ഉപാധികളോടെ

ഉപാധികളോടെയാണ് അവൾ അവനെ പ്രേമിക്കാം എന്ന് സമ്മതിച്ചതു .

“കല്യാണത്തിനു മുൻപ് ദേഹത്ത് തൊട്ടുള്ള കളി ഒന്നും പറ്റില്ല”. അവൾ തീർത്തു പറഞ്ഞു.

ഉള്ളിൽ നിരാശ നിറഞ്ഞെങ്കിലും അവൻ സമ്മതപൂർവം തല ആട്ടി. ഒന്നുമില്ലെങ്കിലും പ്രേമിക്കാമെന്നു ഈ സുന്ദരി സമ്മതിച്ചല്ലോ. അവൻ ആശ്വസിച്ചൂ .

” ഇങ്ആ, പിന്നൊരു കാര്യം ” കള്ള പുഞ്ചിരിയോടെ അവൾ പറഞ്ഞു… ” വീട്ടിലേക്കു ഫോൺ വിളിക്കരുതേ , ഫോൺ അപ്പന്റെ മുറീലാ .

ഫോണിലൂടെ രണ്ടു കിന്നാരം പറഞ്ഞു അവളെ ഇമ്പ്രെസ്സ് ചെയ്യിക്കാമെന്ന അവന്റെ മോഹം അതോടെ കെട്ടടങ്ങി . ഉമിനീരിറക്കി അവളുടെ മുഖത്തേക്കൊന്നു നോക്കിയപ്പോൾ നാണിച്ചു സ്വരത്തിൽ അവൾ പിന്നെയും മൊഴിഞ്ഞു : ” “ഇയാൾ പ്രേമലേഖനം ഒന്നും എഴുതി സമയം കളയണ്ട , ഒരു ഗ്രീറ്റിംഗ്‌സ് കാർഡ് പോലും ഞാൻ ആർക്കും അയക്കാറില്ല”.

പല ദിവസങ്ങളായി ഉറക്കമിളച്ചിരുന്ന് അവൾക്കു കൊടുക്കാനായി തയാറാക്കിവച്ച പ്രേമലേഖന പരമ്പര അവന്റെ ഉള്ളിലിരുന്നു എറിഞ്ഞു തീർന്നു.

“കോളജ് മാഗസിനിൽ എന്റെ ഫോട്ടോ കണ്ടല്ലോ അപ്പൊ പിന്നെ വേറെ ഒന്നിന്റെ ആവശ്യമില്ലല്ലോ.” നിഷ്കളങ്കമായ ചിരിയോടെ അവൾ അങ്ങനെ പറഞ്ഞപ്പോൾ മറുത്തൊന്നും പറയാൻ അവനു കഴിഞില്ല . കൂട്ടുകാരുടെ മുൻപിൽ അവളുടെ ഫോട്ടോ കാട്ടി ഷൈൻ ചെയ്യാമെന്ന മോഹത്തിന്റെ കടക്കലാണെല്ലോ ഈ രാക്ഷസി കത്തി വെച്ചത് എന്ന് അവൻ ദുഃഖത്തോടെ ഓർത്തു .

“അപ്പോൾ ബൈ ബൈ ” കോളേജ് ബസ്സിനു നേർക്കു ഓടുന്നതിനിടയിൽ അവൾ വിളിച്ചു പറഞ്ഞു. സീരിയലുകളും സിനിമകളും കണ്ടു ഞാൻ നേടിയെടുത്ത വിഞ്ജാനത്തിന്റെ ഒരംശംപോലും പ്രാവർത്തികമാക്കാൻ സാധിക്കാത്തതിന്റെ ഇഛാഭംഗത്തിലായിരുന്നു അവനപ്പോൾ.

ഒരാഴ്ച അവനെ അവൾകണ്ടില്ല. പിന്നീട് ഒരു ദിവസം കണ്ടു. തന്റെ പ്രിയപ്പെട്ട കൂട്ടുകാരിയോടൊപ്പം അവനെ കണ്ടു അവൾ ആദ്യം ഞെട്ടി. പിന്നെ ആശ്വസിച്ചു…ആത്മവിശ്വാസത്തോടെ പുസ്തകം മാറോടുചേർത്തു മുന്നോട്ടു നടക്കുമ്പോൾ അവൾ തിരിച്ചറിയുകയായിരുന്നു … തന്റെ പ്രേമം ഈ പുസ്തകങ്ങളോട് മാത്രമാണെന്ന്….

*****************************

Scroll to Top