സുരേന്ദ്രൻ കോപത്തോടെ ഭാര്യയെ നോക്കി. ഒന്നും കാണുന്നില്ല, കേൾക്കുന്നില്ല എന്ന മട്ടിൽ ഏതോ വാരികയിലേക്കു തലയുംപൂഴ്ത്തി ഇരിക്കയാണവൾ…
” ഒടുക്കത്തെ ഒരു വായന…” പല്ലിറുമ്മിക്കൊണ്ട് , അവളുടെ ശ്രദ്ധ ആകർഷിക്കുവാനെന്നവണ്ണം മേശപ്പുറത്തു രണ്ടിടി ഇടിച്ചു അയാൾ. കൈ നൊന്തപ്പോൾ , ആരോടോ ഉള്ള വാശി തീർക്കാനെന്നപോലെ അലമാര തുറന്ന് ‘റിമി മാർട്ടിന്റെ’ ഒരു ഫുൾ ബോട്ടിലെടുത്തു മേശപ്പുറത്തേക്കു ശബ്ദമുണ്ടാക്കിക്കൊണ്ടു വച്ചു .
കടക്കണ്ണിലൂടെ എല്ലാം നോക്കി കാണുന്നുണ്ടായിരുന്നു ശിവകാമി. ഇനി അടുത്ത നടപടി എന്താണെന്നു അവൾക്കു നന്നായി അറിയാം . മേശപ്പുറത്തിരിക്കുന്ന ദ്രാവകം വെള്ളം തൊടാതെ വിഴുങ്ങുക. അതോടെ ലൈസൻസ് ആയി. ആരെയും എന്തും പറയാനുള്ള പെര്മിറ്റ് . വിചാരിച്ചപോലെതന്നെ കുപ്പിയിൽനിന്നും വായിലേക്കെ കമഴ്ത്താൻ തുടങ്ങിയിരിക്കുന്നു അയാൾ. അതിനിടയിൽ അവളെ നോക്കി പിറുപിറുക്കുകയും ഇടയ്ക്കിടെ ശാപവചനങ്ങൾ ഉരുവിടുകയും ചെയ്തു. ഉള്ളിൽ വേദന തോന്നിയെങ്കിലും പുറമെ ചിരിക്കുകയാണവൾ ചെയ്തത്.
” എന്താടീ ഇളിക്കുന്നതു ” വഴക്കു തുടങ്ങുവാൻ ഒരു കച്ചിത്തുരുമ്പു കിട്ടിയ ആവേശത്തോടെ അയാൾ അലറി.
” പിന്നെന്തു ചെയ്യും ഈ കൊപ്രായം കണ്ടാൽ ” എന്ന് ചോദിയ്ക്കാൻ നാവു വളച്ചതാണ് …വേണ്ടെന്നുവച്ചു. ഈ അങ്കം മുഴുവൻ തന്നോടല്ല . അടുത്ത മുറിയിൽ പത്രം വായിച്ചിരിക്കുന്ന തന്റെ അച്ഛനെ ലാക്കാക്കിയാണെന്നു തനിക്കു വ്യക്തമായി അറിയാം.
” എന്താടീ നോക്കി പേടിപ്പിക്കുന്നത് ” പ്രകോപനപരമായ ഒന്നും തന്റെ പക്ഷത്തുനിന്നും ഉണ്ടാകാത്തതിന്റെ നിരാശ നിഴലിച്ചിരുന്നു അയാളുടെ ചോദ്യത്തിൽ. ഇതിനൊരു ഉത്തരം അർഹിക്കുന്നില്ല എന്ന മട്ടിൽ അയാളെ തീർത്തും അവഗണിച്ചുകൊണ്ട് ശിവകാമി വീണ്ടും പുസ്തകത്തിലേക്ക് കണ്ണുനട്ടു .
” തന്തയുടെ അതേ സ്വഭാവം ” ഉച്ചത്തിൽ പരിഹസിച്ചു , സുരേന്ദ്രൻ.
മുറിക്കു പുറത്തിറങ്ങി എങ്ങോട്ടെങ്കിലും ഓടിപ്പോകണമെന്നു തോന്നി ശിവകാമിക്ക് .
പക്ഷെ, എങ്ങോട്ടു പോകാൻ?. നിന്നുതിരിയാൻ ഇടമില്ലാത്ത മൂന്നുമുറി ഫ്ലാറ്റിൽ അകെ ഒരു ശ്വാസംമുട്ടലാണ്. അതിനിടയിലാണ് പത്തു ദിവസം സ്വസ്ഥമായി മകളോടൊത്തു കഴിയാമെന്ന ആശയുമായി അച്ഛൻ വന്നിരിക്കുന്നത് !. ഇവിടുത്തെ ബഹളമെല്ലാം അടുത്ത മുറിയിലിരുന്ന് അച്ഛൻ കേട്ടിട്ടുണ്ടാവും.
താനൊരുത്തി ഇവർക്ക് രുണ്ടുപേർക്കുമിടയിൽ കിടന്നനുഭവിക്കുന്ന മനഃപ്രയാസത്തെപ്പറ്റി ആർക്കുമൊരു ചിന്തയുമില്ല.
തൊട്ടതിനും പിടിച്ചതിനുമൊക്കെ കുറ്റം കണ്ടുപിടിക്കുക അച്ഛന്റെ പണ്ടേയുള്ള സ്വഭാവമാണ്.
മക്കളെയൊക്കെ പട്ടാളച്ചിട്ടയിൽ വളർത്തി…അതൊന്നുകൊണ്ടുമാത്രം കൊച്ചുമക്കളും മരുമക്കളും അച്ചടക്കത്തോടെ അച്ഛന്റെ ചിട്ടക്കൊത്തു നീങ്ങണമെന്നു ശഠിച്ചാൽ നടക്കുന്ന കാര്യമാണോ ?. താൻ അച്ഛനോട് കാണിക്കുന്ന ഭക്തിയും ബഹുമാനവുമൊന്നും കുട്ടികൾ മുത്തച്ഛനോടു കാട്ടാറില്ല. സുരേട്ടന്റെ തോളത്തുകൂടി കൈയ്യിട്ടു ‘ ഹായ് ഡാഡ് ‘ പറഞ്ഞുള്ള ശീലമാണല്ലോ അവരുടേത്. ഇഷ്ടപ്പെടാത്തതെന്തുകണ്ടാലും വെട്ടിത്തുറന്നു പറയുന്ന രീതിയാണ് അച്ഛന്റേത് . ആരോടും എതിർത്ത് സംസാരിക്കാനുള്ള തന്റേടമില്ലാണ്ടായിപ്പോയി തനിക്ക് . അതുകൊണ്ടുതന്നെ ആർക്കും തട്ടിക്കളിക്കാവുന്ന പാവയായിത്തീർന്നിരിക്കുന്നു താൻ !. കുറച്ചുകൂടി ധൈര്യത്തോടെ പെരുമാറണമെന്ന് പലപ്പോഴും കരുതും . പക്ഷെ, എന്ത് ചെയ്യാം… ശിവകാമി എന്നും പഴയ ശിവകാമി തന്നെ.
ശിവകാമി ഒരു നെടുവീർപ്പോടെ ഭർത്താവിനെ നോക്കി. കുടി മതിയാക്കി പോക്കറ്റിൽനിന്നും
സിഗരറ്റ് എടുത്തു വലി തുടങ്ങിയിരിക്കുന്നു അയാൾ. ചെടിപ്പിക്കുന്ന മണം മുറിയിലെങ്ങും പരന്നു . ശ്വാസംമുട്ടുന്നതുപോലെതോന്നി ശിവകാമിക്കു. അല്ലെങ്കിൽത്തന്നെ ചെറുതായി വലിവിന്റെ അസുഖംമുണ്ടിപ്പോൾ . ചിലരാത്രികളിൽ,ലോകംമുഴുവൻ സുഖമായി ഉറങ്ങുമ്പോൾ ശ്വാസം കഴിക്കാൻ പാടുപെട്ടുകൊണ്ടു, തലയിണയിൽ ചാരി ഉറക്കമിളച്ചിരിക്കുകയാവും താൻ …ഇന്നും കാളരാത്രി തന്നെയാവും തനിക്കു…. പ്രത്യേകിച്ച് എന്തെങ്കിലും മനഃപ്രയാസംകൂടി ഉണ്ടെങ്കിൽ പറയുകയും വേണ്ട. നിസ്സഹായതയോടെ ശിവകാമി കണ്ണുകളടച്ചു മതിലും ചാരിയിരുന്നു.
കാളിങ് ബെൽ തുരുതുരെ ശബ്ദിക്കുന്നത് കേട്ടിട്ടും ശിവകാമി ഇരുന്നിടത്തുനിന്നും അനങ്ങാനേ പോയില്ല.
സുരേട്ടന്റെ സുഹൃത്തുക്കളാരെങ്കിലുമാണെങ്കിൽ ഇപ്പൊ കാണാം കളി ! ഒരു പൊന്നേ.. ചക്കരേ വിളിയും , തേനൂറുന്ന മൊഴിയും … തനിക്കിങ്ങനെയൊന്നും അഭിനയിക്കാൻ അറിയില്ല…. എത്ര ശ്രമിച്ചാലും ഉള്ളിൽ ദേഷ്യമുണ്ടെങ്കിൽ തന്റെ മുഖം വീർത്തുതന്നേ ഇരിക്കൂ ….
അഭിനയത്തിന്റെ കാര്യത്തിൽ അച്ഛനും ഒട്ടും മോശമല്ല…. അല്പം മുൻപുവരെ കീരിയും പാമ്പുംപോലെ വാക്കുകൾകൊണ്ട് പോരാടിക്കൊണ്ടിരുന്നവർ എത്ര മൃദുലമായാണ് അതിഥികളുടെ മുൻപിൽ പെരുമാറുക !. അച്ഛൻ മരുമകനെ ‘മോനേ ‘എന്ന് മുഴുക്കെ വിളിക്കില്ല . എന്തൊരു സ്നേഹം !. ഇതൊക്കെക്കണ്ട് താൻ അന്തംവിട്ടിരുന്നിട്ടുണ്ട്.
” ശിവേ …കുട്ടി ഒന്നിങ്ങട് വരൂ ” സുരേട്ടൻ വിളിച്ചു…ഒപ്പം വാതിലിനരികെ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഒക്കെ കുലമാക്കല്ലേ …എന്നൊരപേക്ഷകൂടിയുണ്ടായിരുന്നു ആ മുഖത്ത്. നിർവികാരമായ മുഖത്തോടെ ശിവകാമി എഴുന്നേറ്റു …. വീട്ടിൽ വരുന്ന അതിഥികളോട് നീരസം കാട്ടരുതല്ലോ.
സുരേട്ടന്റെ ബോസ് അലക്സാണ്ടർ സാറും ഭാര്യാ അന്നമ്മയുമായിരുന്നു ഉമ്മറത്ത്.
മുഖത്തു കഴിയുന്നത്ര പ്രസന്നത വരുത്തി ശിവകാമി ഉമ്മറത്തേക്ക് ചെന്നു .
” കേട്ടോ മാഡം …” തന്നെ കണ്ടയുടൻ അലക്സാണ്ടർ സാർ പറഞ്ഞു : ” മാഡത്തിന്റെ അച്ഛനെ ഒന്ന് പരിചയപ്പെടാനാണ് പള്ളി കഴിഞ്ഞയുടൻ ഞങ്ങളിങ്ങോട്ടു വന്നത്. ” അമ്മാവനെപ്പറ്റി പറയുമ്പോൾ ഇയാൾക്ക് നൂറു നാവാ …..നല്ല അറിവും വിവരവുമുള്ള വ്യക്തി ” സുരേട്ടൻ അഭിമാനത്തോടെ തല ഉയർത്തിപ്പിടിച്ചു നിൽക്കുന്നതു ശിവകാമി കടക്കണ്ണിലൂടെ കണ്ടു.
” അച്ഛനെവിടെ സുരേന്ദ്രാ….? ” ചോദിക്കേണ്ട താമസം വിളി കാത്തുനിന്നതുപോലെ അച്ഛൻ ഉമ്മറത്ത് പ്രത്യക്ഷപ്പെട്ടു . വെളുക്കെ ചിരിച്ചുകൊണ്ട് അലക്സാണ്ടർ സാറിന്റെ കരം കവർന്നു .
” സുരേന്ദ്രൻ….താങ്കൾ ഭാഗ്യവാനാണ്….എനിക്കുമുണ്ടൊരു അമ്മായിയച്ഛൻ …..ഇത്തിരി പുത്തൻപണമുണ്ടെന്നല്ലാതെ …..യാതൊരു വിവരവുമില്ല…” സെറ്റിയിലേക്കു അച്ഛന്റെ കൈപിടിച്ചുകൊണ്ടു അലക്സാണ്ടർ സാർ പറഞ്ഞു. ശിവകാമി ഒളികണ്ണിട്ടു അന്നമ്മയുടെ മുഖത്തേക്ക് നോക്കി. കടന്നാൽ കുത്തിയതുപോലെ ആ മുഖം വീർത്തിരിക്കുന്നതു കണ്ടപ്പോൾ ശിവകാമിയുടെ ഉള്ളിൽ ചിരി പൊട്ടി.
” സാരമില്ല…. ഈ ആണുങ്ങളൊക്കെ ഇങ്ങനെതന്നെയാ …”എന്ന് പറയണമെന്നുണ്ടായിരുന്നു ശിവകാമിക്കു. പക്ഷെ ശിവകാമി ഒന്നും മിണ്ടിയില്ല. പുരുഷന്മാരുടെ മനഃശാസ്ത്രം അടുത്തറിഞേ മനസ്സിലാക്കാനാവൂ എന്ന് എന്നേ അവൾ തിരിച്ചറിഞ്ഞിരുന്നു….. അതുകൊണ്ടു അന്നമ്മയുടെ കൈയുംപിടിച്ചു അവൾ അടുക്കളയിലേക്കു നടന്നു., തന്റെ ലോകം അതാണെന്ന വിശ്വാസത്തോടെ.
—————————————-