കരിമിഴി

ഞാൻ കണ്മഷി.അണിയുന്നവരുടെ യുക്തിയും ഭാവനയും അനുസരിച്ചു വ്യത്യസ്തഭാവങ്ങൾ ആവാഹിക്കുന്നവൾ……..
എരിയുന്ന നിലവിളക്കിന്റെ മുഴുവൻ ചൂടും ഏറ്റുവാങ്ങി,ഒടുവിൽ എണ്ണമെഴുക്കിന്റെ സ്നിഗ്ധതയിൽ അലിഞ്ഞുചേരുമ്പോൾ എന്റെ മനസ്സിൽ ഉരുത്തിരിഞ്ഞ ഒരു സ്വപ്നം
ഉണ്ടായിരുന്നു…….അവളുടെ കണ്ണുകളുടെ അഗാധതയിൽ ഒളിച്ചുകളിക്കുക!
പ്രണയിക്കുമ്പോൾ ഒരു വെള്ളാമ്പൽ പൂവുപോലെ കൂമ്പിപ്പോകുന്ന ആ കണ്ണുകളിൽ ആലസ്യത്തോടെ ഞാൻ മയങ്ങിക്കിടന്നു…..
കോപിക്കുമ്പോൾ കനലുകൾ എരിയുന്ന കണ്ണുകളുടെ തീഷ്ണത എന്നെ പൊള്ളിച്ചെങ്കിലും
അതെനിക്കൊരു ലഹരി ആയിരുന്നു…….
ചിരിക്കുമ്പോൾ ആ കണ്ണുകളിലെ നക്ഷത്ര കുരുന്നുകൾക്കൊപ്പം ഞാനും തുള്ളിക്കളിച്ചു….
കരയുമ്പോൾ വജ്രശോഭ വിതറുന്ന നീര്തുള്ളികളേന്തിയ അവളുടെ മിഴികളിൽ
ഒഴുകിപ്പോകാതെ ഞാൻ ഒട്ടിപ്പിടിച്ചിരുന്നു……
കുറുമ്പ് നിറയുമ്പോൾ ആ നയനങ്ങളുടെ പീലിത്തിളക്കത്തിൽ ഞാൻ ചഞ്ചലചിത്തയായി
ഒളിച്ചുകളിച്ചു……..
എന്റെ ജന്മസാഫല്യം ഇവിടെയാണ്‌…..ഈ കരിമിഴികളിൽ…..കരിമിഴികളിൽ മാത്രം!!!

Scroll to Top