വയൽവരമ്പിലൂടെ ഇടംവലം നോക്കാതെ ഓടുകയായിരുന്നു ഇട്ടിണ്ടൻ . നേരം ശ്ശി ആയിരിക്കുന്നു . വഴിക്കണ്ണുംനട്ടിരുന്നു തേന്മൊഴി മെല്ലെ വിതുമ്പാൻ തുടങ്ങിയിരിക്കും.
അതോർത്തപ്പോൾ നെഞ്ചിലൊരാന്തലാനുണ്ടായതു ..എന്ത് ചെയ്യാം …?
പണിയവസാനിപ്പിച്ചു , കൈക്കോട്ടും കഴുകിവച്ചു കൂലിക്കായി കൈ നീട്ടുമ്പോഴാണ് കൊച്ചേമാന്റെ കല്പന : ‘പശുത്തൊഴുത്തുകൂടി കഴുകിയിട്ടു പോയാ മതി ‘ എന്ന് ..!
ദേഷ്യം പെരുവിരൽ മുതൽ തലനാരിഴവരെ പെരുത്ത്കേറിയതാണ് . വല്ലതും മറുത്തു പറയാനൊക്കുമോ….?
മനസ്സില്ലാമനസ്സോടെ ചൂലുമെടുത്തു തൊഴുത്തിലേക്കു നടക്കുമ്പോൾ മനസ്സുനിറയെ തേന്മൊഴിയുടെ രൂപമായിരുന്നു…..വെളുത്തു മെലിഞ്ഞ , വലിയകണ്ണുകളുള്ള , നെറ്റിമുഴുവൻ പടർന്നുകിടക്കുന്ന സിന്ദൂരപ്പൊട്ടു തൊടുന്ന കൊച്ചു സുന്ദരി…!…
തമാശക്കാണെങ്കിലും, തന്നെപോലെ ഒരു മുള്ളൻ പന്നിക്ക് എവിടെന്ന് കിട്ടിയെടാ ഈ ‘ചക്കരതുണ്ടിനെ ?’ എന്ന് കൊച്ചേമാൻ ചോദിച്ചത് ഒട്ടും ഇഷ്ടപ്പെട്ടിട്ടല്ല താൻ ഇളിച്ചു കാട്ടിയത് , പണിയെടുപ്പിച്ചിട്ടായാലും വൈകുന്നേരം കിട്ടുന്ന കൃത്യമായ കൂലിയെപ്പറ്റി ഓർത്തപ്പോൾ തികട്ടിയെത്തിയ ദേഷ്യം വിഴുങ്ങേണ്ടിവന്നു എന്ന് മാത്രം.
പൊണ്ടാട്ടി ചിരിക്കുന്നതും നോക്കി ഇരിക്കുന്നതാണ് ഇട്ടിണ്ടന് ഏറ്റവും ഇഷ്ടമുള്ള വിനോദം. അവൾ മുത്തുപോലുള്ള പല്ലുകൾ കാട്ടി ചിരിക്കുമ്പോൾ ഇട്ടിണ്ടന് തന്റെ ഇഷ്ട ദേവതയായ ചിങ്ങന്കര ഭഗവതി ചിരിക്കുന്നതായി ആണ് തോന്നുക .. സ്നേഹത്തേക്കാളേറെ ഭക്തി കലർന്ന ഒരുതരം ആരാധനാ ആയിരുന്നു തേന്മൊഴിയോട്…
ചേരിയിലെ തന്റെ ഒറ്റമുറിക്കുടിലിൽ തന്നാൽ ആവുന്നതെല്ലാം അയാൾ തേന്മൊഴിക്കായി ചെയ്തു കൊടുത്തു . മോന്ത നോക്കുന്ന കണ്ണാടിയും വാസന സോപ്പും കുപ്പിവളകളും എന്തിനേറെ യെശമാനത്തികൾ പൂശുന്നതരം സെന്റുപോലും അവൾക്കു വാങ്ങി കൊടുത്തു.
എന്നുട്ടും ചിലപ്പോഴൊക്കെ തേന്മൊഴിയുടെ മുഖത്തുകണ്ട വിഷാദഭാവം ഇട്ടിണ്ടനെ വല്ലാതെ നൊമ്പരപ്പെടുത്തി.
ഇനി കറുത്തുരുണ്ട, പല്ലുന്തിയ, മുണ്ടനായ തന്നെ അവൾക്കു ബോധിച്ചില്ല എന്നുണ്ടോ . അക്കാര്യം ഓർക്കാൻ തന്നെ ധൈര്യപ്പെട്ടില്ല ഇട്ടിണ്ടൻ .
ഒരു ചുട്ടിത്തോർത്തും ചുറ്റി , തന്നോളം പോന്ന കൈക്കൊട്ടുമേന്തി കിഴക്കു വെള്ളകീറുന്നതിനു മുൻപുതന്നെ പണിക്കിറങ്ങും ഇട്ടിണ്ടൻ . ഒരു കലാകാരന്റെ സൗനര്യബോധത്തോടെ പറമ്പു കിളക്കുന്ന മറ്റൊരു പണിക്കാരനെയും അന്നാട്ടുകാർ കണ്ടിട്ടുണ്ടാവില്ല .
വിയർപ്പിൽ കുതിർന്ന ചുട്ടിത്തോർത്തും ധരിച്ചു അന്തിക്ക് വീടണയുന്ന അയാൾ കൈക്കോട്ടുമായി നേരെ കിണറ്റിങ്കരയിലേക്കാണ് പോവുക. കുളികഴിഞ്ഞുവന്നാലുടൻ തേന്മൊഴി പിഞ്ഞാണത്തിൽനിറയെ ചൂട്കഞ്ഞിയും ചേമ്പ് പുഴുക്കും തേങ്ങാചുട്ടരച്ച , എരിവുള്ള സമ്മന്തിയും വിളമ്പും.
പൊണ്ടാട്ടിയും ഒപ്പം അത്താഴത്തിനിരിക്കണമെന്നു ഇട്ടിണ്ടന് നിർബന്ധമാണ് . അത്താഴത്തിനിടയിലാണ് ഇട്ടിണ്ടൻ പൊണ്ടാട്ടിയെ നാട്ടുവിശേഷങ്ങൾ പറഞ്ഞു കേൾപ്പിക്കുക . ഓരോന്നും പൊടിപ്പും തൊങ്ങലും വച്ച് അയാൾ പറയുന്നത് കേൾക്കുമ്പോൾ തേന്മൊഴി കുലുങ്ങി കുലുങ്ങി ചിരിക്കും.,
എങ്കിലും അവളുടെ കണ്ണുകൾ, ഇട്ടിണ്ടന്റെ കൈകളിലെയും നെഞ്ചിലേയും ഉരുണ്ടു കളിക്കുന്ന ദൃഢമായ മസിലുകളിലായിരിക്കും . ഒരിക്കലെങ്കിലും അവയുടെ കരുത്തിൽ എരിഞ്ഞമരാൻ അവൾ അതിയായി ആഗ്രഹിച്ചു. പക്ഷെ ഈ വക ചിന്തകളൊന്നും തൊട്ടുതീണ്ടാത്ത ഇട്ടിണ്ടൻ , അത്താഴം കഴിഞ്ഞു, പാത്രം മോറിവെച്ചു തേന്മൊഴി എത്തുബോഴേക്കും , എരുമ മുക്രയിടുന്ന ശബ്ദത്തിൽ കൂർക്കം വലിച്ചു തുടങ്ങിയിരിക്കും .
മെരുങ്ങാത്ത കുതിരയെപ്പോലെ കുതിച്ചോടുന്ന മനസ്സിനെ കടിഞ്ഞാണിട്ട് നിർത്തിക്കൊണ്ട്, അറിയാത്ത എന്തോ ഒരു അസ്വസ്ഥതക്കു വശംവദയായതുപോലെ , എത്ര ശ്രമിച്ചിട്ടും ഉറങ്ങാനാവാതെ , പായയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിക്കും തേന്മൊഴി.
” നിനക്ക് വിശേഷം ഒന്നും ആയില്ല്യോടി …? “
രഹസ്യമായി അയൽവക്കത്തെ ചോതിത്തള്ള ചോദിച്ചപ്പോൾ തേന്മൊഴി വല്ലാതെ പിടഞ്ഞുപോയി … നിഷേധാർത്ഥത്തിൽ തലയാട്ടിക്കൊണ്ടു, തല കുനിച്ചു നിൽക്കാനേ അവൾക്കു കഴിഞ്ഞുള്ളു …..
” ഇപ്പോഴത്തെ പെങ്കൊച്ചുങ്ങളുടെയൊക്കെയൊരു കാര്യമേ, കൊച്ചേ ,പേറേണ്ട സമയത്തു
പെറണം. ഒന്നിനെ വിരൽത്തുമ്പത്തും, വേറൊന്നിനെ ഒക്കത്തും ഇനിയൊന്നിനെ വയറ്റിലും ഇട്ടോണ്ടുനടന്നിട്ടുണ്ട് ഈ ചോതി. അതിന്റെ സൊകാം അനുഭവിച്ചാലേ അറിയൂ . മച്ചിയായിട്ടു ജീവിച്ചിരുന്നിട്ട് കാര്യമില്ല പെണ്ണേ …..”
ഇക്കാര്യത്തിൽ തനിക്കറിയാവുന്ന ജ്ഞാനം മുഴുവൻ ഒറ്റ ശ്വാസത്തിൽ വിളമ്പി, ചോതിത്തള്ള തേന്മൊഴിയെ കൃത്രിച്ചു നോക്കി.
പെണ്ണിന്റെ വിടർന്ന കണ്ണുകളിൽനിന്നു നീര്മണികൾ ഉരുണ്ടു വീഴുകയും ഇടനെഞ്ചു കുലുങ്ങിവിറക്കുകയും ചെയ്യുന്നത് കണ്ടപ്പൊഴാണു ചോതിതള്ളക്ക് മനസ്സിലായത്, അവൾ വിഷമം ഉള്ളിൽ അടക്കുകയായിരുന്നുവെന്നു .
എട്ടു പെറ്റ വയറിന്റെ ഉടമയായ തള്ളക്കു അത് കണ്ടിട്ട് സഹിച്ചില്ല. അലിവോടെ അവർ തേന്മൊഴിയുടെ തലയിൽ തലോടി.
” നീ വിഷമിക്കാനെക്കൊണ്ടൊന്നും പറഞ്ഞതല്ല …സ്വന്തം കൊച്ചിനെ പെറ്റു കാണണമെന്ന് അവനും കാണില്ലേ ആശ.. ആണുങ്ങളെ വരുതിക്കുനിർത്തുന്നതെ പെണ്ണിന്റെ മിടുക്ക് കോച്ചേ . കുറെ നാള് കഴിയുമ്പം അവനു നിന്നോടുള്ള പൂതിയൊക്കെയങ്ങു തീരും. അന്നേരം, വേറൊന്നിനെ തിരക്കി ആ വഴിക്കങ്ങുപോകാതിരിക്കണമെങ്കിൽ അവന്റെ കൊച്ചിനെ പെറ്റിട്ടുകൊടുത്തു ബന്ധം ഉറപ്പിക്കണം. നീ ഒരു മണ്ടി … അല്ല നിന്നെ പറഞ്ഞിട്ടും കാര്യമില്ല …സമയത്തിന് കോണദോഷിക്കാൻ നിനക്കാരുമില്ലല്ലോ “
ചോതിത്തള്ള മടിക്കുത്തിൽനിന്നും മുറുക്കാൻപോതി എടുത്തു നിവർത്തു .
തേങ്ങലമർത്തിപ്പിടിച്ചുകൊണ്ട് തേന്മൊഴി ചോദ്യഭാവത്തിൽ ചോതിതള്ളയെനോക്കി. ആകെയുളള രണ്ടു അണപല്ലിനിടയിലിട്ടു പാക്കിൻകഷണം ഉരുട്ടിപ്പിടിക്കുകയായിരുന്ന ചോതിത്തള്ള തേന്മൊഴിയുടെ അഴകുറ്റ കാർകൂന്തലിൽ വാത്സല്യത്തോടെ തലോടി.
നെഞ്ചിൽ പേറിനടന്ന ഭാരം ഇറക്കിവെക്കാൻ ഒരു അത്താണി കണ്ടെത്തിയ ആശ്വാസത്തിലായിരുന്നു തേന്മൊഴി.
അവൾ പറഞ്ഞതെല്ലാം മൂളിക്കേട്ടുകഴിഞ്ഞപ്പോൾ ചോതിതള്ളയുടെ പഴമനസ്സിൽ ഒരാശയം തെളിഞ്ഞു വന്നു. അവരതപ്പോൾത്തന്നെ തേന്മൊഴിയോട് പറയുകയും ചെയ്തു.
അന്ന് മൂവന്തിക്ക് ഇട്ടിണ്ടനെത്തുമ്പോൾ കുടിയിൽ വിളക്കു തെളിഞ്ഞിട്ടില്ല… “തേനേ..” എന്ന് വിളിച്ചുകൊണ്ടു മുറിയിലേക്ക് കടന്നുവന്ന ഇട്ടിണ്ടനു കെട്ടിയോളുടെ കിടപ്പു കണ്ടപ്പോഴേ നെഞ്ചു കലങ്ങി.
നിലത്തുവിരിച്ച പായിൽ കമന്നുകിടന്ന് ഏങ്ങലടിച്ചു കരയുന്ന പൊണ്ടാട്ടിക്കരികിൽ എന്തുചെയ്യണമെന്നറിയാതെ ഇട്ടിണ്ടൻ നിന്നു. എന്തൊക്കെ ചോദിച്ചിട്ടും വിതുമ്പലിന്റെ ആക്കം കൂടിയതല്ലാതെ തേന്മൊഴി ഒന്നും മിണ്ടിയില്ല.
പരിഭ്രാന്തിയോടെ ഇട്ടിണ്ടൻ പൊണ്ടാട്ടിയുടെ തോളിലൊന്ന് കൈ വച്ചു . ആ
നിമിഷത്തിനുവേണ്ടി കാത്തിരുന്നതുപോലെ , ഒരു കാട്ടുതീയായി തേന്മൊഴി അയാളിലേക്ക് ആളി പടർന്നു….
മനസ്സിൽ സൂക്ഷിച്ച ദേവി വിഗ്രഹം ഒരു നിമിഷംകൊണ്ട് കത്തിയമരുന്നത് ഇട്ടിണ്ടനറിഞ്ഞു .
*************************