തീരങ്ങൾ തേടി

      തീരങ്ങൾ തേടി 
    *********************

മാധവിക്കുട്ടി കിടക്കയിൽ നിന്നും ഞെട്ടി പിടഞ്ഞെഴുന്നേറ്റു..
നേരം ത്രിസന്ധ്യ ആയിരിക്കുന്നു..ഒന്ന് നടു നിവർത്താൻ
കിടന്നതാണ് …അറിയാതെ ഉറങ്ങിപ്പോയി ….
വിളക്കു വച്ചിട്ടില്ല, ഫ്ളാറ്റിലെ , മുന്നിലും പിന്നിലും മാത്രമുള്ള ജനലുകൾ അടച്ചിട്ടില്ല ….ഇന്ന് കൊതുകുകളുടെ അയ്യരുകളി തന്നെയാവും. അതുമതി ,സാവന്നയുടെ പുലയാട്ടു കേൾക്കാൻ ….
അവർ ധൃതിയിൽ ജനലുകൾ ചേർത്തടച്ചു…പിന്നെ,മുഖവും കൈകാലുകളും ശുദ്ധി വരുത്തി, വിളക്കു കൊളുത്താൻ ഒരുങ്ങി .

മറ്റൊന്നും ചെയ്യാനില്ലാതെ , ഉണ്ടും ഉറങ്ങിയും, ദിവസം മുഴുവൻ ഫ്ലാറ്റിലടച്ചിരുന്നു ശരീരം മാത്രമല്ല, മനസ്സും മുരടിച്ചു പോയിരിക്കുന്നു….
നാട്ടിൻപുറത്തു , പത്തു മനുഷ്യരെക്കണ്ടു,കുശലം പറഞ്ഞും , ചിരിച്ചും
നടന്നിരുന്ന താനിപ്പോൾ , നിസ്സംഗതയുടെയും , നിർവികാരതയുടേയും
മുഖം മൂടി ലോകത്തേക്ക് ചുരുങ്ങിപ്പോയിരിക്കുന്നു …. ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ ,സത്യത്തിന്റെ നേരെയും നിസ്സങ്കോചം
കണ്ണടയ്ക്കാൻ പഠിച്ചിരിക്കുന്നു …..
വീതം വയ്ക്കപ്പെടുന്ന മനസ്സാക്ഷിയുടെ മുന്നിൽ ആർക്കാണ് മനസ്സുതുറന്നു “ഈശ്വരാ”എന്നുപോലും വിളിക്കാനാവുക?
കയ്യിൽ പറ്റിയ എണ്ണ അവർ തലയിൽ തൂത്തു ….”കാവൽ പട്ടിയേക്കാൾ
കഷ്ടമായ ഈ ജന്മം തിരിച്ചെടുത്തുകൂടേ കൃഷ്ണാ”എന്ന് എത്ര തവണ താൻ ഭഗവാനോട് പരിഭവിച്ചിരിക്കുന്നു !…പൂർവ ജന്മ ഫലം …ഒക്കെ അനുഭവിച്ചു തീരണമായിരിക്കും …
വാതിലിൽ ആരോ മുട്ടുന്ന ശബ്ദം…മാധവിക്കുട്ടി ഓടിച്ചെന്നു വാതിലിന്റെ ഹാൻഡിൽ പിടിച്ചു തിരിച്ചു…അപ്പോഴാണോർത്തത് ,
അത് പുറമെ നിന്നും പൂട്ടിയിരിക്കയാണല്ലോ എന്ന്…ഒരു കണക്കിന് അതും നന്നായി…നാട്ടിൻപുറത്തെ തന്റെ രീതികളൊന്നും ഇവിടുള്ളോർക്കു ദഹിക്കില്ലല്ലോ ….അവിടെ പകൽ ഒരിക്കലും താൻ മുൻവാതിൽ അടച്ചിടാറില്ല ……
പുറത്തു നിന്ന് പിന്നീട് അനക്കമൊന്നും കേൾക്കാനില്ല ….
അവർ സെറ്റിയിൽവന്നിരുന്നു ടീപ്പോയിൽ കിടന്നിരുന്ന “ബിസിനസ് ലൈൻ ” എടുത്തു വെറുതെ മറിച്ചുനോക്കി …
മലയാളം പത്രം വരുത്താൻ ഒന്ന് രണ്ടു തവണ സന്ദീപിനോട് പറഞ്ഞതാണ്….”അതൊക്കെ ഇവിടെ കിട്ടാൻ ബുദ്ധിമുട്ടാ ….അമ്മക്ക് വേണേൽ ഇന്റർനെറ്റിൽ ഓൺലൈൻ പത്രം വായിക്കാലോ “അവൻ പറഞ്ഞു . തനിക്കതുകേട്ടു ചിരി വന്നു. തിമിരത്തിന്റെ കടന്നാക്രമണം ഉള്ളതുകൊണ്ട് , ഭാഗവതം പോലും
പാടുപെട്ടാണ് വായിക്കുക …അപ്പോഴാ ഒരിന്റർനെറ്റ് !
കണ്ണ് ഡോക്ടറെ പോയി കാണണമെന്ന് പറയാൻ തുടങ്ങിയിട്ട് നാള് കുറച്ചേറെയായി ….തിരക്കല്ലേ തിരക്ക് ! പക്ഷെ , സിനിമക്ക് പോകാനും
ടൂര് പോകാനും ഷോപ്പിംഗ് നടത്താനുമൊക്കെ ഇഷ്ടംപോലെ അവർക്കു സമയമുണ്ട് …
ഇനി ,നാട്ടിൽ ചെല്ലുമ്പോൾ അവിടെ ആരെയെങ്കിലും കാട്ടുന്നതാവും
ബുദ്ധി…കുറഞ്ഞപക്ഷം അവരെന്താ പറയുന്നതെന്നെങ്കിലും
മനസ്സിലാവുമല്ലോ ….സായയുടെ അടുത്ത് പോയിരുന്നെങ്കിൽ , ഒരുപക്ഷെ , നന്ദഗോപൻ ,കണ്ണ് ഡോക്ടറെ കാണാൻ കൊണ്ടുപോയേനെ ….
മകളാണെന്ന്‌ പറഞ്ഞിട്ടെന്താ കാര്യം , സായയുടെ രീതിയും മട്ടുമൊന്നും തനിക്കൊട്ടും പിടിക്കുന്നില്ല ……
“‘അമ്മ എല്ലാം സന്ദീപേട്ടനല്ലേ കൊടുത്തത്‌, അമ്മയെ സന്ദീപേട്ടൻ നോക്കട്ടെ “അവൾ പറഞ്ഞതാണ് ….മറക്കില്ല അതൊന്നും താൻ .
സ്വത്തിന്റെ ത്രാസ്സിന്മേലാണ് സ്നേഹവും കടമയും തൂക്കപ്പെടുന്നതെന്നു തനിക്കറിയാതെപോയി ….അവൾക്കു കൊടുത്ത നൂറ്റമ്പതു പവനും ,കാറും ,മറ്റു വസ്തു വകകളുമൊക്കെ ഉണ്ടാക്കാൻ ഞങ്ങൾ പെട്ട പാട് അവൾക്കറിയില്ലല്ലോ .
ഒരുപക്ഷെ , തന്റെ ജയദേവേട്ടൻ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ,
കാശിനു വേണ്ടി കണക്കു പറയുന്നവൾക്കു ഒന്നും കൊടുക്കേണ്ടെന്നു
പറഞ്ഞേനെ……
ഏതായാലും ജയദേവേട്ടൻ ബുദ്ധിപൂർവം ഒന്ന് ചെയ്തു….തന്റെ പേരിലുള്ള രഹസ്യ സമ്പാദ്യം മുഴുവൻ, അവസാനകാലത്തു മാധവിയെ നോക്കുന്നവർക്ക് മാത്രം അവകാശപ്പെട്ടതായിരിക്കും എന്നൊരു ഒസ്യത് എഴുതിവെച്ചു…അതാർക്കുമറിയില്ല…ഇല്ലേൽ,
തന്നെ പങ്കു വയ്ക്കാൻ മക്കൾ തമ്മിൽ ഒരു മത്സരം തന്നെ നടന്നേനെ …
തന്റെ സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടാൻ ഓരോരുത്തരെടുക്കുന്ന
വളഞ്ഞ വഴികളെ കുറിച്ചോർത്താൽ ചിരി വരും ..
കാഴ്ചക്കുറവുള്ള ‘അമ്മ,ആര് വന്നു വിളിച്ചാലും ,വാതിൽ തുറന്നുകൊടുക്കുമെന്ന” സേഫ്റ്റി ” പോയിന്റ് നോക്കിയാണ് സായന്ന വീട് പുറത്തു നിന്ന് പൂട്ടിയിടാൻ തുടങ്ങിയത്..സമ്മതിച്ചു ..അപ്പോൾ പിന്നെ ഫോണിൽ എസ.റ്റി.ഡി ലോക്ക് ചെയ്തു വച്ചതു എന്തിന്റെ പേരിലാണാവോ ?…ഫോണല്ലേ പൂട്ടിവയ്ക്കാൻ പറ്റൂ …മനസ്സോ?
അടുക്കളയിൽ എന്തെങ്കിലും സഹായിക്കാമെന്നുവച്ചാൽ , കണ്ടാലുടൻ പറയും “വേണ്ട,വേണ്ട,..’അമ്മ പോയി റസ്റ്റ് എടുത്തോളൂ ” …ഇത് കേട്ടാൽ തോന്നും താനവിടെ മലമറിക്കുകയായിരുന്നെന്നു എന്ന് .
.
എത്രപേർക്ക് വച്ചുവിളമ്പി ശീലിച്ച കൈകളാണിത്….എല്ലാവര്ക്കും എന്നും വാരിക്കോരി കൊടുത്തിട്ടേയുള്ളു…എന്നിട്ടും ഒടുവിൽ ഉണക്ക റൊട്ടിയും നൂഡിൽസും തിന്നു കഴിയാനാണല്ലോ തന്റെ വിധി….
ഇത്തിരി ചക്കപുഴുക്കോ , , കാച്ചില് പുഴുങ്ങിയതോ, ഒക്കെ തിന്ന കാലം മറന്നു…..എല്ലാര്ക്കും താളത്തിനൊത്തു തുള്ളുന്ന പാവക്കുട്ടിയെ ആണല്ലോ വേണ്ടത്……തനിക്കു പരാതി ഒന്നുമില്ലേ ……

സ്കൂൾ അവധിക്കു കിരൺ ബോര്ഡിങ്ങിൽ നിന്നും വന്നപ്പോഴെങ്കിലും
തന്റെ പകലിനു ജീവൻ വയ്ക്കുമെന്ന് കരുതി …അതും വെറുതെയായി. ……”ഹായ് ഗ്രാൻഡ്മാ”പറഞ്ഞിട്ട് അവൻ ഓടിച്ചെന്നതു
കമ്പ്യൂട്ടറിന്റെ അരികിലേക്കാണ്.തന്റെ മനസ്സിടിഞ്ഞുപോയി അത്
കണ്ടപ്പോൾ.അവന്റെ കമ്പ്യൂട്ടർ ഗെയിമിന്റെ കാതടപ്പിക്കുന്ന ഒച്ചയിൽ ,തന്റെ രാമനാമജപം എത്രയോ തവണ ഇടയ്ക്കുവച്ചു മുറിഞ്ഞു പോയിരിക്കുന്നു……രാമായണം കഥ പറഞ്ഞു കൊടുക്കാമെന്നു പറഞ്ഞു അവനെ പ്രലോഭിപ്പിച്ചതാണ് ….”നോ നീഡ് ഗ്രാൻഡ്മാ ..ഞാനതെല്ലാം എന്നേ കോമിക്സിൽ വായിച്ചു കഴിഞ്ഞു ……പ്ളീസ് ഞാനിതൊന്നു കളിച്ചോട്ടെ …ഡിസ്റ്റർബ് ചെയ്യല്ലേ ….” എന്നുപറഞ്ഞു അവനും തന്നെ ഒഴിവാക്കി .

തറവാട്ടിൽ തന്നെ തിരിച്ചുകൊണ്ടുവിടാൻ സന്ദീപിനോട് പറഞ്ഞതാണ്.”വീട്ടുകാരെക്കൊണ്ട് മാത്രമല്ല,നാട്ടുകാരെക്കൊണ്ടും എന്നെ കുറ്റം പറയിക്കണോ അമ്മക്ക്…..ഇവിടെ എന്തിന്റെ കുറവാ? തിന്നാനും,കുടിക്കാനും,ഉടുക്കാനുമൊക്കെ ഇല്ലേ?
ഇനി എന്താ വേണ്ടതെന്നു പറഞ്ഞോ …ഞാൻ അതും ചെയ്തുതരാം”അവൻ പൊട്ടിത്തെറിച്ചു ….”സ്വാതന്ത്ര്യത്തിന്റെ” എന്ന് പറയാനാഞ്ഞതാണ്…അടക്കി…ഉള്ളിലടക്കി..അമ്മയുടെ മനസ്സുഖമല്ലല്ലോ , അവന്റെ സ്റ്റാറ്റസും പത്രാസും അല്ലേ വലുത്!
എന്നാലും ഈ ഏകാന്തത .. അതാണ് സഹിക്കാൻ പറ്റാത്തത് .ജയിലിൽ പോലുമുണ്ടല്ലോ മറ്റു തടവുകാരോട് മിണ്ടാനും പറയാനും അവസരങ്ങൾ….മാധവിക്കുട്ടി നെടുവീർപ്പോടെ എഴുന്നേറ്റു. ടി.വി ഓണാക്കി ..ഇത് പൂട്ടിക്കെട്ടി വയ്ക്കാത്തതു ഭാഗ്യം ….ചിലതൊന്നും ഒന്നും മനസ്സിലാവില്ല എങ്കിലും മാറി മാറി വരുന്ന കളറെങ്കിലും കണ്ടോണ്ടിരിക്കാമല്ലോ ….
“അല്ലാ,ഇത് മലയാളം ചാനൽ ആണല്ലോ “അവർക്കു സന്തോഷമായി.
ഏതോ ആശ്രമത്തിലെ കാര്യങ്ങളാണല്ലോ അവർ പറയുന്നത് …മാധവിക്കുട്ടി കാതു കൂർപ്പിച്ചിരുന്നു …”കൽക്കട്ടയിലുള്ള ഞങ്ങളുടെ ആശ്രമത്തിലേക്കു ,നിസ്വാർത്ഥ സേവനത്തിനായി , മധ്യ വയസ്സ് കഴിഞ്ഞ സ്ത്രീ -പുരുഷന്മാരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.സന്മനസ്സുകൾക്കു സ്വാഗതം ! താൽപ്പര്യമുള്ളവർ താഴെ പറയുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക…..”മാധവിക്കുട്ടി തിടുക്കത്തിൽ ,ടെലിഫോൺ സ്റ്റാന്റിനടുത്തുള്ള സ്ക്രിബ്ബ്ലിങ്പാഡിൽ നമ്പർ കുറിച്ചെടുത്തു……

അതിരാവിലെ കുളിച്ചൊരുങ്ങി,എയർ ബാഗിൽ വസ്ത്രങ്ങൾ അടുക്കുന്ന അമ്മയെക്കണ്ടു സന്ദീപ് അത്ഭുതം കൂറി….”രാവിലെ എങ്ങോട്ടാ”?………”ഞാൻ എത്തേണ്ടയിടത്തേക്കു”
“ആരും എന്നെ തടയാൻ നോക്കേണ്ട ….ഇതുവരെ ഞാൻ എല്ലാവര്ക്കും വേണ്ടി ജീവിച്ചു….ഇനിയുള്ളകാലം എനിക്കുവേണ്ടി ജീവിച്ചോട്ടെ….
മോനേ..ഞാൻ നിങ്ങളിൽ നിന്നൊക്കെ അനേക കാതം ദൂരം പിറകിലാണ്.പിന്നോക്കം നടക്കാൻ നിങ്ങൾക്കാവില്ല….ഒപ്പത്തിനൊപ്പമെത്താൻ എനിക്കും … അതുകൊണ്ടു എന്നെ സന്തോഷത്തോടെ വിട്ടേക്ക്…ഞാൻ ആർക്കും ഒരു ബാധ്യത ആവാൻ ആഗ്രഹിക്കുന്നില്ല….ഇവിടുന്നു പത്തു കിലോമീറ്റർമാത്രം ദൂരമുള്ള ആനന്ദാശ്രമത്തിലേക്കാണ് ‘അമ്മ പോകുന്നത് . എപ്പോൾ വേണമെങ്കിലും നിങ്ങൾക്കവിടെ വന്നു അമ്മയെ കാണാം.”
“അതിനു ‘അമ്മ…….” അയാളെ തുടരാനനുവദിക്കാതെ , കയ്യെടുത്തു വിലക്കിക്കൊണ്ട് മാധവിക്കുട്ടി പറഞ്ഞു “ഇതെന്റെ ഇഷ്ടമാണ്…എന്റെ മാത്രം തീരുമാനവും ” അവർ പുഞ്ചിരിയോടെ ബാഗെടുത്തു പുറത്തേക്കിറങ്ങി, നാളുകൾക്കുശേഷം , സ്വാതന്ത്ര്യ ത്തിന്റെ ശുദ്ധവായു നുകർന്നുകൊണ്ടു…അപ്പോഴേക്കും ആശ്രമത്തിലെ വാൻ, ഹോൺ മുഴക്കിക്കൊണ്ട് ഫ്ലാറ്റിന്റെ കവാടത്തിലെത്തിയിരുന്നു………..

                                    *******************************
Scroll to Top