ഞാൻ ആ ബ്രാഞ്ചിൽ ജോയിൻ ചെയ്തിട്ട് കഷ്ടിച്ച് ഒരാഴ്ചയായി കാണും .
രാവിലെ നേരത്തെ ബാങ്കിലെത്തി , അതാതു ദിവസം ചെയ്തു തീർക്കേണ്ട “സ്റ്റാന്റിംഗ് ഇൻസ്ട്രക്ഷൻസ് ” ചെയ്തു തീർത്തു , പത്തുമണിയാകുമ്പോഴേക്കു കസ്റ്റമേഴ്സ്നെ സന്തോഷത്തോടെ സ്വീകരിക്കുന്ന ഒരു രീതി വളരെ മുൻപുതന്നെ ഞാൻ വളർത്തിയെടുത്തിരുന്നു.
” ഉം ഒരു ശവി വരുന്നുണ്ട് .. ..ഇന്നത്തെ ദിവസം പോക്കാ ” രണ്ടു സീറ്റിനപ്പുറമിരുന്നു കാദറിക്ക മുരണ്ടു. എന്നിട്ടെനിക്ക് ഒരു ഉപദേശവും തന്നു. ” അടുപ്പിക്കണ്ടാട്ടൊ ഗഡി വൻ പാരയാ “… ഞാനൊന്നു ചിരിച്ചതേയുള്ളു. ആരാണാവോ ഇത്ര വലിയ പാരക്കക്ഷി ? ഞാൻ മനസ്സിലോർത്തു.
അപ്പോഴേക്കും രണ്ടു കയ്യിലും എന്തൊക്കെയോ സാധനങ്ങൾ നിറച്ച സഞ്ചിയും തൂക്കി കറുത്ത് മെലിഞ്ഞു കൂനിക്കൂടിയ, കുറച്ചുകൂടി വ്യക്തമായ ഭാഷയിൽ പറഞ്ഞാൽ കൊഞ്ചുപോലെ ഉണങ്ങി ചുരുണ്ട ഒരു സ്ത്രീ രൂപം ബാങ്കിങ് ഹാളിലേക്ക് കടന്നു വന്നു . കയ്യിലുണ്ടായിരുന്ന സഞ്ചി താഴെ വയ്കുകപോലും ചെയ്യാതെ അവർ എല്ലാവരെയും നോക്കി വെളുക്കെ ചിരിച്ചു. കറുത്ത് കരുവാളിച്ച മുഖത്തിന് അവരുടെ വെയ്പ് പല്ലിന്റെ വെണ്മ ഒരു കോമാളിയുടെ ഛായ നല്കുന്നുണ്ടായിരുന്നു. സത്യത്തിൽ അത് കണ്ടു ഞാൻ ചിരിച്ചുപോയി. ആൾക്കാരുടെ സംസാരം ശ്രദ്ധിക്കാതെ, അവരുടെ ചേഷ്ടകൾ മാത്രം ശ്രദ്ധിക്കുന്ന സ്വഭാവം ചെറുതിലെ തന്നെ എനിക്കുള്ളതാണ്. അതുകൊണ്ടുതന്നെ ഓരോ യാത്രകളും ഇടപെടലുകളും എനിക്കെന്നെന്നും പുതുമയുള്ളവയായിരുന്നു., അതെവിടേക്കാണെകിലും, എവിടെയാണെകിലും ,ഭാഷ അറിയില്ലെങ്കിലും.
എന്റെ മുഖത്തെ മായാത്ത ചിരി കണ്ടിട്ടാവും , അവർ സഞ്ചിയും തൂക്കിപ്പിടിച്ചു നേരെ എന്റെ കൗണ്ടറിനരികിലേക്കു വന്നു. ” കൊച്ചു പുതിയതായിട്ടു വന്നതാ അല്ലിയോ …..അതാ എന്നെ കണ്ടപ്പോ ചിരിച്ചേ… ബാക്കിയുള്ളതുങ്ങളുടെയൊക്കെ മോന്തായം ഇരിക്കുന്നത് കണ്ടില്ലേ … കോളവി കുത്തിയത് പോലെ. …ആയമ്മ പറഞ്ഞു. ഞാൻ വല്ലാതെയായി. ബാക്കിയുള്ളവരുടെ പ്രതികരണം എന്തെന്നറിയാൻ സൂത്രത്തിൽ ഞാൻ ചുറ്റും കണ്ണോടിച്ചു. എല്ലാവരും ” ഇല്ലാത്ത പണി ” ധൃതിയിൽ ചെയ്യുകയാണ്. അതുകൊണ്ടു തല പൊക്കി നോക്കാൻ പോലും സമയമില്ല. കാദറിക്ക മാത്രം ” അനുഭവിച്ചോ ” എന്ന അർത്ഥത്തിൽ ഒരു ആംഗ്യം കാട്ടിയിട്ടു കുനിഞ്ഞിരുന്നു ചിരിക്കുകയാണ് .
“ഏതായാലും ഒരു മനുഷ്യജീവിതന്നല്ലോ ” ഞാൻ മനസ്സിലോർത്തു . പ്രായം കൊണ്ട് എന്നെക്കാളും ഒരു പത്തു പതിനഞ്ചു വയസ്സെങ്കിലും മൂപ്പുണ്ടാകും. “ചേടത്തി ഇരിക്ക് ” ഞാൻ മുന്നിലുള്ള കസേര ചൂണ്ടിക്കാണിച്ചു പറഞ്ഞു. അവരോടുതന്നെയാണോ പറഞ്ഞതെന്ന് വിശ്വാസം വരാതെ അവർ മുന്നിലും പിന്നിലുമൊക്കെ നോക്കി. ” വേണ്ട കൊച്ചെ, ഇരുന്നാൽ എന്റെ സാരി കീറും, ഒത്തിരി പഴയതാണേ…. ചന്തേ പോകാനൊക്കെയായതുകൊണ്ടു നല്ലതൊക്കെ ഉടുത്തു ചെന്നാൽ കൊന്നു കാശു മേടിക്കും, ഇതാവുമ്പോൾ അയ്യോ പാവം കരുതി എന്തെങ്കിലും ഒക്കെ കൂടുതൽ ഇട്ടു തരും.
കൊള്ളാമല്ലോ ഈ ചേടത്തി….എനിക്ക് വല്ലാത്തൊരു കൗതുകം തോന്നി. ” ആ സഞ്ചി താഴത്തു വെക്കു ചേടത്തി, എന്നിട്ടു വന്ന കാര്യം പറയു…, ഞാൻ പറഞ്ഞു.
“എനിക്കൊരു ആയിരം രൂപ വേണം…..ത്രേസ്സ്യ കൊച്ചിന്റെ മോള് ജൂബിലി വന്നിട്ടുണ്ടേ…അങ്ങ് ഹൈദരാബാദില് നേഴ്സ് ആവാൻ പഠിക്കുകയാ…
പെങ്കൊച്ചുങ്ങളല്ലിയോ ഒത്തിരി ആവശ്യങ്ങള് കാണും…അവൾക്കു കൊടുക്കാനാ..”. ഓ അപ്പൊ കടം ചോദിക്കാനാവും … ചുമ്മാതല്ല എല്ലാവരും പുള്ളിക്കാരിയെ അവഗണിച്ചു കുനിഞ്ഞിരിക്കുന്നതു. എന്നാലും ജീവിതത്തിൽ ആദ്യമായി കാണുന്ന എന്നോട് കടം ചോദിക്കാൻ കുറച്ചൊന്നും തൊലിക്കട്ടി പോരല്ലോ…ഞാൻ കരുതി. “ചേടത്തീടെ പാസ് ബുക്ക് താ…. ഞാൻ ചെക്കെഴുതി തരാം..” അയമ്മേടെ ഉദ്ദേശം എന്താണെന്നറിയണമല്ലോ…
” ചെക്കോ കിക്കോ അതൊന്നും എനിക്കറിയാമ്മേല …ദാ ഈ പേപ്പറു മാത്രമേ എന്റെ കയ്യിലുള്ളു “, ചേടത്തി കണ്ണുകൊണ്ടു ഒരാക്ഷൻ കാണിച്ചു. എനിക്കൊന്നും മനസ്സിലായില്ല…” ഏതു പേപ്പറ് ? ” സഞ്ചി താഴത്തു വെക്കാൻ കൂട്ടാക്കാതെ , ചേട്ടത്തി വീണ്ടും കണ്ണിട്ടു കറക്കുകയാണ്. കൗണ്ടറിന് അപ്പുറവും ഇപ്പുറവുമൊക്കെയായി അമർത്തിച്ചിരിയുടെ ശബ്ദം കേട്ട് ജാള്യതയോടെ ഞാൻ ചുറ്റും നോക്കി. എന്റെ ദയനീയാവസ്ഥ കണ്ടിട്ടാവും അടുത്ത സീറ്റിൽ നിന്നും ഒരു തുണ്ടു പേപ്പർ എന്റെ നേർക്ക് നീണ്ടു വന്നു. അതിൽ ഇങ്ങനെ എഴുതിയിരുന്നു: ” എഫ്ഡി രസീത് അവരുടെ ഇടുപ്പിൽ കാണും.” “അയ്യേ,” ഞാനറിയാതെ ഉറക്കെ പറഞ്ഞുപോയി. പൊടുന്നനെ എന്റെ മൊബൈൽ റിങ് ചെയ്യാൻ തുടങ്ങി. ” ഒരു മിനിറ്റ്” ഞാൻ ചേടത്തിയോട് പറഞ്ഞിട്ടു ഫോൺ അറ്റൻഡ് ചെയ്തു . ക്യാഷ് ക്യാബിനിൽ നിന്നും സറീനയാണ്. ചിരിയടക്കാൻ പാടുപെട്ടുകൊണ്ടു സറീന പറഞ്ഞു : ” മാഡം ആ പുള്ളിക്കാരത്തിക്കു മക്കളെയൊന്നും വിശ്വാസമില്ലാത്തതുകൊണ്ടു എവിടെ പോയാലും രസീതെല്ലാംകൂടി കൂടെ കൊണ്ട് നടക്കും. സൂക്ഷിക്കുന്നത് കർചീഫ് കുത്തിവെക്കുന്നതുപോലെ ഇളിക്കുത്തിലാണെന്നുമാത്രം.”. ” അപ്പൊ അവിടുന്ന് നമ്മൾ അതെടുക്കാനോ ?” ഞാൻ ചോദിച്ചു. ” വേണ്ടിവന്നേക്കും , അതല്ലെങ്കിൽ അവരെക്കൊണ്ടു സഞ്ചി താഴ്ത് വെയ്‌പിക്കേണ്ടി വരും.” “ശരി ശരി …” ക്യാഷ് കൗണ്ടറിൽ ആള് കൂടുന്നത് കണ്ടു ഞാൻ വേഗം ഫോൺ കട്ട് ചെയ്തു.
ഞാൻ വേഗം സീറ്റിനരികിലേക്കു ചെന്നു. ചേടത്തി അക്ഷമയോടെ ഞെരിപിരി കൊള്ളുകയാണ്. ” ആ പെങ്കൊച്ചിനു ഒന്നരടെ വണ്ടിക്കു പോകാനുള്ളതാ …എന്നെ വേഗം വീട് ..” ” ഇപ്പൊ വിട്ടേക്കാം ” ഞാൻ പറഞ്ഞു. പിന്നെ സൗമ്യത കൈവിടാതെ അവരോടു ചോദിച്ചു….” ഈ സഞ്ചിയിലെന്നതാ ചേടത്തി ? ” .. ” കൊറച്ചു വെട്ടുമീനാ ” ” വെട്ടുമീനോ ? നോക്കട്ടെ ” ഞാൻ സഞ്ചിക്കായി കൈനീട്ടി . പ്രസംഗിക്കാൻ ദാഹിച്ചിരുന്നവന് ഒരവസരം ഒത്തുവന്നാലുള്ള സന്തോഷത്തോടെ ചേടത്തി സഞ്ചി എനിക്ക് നേരെ നീട്ടി. എന്നിട്ടു പറഞ്ഞു… ” വലിയവന്മാരുടെ അവളുമാർക്കു മീൻ തിന്നണം , പക്ഷെ മിനക്കെടാൻ കഴിയൂല്ല . അവളുമാര് പറയുന്നതും കേട്ടോണ്ട് പെങ്കോന്തന്മാര് മുടിഞ്ഞ വെല കൊടുത്തു മീൻ വാങ്ങും. പിന്നെ വെട്ടി കണ്ടിക്കാൻ കടക്കാർക്കു തന്നെ കൊടുക്കും. അവന്മാര് വെട്ടുന്നതിന്റ് ഇടയ്ക്കു രണ്ടും മൂന്നും കഷ്ണം വീതം അടിച്ചു മാറ്റും. മീൻ വാങ്ങാൻ വരുന്ന വായിനോക്കികള് ഇത് വല്ലോം അറിയുന്നുണ്ടോ… അവര് കിട്ടുന്നതും വാങ്ങിച്ചു ഒറ്റ പോക്ക് പോകും. നമ്മളെ പോലുള്ള പാവത്തുങ്ങള് മീൻ തിന്നാനാശ തോന്നുമ്പോൾ പോയി വെട്ടു മീൻ വാങ്ങും. നാലിലൊന്നു വെല കൊടുത്താൽ മതി. പക്ഷെ ഒരു കൊഴപ്പമുണ്ട്…പല തരം മീനായിരിക്കും… അത് ചിക്കീം ചികഞ്ഞും വറക്കാനും വറ്റിക്കാനുമൊക്കെ തരം തിരിക്കണമെന്നേയുള്ളു. ” ഓ അത് ശരി..”. ഞാൻ മെല്ലെ സഞ്ചി താഴത്തു വെച്ച് ചേടത്തിയോട് എഫ്ഡി രസീത് ചോദിച്ചു. ” ഓ അതങ്ങു മറന്നു ” ചേടത്തി ഫ്രീയായി കിട്ടിയ കൈകൊണ്ടു അരക്കെട്ടു പരതി ഒരു പ്ലാസ്റ്റിക് കവറെടുത്തു എനിക്കുനേരെ നീട്ടി. കവറിന്റെ പുറമാകെ വിയർപ്പു നിറഞ്ഞു നില്കുന്നത് കണ്ടു സത്യത്തിൽ എനിക്ക് അറപ്പു തോന്നി. പക്ഷെ അതൊന്നും പുറത്തു കാണിക്കാതെ , രണ്ടു വിരൽ കൊണ്ട് ഞാനതിൽ നിന്നും ഒരു രസീത് വലിച്ചു പുറത്തേക്കിട്ടു. ഇനി ഒരിക്കൽ കൂടി എൻഡോർസ് ചെയ്യാൻ സ്ഥലമില്ലാത്ത, ഉപയോഗം കാരണം ഏതു നിമിഷവും കീറിപ്പോകാവുന്ന തരത്തിൽ ഒരു കഷ്ണം പേപ്പർ. അങ്ങിനെയാണ് എനിക്കതു കണ്ടപ്പോൾ തോന്നിയത്. ” ചേടത്തി കുറച്ചു നേരം നിൽക്കേണ്ടി വരും… ഇതിൽ ഒപ്പിടാൻ പോലും ഒട്ടും സ്ഥലമില്ലല്ലോ ചേടത്തീ. ഞാൻ പുതിയ ഒരു രസീതി അടിച്ചു തരാം ” ഞാൻ പറഞ്ഞു. ” ഓ എന്നാത്തിനാ പുതിയ രസീതി ?… ഒപ്പും കിപ്പുമൊക്കെ കൊച്ചു തന്നെ അങ്ങിട്ടേരെ… അല്ല പിന്നെ… കുടിപ്പള്ളിക്കോടോം കുസ്‌തീം മാത്രം അറിയാവുന്ന ഞാൻ ഒപ്പിട്ടേലെന്നാ , ഇല്ലേലെന്നാ…. എന്തായാലും എന്നെ പറ്റിക്കത്തില്ലല്ലോ. ….അല്ല അതും പറയാൻ പറ്റത്തില്ല…. പെറ്റ മക്കളെ നമ്പിയത്കൊണ്ട് ഞാൻ കൊറേ **. “
ചുറ്റും ഇരിക്കുന്നവരുടെയെല്ലാം ശ്രദ്ധ എന്റെനേർക്കാണെന്നറിയാവുന്നകാരണം ചേടത്തിയുടെ ജല്പനകളൊന്നും ഞാൻ കേട്ടതായിപോലും ഭാവിച്ചില്ല. …പുതിയൊരു രസീതി ഞാൻ പ്രിന്റുചെയ്തെടുത്തു.
ഇതിനിടയിൽ എപ്പോഴെന്നറിയില്ല പിരിവിനായി ഒരു പറ്റം ആൾക്കാർ മാനേജരുടെ ക്യാബിനിലേക്കു കടന്നു വന്നു. നിരാലമ്പരായ വൃദ്ധ ജനങ്ങളുടെ പുനരധിവാസത്തിനായി കഴിയുന്ന സഹായം ചെയ്യണമെന്നായിരുന്നു അവരുടെ അഭ്യർത്ഥന . നിന്ന നില്പിൽ ഉപ്പിൽ വീണ ഒച്ചിനെപ്പോലെ ചേടത്തി ചുരുണ്ടുകൂടി തൂണിന്റെ മറവിലേക്കു ഒതുങ്ങിക്കൂടുന്നത് ഞാൻ കണ്ടു. ” എന്ത് പറ്റി ? ” ഞാൻ ആംഗ്യ ഭാഷയിൽ ചോദിച്ചു… ” മിണ്ടാതിരി ” ചേടത്തി എന്നെ നോക്കി കണ്ണുരുട്ടി. ” വേഗം വിട്, വേഗം വീടെന്നു നൂറുതവണ പറഞ്ഞതാ… ബാങ്കിലെന്തായാലും ആടുമേയ്ക്കാൻ വന്നെന്നു പറയാൻ പറ്റത്തില്ലല്ലോ…” ചേടത്തി എനിക്കുമാത്രം കേൾക്കാൻ പാകത്തിന് പറഞ്ഞു. ഞാനാകെ പരിഭ്രമിച്ചു പോയിരുന്നു. എന്റെ മുഖം കണ്ടിട്ടാവാം ചേടത്തി പറഞ്ഞു. ” കൊച്ചു പേടിക്കേണ്ട, പക്ഷെ ആ കൂട്ടത്തിലെ , വെളുത്തു ചെവന്നു തടിച്ചു ചക്ക പ്പോർക്കു പോലിരിക്കുന്ന ഒരു മര മോന്തക്കാരനില്ലേ , അവനെ നല്ലോണം ഒന്ന് നോക്കി വച്ചോ … കത ഞാൻ പിന്നെ പറയാം. ” എന്തോ കാര്യങ്ങൾ അത്ര പന്തിയല്ലെന്നെനിക്കു തോന്നി. എനിക്ക് എങ്ങിനെയും വേഗം പൈസകൊടുത്തു ചേടത്തിയെ അവിടെനിന്നും ഒഴിവാക്കിയാൽ മതിയെന്നായി. എഫ്ടിയിൽ നിന്നും ലോണെടുക്കാനുള്ള അപേക്ഷ വേഗം പൂരിപ്പിച്ചു ക്യാഷ് ക്യാബിനിൽ ചെന്ന് ആയിരം രൂപയും വാങ്ങി ഞാൻ സീറ്റിൽ തിരികെ വന്നിരുന്നു. ഒപ്പിടാനോ , കാശുവാങ്ങാനോ കൂട്ടാക്കാതെ ചേടത്തി തൂണിന്റെ മറവിലുള്ള കസേരയിൽ കൂനിക്കൂടിയിരുന്നു. അവരുടെ വിളറിയ നോട്ടം മാത്രം ഇടയ്ക്കിടെ മാനേജരുടെ ക്യാബിനിലേക്കു നീണ്ടു ചെന്നു.
” കർത്താവെ.. ഇനി അവരെങ്ങാനും ഇങ്ങോട്ടു പിരിവിനു വരുമോ…? ” ചേടത്തി പിറുപിറുക്കുന്ന ശബ്ദത്തിൽ എന്നോടാരാഞ്ഞു. ” ഏയ് ഇല്ല, മാനേജർ അതെല്ലാം അവിടം കൊണ്ട് അവസാനിപ്പിച്ചോളും.” ഞാൻ അവരെ സമാധാനപ്പെടുത്തി.
ആഗതർ പുറത്തേക്കു കടക്കേണ്ട താമസം , ഏലി , പുലിയായതുപോലെ ചേടത്തി ചാടി എണീറ്റു. ” ത്ഫൂ ….പിരിക്കാൻ നടക്കുന്നു….നായിന്റെ മോൻ….പു..ന..ര..തി..വാ..സം പോലും !. വലിയവന്മാർക്കൊക്കെ ഇപ്പൊ തുടങ്ങിയ പുതിയൊരു സൂക്കേടാ… കണ്ടിടത്തെല്ലാം അതിന്റെ പേരും പറഞ്ഞു നിരങ്ങി കാശു പിരിച്ചേച്ചു കള്ളടിച്ചും പെണ്ണുപിടിച്ചും കളയാൻ. സ്വന്തം തന്തേം തള്ളേം വീട്ടിക്കിടന്നു നരകിക്കുന്ന കാണാൻ കണ്ണില്ലാത്തോൻമാരാ വല്ലവന്റേം തന്തേം തള്ളേം പോനരധിവസിപ്പിക്കുന്നേ …” ചേടത്തി ആവേശം കൊണ്ട് ഉറഞ്ഞു തുള്ളുന്നത് കണ്ടു ഞാൻ വായ് പിളർന്നു നിന്ന് പോയി.
ബാങ്കിങ് ഹാൾ പൊടുന്നനെ നിശ്ശബ്‌ദമായി…ചേടത്തിയുടെ വിറയാർന്ന ശബ്ദം നിശ്ശബ്ദതയെ കീറിമുറിച്ചുകൊണ്ടു ഹാളിലാകെ പ്രകമ്പനം കൊണ്ടു.
” ആ വെളുത്ത പന്നീടെ മോനില്ലേ …ഗീവര്ഗീസ് , …പേരുപോലെതന്നെ നെയ്യും പാലും പന്നിയും കോഴിയും വെട്ടി വിഴുങ്ങുമ്പോൾ അവന്റെ തള്ളക്കു കൊടുക്കുന്നതെന്താണെന്നറിയാവോ ?…റേഷൻ അരി ചോറും പരട്ട പരിപ്പ് കറീം. അവൻ രണ്ടുനില മാളികയിലു എസിയുമിട്ടു ഒരു ശിമിട്ടു പൂതനയെയും
കെട്ടിപ്പിടിച്ചു കെടക്കുമ്പം അവന്റെ തള്ള കിടക്കുന്നതെവിടെയാണെന്നറിയാമോ…. എലിയും പാറ്റയും നെരങ്ങുന്ന പൊളിഞ്ഞ പത്തായപ്പുരയില് കീറിപ്പറിഞ്ഞ പായും വിരിച്ചു…… ആ പെണ്ണ് വന്നു കേറിയപ്പോ ഒരു പാവമായിരുന്നു. പിന്നെ അവന്റെ കൊണവതിയാരംകൊണ്ടു അവളങ്ങു മാറി. അതെങ്ങനാ… അവനു നട്ടെല്ലിന്റെ സ്ഥാനത്തു വാഴത്തടയല്ലായിരുന്നോ . എത്ര പേരെ പറ്റിച്ചാണെന്നോ അവൻ കാശുകാരനായത് . അവന്റെ തല്ലുകൊള്ളിത്തരം സഹിക്കാണ്ട് അവന്റെ അപ്പൻ എങ്ങോട്ടോ പോയി. പോയ വഴി പുല്ലു കിളിര്തിട്ടില്ല കേട്ടോ. തന്തേം തള്ളേം ഫീഷണിപ്പെടുത്തി സ്വത്തു മുഴുവൻ സ്വന്തമാക്കി . എന്നിട്ടിപ്പം പ്രമാണി കളിച്ചു നടക്കുന്നു. !.
പള്ളിയിൽ പ്രസുദേന്തിയാണത്രെ ….ത്ഫൂ ….അവർക്കും കാശുമതിയല്ലോ , അതേതു പാപത്തിൽ ഉണ്ടാക്കിയാലും. ” ചേടത്തി നിന്ന് കിതച്ചു…” എയ് ചേടത്തീ വേഗം പോയെ , വെറുതെ മാന്യന്മാരെപ്പറ്റി അപവാദം പറഞ്ഞുണ്ടാക്കാതെ…” കാദറിക്ക കൗണ്ടറിനരികിലേക്കു വന്നു. ” ” അപവാദമോ…? ” മുണ്ടാണ്ടിരുന്നോണം നീ , ചേടത്തി കാദറിക്കക്ക് നേരെ കൈ ചൂണ്ടി. ” അവനെ പെറ്റു , ഒന്നോളം പോന്നൊരു ആണാക്കി വളർത്തിയ ഈ ഞാൻ പറയുന്നു, അവൻ നശിച്ചു പോവും …എന്നെയും എന്റെ മേരിക്കുഞ്ഞിനെയും വഴിയാധാരമാക്കിയ അവനും കുടുംബവും ഒരു കാലത്തും കൊണം പിടിക്കത്തില്ല….നിങ്ങക്കറിയുവോ , എന്റെ മോള് ,അവടെ കെട്ടിയോനറിയാതെ , മിച്ചം പിടിച്ചയ്ക്കുന്ന കാശാ ഈ രസീതുകളെല്ലാം.
ഇതുകൊണ്ടാ ഞാൻ അന്നം മുടങ്ങാതെ കഴിയുന്നതും മരുന്ന് വാങ്ങുന്നതും. ചേടത്തി ഏങ്ങികരഞ്ഞു . ആ കാലമാടൻ ഇതുകണ്ടാ ,എന്തെങ്കിലും കാരണം പറഞ്ഞു ഇതും തട്ടിപ്പറിക്കും. അതാ ഞാൻ മിണ്ടാതെ ഒളിച്ചിരുന്നത്…..പിഞ്ഞിത്തുടങ്ങിയ സാരിത്തുമ്പിൽ, കണ്ണും മൂക്കും തുടച്ചു ചേടത്തി ഞങ്ങളെ നോക്കി ചിരിക്കാൻ ശ്രമിച്ചു.
“ഇതാ പൈസ”… കയ്യൊപ്പു വാങ്ങി , അനുകമ്പയോടെ ആയിരം രൂപ ഞാൻ അവർക്കു നേരെ നീട്ടി.
“ഓ കഥ പറഞ്ഞിരുന്നു ഒടുക്കം ഞാൻ ഇത് മറന്നേനെ …..പിന്നെ കൊച്ചേ, ആ വെട്ടുമീനും കൂടി ഇങ്ങെടുത്തു തന്നേരെ …കെട്ടുപോകും മുമ്പ് വറുത്താൽ അയലോക്കത്തെ ജൂലി പെണ്ണിനും കൂടി രണ്ടു കഷ്ണം കൊടുക്കാല്ലോ ….ആ പെങ്കൊച്ചാ ഇടക്കിടെ വന്നു എന്റെ പ്രസറൊക്കെ നോക്കിത്തരുന്നേ…അയലോക്കംകാരിയാ….
എന്നാ ശരി, കർത്താവീശോ എല്ലാരേം രക്ഷിക്കട്ടെ !”ചേടത്തി പടികളിറങ്ങി.
മ്ലാനമായ മുഖത്തോടെ ഓരോരുത്തരും അവരവരുടെ ജോലിയിലേക്ക് തിരിഞ്ഞു .
കുറച്ചു ദിവസങ്ങൾക്കു ശേഷം , രാവിലെ, ഞാൻ ബാങ്കിലെത്തിയയുടൻ ചേടത്തി , ചിരിച്ചുകൊണ്ട് കയറിവന്നു …കയ്യിൽ ഒരു പ്ലാസ്റ്റിക് കവർ നിറയെ രസീതുകൾ…..
“ഞാൻ മോളെ കാത്തു നിൽക്കുവാരുന്നു ….വലിയ സാറമ്മാരെയൊക്കെ മോളെന്നു വിളിക്കാമോ എന്ന് ചേടത്തിക്കറിയത്തില്ല, എന്നാലും ഒരടുപ്പം തോന്നിയതുകൊണ്ട് , ഒരു സംശയം ചോദിക്കാൻ വന്നതാ , അല്ലാതെ കാശോന്നും വേണ്ടാ .
“എന്താണെങ്കിലും ചേടത്തി ചോദിച്ചോ “ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
“എന്തോ എനിക്കൊരു പേടിപോലെ …മോള് ഈ രസീതെല്ലാം ഇവിടൊന്നു സൂക്ഷിച്ചു വയ്ക്കാമോ ? എങ്ങാനും പെട്ടെന്ന് ഞാൻ ചത്തുപോയാൽ, ഈ കാശു ,എന്റെ മേരികൊച്ചിന് തന്നെ കിട്ടണം …”
കയ്യോടെത്തന്നെ ഞാൻ എല്ലാറ്റിനും നോമിനേഷൻ ഒപ്പിട്ടു വാങ്ങി.,പിന്നെ സേഫ് കസ്റ്റഡി രെജിസ്റ്ററിൽ വരവുവച്ചു, ചേടത്തിയോട് സമാധാനമായി പൊക്കോളാൻ പറഞ്ഞു ..നിറകണ്ണുകളോടെ, എന്റെ കൈ പിടിച്ചു, ഒന്നും മിണ്ടാതെ രണ്ടു നിമിഷം നിന്നിട്ടു ചേടത്തി , ബാങ്കിങ് ഹാൾ വിട്ടിറങ്ങിപ്പോയി .പിന്നെ, ഞാൻ അവിടെ നിന്ന് ട്രാൻസ്ഫർ ആയിപ്പോകുവോളം ചേടത്തിയെ കണ്ടിട്ടില്ല …..
സത്യത്തിൽ ഈ സംഭവങ്ങളൊക്കെയും വിസ്‌മൃതിയിലേക്കു ആണ്ടുപോയിരുന്നു …
ഇന്നലെ, യാദൃച്ഛികമായി , സാധനങ്ങൾ പൊതിഞ്ഞുവന്ന പത്രത്തുണ്ടിൽ, ഒരു “സ്നേഹസ്മരണാഞ്ജലി ” കണ്ടു….വളരെ പരിചിതമായ മുഖമെന്നു തോന്നിയതുകൊണ്ടാണ് എന്റെ കണ്ണുകൾ അതിൽ ഉടക്കിയത്.
മൂന്നാം ചരമ വാർഷികം
****
മറിയാമ്മ വർഗീസ്
10 .01 .1948 _15 .01 .2017
ഫോട്ടോ .
സ്നേഹനിധിയായിരുന്ന ഞങ്ങളുടെ അമ്മച്ചി ഞങളെ വിട്ടുപിരിഞ്ഞിട്ടു ഇന്നേക്ക് മൂന്നാം വര്ഷം.
സ്നേഹാദരങ്ങളോടെ , ഗീവർഗീസും കുടുബവും
സങ്കടത്തെക്കാളുപരി എനിക്ക് ചിരിയാണ് വന്നത്…..ജീവിച്ചിരുന്നപ്പോൾ ,പെറ്റമ്മയ്ക്കു , ദിവസം ഒരു നേരമെങ്കിലും , ആഗ്രഹമുള്ള ആഹാരവും, ആവശ്യമുള്ള വസ്ത്രവും, സുരക്ഷിതത്വവും സ്നേഹവും കൊടുക്കാത്തവർ ,ആരെ ബോധിപ്പിക്കാനാണാവോ ഈ പത്രപ്പരസ്യത്തിലൂടെ പുത്രധര്മം നിറവേറ്റിയെന്നു വിളംബരം ചെയ്യുന്നത് ?
*******************************************