക്കും.
നമുക്ക് അത്രയുംമതി. കുറച്ചു പൈസാ ചിലവാകുമായിരിക്കും…പക്ഷേ മനസ്സമാധാനം കിട്ടുമല്ലോ…..”
“നിന്നെസമ്മതിച്ചിരിയ്ക്കുന്നു എൻ്റെ പെമ്പ്രന്നോത്തി”ചാക്കോച്ചൻ്റെ മുഖം പൂത്തിരികത്തിച്ചപോലെ പ്രകാശമാനമായി…..
കഴിഞ്ഞയാഴ്ചയായിരുന്നു ആ മരം വെട്ടൽ മഹോത്സവം!പ്രതീക്ഷിച്ചതുപോലെതന്നെ, നിങ്ങളു വെട്ടിച്ചോ എന്നു മൊഴിഞ്ഞ് അയാൾ പുണ്യവാളനായി.
മരം വെട്ടുകാരൻ വന്നിട്ടുണ്ടെന്നു ചാക്കോച്ചൻ വിളിച്ചു പറഞ്ഞയുടൻ, ഒന്നുംപറയാതെ, ഭാര്യയും ഭർത്താവും കാറിൽകയറിഎങ്ങോട്ടോ പോയി. അന്നു വീട്ടിലേയ്ക്കു തിരിച്ചുവന്നതേയില്ല, ഒരുപക്ഷേ വെട്ടുകൂലി കൈയ്യീന്നു കൊടുക്കേണ്ടി വന്നാലോ എന്നു കരുതിയാവാം.ഇന്നേ നാൾ വരെ കൂലി എത്രയായി എന്നയാൾഅന്വേഷിച്ചുമില്ലാ, ചാക്കോച്ചനൊട്ടു പറഞ്ഞതുമില്ല …
ഇന്നിപ്പോൾ , ചാക്കോച്ചൻ്റെ മുഖംകാണുമ്പോൾ, കടന്തലുകുത്തിയതുപോലെ മുഖവുംവീർപ്പിച്ച്’, പാദത്തിൽ റോളർപിടിപ്പിച്ചതുപോലെയുള്ള അയാളുടെ പരക്കംപാച്ചിൽകാണുമ്പോൾ ലിസിയ്ക്കു ചിരിവരും…ഒരുപക്ഷേ ജീവിതത്തിൽ ആദ്യമായിട്ടായിരിയ്ക്കും അയാൾ ഇങ്ങനെയൊരു വെട്ടിൽ വീണുപോയത്.
ഹല്ല പിന്നെ, നമ്മടുത്താ ഇവൻ്റെയൊക്കെ വേഷംകെട്ട് !
—————————————-