നാരായണൻ നായർ, ഇടംവലം നോക്കാതെ, കോളേജിൻ്റെ പടിവാതിലിനെ ലക്ഷ്യമാക്കി, നീണ്ട പാതയിലൂടെ അതിവേഗം നടന്നു.
പുറത്തുള്ള പൊള്ളുന്ന വെയിലിനേക്കാൾ ചൂടുണ്ടായിരുന്നു,നായരുടെ ഉരുകുന്ന ചിന്തകൾക്ക് ….
എന്തു `കുണ്ടാമണ്ടി’ത്തരമാവോ ചെക്കൻ കാണിച്ചു വച്ചിരിയ്ക്കുന്നത് …ആലോചിച്ചിട്ട് ഒരെത്തുംപിടിയും കിട്ടുന്നില്ല…
ഒന്നുമില്ലാതെ,പ്രിൻസിപ്പാളിൻ്റെ ഓഫീസിൽനിന്ന്, ഉടനടി നേരിട്ടുവന്നു കാണണമെന്നു ഫോൺ വിളിച്ചു പറയില്ലല്ലോ …
ആ വിളി വന്നപ്പോൾ തുടങ്ങിയ വേവലാതിയാണ് … ഊണുമില്ല…ഉറക്കവുമില്ല…
ടെൻഷൻ സഹിയ്കവയ്യാതെ, പ്രഷറിൻ്റെ ഗുളിക, ഒന്നല്ല,രണ്ടെണ്ണമാണു വിഴുങ്ങിയിരിയ്ക്കുന്നെ…..
ഇനി, വല്ല ലൗ മാറ്ററുമാണോ ആവോ…ഏയ്….അതിനു ചാൻസു കുറവാ..
ഒന്നു രണ്ടു സീനിയർ ചേച്ചിമാരൊഴികെ ഒന്നിനേയും കാണാനൊരു വർക്കത്തുമില്ലെന്നാ ഒരുതവണ സംസാരത്തിനിടയിൽ അവൻ പറഞ്ഞത്….എന്നാലും പൂർണ്ണമായി താനതങ്ങു വിശ്വസിച്ചിട്ടുമില്ല …പ്രേമത്തിനു കണ്ണില്ലെന്നല്ലേ…നമ്മളും ആ പ്രായമൊക്കെ കഴിഞ്ഞിട്ടാണല്ലോ ഇന്നത്തെ പരുവത്തിലെത്തിയത്!
ഗിരിജയോട് ഇന്നത്തെ യാത്രയെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. എന്താ..ഏതാ എന്നൊന്നും അറിയണ്ടവൾക്ക്…കേട്ടാലുടനെ ചങ്കത്തടിച്ച് നിലവിളിതുടങ്ങും.
പാവമാ…പഞ്ചപാവം..
താനെന്തു പറഞ്ഞാലും കണ്ണടച്ചു വിശ്വസിച്ചോളും…
അല്ല, തൻ്റെ മുൻകോപത്തിന് ഇതുപോലൊരു പൊട്ടിക്കാളി അല്ലായിരുന്നെങ്കിൽ താൻ പെട്ടുപോയേനേ….
കോഴി ചത്താലും പൂച്ച ചത്താലും ഓർത്തോർത്തു കണ്ണീരൊഴുക്കുന്ന ഒരുത്തിയോട്.
പുന്നാരകൊച്ചുമോൻ്റെ കോളേജിൽ നിന്നും വിളിപ്പിച്ചെന്നറിഞ്ഞാൽ , കാടുകയറിചിന്തിച്ച് അലമുറയിടാൻ തുടങ്ങും.
രണ്ടുദിവസത്തെ യാത്രയ്ക്കുള്ള ഡ്രസ്സ് ബാഗിലാക്കിത്തരാൻ പറഞ്ഞതുതന്നെ, കിടപ്പിലായിപ്പോയ ബാല്യകാലസുഹൃത്ത് രാമൻപിള്ളയെ കാണാൻ കോട്ടയ്ക്കൽവരെ പോകണമെന്നു പറഞ്ഞാണ്. രാത്രി, കൂട്ടിനു കിടക്കാൻ, മുറ്റമടിയ്ക്കാൻ വരുന്ന ശാരദയെ വിളിയ്ക്കണമെന്നും ശട്ടം കെട്ടിയിട്ടുണ്ട്. വല്ലപ്പോഴുമൊക്കെ ഇതുപോലൊരു യാത്ര പോകാറുള്ളതുകൊണ്ട് അവൾക്കു സംശയമൊന്നും തോന്നിക്കാണാനിടയില്ല …
ഓരോന്നാലോചിച്ചാലോചിച്ച് നടന്നതുകാരണം കോളേജിൻ്റെ പടികൾകയറി മുകളിലെത്തിയതറിഞ്ഞില്ല.
ഒരു മനുഷ്യനേയും പുറത്തെങ്ങും കാണുന്നില്ല…പ്രിൻസിപ്പാളിൻ്റെ റൂമെവിടെയാണെന്ന് ആരോടാ ഒന്നു ചോദിയ്ക്കുക?…മുകളിലത്തെ നിലകളിലെവിടെയോഒക്കെ ക്ലാസ്സുകൾ നടക്കുന്നുണ്ടെന്നു തോന്നുന്നു..
എന്തു ചെയ്യണമെന്നു് നിശ്ചയമില്ലാതെ, നാരായണൻ നായർ അവിടെയുമിവിടെയും നോക്കി. പെട്ടെന്നാണ് ഒരു വാട്ടർകൂളർ നായരുടെ ശ്രദ്ധയിൽപെട്ടത്….തൊണ്ട വരണ്ട് പൊട്ടാറായിരിയ്ക്കുന്നു. ആരെയെങ്കിലും കണ്ടാൽ, എന്തെങ്കിലുമൊന്നു ചോദിക്കണമെങ്കിൽ ശബ്ദം പുറത്തേയ്ക്കു വരണ്ടേ….ഒരു സമുദ്രം കുടിച്ചുവറ്റിയ്ക്കാനുള്ള പരവേശത്തോടെ കൂളറിനടുത്തേയ്ക്കു നടന്നു.
പിന്നിൽ ഒരു മുരടനക്കംകേട്ട് നായർ ഞെട്ടിത്തിരിഞ്ഞുനോക്കി …നിറഞ്ഞു തുളുമ്പിനിന്ന ഗ്ലാസ്സിലെ തണുത്തവെള്ളം കുറേ ഷർട്ടിലേയ്ക്കും വീണു….
“അമ്മാവൻ എവിടെനിന്നാ?….ആരെകാണാനാ വന്നത് ?”പ്യൂണെന്നു തോന്നിയ്ക്കുന്ന ഒരാൾ തൊട്ടരികിൽവന്നു ചോദിച്ചു.
“പ്രിൻസിപ്പാൾ സാർ വരാൻ പറഞ്ഞിരുന്നു….കുറച്ചേറെ ദൂരെ നിന്നുവരികയാ” ഗ്ലാസ്സ് തിരിച്ചുവയ്ക്കുന്നതിനിടയിൽ നായർ ഒറ്റശ്വാസത്തിൽ മറുപടി പറഞ്ഞു. ”ഇന്നെന്താ…കോളേജിന് അവധിയാണോ…ആരെയും വെളിയിലെങ്ങും കാണുന്നില്ലല്ലോ….” നായർചോദിച്ചു.
“ഓ…അതോ…പി.ജിയ്ക്കു മാത്രമേ ക്ലാസ്സുള്ളു…മറ്റുള്ളോർക്ക് സ്റ്റഡിലീവാ…”
“അപ്പോ ഇന്ന് പ്രിൻസിപ്പാളിനെ കാണാൻ പറ്റത്തില്ല്യോ”….?
“അമ്മാവൻ വെയിറ്റിംങ്റൂമിലിരിയ്ക്…സാറു ക്ലാസ്സെടുക്കുകയാ…വന്നാലുടൻ വിളിയ്ക്കും”. അടഞ്ഞുകിടന്നിരുന്ന ഒരു റൂം തള്ളിത്തുറന്ന് , ഫാനുംഇട്ടുകൊടുത്ത് അയാൾ പോയി.
വിശപ്പു കുറേശ്ശേ ആക്രമണം തുടങ്ങിയിരിയ്ക്കുന്നു. റയിൽവേക്യാൻ്റീനിൽനിന്നും ധൃതിവച്ചു വിഴുങ്ങിയ രണ്ടു ഉഴുന്നുവടയുഓ ഒരു ‘വാട്ട’ചായയും എപ്പോഴേ ദഹിച്ചുകഴിഞ്ഞിരിയ്ക്കുന്നു…..!ലക്ഷണംകണ്ടിട്ട് താൻ ഭയപ്പെട്ടിരുന്നതുപോലെ ഇവിടെ വലിയ പ്രശ്‌നമൊന്നും ഉണ്ടെന്നുതോന്നന്നില്ല. ഫാനിൻ്റെ തണുത്തകാറ്റേറ്റപ്പോൾ ,രണ്ടുദിവസമായി അകന്നുമാറിനിന്നിരുന്ന ഉറക്കം നായരുടെ കണ്ണുകളിലേയ്ക്ക് ഓടിക്കയറി.
“അമ്മാവാ….അമ്മാവനെ വിളിച്ചുകൊണ്ടുചെല്ലാൻ സാറു പറഞ്ഞു.”തോളത്തു തട്ടി പ്യൂൺ വിളിച്ചപ്പോൾ നായർ ഞെട്ടിയുണർന്നു.
സ്ഥലകാലബോധം വീണ്ടുകിട്ടിയപ്പോൾ നായർ പതുക്കെ എഴുന്നേറ്റു. പുറത്തുകണ്ട ടാപ്പിൽനിന്നും മുഖം നനച്ചപ്പോൾ ഒരുണർവ്വൊക്കെ വന്നതായി നായർക്കു തോന്നി.
“സമദ് സലാം…പ്രിൻസിപ്പാൾ”
എന്ന് ആലേഖനംചെയ്തിട്ടുള്ള മുറിയുടെ ഹാഫ്ഡോർ തുറന്ന് ,നായരെ ഉള്ളിലേയ്ക്ക് കടത്തിവിട്ട്,പ്യൂൺ സ്ഥലംവിട്ടു.
“പ്ലീസ് കം മിസ്റ്റർ….”…
“നാരായണൻനായർ”….നായർ പൂരിപ്പിച്ചു.
“പ്ളീസ് സിറ്റ് ഡൌൺ ….
യൂ ആർ ദി ഗാർഡിയൻ ഓഫ് നിരൻജൻ , കമ്പ്യൂട്ടർസയൻസ്, എസ് 4 റൈറ്റ്?”
“അതെ”. നായർ തലകുലുക്കി.
“പ്ലീസ് വെയിറ്റ്”….മേശപ്പുറത്തിരുന്ന കോളിങ്ബെൽ അമർത്തികൊണ്ട് പ്രിൻസിപ്പാൾ പറഞ്ഞു…പ്യൂൺ എവിടെനിന്നോ ഓടിവന്നു…..
“അവന്മാരെ വിളിക്ക്…ആ അബ്ദുൾ ഖാദറിനേയും അവൻ്റെ ശിങ്കിടികളേയും ……ഹോസ്റ്റലിലേയ്ക്ക് ഫോൺചെയ്തു വാർഡനോടു പറഞ്ഞാൽ മതി….അഞ്ചുമിനിട്ടിനകം അവർ ഇവിടെ എത്തണമെന്നു പറഞ്ഞേക്ക്…”
കട്ടിക്കണ്ണടയ്ക്കിടയിലൂടെ പ്യൂണിനെ നോക്കി പ്രിൻസിപ്പാൾ ഉത്തരവിട്ടു.
“എന്താണു സർ പ്രശ്‌നം? ചെക്കൻ അടിപിടി വല്ലോം ഉണ്ടാക്കിയോ” പെരുമ്പറകൊട്ടുന്ന ഹൃദയതാളത്തെ നിയന്ത്രിയ്ക്കാൻ വൃഥാ ശ്രമിച്ചുകൊണ്ട് നായർ ചോദിച്ചു.
“അത് അവന്മാർകൂടി വരട്ടെ ….” കനംവച്ച മുഖത്തോടെ പ്രിൻസിപ്പാൾ പറഞ്ഞു.
വലിയ ദൈവവിശ്വാസിയൊന്നു മായിരുന്നില്ല നായർ…പക്ഷേ ഈ ഒരവസ്ഥയിൽ മറ്റാരോട് ഒരാശ്രയം തേടാനാണ്….? സമസ്താപരാധം പൊറുത്ത് തന്നെ ഈ പ്രതിസന്ധികളിൽ നിന്ന് കാത്തോളണേ എന്ന് മനമുരുകി , നായർ ദൈവത്തോട് മൗനമായി അപേക്ഷിച്ചു.
പ്രിൻസിപ്പാളിനു മുന്നിൽ കൂനിക്കൂടിയിരിയ്ക്കൂന്നയാളിനെക്കണ്ട് നിരൻജൻ ഞെട്ടി. മുത്തശ്ശൻ!
പരിസരം മറന്ന് അവൻ ഓടിവന്നു മുത്തശ്ശനെ കെട്ടിപ്പിടിച്ചു.
“മാറി നില്ലെടാ അങ്ങോട്ട്…അവൻ്റെയൊരു അഭിനയം !”പ്രിൻസിപ്പാൾ ചൂടായി.
സങ്കടത്തോടെ അവൻ നായരെ നോക്കി..
ചുണ്ടുകളുടെ കോണിൽ ഒരു കള്ളപ്പുഞ്ചിരിയുമായി, അവനെനോക്കി കണ്ണടച്ചുകാണിച്ചു, നായർ.
“എത്ര സപ്ലി ഉണ്ടെടാ നിനക്ക്?”
പ്രിൻസിപ്പാൾ നിരൻജനോടുചോദിച്ചു.
“ഒന്നുമില്ല സർ….”
“ഇക്കൂട്ടത്തിൽ ആർക്കൊക്കെയുണ്ടെടാ സപ്ലി”?
ബാക്കിയുള്ളവരെല്ലാം തലതാഴ്ത്തി….
“സാർ . എന്നെ വിളിപ്പിച്ചത് എന്തിനാണെന്നു പറഞ്ഞില്ല…”നായർ ആകാംക്ഷയോടെ ആരാഞ്ഞു….
“അതിലേയ്ക്കാണു മിസ്റ്റർ നായർ വരുന്നത്….ഈ വിരുതനുണ്ടല്ലോ, നിങ്ങളുടെ കൊച്ചുമകൻ, അവനും കൂടെയുള്ള തെമ്മാടികളുംചേർന്ന് , ഹോസ്റ്റൽമതിൽചാടി സെക്കൻഡ് ഷോയ്ക്കുപോയി….തിരിയെവന്നിട്ട്, കിച്ചൻവാതിൽ പൂട്ടുതുറന്ന് അകത്തുകയറി, ആരുമറിയാതെ ഓം ലെറ്റുണ്ടാക്കികഴിച്ചു… നിങ്ങൾക്കറിയാമോ പിറ്റേന്നത്തെ ബ്രേക്ക്ഫാസ്‌റ്റിനു മുട്ടക്കറിയുണ്ടാക്കാൻ വച്ചിരുന്നതിൽ എട്ടു മുട്ടയാണ് ഇവമ്മാരെടുത്തു പൊരിച്ചു തിന്നത്…..ഇത്തരം മോഷണങ്ങളൊന്നും ഇവിടെ വച്ചുപൊറുപ്പിയ്ക്കാൻ പറ്റില്ല …
ഇന്നുമുട്ട….നാളെ അതിലുംവലുതെന്തെങ്കിലും….അച്ചടക്കത്തിൻ്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും ഞാൻ തയാറല്ല….അത് ബാക്കിയുള്ളവരുടെ മൊറേലിനേയും ബാധിയ്ക്കും….എനിയ്ക്ക് അതുകൊണ്ട് ഇവർക്കെതിരേ ഡിസിപ്ലിനറി ആക്‌ഷൻ എടുത്തേ പറ്റൂ…”പ്രിൻസിപ്പാൾ ഒറ്റശ്വാസത്തിൽ പറഞ്ഞുനിർത്തി.
“അയ്യേ….നാണമില്ലേ ഈ ചീളു കേസിനൊക്കെ ആക്ഷനെടുക്കാൻ”എന്നൊരു ചോദ്യം നായരുടെ തൊണ്ടക്കുഴിയിൽ വന്നു തിക്കുമുട്ടി. പക്ഷേ മറുത്ത് ഒന്നും പറയാതെ നായർ ഊറിച്ചിരിച്ചതേയുള്ളു.
“വിദേശത്തുള്ള മറ്റു മൂന്നു പേരുടേയും പേരൻ്റ്സ് , അവരുടെ കുട്ടികൾക്ക് ഉചിതമായ ശിക്ഷ കൊടുക്കണമെന്ന അഭിപ്രായക്കാരാണ്….നിങ്ങളെന്തു പറയുന്നു മിസ്റ്റർ നായർ?”
നാരായണൻ നായർ , ചൂണ്ടുവിരലുയർത്തി ആദ്യം സ്വന്തം തല ചൊറിഞ്ഞു , പിന്നെ ,തലകുനിച്ചുനിൽക്കുന്ന നാലു’കുറ്റവാളി’കളെ സ്നേഹത്തോടെയും സഹതാപത്തോടെയും നോക്കി.
“സർ…ഇവരോട് പുറത്തിറങ്ങി നിൽക്കാൻ പറയൂ … എനിയ്ക്ക് താങ്കളോട് തനിച്ചാണു സംസാരിയ്ക്കാനുള്ളത്….”
പുറത്തിറങ്ങിനിൽക്കാൻ പ്രിൻസിപ്പാൾ കുട്ടികളോട് കണ്ണുകൾകൊണ്ട് ആജ്ഞാപിച്ചു.
മുരടനക്കി,സ്വരശുദ്ധിവരുത്തി,നായർ,സ്വതസിദ്ധമായ പുഞ്ചിരിയോടെ പ്രിൻസിപ്പാളിനോടു ചോദിച്ചു….
“എൻ്റെ ഊഹം ശരിയാണെങ്കിൽ സാറിന് ഒരു നാല്പത്തഞ്ചു വയസ്സായിക്കാണും അല്ല്യോ?
എനിയ്ക്ക് അറുപത്തഞ്ചു കഴിഞ്ഞു. അതായത് എൻ്റത്രേം ലോകപരിചയമൊന്നും സാറിനില്ലെന്നർത്ഥം. ജോലി സംബന്ധമായി ഇന്ത്യ മുഴുവൻ കറങ്ങിയിട്ടുള്ള ആളാണു ഞാൻ. ഇടയ്ക്കിടെയുള്ള വിദേശ പര്യടനങ്ങളും, ഫൈവ്സ്റ്റാർ ഹോട്ടൽ ജീവിതവുമൊക്കെയല്ലാതെ, പച്ചയായ മനുഷ്യരെ സാറു കണ്ടിട്ടുമുണ്ടാവില്ല,അവരെക്കുറിച്ചൊന്നും അറിയുന്നുമുണ്ടാവില്ല..
സാറേ…ഒരു മനുഷ്യൻ്റെ ഏറ്റവും വലിയ ദുഃഖം എന്താണെന്നു സാറിനറിയാമോ?” നായർ ,ചോദ്യഭാവത്തിൽ പ്രിൻസിപ്പാളിനെ നോക്കി. ഒന്നുംമിണ്ടാതെ , നായരെ തുറിച്ചുനോക്കിയിരിക്കയാണയാൾ…”ഇല്ല…അല്ലേ….? വിശപ്പാണു സർ…വിശപ്പ് !
പുറത്തിറക്കി നിർത്തിയിരിയ്ക്കുന്ന കുട്ടികളുടെ പ്രായം എന്തുണ്ടാവും സർ?…18….20….? ഈ പ്രായത്തിൽ,ഹോസ്റ്റലിൽ നിന്നും കിട്ടുന്ന, ഊതിയാൽപറക്കുന്ന മൂന്നു പത്തിരിയിലും , നാലു പപ്പടവലിപ്പമുള്ള ചപ്പാത്തിയിലും ഇവരുടെ വിശപ്പടങ്ങുമെന്നു സാറു കരുതുന്നുണ്ടോ? വിശപ്പു വയറിനെ കാർന്നു തിന്നുമ്പോൾ ,അവിടെ അന്തസ്സുമില്ല,അഭിമാനവുമില്ല….ഡിസിപ്ലിനുമില്ല…ജാതിയില്ല…മതമില്ല…പണക്കാരനെന്നോ…പാവപ്പെട്ടവനെന്നോ ഇല്ല…
സാറു ശ്രദ്ധിച്ചിട്ടില്ലേ…ദുരന്തങ്ങൾ നടക്കുമ്പോൾ,ആളുകൾ വലിപ്പ ചെറുപ്പങ്ങൾ മറന്ന്,ഒരുനേരത്തെ ആഹാരത്തിനായി, ഉന്തും തള്ളും നടത്തി, മൃഗങ്ങളെപ്പോലെ കടിപിടികൂടി….
വികാരവിക്ഷോഭം കൊണ്ട് നായർ ഇരുന്നു കിതച്ചു. എന്തോ അത്ഭുതം കാണുകയും കേൾക്കുകയുംചെയ്യുന്നപോലെ
കണ്ണുമിഴിച്ചിരിയ്ക്കുകയായിരുന്ന പ്രിൻസിപ്പാൾ,മുന്നിലിരുന്ന ഒരുഗ്ലാസ്സ് വെള്ളം നായർക്കുനേരേ നീട്ടി.
തൊണ്ട നനച്ച്,നന്ദിപറഞ്ഞതിനുശേഷം നായർ തുടർന്നു…
“സർ,ഞാനൊരു കർഷകകുടുംബത്തിൽ ജനിച്ച്, കഷ്ടപ്പാടുകളിലൂടെ വളർന്നുവന്ന ഒരാളാണ്. ചെറുപ്പത്തിൽ,ഒരുനേരം പോലും വയറുനിറച്ചുണ്ടിട്ടില്ല… അമ്മ കാണാതെ,പലപ്പോഴും പഴങ്കഞ്ഞിക്കലത്തിൽ കൈയ്യിട്ട്,ചോറുവാരിത്തിന്നിട്ടുണ്ട്…ഇനി,അമ്മ കണ്ടാലും ,കാണാത്തമട്ടിലങ്ങുപോകും…എന്താന്നറിയുമോ…എനിയ്ക്കു നാണക്കേടുതോന്നണ്ടെന്നുകരുതി….സാറിവിടെന്താ ചെയ്തത്?…മുട്ടമോഷ്ടിച്ചുവെന്നു പറഞ്ഞ് ഇത്രയും ഒച്ചപ്പാടുണ്ടാക്കുന്നതിനു പകരം, അവന്മാരെ വിളിച്ച് സമാധാനപരമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയ്ക്കുകയായിരുന്നു വേണ്ടിയിരുന്നത്…
വെറും എട്ടുമുട്ടയുടെപ്രശ്‌നത്തിന്, സാറ്, ഇരുന്നൂറുമൈൽ ദൂരെകിടക്കുന്ന ഈ കിഴവനെ, ഇവിടേയ്കു വിളിച്ചുവരുത്തി….സാറിനീകാര്യം ഫോണിലൂടെ പറയാമായിരുന്നു…അല്ലെങ്കിൽ കുട്ടികളുടെ ഫീസു വാങ്ങുമ്പോൾ, മുട്ടയുടെ വിലകൂടി കൂട്ടി വാങ്ങാമായിരുന്നു.
ഇരുചെവിയറിയാതെ, കൈകാര്യം ചെയ്യേണ്ടിയിരുന്ന കാര്യം ഇപ്പോൾ വിളംബരം ചെയ്തതുപോലെ ആയില്ലേ സർ?”
ശരിയാണ്…പ്രിൻസിപ്പാൾ തലകുലുക്കി.
“കുറച്ചു കാര്യങ്ങൾ കൂടി എനിയ്ക്കു പറയാനുണ്ടു സർ…വിത്ത് യുവർ പെർമിഷൻ…”
നായർ തുടർന്നു….
“എൻ്റെ ഒരു ആത്മാർത്ഥ സുഹൃത്തുണ്ടായിരുന്നു. . . .അഞ്ചുനേരം നിസ്‌ക്കരിയ്ക്കുന്ന, കറ കളഞ്ഞ ഒരു മുസൽമാൻ! ഞങ്ങൾ ഒരുമിച്ചാണ് ജോലിയ്ക്കു ജോയിൻ ചെയ്തത് …ഒരേ റൂമിലുറങ്ങിയിട്ടുണ്ട്…ഒരേ പാത്രത്തിൽ നിന്ന് കൈയ്യിട്ടുവാരി തിന്നിട്ടുമുണ്ട്. . .
സത്യത്തിൽ അദ്ദേഹത്തിന് ഒരുജോലിയുടെ ആവശ്യമേ ഉണ്ടായിരുന്നില്ല…പാരമ്പര്യമായി നല്ല ഭൂസ്വത്തുള്ളവർ….നാട്ടിലെ അറിയപ്പെടുന്നപ്രമാണിമാർ …വലിയ ബിസ്സിനസ്സുകാർ…
ആൾ കിട്ടുന്ന ശമ്പളംമുഴുവൻ സക്കാത്തു കൊടുക്കും….പ്രത്യേകിച്ചും വിശന്നിരിയ്ക്കുന്നവർക്കു ഭക്ഷണം വാങ്ങിക്കൊടുക്കലായിരുന്നു ആൾക്ക്ഏറ്റവും ഇഷ്ടമുള്ള പരിപാടി … എന്നോടുപറയും’വയറു നിറയുമ്പോൾ അവരുടെ മുഖത്തുകാണുന്ന സന്തോഷമുണ്ടല്ലോടേ …അതു കാണുമ്പോൾ നമുക്കുണ്ടാകുന്ന സംതൃപ്തിയേക്കാൾ വലുതായി ഈ ലോകത്ത് മറ്റൊന്നുമില്ല’എന്ന്.
‘മതി’എന്നൊരാളെക്കൊണ്ടു പറയിപ്പിയ്ക്കാൻ ഭക്ഷണത്തിനു മാത്രമേ കഴിയുള്ളു സർ…
…”“ഒന്നു ചോദിച്ചോട്ടേ… മിസ്റ്റർ നായർ ഈ പറഞ്ഞ കൂട്ടുകാരൻ്റെ പേര് ‘അബ്ദുൾ ഖാദറെ’ന്നാണോ?”
“അതെ , സാറിനെങ്ങനറിയാം? അദ്ദേഹം ഏകദേശം ആറു മാസങ്ങൾക്കു മുൻപേ ഹാർട്ട് അറ്റാക്കുവന്നു മരിച്ചു പോയി. ഖബറടക്കത്തിനു ഞാനും പെരുമ്പാവൂർ പോയിട്ടുണ്ടായിരുന്നു… പാവം ! വളരെ നല്ല മനുഷ്യനായിരുന്നു..
“ദൈവത്തിനു പ്രിയപ്പെട്ടവരെ ആദ്യമാദ്യം വിളിയ്ക്കുന്നു”….നെടുവീർപ്പോടെ നായർ പറഞ്ഞു.
പ്രിൻസിപ്പാൾ കസേരയിൽ നിന്നെഴുന്നേറ്റു നിന്നു.
“അത് ….അത് …എൻ്റെ കൊച്ചാപ്പ ആയിരുന്നു…..എൻ്റെ ബാപ്പയേക്കാൾ എനിയ്ക്ക് ഏറ്റവും പ്രീയപ്പെട്ടയാൾ….
നാരായണനങ്കിളിനെപ്പറ്റി കൊച്ചാപ്പ എപ്പോഴും പറയാറുണ്ട്….
‘നന്മനിറഞ്ഞവൻ നാരായണൻ’ എന്നാണദ്ദേഹം അങ്കിളിനെ വിശേഷിപ്പിയ്ക്കാറ്….അത് ..താങ്കളാണെന്ന് സത്യമായും എനിയ്ക്ക് അറിയില്ലായിരുന്നു….അറിഞ്ഞിരുന്നെങ്കിൽ ഞാനൊരിയ്ക്കലും ഇങ്ങോട്ടേയ്കു വിളിച്ചുവരുത്തില്ലായിരുന്നു”
“അതിലൊന്നും വലിയ അർത്ഥമില്ല സാർ …ഓരോന്നും ഓരോ കർമ്മഫലങ്ങളാണ്. നമ്മൾ കണ്ടുമുട്ടണമെന്നത് ഉടയതമ്പുരാൻ്റെ തീരുമാനമാകാം… അങ്ങനെ വിശ്വസിയ്ക്കാനാണ് എനിക്കിഷ്ടം…. അല്ലെങ്കിൽ വെറും എട്ടു മുട്ടക്കേസിൽ എന്നെ ഇവിടെ വരെ വിളിച്ചു വരുത്തേണ്ട ഒരാവശ്യവുമില്ലല്ലോ …”
നാരായണൻനായർ ചിരിച്ചുകൊണ്ട് കസേരയിൽ നിന്നെഴുന്നേറ്റു….
“ഇപ്പോഇറങ്ങിയാൽ, എനിക്ക് ഉച്ചയ്ക്കുള്ള ട്രെയിൻ കിട്ടും. രാത്രി,ഏറെ ഇരുട്ടന്നതിനുമുൻപേ വീട്ടിലെത്താം….അവിടെ നിരൻജൻ്റെ മുത്തശ്ശി തനിച്ചേ ഉള്ളേയ്….”
“ഞാൻ അങ്കിളിന് കോളേജ് ക്യാൻ്റീനിൽ നിന്ന് ഊണു വരുത്തി തരട്ടേ?…അതല്ലെങ്കിൽ നമുക്ക് പുറത്തുപോയി ഫുഡു കഴിയ്ക്കാം” പ്രിൻസിപ്പാൾ നല്ലൊരു ആതിഥേയനായി…
“ഒന്നും വേണ്ട…പുറത്തു നിന്നുരുകുന്ന കുട്ടികളുടെ കാര്യത്തിൽ നല്ലൊരു തീരുമാനമെടുത്താൽ എനിയ്ക്കു വളരെ സന്തോഷമാവും…”
“എന്നാൽ,എൻ്റെ സ്ഥാനത്ത് അങ്കിളാണെങ്കിൽ എന്തു ചെയ്യുമെന്നു പറയൂ…”
“കുട്ടികൾ അനുവാദമില്ലാതെ, മതിലുചാടി സിനിമയ്ക്കുപോയതും ,വിശന്നപ്പോൾ പൂട്ടുതുറന്ന് അകത്തുകയറി ആരോരുമറിയാതെ ഓംലെറ്റ് ഉണ്ടാക്കിക്കഴിച്ചതും ശരിയാണെന്ന് ഞാനൊരിക്കലും പറയില്ല. പക്ഷേ അവരാകാണിച്ചത് പ്രായത്തിൻ്റെ പക്വതയില്ലായ്മയോ കുസൃതിത്തരമോ ഒക്കെയായി കാണാനാണെനിക്കിഷ്ടം…സത്യത്തിൽ അവർക്ക് ഒരു വാണിംങ്തന്നെ ധാരാളം. കാരണം, അവർ ചോദ്യപേപ്പർ മോഷ്ടിച്ചിട്ടില്ല, പരീക്ഷയ്ക്കു കോപ്പിയടിച്ചിട്ടില്ല, കള്ളും കഞ്ചാവും വലിച്ചുകേറ്റി, കോളേജിൽ അലമ്പുണ്ടാക്കിയിട്ടില്ല, പെൺകുട്ടികളേയോ അദ്ധ്യാപകരേയോ അപമാനിച്ചിട്ടില്ല …ഇങ്ങനെയൊക്കെയുള്ളതല്ലേ സർ ക്ഷമിയ്ക്കാനാവാത്ത, ശിക്ഷയർഹിക്കുന്ന കുറ്റങ്ങൾ? ഇപ്പോൾ അവർ കാണിച്ച വിവരക്കേടിന് ശിക്ഷവിധിച്ചാൽ സാറിൻ്റെ സൽപ്പേരുകൂടി കളങ്കിതമാകുമെന്നാണ് എനിയ്ക്കു തോന്നുന്നത്…..
പിന്നെ, സാറിന് ഒരു കാര്യംകൂടി ചെയ്യാൻ സാധിയ്ക്കും…മെസ്സ് ഫീ ഒരല്പംകൂട്ടിയാലും കുട്ടികൾക്ക് അന്തസ്സായ ഭക്ഷണം കൊടുക്കുക എന്നത്…
എന്നാൽ ഞാനിനി നിന്നു സമയം കളയുന്നില്ല …കാണാം..”നാരായണൻ നായർ ഷേക്ക്ഹാൻഡിനായി കൈനീട്ടി.
“അങ്കിൾ സമാധാനമായി പൊയ്ക്കോളൂ. ഐ വിൽ കീപ്പ് എ സ്പെഷ്യൽ കെയർ ഓൺ നിരൻജൻ”
ഡോർതുറന്ന് പുറത്തിറങ്ങുമ്പോൾ നിരൻജൻ ഓടിവന്നു നായരെ കെട്ടിപ്പിടിച്ചു.
“സോറി മുത്തശ്ശാ…സോറി! മുത്തശ്ശനെ വിളിച്ചുവരുത്തുമെന്ന് ഞാൻ വിചാരിച്ചതേയില്ല…
ബോറടിച്ചപ്പോൾ ഞങ്ങളൊരു സിനിമയ്ക്കു പോയതാണ്…തിരിച്ചുവരുമ്പോൾ വിശന്നിട്ടു കണ്ണുകാണാൻ വയ്യാരുന്നു…തട്ടുകടേന്നു വല്ലതും കഴിയ്ക്കാമെന്നുവച്ചാൽ ആരുടെ കയ്യിലും നാലുപേർക്കുകഴിയ്ക്കാനുള്ള കാശുമില്ല…മജീദിൻ്റെ തലയിലുദിച്ച ബുദ്ധിയാ ഇത്…എന്നിട്ട് അവൻതന്നെ ഒറ്റുകയുംചെയ്തു.”
“സാരമില്ലെടാ…..ഇനി, ഇതുപോലത്തെ കുരിശുകളൊന്നും ഏറ്റു പിടിച്ചേക്കല്ലു കേട്ടോ …ഇന്നാ ഇതുവച്ചോ…..സൂക്ഷിച്ച്, ആവശ്യത്തിനുമാത്രം ചിലവാക്ക്…ചിയർഅപ്പ് മൈ ബോയ്.”
ബാഗു തുറന്ന് ,ആയിരം രൂപയെടുത്ത് അവൻ്റെ ഉള്ളംകൈയ്യിൽ വച്ചുകൊടുത്ത് ,തോളത്തുതട്ടി, നായർ പറഞ്ഞു.
നിറഞ്ഞു വരുന്ന കണ്ണുനീർ തുടച്ചുകൊണ്ട് നിരൻജൻ ചിരിയ്കാൻ ശ്രമിച്ചു.
“മുത്തശ്ശി….?”
“ഞാൻ ആ പാവത്തിനോട് ഇങ്ങോട്ടാ വരുന്നതെന്നു് പറഞ്ഞതേയില്ല…കാര്യമെന്തെന്നറിയാതെ, ടെൻഷനടിച്ച്, വല്ല അറ്റാക്കും വന്നാലോന്ന് പേടിച്ച്…”
“മുത്തശ്ശാ..”
“മനസ്സിലായി…..നിൻ്റെ അപ്പയോടും അമ്മയോടും ഒന്നും പറയരുതെന്നല്ലേ….അക്കാര്യം ഞാനേറ്റു….എക്സാം കഴിഞ്ഞാലുടൻ ഇവിടെക്കിടന്നു കറങ്ങാതെ , നേരേ വീട്ടിലേയ്ക്കു വന്നേക്കണം….അവളെന്തെങ്കിലുമൊക്കെ നിൻ്റെ ഇഷ്ടത്തിനുണ്ടാക്കി ത്തരും…..ഈ സ്‌കെലിറ്റൺ സ്റ്റൈലൊക്കെ മാറ്റി നമുക്ക് സ്റ്റീൽബോഡിയാക്കിയെടുക്കണ്ടേ..”
“ഐ ലവ് യൂ സോ മച്ച് മുത്തശ്ശാ…യൂ അണ്ടർസ്റ്റാൻഡ് മീ ബെറ്റർദാൻ എനിബഡി എൽസ്”
നിരൻജൻ, പരിസരം മറന്ന് ,നായരെ കെട്ടിപ്പിടിച്ചു , ഉമ്മകൾ കൊണ്ടു മൂടി .
നായരുടെ കണ്ണുകളിലും കണ്ണുനീർ ഊറിക്കൂടി…”വിടെടാ….പോയിട്ട് ഒരു നൂറുകൂട്ടം കാര്യങ്ങളുണ്ടവിടെ….” കപടദേഷ്യത്തോടെ അയാൾ പറഞ്ഞു.
“മുത്തശ്ശൻ..തനിയെ…എനിയ്ക്ക് ഇവിടുന്ന് വരാനും പറ്റില്ലല്ലോ ..”നിരൻജൻ വിഷാദത്തോടെ പറഞ്ഞു.
“വരാൻ അറിയാമെങ്കിൽ പോകാനുമറിയാമെടാ…അതൊക്കെ ഞാൻ നോക്കിക്കോളാം …നീ വിഷമിയ്ക്കണ്ട…”
അതിരാവിലെ , ലാൻഡ്ഫോൺ തെരുതെരെ ബെല്ലടിയ്ക്കുന്നതു കേട്ടാണ്, മുറ്റത്തെ കളകൾ പിഴുതെടുത്തുകൊണ്ടിരുന്ന നായർ ഓടി അകത്തുചെന്നത്.
ഇവളിതെവിടെപ്പോയിക്കിടക്കുന്നു…..ഒരുഫോൺവന്നാൽ അറ്റൻ്റുചെയ്തുകൂടേ….അയാൾ മനസ്സിൽ പറഞ്ഞു…നോക്കിയപ്പോൾ അവൾ ബാത്ത്റൂമിലാണ്….
“മുത്തശ്ശാ.. മുത്തശ്ശനിന്നലെ എന്തു മാജിക്കാ ഇവിടുത്തെ പ്രിൻസിപ്പാൾ കടുവേടടുത്തു കാണിച്ചത് ?…ഓ…സൂപ്പർ…വിശ്വസിയ്ക്കാൻ പറ്റുന്നില്ല …
കുറഞ്ഞതൊരു സസ്പെൻഷനും ഹോസ്റ്റലിൽനിന്നും പുറത്താക്കലും പേടിച്ചിരുന്ന ഞങ്ങളെ, അങ്ങേര്, ഒരു മണിക്കൂർ മോട്ടിവേഷൻ ക്ലാസ്സെടുത്ത്ബോറടിപ്പിച്ചെങ്കിലും, ഒരു സോറി പറയിച്ച്, പണിഷ്മെൻ്റ് ഒഴിവാക്കിത്തന്നു മുത്തശ്ശാ…
യൂ ആർ റിയലി ഗ്രേറ്റ് മുത്തശ്ശാ….എൻ്റെ കൂട്ടുപ്രതികളും മുത്തശ്ശനോട് താങ്ക്സ് പറയാൻ പറഞ്ഞിട്ടുണ്ട്….”ഒറ്റശ്വാസത്തിൽ നിരൻജൻ പറഞ്ഞു തീർത്തു….
നാരായണൻ നായർ ഊറി ഊറി ചിരിച്ചു….
“കുഞ്ഞാ..അതൊരു സീക്രട്ടാണ്….നരച്ചവർക്കുമാത്രം അറിയാവുന്ന ഒരു പരമരഹസ്യം!
നീ ഫോൺ വച്ചോ….മുത്തശ്ശനിത്തിരി പണികൂടി തീർക്കാനുണ്ട്……”
ഫോൺ കട്ടുചെയ്ത് , നാരായണൻ നായർ , കണ്ണുനീർ വരുവോളം ഉച്ചത്തിൽ പൊട്ടിപ്പൊട്ടി ചിരിച്ചു.
………………………………………………..