പോകാനൊരിടം

കുട്ടിശ്ശങ്കരൻ ഉമ്മറത്തെ കോലായിൽ തൂണും ചാരിയിരുന്നു കിതച്ചു. ഏതു നിമിഷവും നിലം പൊത്താറായ മണ്കുടിലിനുള്ളിൽ നിന്നും കേൾക്കുന്ന ചിന്നമ്മുവിന്റെ, തൊണ്ടയിൽ കഫം കുറുകിയ ശ്വാസോച്ഛാസം, ഒരു പ്രാവിന്റെ കുറുകൽ പോലെയാണെന്ന് കുട്ടിശ്ശങ്കരൻ ഓർത്തു.
‘ഇന്നല്ലെങ്കിൽ നാളെ …അതിനപ്പുറം പോവില്ല’ അയാൾ ആശ്വാസത്തോടെ പിറുപിറുത്തു
കുട്ടിശ്ശങ്കരന്റെ കരവിരുതിൽ ഉരുത്തിരിഞ്ഞ,പൊടിയും മാറാലയുംകൊണ്ട് കോലംകെട്ട ,ഒരായിരം പ്രതിമകൾ അയാളുടെ ജല്പനം കേട്ട് ഊറിച്ചിരിച്ചു .
ഉളിപിടിച്ചു തഴമ്പിച്ച കൈകൾ കൂട്ടിത്തിരുമ്മി അയാൾ ഉള്ളിൽ ഉരുത്തിരിയുന്ന വിറയൽ അമർത്താൻ നോക്കി .കൊടും തണുപ്പ് …പോരെങ്കിൽ ഒടുക്കത്തെ വിശപ്പും .വയറുനിറയെ ഭക്ഷണം കഴിച്ച
നാൾ ഓർമയിൽ പോലും തെളിയുന്നില്ല !
ഒരുപക്ഷെ ,ചിന്നമ്മു ,വലിയവീട്ടിലെകുശിനിപ്പണി മതിയാക്കി വന്ന നാളാവാംഒടുവിൽ വയറുനിറയെ ഭക്ഷണം കഴിച്ചത് ….
അവൾക്കു മരുന്നുകൾ തന്നെ വാങ്ങിച്ചിട്ടു എത്രയോ നാളുകളായി ..ആ ശ്വാസമൊന്നു നിലച്ചു കിട്ടിയിരുന്നെങ്കിൽ എങ്ങോട്ടെങ്കിലും പോയി പിച്ചയെടുത്തെങ്കിലും വയറുനിറച്ചു വല്ലതും തിന്നാമായിരുന്നു ..ഉപേക്ഷിച്ചു പോകാനും മനസ്സ് വരുന്നില്ല.
മുതലാളീടെ തോട്ടക്കാരൻ, അവൾക്കു അസുഖം കുറവുണ്ടോ എന്നന്വേഷിച്ചു പലതവണ വന്നിരുന്നു .അപ്പോഴെല്ലാം ‘തന്നാലാവുന്ന സഹായ’മെന്നു പറഞ്ഞു ഓരോ ചെറിയ തുക തന്നെ ഏൽപ്പിച്ചതുമാണ് .അതുംകൂടി തന്റെ സ്വാര്ഥതകാരണം താഴത്തെ ദാസന്റെ കള്ളുഷാപ്പിലെ മുതൽക്കൂട്ടായി .
“ശങ്കരേട്ടൻ എത്ര നല്ല പ്രതിമകളാ കൊത്തിപ്പണിയുന്നതു …കൊച്ചമ്മ പറഞ്ഞു ഇതേൽരണ്ടെണ്ണം അവർക്കു കൊടുത്താൽ നല്ല കാശ് തരാമെന്നു “കതകിനു പിന്നിൽ മറഞ്ഞുനിന്നാണ് ചിന്നമ്മു പറഞ്ഞത് . കേട്ടാൽ അറയ്ക്കുന്ന ഒരു തെറി വാക്കായിരുന്നു തന്റെ മറുപടി . കൈയെത്തുന്ന ദൂരത്തായിരുന്നു അവളെങ്കിൽ ഒരു പക്ഷെ തന്റെ കയ്യിലിരുന്ന ഉളി വെച്ച് തന്നെ തൻ ഒരു അലക്ക് അലക്കിയേനെ.
“മച്ചിയായ നിനക്ക് പ്രസവിക്കാൻ പറ്റാത്ത എന്റെ കുഞ്ഞുങ്ങൾ ആണിവ . ഇതിനെയൊക്കെ വില്കാനല്ല ഞാൻ ഉണ്ടാക്കുന്നത് “. മൂർച്ചയേറിയ വാക്കുകൾ കൊണ്ട് അവളുടെ നൊമ്പരങ്ങൾക്കുനേരെ കല്ലെറിയുമ്പോൾ ഉള്ളിൽ വേർതിരിച്ചറിയാനാവാത്ത എന്തോ ഒരാഹ്ളാദത്തിന്റെ വേലിയേറ്റം …
പിന്നീടൊരിക്കലും അവളൊരു വാക്കുപോലും അതിനെച്ചൊല്ലി പറഞ്ഞിട്ടില്ല .
തന്റെ കൂട്ടുകാരൻ ചാത്തുണ്ണി മാഷ് ഒരിക്കൽ വീട്ടിൽ വന്നപ്പോഴും തന്നോട് ഇതേ ചോദ്യം ചോദിച്ചു “എത്ര കരവിരുതോടെ ആണെടോ താനിതെല്ലാംസൃഷ്ടിച്ചിരിക്കുന്നത്…വല്ല കരകൗശല സ്ഥാപനത്തിലും ഇതൊക്കെ വിൽക്കാൻ ഒരേർപ്പാടുണ്ടാക്കാൻ ഞാൻ വിചാരിച്ചാലും സാധിക്കുമെടോ …എന്താ നോക്കട്ടേ?”
“ഒരുകോടി രൂപ തരാമെന്നു പറഞ്ഞാൽ തന്റെ നാല് മക്കളിൽ ഒരാളെയെങ്കിലും താൻ വില്കുമോടോ?”മുഖമടച്ചുള്ള തന്റെ മറുചോദ്യത്തോടെ മാഷ് സ്ഥലം വിട്ടു .
പാഴ് തടികൾ കൊണ്ടുപോലും പ്രതിമകളുണ്ടാക്കാനും ,അവയെ തൊട്ടുതലോടി യും താലോലിച്ചും സമയം കളയാൻ തുടങ്ങിയപ്പോൾ ,’കുട്ടിശ്ശങ്കരന് വട്ടായി’ എന്ന് ആൾക്കാർ ആദ്യം രഹസ്യമായും പിന്നെ പരസ്യമായും പറയാൻ തുടങ്ങി .
ചിന്നമ്മു മാത്രം നിറയുന്ന കണ്ണുകൾ മുണ്ടിന്റെ കോന്തലയിൽ ഒപ്പി നിശ്ശബ്ദം തേങ്ങി …വിശപ്പിന്റെ വിളി സഹിക്കാനാവാതെ വന്നപ്പോൾ കൂലിവേലക്കിറങ്ങി
ഇന്നിപ്പോൾ ,അവൾ കിടപ്പിലായതോടെ എല്ലാം അവസാനിച്ചു …
മഴ ആർത്തിരമ്പുന്ന ഒച്ചയിൽ കുട്ടിശ്ശങ്കരന്റെ ചിന്തകൾ എപ്പോഴോ മുറിഞ്ഞുപോയി
ചോർന്നൊലിക്കുന്ന പുരയിൽ അവിടവിടെയായി നിരത്തിവച്ചിരിക്കുന്ന കുറെ പഴയ പാത്രങ്ങൾ …ഏതായാലും ചിന്നമ്മു കിടക്കുന്നയിടം ചോർന്നൊലിക്കാത്തതു ഭാഗ്യം !…..പക്ഷെ അയാളുടെ മനസ്സമാധാനത്തിനു മേൽ ഒരഗ്നിചാപം പോലെ ഒരിടിവെട്ടി ..
കുടിലിനു മുന്നിലൂടൊഴുകുന്ന പുഴ സംഹാരനൃത്തത്തിനു തയാറെടുക്കുന്നത് അയാൾ കണ്ടു .
ഈ പെരുമഴയിൽ ഊർദ്ധശ്വാസം വലിച്ചുകിടക്കുന്ന കിളവിയേയുംകൊണ്ട് എങ്ങോട്ടുപോകാൻ …അയാൾ ചിന്തിക്കാനുള്ള കഴിവുപോലും നഷ്ടപ്പെട്ടു ,ആടിത്തുടങ്ങുന്ന മരത്തൂണും ചാരിയിരുന്നു.
പ്രളയ മഴയിൽ തന്റെ കുടിൽ ഒലിച്ചുപോകുമെന്നത് അയാൾക്കുറപ്പായിരുന്നു .കുടിലിനുള്ളിൽ പൊങ്ങിത്തുടങ്ങിയ വെള്ളത്തിൽ പ്രതിമകൾ ഓരോന്നായി പുറത്തേക്കു ഒഴുകിത്തുടങ്ങി.
“രക്ഷപ്പെട്ടോളൂ മക്കളേരക്ഷപ്പെട്ടോളൂ “അയാൾ ആഹ്‌ളാദത്തോടെ അവയെ നോക്കി പുലമ്പി .”ഈ നശിച്ച കിളവി കാരണമാ ഞാൻ ഇവിടെ തളക്കപ്പെട്ടുപോയതു….പൊയ്‌ക്കോ.വേഗം പൊയ്‌ക്കോ “അയാൾ ഹിസ്റ്റീരിയ ബാധിച്ചവനെപ്പോലെ പ്രതിമകളോരോന്നും എടുത്തു പുറത്തേക്കു എറിയാൻ തുടങ്ങി …പിന്നെ മുട്ടോളമെത്തിയ വെള്ളത്തിലൂടെ നടന്നു അയാൾ ചിന്നമ്മുവിനു അരികിലെത്തി .
എപ്പോഴോ പ്രാണൻ വേർപെട്ടുപോയ അവരുടെ മുടിച്ചുരുളുകൾ മഴവെള്ളത്തിൽ ലാസ്യ നൃത്തമാടിത്തുടങ്ങിയിരുന്നു .
“അപ്പോൾ നീയും രക്ഷപ്പെട്ടു അല്ലേ”മനസ്സമാധാനത്തോടെ അയാൾ അവരുടെ കണ്ണുകൾ തിരുമ്മിയടച്ചു.
പിന്നെ ,പ്രളയജലത്തിൽ സംഹാര താണ്ഡവമാടാൻ തുടങ്ങിയ പുഴയുടെ തണുപ്പിലേക്ക് മുങ്ങാംകുഴിയിട്ടു …….**********************************


           ചെറുകഥ ...... സുലോചന തോമസ് .
Scroll to Top