പട്ടു പാവാട
***
“നിക്കൊരു പട്ടു പാവാട വേണം, കസവൊക്കെ വച്ചൊരു പാവാട….”ദേവിക അച്ഛമ്മയോടു കിണുങ്ങി….
തുറക്കാൻ തുടങ്ങിയ കൊച്ചലമാര , ഉച്ചത്തിൽ വലിച്ചടച്ചു , അച്ഛമ്മ അവളെ നോക്കി കണ്ണുരുട്ടി ..”പൊക്കോണം അവിടുന്ന്…പാവാട വേണേൽ നീ ചെന്ന് നിന്റെ അച്ഛനോട് പറ “…അച്ഛമ്മ നിഷ്കരുണം അവളുടെ നിവേദനം തള്ളിക്കളഞ്ഞു.
“അച്ഛനെനിക്ക് ചീട്ടിതുണീടെ പാവാട മാത്രമേ മേടിച്ചു തരൂ …അതും മഞ്ഞ …എല്ലാത്തവണയും മഞ്ഞ ! അത് കണ്ടിട്ട് കൂട്ടുകാരെല്ലാം എന്നെ കളിയാക്കുവാ , നിനക്ക് മഞ്ഞപ്പിത്തം വന്നതാണൊന്നു ചോദിച്ചു….ഉടുപ്പ് പുത്തനാണെന്നു പറഞ്ഞാൽപ്പോലും ആരും വിശ്വസിക്കാറില്ല….എല്ലാർക്കും എന്തെല്ലാം നിറങ്ങളിലെ ഉടുപ്പുണ്ട്…എനിക്കുമാത്രം മഞ്ഞ..മഞ്ഞ “ദേവൂട്ടി പരിഭവം പറഞ്ഞു.
“അതെങ്കിലും വാങ്ങിച്ചു തരുന്നുണ്ടല്ലോന്നോർത്തു ദൈവത്തിനു നന്ദി പറ …ഒരു കെട്ടിലമ്മ വന്നിരിക്കുന്നു…പട്ടു പാവാടേ ഉടുക്കത്തൊള്ളൂ പോലും !
അച്ഛമ്മ അവളെ പരിഹസിച്ചു….
വാടിയ മുഖത്തോടെ , ദേവൂട്ടി മുറിയിൽ ചുറ്റിപ്പറ്റി നിന്നു.
അച്ഛമ്മയുടെ, കൊച്ചലമാരിയിലെ , ഒരു അലൂമിനിയപെട്ടി നിറയെ , കാശു റബ്ബർബാൻഡിട്ടു കെട്ടിക്കെട്ടി വച്ചിട്ടുണ്ടെന്നു തനിക്കറിയാം ..
ഓരോ മാസവും “പോസ്റ്റ് മാമൻ “പെൻഷൻ തുക കൊണ്ടുവന്നു അച്ഛമ്മയെ ഏൽപ്പിക്കുന്നതും , തുപ്പലുതൊട്ട് എണ്ണി, എല്ലാം കൃത്യം ആണെന്നുറപ്പിച്ചു , മടി ശീലയിൽ തിരുകി വയ്ക്കുന്നതും താൻ കാണാറുള്ളതാണ് .
എന്തെങ്കിലും ചായക്കാശെങ്കിലും കിട്ടുമെന്ന പ്രതീക്ഷയോടെ ,”പോസ്റ്റ് മാമൻ”, ആദ്യമൊക്കെ , അത് കൊണ്ടുത്തരാൻ, കയറ്റം കയറി സൈക്കിൾ ചവുട്ടേണ്ടിവന്ന ബുദ്ധിമുട്ടുകൾ വിവരിച്ചു, അവശനും വിവശനുമായി , തല ചൊറിഞ്ഞു നിന്നിട്ടുണ്ട് …..അച്ഛമ്മയല്ലേ ആള് …ഉം …ഉം …എന്ന് മൂളിക്കേട്ടു തലയാട്ടുന്നതല്ലാതെ , അയാൾക്ക് ഒരു തുള്ളി പച്ചവെള്ളം പോലും കൊടുക്കുന്നത് താൻ ഇതുവരെ കണ്ടിട്ടില്ല ….
“കാര്യം കാണാൻ കഴുതക്കാലും പിടിക്കണമെന്ന് ” അന്നൊരിക്കൽ അച്ഛമ്മ, മുറ്റമടിക്കാൻ വരുന്ന കുട്ടിയമ്മച്ചിയോടു പറയുന്നത് താനും കേട്ടതാണ്….കഴുത ഇവിടെ ഇല്ലാത്തതിന് താൻ എന്ത് ചെയ്യാനാണ് ….സദാ നേരവും കൂട്ടിൽ കിടന്നോടുന്ന ഒരു പട്ടിമാത്രം ഉണ്ടിവിടെ …..
“അച്ചമ്മേ …”അവസാനമായി ഒന്നുകൂടി ചോദിച്ചുനോക്കാൻ തീരുമാനിച്ചു ദേവൂട്ടി .
“വേണ്ട, പാട്ടുപാവാടക്ക് വേണ്ടീട്ടാണേൽ വിളിക്കണ്ട …അതിനൊക്കെ ഒത്തിരി കാശു വേണം …എന്റെ കയ്യീ അതിനൊള്ളതില്ല….നീയു പോയേ….അപ്രത്തെങ്ങാനും പോയി കളിക്ക് ….നിക്കൊന്നു കിടക്കണം “….
കയ്യിലിരുന്ന താക്കോൽക്കൂട്ടം ഒക്കത്തു തിരുകി അച്ഛമ്മ കട്ടിലിലേക്ക് ചാഞ്ഞു…..ദേവൂട്ടി പിന്നെ അവിടെ നിന്നില്ല…നിന്നിട്ടും കാര്യമില്ലെന്നു മനസ്സിലായി.
പിന്നാമ്പുറത്തെ ചായ്പ്പിൽ നിന്ന് പെണ്ണുങ്ങളുടെ പൊട്ടിച്ചിരി ഉയരുന്നത് കേട്ടപ്പോൾ ദേവൂട്ടി അവിടേക്കു നടന്നു….
പാറുവമ്മയും , കുട്ടിയമ്മച്ചിയും , ചെല്ലമ്മ അക്കനുമൊക്കെ, വട്ടമിട്ടിരുന്നു ,പച്ചച്ചക്ക വെട്ടിപ്പറിച്ചെടുക്കുകയാണ്….സംസാരത്തിനൊപ്പം , ആട് അയവിറക്കുന്നതുപോലെ , ചക്ക ചവച്ചു വിഴുങ്ങുന്നതുമുണ്ട് …കറവക്കാരൻ മുത്തയ്യയുടെ പൊണ്ടാട്ടി , മരതകം , ചക്കമടൽ വാരിക്കൂട്ടി ചാക്കിലാക്കുന്നു….
നാണിത്തള്ള മാത്രം , കൂട്ടത്തിലൊന്നും കൂടാതെ മാറിയിരുന്നു , ഏത്തക്ക തോല് പൊളിക്കുകയാണ്…
ദേവൂട്ടിയെ കണ്ടതും വർത്തമാനം സ്വിച്ച് അണച്ചപോലെ നിന്നു.
“ഇതാരാ, കുഞ്ഞുമണിക്കുഞ്ഞോ …ഏതാം ക്ലാസ്സിലായി ?”ചെല്ലമ്മ അക്കൻ ചോദിച്ചു ….”നാലില്” ശബ്ദം തീരെ താഴ്ത്തി ദേവൂട്ടി മറുപടി പറഞ്ഞു.
“പള്ളിക്കൂടമൊക്കെ പൂട്ടിയോ ?” അവർ പിന്നെയും കുശലം ചോദിച്ചു. മൂഡ് ശരിയല്ലാത്തതുകൊണ്ടു , ദേവൂട്ടി ഒന്നും മിണ്ടാൻ പോയില്ല
“ഇക്കോച്ചെന്താ ഇങ്ങനെ ?…ചിരീമില്ല ..കളീമില്ല….തുമ്പിയെപ്പോലെ തുള്ളിനടക്കേണ്ട പ്രായമല്ലേയിത് ….എന്ത് ചൊടിയോടെയും ചൊണയോടെയും ഇരിക്കേണ്ടതാ ….”പാറുവമ്മ മൂക്കത്തു വിരല് വച്ചുകൊണ്ടു പറഞ്ഞു.
“ഓള് ശാരിക്കുഞ്ഞിന്റെ മുലപ്പാല് കുടിച്ചിട്ടേയില്ല…ഒന്ന് നുണഞ്ഞാ, നാലിരട്ടി കക്കും…ചുമ്മാതല്ല , ഒണക്ക നെത്തോലി പോലിരിക്കുന്നതു ….ഇതിന്റെ അനിയൻ കൊച്ചിനെ കാണണം, നല്ല തക്കിടി മുണ്ടൻ” ചെല്ലമ്മ അക്കൻ ആധികാരികമായി പറഞ്ഞു….അവിടെ കൂട്ടച്ചിരി മുഴങ്ങി
ദേവൂട്ടിക്ക് കുറച്ചിൽ തോന്നി …എന്നാലും പറഞ്ഞു “ഞാൻ ഇങ്ങനിരിക്കുന്നതാ നല്ലതെന്നു , ‘അമ്മ , കാഞ്ചന കുഞ്ഞമ്മയോടു പറയുന്നത് , ഞാൻ കേട്ടതാണല്ലോ …പിന്നെന്തിനാ നിങ്ങള് കളിയാക്കുന്നേ ?”
“കളിയാക്കിയതൊന്നുമല്ല കൊച്ചേ,….ഇത്തിരി തണ്ടും തടീം ഇല്ലാത്തതിനെയൊന്നും ആമ്പിള്ളേർക്കു വേണ്ടെന്നേ…”ചെല്ലമ്മ അക്കൻ വിശദീകരിച്ചു ..
“എട്ടും പൊട്ടും തിരിയാത്ത കൊച്ചിനോട് പറയാൻ പറ്റിയ വർത്തമാനം ….വിവരംന്ന് പറയുന്നതൊന്ന് നിങ്ങൾക്കുണ്ടോ ?….”അത്രയും നേരം മിണ്ടാതിരുന്ന നാണിത്തള്ള മറ്റുള്ളവരെ ശകാരിച്ചു.
ദേവൂട്ടി തിരിഞ്ഞു നടന്നു.
എവിടെ ചെന്നാലും പരിഹാസങ്ങളും അവഗണനകളും മാത്രം !
പത്തു ദിവസത്തേക്കാണെങ്കിൽ കൂടി , സ്കൂൾ അടക്കണ്ടായിരുന്നു. വല്ലപ്പോഴുമുള്ള , ടീച്ചറിന്റെ ശകാരങ്ങളും , കൂട്ടുകാരുടെ കളിയാക്കലുമൊഴിച്ചാൽ ശാന്ത സുന്ദരമായിരുന്നു അവിടം ….
ഓണമാണത്രെ ..ഓണം!…എന്തോണം ? ഒരു ഊഞ്ഞാൽ പോലും ആരും കെട്ടി തന്നിട്ടില്ല….പൂക്കളമിട്ടിട്ടില്ല , പട്ടുപാവാട , സ്വപ്നം പോലും കാണണ്ട …. കുറേ വറുത്തുപ്പേരിയും , മുറുക്കും, കളിയോടക്കയുമൊക്കെ ഉണ്ടാക്കി തിന്നുന്നതാണോ ഓണം ? അതോ പായസവും കൂട്ടി സദ്യ ഉണ്ണുന്നതോ ?
അചഛനുള്ളപ്പോ എന്ത് രസമായിരുന്നു ! പാർക്കിലൊക്കെ കൊണ്ടുപോകും….വൈകീട്ട് നടക്കാൻ പോകുമ്പോ ഐസ്ക്രീം വാങ്ങിത്തരും, കാല്കഴച്ചാൽ എടുത്തു തോളത്തിരുത്തി കാവടി തുള്ളും, ഉറങ്ങുവോളം കഥകൾ പറഞ്ഞുതരും,…..ഊഞ്ഞാൽ എന്ന് പറയേണ്ട താമസം, പിന്നാമ്പുറത്തെ, ചക്കരമാവിന്റെ കൊമ്പിൽ കെട്ടിത്തന്നിരിക്കും ..പട്ടം പറത്താൻ കൂടും …എന്തിനേറെ , മുറ്റത്തു കളം വരച്ചു “കക്കുകളിക്കാനും, കൊത്താംകല്ല് കളിക്കാനുമൊക്കെ അച്ഛച്ചൻ വരും …
അതൊക്കെ കാണുമ്പോ കുശുമ്പുകൊണ്ടു അച്ഛമ്മ കയർക്കും …”പെണ്ണാണെന്നോർമ്മവേണം, കൊഞ്ചിച്ചു കൊഞ്ചിച്ചു തലേക്കേറ്റി വച്ചാ, വല്ലവന്റേം വീട്ടീന്ന് നല്ല കിറി കുത്തു മേടിക്കും …”
“അവള് കുഞ്ഞല്ലേ ….ഇപ്പോഴല്ലാതെ പിന്നെപ്പോഴാ കൊഞ്ചിക്കണ്ടേ ? “അച്ഛച്ചൻ പറയും , പിന്നെ, തന്നെയെടുത്തു , തെരുതെരെ ഉമ്മകൾ കൊണ്ട് മൂടും ….ആ നേരം , പിറുപിറുത്തുകൊണ്ട്, ചാടിത്തുള്ളി അച്ഛമ്മക്കൊരുപോക്കുണ്ട് ….
പാവം അച്ഛച്ചൻ ! ഇനി കാണാൻ പറ്റില്ല, ദേവൂട്ടി രണ്ടിൽ പഠിക്കുമ്പോൾ , നെഞ്ചുവേദന വന്നു മരിച്ചുപോയി ……
അച്ഛമ്മക്ക് പെങ്കുട്ട്യോളെ ഇഷ്ടമല്ലെന്നു തോന്നുന്നു. ദിനു മോനെ എപ്പോഴും എടുക്കുകയും ഉമ്മവക്കുകയും ഒക്കെ ചെയ്യാറുണ്ടല്ലോ …അവൻ പിച്ച നടന്നു , ഓരോന്നൊക്കെ തട്ടി നിലത്തിട്ടാലും ആരും ഒന്നും പറയാറില്ല …അച്ഛമ്മേം പെണ്കുട്ടിയല്ലേ പിന്നെന്താ മോളെ മാത്രം ഇഷ്ടമല്ലാത്തതെന്നു ചോദിക്കണം എന്നുണ്ട് …പക്ഷെ ചോദ്യങ്ങളൊന്നും നമ്മൾ ചോദിക്കാൻ പാടില്ല …നല്ല തല്ലു കിട്ടും. തറുതല പറഞ്ഞത് അമ്മയുടെ കാതിലെത്തിയാൽ ചന്തിക്കു നല്ല നുള്ളും കിട്ടും ….
അമ്മയ്ക്കും ഈയിടെ തന്നെ അത്ര പിടുത്തമല്ലെന്നാ തോന്നുന്നേ …,പ്രത്യേകിച്ച് , ദിനുമൊനെ, ആശൂത്രിക്കാര് വയറ്റിന്നെടുത്തു കൊടുത്തേപ്പിന്നെ …
കൊച്ചോറങ്ങുവാ , മിണ്ടരുത്, ശബ്ദമുണ്ടാക്കല്ല്, ഉച്ചത്തിൽ ചിരിക്കല്ല്, ടീവീ വൈക്കല്ല്, എന്തൊക്കെയാ നിബന്ധനകള് ….
അപ്പൊ അച്ഛമ്മ സീരിയൽ കാണുന്നതോ….മുൻവശത്തെ റോഡിലൂടെ ചീറിപ്പായുന്ന വണ്ടികളുടെ ഹോണടിയോ ….കൂട്ടിക്കിടക്കുന്ന പട്ടിയുടെ മോങ്ങലും കുരയുമൊക്കെയൊ ?…..അതൊന്നും അമ്മക്ക് പ്രശ്നമല്ല
ഹോംവർക് ചെയ്യാൻ പോലും ഇപ്പൊ സഹായിക്കത്തില്ല… അതുകൊണ്ടാണല്ലോ തെറ്റിച്ചെന്നും പറഞ്ഞു ടീച്ചർ ചിലപ്പോഴൊക്കെ തന്നെ വഴക്കു പറയുന്നത് ….
അടുക്കളയിൽ ചെന്ന് , ‘അമ്മ എന്ത് ചെയ്യുവാന്ന് നോക്കാം ….
ദേവൂട്ടി അങ്ങോട്ടേക്ക് നടന്നു .
“എന്താടീ മോന്തേം വീർപ്പിച്ചോണ്ടു നടക്കുന്നേ….നിന്റെ വല്ലതും കളഞ്ഞുപോയോ ?’…കണ്ടമാത്രയിൽത്തന്നെ ‘അമ്മ ദേഷ്യപ്പെട്ടു .
ദേവൂട്ടിക്ക് കരച്ചിൽ വന്നെങ്കിലും , ഒന്നുമില്ലെന്ന് അവൾ ചുമൽ കൂച്ചി.
‘അമ്മ തന്നെയൊന്നു ചേർത്ത് പിടിച്ചിരുന്നെങ്കിൽ , തന്റെ എല്ലാ സങ്കടങ്ങളും ഇല്ലാതെയായേനെ ….സ്നേഹത്തോടെ മോളേ എന്ന് വിളിച്ചിട്ടു തന്നെ എത്രയോ നാളുകളായിരിക്കുന്നു…ഈ വീട്ടിൽ ആർക്കും തന്നെ ഇഷ്ടമല്ല, അച്ഛനൊഴികെ ….
അച്ഛൻ തന്നെ വഴക്കു പറയാറേ ഇല്ല, എന്നാലും തനിക്കു അച്ഛനെ പേടിയാണ്.മുഖത്തെ ഗൗരവ ഭാവം കണ്ടാൽ ഒന്നും ചെന്ന് ചോദിക്കാനോ ആവശ്യപ്പെടാനോ തോന്നില്ല .
“പോ…പോയി വല്ലതുമൊക്കെ എടുത്തുവച്ചു വായിച്ചു പഠിക്കാൻ നോക്ക് ” തവിക്കണ കൊണ്ട് , അടുപ്പിൽ വെന്തു കൊണ്ടിരുന്ന ചക്കപ്പുഴുക്ക് കുത്തി ഉടയ്ക്കുന്നതിനിടയിൽ ‘അമ്മ ആജ്ഞാപിച്ചു .”പഠിച്ചു, വല്ല ജോലീം വാങ്ങീലേലെ, എന്നെപ്പോലെ, വിഴുപ്പുമലക്കി, അടുക്കളപ്പുറത്തു ജീവിതം പുകക്കേണ്ടി വരും …..ചെല്ല്….”
പറഞ്ഞതിന്റെ പൊരുൾ മനസ്സിലായില്ലെങ്കിലും ,’അമ്മ വലിയ ദേഷ്യത്തിലാണെന്നു തോന്നി.
ദേവൂട്ടി , ശരിയെന്നു തലയാട്ടി , പതിയെ , അടുക്കളയിൽ നിന്നിറങ്ങി.
അവധി തന്നിരിക്കുന്നത് , മുഴുവൻ നേരവും പഠിക്കാനാണോ ? കളിക്കാനും, കാഴ്ചകൾ കാണാൻ പോകാനുമെന്നൊക്കെയാണല്ലോ ക്ലാസ് ടീച്ചർ പറഞ്ഞത്…..അവധി എങ്ങനെ ആഘോഷിച്ചു എന്നതിനേക്കുറിച്ചു, ക്ലാസ്സിൽ,ഒരു ഉപന്യാസമെഴുത്തു മത്സരം ഉണ്ടെന്നാ മലയാളംമാഷ് പറഞ്ഞത് .
ഏതായാലും , അച്ഛൻ ഒന്നിങ്ങോട്ടു വന്നോട്ടെ …രണ്ടും കൽപ്പിച്ചു സംശയം ചോദിച്ചിട്ടുതന്നെ ബാക്കി …
പട്ടു പാവാടയോ ആരും വാങ്ങിച്ചു തരില്ല, ഇനി തന്നാലും ദേവൂട്ടിക്ക് വേണ്ട …എല്ലാരുടെയും ഈ ചീത്തപറച്ചിൽ ഒന്ന് നിർത്തിക്കിട്ടിയാൽ മതി …..
തുറന്നു കിടന്നിരുന്ന ജനലിലൂടെ , ദേവൂട്ടി റോഡിലേക്ക് നോക്കി….റോഡിൻറെ എതിർ വശത്തുകൂടി , ഒരാളോടൊപ്പം , കുറെ ബലൂണുകളുമായി നടന്നുവരുന്നത് , തന്റെ കൂട്ടുകാരി സവിതമോളല്ലേ …….
അവൾ വന്നിരുന്നെങ്കിൽ കുറച്ചു നേരം ഏണീംപാമ്പും കളിക്കാമായിരുന്നു….ദേവൂട്ടി മനസ്സിലോർത്തു …..ഒന്ന് വിളിച്ചു നോക്കിയാലോ ?
നിമിഷനേരം കൊണ്ട്, വാതിൽ തുറന്നു , ദേവൂട്ടി റോഡിലേക്ക് ഒരോട്ടം വച്ചുകൊടുത്തു…അതിവേഗത്തിൽ പാഞ്ഞു വന്നുകൊണ്ടിരുന്ന , സ്കൂട്ടറിടിച്ചു, നാല് കാരണം മറിഞ്ഞു , അവൾ സവിതമോൾക്കരികിലേക്കു തെറിച്ചു വീണു…….
ഉമ്മറത്ത്, കത്തിച്ചുവെച്ച നിലവിളക്കിനു മുന്നിൽ, തുന്നിക്കെട്ടുകളോടെ, വെള്ള പുതച്ച ദേവൂട്ടി , വിറങ്ങലിച്ചു കിടന്നു. അവളുടെ പാദങ്ങൾക്കരികിൽ, അച്ഛൻ കൊണ്ടുവന്ന, കസവുള്ള, പട്ടുപാവാട, ആർക്കുമാർക്കും വേണ്ടാതെ ,തിരസ്കരിക്കപ്പെട്ടു കിടന്നു.
ഒന്ന് കരയുക പോലുമാകാതെ, മരവിച്ച മുഖത്തോടെ, അനന്തതയിലേക്ക് കണ്ണും നട്ടു അവളുടെ അമ്മയിരുന്നു…
എന്നോ നടക്കാനിരിക്കുന്ന , കൊച്ചുമകളുടെ കല്യാണത്തിന് വേണ്ടി , അച്ഛമ്മ സ്വരുക്കൂട്ടി വച്ചിരുന്ന നോട്ടു കെട്ടുകൾക്കു, കൊച്ചലമാരിയിലിരുന്നു ശ്വാസം മുട്ടി…….
**************************************