ഇത്താമ്മചേടത്തീടെ  നേർച്ചക്കോഴി

പള്ളിപ്പടിക്കലോളം  പൂവങ്കോഴിയെ  പൊക്കിയെടുത്തു ചെന്നപ്പോഴാണ്  ഇത്താമ്മ ചേടത്തിക്കു  വീണ്ടുവിചാരമുണ്ടായത് …….

“കർത്താവിനെന്തിനാ  പൊൻകുരിശെന്ന് ” പൊന്കുരിശ് തോമ ചോദിച്ചതുപോലൊരു ചോദ്യം ചേടത്തി തന്നോടുതന്നെ  ചോദിച്ചു .

“പുണ്യാളനെന്തിനാ ഇത്രയും മുഴുത്ത കോഴി?”

ഇന്നലെ ,സ്വപ്നത്തിൽ ,മുഴുവൻ നേരവും ചേടത്തിയെ ഒരു പോരുകോഴി പറമ്പിലിട്ട്ഓടിക്കുകയായിരുന്നു…..

ഉണർന്നപ്പോഴാണ്,പണ്ടെന്നോ ,”കോഴിവസന്ത “വന്നപ്പോൾ ,

പുണ്യാളന് കൊടുക്കാമെന്നേറ്റിരുന്ന  പൂവങ്കോഴിയെ ,ഇതുവരെയും കൊടുത്തില്ലല്ലോ എന്നോർമ്മവന്നത്.

ഇക്കണ്ട ജനകോടികളൊക്കെ ഉണ്ടായിട്ടും അവരുടെയൊന്നും വാഗ്ദാനങ്ങളെ കുറിച്ച്  വേവലാതിപ്പെടാതെ ,പുണ്യാളൻ ,തന്റെപുറകേ എന്തിനാണാവോ  ഓർമച്ചെപ്പും തുറന്നുപിടിച്ചു നടക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും ചേടത്തിക്കു പിടി കിട്ടിയില്ല …..

കൈപ്പിടിയിൽ ഒതുങ്ങിയിരിക്കുന്ന കോഴിയെ നോക്കിയപ്പോൾ ചേടത്തിക്കു സങ്കടം വന്നു….

വല്ല മുട്ടയും നേർന്നാൽ മതിയായിരുന്നു…..ഇതിപ്പോ നാലഞ്ചു കിലോ തൂക്കം വരും ….ആറേഴു പിടകൾക്കിടയിൽ ,ഒറ്റയാനായി ,തല ഉയർത്തിപ്പിടിച്ചുള്ള അവന്റെ നിൽപ്പും ,ചിലനേരത്തെ പിടപ്പും ഓർത്തപ്പോൾ ചേടത്തിക്കു നഷ്ടബോധം തോന്നി…

വറുത്തരച്ച തേങ്ങാ ചേർത്ത് വരട്ടി വയ്ക്കുന്ന  കോഴി പെരളനെക്കുറിച്ചുചിന്തിച്ചു  പലനാൾ ഇവനെ നോക്കി വെള്ളമിറക്കിയതാ …പക്ഷെ കൊല്ലാൻ മനസ്സ് വന്നില്ല …തന്റെ “പുന്നൂസേ” എന്ന വിളി പറമ്പിൽ എവിടെകേട്ടാലും ആ നിമിഷം  കൊക്കിക്കൊണ്ടു പറന്നെത്തും ഇവൻ..താൻ പറയുന്നതെല്ലാം കേട്ടുകൊണ്ട് ,കുണുങ്ങി കുണുങ്ങിക്കൊണ്ടുള്ള ,തന്റെ പിറകെയുള്ള ഇവന്റെ നടത്ത കാണാൻതന്നെ എന്താ ശേല്! എന്നിട്ടും താൻ……….

“നിവർത്തികേടുകൊണ്ടാ പുന്നൂസേ….ഈ വയസ്സുകാലത്തു ഇനിയും  ഉറക്കത്തിൽ കിടന്നോടാൻവയ്യ…പുണ്യാളനാണെങ്കി കൊതിക്കെറുവുകൊണ്ടു  അടങ്ങിയിരിക്കുമെന്നും തോന്നുന്നില്ല…ചേടത്തി പിറുപിറുത്തു ….

പെട്ടന്നാണ് ചേടത്തിയെ ഞെട്ടിച്ചുകൊണ്ട് പള്ളിമണി മുഴങ്ങിയത് .

കയ്യിലിരുന്ന പൂവൻ ഏതു ദിക്കിലേക്കാണ് പറന്നുചാടിയതെന്നുആദ്യം ഒരെത്തും പിടിയും കിട്ടിയില്ല…ചറപറാന്നു തെക്കോട്ടും വടക്കോട്ടും ചീറിപ്പായുന്ന വണ്ടികളോടുന്ന റോഡിലേക്കാണ് പൂവന്റെ സർക്കസ്സുകളി എന്ന് പിന്നെയാ മനസ്സിലായത് ………                                                                

 .നാല് വീടിനപ്പുറമുള്ള ദൂരമല്ലേയുള്ളൂ ,അനുസരണയുള്ള ഇനമാണല്ലോ  എന്നൊക്കെകരുതി ,പുന്നൂസിന്റെ കാലിൽ ഒരു ചരടുപോലും കെട്ടാതെ കൊണ്ടുവന്നത് അബദ്ധമായിപ്പോയി….

ചേടത്തി വിഷണ്ണയായി റോഡിലേക്ക് ഇറങ്ങി നോക്കി.പൂവന്റെ പൊടിപോലും കാണാനില്ല !

“എന്നാലും എന്റെ പുണ്യാളാ …എന്നോടീ ചതി ചെയ്തല്ലോ ….”വായ്ക്ക് രുചിയായിട്ടു കൊന്നു തിന്നാൻ പറ്റിയോ അതും ഇല്ലാ…നിന്റെ കടമൊട്ടു വീട്ടിയോ അതും ഇല്ലാ….ഇതൊരുതരംമറ്റേ…….”നാവു ചൊറിഞ്ഞുവന്നത് ,മറുപുറത്തു പുണ്യാളനാണല്ലോ എന്നോർത്ത് ചേടത്തി അടക്കി.

നാടൻകോഴി കിലോക്ക് എന്നതായിരിക്കും വില …എത്ര രൂപയാ ഈ മുടിഞ്ഞ സ്വപ്നം കാരണം നഷ്ടം വന്നത്…….ഇനി  ഒരു കോഴികുഞ്ഞിനെയെങ്ങാനും വാങ്ങി വച്ച് നേർച്ച വീട്ടാം …പുണ്യാളന് ചൊണയില്ലാത്തതു തന്റെ കുറ്റമല്ലല്ലോ ….. ഇല്ലേ നടക്കുവരെ കൊണ്ടുവന്നത് പറന്നുപോയതെന്തിനാ …..ഇതൊക്കെ ഓർത്തു നടന്നതുകാരണം പരിചയക്കാർ ചോദിച്ചകുശലാന്വേഷണങ്ങളൊന്നും  ചേടത്തി കേട്ടതുമില്ല,വീടെത്തിയതൊട്ടറിഞ്ഞതുമില്ല ……

പോക്കറ്റ്‌ഗേറ്റ് തുറന്നു അകത്തു കയറിയ ചേടത്തി ,ഒരുനിമിഷം ഷോക്കേറ്റതുപോലെ നിന്നുപോയി. …

തെങ്ങിൻചുവടു ചികയുന്ന പിടക്കൂട്ടങ്ങളുടെ മദ്ധ്യേ ,വിലാസലോലുപനായി ,തലയുയർത്തിപ്പിടിച്ചു പുന്നൂസ്… !.

“മോനെ പുന്നൂസേ….പേടിപ്പിച്ചുകളഞ്ഞല്ലോടാ  നീ “എന്ന ചേടത്തിയുടെ കാറിവിളികേട്ടു പുന്നൂസ് “കൊക്കരക്കോ” എന്ന് സർവ്വശക്തിയുമെടുത്തു കൂകിതിമിർത്തു ……….. 

                                     ************************************

Scroll to Top