കാലന്റെ ചിരി.

കാലന്റെ പരവേശം കണ്ടു ദൈവത്തിനു ചിരി വന്നു . ഇത് മൂന്നാമത്തെ തവണയാണ് , കാലൻതന്നെ ഒപ്പിട്ട സ്റ്റേ ഓർഡർ കാണിച്ചു , പങ്കജവല്ലി കാലന്റെ പത്തി മടക്കുന്നതു .
കറുത്ത അംഗവസ്ത്രത്തിൽ, ആകെ വിയർത്തുകുളിച്ച കാലൻ, പോത്തിന്റെ വിറളിപിടിച്ച അമറലിൽ തെല്ലും ഈർഷ്യ കാട്ടാതെ , അവിടെത്തന്നെ താറി താറി നില്കുന്നതെന്താണെന്നു ദൈവത്തിനു പെട്ടെന്ന് പിടി കിട്ടിയില്ല.
കഴിഞ്ഞ രണ്ടു തവണയായി , ടൈം ബാർ ആകാത്ത ഏതോ പെണ്ണുങ്ങളെ പിടികൂടി ടാർഗറ്റ് തികച്ച കാലന്റെ കള്ളത്തരങ്ങൾ പിടികിട്ടാഞ്ഞിട്ടല്ല ദൈവം മൗനം പാലിച്ചത്. ആരാച്ചാർ പോസ്റ്റിലേക്ക് ഇപ്പോൾ ആരെയും കിട്ടാനില്ല. പോരെങ്കിൽ കുറെ “അവകാശ കമ്മീഷനുകളും ” തല പൊക്കിയിട്ടുണ്ട്. കാലനെങ്ങാനും രാജിവെച്ചുപോയാൽ പിന്നെ ആ കസേരയിലേക്ക് വല്ല ബംഗാളിയെയും പ്രലോഭിപ്പിച്ചു കൊണ്ടിരുത്തേണ്ടിവരും. …അതൊന്നും നടക്കുന്ന കേസുകെട്ടല്ല….ദൈവം നെടുവീർപ്പിട്ടു .
നേർബുദ്ധിക്കാരനായിരുന്ന കാലനെ , ഈ വളഞ്ഞവഴികളൊക്കെ പഠിപ്പിച്ചതിന്റെ പൂർണ ഉത്തരവാദിത്വം ആ “യുഗാ” ടീവി സീരിയൽ കാർക്കാണോ എന്ന് സംശയം തോന്നി തുടങ്ങിയിട്ട് കുറെ കാലമായി. പക്ഷെ, “തെളിവാണ് പ്രധാനം ” എന്ന തത്വത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന കാരണം എടുത്തു ചാടി ഒന്നും ചോദിക്കാനും പറയാനും വയ്യ. ഏതായാലും ക്ഷമയോടെ കാത്തിരിക്കുകതന്നെ . ദൈവം പിന്നെയും ഭൂമിയിലേക്ക് ഉറ്റു നോക്കി.
സീരിയലിന്റെ മുന്നിലിരുന്നുള്ള കരച്ചിലും പിഴിച്ചിലും ആണെന്ന് തിരിച്ചറിയാതെ, കാലൻ പണ്ടൊരു മണ്ടത്തരം കാട്ടി. അതാണിപ്പോൾ വല്ലാത്തൊരു പൊല്ലാപ്പായതു.
“എന്തരിനമ്മച്ചി ഇരുന്നു മോങ്ങുന്നേ , മേലോട്ടെടുക്കുന്നേനുമുന്പ് പെട്ടെന്ന് എന്തിരെങ്കിലും വേണേൽ ഒരു കാര്യം സാധിച്ചു തരാം ” എന്നൊരു ഓഫർ കാലൻ കൊടുത്തുപോയി.
” എന്റെ പൊന്നുമോനെ, ഈ “യുഗാ ” സീരിയല് തീർന്നിട്ട് എന്നെ കൊണ്ടുപോക്കോടാ… ഇല്ലേൽ ഇതിന്റെ ബാക്കി എന്തെന്നറിയാതെ അമ്മച്ചിക്കവിടെ മനസ്സമാധാനത്തോടെ കഴിയാൻ പറ്റൂല്ല …..ആത്മാവിനു മോക്ഷവും കിട്ടില്ലെടേ …” എന്ന പങ്കജവല്ലിയുടെ ഡയലോഗിൽ കാലൻ തലയും കുത്തി വീണുപോയി….കണ്ടുകൊണ്ടിക്കുന്ന സീരിയൽ എപ്പിസോഡ് തീർന്നാലുടൻ അമ്മച്ചിയേയും കൊണ്ട് പോരാമെന്നാ കാലൻ കരുതിയത്. പിന്നല്ലേ അറിഞ്ഞത്, ആ എപ്പിസോഡല്ല, ഫുൾ എപ്പിഡോസ് തീരുന്ന കാര്യമാ അമ്മച്ചി പറഞ്ഞതെന്നും താൻ പെര്മിറ്റു കൊടുത്തതെന്നും. ഏതായാലും വല്ലാത്ത ചതിയായിപ്പോയി … ഇനിയും ഒരു മൂവായിരം എപ്പിഡോസു കൂടി ഉണ്ടത്രേ …..നീണ്ടു നീണ്ടു അത് മുപ്പതിനായിരം ആവില്ലെന്നാരുകണ്ടു. !! ?.
ഇത്തവണയെങ്കിലും കറക്റ്റ് കക്ഷിയെ അവിടെ ഹാജരാക്കിയില്ലെങ്കിൽ “ധർമരാജൻ” എന്ന തന്റെ പദവി പോകുമോ എന്നൊരു പേടി ഉള്ളിലില്ലാതില്ല. പോരെങ്കിൽ ദൈവത്തിനു തന്ന്നെ ഒരല്പം സംശയം ഉണ്ടോയെന്നു തനിക്കുമുണ്ടെന്നൊരു സംശയം. പക്ഷെ എന്ത് ചെയ്യും…. എറിഞ്ഞ കല്ലും കൊടുത്ത വരവും തിരിച്ചെടുക്കാൻ വയ്യേല്ലോ …കാലൻ നിന്ന് വിയർത്തു.
ബ്രേക്ക് സമയത്തു ടീവി സ്‌ക്രീനിൽ നിന്നു കണ്ണെടുത്തപ്പോളാണ് പങ്കജവല്ലി വാതുക്കൽ നിൽക്കുന്ന കാലനെ കണ്ടത്. .. ” ആഹാ നീ പിന്നെയും വന്നോ..നിന്റെ വാഹനമാണോ അവിടെ കിടന്നു അമ്രുന്നെ..? ആ പണ്ടാരത്തിന്റെ അമറല് കാരണം ടീവിയിൽ പറഞ്ഞതൊന്നും നേരെചൊവ്വേ കേൾക്കാനും പറ്റിയില്ല. അതിനെ അപ്പുറത്തെങ്ങാനും മാറ്റി കെട്ടിയിട്ടു നീ അവിടെയെങ്ങാനും വന്നു കുത്തിയിരിക്കെടാ ചെറുക്കാ…വേണേൽ ഇതീന്ന് രണ്ടെണ്ണം തിന്നോ..” മുന്നിലിരുന്ന ചക്കവറുത്തതു കാലന്റെ നേർക്ക് നീട്ടി പങ്കജവല്ലി ആതിഥേയ ആയി .
കാലൻ നിഷേധാര്ഥത്തിൽ തലയാട്ടി.
“അമ്മച്ചീടെ ചക്കവറ തിന്നാൻ വന്നതല്ല ഞാൻ,.. അമ്മച്ചിയേയും കൊണ്ടല്ലാതെ എനിക്ക് തിരികെ ചെല്ലാൻ പറ്റൂല്ല. ……” കാലൻ മൊഴിഞ്ഞു…
“എന്നാപ്പിന്നെ നീ ഒരു കാര്യം ചെയ്യ്‌..നീ എന്റെകൂടെ കൂടിക്കോ …പിള്ളേരെല്ലാം ദൂരെയായതുകൊണ്ടു എനിക്കൊരു കൂട്ടും ആവും …..
നിനക്ക് പശുവിനെ കറക്കാൻ അറിയാമോടാ …?, “കാലയവനികയിലെ ” വേലുച്ചാമിയെപോലെ ..? ഇനി അറിയത്തില്ലെങ്കി പടിച്ചാമതി…ഇവിടൊരു കറവക്കാരനുണ്ടെന്നേ ..അവനെ അങ്ങ് പറഞ്ഞുവിട്ടാലോ എന്നാലോചിക്കുവാ ..മഹാ കള്ളനാ..തോന്നുമ്പ വരും…വെടുപ്പായിട്ടു ഒന്നും ചെയ്യില്ല..ചാണകം വാരില്ല,തൊഴുത്തും വെടിപ്പാക്കത്തില്ല …പുല്ലരിയാനും പശൂനെയും കന്നിനേയുംകുളിപ്പിക്കാനും ആള് വേറെ …എന്നാ പാഴ്‌ചെലവാന്നോ ….മിണ്ടാപ്രാണിയാണെങ്കിലും അതിനും ഇല്ലേ ഒരു അന്തസ്സും ആഭിജാത്യവും …നിനക്കാണെങ്കിൽ പോത്തിനെ നോക്കി നല്ല പരിചയവും കാണുമല്ലോ…ഇവിടെ കൂടിക്കോ …തിന്നാനും കുടിക്കാനുമൊക്കെ എന്തെങ്കിലും തരാം ….”അമ്മച്ചി പ്രലോഭിപ്പിച്ചു
കാലൻ ഒന്നും മിണ്ടിയില്ല…..
മൗനം സമ്മതം എന്ന് കരുതിയാവും പങ്കജവല്ലി തുടർന്നു…. “എടാ നീ കൊണ്ടുവന്നത് വിത്തുപോത്താണോ..?”ആണേൽ അതിനെവച്ചു പത്തു കാശുമുണ്ടാക്കി നമുക്ക് അടിച്ചുപൊളിക്കാമെടാ
“വിത്തുപൊത്തോ..?..അതെന്താ സംഭവം ?”… കാലൻ വായ തുറന്നു…
“എടാ കാലാ,… നിന്നെ കാലമാടാ എന്ന് വേണം വിളിക്കാൻ….നിനക്ക് മാടിന്റെ വിവരം പോലുമില്ലല്ലോടാ …..അതെങ്ങനാ സഹവാസം പോത്തിനോടൊപ്പമല്ലേ ….ബുദ്ധി എന്ന് പറയുന്ന സാധനമേയില്ല ….എടാ പ്രജനനം നടത്താൻ പറ്റിയതാണോന്ന് ….ഇനി അതിനൊന്നും കൊള്ളൂല്ലെങ്കിൽ അതിനെ നമുക്ക് അറവുകാരൻ ഹൈദ്രോസിനു വിളിച്ചു കൊടുക്കാം. ..നല്ല വെലേം തരും, രണ്ടു കിലോ പോത്തിറച്ചി ഫ്രീയും തരും..നല്ല കുരുമുളകും മസാലയുമൊക്കെപുരട്ടി വരട്ടിയെടുത്താൽ എങ്ങനിരിക്കുമെന്നറിയാവോ ? ചട്ടിപോലും നക്കിത്തുടക്കും ….അമ്മച്ചി വായിൽ കിനിഞ്ഞുവന്ന വെള്ളം “കിടോ എന്ന ശബ്ദത്തിൽ ഇറക്കി
“ഞാൻ പോത്തിനെ കച്ചോടം ചെയ്യാൻ വന്നതല്ല അമ്മച്ചീ …”
കാലന് നല്ലതുപോലെ ദേഷ്യംവന്നു തുടങ്ങി. കാര്യങ്ങൾ ഒരു നടയ്ക്കു പോകുമെന്ന് തോന്നുന്നില്ല….തള്ളയെ പിണക്കാനും വയ്യ. “സ്റ്റേ യോർഡർ …സ്റ്റേ യോർഡർ ” എന്ന് പറഞ്ഞു തന്റെ ബുദ്ധിഹീനതയെ പിന്നെ കുത്തിനോവിച്ചുകൊണ്ടിരിക്കും. ഇവരെ പ്രീതിപ്പെടുത്തി നിർത്തിയെ പറ്റൂ.
“അമ്മച്ചി തമാശ കള, എനിക്ക് തിരിച്ചുപോയെ പറ്റൂ , അത് വെറും കയ്യോടെ പോകാനും പറ്റില്ല., കാലൻ കരയും മട്ടിൽ പറഞ്ഞു.
“മോനെന്തായാലും ഇത്ര ദൂരം യാത്രചെയ്തുവന്നതല്ലേ രണ്ടു മിനിട്ടു ഇരി …അമ്മച്ചി പരിഹാരമുണ്ടാക്കാം.”
കാലന് അല്പം സമാധാനം തോന്നി. ഇന്നെന്തെങ്കിലുമൊക്കെ നടക്കുമായിരിക്കും.
അമ്മച്ചി നീക്കിയിട്ടുകൊടുത്ത കസേരയിൽ മനസ്സില്ലാമനസ്സോടെ കാലൻ ഇരുന്നു. എന്തുചെയ്യാം ഒരു ദുർബല നിമിഷത്തിൽ വേലിയിൽ ഇരുന്നതിനെ എടുത്തു വേണ്ടാത്തിടത്തു വെച്ച് പോയില്ലേ.
ബ്രേക്ക് കഴിഞ്ഞു സീരിയൽ പിന്നെയും കൊഴുക്കാൻ തുടങ്ങി .
കാലന്റെ കണ്ണുകൾ അറിയാതെ ടീവീ സ്ക്രീനിലേക്ക് നീണ്ടു. അവിടെ മരുമകളും ജോലിക്കാരിയും ചേർന്ന് അമ്മായിയമ്മക്ക് വിഷം കൊടുക്കാനുള്ള പ്ലാനിടുകയാണ്. ജോലിക്കാരിപോലും ഉടുത്തിരിക്കുന്ന വസ്ത്രങ്ങളും ആഭരണങ്ങളും കണ്ടപ്പോൾ കാലന് തന്റെ കോസ്റ്റുമിലേക്കു ഒന്ന് കണ്ണോടിക്കാതിരിക്കാനായില്ല. …
കാലപ്പഴക്കംകൊണ്ട് അവിടവിടെ പിഞ്ഞിത്തുടങ്ങിയ കറുത്ത വസ്ത്രവും, ഔട്ട് ഓഫ് ഫാഷൻ ആയ കുറെ പഴഞ്ചൻ ആഭരണങ്ങളും…..ചുമ്മാതല്ല ഈ അമ്മച്ചിക്ക് തന്നെ കണ്ടിട്ട് ഒരു പേടിയും ബഹുമാനവും ഇല്ലാത്തതു. താനിട്ടിരിക്കുന്നതു , കുറഞ്ഞപക്ഷം ആ സീരിയലിലെ വേലക്കാരി ഇട്ടിരിക്കുന്നതരം ആഭരങ്ങളായാലും മതിയായിരുന്നു.. തിരിച്ചു ചെല്ലട്ടെ …കാലത്തിനനുസരിച്ചു തന്റെ കോലവും മാറ്റാൻ അനുവദിക്കണമെന്ന് ദൈവത്തിനു ഒരു നിവേദനം കൊടുത്തുനോക്കാം. പക്ഷെ ഭൂമിയിലുള്ളത്ര വസ്ത്രാലയങ്ങളും ആഭരണശാലകളുമൊന്നും അവിടില്ലാത്തതുകൊണ്ടു, സെലക്ഷന് ചാൻസ് കുറവായിരിക്കും….. കാലൻ ഇന്ഫീരിയോരിറ്റി കോംപ്ലെക്‌സോടെ നെടുവീർപ്പിട്ടു . …

“അടിയെടാ അവളെ “…ചാടിയെഴുന്നേറ്റു കാലന്റെ കവിളത്തു ഒരടി പാസ്സാക്കി അമ്മച്ചി അലറി.
“എന്റമ്മോ” ഓർക്കാപ്പുറത്തു വീണ അടിയിൽ കസേരയടക്കം കാലൻ പുറകോട്ടു മലച്ചു വീണുപോയി.
” എണീക്കടാ ….കാലനാണെന്നുംപറഞ്ഞു നടക്കുന്നു ..!മരമന്തൻ! സ്വന്തം തള്ളയെ ഇട്ടു കഷ്ടപ്പെടുത്തുന്ന കണ്ടിട്ടും ഒന്നും അറിയാത്ത ഭാവത്തിൽ നടക്കുന്ന ആ കോന്തനെ ഇങ്ങനിട്ട് വാഴിക്കാതെ , നിനക്കുവേണേൽ എനിക്കുപകരം ദാ അവനെ കൊണ്ടുപോക്കോ …ആ പാവം ‘പവിത്രലതയെ’
എത്രനാളായിട്ടു ഈ പെങ്കോന്തൻ ,പെമ്പ്രന്നോത്തി താടകയുമായിച്ചേർന്നു കഷ്ടപ്പെടുത്തുകയാ ” പങ്കജവല്ലി ടീവി സ്ക്രീനിലേക്ക് വിരൽ ചൂണ്ടി ഉറഞ്ഞു തുള്ളി.
“എന്റെ തമ്പുരാനേ…” കിടന്നിടത്തു തന്നെ കിടന്നുകൊണ്ട് കാലൻ ദൈവത്തെ വിളിച്ചു. അദ്ദേഹത്തിനല്ലാതെ മറ്റാർക്കും തന്നെ ഈ ഊരാക്കുടുക്കിൽനിന്നും രക്ഷപ്പെടുത്താനാവില്ല.
മുകളിലിരുന്ന് ഇതെല്ലാം കാണുകയും കേൾക്കുകയും ചെയ്ത ദൈവത്തിനു ചിരിയടക്കാനായില്ല ….അവനതു വേണം വന്നുവന്ന് അവൻ നാക്കെടുത്താൽ നുണയെ പറയുള്ളു…. പോരെങ്കിൽ തന്നോട് ചോദിക്കാതെ സ്വന്തമായി ഓരോ തീരുമാനങ്ങളും എടുക്കാൻ തുടങ്ങിയിരിക്കുന്നു….രണ്ടു അടി അവനു കിട്ടേണ്ടത് അത്യാവശ്യം തന്നെയായിരുന്നു …..താൻ നേരിട്ടത് കൊടുത്താൽ കേസ് വേറെയാവും …ഈ മനുഷമ്മാര് കാണിക്കുന്നതുകണ്ടു വേണേൽ ഇവിടെയും കൊടികുത്തലും സത്യാഗ്രഹവും അന്വേഷണ കമ്മീഷനുമൊക്കെ സംഘടിപ്പിച്ചെന്നിരിക്കും …പോരെങ്കിൽ കുറെ നേതാക്കന്മാരും കുട്ടിസഖാക്കളും കുറച്ചു നാളായി ഇവിടെ യൂണിയൻഉണ്ടാക്കാൻ നോക്കുന്നുമുണ്ട്…..
ദൈവം വീണ്ടും ഭൂമിയിലേക്ക് ഉറ്റു നോക്കി
“എടാ ..നീ ആ കസേരേടെ കാലൊടിച്ചോ ? ഒരു കാര്യം ഞാൻ പറഞ്ഞേക്കാം ,കാലെങ്ങാനും ഒടിഞ്ഞിട്ടുണ്ടേൽ നിന്റെ നട്ടെല്ല് ഞാൻ ചവുട്ടി ഒടിക്കും…” അമ്മച്ചി, കാലനെ കാലുകൊണ്ട് തട്ടിമാറ്റി കസേര പരിശോധിച്ചു …”ഇനി നീ തറയിലിരുന്നാ മതി …ചുമ്മാതിരിക്കണ്ട, കൊഴമ്പു ഞാൻ എടുത്തുതരാം,അതെന്റെ കാലേ പുരട്ടി , നല്ലോണം തിരുമ്മിക്കൊ …ഈയിടെയായിട്ടു നടക്കാനൊക്കെ ഒരു പ്രയാസം പോലെ “.അമ്മച്ചി കുഴമ്പെടുക്കാൻ തിടുക്കപ്പെട്ടു അകത്തേക്ക് പോയി.
“എന്റെ ദൈവമേ…സമസ്താപരാധം …എന്റെ പക്ഷത്തുനിന്ന് എന്തേലും തെറ്റുണ്ടായിട്ടുണ്ടെൽ അത് പൊറുത്തു, ഈ ഊരാക്കുടുക്കിൽനിന്നു എന്നെ രക്ഷിക്കണേ….അല്ലേൽ ദേവലോകത്തിനുപോലും നാണക്കേടുണ്ടാക്കുന്ന പണി ഈ പെമ്പ്രന്നോത്തി എന്നെക്കൊണ്ട് ചെയ്യിക്കും ” കാലൻ കരളുരുകി കരഞ്ഞു , ദൈവത്തോട് കേണു ..
പശ്ചാത്തപിക്കുന്നവനോട് പൊറുക്കാതിരിക്കുന്നതു ശരിയല്ലല്ലോ … ദൈവത്തിനു ഒടുവിൽ മനസ്സലിഞ്ഞു…. താൻ ഇടപെടാൻ സമയമായിരിക്കുന്നു. ഇടിമിന്നലിന്റെ കോൺട്രോളർക്കു അപ്പോൾത്തന്നെ ഒരു മെസ്സേജ് പോയി.
നിമിഷങ്ങൾക്കകം , എല്ലാ മിന്നൽ കവചങ്ങളെയും ഭേദിച്ചുകൊണ്ട് അതിശക്തമായ ഒരു ഇടിമിന്നലിൽഅമ്മച്ചിയുടെ വീട് ആസകലം കുലുങ്ങി,, ടീവികഷണങ്ങളായി പൊട്ടിത്തെറിച്ചു.. “എടാ കാലാ …നീ അതിന്റെ പ്ലഗ്ഗ് ഊരിയിടാതെ എന്തോനോക്കിക്കൊണ്ടു നിൽക്കുവാരുന്നെടാ മഹാപാപീ …ഞാൻ ഇനി എങ്ങനെ ഇതിന്റെ ബാക്കി കാണുമെടാ….ഇതിലും ഭേദം നീ എന്നെ മേലോട്ടെടുക്കുന്നതാരുന്നു …”
അമ്മച്ചീടെ സമ്മതം കിട്ടേണ്ടതാമസം, ചാടിയെഴുന്നേറ്റു, കാലൻ നീളത്തിൽ കയറു വീശി.
“ചില ദുരന്തങ്ങൾ അനിവാര്യമാണ്…” ഇതെല്ലാം കണ്ടുനിന്ന ദൈവം തന്നത്താൻ പറഞ്ഞു.
കാലന്റെ കയർത്തുമ്പിൽ, ഒരഭ്യാസിയെപോലെ തൂങ്ങിക്കിടന്നാടുമ്പോൾ പങ്കജവല്ലിക്ക് വിതുമ്പൽ അടക്കാനായില്ല.
“പാവം പവിത്രലത…അവൾ രക്ഷപ്പെട്ടോ ആവോ…..അത് മുഴുക്കെയും കാണാൻ പറ്റിയില്ലല്ലോ കാലാ ..നിന്റെകയ്യിൽ ഫോണൊണ്ടെങ്കിൽ എന്നതായീന്നു ആ അയലോക്കത്തെ മാധവിയമ്മേ ഒന്ന് വിളിച്ചു ചോദിക്കെടാ” കാലന്റെ മറുപടിയൊന്നും ഇല്ലെന്നുകണ്ടു, പിന്നെ അവർ മനസ്സുരുകി പ്രാകി…..” ആ നശിച്ച ഇടിമിന്നലിന്റെ തലയിൽ ഇടിത്തീ വീഴണേ.”…
.
കാലൻ ഇത് കേട്ട് കരയുവോളം പൊട്ടി പൊട്ടിച്ചിരിച്ചു……

               ********************
Scroll to Top