വീട്ടിലേക്കുപോകാൻ വിവേകിന് ഒട്ടും ഇഷ്ടമല്ലായിരുന്നു.
പരീക്ഷയുടെ വേവലാതികളൊന്നുമില്ലാതെ, കളിച്ചു തിമിർക്കാൻ രണ്ടു ദിവസം …” നീ ഇതുവരെ റെഡിയായില്ലേ ? ” വാർഡൻ പൗലോസച്ചൻ മുറിയിലേക്ക് കടന്നു വന്നു.,
” നിനക്കെന്താ വീട്ടിൽ പോകാനിത്ര മടി ? പോയി രണ്ടു മാസം അടിച്ചു പൊളിച്ചിട്ടു വാടാ …”
അച്ചൻ സ്നേഹത്തോടെവന്റെ തോളിൽ തട്ടി.
വിവേകിന് പെട്ടെന്ന് കരച്ചിൽ വന്നു.
” എനിക്ക് വീട്ടിൽ പോണ്ട ഫാദർ “
അവൻ വിതുമ്പി . പൗലോസച്ചൻ ആർദ്രതയോടെ വിവേകിനെ തലോടി.:
” മോൻ പോയിട്ട് വാ …രണ്ടു മാസം ദാന്നു പറയുന്നതുപോലെ തീരില്ലേ …പിന്നെ അച്ചൻ നിന്റെ വീട്ടിൽ വരുന്നുണ്ട് … ആ എസ്റ്റേറ്റ് ഒക്കെ അച്ചനെ കാണിച്ചുതരണം കേട്ടോ…”
വിവേക് പ്രതീക്ഷയോടെ നോക്കി. പിന്നെ കുഞ്ഞിക്കൈകൾ അച്ചന് നേരെ നീട്ടി.
” പ്രോമിസ് ? “
“പ്രോമിസ് “.
വിവേക് ആശ്വാസത്തോടെ അച്ചന്റെ കൈകൾ പിടിച്ചു കുലുക്കി.
കാറിലിരിക്കുമ്പോ വിവേകിന്റെ മനസ്സ് വീണ്ടും അസ്വസ്‌ഥമായി .
ടൂഷൻമാഷ് മിക്കവാറും നാളെ രാവിലെ തന്നെ എത്തും. ടൂഷൻ കഴിഞ്ഞാൽ കമ്പ്യൂട്ടർ ക്ലാസ് …യോഗാ …. സ്വിമ്മിംഗ് …
എല്ലാ വർഷവും സ്കൂളിൽ ഒന്നാമനാകാൻ..
അതോർത്തപ്പോൾ വിവേക് പെട്ടന്ന് തന്റെ എയർ ബാഗ് തുറന്നു നോക്കി.
ഉവ്വ് …. ഇത്തവണത്തെ ട്രോഫിയും മെറിറ്റ് സർട്ടിഫിക്കറ്റുമെല്ലാം ഭദ്രമായിത്തന്നെയിരിപ്പുണ്ട് …ഇത് കാട്ടി വേണം റോയിച്ചായന്റെ മുൻപിൽ ആളാവാൻ. ..
അപ്പൊത്തന്നെ പൊക്കിയെടുത്തു വട്ടം കറക്കി ഒരു ചിരിയുണ്ട്. !.
അതോർത്തപ്പോൾ വിവേകിന് നേരിയൊരു സന്തോഷം തോന്നി.
” റോയിച്ചായനുണ്ടോ വീട്ടിൽ ? “
വിവേക് ഡ്രൈവർ ഔസേപ്പച്ചനോട് ചോദിച്ചു.
” ആഹാ ….കുഞ്ഞറിഞ്ഞില്ലേ ….റോയ്‌സാറിന്റെ കെട്ടുകഴിഞ്ഞു അവരിപ്പം നിലംബുരിലാ…എന്നാ വലിയ ആഘോഷമായിരുന്നു …മന്ത്രിമാരും എമ്മല്ലെമാരും സിനിമാക്കാരും ….ഒക്കെ വന്നിരുന്നു. കുഞ്ഞിന്റെ രണ്ടു ദിവസത്തെ ക്ലാസ് കളയണ്ടാന്നോർത്തായിരിക്കും വലിയേമാൻ അറിയിക്കാഞ്ഞത്.
വിവേകിന്റെ നെഞ്ചിൽ തിക്കുമുട്ടി…..
അവൻ വീട്ടിലെത്തിയപ്പോൾ സന്ധ്യ കഴിഞ്ഞു. ഷെഡിൽ കിടക്കുന്ന ടവേര കണ്ടപ്പോഴേ മനസ്സിലായി… പപ്പാ സ്ഥലത്തുണ്ട്.
” ആഹാ കുഞ്ഞുമോനിങ്ങെത്തിയോ ? “
കാറിന്റെ ശബ്ദം കേട്ട് അടുക്കളയിൽനിന്നും കുഞ്ഞുമറിയ ഓടിയെത്തി അവനെ കെട്ടിപ്പിടിച്ചു.
” മമ്മിയും പപ്പേം അവിടെ ? “
” മോളിലുണ്ട് …..കുഞ്ഞിപ്പം അങ്ങോട്ട് പോകണ്ട …. അവരേതാണ്ട് കണക്കൊക്കെ നോക്കുവാ. പുതിയ കൊട്ടാരമോ എസ്സ്റ്റേറ്റോ ഒക്കെ മേടിക്കാൻ പോകുവാ… ഒക്കെ കുഞ്ഞുമോന്റെ ജാതക ഗുണം കൊണ്ടാ.,…!
വിവേകിനോന്നും മനസ്സിലായില്ല .
ഏതായാലും കിട്ടിയ സമ്മാനങ്ങൾ പപ്പയെയും മമ്മിയെയും കാണിച്ചേക്കാം…അവൻ കരുതി.
ചാരിയിട്ടിരുന്ന വാതിൽ തുറന്നപ്പോൾ മമ്മിയുടെ മടിയിൽ നിന്നും പൊമറേനിയൻ അവന്റെ നേരെ കുറച്ചുകൊണ്ട് ചാടി.
“ഓ… നോട്ടി ബോയ് …നോ മാനേഴ്സ് …വാതിൽ നോക്ക് ചെയ്തിട്ടേ തുറക്കാവൂ എന്നറിയില്ലേ …”
മമ്മി അരിശപ്പെട്ടു.
കമ്പ്യൂട്ടർ സ്‌ക്രീനില്നിന്നും തല പോക്കി പപ്പാ അവനെ ഒന്ന് നോക്കി.
പിന്നെ അതിലേക്കു തന്നെ തല തിരിച്ചു വരണ്ട ശബ്ദത്തിൽ പറഞ്ഞു :
” ഗോ …ചേഞ്ച്.. യുവർ ഡ്രസ്സ് ആൻഡ് വെയിറ്റ് അസ് ഇൻ ദി ഡൈനിങ്ങ് ഹാൾ…”
വിവേകിന്റെ സന്തോഷമാകെ ഒരു നിമിഷംകൊണ്ട് അലിഞ്ഞു തീർന്നു.
” കമോൺ ടിങ്കു ….കം ഹിയർ ഡിയർ…”
പട്ടിക്കുട്ടിയെ മമ്മി തിരിച്ചു വിളിക്കുന്നു .
തെല്ലു നേരം കഴിഞ്ഞു കൊച്ചുമറിയ ജൂസുമായി വന്നപ്പോൾ അവൻ ചോദിച്ചു :
” ആ ടോണിപ്പട്ടി എവിടെ ചേടത്തി ? “
” ഓ ആ പട്ടി ചത്തുപോയി മോനെ … മനുഷ്യന്മാർക്കുപോലും തിന്നാൻ കിട്ടാത്ത സാധനങ്ങള് കൊടുത്തല്ലേ അതിനെ വളർത്തീത് …
അത് ചത്തതിന്റന്നു എന്നതായിരുന്നു ഇവിടുത്തെ പുകില് ! ഏമാൻ രണ്ടുദിവസം ഓഫീസിൽ പോയില്ല…..കൊച്ചമ്മ ജലപാനം പോലുമില്ലാതെ കിടപ്പിലായി…. മരണവീടുപോലല്യയോ ആൾകാർ വന്നു അന്യോഷിച്ചോണ്ടിരുന്നതു … അന്നാ കുഞ്ഞേ ഒരു ബോസ്‌കറ് പട്ടിയായെങ്കിലും കർത്താവു എന്നെ ജനിപ്പിച്ചില്ലല്ലോ എന്നോർത്ത് എനിക്ക് കർത്താവിനോടുപോലും ദേഷ്യം തോന്നിയത്…”
വിവേകിന് ഉള്ളിൽ സന്തോഷം തോന്നി.
വേണം…എല്ലാം ചത്ത് തുലയണം…
രാത്രി…
പതുപതുത്ത മെത്തയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അവനുറക്കം വന്നില്ല.
കുഞ്ഞുമറിയ പറഞ്ഞ വാചകം അവന്റെ ഉള്ളിൽ തികട്ടി വന്നുകൊണ്ടിരുന്നു.
” സ്വന്തം കൊച്ചിനെ പോലലല്ലിയോ കൊച്ചമ്മ ടിങ്കുപ്പട്ടീനെ കൊഞ്ചിക്കുന്നെ …അതിന്റെ
തീറ്റയും കിടപ്പും ഒറക്കോം ഒക്കെ കൊച്ചമ്മേടെ കൂടെയാ …. ആ പട്ടീടെ ഒരു യോഗമാ യോഗം..! “
തന്നെ മമ്മി കൊഞ്ചിച്ചിട്ടുണ്ടോ ? ഉമ്മ വച്ചിട്ടുണ്ടോ ? ….ഓർക്കുന്നില്ല.
ഓർമയുള്ളപ്പോൾ മുതൽ താൻ ഹോസ്റ്റലിലാണ് .
അവിടെ എന്തായാലും ഇതിനേക്കാൾ രസമുണ്ട്.,
കൂട്ടുകാരോട് തമാശ പറഞ്ഞും കളിച്ചും ചിരിച്ചും വീമ്പടിച്ചും ഇടയ്ക്കിടെ വാർഡനച്ചനെ കബളിപ്പിച്ചും ചെറിയ ചൂരൽകഷായങ്ങളേറ്റുവാങ്ങിയും നേരംപോകുന്നതറിയില്ല.
ബോർഡിങ്ങിൽ ഇപ്പോൾ കൂട്ടുകാർ ക്യാരംസോ ചെസ്സോ കളിച്ചു തിമിർക്കുകയാവും …
അതോർത്തപ്പോൾ അവന്റെ കണ്ണിൽ കണ്ണുനീർ ഉരുണ്ടുകൂടി.
വേണ്ടായിരുന്നു…..അവധി വേണ്ടായിരുന്നു… അവൻ നെടുവീർപ്പിട്ടു …
ശൂന്യമായ മനസ്സോടെ അവൻ കുറച്ചു നേരം എ സി യുടെ മൂളൽ കേട്ട് കിടന്നു. പിന്നെ എന്തൊ പ്രചോദനം ഉൾകൊണ്ടപോലെ പതിയെ മുറിവിട്ടു മുറ്റത്തേക്കിറങ്ങി.
തെളിനിലാവിൽ ബോക്സറിന്റെ കൊട്ടാരം തിളങ്ങി നിൽക്കുന്നത് സ്വപ്‍നത്തിലെന്നപോലെ
അവൻ കണ്ടു .
പിന്നെ പതിയെ പട്ടിക്കൂട് തുറന്ന് , ബോക്സറിന്റെ മണം പേറുന്ന മെത്തയിൽ ചുരുണ്ടുകൂടിക്കിടന്ന് , മമ്മി സ്നഹേഹത്തോടെ തടവുന്നതും പപ്പാ കെട്ടിപ്പിടിച്ചു ഉമ്മവെക്കുന്നതും സ്വപ്നം കണ്ടു സുഖമായി അവനുറങ്ങി ….
************************************