ദില്ലിയുടെ സമ്മാനം

                    ദില്ലിയുടെ  സമ്മാനം 
                 ****************************

ലോഗൗട്ട് ചെയ്ത് സൗമിത ലാപ്ടോപ് അടച്ചുവച്ചു…ഇന്നും അൽക്കയുടെമെയിൽ ഒന്നുമില്ല. കഴിഞ്ഞ ഒരാഴ്ചയായി അവളെ സ്കൈപ്പിൽ കിട്ടാൻ ശ്രമിക്കുന്നു ….നോ റെസ്പോണ്സ്….ഈ പെണ്ണിനിതെന്തുപറ്റി ..ഒരുപക്ഷെ
ദേഷ്യത്തിലായിരിക്കും….ഇവിടുള്ളതെല്ലാം വിറ്റുപെറുക്കി അവളോടൊപ്പം കാനഡയിൽ കുടിയേറാനുള്ള അവളുടെ
സജഷൻ, കേട്ടമാത്രയിൽ നിരസിച്ചതിൻ്റെ നീരസം പ്രകടിപ്പിക്കുകയുമാവാം ….അവിടുത്തെ കാലാവസ്ഥയും ജീവിതരീതിയുമൊന്നും ഞങ്ങൾക്ക് പിടിക്കില്ലെന്നറിയാൻ വയ്യാഞ്ഞിട്ടല്ല, അവൾക്കു വന്നന്വേഷിക്കാൻ ഒട്ടും നേരം ഇല്ലത്രെ ! പോരെങ്കിൽ ഇവിടുത്തുകാരോട് പരമ പുച്ഛവും ….കൾച്ചർ ഇല്ലാത്ത വർഗ്ഗം എന്നാണു അവളുടെ ഭാഷ്യം.

ദീർഘ നിശ്വാസത്തോടെ സൗമിത, ഗൗതമിനെ നോക്കി. പുസ്തകം വായിച്ചു , ചാരുകസേരയിലിരുന്നു ഉറങ്ങിപ്പോയിരുന്നു അയാൾ .
മടിയിൽ വീണുകിടന്നിരുന്ന ബുക്കെടുത്തു മാറ്റി , സൗമിത അയാളെ കുലുക്കി വിളിച്ചു. പകച്ച കണ്ണുകളോടെ ഗൗതം ഞെട്ടി ഉണർന്നു.
“മെയിൽ ഉണ്ടോ”? “ഇല്ല…ഇന്നും ഒന്നും വന്നിട്ടില്ല…ഞാൻ എത്രയെണ്ണം അയച്ചതാ….”ഗദ്ഗദം കൊണ്ട് സൗമിതക്ക് വാക്കുകൾ പുറത്തേക്കു വന്നില്ല .”സാരല്യ …സാരല്യ”അവളെ ആശ്വസിപ്പിച്ചുകൊണ്ടു ഗൗതം പതിയെ എഴുന്നേറ്റു, സൗമിതയുടെ തോളത്തു തട്ടി, പിന്നെ ലൈറ്റ്ഓഫാക്കി കിടക്കറയിലേക്കു നടന്നു.
“വാ …വന്നുകിടക്ക്‌” അലിവോടെ സൗമിതയെ നോക്കി അയാൾ പറഞ്ഞു
“വയസ്സുകാലത്തു നമ്മളെ വിഷമിപ്പിച്ചിട്ടു അവൾക്കെന്തു നേടാനാണ്” ഗൗതം ഒന്നും മിണ്ടിയില്ല ….”നാല് വര്ഷങ്ങളായി അവൾ ഇങ്ങോട്ടു തിരിഞ്ഞു നോക്കിയിട്ട് ….പേരക്കുട്ടികളെ ലാളിക്കാൻ നമുക്കുമില്ലേ മോഹം?…”സ്കൈപ്പിലൂടെ മാത്രം കണ്ടിട്ടുള്ള ഇരട്ട പേരക്കുട്ടികളെ കുറിച്ചോർത്തപ്പോൾ സൗമിതയുടെ കണ്ണുകൾ നിറഞ്ഞു. മരിക്കുന്നതിനുമുന്പ് ഒരിക്കലെങ്കിലും അവരെ മാറോടുചേർത്തു ഓമനിക്കാൻ ഭാഗ്യമുണ്ടാകുമോ ഈശ്വരാ….ഒരു തേങ്ങൽ അവരുടെ തൊണ്ടയിൽ കുരുങ്ങിക്കിടന്നു .
ഗൗതം നേരിയ ശബ്ദത്തിൽ കൂർക്കം വലി തുടങ്ങിയിരുന്നു.
കിടക്കയിൽ വീണാലുടൻ ഉറങ്ങാൻ കഴിയുന്നതും ഒരു ഭാഗ്യം തന്നെ …സൗമിത നെടുവീർപ്പിട്ടു .
ഓരോന്നോർത്തോർത്തു കിടന്നു താനിനി എപ്പോഴെങ്കിലും ഉറങ്ങിയാലായി …ഉറക്കഗുളികകൾ തീർന്നെന്നോട്ടുഓർത്തതുമില്ല …അല്ലെങ്കിൽ അയലോക്കത്തെ പയ്യനെവിട്ട് വാങ്ങിപ്പിക്കാമായിരുന്നു.

ലൈറ്റ് അണയ്ക്കാൻ ഒരുങ്ങുമ്പോഴാണ് ലാൻഡ്ഫോൺ ശബ്ദിച്ചത് .
“അമ്മാജി …മേം കമലി ഹേ ..കമലി ” ഹലോ പറഞ്ഞയുടൻ ആഹ്ലാദഭരിതമായ സ്വരം ഫോണിലൂടെ ഒഴുകിയെത്തി .
“മോളെ ..നീ എവിടുന്നാ വിളിക്കുന്നേ”……
“ചെന്നൈ സെ ….നാൻ കൽ അവിടെ വരുന്നു ..അമ്മാജി, പപ്പസാബ് കാണാൻ …ഫോർ ഒന്നു ഫുൾ മാസം ……പപ്പാസാബ് സൊ ഗയാ ക്യാ “?
“ഹാം ബേട്ടി” “തോ ഗുഡ്‌നൈറ്റ് അമ്മാജി …കൽ കാണാം ” ഫോൺ കട്ടായി.
സൗമിതക്ക് സന്തോഷമടക്കാൻ കഴിഞ്ഞില്ല…നാളെ ..അവൾ വരുന്നു …തന്റെ മാനസപുത്രി…..ദില്ലിയുടെ സമ്മാനം!
ഓർമ്മകൾ സൗമിതയെ വർഷങ്ങൾ പുറകിലേക്ക് കൂട്ടിക്കൊണ്ടുപോയി
നീണ്ട പത്തു വർഷത്തെ ദില്ലി വാസത്തിനുശേഷം ബിസിനസ് ഒക്കെ മതിയാക്കി , നാട്ടിലേക്ക് പോരാനൊരുങ്ങുകയായിരുന്നു തങ്ങൾ .ഉറക്കച്ചടവോടെ സാധനങ്ങൾ അടുക്കിപ്പെറുക്കുകയായിരുന്നു താൻ ..വെറും നിലത്തു ,ഒരു രജായിവിരിച്ചു ഗൗതം ചുരുണ്ടുകൂടിക്കിടന്നുറങ്ങുന്നു….പകൽ മുഴുവനുമുള്ള പാക്കിങ്ങുമായി ആൾ നന്നേ തളർന്നിരുന്നു.
“മേം സാബ് …മേംസാബ് …..ദർവാസേ ഖോലിയെ”…..പുറം വാതിലിൽ തട്ടിക്കൊണ്ടു കരഞ്ഞു തളർന്നൊരു ശബ്ദം തന്റെ കാതിൽ വീണു ….ഉറക്കപ്പിച്ചിൽ തോന്നിയതാണെന്നാണ് ആദ്യം കരുതിയത്. പുറത്തെ കരച്ചിൽ കുറച്ചുകൂടി ഉച്ചത്തിൽ ആയപ്പോഴാണ് തോന്നലല്ലെന്നു മനസ്സിലായത് …..”ഗൗതം …ഗൗതം …പുറത്താരോ വിളിക്കുന്നു….എഴുന്നേല്ക്കു…”താൻ ഗൗതമിനെ കുലുക്കി വിളിച്ചു
“തനിക്കെന്താ വട്ടുണ്ടോ ….പാതി രാത്രി കഴിഞ്ഞു…ഇത് ദില്ലിയാ മോളെ ..ഇവിടെ പല ശബ്ദങ്ങളും കേൾക്കും …താൻ വാ ,വന്നു കിടക്കാൻ നോക്ക് “രജായിയുടെ ഒരറ്റത്തേക്കു നീങ്ങിക്കിടന്നുകൊണ്ടു ഗൗതം മുരണ്ടു.
“തമാശല്ല ഗൗതം… ഒരു കുട്ടിയുടെ കരച്ചിൽ കേട്ടതാണ് …നമുക്കുമുണ്ടല്ലോ ഒരു മോള് ..പ്ളീസ് ഒന്ന് വരൂ ” താൻ കെഞ്ചി .മനസ്സില്ലാമനസ്സോടെ ഗൗതം എഴുന്നേറ്റുവന്നു . “കോട്ടി”യുടെ പുറത്തെ ലൈറ്റുകളെല്ലാം തെളിയിച്ചു വാതിൽ തുറന്നു’ പുറത്തെ ഇരുട്ടിൽ പേടിച്ചു വിറച്ചു കമലി! എന്റെ നൗകരാനി(ജോലിക്കാരി) മുന്നിയുടെ ഒൻപതു മക്കളിൽ ഒരുവൾ !
വാതിൽ തുറന്നതും അവൾ ചാടി അകത്തു കയറി .
“മുഝെ ബച്ചായിയെ സാബ്‌ജി…ബച്ചായിയെ മേംസാബ് ….മുഝെ ഭീ അപ്നേ സാഥ് ലേ ജായിയെ….സബ് കാം മേം കറൂങ്കി “(എന്നെ രക്ഷിക്കൂ സർ ,എന്നെക്കൂടി കൊണ്ടുപോകൂ …എല്ലാ ജോലിയും ഞാൻ ചെയ്‌തോളാം )…..അവൾ ഞങ്ങളെ രണ്ടുപേരെയും മാറിമാറി നോക്കി പൊട്ടിക്കരഞ്ഞുകൊണ്ട്‌ കൈകൂപ്പി . ഞാനും ഗൗതമും മുഖത്തോടു മുഖം നോക്കി. “ക്യാ ഹുവാ കമലി,തും റോത്തെ ക്യോമ് “(എന്തുപറ്റി ,നീ എന്തിനാണ് കരയുന്നതു ?)ഗൗതം ചോദിച്ചു.
“സാബ്‌ജി ,മേരെ മാതാജി കാ തീസരാ പതി ഹസാർ രൂപയെ കേലിയെ എയ്ക്ക് ബൂടെ കോ ബേച്ചേക മുച്ചേ”(എന്റെ അമ്മയുടെ മൂന്നാമത്തെ ഭർത്താവ് ആയിരം രൂപയ്ക്കു ഒരു കിഴവന് എന്നെ വിൽക്കും) ഹിസ്റ്റീരിയ ബാധിച്ചതുപോലെ കമലി പറഞ്ഞുകൊണ്ടിരുന്നു.
പെട്ടന്നാണ് എനിക്കതു ഓര്മ വന്നത്….മുന്നി എപ്പോഴോ ഒരിക്കൽ അവരുടെ മൂത്ത മകൾ “ചമേലി”യെ ഏതോ ബംഗാളി ഫാമിലിക്ക് വിറ്റകാര്യം പറഞ്ഞിട്ടുണ്ടായിരുന്നു. ഇപ്പോൾ അവൾ എവിടെ ഉണ്ടെന്നു ചോദിച്ചപ്പോൾ മുന്നി കൈ മലർത്തി. പിന്നെപറഞ്ഞു “ഹാമാരെലിയെ വോ മർ ഗയ ” ഒരു പെറ്റമ്മയ്ക്കു എത്ര നിസ്സാരതയോടെ ഇങ്ങനെ പറയാൻ കഴിയുന്നു എന്നോർത്തു അവരോടൊരു നീരസം ഉള്ളിൽ തോന്നിയതാണ് …ഒരുപക്ഷെ ദാരിദ്ര്യം ആവാം അവരെക്കൊണ്ടത്ചെയ്യിച്ചത്…….അതുമല്ലെങ്കിൽ ഒരാളെങ്കിലും രക്ഷപ്പെടട്ടെ എന്ന് കരുതിയാവാം …എന്നാലും ഒരമ്മക്ക് എങ്ങനങ്ങിനെ ചെയ്യാൻ തോന്നുന്നു …….
കമലിയെവിൽക്കാൻ പോകുന്നതാർക്കാവോ ….ഇവളെ കൊണ്ടുപോകുന്നത് അടിമപ്പണിക്കോ, അതോ വേശ്യാവൃത്തിക്കോ ? എന്റെ മനസ്സ് തേങ്ങി …ഈ പ്രായത്തിലൊരു മകൾ എനിക്കുമുണ്ടല്ലോ …ഒരു പക്ഷെ ദത്തെടുക്കാൻ ഗൗതം സന്മനസ്സു കാട്ടിയാലും അൽക്ക ക്കു അത് ദഹിച്ചെന്നിരിക്കില്ല….നിറം കുറഞ്ഞവരോടും പാവപ്പെട്ടവരോടും ഒരുതരം അലര്ജി ആണവൾക്കു….എത്ര ശ്രമിച്ചിട്ടും ആ വിവേചനം മാറ്റിയെടുക്കാൻ പറ്റിയില്ലെന്നു മാത്രമല്ല താൻപോലും അവരോടു ദയ കാണിക്കുന്നതിനെ അവൾ എതിർക്കുകയും ചെയ്തിരുന്നു.
എന്ത് ചെയ്യണമെന്നറിയാതെ, അന്ന് രാത്രിയിൽ, കമലിയെ സമാധാനിപ്പിച്ചു, കിടന്നുറങ്ങാൻ പറഞ്ഞു.
ഗൗതമിന്റെ ഫ്രണ്ട് അഡ്വക്കേറ്റ് സമീർഖാനാണ്‌ ഒരു പോംവഴി
കണ്ടെത്തിത്തന്നത്….
ഇല്ലീഗൽ ആയി ഇങ്ങനെ എന്തെല്ലാം നടക്കുന്നുണ്ടിവിടെ….
പിറ്റേന്നാൾ ആയിരത്തിഅഞ്ഞൂറു രൂപ മുന്നിക്കും അവരുടെ മൂന്നാം ഭർത്താവിനും നൽകി കമലിയെ കൂടെ കൂട്ടുകയായിരുന്നു….
ചെന്നൈയിലുള്ള , നല്ല രീതിയിൽ നടത്തുന്ന ഒരനാഥാലയത്തിൽ അവളെ ഏൽപ്പിച്ചതും ,സ്‌പോൺസർഷിപ് ഏറ്റെടുത്തതും നിറഞ്ഞ മനസ്സോടെയാണ്…..പഠിക്കാൻ മിടുക്കിയാണെന്നറിഞ്ഞപ്പോൾ ,പറ്റുന്നിടത്തോളം പഠിപ്പിച്ചതും ഒടുവിൽ സ്കൂൾ ടീച്ചർ ആയി ജോലി വാങ്ങിക്കൊടുത്തതും ഗൗതം ആണ്.
കഴിഞ്ഞവർഷം അവൾ അമ്മയെയും സഹോദരങ്ങളെയും അന്വേഷിച്ചു ദില്ലിക്ക് പോയിരുന്നത്രെ …പക്ഷെ ആരെയും കണ്ടെത്താനായില്ല.അവളുടെ കുടിൽ നിന്നിരുന്ന ചേരിയിൽ ഇപ്പോൾ ഷോപ്പിംഗ് മാള് ആണെന്നുകണ്ടു പാവം പൊട്ടിക്കരഞ്ഞുപോയി.ഇത്രയും വലിയൊരു സിറ്റിയിൽ ഒരു പെണ്ണിന് തനിച്ചു എന്തുചെയ്യാനാകും …..
ഏതായാലും ഓരോ വർഷവും കുറഞ്ഞത് ഒരാഴ്ച യെങ്കിലും അവൾ അമ്മാജിയോടും പപ്പാസാബിനോടും ഒപ്പം അവധിക്കാലം ചിലവഴിക്കാനെത്തും…ആർക്കും വേണ്ടാത്ത രണ്ടാത്മാക്കളെ കാണാൻ ആരുമല്ലാത്ത അവളെങ്കിലും വരുന്നുണ്ടല്ലോ ! .ഇത്തവണ വരുമ്പോഴെങ്കിലും അവളെക്കൊണ്ട് കല്ല്യാണത്തിന് സമ്മതിപ്പിക്കണം…..സൗമിത അറിയാതെ പുഞ്ചിരിച്ചു.
നാളെ ഈ വീട് പൊട്ടിച്ചിരിയുടെ പൂത്തിരി കത്തിക്കും….വിരസതയുടെ കൂടുപൊളിച്ചു സന്തോഷം ആർപ്പുവിളിക്കും……പിന്നെ…പിന്നെ…….
സൗമിത പതിയെ ഉറക്കത്തിന്റെ കയങ്ങളിലേക്കു വഴുതിയിറങ്ങി……സമാധാനത്തോടെ …ഉറക്കഗുളികകളില്ലാതെ !…

*******************************

Scroll to Top