റയിൽവേസ്റ്റേഷനു മുൻപിൽ ഡ്രോപ്‌ചെയ്തു, ക്ലബ് മീറ്റിംഗിന് ലേറ്റാകുന്നതിനെക്കുറിച്ചു പരാതി പറഞ്ഞു ധൃതിയിൽ കൃഷ്ണപ്രസാദ് തിരിച്ചുപോയപ്പോൾ മാനസിക്കൊട്ടും വിഷമം തോന്നിയില്ല. അയാൾ എന്നും അങ്ങനെതന്നെ ആയിരുന്നുവല്ലോ.
ഭാരമുള്ള ലഗേജ് പകുതി എടുത്തും ബാക്കി വലിച്ചിഴച്ചും നടക്കുന്നതിനിടയിലാണ് ഒരു പിൻവിളി ഉണ്ടായതു. അതും വര്ഷങ്ങള്ക്കുമുന്പ് കോളേജിൽ തനിക്കുണ്ടായിരുന്ന ഓമനപ്പേര്….
രണ്ടു നിമിഷം പകച്ചു നിൽക്കേണ്ടി വന്നു . ആളെ ഓർത്തെടുക്കാൻ..
” ബാലചന്ദ്രൻ…ബാലു…അല്ലേ ?”
” ഹോ ഭാഗ്യം…തിരിച്ചറിഞ്ഞുവല്ലോ ..” ബാലു പറഞ്ഞു.
” തനിക്കു ഒരു മാറ്റവുമില്ല…അല്പംകൂടി തടിച്ചു, ഒരു കണ്ണടയൊക്കെ ഫിറ്റുചെയ്തു, മുടി അവിടെയും ഇവിടെയുമൊക്കെ നരച്ചുവെന്നതൊഴിച്ചാൽ…..”
ആഹ്ലാദം നിറഞ്ഞു തുളുമ്പിയിരുന്നു ആ വാക്കുകളിൽ.
” ആട്ടെ , ഇതെങ്ങോട്ടാ പെട്ടിയും ഭാണ്ഡവുമൊക്കെത്തൂക്കി ? മിസ്റ്റർ എവിടെ ? “
ബാലചന്ദ്രൻ ചോദിച്ചു.
ഉള്ളിലുള്ള ജാള്യം മറച്ചുവെച്ചു,പഴയ താമശക്കാരിയാകാൻ ശ്രമിച്ചുകൊണ്ട് അവൾ പറഞു :
” നിർത്തി നിർത്തി ചോദിക്കൂ ….എന്നാലല്ലേ ഉത്തരം പറയാൻ പറ്റൂ “,
” താനൊട്ടും മാറിയിട്ടില്ലടോ…” പൊട്ടിചിരിച്ചുകൊണ്ടു അയാൾ പറഞ്ഞു.
” ഞാൻ ഒരു മാസത്തെ ട്രൈനിങ്ങിനു ബാങ്കളൂർക്ക് പോവുകയാണ് . കൃഷ്ണേട്ടൻ ദേ …ഓ ഇപ്പൊ പോയതേയുള്ളു. ആൾക്ക് ഒരു ഇമ്പോര്ടന്റ്റ് മീറ്റിംഗ്. കമ്പനി ജി.എം അല്ലേ . ലേറ്റാവാൻ പാടില്യാലോ …പിന്നെ ഒറ്റക്കുള്ള യാത്രയൊക്കെ എനിക്ക് പരിചയം തന്നെ….”
ഒറ്റ ശ്വാസത്തിൽ മാനസി പറഞ്ഞു നിർത്തി, അയാളുടെ മുഖത്തു നോക്കാതെ…
” കള്ളം പറയാൻ ഇവൾക്കിപ്പോഴും അറിയില്ല..”
ബാലചന്ദ്രൻ മനസ്സിലോർത്തു…
വഴിയിലിറക്കിവിട്ട് അസ്ത്രംപോലെ കാറു പാഞ്ഞുപോകുന്നതും ബദ്ധപ്പെട്ടു ലഗേജ് വലിച്ചിഴച്ചു ഇവൾ നടക്കുന്നതും കണ്ടിട്ടാണല്ലോ ഞാൻ ആളെ ശ്രദ്ധിച്ചതുതന്നെ ……
” ബാലു എന്താ ഇവിടെ ..?” മാനസി ചോദിച്ചു.
” മൈ ഗ്രേറ്റ് ഡാട്ടർ ഈസ് കംമിങ് ബൈ ബാംഗ്ലൂർ എക്സ്പ്രസ്സ് ആൻഡ് ഫോർച്ചുനേറ്റിലി ഓർ അൺഫോർച്ചുനേറ്റിലി ഇറ്റ് ഈസ് ലേറ്റ് ബൈ ടു അവേഴ്സ് …”
” രണ്ടു മണിക്കൂർ ലേറ്റൊ…. ദൈവമേ ….” മാനസി അറിയാതെ നെഞ്ചത്തു കൈവച്ചുപോയി.
” താൻ വറീഡ് ആവണ്ടടോ …സീറ്റുകണ്ടുപിടിച്ചു കയറ്റിവിടുന്നകാര്യം ഞാനേറ്റു … ബൈ ദ ബൈ ഇവിടെ നിന്നിങ്ങനെ കത്തി വയ്ക്കാതെ നമുക്കൊരോ കാപ്പി കുടിച്ചാലോ ?..”
പ്രതീക്ഷയോടെ ബാലചന്ദ്രൻ മാനസിയെനോക്കി ….
” വേണ്ട ബാലു ഈ ലഗേജുമൊക്കെയായി ” അവൾ ഓഫർ നിരസിച്ചു.
“അതൊന്നും സാരമില്ല…ഞാനെടുത്തോളം..” പറയുകയും ഒപ്പം ബാഗുമെടുത്തു മുമ്പേ നടക്കുകയും ചെയ്തു അയാൾ..
‘ കഫെടാക്കിലെ ‘ അരണ്ട വെളിച്ചത്തിൽ മേശക്കിരുവശത്തുമായി അവരിരുന്നു.
” രണ്ടു ചോക്കലേറ്റ് കോഫി ” ബാലചന്ദ്രൻ ഓർഡർ ചെയ്തു.
” കുട്ടികൾ ?”
മുന്നിലിരിക്കുന്ന മെനു കാർഡ് വെറുതെ തിരിച്ചും മറിച്ചും നോക്കിക്കൊണ്ടിരുന്ന മാനസിയോട് അയാൾ ചോദിച്ചു.
” രണ്ടുപേർ…മൂത്തവൻ എം.ബി.ബി.എസ് മൂന്നാം വര്ഷം, ഹോസ്റ്റലിലാണ് . ഇളയവൾ പത്തിൽ. ഇവിടെ സെന്റ് ആന്റണീസിൽ ..”
” വീട്ടിൽ മറ്റാരെങ്കിലും ? “
” നോ..ഇൻലാസ് എല്ലാം നാട്ടിലാണ്. ഒരു സെർവന്റുണ്ട്..”
” അപ്പൊ ഇനി ഒരുമാസം കുട്ടി തനിയെ അല്ലേ ?
അതെയെന്ന് മാനസി തലയാട്ടി. പിന്നെ പറഞ്ഞു :
” ട്രെയിനിങ് കഴിഞ്ഞാലുടൻ എനിക്ക് പ്രൊമോഷൻ പോസ്റ്റിങ്ങ് ആകും. അതൊരുപക്ഷേ കേരളത്തിന് പുറത്തേക്കുമാകാം “
” ഈ പ്രൊമോഷൻ തനിക്കൊരു മസ്റ്റ് ആണോ ?..”
” അല്ല… പക്ഷെ കൃഷ്ണേട്ടനെ സംബന്ധിച്ച് ….പണം…. പൊസിഷൻ…സ്റ്റാറ്റസ് …ഒക്കെ നോക്കാതെ വയ്യ .
” ആർക്കുവേണ്ടി..?”
പെട്ടന്ന് ബാലചന്ദ്രൻ ക്ഷുഭിതനായി .
” വഴി തെറ്റിപ്പോകുന്ന കുഞ്ഞുങ്ങൾക്കുവേണ്ടിയോ?
അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു.,
പോക്കറ്റിൽനിന്നും കർച്ചീഫെടുത്തു കഴുത്തും മുഖവും അമർത്തിതുടച്ചുകൊണ്ടു അയാൾ പറഞ്ഞു….”ഞാൻ എന്റെ അനുഭവം ഓർത്തുപോയി … അയാം റിയലി സോറി മനു. തനിക്കറിയാമോ..പതിനാലു വർഷമായി എന്റെ ഭാര്യ മരിച്ചിട്ട്. രണ്ടു പെൺകുട്ടികളാണെനിക്ക് . ഗൾഫിലുണ്ടായിരുന്ന എന്റെ ഉയർന്ന ജോലി ഞാൻ ഉപേക്ഷിച്ചതു അവർക്കുവേണ്ടിയാണ്… എന്നിട്ടും ഒരമ്മയുടെ കുറവുനികത്താൻ എനിക്കായില്ല., കണ്ണും കാതും കൂർപ്പിച്ചു കാവലിരുന്നിട്ടും എന്റെ ഒരു മകളെ ആരുമില്ലാത്ത നേരം നോക്കി ബന്ധത്തിൽപെട്ട ഒരുത്തൻതന്നെ അപമാനിക്കാൻ തുനിഞ്ഞു. മനംനൊന്തു അവൾ ആത്മഹത്യക്കുപോലും ശ്രമിച്ചു.
ഇന്നവൾ എയർ ഹോസ്റ്റസ് ആണ് . രണ്ടാമത്തവൾ ബി എസ്സി നഴ്‌സിംഗിനും . കുട്ടികൾക്കെന്തെങ്കിലും വന്നു പെട്ടാൽ പിന്നെ …
ഗദ്ഗദമടക്കാൻ പാടുപെട്ടു അയാൾ ചുണ്ടുകൾ കടിച്ചു പിടിച്ചു.. മാനസിക്കു വല്ലാത്ത കുറ്റബോധം തോന്നി….
ഒരമ്മയായിട്ടും താനിങ്ങനെ ചിന്തിച്ചില്ലല്ലോ…കൃഷ്ണേട്ടനാകട്ടെ തന്റെയോ മോളുടെയോ കാര്യങ്ങളൊന്നും ശ്രദ്ധിക്കാൻ നേരമില്ലതാനും… അപ്പോൾപിന്നെ… താൻകൂടി അടുത്തില്ലെങ്കിൽ … പ്രായമായ തന്റെ മകൾ …..
വയ്യ …അവളുടെ ഭാവിയും സന്തോഷവും ബലികൊടുത്തു തനിക്കൊരു പൊസിഷനും വേണ്ട ….സ്നേഹത്തിനും വാല്സല്യത്തിനും പകരം മറ്റൊന്നുമില്ല…..അതെ, അതുതന്നെയാണ് ശരി . ഏകാന്തതയുടെ തുരുത്തിലേക്കു ആ കുരുന്നിനെ വലിച്ചെറിയാൻ വയ്യ….
എല്ലാത്തിനും ഒരു ഉത്തരംകിട്ടിയതുപോലെ അവൾ ബാലചന്ദ്രനെ നോക്കി ചിരിച്ചു.
“സമയം പോയതറിഞ്ഞില്ല. സ്പീഡപ് മാനസി…ട്രെയിൻ വരാറാകുന്നു..”
വെപ്രാളത്തോടെ വാച്ചിൽ നോക്കി എയർബാഗ് തോളിൽ തൂക്കി അയാൾപടികളിറങ്ങി.
” ഒരു മിനിറ്റു ബാലു ….ഞാൻ വീട്ടിലേക്കു തിരിച്ചുപോയാലോ എന്നാലോചിക്കുകയാണ് …”
അവൾ കള്ളചിരിയോടെ പറഞ്ഞു.
” അത്…ഞാൻ മറ്റൊന്നും ഉദ്ദേശിച്ചു ….”
അയാൾ വേവലാതിയോടെ പറഞ്ഞു.
” ഈ സമയത്തു തനിയെ.. ഇരുട്ടിത്തുടങ്ങിയല്ലോ മാനസി .. മാത്രമല്ല മിസ്റ്ററിനോട് എന്ത് പറയും ? “
” ദാറ്റ് ഐ വിൽ മാനേജ്… എനിക്ക് ഒരു പ്രീപെയ്ഡ് ഓട്ടോ പിടിച്ചു തന്നാൽ മതി….” പേഴ്സിൽനിന്നും വിസിറ്റിംഗ് കാർഡെടുത്തു അയാൾക്കു നീട്ടി മാനസി പറഞ്ഞു.:
‘” വരണം….മകളെയും കൂട്ടി..”
” വിത്ത് പ്ലഷർ ” അയാൾകൈ വീശി….
റൗണ്ട് ചുറ്റിക്കറങ്ങി ഓവർബ്രിഡ്ജിലെത്തിയപ്പോൾ , താഴെ ബാംഗ്ലൂർ എക്സ്പ്രസ്സ് ചീറിപ്പാഞ്ഞുപോകുന്നത് അവൾ നിറഞ്ഞ മനസ്സോടെ ഓട്ടോയിലിരുന്നു കണ്ടു.
പിന്നെ മനസ്സിൽ പാടി …
” കു കു കൂകും തീവണ്ടി…കൂകിപ്പായും തീവണ്ടി …..”
**************************