ആരാധിക.

”നിങ്ങൾ ഒരുകാര്യം അതി തീവ്രമായി ആഗ്രഹിച്ചാൽ അത് നിങ്ങൾക്കു നേടിത്തരാൻവേണ്ടി ഈ പ്രപഞ്ചം മുഴുവൻ ഗൂഢാലോചന നടത്തും” പൗലോ കൊയ്ലോയുടെ ഈ വരികൾ എത്രാമത്തെ തവണയാണ് വായിക്കുന്നതെന്ന് സരിതക്കു നിശ്ചയമുണ്ടായില്ല…

സെലസ്റ്റീൻ സാറിൻ്റെ മോട്ടിവേഷൻ സ്പീച്ചു കേട്ടതിനുശേഷം മനസ്സിലെപ്പോഴും തികട്ടിവരുന്നത് ഈ ഒരേ ഒരു സെൻ്റൻസാണ്.പക്ഷേ ,തീവ്രമായി എന്ത് ആഗ്രഹിയ്ക്കണം എന്നതിനെക്കുറിച്ച് ഉള്ളിൽ ഒരു രൂപരേഖയും ഇല്ലാതെപോയി! ഇനിയിപ്പം ആരോടാ ഒരഭിപ്രായം ചോദിയ്ക്കുക? കൂട്ടുകാരെന്നുപറഞ്ഞ് കൂടെ നടക്കുന്നോർക്കൊന്നും ഒരു ബോധവുമില്ല,പൊക്കണവുമില്ല. തമ്മിൽ ഭേദം താൻതന്നെ.

എന്നാലും….കൂട്ടിലിട്ട വെരുകിനെപ്പോലെ സരിത ,മനസ്സമാധാനമില്ലാതെ,മുറിക്കുള്ളിൽ പലചാൽനടന്നു.. …

“എന്തു പറ്റി? ശ്രീമതി ഇന്ന് വളരെ ഡിസ്റ്റർബ്ഡ് ആണല്ലോ..എനിപ്രോബ്ലം?”

ചാരിയിട്ടിരുന്ന വാതിൽ ,പാതി തുറന്ന് ,അകത്തേക്കു തലനീട്ടി സഖറിയ ചോദിച്ചു.

“ഓ…ഒന്നുമില്ലെന്നേ….എനിയ്ക്കൊരുകാര്യം പരീക്ഷിയ്ക്കണം. ..സഖറിയയ്ക്ക്അതിനൊന്നും ചെയ്യാനില്ല…”

‘എന്താ ,വല്ല കുക്കിംഗ് പരീക്ഷണമോ മറ്റോ ആണോ?എങ്കിൽ നേരത്തേ പറയണേ…ഞാൻ പുറത്തുപോയി വല്ലതും കഴിച്ചോളാം.. ..അത്താഴപ്പഷ്ണി കിടക്കാൻ വയ്യേ…” സഖറിയ ചിരിച്ചുകൊണ്ടു പറഞ്ഞു.

“പൊക്കോണം അവിടുന്ന്…ഇവിടെ എന്താക്കണമെന്നാലോചിച്ച് തല പെരുത്തിരിയ്ക്കുമ്പോഴാ ഒരു വളിച്ച തമാശ….”

സരിത ചൂടായി.

ഓ..ഇതെന്തോ സീരിയസ് പ്രശ്നമാണല്ലോ..സഖറിയ മനസ്സിൽ പറഞ്ഞു…

ആ വിമൻസ് ക്ലബ്ബുകാരു നടത്തിയ മോട്ടിവേഷൻ ക്ലാസ്സുകേട്ടതിൽപ്പിന്നെയാണ് ഇവൾക്കിത്ര മാറ്റം…ഇനി,തനിയ്ക്കെന്തെങ്കിലും പോരായ്കകളുണ്ടെന്ന് അവൾക്കു തോന്നിക്കാണുമോ?….

ഛേ..അതിനു വഴിയില്ല… പട്ടിക്കാട്ടിൽ കിടന്ന അവളെ,പട്ടണത്തിൽ,പത്തുപേർക്കൊപ്പം തലയുയർത്തി നില്കാൻ പ്രാപ്തയാക്കിയതേ തൻ്റെ ഒറ്റയൊരാളിൻ്റെ പരിശ്രമം കൊണ്ടാ…

മക്കളാണെങ്കിലും വിദേശത്ത് നല്ല നിലയിൽ കഴിയുന്നു.. ഇന്നോളം ഒന്നിനും ഒരു കുറവും വരുത്തിയിട്ടില്ല. പിന്നെന്താണാവോ അവൾക്കിങ്ങനെയൊരു ഭാവമാറ്റം?

മുറിയ്ക്കു പുറത്തു കുറച്ചുനേരം ചുറ്റിപ്പറ്റി നിന്നശേഷം,കിച്ചണിലേയ്ക്കുനടന്നു സഖറിയ. വൈകുന്നേരം ഐഡിയൽ സ്റ്റഡി സെൻ്ററിൽ ക്ലാസ്സെടുക്കാൻ പോകണം. കോളേജിൽ നിന്നും റിട്ടയറായ ശേഷം ,വെറുതേയിരിയ്ക്കണ്ട എന്നു കരുതി,സുഹൃത്തുനടത്തുന്ന സ്റ്റഡി സെൻ്ററിൽ വിസിറ്റിംഗ് പ്രൊഫസറായി വർക്കു ചെയ്യുകയാണിപ്പോൾ.കൃത്യനിഷ്ഠയിൽ കടുംപിടുത്തക്കാരനാണെന്നൊരു ഇമേജ്’ ഉള്ളതുകൊണ്ട് തോന്നുമ്പോൾ കയറിചെല്ലാനും വയ്യ…സരിതയെ നോക്കിയിരിക്കാതെ ,ചായയിട്ടു കുടിയ്ക്കുക തന്നെ…സഖറിയ ,സ്റ്റൗ കത്തിച്ചു,ചായയിടാൻ തുടങ്ങി.

സന്ധ്യയ്ക്കു സ്റ്റഡിസെൻ്ററിൽ നിന്നും മടങ്ങിവരുമ്പോൾ സരിത ടി.വി യുടെ മുന്നിലിരുന്ന് ടോം ആൻ്റ് ജെറി കാർട്ടൂൺ കാണുകയായിരുന്നു.

കൊടുങ്കാറ്റ് അടങ്ങിയെന്നു തോന്നുന്നു….സഖറിയമനസ്സിൽ പറഞ്ഞു. അയാൾക്കുനേരേ ഒരു തണുത്ത നോട്ടം നോക്കിയതല്ലാതെ,സരിത,ഇരുന്നിടത്തു നിന്ന് ഒന്നനങ്ങിയതുപോലുമില്ല…

പതിവുപോലെ,മേൽ കഴുകി, നൈറ്റ്ഡ്രസ്സുമിട്ട്, ലാപ്ടോപ്പുമായി സഖറിയ ഡ്രോയിംങ്റൂമിൽ വന്ന് ,സരിതയ്ക്ക് അഭിമുഖമായി ഇരുന്നു.

പൊടുന്നനെ,സരിത,ടി.വി ഓഫ്ചെയ്തു..എന്നിട്ട് സഖറിയയോട് ഒരുചോദ്യം….

“അപ്രത്തെ ലില്ലിചേച്ചിയാണോ ഞാനാണോ സ്മാർട്ട്?”

സഖറിയ ഞെട്ടിപ്പോയി…കർത്താവേ ഇതെന്നാ ചോദ്യമാ ഇവളു ചോദിയ്ക്കുന്നേ?

ഇതിനൊക്കെ ഞാനെന്നാ ഉത്തരമാ കൊടുക്കുക?

ഒരു നിമിഷം അന്തംവിട്ട്,ശ്വാസംമുട്ടിയതുപോലെ അയാളിരുന്നുപോയി.

“കാണാൻ സുന്ദരി ഞാനാണെന്നെനിയ്ക്കറിയാം…

ബാക്കികാര്യങ്ങളാ ഞാൻചോദിച്ചേ..”

“അതെനിയ്ക്കെങ്ങനെ അറിയാം?

അല്ല,നീ എന്താ ഉദ്ദേശിയ്ക്കുന്നേ?”

”ഞാനെത്ര പയറ്റീട്ടും അവർക്കു കിട്ടുന്നത്ര ബഹുമാനവും സ്നേഹവുമൊന്നും എനിയ്ക്കുകിട്ടുന്നില്ലെന്നേ..എനിയ്ക്കെന്താണൊരു കുറവ്?”

ആദ്യംനിൻ്റെ വളാവളാ വർത്തമാനം നിർത്ത് എന്നുപറയണമെന്നുണ്ടായിരുന്നു സഖറിയയ്ക്ക്…പക്ഷേ അതുമതി അടുത്ത സുനാമിക്ക്.

“ആ..എനിയ്ക്ക് അറിയാൻമേലാ…

നിങ്ങൾ പെണ്ണുങ്ങളുടെ കാര്യം നിങ്ങൾക്കല്ലേ അറിയാവുള്ളൂ..”സഖറിയ ഒന്നും പറയാതെ ഒഴിഞ്ഞുമാറി.

“എന്നാലും സഖറിയയുടെ അഭിപ്രായത്തിൽ എന്താണ് ഞങ്ങളു തമ്മിലുള്ള മെയിൻ വ്യത്യാസം? എന്തായാലും പറഞ്ഞോളൂന്നേ…”

” തെറ്റിദ്ധരിക്കില്ലെങ്കിൽ ഞാനൊരു സത്യം പറയാം…അവർക്കുള്ളത്രയും അടുക്കുംചിട്ടയുമൊന്നും തനിയ്ക്കില്ല…എല്ലാംഅവിടെയുമിവിടെയും വലിച്ചുവാരിയിട്ട്, ആരേലും വരുന്നതുകണ്ടാലുടൻ കൂന കൂട്ടിയിട്ടിരിയ്ക്കുന്ന മുഷിഞ്ഞ തുണികളുടെമേൽ ഒരു ബെഡ്ഷീറ്റും വിരിച്ചിട്ട്……

സത്യം പറയാലോ,എനിയ്ക്കു പോലും പലപ്പോഴും തന്നോട്’ ദേഷ്യം തോന്നിയിട്ടുണ്ട്…

പകൽ എന്തു മാത്രം സമയംകിട്ടും ഇതൊക്കെ അടുക്കിപ്പെറുക്കി വൃത്തിയാക്കി വയ്ക്കാൻ …ചെയ്യില്ല…അത്ര തന്നെ..”

”പിന്നെന്തിനാ പണിക്കാരത്തീനെ ഇവിടെ നിർത്തീരിയ്ക്കുന്നേ? ഇതൊക്കെ അവളല്ലേ ചെയ്യേണ്ടേ?

അതിൻ്റെയും കുറ്റം എനിയ്ക്കാണോ?..പറ…”

“ഈ വീടേ നമ്മുടേതാ..അതുവൃത്തിയാക്കി വയ്ക്കേണ്ടതേ നമ്മുടെ ഉത്തരവാദിത്തമാ,വേലക്കാരിയുടേതല്ല…

ഓ…അതുവിട്…വീട്ടിനകത്തെ കാര്യം നമ്മളറിഞ്ഞാ മതിയല്ലോ..

പുറത്ത് എനിയ്ക്കൊരു വിലയുണ്ടാവണം…ലില്ലിച്ചേച്ചിയേക്കാളും….”

“ആ…ട്രൈ ചെയ്തു നോക്ക്. -“

ഒഴുക്കൻമട്ടിൽ പറഞ്ഞിട്ട് സഖറിയ ലാപ്ടോപ്പുമെടുത്ത് ഓഫീസ്റൂമിലേയ്ക്കു പോയി.

കുറച്ചുദിവസങ്ങൾക്കു ശേഷം ബാച്ച്മേറ്റ്സിൻ്റെ ഗെറ്റ്റുഗതറിനുപോയിട്ടു തിരിച്ചു വന്ന സഖറിയ,സരിതയുടെ പുതിയ ഹെയർസ്റ്റൈൽ കണ്ടു ഞെട്ടിപ്പോയി. മുതുകു നിറഞ്ഞുകിടന്നിരുന്ന ചുരുളൻ മുടി,സ്ട്രൈറ്റൻ ചെയ്ത്,ഗോൾഡൻ കളറടിച്ച്,തോളറ്റംവച്ചു മുറിച്ചിട്ടിരിക്കുന്നു!

”എങ്ങനുണ്ട് ഇപ്പോ എന്നെ കാണാൻ ? നല്ല സ്മാർട്ടായില്ലേ?

ഇത്തവണത്തെ മീറ്റിംങ്ങിനു നോക്കിക്കോ..ഞാനെല്ലാരേം ഞെട്ടിയ്ക്കും…”സരിത അടക്കാനാവാത്ത ആഹ്ലാദത്തോടെ പറഞ്ഞു.

സഖറിയ ഒന്നും മിണ്ടിയില്ല. സഹതാപത്തോടെ സരിതയെ ഒന്നു നോക്കിയിട്ട് അയാൾ ഉമ്മറത്തു കിടന്നിരുന്ന ചാരുകസേരയിലിരുന്നു…

“പിന്നേ, ഞാനൊരുകാര്യം പറയാൻവിട്ടു.. നമ്മുടെ ഇ ഓർ എസ് അക്കൗണ്ടിൽനിന്നേ, ഇന്നൊരു രണ്ടുലക്ഷം രൂപാ ഞാൻഎടുത്താരുന്നേ…ദേ ..നോക്കിക്കേ ഈ ഡയമണ്ട് വള കണ്ടോ……ലില്ലിച്ചേച്ചിയുടെ കയ്യിൽ കിടക്കുന്നതിനേക്കാൾ കൂടിയതാ…

കണ്ടോ…ഞാനൊരു പൊളി പൊളിക്കും മോനേ….”

സഖറിയ ഒരു ദീർഘനിശ്വാസമെടുത്തു.

“എനിയ്ക്കറിയാം സഖറിയ ഇപ്പം എന്താ ചിന്തിയ്ക്കുന്നേന്ന്…ഞാനെത്രപെട്ടെന്ന് ഡെബലബ്ഡ് ആയിപ്പോയെന്നല്ലേ?…”

ഇനി നമുക്ക് നമ്മുടെ ഈ കാറു കൊടുത്തിട്ട്,ഒരു ഓടി’ കാറു വാങ്ങണം, ലില്ലിച്ചേച്ചിടെ വീട്ടിലെപ്പോലെ…

ഞാൻ പിള്ളേരെ വിളിച്ചു സംസാരിച്ചിട്ടുണ്ട്…നിങ്ങടെ കയ്യിൽ കുറവുള്ള പൈസാ അവരയച്ചു തരാമെന്നു സമ്മതിച്ചിട്ടുണ്ട്… സഖറിയായ്കു സന്തോഷമായില്ലേ?”

”നീ എന്തൊക്കെയാ ഈ കാണിച്ചുകൂട്ടുന്നതു സരിതേ..

എന്തിനാ ഇങ്ങനെ സ്വയം അപഹാസ്യയാകുന്നത് ?

സഖറിയ വേദനയോടെ ചോദിച്ചു.

” സമൂഹത്തിലേ നമുക്കൊരു നെലേം വെലേം വേണോങ്കിലേ കുറച്ചൊക്കെ ജാഡ കാണിയ്ക്കണം… അതിനേ തുട്ടു നല്ലോണം ഇറക്കണം,ചുമ്മാ കെട്ടിവച്ചാ പോരാ…

ആ ലില്ലിച്ചേച്ചിടെവീട്ടിലേയ്ക്കു നോക്കിക്കേ…മുറ്റം മുഴുവൻ ടൈലിട്ട്,ലാൺഎല്ലാം പിടിപ്പിച്ച് ,എന്നാസ്റ്റൈലാ ആ വീടു പുറത്തുനിന്നു കാണാൻ!

പക്ഷേ,ഒരുകാര്യമുണ്ടു കേട്ടോ വീടിനകത്ത് നമ്മടത്രേം സൗകര്യമൊന്നു മില്ല..

പിന്നെ നമ്മുടെ കയ്യിലുള്ളത്ര സാധനങ്ങളുമില്ല …”

“നമ്മുടെ കയ്യിലില്ലാത്ത ഒന്ന് എന്നാലവർക്കുണ്ട്….മനസ്സമാധാനം! ”സഖറിയ ഇടയ്ക്കുകയറി പറഞ്ഞു.. ..

സരിതേ ..ഇനിയെങ്കിലും മനസ്സിലാക്കിക്കോ പെരുമാറ്റമാണ് ഒരു സ്ത്രീയുടെ ഏറ്റവും വിലപിടിപ്പുള്ള ആഭരണം. അവർ അതാണണിഞ്ഞിരിക്കുന്നതെങ്കിൽ നീ അണിഞ്ഞിരിയ്ക്കുന്നത് പത്രാസാണ്,പൊങ്ങച്ചത്തിൻ്റെ അളിഞ്ഞുനാറുന്ന വിഴുപ്പാണ്.

നിനക്ക് നീ ആയിരുന്നാൽപോരേ?

ലോകത്തെല്ലാവരും നിന്നെ സ്നേഹിയ്ക്കണം,ബഹുമാനിക്കണം എന്നൊക്കെ വെറുതേ വാശി പിടിക്കുന്നതെന്തിനാ?”

“പക്ഷേ,പൗലോ കൊയ്‌ലോ പറഞ്ഞത്…”സരിതയെ പൂർത്തീകരിയ്ക്കാൻസമ്മതിയ്ക്കാതെ,സഖറിയപറഞ്ഞു

“ചില വാതിലുകൾ അടച്ചിടുന്നതാണ് നല്ലത്..അത് അഹങ്കാരം കൊണ്ടല്ല,ദേഷ്യം കൊണ്ടല്ല,ആ വാതിൽ തുറന്നിട്ടാലുംഅതിൽ നിന്ന് വെളിച്ചമോ കാറ്റോ വരാൻ ഒരു സാധ്യതയുമില്ലാഞ്ഞിട്ടാണ്……”

************************

Scroll to Top