” ഇതെന്തൊരിരിപ്പാ കുട്ടൂ, നിനക്ക് സ്ക്കൂളിലൊന്നും പോകണ്ടേ?”
രാവിലെ മുതൽ ഉമ്മറത്തിട്ടിരിക്കുന്ന ചാരു കസേരയിൽ കയറി, റോഡിലേയ്ക്കു കണ്ണും നട്ടിരിക്കുന്ന പുത്രനെക്കണ്ട് എനിക്ക് അരിശം വന്നു.
” ഞാനിന്നു ലീവാ” യാതൊരു ദാക്ഷണ്യവുമില്ലാതെ ഉടനടി ഉത്തരം വന്നു.
“ലീവോ?” ഒന്നാം ക്ലാസ്സുകാരന്റെ മറുപടി അക്ഷരാർഥത്തിൽ എന്നെ ഞെട്ടിച്ചിരുന്നു.
” എന്താ, അമ്മക്ക് മാത്രേ ലീവു പാടൂ?” കണ്ണു ചുരുക്കി, പുരികം ചുളിച്ച്, രൂക്ഷമായി അവനെന്നെ നോക്കി.
വിരട്ടി ഒന്നും അവനെ ക്കൊണ്ട് അനുസരിപ്പിയ്ക്കാൻ പറ്റില്ലെന്ന് നന്നായി അറിയാവുന്നതുകൊണ്ട് ഞാൻ പെട്ടെന്നു തന്നെ നയ തന്ത്രജ്ഞയായി.
” എന്താ, കുട്ടൂന് വല്ല ഉവ്വാവുമുണ്ടോ? എന്നാ അമ്മ ഡോക്ടറുടെ അടുത്ത് കൊണ്ടുപോകാം.”
“ഓ.. ഒന്നും വേണ്ട, ടോട്ടറുടെ കയ്യീന്ന് ഒരു സർപ്പി ടിക്കറ്റ് വാങ്ങിച്ചാ മതി, ലീവു കൊടുക്കണ്ടേ? അല്ലേൽ മിസ്സ് ഗെറ്റൗട്ടടിക്കത്തില്ലേ?”
എനിക്ക് ഉള്ളിൽ ചിരി വരുന്നുണ്ടായിരുന്നു.
“നിന്നോട് ഇതൊക്കെ ആരാ പറഞ്ഞേ?”
” ആരും പറഞ്ഞില്ല. നിക്ക് അറിയാം. ഇന്നാള് അമ്മ ലീവ് എടുത്തപ്പോൾ അപ്രത്തെ പാക്കര ഡോക്കിട്ടരനങ്കിളിന്റേന്ന് മേടിക്കൽ സർപ്പി ടിക്കറ്റ് വാങ്ങിയത് ഞാങ്കണ്ടല്ലോ. അമ്മ ക്ക് ഉവ്വാവൊന്നും ഇല്ലാർന്നല്ലോ .. പിന്നെന്താ എനിക്കും വാങ്ങിയാ?
” ഇവൻ ആളു മോശമല്ലല്ലോ… ഇവനെ സൂക്ഷിയ്ക്കണം കേട്ടോ…” എന്റെ മനസ്സ് പറഞ്ഞു.
” ഇന്നെന്താ മോന് ലീവിന് ആവശ്യം?” ഞാൻ നയത്തിൽ അടുത്തു കൂടി.
” ഹോ.. ഈ അമ്മ പൊട്ടിക്കാളിയാണോ? ഞാൻ തോറ്റു പോത്തേ യുള്ളൂ. ഇന്നല്ലേ എന്റെ ഹീറോ അപ്പൂപ്പൻ വരുന്നേ”
” പക്ഷേ, അതു വൈകീട്ടല്ലേടാ കുട്ടാ.. അപ്പോഴേക്കും നീ ക്ലാസ്സു കഴിഞ്ഞ് വീട്ടിലെത്തി ല്ലേടാ” ഞാൻ അനുനയിപ്പിക്കാൻ നോക്കി.
“അമ്മയൊന്നു ശല്യപ്പെടുത്താതെ പോയേ… എന്റെ ബെസ്റ്റ് ഫ്രണ്ടാ വരുന്നത്.. അപ്പോ പറയാനുള്ള കാര്യങ്ങളൊക്കെ കൊറേ ഓർത്തു വയ്ക്കാനുണ്ട്. ഇനി ഒടനേ തന്നെ അച്ഛനെ ഫോൺ വിളിച്ചൊന്നും എന്റെ ലീവിന്റെ കാര്യം പറയണ്ടാട്ടോ.”
” ഉവ്വ്”.. ഞാൻ അനുസരണയോടെ തലയാട്ടി. ഉം…”ഇത് പൊടി പൊടിക്കും” ഞാൻ മനസ്സിൽ പറഞ്ഞു.
അനുരജ്ഞന ശ്രമം പരാജയപ്പെട്ട സ്ഥിതിക്ക് ഞാൻ അടുക്കളയിലേക്ക് തിരിച്ചു പോന്നു. –
“കുഞ്ഞിന്ന് ജോലിക്കു പോകുന്നുണ്ടോ? അല്ല, വല്യ സാറു ഇന്നു വരുന്നതുകൊണ്ടു ചോദിച്ചതാ”
പപ്പടം കാച്ചുന്നതിനിടയിൽ , തിരിഞ്ഞു നോക്കാതെ, പാറുവമ്മ ചോദിച്ചു.
” ലീവെടുക്കണമെന്നുണ്ട്, പക്ഷേ പോയേ പറ്റൂ. ഉച്ചയ്ക്കു ശേഷം എന്തായാലും എത്തും. അതുകൊണ്ട് ചോറു പൊതി കെട്ടണ്ടാ ട്ടോ.” ഒരു കാര്യം പറയാൻ മറന്നു,
” പാറുവമ്മേ, മോനിന്ന് ഇവിടെ കാണും കേട്ടോ. കുരുത്തക്കേടു കാട്ടാതെ ശ്രദ്ധിച്ചോണേ”
പാറുവമ്മ ചിരിച്ചു ” കുട്ടൂ, ഇന്നൊരു ദിവസത്തേയ്ക്ക് ലീവെടുത്തോ. പക്ഷേ ഇതൊരു പതിവാക്കണ്ട കേട്ടോ..‘ എന്നാ ഞാൻ അച്ഛനെ വിളിച്ചു പറയും.. പിന്നൊരു കാര്യം, പാറുവമ്മച്ചി പറയുന്നതു കേട്ട് മര്യാദയ്ക് ഇവിടെ ഇരുന്നോണം”
സ്ക്കൂളിൽ വിടുന്നില്ലെന്ന് ഉറപ്പായതോടെ അവൻ സന്തോഷത്തോടെ എല്ലാം സമ്മതിച്ചു.
മൂന്നു മണിയെങ്കിലും കഴിഞ്ഞിട്ടുണ്ടാവണം ഞാൻ തിരിച്ചു വരുമ്പോൾ…
ചാരു കസേരയിൽ കുട്ടു ,ചുരുണ്ടു കൂടിക്കിടന്നുറങ്ങുന്നു, തൂണും ചാരിയിരുന്ന് പാറുവമ്മയും മയക്കത്തിലാണ്. ഉമ്മറ വാതിൽ, ‘ആർക്കും കടന്നുവരാം‘ എന്നാ ഹ്വാനം ചെയ് തു കൊണ്ട് മലർക്കെ തുറന്നു കിടപ്പുണ്ട്…. ഇരച്ചെത്തിയ ദേഷ്യം കടിച്ചമർത്തി ഞാൻ ശബ്ദമുണ്ടാക്കാതെ പതിയെ ഉള്ളിലേയ്ക്കു കയറി. ഡ്രസ്സു മാറ്റി പുറത്തുവന്നിട്ടു പോലും,ങേഹേ, ആരും അറിയുന്നു പോലുമില്ല !
വേഗം അടുക്കളയിലേക്കു ചെന്നു നോക്കി. ഭാഗ്യം, അപ്പുറത്തെ കള്ളി പ്പൂച്ച പരിശോധനയ്ക്കു വന്ന ലക്ഷണമൊന്നുമില്ല ! അച്ഛന് ഏറ്റവും പ്രീയപ്പെട്ട മത്തി മുളകിട്ടതും, ചെമ്മീൻ കറിയുമൊക്കെ ചട്ടിയിൽ ഭദ്രമായി ഇരിപ്പുണ്ട്.
ഏതായാലും ഉമ്മറത്തുപോയി പാറുവമ്മയെ വിളിച്ചുണർത്താം…
അപ്രതീക്ഷിതമായി, ഉള്ളിൽ നിന്ന് വല്ല ശബ്ദവും കേട്ടാൽ അതു മതി ആയമ്മയ്ക്ക്” കള്ളനെന്നു” കാറി വിളിയ്ക്കാൻ. ഒരു തവണ അങ്ങനൊരു സംഭവം ഉണ്ടായതുമാണ്.
ഞാൻ മെല്ലെ ചെന്ന് പാറുവമ്മയെ തൊട്ടു വിളിച്ചു.
” ഓ… കുഞ്ഞെത്തിയാരുന്നോ” ജാള്യത്തോടെ, വായ് കോണിലൂടൊഴുകിയിറങ്ങിയ ഉമിനീർ, സാരിത്തുമ്പാലെ തുടച്ചുനീക്കി, അവർ ചോദിച്ചു.
” വാതിലും തുറന്നിട്ട്, ഇങ്ങനെയിരുന്നുറങ്ങിയാ ആരെങ്കിലുമൊക്കെ അകത്തു കയറി, കയ്യിൽ കിട്ടുന്നതുമൊക്കെയെടുത്ത് കടന്നു കളയില്ലേ പാറുവമ്മേ ” കാലം വല്ലാത്തതാണെന്ന് നിങ്ങൾ തന്നെയല്ലേ എപ്പോഴും പറയാറ്?
ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.
” അതേയ് മോളേ, കൊച്ചിനെ ഉണ്ണാൻ വിളിച്ചിട്ട് വന്നില്ല..അപ്പൂപ്പൻ എന്തോ ഒരു ‘സൂത്രം കൊണ്ടു വരുമെന്നോ അതു കിട്ടിയിട്ടേ കസേരയിൽ നിന്ന് എഴുന്നേറ്റ് വരൂ എന്നു പറഞ്ഞു ഒരേ ശാഠ്യം… അതു ചോറുണ്ണാതിരിക്കുമ്പോ എനിക്ക് ഒരു വറ്റു പോലും ഇറക്കാൻ പറ്റുമോ…. അതുകൊണ്ട് ഞാനും കഴിച്ചില്ല. ഇവിടെ വന്ന്, ഈ തൂണും ചാരിയിരുന്നു… തണുത്ത കാറ്റടിച്ചപ്പോ അറിയാതെ കണ്ണടഞ്ഞു പോയി… നല്ല ക്ഷീണമുണ്ടേ… പിന്നെ, പ്രായവും മുന്നോട്ടല്ലേ…”
എനിയ്ക്ക് കുറ്റബോധം തോന്നി.
പത്തിലേറെ വർഷങ്ങളായി അവർ എന്നോടൊപ്പം കൂടിയിട്ട്.
അമ്മയില്ലാത്ത ദുഃഖം തന്നെ അറിയിയ്ക്കാതിരിയ്ക്കാൻ അവർ ആവുന്ന ത്ര ശ്രമിക്കുന്നുണ്ടെന്നുമറിയാം. എന്നാലും, ചിലപ്പോഴൊക്കെ, നമ്മുടെ പ്രതീക്ഷയ്ക്കൊത്ത് അവർ പെരുമാറാതിരിയുമ്പോൾ, സംയമനത്തിന്റെ അണക്കെട്ടുകൾ പൊട്ടിത്തകർന്നു പോകുന്നു.
” പോട്ടെ., സാരമില്ല, ഞാനെന്റെ ടെൻഷൻ കൊണ്ടു പറഞ്ഞെന്നേയുള്ളു.
നിങ്ങൾക്കെന്തെങ്കിലും പറ്റിയാൽ, അതെന്റെ അമ്മയ്ക്കു സംഭവിയ്ക്കുന്നതു പോലെയല്ലേ… അതുകൊണ്ടു പറഞ്ഞെന്നേയുള്ളു”
ഞാനവരുടെ മനസ്സു തണുപ്പിയ്ക്കാനായി പറഞ്ഞു.
തുറന്നു കിടക്കുന്ന ഗേറ്റിനുള്ളിലൂടെ ഒരു ഓട്ടോ റിക്ഷാ കടന്നുവന്നു ബ്രേക്കിട്ടു. ശബ്ദം കേട്ടിട്ടാവണം, കുട്ടു ചാടിയെഴുന്നേറ്റു.” ഹായ് ! അപ്പൂസ് വന്നേ” തുള്ളിച്ചാടിക്കൊണ്ട് അവൻ പടികളിറങ്ങി അപ്പൂപ്പനരികിലേക്ക് ഓടി, കെട്ടിപ്പിടിച്ച് ഉമ്മകൾ കൊണ്ടു മൂടി.
“എടേയ്, സൂക്ഷിച്ച്, വീഴല്ല് കേട്ടോ” ഓട്ടോ ചാർജ് കൊടുക്കുന്നതിനിടയിൽ അച്ഛൻ ചിരിച്ചു കൊണ്ടു കുട്ടൂനോടു പറഞ്ഞു.
” അപ്പൂസേ, മറ്റേതു കൊണ്ടുവന്നിട്ടുണ്ടോ?” അച്ഛൻ ഒരു നിമിഷം എന്റെ മുഖത്തേക്കു നോക്കി, ഒരു കള്ളച്ചിരിയോടെ, എന്തോ മറന്നു പോയ മട്ടിൽ അവനോടു പറഞ്ഞു “അയ്യോ ടാ… ഞാൻ മറന്നു പോയല്ലോടാ” കുട്ടുവിന്റെ മുഖം വാടി. പിണക്കത്തോടെ, ഇപ്പോൾ കരയുമെന്ന മട്ടിൽ നിന്ന അവന്റെ കൈകളിലേയ്ക്ക്, അച്ഛൻ മടിക്കുത്തിൽ നിന്ന് ഒരു ചെറിയ കടലാസു പൊതി എടുത്തു നീട്ടി.
“അപ്പൂസ് എന്നെ പറ്റിച്ചു അല്ലേ? “സ്വിച്ചിട്ടതുപോലെ അവന്റെ മുഖത്തു പ്രകാശം പരന്നു…
കടലാസു പൊതി തുടരെ തുടരെ മണത്തു കൊണ്ട്, അപ്പൂപ്പന്റെ കൈ പിടിച്ച് അവൻ ഉമ്മറത്തേക്കു കയറി.
– ചാരു കസേരയിൽ, അപ്പുപ്പന്റെ മടിയിൽ കയറിയിരുന്ന്, നിർവൃതിയോടെ അവൻ ആ പൊതി തുറന്നു.
അതിൽ നിറയെ മിഠായികളായിരുന്നു. മഞ്ഞയും ചുമപ്പും നിറത്തിലുള്ള നാരങ്ങാ മിഠായികൾ!
ദുബായിൽ നിന്നും, അവന്റെ അച്ഛൻ, അവനായി കൊടുത്തയച്ച ടോബ്ലറും കാഡ്ബറീസുമൊക്കെ അപ്പോഴും ഊഴം കാത്ത് ഫ്രിഡ്ജിനുള്ളിൽ വെറുങ്ങലിച്ചിരുന്നു….”കൊണ്ട് തലയാട്ടി.
………………………………………