റാഹേലമ്മേടെ കൊച്ചുമക്കൾ

റാഹേലമ്മ ഒരാവര്ത്തികൂടി കത്തെടുത്തു വായിച്ചു .
“ഇത്തവണ സ്കൂൾ അവധിക്കു ടോണിയേയും ടെസ്സയേയുംഞാൻ അങ്ങോട്ട് വിടുന്നുണ്ട്…അമ്മച്ചിക്ക് ഒരു കൂട്ടുംആവും ,പിള്ളേർക്ക് ഒരു ചേഞ്ചും ….പിള്ളേരെ തിരിച്ചുവിളിക്കാൻ വരുമ്പോഴേക്കും കുറച്ചു കണ്ണിമാങ്ങ അച്ചാറും ജാതിക്ക വൈനും ഉണ്ടാക്കിവെക്കാൻ മറക്കണ്ട.കഴിഞ്ഞ തവണത്തെപ്പോലെ ആകാതിരിക്കാൻ വേണ്ടീട്ടാണ് നേരത്തേ പറയുന്നത്……..എന്ന് മകൾ കത്രീന .
കത്ത് വായിക്കുന്തോറും റാഹേലമ്മക്ക് അരിശം കൂടിക്കൂടി വന്നു.
കഴിഞ്ഞതവണ നശൂലങ്ങൾ വന്നപ്പോൾ കാട്ടിക്കൂട്ടിയ നാശനഷ്ടങ്ങളുടെ കേടുപാട് തീർന്നുകിട്ടിയിട്ടില്ല ,അപ്പോഴേക്കും അടുത്ത വരവായോ തമ്പുരാനെ …..റാഹേലമ്മ പിറുപിറുത്തു.അന്ന് ഒരു നെഞ്ചുവേദന അഭിനയിച്ചു രണ്ടു ദിവസം ആശുപത്രിയിൽ പോയി കിടക്കേണ്ടിവന്നു അതുങ്ങളെ തിരികെ പറഞ്ഞുവിടാൻ….ഇത്തവണ എന്റീശോയെ എന്തെങ്കിലും ഒരു വഴി കാട്ടിത്തരണേ അവരെ ഇങ്ങോട്ടു പറഞ്ഞയക്കാതിരിക്കാൻ …..അവർ ഭക്തിപൂർവ്വം കുരിശു വരച്ചു.

കാര്യം ആണായും പെണ്ണായും ഒറ്റയൊരുത്തിയേ ഉള്ളെങ്കിലും പത്തെണ്ണത്തിന്റെ ആർതീം കുരുട്ടു ബുദ്ധീമാ കത്രീനയ്ക്ക്.
ഓരോ വരവിനും “അമ്മച്ചീ ഇത് ഞാനെടുക്കുവാണേ”എന്നുപറഞ്ഞു കണ്ണിക്കണ്ടതെല്ലാം വാരിക്കെട്ടിക്കൊണ്ടുപോകും. അന്നേരം മറുത്തൊന്നും പറയാൻ തനിക്കൊട്ടു തൊന്നുകയുമില്ല……
ദാരിദ്ര്യം കൊണ്ടാണേൽ വേണ്ടുകില്ല,ആർത്തി..അല്ലാതെന്താ .അതുമല്ലെങ്കിൽ “ഇതെല്ലാം എന്റമ്മച്ചി തന്നയച്ചതാ “എന്ന് ജോസ്‌കുട്ടിയോടു വീമ്പിളക്കാനാവും.
മക്കളെ വളർത്തിയിരിക്കുന്നതാണേൽ അതിലും പഷ്ട് !ഇങ്ങോട്ടുവാടാന്നുപറഞ്ഞാൽ അങ്ങോട്ടുപോകും
കുരിശുവരയില്ല,പള്ളീപ്പോക്കില്ല , നോമ്പുകാലമാണേൽക്കൂടി ചോറിറങ്ങണേൽ ഇറച്ചി വരട്ടിയതും മീൻ വറുത്തതും വേണം ..രണ്ടുനേരം പാലും മുട്ടേം വേറേം …നോട്ടക്കുറവ് വരുത്താൻ പറ്റത്തില്ലല്ലോ…..ചെലവ് തന്നെ ചെലവ് …എന്നാ “ഇതിരിക്കട്ടെ അമ്മച്ചീ”എന്ന് പറഞ്ഞു പത്തു പൈസ അവളോട്ടു
തരണമല്ലോ ,ങേഹേ ..കിട്ടുന്ന ഫാമിലിപെന്ഷനീന്നുവേണം എല്ലാത്തിനും ചിലവാക്കാൻ.ഒരു വര്ഷം ചുക്കിപ്പിടിച്ചുണ്ടാക്കുന്ന കാശത്രേം ഒരാഴ്ചകൊണ്ട് തീരും.

ഇനിയിപ്പോ കയ്യും കാലും പിടിച്ചു നിർത്തിരിക്കുന്ന കുഞ്ഞേലിയുടെ കറുത്ത മുഖവും “കുശിനിപ്പണി നിർത്തി ഞാൻ പോവ്വാ ” എന്നാ ഭീഷണിയും കേൾക്കേണ്ടിവരും .ചില്ലറക്കാര്യം വല്ലോമാണോ കഴിഞ്ഞ തവണ ആ കുട്ടിപിശാചുക്കൾ കാട്ടിക്കൂട്ടിയത്! കുഞ്ഞേലിയുടെ നെറ്റി
എറിഞ്ഞു പൊട്ടിച്ചില്ലേ….ഇനി പള്ളീപ്പോക്കും മുടങ്ങും ..അത് പോട്ടെന്നുവയ്ക്കാം, കർത്താവ് തമ്പുരാനറിയാമല്ലോ ഇവിടുത്തെ കാര്യങ്ങള് ….സീരിയലുകള് ഒറ്റയെണ്ണം കാണാൻ പറ്റില്ല ….ആങ്ങളയും പെങ്ങളും കൂടി മത്സരിച്ചു ഇംഗ്ലീഷും ഹിന്ദിയും കാർട്ടൂണും ചാനലുകൾ മാറ്റിമാറ്റി മനുഷ്യന്റെ മനസ്സമാധാനം കളയും….
ഹോ ! അവറാച്ചായൻ എത്ര ഭാഗ്യവാനാ…ഇതൊന്നും കാണാനും കേൾക്കാനും അനുഭവിക്കാനും നിർത്താതെ കർത്താവ് നേരത്തെ അങ്ങ് വിളിച്ചില്ലേ ….റാഹേലമ്മ നെടുവീർപ്പോടെ കത്തുമടക്കി ബൈബിളിനുള്ളിൽ തിരുകി
സത്യത്തിൽ കൊച്ചുമക്കൾ വരുന്നെന്നുകേട്ടാൽ സന്തോഷിക്കുകയാണ് വേണ്ടത് …പക്ഷെ അതുങ്ങളെയൊക്കെ നിയന്ത്രിക്കാനോ അടക്കിനിർത്താനോ ഉള്ള ത്രാണിയൊന്നും തനിക്കില്ല . . തന്റെ മനസ്സിന്റെ പ്രയാസം ആരോട് പറയാൻ! കുഴീലേക്കുകാലും നീട്ടിയിരുന്നിട്ടും അമ്മച്ചീടെ ചിന്താഗതി നോക്കണേന്നേ ആരെങ്കിലും തന്റെ ആവലാതി കേട്ടാൽ പറയതോള്ളൂ
ഹോ …ഉള്ള മനസ്സമാധാനം കൂടി പോയിക്കിട്ടി ….ഇനി നാളെ രാവിലെ ബാങ്കിൽ പോയി കഴുത്തി കിടക്കുന്ന മാലയും കയ്യിലെ കാപ്പും ലോക്കറിൽ കൊണ്ട് വയ്ക്കണം .കഴിഞ്ഞ തവണ ,തിരികെ പോരാൻനേരം ,തന്റെ മാല , ടെസ്സയുടെ കഴുത്തിൽനിന്നും ഊരിമേടിക്കാൻ പെട്ട പാട് !” വല്യമ്മച്ചി മരിച്ചാലുടൻ മാല ഊരി നിന്റെ കഴുത്തിലിട്ടുതരാമെന്നു” കത്രീന പറഞ്ഞത് കേട്ടപ്പോ അവടെ കിറിക്കിട്ടൊരു കുത്തു കൊടുക്കാനാ തനിക്കു തോന്നിയത് .
ഇത്തവണ അങ്ങനത്തെ പൊല്ലാപ്പൊന്നും വേണ്ട …..ചാവുന്നതുവരെ ഒക്കെ തന്റെ കസ്റ്റഡിയിൽ തന്നെയിരിക്കട്ടെ …..ഏതിനും ഒരു “പിടി” വേണമല്ലോ ……ഇത്രയുംതീരുമാനിച്ചപ്പോൾ ചെറിയ ഒരു സമാധാനം തോന്നി റാഹേലമ്മക്ക്
കുരിശുവരയും കഴിഞ്ഞു ,അത്താഴത്തിനു പാൽക്കഞ്ഞിയും കുടിച്ചു , ഉറങ്ങാനുള്ള ഒരുക്കങ്ങൾ നടത്തുമ്പോഴാണ് ഫോൺ ബെല്ലടിച്ചതു. …
കണ്ണട എടുത്തുവച്ചു,കോളർ ഐഡി നോക്കിയപ്പോൾ റാഹേലമ്മ ചെറുതായി ഞെട്ടി …കർത്താവേ …കത്രീന ! ഇനി നാളെത്തന്നെ പിള്ളേരിവിടെത്തും എന്ന് പറയാനോ മറ്റോ ആന്നോ ഈശോയെ …
ഒരുനിമിഷം മടിച്ചുനിന്നിട്ടു അവർ റിസീവർ കാതോട് ചേർത്തു….

“അമ്മച്ചീ ഞാൻ അയച്ച കത്ത് കിട്ടിയാരുന്നോ ? അതേ,ഞാൻ വിളിച്ചതേ….ഇത്തവണ പിള്ളേരെ അങ്ങോട്ട് വിടുന്നില്ലെന്നു പറയാനാ ..
പിന്നേ,ജോസുകുട്ടിച്ചായൻ പറഞ്ഞു അവരെ കമ്പ്യൂട്ടർ പഠിപ്പിക്കാൻ വിടണമെന്ന്. പിള്ളേർക്ക് കരാട്ടെയും പഠിക്കണമെന്ന് പറയുന്നു…
അമ്മച്ചിക്ക് സങ്കടമായി അല്യോ …..ഏതായാലും സ്കൂൾ തുറക്കുന്നതിനു മുൻപേ ഞങ്ങളെല്ലാരും കൂടി രണ്ടുദിവസം അവിടെ വന്നു നിക്കാം കേട്ടോ …എന്നാ ശരി …വച്ചേക്കുവാണേ…..” മറുവശത്തു റിസീവർ വയ്ക്കുന്ന ശബ്ദം കേട്ട് റാഹേലമ്മ ഒരു നിമിഷം തരിച്ചു നിന്നു
തന്റെ പ്രാർത്ഥനക്കു ഇത്രവേഗം ഫലം കിട്ടുമെന്ന് അവർ സ്വപ്നേപി വിചാരിച്ചിരുന്നില്ല …..
“കർത്താവേ നിന്റെ മഹത്വം എനിക്ക് ബോധ്യപ്പെട്ടിരുന്നു …നിനക്ക് സ്തുതി !സ്തുതി !സ്തുതി !” റാഹേലമ്മ കഴുത്തിൽ കിടന്ന കൊന്ത മുത്തി. പിന്നെ പൊട്ടിച്ചിരിച്ചുംകൊണ്ടു കിടക്കയെ ശരണം പ്രാപിച്ചു …….

                                *****************************************

Scroll to Top