മരണത്തിന്റെ പ്രണയിനി.

ഇരുട്ടിന്റെ കനത്ത കരിമ്പടം കണ്ണുകൾക്കുമേലെ പുതച്ചുകൊണ്ടു അവൾ പതിയെ ഉറക്കത്തിന്റെ പടവുകൾ കയറി സ്വപ്നക്കൊട്ടാരത്തിന്റെ ചില്ലുവാതിൽ തള്ളിത്തുറന്നു, നടന്നതും, നടക്കാത്തതും ഇനി ഒരിക്കലും നടക്കരുതെന്നു പ്രാർത്ഥിച്ചിരുന്നതുമായ കാഴ്ചകൾ കണ്ടു നടക്കവേ , തീഷ്ണ വെളിച്ചത്തിന്റെ ഒരു നുറുങ്ങു അവളുടെ മുന്നിൽ പതിച്ചു . പതിയെ അതൊരു പക്ഷിയുടെ മുഖവും മനുഷ്യശരീരവുമുള്ള രൂപമായിത്തീരുന്നത് അവൾ ഒട്ടൊരു കൗതുകത്തോടെ മോളി നിന്നു .

“മരണമാണ് ഞാൻ….” ആ രൂപം പറഞ്ഞു…

അവൾ ചിരിച്ചതേയുള്ളു .

” നിനക്കെന്നെ ഒട്ടും പേടിയില്ലേ ?” മുഴങ്ങുന്ന ശബ്ദത്തിൽ അത് ചോദിച്ചു.

” എന്തിന് ? ” എന്നായാലും ഒരിക്കൽ ഞാൻ നിന്നോടൊപ്പം വരേണ്ടതല്ലേ ? ” അവൾ ചോദിച്ചു.

” ചോദ്യത്തിനുത്തരം മറുചോദ്യമല്ല ” അലോസരപ്പെട്ടമട്ടിൽ അത് പറഞ്ഞു.

” ജീവിക്കാൻ കൊതിച്ചിരുന്ന കാലത്തു ഞാൻ ചോദ്യങ്ങൾ ചോദിച്ചിട്ടേയില്ല. എല്ലാവരും പറയുന്നതൊക്കെ നിശ്ശബ്ദം അനുസരിച്ചിട്ടേയുള്ളു. മരിക്കാൻ മനസ്സാ തയാറാകുമ്പോഴെങ്കിലും ഒരാഗ്രഹം ഭൂമിയിൽ ബാക്കി വച്ചിട്ട് വരാതിരിക്കാനെങ്കിലും … ഇതുവരെ ഉള്ളിൽ കരുതിയ ഒരായിരം ചോദ്യങ്ങൾ ….. അതിലൊന്നെങ്കിലും ചോദിയ്ക്കാൻ ഞാനൊരാളെ തിരയുകയായിരുന്നു…..” അവൾ പറഞ്ഞു . പൊടുന്നനെ, ചെറിയൊരു പരിഭ്രമം ആ രൂപത്തിന്റെ മുഖത്തു കാണാനായി..അത് കാൺകെ അവളുടെ കൗതുകം കൂടി കൂടി വന്നു.

” എന്നാലും എന്നെ ഭയമില്ലെന്ന് പറഞ്ഞത് ശരിയായില്ല….” ഇത്തവണ പരിഭവത്തിന്റേതായിരുന്നു ആ ശബ്ദം. അത് കേട്ട് അവൾ അറിയാതെ പൊട്ടിച്ചിരിച്ചുപോയി . ഒരു പത്തു വർഷം ഭൂമിയിൽ ജീവിച്ച ഒരാൾക്കും മരണഭയമുണ്ടാകില്ല സുഹൃത്തേ .ദുരിതങ്ങളും ദുഖങ്ങളും പേറി പേറി മനസ്സ് മരവിക്കുമ്പോൾ ആർക്കും ഒന്നേ ആശിക്കാനുള്ളു…മരണം “.

അപ്പോൾ ജീവിതത്തേക്കാൾ സുഖം മരണത്തിനാണെന്നാണോ നീ പറയുന്നത് ? …അപ്പോൾ എന്റെ വരവിനു ഒരു പ്രസക്തിയുമില്ലേ ?” നിരാശയോടെ ആ രൂപം ചോദിച്ചു.

” ഇല്ലാന്നാരുപറഞ്ഞു ? ജീവിതത്തിൽ ഉറപ്പുള്ള ഒരേ ഒരു കാര്യം നിന്റെ വരവാണ്. ഭീഷണികൾക്കും കണ്ണുനീരിനും കൈക്കൂലികൾക്കും യാചനകൾക്കും ഒന്നും വഴങ്ങാത്ത നിന്റെ നിശ്ചയദാർഢ്യം എനിക്കിഷ്ടമാണ് . അതുകൊണ്ടാവാം നിന്റെ വരവ് ഞാൻ എന്നും പ്രതീക്ഷിച്ചിരുന്നത്, എന്റെ നിഴൽ നീ ആണെന്ന് സങ്കല്പിച്ചിരുന്നത്. പ്രണയാർദ്രയായ ഒരുവളെപ്പോലെ അവൾ പറഞ്ഞു.

” നിനക്കു നിന്റെ സ്നേഹസമ്പന്നനായ ഭർത്താവിനെ, മക്കളെ, സുഖസൗകര്യങ്ങളെ …ഒക്കെ ഉപേക്ഷിച്ചു എന്നോടൊപ്പം വരൻ ഒരു ദുഖവും തോന്നുന്നില്ലേ ? “

” ദുഃഖിച്ചാൽ എന്നെ കൊണ്ടുപോകാതിരിക്കുമോ ?.. ഇല്ലല്ലോ…അപ്പോൾ സമയം കളയാതെ നമുക്ക് പുറപ്പെടാം…” അവൾ പറഞ്ഞു.

പരാജിതനെപ്പോലെ ആ രൂപം ഒരു നിമിഷം നിന്ന്, പിന്നെ തല കുടഞ്ഞുകൊണ്ടു പറഞ്ഞു…

” എനിക്കൊന്നും മനസ്സിലാകുന്നില്ല…”

” എനിക്കും..” അതെ താളത്തിൽ അവളും പറഞ്ഞു .. പിന്നെ ചോദിച്ചു …

” അപ്പോൾ നമ്മൾ പോവുകയല്ലേ ..? “.

” ഇല്ല…ഇല്ല..നിന്നെ, നിന്റെ ചിന്തകളെ ഉൾകൊള്ളാൻ എനിക്കാവുന്നില്ല….അതിനാവുമ്പോൾ ഞാൻ മടങ്ങിവരാം. അതുവരെ നീ കാത്തിരിക്കൂ “.

ചിറകുവിടര്തി ആ രൂപം പറന്നകലുന്നതു നഷ്ടബോധത്തോടെ അവൾ നോക്കി നിന്നു…..

കോഴി കൂവുന്ന ഒച്ചയിൽ അലാറം മുഴങ്ങാൻ തുടങ്ങിയപ്പോൾ അവൾ പ്രജ്ഞയുടെ കപട ലോകത്തേക്ക് തിരിച്ചു വന്നു….

പിന്നെ ജീവനുള്ള യന്തറം കണക്കെ ഓരോ ജോലികളിൽ മുഴുകി……

………………………………………………………..

Scroll to Top