ആത്മബന്ധങ്ങൾ

ശങ്കുപുഷ്പ്പങ്ങൾ വാരി വലിച്ചു ചുറ്റിയ വേലിത്തലക്കലേക്കു ഓരോന്ന് ഓടി കയറുന്നതു അയാൾ കൗതുകത്തോടെ നോക്കി നിന്നു .

രോമാവൃതമായ മാറിലൂടെ വെറുതെ വിരലോടിച്ചുകൊണ്ടിരുന്ന അയാൾ പെട്ടെന്ന് പൊക്കിൾച്ചുഴി പൊത്തിപ്പിടിച്ചു .

പൊക്കിൾച്ചുഴിയിലൂടെ ചോര ഊറ്റി കുടിക്കുന്ന ഓന്തത്താന്മാർ …?

മറവിയുടെ അണക്കെട്ടുകൾ തള്ളിതകർത്തു ഗതകാലസ്മരണകൾ അയാളുടെ മനസ്സിലേക്ക് ഊർന്നിറങ്ങി .

പറങ്കിമാവിൻ ചുവട്ടിലൂടെ , അഴിഞ്ഞുവീഴാൻ തുടങ്ങുന്ന നിക്കറിന്റെ അറ്റം ഒരുകൈകൊണ്ടു കൂട്ടിപ്പിടിച്ചു ,മറുകൈയിൽ നിറയെ പഴുത്തുകിനിഞ്ഞ പറങ്കിമാബഴങ്ങളുമായി പായുന്ന പഴയ രാമനുണ്ണിയുടെ ചിത്രം അയാളുടെ കണ്ണിൽ തെളിഞ്ഞു വന്നു.

“ഓപ്പോളേ …” മാഞ്ചുവട്ടിൽവച്ചേ തൻ കൂകി വിളിക്കാൻ തുടങ്ങിയിട്ടുണ്ടാവും …

അത് കേട്ടപാടെ പാവാടത്തുമ്പു ഉയർത്തി കൈയും മുഖവും തുടച്ചുകൊണ്ട് ഓപ്പോൾ ഇറങ്ങിവരും..

“എന്താടാ കുട്ടിക്കുറുമ്പാ …”

ഓപ്പോൾ എന്നും അങ്ങനെയാണ് എന്നെ വിളിച്ചിരുന്നത് .

“നിക്കൊരു തുമ്പിയെ പിടിച്ചു തര്വോ ?”

“എന്തിനാടാ കല്ലെടുപ്പിക്കാനാ ? കഷ്ടമുണ്ട് കേട്ടോ , നരകത്തി ചെല്ലുമ്പ നമ്മളേം തലകീഴായി തൂക്കിയിട്ടു മലപോലത്തെ കല്ലെടുപ്പിക്കും…”

ഓപ്പോൾ വിരട്ടും…

പേടിച്ചരണ്ട് താൻ പറയും :..

” നിക്ക് സ്വർഗത്തി പോയാമതി..”

ഓട്ടുമൊന്ത തേച്ചുമിനിക്കി ക്ലാവുമണംപിടിച്ച കൈകൾകൊണ്ട് ഓപ്പോൾ തന്നെ ചേർത്ത് പിടിച്ചു തലയിൽ തടവും :

” നല്ലതുചെയ്താൽ ന്റെ കുട്ടി സ്വർഗ്ഗത്തിലെ പൂവൂ ..”

സന്തോഷത്തോടെ താൻ വച്ച് നീട്ടുന്ന പറങ്കിമാമ്പഴം ഈമ്പിക്കുടിച്ചുകൊണ്ടു ഓപ്പോളും ഒപ്പംകൂടും, തൊടിയിലൂടെ ചുറ്റിയടിക്കാൻ..

അണ്ണാറക്കണ്ണന്മാരെ കാണുമ്പോഴേ തനിക്കു ഹാലിളകുമായിരുന്നു.

” ഉണ്ണിക്കു തിന്നാനുള്ള പേരക്കേം ചാമ്പങ്ങായും ഒക്കെ ഇവർ ചപ്പിയിടും … കൊല്ലും ഞാൻ…” പറയുകമാത്രമല്ല കല്ലെടുത്തു ഉന്നംവെച്ചു നല്ല ഏറും കൊടുക്കുമായിരുന്നു താൻ …ഒപ്പോളാണുപറഞ്ഞതു ശ്രീരാമൻ ദൈവത്തിന്റെ കൂട്ടുകാരനാണത്രേ അണ്ണാറക്കണ്ണൻ !

അതോടെ തന്റെ അണ്ണൻ വേട്ടയാടലും നിന്നു .

പക്ഷെ ഒരു ഉപദ്രവവും ചെയ്യാതിരുന്നിട്ടും എന്തിനാ പൊക്കിൾച്ചുഴിയിലൂടെ ഈ ഓന്ത്ത്തൻ ചോര വലിച്ചുകുടിക്കുന്നതെന്നുമാത്രം എത്ര ചോദിച്ചിട്ടും ഓപ്പോൾ പറഞ്ഞു തന്നില്ല.

“: നിക്കറിയില്യ…അമ്മ്യാര് പറഞ്ഞതാ …” എന്ന് മാത്രം കിട്ടി മറുപടി…

എന്തായാലും നോക്കിനിൽക്കേ പച്ചയും ചുവപ്പും തവിട്ടുനിറവുമൊക്കെയാവുന്ന ഓന്തച്ചാരെ

തനിക്കു പേടിയായിരുന്നു.

‘കര കര’ ശബ്ദത്തോടെ ഗേറ്റ് തുറക്കുന്നതുകേട്ടു അയാൾ ചിന്തയിൽനിന്നു ഉണർന്നു..

സ്ഥല ബ്രോക്കർ വേലുപ്പിള്ളയാണ്…

“അര മണിക്കൂറിനകം അവരിങ്ങെത്തും…എന്നെ വിളിച്ചിരുന്നേയ് …

വെറ്റിലക്കറ പുരണ്ട പല്ലു പുറത്തുകാട്ടി അയാൾ ചിരിച്ചു :

” എന്ത് കാഫലൊള്ള മരങ്ങളാരുന്നേ , ഒക്കെ നോട്ടപ്പിശകുകൊണ്ട് നശിച്ചു…”

വൃക്ഷത്തലപ്പിലേക്കുനോക്കി , തോളിൽക്കിടന്ന തോർത്തെടുത്തു വീശി വിയർപ്പാറ്റികൊണ്ടു വേലുപ്പിള്ള പറഞ്ഞു.

“ശരിയാണ് ” അയാൾ മനസ്സിൽ പറഞ്ഞു.

മഹാനഗരത്തിലെ തിക്കിലും തിരക്കിലുംപെട്ട് , എന്തൊക്കയോ വെട്ടിപ്പിടിക്കാമെന്ന അതിമോഹത്തിൽ പെട്ടുഴലുമ്പോൾ നഷ്ടപെട്ടതെന്താണെന്നു തിരിച്ചറിയാൻ കഴിഞ്ഞില്ല …

” വില ലേശം ജാസ്തിയാണെന്ന് അഭിപ്രായം ഉണ്ടേയ് ..”

വേലുപ്പിള്ള പറഞ്ഞു നിർത്തി.

പിന്നെ അയാളുടെ പ്രതികരണത്തിനായി ഒരു നിമിഷം കാത്തു .

” ഇല്ല, വേണ്ട , ഒട്ടും അങ്ങട് താഴണ്ട … ഇതൊക്കെ അങ്ങട് ഇടിച്ചു നിരത്തി മാർബിൾ കൊട്ടാരം പണിയാൻ ആണേ …ഫോറിൻ പണം നല്ലോണം ഉണ്ടേ …” വേലുപ്പിള്ള ചിരിച്ചു.

അരുതാത്തതെന്തോ കേട്ടതുപോലെ രാമനുണ്ണി ഞെട്ടി വിറച്ചു. ദീനതയോടെ അയാൾ നാലുകെട്ടിലേക്കു തിരിഞ്ഞു നോക്കി.

” മോനെ ഉണ്ണിക്കുട്ടാ… ” അകത്തളത്തിലെവിടെയോനിന്നു അമ്മയുടെ തേങ്ങൽ കേൽക്കുന്നുവോ …?.

” കുട്ടിക്കുറുമ്പാ ..”

തൊടിയിലെവിടെയോനിന്നു ഓപ്പോളുടെ സ്വരം മറ്റൊലികൊള്ളുന്നുണ്ടോ ..?

തന്റെ ശ്വാസനിശ്വാസങ്ങളിലലിഞ്ഞുചേർന്ന , സ്വപ്നങ്ങൾക്ക് ചിറകു മുളപ്പിച്ച ഈ തറവാട് ഇടിച്ചു നിരത്താനോ ..?

ഇല്ല….ഒരിക്കലും ഇല്ല …പഴമയുടെയും ജീർണതയുടേയും ഗന്ധം ഒരു ലഹരിയായി തന്നെ പൊതിയുന്നത് അയാൾ തിരിച്ചറിഞ്ഞു..

ഉള്ളിന്റെയുള്ളിൽ താനിപ്പോഴും പഴയ നാട്ടിൻപുറത്തുകാരൻ തന്നെയാണെന്ന് അയാൾ തിരിച്ചറിഞ്ഞു .

അതിന്റെ ആഹ്ലാദത്തള്ളലിൽ , അങ്ങ് നഗരത്തിൽ, തന്റെ ഓഹരി വിറ്റു കിട്ടുന്ന കാശുകൂടിചേർത്തു ഭാര്യയും മക്കളും ചേർന്ന് വാങ്ങാനിരിക്കുന്ന കോൺക്രീറ്റു സൗധത്തെ

അയാൾ പാടെ മറന്നു പോയി.

പിന്നെ,അപരിചിതത്വത്തോടെ അയാൾ വേലുപ്പിള്ളയോട് ചോദിച്ചു :

” നിങ്ങളാരാ …? നിങ്ങൾക്കെന്താ ഇപ്പൊ വേണ്ടിയേ …..?

********************************

Scroll to Top