ഇങ്ങനെയും ചിലർ.
കൊട്ടാരക്കര നിന്നും കോട്ടയത്തേക്കുള്ള ബസ് യാത്രക്കിടയിലാണ് ഞാൻ അവരെ കണ്ടത്.
രണ്ടു കൈകൾ കൊണ്ട് മുറുകെ പിടിച്ചിട്ടും ,ബസ് ഉലയുന്നതിനൊപ്പം നിന്ന് വട്ടം കറങ്ങുന്ന ആ അമ്മച്ചിയെ കണ്ടപ്പോൾ എനിക്ക് എന്റെ അമ്മയെ ഓര്മ വന്നു.നാല് വശവുംഇരിക്കുന്നവരെ ദയനീയതയോടെ മാറി മാറി നോക്കുന്നുണ്ടായിരുന്നു അവർ.അത് കണ്ടു മനസ്സലിഞ്ഞാണ് ,ഒരാൾക്ക് മാത്രം ഇരിക്കാനാവുമായിരുന്ന എന്റെ സീറ്റിന്റെ അരികിലിരിക്കുവാൻ ഞാൻ അവരെ ക്ഷണിച്ചത്
ജനാല കമ്പികളിൽ പിടിച്ചു ,ആവശ്യത്തിലേറെ മുന്നോട്ടു നീങ്ങിയിരുന്നു ,അവർക്കിരിക്കാൻ ഇടമുണ്ടാക്കുകയായിരുന്നു ഞാൻ .
തിക്കി ഞെരുക്കി ,സീറ്റിന്റെ ഏതാണ്ട് മുക്കാൽ ഭാഗവും കൈവശപ്പെടുത്തി അവർ ഇരുന്നപ്പോൾ എനിക്കൊരു വല്ലായ്ക തോന്നാതിരുന്നില്ല .ഒട്ടകത്തിനെ ടെന്റിൽ കയറ്റിയതുപോലായോഎന്ന് ഒട്ടൊരു തമാശയോടെഞാൻ ഉള്ളിൽ ഓർക്കുകയും ചെയ്തു .
“എങ്ങോട്ടേക്കാ ?”..സ്വന്തം ഇരിപ്പിടം ഭദ്രമാക്കിയശേഷം അവർ എന്നോട് ചോദിച്ചു .”കോട്ടയത്തേക്ക്”ഞാൻ സൗമ്യതയോടെ മറുപടി പറഞ്ഞു.
” ഓ ..അപ്പൊ അങ്ങെത്തുന്നതുവരെ ഞാൻ ഈ ഇരുപ്പിരിക്കണം അല്ല്യോ”
അവർ മുറുമുറുത്തു .
ഇതാണിപ്പോ നന്നായതു ….ഞാൻ മനസ്സിലോർത്തു,പക്ഷേ ഒന്നും പറഞ്ഞില്ല ,പകരം ഒരു വിളറിയ ചിരി ചിരിച്ചു.
“ഇയാളുടെ പേരെന്താ ” “ബേബി”….യാത്രക്കിടയിൽ ആരെങ്കിലും പേര് ആരാഞ്ഞാൽ പറയാൻ കണ്ടുവച്ചിരുന്ന സ്ഥിരം പേരാണത്. പരിചയം ഇല്ലാത്തവരോട് സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താൻ എന്നും വിമുഖത ഉണ്ടായിരുന്നു എനിക്ക് .
“ഇതെന്തു കുന്ത്രണ്ടംപിടിച്ച പേരാ…ഇതുകേട്ടാൽ എന്നാ ജാതീന്നു പോലും അറിയാൻ പറ്റില്ലല്ലോ ” ആയമ്മ പറഞ്ഞു. എനിക്ക് ചെറുതായി അവരോടു നീരസം തോന്നി.
“എന്റെ ജാതി തന്നെ ആയിരിക്കും…അതാണല്ലോ എനിക്ക് സീറ്റു തരാൻ തോന്നിയത് ..സ്വന്തം ജാതീൽ പെട്ടതാണേൽ ഒരു പ്രത്യേക സുഖമുണ്ടെയ് മീൻടീം പറഞ്ഞുമൊക്കെ ഇരിക്കാൻ “
ഞാൻ മറുപടി ഒന്നും പറഞ്ഞില്ല.എത്ര ശ്രമിച്ചിട്ടും ഒരു നിന്ദ കലർന്ന ഭാവം എന്റെ മുഖത്തു തെളിഞ്ഞെന്ന് എനിക്ക് മനസ്സിലായി .
“വേവി മോന്ത കറുപ്പിക്കണ്ട ..ജാതീലൊക്കെ വല്യ കാര്യമുണ്ടെന്നേ…” അവർ വിടാനുള്ള ഭാവമില്ല ….ഇത്തവണ എനിക്ക് നിയന്ത്രണത്തിന്റെ ചരട് പൊട്ടി .
“എന്നാ കേട്ടോ ..അച്ഛൻ ഹിന്ദു,’ അമ്മ ക്രിസ്ത്യൻ, എന്റെ ഭർത്താവ് മുസ്ലിം ..എന്റെ ഒരു കിഡ്നി മാറ്റിവച്ചതാ …അതൊരു സിക്കുകാരന്റെയാ…ശരീരത്തിലൂടെ ഓടുന്ന ചോര ആരുടെയൊക്കെയാണെന്നു അറിയാൻ വയ്യ ..ഇനി അമ്മച്ചി തീരുമാനിച്ചോ ഞാൻ ഏതു ജാതീൽ പെട്ടതാണെന്ന് “പറഞ്ഞത് അൽപ്പം ഉറക്കെയായിപ്പോയി.
പുറകിലത്തെ സീറ്റിൽനിന്നു അടക്കിപ്പിടിച്ച ചിരികേട്ടപ്പോൾ എനിക്കും ചിരിക്കാതിരിക്കാനായില്ല . “ഓ ..ഇതെന്തൊരു ജാതി “…വീർത്തുകെട്ടിയ മുഖവുമായി ,അനിഷ്ടത്തോടെ അമ്മച്ചി പിറുപിറുത്തു .
“പന്തളം …പന്തളം “,പിറകിൽ തിരക്കിനിടയിൽ നിന്ന് കണ്ടക്ടർ വിളിച്ചു കൂവി.
“വേറെ സീറ്റുകിട്ടുമോന്നു നോക്കട്ടെ”…ആരോടെന്നില്ലാതെ പിറുപിറുത്തുകൊണ്ട് അമ്മച്ചി ഇരുന്നിടത്തുനിന്നെഴുന്നേറ്റു പുറകിലേക്ക് പോയി….ഞാൻ സീറ്റിലേക്ക് ചാരിയിരുന്നു കണ്ണുകളടച്ചു.
ചങ്ങനാശ്ശേരി എത്താറായപ്പോൾ ഞാൻ വെറുതെ പുറകിലേക്കൊന്നു കണ്ണോടിച്ചു…മൂന്നുനാലു സീറ്റുകൾക്കപ്പുറം ഒരു കമ്പിയിൽ കെട്ടിപ്പിടിച്ചു അമ്മച്ചി നിൽക്കുന്നുണ്ടായിരുന്നു…എനിക്ക് കഷ്ടം തോന്നി, ഒപ്പം അവർ അനുഭവിക്കുന്ന കഷ്ടത അവർ അർഹിക്കുന്നതാണെന്നും തോന്നി.
അന്നും ഇന്നും എന്നും എന്നെ ആകര്ഷിച്ചിട്ടുള്ള ജന്നൽപ്പുറ കാഴ്ചകളിലേക്ക് കണ്ണോടിച്ചും , മനസ്സിനെ വെറുതെ അലയാൻ വിട്ടും,ഞാൻ പതിയെ എന്നിലേക്ക് തന്നെ മടങ്ങി ……
*************************************