വേണ്ടപ്പെട്ട ഒരാൾ
പിണങ്ങി , ചിണുങ്ങി, കരയുന്ന ചാറ്റൽമഴയത്താണ് , പോസ്റ്മാൻ ആ കത്തെനിക്ക് വച്ചുനീട്ടിയതു.
‘എനിക്കാരാണപ്പാ കത്തെഴുതാൻ “എന്ന ചിന്തയോടെയാണ് ഞാനതു പൊട്ടിച്ചത്. തികച്ചും അപരിചിതമായ കൈപ്പടയിൽ അതിലൊരു വരി മാത്രം കുറിച്ചിരുന്നു …”ഐഷുമ്മ ഇന്നലെ മയ്യത്തായി ” സൈനബ.
ഒരു ഞെട്ടലോടെ ഞാൻ അതിലെ തീയതി നോക്കി.അതെഴുതാൻ മറന്നുപോയിരിക്കുന്നു ……
മനസ്സിന്റെ കോണിൽ ചെറിയൊരു നീറ്റൽ…
അവർ ആരായിരുന്നു തന്റെ? കുട്ടിക്കാലത്തെന്നോ ,വീട്ടിൽ,പുറം പണിക്കു നിന്നിരുന്ന ഒരു സാധു സ്ത്രീ ….അതിൽ കവിഞ്ഞു മറ്റൊന്നുമില്ലേ?..സ്വയം ചോദിച്ചുനോക്കി ഉണ്ടെന്നോ ഇല്ലെന്നോ തിരിച്ചറിയാനാകാത്ത എന്തോ ഒന്ന് ഉള്ളിൽ കിടന്നു തിക്കുമുട്ടി.
ചെറിയ വികൃതികൾക്കുപോലും വലിയ ശിക്ഷ തന്നിരുന്ന അച്ഛൻ !
മൂത്ത ക്ടാവ് നേരെ ആയില്ലേച്ച, ഇളയത്തുങ്ങളും വഴിതെറ്റിപ്പോകും എന്ന് അടിയുറച്ചു വിശ്വസിച്ചിരുന്നു അച്ഛൻ ….
തല്ലാൻ തുടങ്ങിയാൽ പുളിങ്കമ്പു ഒടിയുന്നതായിരുന്നു അതവസാനിപ്പിക്കാനുള്ള കണക്ക്…തടസ്സം പിടിക്കാൻ വരുന്നവർക്കും കിട്ടും പുളിവാറടി…’അമ്മ നോക്കിനിന്നു കണ്ണീർ വാർക്കുകയേ ഉള്ളു…….അച്ഛനെ പേടിച്ചിട്ടാണ് …
പൊട്ടി തിണിർത്തു കിടക്കുന്ന പാടുകൾ തടവി ,വിമ്മി വിമ്മി കരയുമ്പോൾ ,ഐഷുമ്മ പതുങ്ങി പതുങ്ങി അടുത്തെത്തും….പിന്നെ “എന്റെ പൊന്നു കരയല്ലേ “എന്നുപറഞ്ഞു വാരിയെടുത്ത് നെഞ്ചോട് ചേർക്കും ….കടലാവണക്കിൻ കറ മുറിപ്പാടിലിറ്റിച്ചു ഊതിത്തരും..തന്റെ ഭാവനയിൽ വിരിയുന്ന ഇല്ലാക്കഥകൾ കയ്യും കലാശവും കാട്ടി വിസ്തരിക്കും ….ഇക്കിളി കൂട്ടി ചിരിപ്പിക്കും ….താൻ കുടുകുടെ ചിരിക്കുമ്പോൾ ആയമ്മേടെ കണ്ണ് നിറയും.
ന്റെ തങ്കക്കൊടം…ഇതിനെ തല്ലിച്ചതക്കാൻ
ഏമാനെങ്ങനെതോന്നി”എന്ന് മനസ്താപപ്പെടും ..അപ്പോഴും താൻചിരിക്കും. പിന്നെ , ബോഡീസിടാത്ത ഐഷുമ്മേടെ മുട്ടൻ മുലകൾക്ക് മീതെ തലചായ്ച്ചു സുരക്ഷിതത്വത്തിന്റെ ചൂടറിയും.
അലിയാര് കാക്കേടെ അട്ടഹാസം റോഡിൽ കേട്ട് തുടങ്ങുന്നതുവരെ ഐഷുമ്മ തന്റെ വീട്ടിലുണ്ടാവും …കാക്ക വരുന്നുണ്ടെന്നു അറിഞ്ഞാലുടൻ , ഉടുമുണ്ടിൻറ്റെ കോന്തലയും പൊക്കിപ്പിടിച്ചു, വടക്കേപ്പുറത്തുകൂടി കുടിയിലേക്കു ഒരോട്ടമുണ്ട്….
റിക്ഷ വലിച്ചുണ്ടാക്കിയ കാശു മുഴുവൻ കള്ളുഷാപ്പിൽ കൊടുത്തിട്ടു, ഉടുമുണ്ടുപോലും ഇല്ലാതെയാവും മൂപ്പരുടെ രംഗപ്രവേശം.! പിന്നെ എന്നും അവിടെ ഒരു ചവിട്ടുനാടകമാണ് അരങ്ങേറുക. കാക്ക, വന്നാലുടൻ , തെറിവിളിയും പൂരപ്പാട്ടുമായി , കയ്യിൽ കിട്ടിയതെടുത്തു.. തല്ലാനായി,ഐഷുമ്മയെ കുടിലിനു ചുറ്റും ഓടിക്കുന്നത് ,തറവാടിന്റെ അരഭിത്തിയില് കയറിനിന്നു എത്രയോ തവണ താൻ കണ്ടിരിക്കുന്നു.!
ചിലപ്പോഴൊക്കെ,സഹികെട്ടു ഐഷുമ്മ തിരിച്ചു പുലഭ്യം പറയുന്നതും, ,ഇടക്കിടെ ഉടുമുണ്ടുയർത്തി കാണിക്കുന്നതും ഒട്ടൊരു തമാശയോടെ താൻ നോക്കി നിന്നിട്ടുണ്ട്.അത് കണ്ടു “പിള്ളേർക്കെന്താ ഇവിടെ കാര്യം ? കേറിപ്പോ അകത്തെന്നു” പറഞ്ഞു ‘അമ്മ തുടയിൽ നല്ല നുള്ളും തന്നിട്ടുണ്ട്.
പിറ്റേന്ന് ,അതിരാവിലെ,അലിയാര് കാക്ക ,റിക്ഷയുമായി സ്ഥലം വിട്ടാലുടൻ ,ഐഷുമ്മ വടക്കേപ്പുറത്തു ഹാജരാകും.
വന്നാലുടൻ ,അടുക്കളയിൽ, അവർക്കായി മാറ്റിവച്ചിരിക്കുന്ന പഴങ്കഞ്ഞിയിൽ,തൊടിയിൽ നിന്നും പൊട്ടിച്ചെടുത്ത കാന്താരി മുളക് ഞെവടി,തലേന്നത്തെ പഴംകൂട്ടാനും കൂട്ടി, ആർത്തിയോടെ വാരി വിഴുങ്ങുന്നത് , വായിൽ വെള്ളമൂറിക്കൊണ്ട് , എത്രയോ തവണ ഞാൻനോക്കി നിന്നിട്ടുണ്ട്!” കുഞ്ഞിന് ദെണ്ണം വരുമെന്ന് പേടിച്ചാട്ടോ സാവിത്രിക്കുഞ്ഞു പഴംചോറുതരാത്തത് കേട്ടോ …വല്യ ആളാകുമ്പം കുടിക്കാം കേട്ടോ” തന്റെ കൊതി കണ്ടു ആയമ്മ പറയും.
ഒരോണത്തിനു , അമ്മവീട്ടിൽ പോയിട്ട് വന്നപ്പോഴാണറിഞ്ഞത് ഐഷുമ്മയുംഅലിയാരു കാക്കയും ,കുടികിടപ്പു ഒഴിഞ്ഞുകൊടുത്തു അക്കരക്കു പോയെന്നു. അന്ന് കുറേനാൾ തന്റെ കുഞ്ഞു മനസ്സിലും ഒരു നഷ്ടബോധം തോന്നിയിരുന്നു.പിന്നെ പഠിപ്പും , ഹോസ്റ്റൽ ജീവിതവും ,ജോലിയുമൊക്കെയായി താൻവീട്ടിൽ കാണുന്ന സമയം തന്നെ ചുരുങ്ങി.
വിവാഹത്തലേന്നാണ് താൻ പിന്നീട് ഐഷുമ്മയെ കാണുന്നത്.
അടുക്കളയിൽ,സഹായികളുടെയും,കയ്യാളുകളുടെയും ഇടയിൽ നിന്ന് ആരോ വിളിച്ച “തങ്കകുട്ടിയെ ” എന്ന വിളിയാണ് ഓർമയുടെ പിന്നാമ്പുറത്തേക്കു പിന്നെയും തന്നെ വിളിച്ചുകൊണ്ടു പോയത്.
“പൊന്നിന്കുടം ഉമ്മേനെ മറന്നാ?” തട്ടം വലിച്ചിട്ടു , മാവുപുരണ്ട കൈ ഉടുമുണ്ടിൽ തുടച്ചു കൊണ്ട് ഐഷുമ്മ ഓടി വന്നു.
“മൊഞ്ചത്തി ആയിരിക്കണു”…മെലിഞ്ഞു നീണ്ട കൈ കൊണ്ട് ,വാത്സല്യത്തോടെ തന്നെ തഴുകി ഐഷുമ്മ ആനന്ദക്കണ്ണീരൊഴുക്കി …
കുഴിയിലേക്കാണ്ടുപോയ ആ കണ്ണുകളിൽ സ്നേഹത്തിന്റെ വൈരക്കല്ലുകൾ തിളങ്ങുന്നത് ഞാൻ തിരിച്ചറിഞ്ഞു. “ഐഷുമ്മ” !….
ഞാൻ വീണ്ടും പഴയ അഞ്ചു വയസ്സുകാരി പെൺകുട്ടിയായി …
ആയമ്മയെ കെട്ടിപ്പിടിച്ചുകൊണ്ടു , ഒരൽപം കുസൃതിയോടെ താൻ ചോദിച്ചു “പഴയ മുണ്ടുപൊക്കി ഓട്ടം ഇപ്പോഴും ഉണ്ടോ “?
“അതിനു ഓരേ പടച്ചോൻ നേരത്തേ വിളിച്ചില്ലേ….കുടീലിപ്പം ഓന്റെ
പെങ്ങളൂട്ടിയുണ്ട് കൂട്ടായിട്ടു .സൈനബ …ഓളെ കെട്ടിയോൻ മൊഴി ചൊല്ലിയെപ്പിന്നെ എന്റെ കൂടെയാ..ഓര്ക്കു അണ്ടിയാപ്പീസി തൊണ്ടുതല്ലണ പണീണ്ട്…”
അന്ന് ആയിരം രൂപേടെ ഒരു നോട്ടു ആയമ്മേടെ കയ്യിൽ ചുരുട്ടി വച്ച് കൊടുത്തപ്പോൾ അവർ വിതുമ്പി കരയുകയായിരുന്നു.
“ഐഷുമ്മക്കു ഇതിനുള്ള ഭാഗ്യം ഉണ്ടായല്ലോ കുഞ്ഞേ..പടച്ചോൻ കാത്തോളും ….”തന്റെ കൈ പിടിച്ചു ഒരുമ്മയും തന്നു അവർ. അന്നായിരുന്നു താൻ ഐഷുമ്മയെ അവസാനമായി കണ്ടത്.
ഇന്ന്, എന്റെ മകളെ നോക്കാൻ വസുന്ധര എന്ന ആയയുണ്ട് .
കണക്കു പറഞ്ഞു ശമ്പളവും വാങ്ങി, ഏതോ സൗജന്യം ചെയ്യുന്ന മട്ടിൽ, ക്ലോക്ക് നോക്കി പണിയെടുക്കുന്ന ഒരു പക്കാ സെർവന്റ് ! ആത്മാർഥത എന്നത് അയലത്തുകൂടി പോയിട്ടില്ലാത്ത , എന്ത് ചെയ്താലും ഒരു തൃപ്തിയുമില്ലാത്ത , ദുർമുഖം മാത്രം കൈ മുതലായുള്ള ഒരു സ്ത്രീ.! നിവർത്തികേടുകൊണ്ടു മാത്രം സഹിക്കുന്നു അതിനെ ….
വസുന്ധരയെവിടെ …ഒന്നും മോഹിക്കാതെ ,സ്വന്തം കുഞ്ഞായി കരുതി തന്നെ സ്നേഹിച്ച ഐഷുമ്മയെവിടെ…..ഒരിക്കലും തുലനം ചെയ്യാനാവില്ലല്ലോ…
മനസ്സിന്റെ അടിത്തട്ടിലെവിടെയോ നൊമ്പരത്തിന്റെ കുമിളകൾ പൊട്ടിയമരുന്നത് ഞാൻ അറിഞ്ഞു. ഐഷുമ്മ എനിക്ക് ആരായിരുന്നു?
വളരെ വളരെ വേണ്ടപ്പെട്ടൊരാൾ !
കണ്ണുനീർ തുള്ളികൾ വീണു എന്റെ കയ്യിലിരുന്ന കത്ത് കുതിർന്നു.
മൂടിക്കെട്ടിനിന്ന ആകാശവും അപ്പോൾ എനിക്കൊപ്പം കരഞ്ഞു……..
***********************************************