രാത്രിമഴയിൽ കുതിർന്നുകിടക്കുന്ന പാട വരമ്പിലൂടെ സങ്കരമേനോൻ പതിയെ നടന്നു. ചെറിയൊരു പിഴവുമതി, എന്നന്നേക്കുമായി കട്ടിലിൽ തളച്ചിടാൻ. ഇടയ്ക്കിടെ വീശുന്ന കുളിർകാറ്റിൽ നെൽക്കതിരുകൾ നൃത്തംചെയ്തുകൊണ്ടിരുന്നു . മേനോൻ ഒരു നിമിഷം നിന്നു, പിന്നെ അരുമയോടെ കയ്യെത്തും ദൂരത്തുള്ള കതിരുകളെ തൊട്ടുതലോടി….മനസ്സ് ഒരു നിമിഷ നേരത്തേക്ക് കാൽ നൂറ്റാണ്ടു പുറകിലേക്കോടി.
തന്റെ സാവത്രിക്കുട്ടിക്ക് സ്ത്രിധനമായി കിട്ടിയതായിരുന്നു കണ്ണെത്താദൂരത്തോളം കിടക്കുന്ന ഈ വയലും, അതോനോടുചേർന്നുള്ള തെങ്ങിൻ തോപ്പും . ” ഓൻ വലിയ പഠിത്തക്കാരനല്ലേ , പട്ടണത്തിലൊക്കെ വളർന്ന പച്ചപ്പരിഷ്കാരിയും … ഇതെല്ലാം കിട്ടുന്ന വിലക്ക് വിറ്റു തുലക്കും…..” ഭാഗം വയ്ക്കുമ്പോൾ ബന്ധുക്കളും സ്വന്തക്കാരുമെല്ലാം പരസ്പരം കുശുകുശുത്തതാണ് . കൂടുതലൊന്നും ഉണ്ടാക്കിയില്ലെങ്കിലും കാർന്നോമ്മാരായിട്ടു തന്നതൊന്നും നഷ്ടപ്പെടുത്തരുതെന്നു തനിക്കു നിർബന്ധമുണ്ടായിരുന്നു . അതുകൊണ്ടുതന്നെ ഓരോ തവണയും വാശിയോടെ വിളവിറക്കി, മണ്ണിൽനിന്നും പൊന്നു കൊയ്യ്തെടുത്തു . എന്തിനും താങ്ങും തണലുമായി സാവിത്രിക്കുട്ടിയുണ്ടായിരുന്നു….. പത്തിരുപതു വര്ഷം മുൻപ് വരെ. മൂന്ന് വയസ്സ്പോലും തികയാത്ത ശിവശങ്കരിയുടെ കുഞ്ഞിക്കൈകൾ തന്നെ ഏൽപിച്ചു അവൾ അവസാനമായി തന്നെ നോക്കിയ ഒരു നോട്ടമുണ്ടല്ലോ …. അതോർക്കുമ്പോൾ ഒരു തേങ്ങൽ ഇപ്പോഴും തൊണ്ടക്കുഴിയിൽ വന്നു തിക്കുമുട്ടും.
പ്രത്യേകിച്ചു ഒരസുഖവുമുണ്ടായിരുന്നില്ല അവൾക്കു… ഇടയ്ക്കിടെ വരാറുണ്ടായിരുന്നു ഒരു തലവേദന ….. തൊടിയിലെ കാട്ടുകടുകുചെടി കശക്കിപ്പിഴിഞ്ഞു , അതിന്റെ നീര് നെറുകയിലിറ്റിച്ചാൽ മാറുന്നത്ര നിസ്സാരം….പക്ഷെ അതൊരു ഹെമറേജ് ആയി തന്റെ ജീവിതത്തിൽ കരിനിഴൽ പരത്തുമെന്നു ആരറിഞ്ഞു…?
വര്ഷം ഒന്ന് കഴിയുന്നതിന്റെമുമ്പുതന്നെ സാവിത്രിക്കുട്ടിയുടെ അനുജത്തി സീമന്തിനിയുടെ വിവാഹാലോചനയുമായി അവരുടെ അച്ഛനമ്മമാർ വന്നതാണ് . ചേച്ചിയുടെ കുട്ടിയെ പൊന്നുപോലെ നോക്കിക്കൊള്ളാമെന്നു സീമന്തിനിയും നേരിട്ട് തന്നോട് പറഞ്ഞു. പക്ഷെ തന്റെ സാവിത്രിക്കുട്ടിയുടെ സ്ഥാനത്തു മറ്റൊരു പെണ്ണിനേയും സങ്കൽപ്പിക്കാൻ പോലും തനിക്കാകുമായിരുന്നില്ല.
ജോലിസ്ഥലത്തുമുണ്ടായി പലവിധ പ്രലോഭനങ്ങൾ . ഒന്നിലും വീഴില്ലെന്നു് കണ്ടപ്പോൾ പല ആരോപണങ്ങളായി പരിഹാസങ്ങളായി. കപടഗൗരവത്തിന്റെയും നിസ്സംഗതയുടെയും മൂടുപടമണിഞ്ഞു എല്ലാവരെയും താൻ അകറ്റി നിർത്തി …….. തന്റെയും മകളുടെയും ലോകത്തിനിടയിൽ മൂന്നാമതൊരാളെ കടന്നുവരാൻ അനുവദിക്കാതെ …
ആറു മാസങ്ങൾക്കു മുൻപ് ശിവശങ്കരിയുടെ വിവാഹം കഴിഞ്ഞു. മാഞ്ചസ്റ്ററിൽ ഡോക്ടറാണ് പയ്യൻ എന്നറിഞ്ഞപ്പോഴേ ശിവ കരഞ്ഞുതുടങ്ങിയതാണ്. ” ഇത്രയേറെ ദൂരെ….അച്ഛനെ കാണാതെ…. നിയ്ക്കു വേണ്ടച്ചാ …… അച്ഛനെപ്പോലെ എന്നെ ഒത്തിരി ഒത്തിരി സ്നേഹിക്കുന്ന , അച്ഛനെപ്പോലെ മരിച്ചാലും ഒരു തങ്ക വിഗ്രഹംപോലെ ….ഓർമ്മകൾ ഉള്ളിൽ കൊണ്ടുനടക്കുന്ന സാധാരണക്കാരനായ ഒരാൾ മതി അച്ഛാ … നിക്ക് പറ്റില്ലച്ഛനെക്കാണാതെ ദൂരേക്കുപോകാൻ ” തന്നെ കെട്ടിപ്പിടിച്ചു പൊട്ടിക്കരയുകയായിരുന്നു അവൾ. ഏറെ പണിപ്പെട്ടാണ് താനവളെകൊണ്ട് വിവാഹത്തിന് സമ്മതിപ്പിച്ചത്.
ഒരാഴ്ച്ച മുൻപ് മാഞ്ചസ്റ്ററിൽനിന്നും അവളുടെ ഫോൺ വന്നിരുന്നു. അവിടെ അവർ ഒരു വില്ല വാങ്ങുവാൻ പോവുകയാണത്രെ . തികയാതെ വരുന്ന പണം അവളുടെ ‘ ഷെയർ ‘ വിറ്റിട്ടാണെങ്കിലും അയച്ചു കൊടുക്കണം എന്നായിരുന്നു ആവശ്യം ….. വില്ലയുടെയും , ഭർത്താവിന്റെ പ്രാക്ടിസിൽനിന്നുള്ള വരുമാനത്തിന്റെയും വര്ണനകൾക്കിടയിൽ ‘ അച്ഛന് സുഖമാണോ ‘ എന്നൊരു വാക്കുപോലും ചോദിക്കാതിരുന്നത് ഒരു പക്ഷെ മനഃപൂർവ്വമല്ലായിരിക്കാം ….
ഏതായാലും രുണ്ടുനാൾ മുൻപേ പാടവും പറമ്പും തീറെഴുതാൻ കരാറായി. അഡ്വാൻസ് കൈപ്പറ്റുമ്പോൾ ഉള്ളം കരയുകയായിരുന്നു…… സാവിത്രിക്കുട്ടിയുടെ ദീർഘനിശ്വാസങ്ങൾ കാതിനരികെ കേള്കുന്നപോലെ….. ” ഒക്കെ കൈവിടാൻ തീരുമാനിച്ചു അല്ലേ ?…സാരല്യ…”
മന്ത്രണംപോലെ കാറ്റിൽ മുഴങ്ങുന്നത് അവളുടെ ശബ്ദം തന്നെയല്ലേ….. ശങ്കരമേനോന് വല്ലാത്തൊരു കിതപ്പ് തോന്നി. കാലൻകുടയുടെ അറ്റം താങ്ങിനായി മണ്ണിൽകുത്തി അയാൾ കുറച്ച നേരം നിന്നപടി നിന്നു .
വീട്ടുമുറ്റത്തെത്തിയത് ശങ്കരമേനോൻ അറിഞ്ഞില്ല. ഉമ്മറത്ത് അക്ഷമനായി ഉലാത്തുന്ന ബ്രോക്കർ ചന്ദരനെക്കണ്ടു മേനോന് ചിരി വന്നു. പാടവും പറമ്പും വിൽക്കാൻ പോവുകയാണെന്ന് പറഞ്ഞപ്പോൾ നിസ്സാര വിലക്ക് തന്നെക്കൊണ്ട് അത് വിൽപിക്കാൻ ശ്രമിച്ചയാളാണ്. വേറെ ആളായി എന്ന് കേട്ട് പിണങ്ങിയിറങ്ങിപ്പോയതാണ്. ഇപ്പൊ എന്താണാവോ ഈ വരവിന്റെ ഉദ്ദേശം ? അവശേഷിക്കുന്ന ഇരുപതു സെന്റും വീടുംകൂടി വില്കുന്നുണ്ടോ എന്ന് ചോദിക്കാനാവും ….
” മോള് വിളിച്ചിരുന്നു…” മുഖവുരയൊന്നും കൂടാതെ ചന്ദ്രൻ പറഞ്ഞു. “: ഈ വീടിൻറെ ഏഴെട്ടു മുറികൾ വെറുതെ കിടക്കുകയല്ലേ … എൻട്രൻസ് കോച്ചിങ്ങിനു വരുന്ന പിള്ളേർക്ക് വാടകക്ക് കൊടുത്താൽ നല്ല തുക കിട്ടും …. സാറിന് ഒരു മുറിയല്ലേ ആവശ്യമുള്ളു ? പിന്നെ സാറിവിടെ ഉള്ളതുകൊണ്ട് ഓവറാൾ സൂപ്പർവിഷന് വേറാരെയും അന്വേഷിക്കണ്ടല്ലോ ….”
നെഞ്ചിൽ വെള്ളിടി വെട്ടിയതുപോലെ തോന്നി മേനോന് ….. ഒരു നിമിഷം ശബ്‌ദിക്കാനാവാതെ നിന്നുപോയി അയാൾ. വീട് നിറയെ നമുക്ക് കുട്ടികൾ വേണമെന്നും അവരൊക്കെ വലുതാവുമ്പോൾ ഓരോരുത്തർക്കും ഓരോ മുറി കൊടുക്കേണ്ടിവരുമെന്നും പറഞ്ഞു സാവിത്രികുട്ടി തന്നെക്കൊണ്ട് ഇത്രയും വലിയ വീട് വയ്‌പിക്കുമ്പോൾ ഇങ്ങനൊരവാസ്ത്ഥ ഒരിക്കലും സങ്കല്പിച്ചിട്ടുണ്ടാവില്ല …… തന്റെയും സാവിത്രിക്കുട്ടിയുടെയും , ശിവയുടെയും മാത്രം ശ്വാസനിശ്വാസങ്ങൾ നിറഞ്ഞുനിൽക്കുന്ന വീട്… അതൊന്നുമാത്രമാണ് തനിച്ചായിട്ടും തന്നെ ജീവിച്ചിരിക്കാൻ പ്രേരിപ്പിക്കുന്നതും… അവിടം ഒരു പക്ഷെ സിഗററ്റിന്റെയും മദ്യത്തിന്റെയും മറ്റു ലഹരി പദാർത്ഥങ്ങളുടെയും ഗന്ധംകൊണ്ട് മലീമസമായേക്കാം…. അത് കാണാൻ ….അത് താങ്ങാൻ തനിക്കാവുമോ ? ഇല്ല ഒരിക്കലുമില്ല .
” രാത്രിയിൽ മോള് വിളിക്കും…. അപ്പൊ എല്ലാം പറഞ്ഞതുപോലെ….. പിള്ളാര് നാളെത്തന്നെ വരും കേട്ടോ ” ബാഗും കുടയുമെടുത്തു പടികളിറങ്ങുന്നതിനിടയിൽ ചന്ദൻ പറഞ്ഞതുകേട്ട് മേനോൻ ഞെട്ടലിൽ നിന്നുണർന്നു,.
ഫോൺ നിർത്താതെ ബെല്ലടിക്കുന്നതു കേട്ടിട്ടും സങ്കര മേനോൻ ഇരിക്കുന്നിടത്തുനിന്നും അനങ്ങിയില്ല. അറിയാനും കേൾക്കാനുമുള്ളതെല്ലാം മൂന്നാമൻ പറഞ്ഞു അറിഞ്ഞിരിക്കുന്നു…..ഒരു കാവൽ നായയുടെ സ്ഥാനത്തേക്കു താൻ ഉയർത്തപ്പെട്ടകാര്യം ഇനി മകളുടെ വായിൽനിന്നും കേൾക്കേണ്ട കാര്യമില്ലല്ലോ…. മാത്രമല്ല അത് നേരിട്ട് കേൾക്കുമ്പോൾ തനിക്കുള്ളിലുണ്ടാകുന്ന മനഃപ്രയാസത്തിൽ നിന്നുപോലും അവളുടെമേൽ ഒരു ശാപത്തിന്റെ നിഴൽ ഉരുത്തിരിയാതിരിക്കട്ടെ….
ദീർഘനിശ്വാസത്തോടെ സങ്കര മേനോൻ ചാരുകസേരയിൽനിന്നും എഴുന്നേറ്റു. സ്റ്റോറേജ് എരിയായിൽ പൊടിതട്ടിക്കിടന്ന എയർബാഗ് തുടച്ചെടുത്തു. അതിൽ അത്യാവശ്യം വേണ്ടുന്ന വസ്ത്രങ്ങളും പെൻഷൻ ബുക്കും എടിഎം കാർഡും എടുത്തു. എന്നെങ്കിലും ഒരിക്കൽ ആവശ്യം വന്നാൽ വിളിക്കാൻ മടിക്കേണ്ടെന്നു പറഞ്ഞു വർഷങ്ങൾക്കുമുന്പ് ഉറ്റ സുഹൃത്ത് നൽകിയ അഭയാശ്രമത്തിൻറെ വിസിറ്റിംഗ് കാർഡ് പഴ്സിലുണ്ടെന്നു ഉറപ്പു വരുത്തി.
പിന്നെ വീട് പൂട്ടി. താക്കോൽ സൈറ്റോസ്റ്റിലുള്ള പേപ്പർഹോൾഡറിൽ നിക്ഷേപിച്ചു സാവകാശം പടിയിറങ്ങി, ഒന്ന് തിരിഞ്ഞുപോലും നോക്കാതെ…..
————————————————————-