സോംനാമ്പുലിസം

                          സോംനാമ്പുലിസം 
                          --------------------------

“ചേച്ചീ ….ചേച്ചീ….പൊന്നുച്ചേച്ചിയേ….”….
ഈണത്തിലുള്ള കാറിവിളി കേട്ടാണ് , ഉച്ചയുറക്കത്തിൽ നിന്നും ഞെട്ടിയുണർന്നത് .
തെക്കേലെ കുഞ്ഞിപ്പെണ്ണാണ്. കാളിങ് ബെൽ ഞെക്കിപ്പിടിച്ചു ,അയലോക്കംകാർക്കുകൂടി അലോസരം ഉണ്ടാക്കരുതെന്നു കർശന നിർദ്ദേശം കൊടുത്തിട്ടുള്ളതിനു പകരംവീട്ടിയാണ്, ഈ കാറിവിളി.

കവലയിലെ മില്ലിലേക്കു അരിയും ഗോതമ്പുമൊക്കെ പൊടിപ്പിക്കാൻ കൊണ്ടുപോകുന്നതും, പിന്നെയത് തരാതരം , അരിച്ചും വറുത്തും ടിന്നുകളിലാക്കി വയ്ക്കുന്നതും കുഞ്ഞിപ്പെണ്ണിന്റെ പണിയാണ്.
എല്ലാം വൃത്തിയായും അടുക്കോടെയും ചെയ്യും. പക്ഷേ ഒരേ ഒരു ദോഷമുണ്ട് ,ആ നേരമത്രയും വാ തോരാതെ ചിലച്ചുകൊണ്ടിരിക്കും .
എനിക്കാണെങ്കിൽ ഫുൾസ്റ്റോപ്ല് ഇല്ലാത്ത ഈ വർത്തമാനം കുറച്ചു നേരം കേൾക്കുമ്പോൾ തല പെരുക്കാൻ തുടങ്ങും , പ്രത്യേകിച്ചും ഒരു പരിചയവും ഇല്ലാത്ത ആൾക്കാരെപ്പറ്റി പറയുമ്പോൾ ….
പക്ഷേ പിണക്കാനും വയ്യ …
പലവട്ടം പറഞ്ഞുനോക്കി , “ഇതെന്നോട് പറഞ്ഞതുകൊണ്ട് കുഞ്ഞിപ്പെണ്ണിന് എന്തെങ്കിലും ഗുണമുണ്ടോ….എനിക്കെന്തെങ്കിലും പ്രയോജനമുണ്ടോ….രണ്ടുമില്ല. പിന്നെന്തിനാ വെറുതെ എനർജി കളയുന്നത്?”
അപ്പോ കുഞ്ഞിപ്പെണ്ണ് പറയും “എന്റെ ചേച്ചീ …മനുഷമ്മാർക്ക് മാത്രമേ വർത്തമാനം പറയാൻ പറ്റുള്ളൂ…എന്റെ മൂപ്പിലാന്റെ സ്വഭാവം ചേച്ചിക്കറിയാലോ … വാ തുറന്നാ പുളിച്ച തെറി മാത്രമേ വിളിക്കൂ . ഞാൻ അയാക്കടടുത്തു മിണ്ടാറേ ഇല്ലായിരുന്നു ദെണ്ണം പിടിച്ചു, ഞെരങ്ങിയും മൂളിയും കിടക്കുന്ന ആ തള്ളക്കു ശബ്ദം കേൾക്കുന്നതേ പിടുത്തമല്ല …ഞാൻ ഒരു മനുഷ്യ ജീവിയല്ലേ. എനിക്ക് ആരോടെങ്കിലുമൊക്കെ മിണ്ടണം .ചേച്ചി എനിക്ക് ശമ്പളം കുറച്ചു തന്നാലും വേണ്ടീല, മിണ്ടരുതെന്നു മാത്രം പറയല്ലേ ….എനിക്ക് സങ്കടമാ.”
പിന്നെ ഞാൻ ഒന്നും പറയാറില്ല ….അവൾ പറയുന്നത് കുറച്ചൊക്കെ കേൾക്കും, പിന്നെ ചുമ്മാ മൂളും. അത്രയേ അവളും പ്രതീക്ഷിക്കുന്നുള്ളെന്നു എനിക്ക് മനസ്സിലായി .
കുതിരാനിട്ടിരുന്ന അരി , വെള്ളം വാലാൻ വെക്കുന്നതിനിടയിൽ കുഞ്ഞിപ്പെണ്ണ് ചോദിച്ചു,”പൊന്നേച്ചി അറിഞ്ഞാരുന്നോ നമ്മുടെ തിണ്ണമുറീലെ അഷിതക്കൊച്ചിന്റെ കാര്യം ? അതിനേ ഏതാണ്ടോ വലിയ ദെണ്ണമാണത്രെ …”
“എന്ത് ദെണ്ണം?…ഞാൻ ഇന്നലെയും ആ കൊച്ചിനെ ബസ് സ്റ്റോപ്പിൽ കണ്ടതാണല്ലോ …അതിനെ കണ്ടിട്ട് എന്തെങ്കിലും അസുഖമുള്ളതായി എനിക്ക് തോന്നിയില്ല “
“അല്ലേച്ചി ..അതിനു ഉറക്കത്തിൽ നടക്കുന്ന സ്വഭാവമുണ്ടെന്നേ …അതൊരു സൂക്കേടാണത്രെ …സോമനാബിളിസം”
“ഓ ..പാവം ” ഞാൻ പറഞ്ഞു .
കുഞ്ഞിപ്പെണ്ണിന്റെ ചുണ്ടിന്റെ കോണിൽ ഒരു പരിഹാസച്ചിരി പ്രത്യക്ഷപ്പെട്ടു .”എനിക്കിതാ പിടിക്കാത്തെ…കാണുന്നോരൊക്കെ ചേച്ചിക്ക് പാവം …ആ പെങ്കൊച്ചത്ര പാവമൊന്നുമല്ല …കവലേല് ലേഡീസ് സ്റ്റോർ നടത്തുന്ന ചെക്കനുമായെന്തോ ചുറ്റിക്കളിയുണ്ടെന്നാ നാട്ടുകാര് പറേന്നേ …. …ചേച്ചിയിങ്ങനെ വീട്ടിനകത്തു തന്നെ പോരുന്നയിരുന്നോ…ഒരു ന്യൂസും അറിയാണ്ട് “…
“നീ ചുമ്മാ അതും ഇതും പറഞ്ഞുണ്ടാക്കാതെ …അതും കല്യാണപ്രായമായ പെങ്കുട്ട്യോളെപ്പറ്റി ” ഞാൻ ശാസിച്ചു
“അല്ലേപിന്നെ , ആ കൊച്ചിന്റെ രാത്രിനടത്ത എന്നും ആ ചെക്കന്റെ വീടിനു മുന്നേ തന്നെ ചെന്ന് നിൽക്കണോ ? കുഞ്ഞിപ്പെണ്ണിന് ദേഷ്യം വന്നു . രണ്ടുദിവസം മുമ്പ് വീറ്റ്പോലീസാ പിടിച്ചു വീട്ടിക്കൊണ്ടാക്കിയെ …അതൊന്നും ഞാൻ പറഞ്ഞുണ്ടാക്കിയതല്ലല്ലോ ” കുഞ്ഞിപ്പെണ്ണ് ന്യായീകരിച്ചു .
“കഷ്ടം…ഈ പെണ്കുട്ടികൾക്കൊക്കെ എന്ത് പറ്റി? ” ഞാൻ മൂക്കത്തു വിരൽ വച്ചു.
“എന്ത് പറ്റാൻ…ചോറ് മാത്രം കൊടുത്താൽ പോരാ, നല്ല ചൊല്ലും തല്ലും കൂടി കൊടുക്കണം കുട്ട്യോൾക്ക് . തന്തേം തള്ളേം അങ്ങ് സിംഗപ്പൂര് കിടന്നു സമ്പാദിക്കുകയല്ലേ , പെണ്ണിനെ മൂത്തമ്മേടടുത്തു കൊണ്ട് തള്ളീട്ടു….തിരികെ വരുമ്പോഴേക്കും മോള് തന്തയില്ലാത്ത കൊച്ചുങ്ങളെയും സമ്പാദിച്ചിട്ടുണ്ടാവും….” കുഞ്ഞിപ്പെണ്ണ് ആത്മരോഷത്തോടെ പറഞ്ഞു .
ഞാൻ ശേഷം ഒന്നും പറഞ്ഞില്ല …..ചിലപ്പോൾ കുഞ്ഞിപ്പെണ്ണ് പറഞ്ഞത് സത്യമാവാം ..പലപ്രാവശ്യവും ഒരു ചെക്കനോടൊപ്പം അഷിതയെ ഷോപ്പിംഗ് മാളിലും ബസ് സ്റ്റോപ്പിലുമൊക്കെ വച്ചു താനും കണ്ടിട്ടുണ്ട് ..ഇക്കാലത്തെ കുട്ടികളല്ലേ, കൂടെപ്പഠിക്കുന്നവരാരെങ്കിലും ആയിരിക്കും എന്നേവിചാരിച്ചിട്ടുള്ളു …ഇനി, അങ്ങനല്ലെങ്കിൽത്തന്നെ ഇതൊന്നും ചെന്ന് തിണ്ണമുറീലെ അമ്മച്ചിയോടു പറയാനും പറ്റില്ല …മുഖമടച്ചു ഒരാട്ടാവും കിട്ടുക .അതിനു ആരാണെന്നോ എന്താണെന്നോ ഒരു നോട്ടവും ഉണ്ടാവില്ല …
ഇങ്ങനൊരു സംശയം എന്റെ കെട്ടിയോനോടൊന്നു പങ്കുവയ്ക്കാമെന്നോർത്താൽ, പുള്ളി പറയും “ആരാന്റെ പ്രശനം എടുത്തു നമ്മുടെ പ്രശ്നമാക്കി നമ്മുടെ തലയിൽ വെക്കേണ്ട , അവരുടെ പ്രശനം അവർ സോൾവ് ചെയ്‌തോളും ” എന്ന്.
കുഞ്ഞിപ്പെണ്ണിനോടു ഇതിനെപ്പറ്റി ഒന്ന് സൂചിപ്പിക്കാൻ പോലും വയ്യ…പിന്നെ എല്ലാം ഒരുപക്ഷെ ഞാൻ പറഞ്ഞെന്നാവും പറഞ്ഞോണ്ട് നടക്കുക

കുഞ്ഞിപ്പെണ്ണ് മുഖം വലിച്ചുകെട്ടി നിൽപ്പാണ്…..രംഗം ഒന്ന് ലഘൂകരിക്കാൻ ഞാൻ കുഞ്ഞിപ്പെണ്ണിനോടു ചോദിച്ചു “അതിരിക്കട്ടെ കുഞ്ഞിപ്പെണ്ണേ, നിന്റെ കെട്ടിയോൻ ഇപ്പം എവിടെയാ ? ഇപ്പോഴും അയാൾ നിന്നെ തല്ലാറുണ്ടോ ?”

“ഓ ഞാൻ അതങ്ങു വിട്ടുകളഞ്ഞു ചേച്ചീ …മനപ്രയാസം വരുന്നതൊന്നും എനിക്ക് ഓർക്കാനേവയ്യ ചേച്ചി “
“കെട്ടിയോന്റെ തല്ലു കൊള്ളുന്നത് ഒരു സുഖമാണെന്നാണല്ലോ പണ്ട് നീ പറഞ്ഞിരുന്നത് …ഇപ്പോഴെന്താ മാറ്റിപ്പറയുന്നെ ?”
കുഞ്ഞിപ്പെണ്ണ് നല്ല ഫോമിലായി …
“ഓ ”അത് അന്നല്ലേ…നല്ല ഇളം പ്രായത്തില് …ഇന്നിപ്പോ , വയസ്സുകൂടി, തലേം മൊലേംഇടിഞ്ഞപ്പോൾ അയാക്കെന്നെ വേണ്ട …പിന്നെ , കണ്ടടത്തല്ലേ അയാക്കടെ ഒറക്കം …അതുകൊണ്ടു വല്ല ദീനവും പിടിച്ചെങ്കിലോ എന്ന് കരുതി ഞാൻ അടുപ്പിക്കാനും പോയില്ല …പോരെങ്കി , വേറൊരു കെട്ടുപാടുമില്ലല്ലോ …ഞാൻ ഒരു മച്ചിപ്പാറുവല്ലേ”
കുഞ്ഞിപ്പെണ്ണ് ദീർഘനിശ്വാസമുതിർത്തു.. “ചേച്ചീ ,ഞാൻ ഒരു കാര്യം ചോദിച്ചാ സത്യം പറയുവോ?” ..”നീ ചോദിക്കു “…ഞാൻ പറഞ്ഞു
“എന്നെ കാണാൻ ഒട്ടും മെനഇല്ലേ ചേച്ചീ ?”….”എന്നാരുപറഞ്ഞു? ” “അല്ല
അതിയാൻ ഇങ്ങനെ കാളകളിച്ചു നടക്കുന്നതിനു ഉത്തരവാദി ഞാനാണെന്നാ മറ്റത്തിലെ ചിറ്റ പറയുന്നത്. ആണുങ്ങളെ ചൊൽപ്പടിക്ക് നിർത്തണേൽ എന്തൊക്കെയോ ” സിദ്ധാന്തങ്ങൾ” വേണത്രെ .. അതൊക്കെ ഞാൻ എവിടെപ്പോയി പഠിക്കാനാ ….വായിക്കു രുചിയായി വല്ലതും വച്ച് വിളമ്പാനും ഒറക്കപ്പായില് അതിയാൻ പറയുന്നതെല്ലാം അനുസരിക്കാനും മാത്രമേ എനിക്കറിയൂ…. അതൊക്കെ പോരാന്നുവച്ചാല് അങ്ങട് പോട്ടെ …അത്രതന്നെ ” കുഞ്ഞിപ്പെണ്ണ് പറഞ്ഞു
“വീട്ടിലെ ചുറ്റുപാടുകൾ ആദിച്ചനെ മനസ്സ് മടുപ്പിച്ചിട്ടുണ്ടാവാം , അതാവാം
അയാൾ വീട്ടിൽ വരാൻ കൂട്ടാക്കാത്തത്” ഞാൻ പറഞ്ഞു .
“അപ്പൊ ചേച്ചി പറയുന്ന ഈ അസ്കിതകളൊന്നും എനിക്ക് ബാധകമല്ലേ ?”
കുഞ്ഞിപ്പെണ്ണ് നിന്ദാഗർഭമായ ഒരു ചിരി ചിരിച്ചു . എനിക്ക് മറുപടി ഒന്നും പറയാനുണ്ടായില്ല .
“ഞാൻ പറയണതൊക്കെ ചേച്ചി കേൾക്കുന്നുണ്ടോ? ” ഉവ്വെന്നു ഞാൻ തലയാട്ടി …..”ചിലനേരം എനിക്ക് വല്ലാത്തൊരു ഏകാന്തത തോന്നും .. അന്നേരം …ആണൊരുത്തനെ കെട്ടിപ്പിടിച്ചു കിടക്കണമെന്നും, നെഞ്ചിൽ തലവച്ചു പൊട്ടിക്കരയണമെന്നും തോന്നും …..എന്നാ എനിക്ക് അതിനും വേണ്ടി ദുഃഖമെന്താണ് എന്ന് ചോദിച്ചാ, ഒന്നും ഇല്ലതാനും
ചേച്ചിക്കറിയുമോ ..ഞാൻ ഒന്ന് കണ്ണ് കാട്ടിയാ മതി , ആ പലചരക്കു കടക്കാരൻ , ശീമോൻമാപ്പിള , കുടീലേക്ക്‌ വരേം ചെയ്യും , ചോദിക്കണ സാധനങ്ങളും കാശും തരേം ചെയ്യും ….”
ഞാൻ അന്തം വിട്ടു കുഞ്ഞിപ്പെണ്ണിനെ നോക്കി ….അവൾ, മുഖം തരാതെ , കുനിഞ്ഞു നിൽപ്പാണ് .
“അയാളൊരിക്കെ ആരും കേക്കാതെ എന്നോട് പറഞ്ഞതാ ” നിന്നെ എനിക്ക് വലിയ ഇഷ്ടമാ നീ , യീ , കണ്ടിടത്തൊക്കെ അടിച്ചുവാരീം , കക്കൂസ് കഴുകിയും അലഞ്ഞു നടന്നു തടി ഉലയ്ക്കുന്നതെന്തിനാ ,…ഞാൻ കൂടി മനസ്സുവച്ചാ ഒള്ളോള്ളകാലം അയാള് എന്നെ നോക്കി കൊള്ളാമെന്നു “

മുഖമടച്ചു ഒരാട്ടാട്ടി ഞാൻ …എന്നാലും ഇപ്പോഴും, കാണുമ്പോൾ മാപ്പിളേടെ ഒരു നോട്ടമുണ്ട്,….ചങ്കു തുളച്ചിറങ്ങുന്ന, മനസ്സ് വെമ്പിപ്പോകുന്ന ഒരു നോട്ടം !…അതൊരു സുഖമാണ് ചേച്ചീ …അയിനുവേണ്ടിത്തന്നെയാ സാധനം വാങ്ങാൻ ഞാൻ ആ കടയിൽത്തന്നെ പോകുന്നത് “കുഞ്ഞിപ്പെണ്ണ് ഒരു കള്ളച്ചിരി ചിരിച്ചു …അതുകണ്ടു എനിക്കും ചിരി വന്നു .
“പിന്നെ നീ എന്താ അയാളോട് കൂട്ട് കൂടാത്തത് “? ഞാൻ ഒരു കുസൃതി ചിരിയോടെ , വെറുതെ തോട്ടിയിട്ടു.
“മനസ്സ് സമ്മതിക്കിണില്ല ചേച്ചീ …അതൊക്കെ പാപമല്ലേ…എന്റമ്മച്ചി പണ്ട് പറഞ്ഞു തന്നിട്ടുള്ള പോലെ , മനസ്സ് കൈ വിട്ടുപോകുമെന്നു തോന്നുമ്പം ഞാൻ പ്രാർത്ഥിക്കും .. മറ്റാരേക്കാളും ,. ഒടയതമ്പുരാനറിയാമല്ലോ എന്റെ പങ്കപ്പാടും ദുർഗതീം …പാവത്തുങ്ങൾക്കു മാത്രം തമ്പുരാൻ ഇത്രയും കെടുതി കൊടുത്തതെന്തിനാവോ ?”കുഞ്ഞിപ്പെണ്ണ് മൂക്ക് പിഴിഞ്ഞു, ആരോടെന്നില്ലാതെ പരാതിപ്പെട്ടു .
“അതേപോലെ ഇന്നാളു, ഞാൻ പച്ചക്കറീം വാങ്ങി, വീട്ടിലേക്കു പോവുമ്പം ,ആ ചെത്തുകാരൻ നാണപ്പൻ എന്നെ വഴീപിടിച്ചു നിർത്തി പറഞ്ഞു ‘ആ റബ്ബർതോട്ടത്തിലേക്ക് , അയാടെ കൂടെ ചെന്നാ, എനിക്കെന്തോ സമ്മാനം തരാമെന്ന്….ഞാൻ അപ്പഴേ പറഞ്ഞു,’അണ്ണാ , സമ്മാനം മേടിച്ചുവെക്കാൻ എന്റെ സഞ്ജീല് ഇനി ഒട്ടും സ്ഥലമില്ല …അണ്ണനൊരു കാര്യം ചെയ്യൂ,, അന്തി കള്ളു മോന്താൻ എന്റെ ആമ്പെറന്നോൻ ഷാപ്പിൽ വരുമ്പോൾ , അയാക്കടെ കയ്യിൽ കൊടുത്തയച്ചാമതി , ഞാൻ വാങ്ങിച്ചോളാമെന്ന്’…അന്നേരം അവന്റെ മോന്ത പോയ പോക്ക് കാണണം …. എന്റെ കെട്ടിയോന്റെ ചെറ്റപൊക്കി സ്വഭാവം അറിയാവുന്നോണ്ടല്ലേ ചേച്ചീ എല്ലാവന്മാരും എന്റെ പുറത്തു കുതിരകേറാൻ നിൽക്കുന്നേ.?..”ഈ ഒരു സംഭവം മാത്രമല്ല ചേച്ചീ,ആ ചന്ത മുക്കിലുള്ള പൈലീടെ തയ്യക്കട ചേച്ചിക്കറിയാവോ …രണ്ടു ദിവസം മുമ്പ്,ഞാൻ അവിടെ ബ്ലൗസ് തയ്‌ക്കാൻ കൊടുക്കാൻ പോയിരുന്നു..അളവ് ബ്ലൗസും നോക്കി ,എന്നേം നോക്കി അയാളൊരു വഷളൻ ചിരി ! എന്നിട്ടു പറയുവാ “അളവൊക്കെ മാറീട്ടുണ്ടല്ലോ ,നമുക്കൊന്ന് പിടിച്ചാലോന്ന് “
“ക ന്നം തിരിവ് പറഞ്ഞാ ,കരണംഅടിച്ചു പുകക്കുമെന്നും പറഞ്ഞു ,ബ്ലൗസും തട്ടിപ്പറിച്ചു ഞാൻ ഇങ്ങു പോന്നു ചേച്ചീ ,…അപ്പം അയാള് പിറകെ വിളിച്ചു കൂവുവാ”പുതിയ അളവ് പിടിക്കുന്ന കാര്യമാ” പറഞ്ഞതെന്ന് …അതുകേട്ടു ,ആ മാടക്കടെ നിന്നവരും ,ചായക്കടേലിരുന്നവരും കൂട്ടച്ചിരി ….നാണക്കേടായിപ്പോയി ചേച്ചീ ….തയ്യല് കേമമായതു കൊണ്ടൊന്നുമല്ല ,തയ്യക്കൂലി കൊറവാണല്ലോ എന്നോർത്താ ഞാൻ അയാക്കടെ കടേൽ പോയത് …ഇപ്പം അതും ഇല്ലാതായി !”
“നീയൊരു കാര്യം ചെയ്യൂ,,അളവ് ബ്ലൗസും തുണീം കൂടി ഇനി വരുമ്പോ കൊണ്ടുപോരെ …ഞാൻ തയ്‌ക്കുന്നിടത്തു കൊടുത്തു തയ്പ്പിച്ചു തരാം “
“അപ്പൊ തയ്യക്കൂലി ?”…”അത് സാരമില്ല,ഞാൻ കൊടുത്തോളാം”
കുഞ്ഞിപ്പെണ്ണിന് സന്തോഷമായി

“ചേച്ചി കളിയാക്കത്തില്ലെങ്കി,ഞാൻ ഒരു രഹസ്യം പറയാം …പക്ഷെ ആരോടും പറയല്ല്…”
ഇല്ലെന്നു കണ്ണടച്ച് കാണിച്ചു ഞാൻ . “പണ്ട് എനിക്കും ഒരു ഇഷ്ടം ഒണ്ടാരുന്നു ….” ആഹാ അത് കൊള്ളാലോ ,ആരായിരുന്നു ” ഞാൻ ഒരു നല്ല കേൾവിക്കാരിയാകാൻ തീരുമാനിച്ചു .
ഓ ,അതൊക്കെ ഓർത്താൽ ഇപ്പോഴും നെഞ്ചിലൊരു പിടച്ചിലാ…ഞാൻ നാലുവരെ പഠിച്ചിട്ടുള്ളു .അച്ഛൻ ചത്തെപിന്നീട് ,കൂലിപ്പണിയെടുത്താ അമ്മച്ചിയെന്നെ നോക്കീത്….രാവിലെ ,പണിക്കു പോവുമ്പം ,അമ്മച്ചി എന്നെ ബാക്കി വീട്ടുജോലിയെല്ലാം ഏൽപ്പിച്ചേച്ചു പോകും …എനിക്കന്നു പത്തു പന്ത്രണ്ടു വയസ്സേയുള്ളു….മിറ്റം അടിച്ചോണ്ടു നിൽക്കുമ്പഴാ ,ഞാൻ ആ ചെക്കൻ ,തെരുതെരെ ബെല്ലടിച്ചു സൈക്കിളിൽ പോവുന്ന കണ്ടത് ..ഏതോ വലിയ വീട്ടിലെ ചെക്കനാ….വെറുതെ ഒരു രസം തോന്നീട്ടാ ഞാൻ അവനെ നോക്കി നിന്നതു …പിന്നെ പിന്നെ,ആ സമയമാവുമ്പോ ,ബെല്ലടി കേക്കാനും ,ചെക്കനെ കാണാനും കാത്തു നിൽപ്പായി…കള്ളം പറയുവല്ല ചേച്ചീ ,ആ ചെക്കൻ ഏതാണെന്നോ,അവന്റെ പേരെന്താണെന്നോ എനിക്കറിയില്ല …ആ ചെറുക്കൻ എന്നെ നോക്കുന്നുതന്നെ ഉണ്ടായില്ല ….
മൂന്നാലു വര്ഷം അങ്ങനെ പോയി …പെട്ടെന്നൊരു ദിവസം അവനെ കാണാതായി …എനിക്ക് കുറെ ദിവസം വല്ലാത്തൊരു മനഃപ്രയാസമായിരുന്നു …വിശപ്പും,ദാഹവും,ഉറക്കവുമൊന്നുമില്ലാതെ ….എന്റെ ദുഃഖം ആരോട് പറയാൻ …ചെക്കനെപ്പറ്റി ആരോട് ചോദിക്കാൻ ….കാത്തു നിന്നതും ,മനസ്സിലേറ്റിയതും തെറ്റാണോ എന്ന കുറ്റബോധം വേറെ ….അമ്മച്ചിയോടെന്തേലും പറയാൻ പറ്റുവോ …പറഞ്ഞാ വല്ല പാഷാണവും തന്നു കൊന്നും കളയും എന്ന പേടി വേറെ ….
അങ്ങനിരിക്കുമ്പോഴാ ,അമ്മച്ചീടെ അകന്ന ചാർച്ചക്കാരനെന്നുംപറഞ്ഞു ,എന്റെ കെട്ടിയോൻ പെരേ വന്നു കൂടുന്നേ….ജാപ്പണം പൊകയെലേം കോഴിക്കറീം മേടിച്ചു കൊടുത്താ ചേച്ചീ അയാളെന്റെ അമ്മച്ചിയെ കുപ്പീലാക്കിയത് …പാവം അമ്മച്ചി ! പൊന്നുപോലെ എന്നെ നോക്കിക്കോളാമെന്ന അയാക്കടെ പഞ്ചാര വർത്തമാനത്തിൽ വീണു പോവേം ചെയ്തു ….എനിക്കൊട്ടും മനസ്സുണ്ടായിരുന്നില്ല ചേച്ചീ അയാളെ കെട്ടാൻ …പക്ഷെ,അമ്മച്ചി പറഞ്ഞപോലെ ,അച്ഛനില്ലാത്ത പെങ്കൊച്ചിനെ ,ഒരുതരി പൊന്നുപോലും വേണ്ടെന്നു പറഞ്ഞു ,വേറാര് കെട്ടിക്കൊണ്ടു പോവാനാ ?അതുകൊണ്ടാ പതിനെട്ടു വയസ്സിനു മൂപ്പൊണ്ടായിട്ടും താലി കെട്ടാൻ ഞാൻ സമ്മതിച്ചേ….സത്യത്തിൽ കറുത്ത് തടിച്ചു ,ഫൂതംപോലിരിക്കുന്ന അയാളെ എനിക്ക് പേടിയാരുന്നു … അമ്മച്ചി ചത്തപ്പം,എന്റെ പേരേം വിറ്റു,കിട്ടുന്ന കാശുകൊണ്ട് ,അയാക്കടെ നാട്ടിൽ പോകാമെന്നു പറഞ്ഞതാ …ഞാൻ സമ്മതിച്ചില്ല . എന്നാ കാണാരുന്നു,കേറിക്കിടക്കാൻ ഒരു കൂരപോലുമില്ലാതെ ,വല്ല കട തിണ്ണേലും അന്തിഉറങ്ങേണ്ടി വന്നേനെ … .അന്ന് തൊടങ്ങീതാ ചവിട്ടും തൊഴീം ,മുടിക്ക് കുത്തിപ്പിടിച്ചു ചുവരിൽഇടീം ….ആ ഇടക്കാ അയാക്കടെ ‘അമ്മ ,മകനെ തിരക്കി കുടീലെത്തുന്നേ ….അവരുടെ കഷ്ടപ്പാടും സങ്കടോം കണ്ടപ്പോ ,തിരിച്ചു പറഞ്ഞയക്കാൻ തോന്നിയില്ല ,എന്റെ കൂടെ കൂടിക്കോളാൻ പറഞ്ഞു .അയാക്കിതുവല്ലോം അറിയണോ …കിട്ടുന്നത് മുഴുവൻ കുടിച്ചും,കണ്ട പെണ്ണുങ്ങൾക്ക് കൊടുത്തും…..”കുഞ്ഞിപ്പെണ്ണിന് ഗദ്ഗദം കൊണ്ട് ബാക്കി പറയാനായില്ല
..”നീവേണ്ടാത്തതൊക്കെ ആലോചിച്ചുകൂട്ടി , മനസ്സ് പുണ്ണാക്കാതെ…., എല്ലാം ശരിയാവും” ഞാൻ സമാധാനിപ്പിക്കാൻ നോക്കി .
“ഹും! എന്ത് ശരിയാവാൻ ? പെറ്റതള്ളയെപ്പോലും മറന്നു, കുടിച്ചും, പിടിച്ചും നടക്കുന്ന അയാക്കടെ സ്നേഹം ഇനി ആർക്കും വേണം ? ,എന്റമ്മച്ചി എനിക്ക് തന്ന പെരയല്ലായിരുന്നേൽ , പണ്ടേക്കുപണ്ടേ അയാളെന്നെ അടിച്ചിറക്കി, വേറെ വല്ല ശിമിട്ടുകളെയും കൊണ്ടുവന്നു , കൂടെ പൊറുപ്പിച്ചേനെ ….ഞാൻ അയാക്കടെ തള്ളേടെ പാറാവുകാരി ….അതിനെ കൈവിട്ടു കളയാനും തോന്നുന്നില്ലല്ലോ തമ്പുരാനേ …..ഞാനും ആ തള്ളേം ചത്തുകഴിഞ്ഞാ , ആ പെര, ചിതൽ എടുത്തു പോകാതെ
വല്ല അനാഥാലയത്തിനും കൊടുത്താലോന്നാ എന്റെ ചിന്ത .” കുഞ്ഞിപ്പെണ്ണ് പറഞ്ഞു .
എനിക്ക് അത്ഭുതം തോന്നി….ചില കാര്യങ്ങളിലുള്ള അവളുടെ നിസ്സംഗതയും ദീർഘവീക്ഷണവും , ഒരുപക്ഷെ , മുപ്പത്തിരണ്ടാം വയസ്സിൽ ,അന്പത്തിയഞ്ചിന്റെ അനുഭവജ്ഞാനം അവൾക്കു സമ്മാനിച്ചതാവാം ..
എന്റെ മൗനം കണ്ടാവാം, കുഞ്ഞിപ്പെണ്ണ് പറഞ്ഞു “ചേച്ചീ , ഞാനും ഒരു പെണ്ണല്ലേ,..ഉള്ളിലുള്ള സങ്കടങ്ങളും ആഗ്രഹങ്ങളുമൊക്കെ ,അടക്കിവച്ചടക്കിവച്ചു ചങ്കു പൊട്ടിപ്പോകുമെന്നു തോന്നിയത് കൊണ്ടാ ഞാൻ ചേച്ചിയോടെല്ലാം പറഞ്ഞത്…ഞാൻ ഒരിക്കലും ചീത്തയായിപ്പോവില്ല ചേച്ചീ , എനിക്കതിനു കഴിയത്തുമില്ല….” പിന്നെ, ആത്മഗതമെന്നവണ്ണം പറഞ്ഞു “പണിയെടുക്കാൻ വയ്യാതാവുമ്പോ ,എനിക്കും സോമനാബിളിസം വരും ..പിന്നെ മട്ടത്തിപാറയിൽ നിന്ന് കൊക്കയിലേക്ക് ,”ബ്ലും,”താഴെക്കൊരു ചാട്ടം…അത്രതന്നെ
പൊടുന്നനെ എനിക്കവളോട് സഹതാപമോ വാത്സല്യമോ ഒക്കെ തോന്നി .”അങ്ങനെയൊന്നും ചിന്തിക്കേണ്ട പെണ്ണെ ” ഞാൻ അവളുടെ തോളത്തു തട്ടി .
ചിരുതമ്മേടെ ദെണ്ണമൊക്കെ കുറവുണ്ടോ ?” വിഷയം മാറ്റാനായി ഞാൻ ചോദിച്ചു…..കുഞ്ഞിപ്പെണ്ണിന്റെ അമ്മായിയമ്മയാണ് ചിരുത .
ശ്വാസകോശത്തിൽ കാൻസർ ബാധിച്ചു ദീർഘ നാളായി കിടപ്പിലായിട്ടു. , സ്വന്തം അമ്മയെപ്പോലെ കുഞ്ഞിപ്പെണ്ണ് അവരെ പരിപാലിക്കുന്നത് കാണുമ്പോൾ , എനിക്ക് ഉള്ളിൽ കുഞ്ഞിപ്പെണ്ണിനോടു വല്ലാത്ത മതിപ്പും ബഹുമാനവും തോന്നാറുണ്ട്.
“ഓ …അതിങ്ങോട്ടോ അങ്ങോട്ടൊന്നുള്ള കിടപ്പു തുടങ്ങീട്ട് എത്ര നാളായി …അതിന്റെ ഏങ്ങി വലിച്ചുള്ള കുര കേട്ടാൽ തന്നെ ചങ്കു പൊളിയും. ഇനി ഒന്നും ചെയ്യാനില്ലെന്നല്ലേ ആശൂത്രിക്കാര് പറഞ്ഞത് ….പുഴുവല്ലല്ലോ ഞെക്കി കൊല്ലാൻ…ദൈവം തമ്പുരാന് കണ്ണ് കാണില്ലെന്നാ തോന്നുന്നേ …ഈ വലിച്ചു വലിച്ചു കിടക്കുന്നവരെ ഭൂമിക്കു ഭാരമായിട്ടു ഇട്ടിട്ടു , ചെറുപ്പക്കാരികളെയല്ലേ മേലോട്ടെടുക്കുന്നതു…അവിടേം നല്ല തണ്ടും തടീം ഒള്ളതുങ്ങളെ മതിയാരിക്കും …., എന്റെ അതിയാനെപ്പോലെ, തമ്പുരാന് അങ്ങനെയുള്ളവരെയാവും ഇഷ്ടം ! ….”ഇതും പറഞ്ഞു കുഞ്ഞിപ്പെണ്ണ് പൊട്ടിച്ചിരിച്ചു , കൂട്ടത്തിൽ തുളുമ്പിവന്ന കണ്ണുനീരൊപ്പുകയും ചെയ്തു

“ചേച്ചീ , എന്നാ ഞാൻ പൊടിപ്പിച്ചേച്ചു വരാം” കുഞ്ഞിപ്പെണ്ണ് വീണ്ടും ഉഷാറായി . ഇവളുടെ മനസ്സിനുള്ളിൽ കാർമേഘങ്ങൾ ഉരുണ്ടു കൂടുന്നതും, പെയ്തൊഴിയുന്നതും എത്ര പെട്ടെന്നാണ്…ഞാൻ മനസ്സിലോർത്തു.
തോര്ന്നുകിട്ടിയ അരി സഞ്ചിയിലാക്കി , കുഞ്ഞിപ്പെണ്ണ് അടുക്കള വാതിൽ ചാരിയിറങ്ങി
വാതിലടച്ചു കുറ്റിയിട്ടു, ഇറയത്തു കിടന്നിരുന്ന, ഉണങ്ങാനിട്ട മൂന്നുനാലു സാരികൾ മടക്കിയെടുക്കാനുള്ള സമയമേ ആയുള്ളൂ,
“ചേച്ചീ …ചേച്ചീ “മുൻവശത്തെ വാതിലിൽ ശക്തിയായി ഇടിച്ചുകൊണ്ടു കുഞ്ഞിപ്പെണ്ണ് അലറി വിളിച്ചു ….
വല്ല അപകടവും പറ്റിയോ എന്നോർത്ത് വല്ലാതെ പരിഭ്രമിച്ചു ഞാൻ ഓടിപ്പോയി വാതിൽ തുറന്നു.
എന്നെ കണ്ട മാത്രയിൽ , ഇടുപ്പിൽ കയ്യും കുത്തി , വെല്ലുവിളിക്കും മട്ടിൽ നിന്ന് ,,കിതച്ചുകൊണ്ട് കുഞ്ഞിപ്പെണ്ണ് പറഞ്ഞു “ഇപ്പം എന്തായി…? സോമനാമ്പലിസം ആ ചെക്കനോടൊപ്പം ഒളിച്ചോടി” . കുഞ്ഞിപ്പെണ്ണിന്റെ ഓട്ടത്തിന്റെ തീവ്രതയിൽ, തറയിൽ തൂകിപ്പോയ, പൊടിക്കാൻ കൊണ്ടുപോയ അരിമണികൾ , തിണ്ണയിൽ കിടന്നു എന്നെ നോക്കി കൊഞ്ഞനം കുത്തി .

                      ***************************
Scroll to Top