പൊരുളറിയാതെ

“ഇപ്പോഴത്തെ പിള്ളേർക്കിതു എന്നാത്തിന്റെ ഏനക്കേടാ….വീട്ടീന്ന് സ്നേഹം കിട്ടണില്ലത്രേ,സ്നേഹം …അതുംപറഞ്ഞിട്ടു കണ്ട തോന്ന്യാസങ്ങളൊക്കെ കാട്ടിക്കൂട്ടുക, ഒടുക്കം വല്ല കുരുക്കിലും ചെന്ന് ചാടി ജീവനൊടുക്കുക…ഇതെന്നാ
ഈ സ്നേഹംന്നു പറേണത് വല്ല കാപ്പിയോ കഞ്ഞിയോ പോലെ വല്ലോമാണോ, കോപ്പയിലോ പിഞ്ഞാണത്തിലോ നിറച്ചു വിളമ്പിക്കൊടുക്കാൻ “
അയാൾ അമർഷം പൂണ്ടു….”കലികാലം ! അല്ലാണ്ടെന്താ …” നമ്മുടെയൊക്കെ കുഞ്ഞുന്നാളില് വയറുനിറയെ തിന്നാൻ തന്നില്ലെങ്കിലോ ,പറമ്പിൽ പന്ത് കളിക്കാൻ വിട്ടില്ലെങ്കിലോ ഒക്കെയായിരുന്നു , കരച്ചിലും പിഴിച്ചിലും പതംപറച്ചിലുമൊക്കെ …കാലം ഒത്തിരി മാറിപ്പോയി ചങ്ങാതീ ,മാറാത്തത് നമ്മുടെ ചിന്താഗതിയാ….”അയാളുടെ വർത്തമാനം കേട്ടിരുന്നയാൾ പ്രതികരിച്ചു.
ഒരു ആയുർവേദ ചികിത്സയുടെ ഭാഗമായി , എന്റെ ഭർത്താവിന് ഉഴിച്ചിലും കിഴികുത്തലും നടന്നുകൊണ്ടിരിക്കെ, വൈദ്യശാലയുടെ വെയിറ്റിംഗ്‌റൂമിൽ ഇരിക്കുകയായിരുന്നു ഞാൻ …അപ്പോഴാണ് തികച്ചും രസകരമെന്നു തോന്നിയ ഈ സംഭാഷണം ഞാൻ കേട്ടത്. മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ടു , പേപ്പർ വായിക്കുന്നുവെന്ന വ്യാജേന ഞാൻ അവരുടെ സംസാരത്തിനായി കാതോർത്തു.
“സത്യത്തിൽ ഇന്നത്തെ തലമുറയ്ക്ക് എന്താ പറ്റിയത് “ആദ്യത്തെ ആൾ ചോദിച്ചു …..ഉച്ചത്തിലുള്ള ഒരു ചിരിയായിരുന്നു മറുപടി .”അതിതുവരെയും മനസ്സിലായില്ലേ ? മതിയുടെ അഹമ്മതി…അല്ലാതെന്താ …ഇന്നത്തെ കുട്ട്യോൾക്ക് എന്തിന്റെയെങ്കിലും കുറവുണ്ടോ…ഇല്ലായ്മകളും വല്ലായ്മകളും എന്തെങ്കിലും അവർ അറിയുന്നുണ്ടോ …അല്ല, നമ്മൾ അവരെ അറിയിക്കുന്നുണ്ടോ ….പെറ്റുവീഴുന്നതു തന്നെ ലാപ്ടോപ്പിന്റെയും മൊബൈലിന്റെയും മേലേക്കല്ലേ ?
“ശരിയാ…ശരിയാ ..കൊണ്ടും കൊടുത്തും , ഉള്ളത് എല്ലാവരും കൂടി പങ്കിട്ടെടുത്തും എത്ര സംതൃപ്തി യോടെയാ നമ്മളൊക്കെ വളർന്നു വന്നത് !
ഇന്നത്തെ പിള്ളേർക്ക് സന്തോഷം എന്നൊന്നുണ്ടോ …ഏതുനേരം നോക്കിയാലും ചെവിയിലേതാണ്ട് വയറും തിരുകിവെച്ചു ഈ ലോകത്തെങ്ങും അല്ലാത്തപോലെ ഇരുപ്പല്ലേ …കുട്ടിത്തത്തിന്റെ ,ഓമനത്തത്തോടെ ഒരു കുഞ്ഞിനെയെങ്കിലും കാണാനുണ്ടോ …വല്ലതും തിന്നുന്നത് കണ്ടിട്ടുണ്ടോ ?
നോട്ടവും ശ്രദ്ധയും മുഴുവൻ മുമ്പിലിരിക്കുന്ന മൊബൈലിൽ അല്ലേൽ ലാപ്ടോപ്പിൽ , എന്തൊക്കെയോ വാരി തിന്നുന്നു,പോകുന്നു…കഷ്ടം തന്നെ !അയാൾ പൊട്ടിത്തെറിച്ചു .
“സാറ് പറഞ്ഞത് അക്ഷരം പ്രതി ശരിതന്നെ …സത്യത്തിൽ ഈ സായിപ്പന്മാരുടെ മേൽക്കോയ്മ ഇപ്പോഴും നമ്മളിലുണ്ടെന്നാ എന്റെ വിശ്വാസം …അവന്മാരവിടെക്കിടന്നു എന്തൊക്കെ പോക്കിരിത്തരങ്ങൾ കാണിക്കുന്നോ അതെല്ലാം ഫാഷൻ എന്നുപറഞ്ഞു ഇവിടുള്ളോരു അനുകരിക്കയല്ലേ …ഇന്ന് കുടുംബങ്ങൾക്ക് കെട്ടുറപ്പുണ്ടോ…പിള്ളേർക്ക് അച്ഛനമ്മമാരെയും മുതിർന്നവരെയും ബഹുമാനമുണ്ടോ …അനുസരണയുണ്ടോ ?തെറ്റ് കണ്ടാലും വഴക്കൊന്നും ആരും പറയാൻ പാടില്ല , ആത്‌മഹത്യ ചെയ്തു കളയും! ഇനി എന്നാണെന്നറിയില്ല പിള്ളേരെ ഗുണദോഷിച്ചതിനു പോലീസുവന്നു തന്തേം തള്ളേം പിടിച്ചകത്തിടുന്നത് !”
“നേരാ …നോക്കീം കണ്ടും വേണം മക്കളോടൊക്കെ സംസാരിക്കാൻ …ഇന്നാളു ക്യാനഡയിലുള്ള , എന്റെ പരിചയത്തിലുള്ള ഒരാള് മോനോട് എന്തുണ്ട് വിശേഷം എന്ന് ചോദിച്ചതിന് അവൻ മറുപടി അയച്ചത് രണ്ടു പടം …രണ്ടു കയ്യും കൂട്ടി കൂച്ചുവിലങ് ഇട്ടതിന്റെയും , തലയ്ക്കു പകരം ദൂരദർശിനി ഘടിപ്പിച്ച മനുഷ്യന്റെയും ….എന്നതാ കാര്യം ? തള്ള ഏതുനേരവും അവന്റെ ചെയ്തികൾ നിരീക്ഷിച്ചോണ്ടിരിക്കുവാണെന്നും അവനൊന്നും ചെയ്യാൻ സ്വാതന്ത്ര്യം ഇല്ലെന്നും ! എല്ലാം ഇപ്പൊ സിംബോളിക് അല്ലേ…പോരെങ്കി കോഡ് ഭാഷേം …ഇതൊക്കെ മനസ്സിലാക്കാൻ നമുക്കൊള്ള പഠിത്തമൊന്നും പോരാ ….പിള്ളേർക്കൊക്കെ ഇപ്പം പണവും അവർക്കു തോന്നുന്നത് ചെയ്യാനുള്ള സൗകര്യവും മതിയെന്നേ…തന്തേം തള്ളേം ആവശ്യങ്ങൾ സാധിച്ചു കൊടുക്കുന്ന യന്ത്രങ്ങൾ …എന്തിനാ ഏതാ എന്ന ചോദ്യം ഒന്നും വേണ്ട …അപ്പനമ്മമാരായി പോയതിന്റെ ശിക്ഷ “
“അതെ അതെ …” മറ്റെയാൾ സംഭാഷണം തുടർന്നു
“ഇന്നാളു കോളേജിൽ പഠിക്കുന്ന എന്റെ മോള് പറയുവാ ,അവടെ കൂടെപഠിക്കുന്ന ഒരു പെൺകൊച്ചു , ബസ്സെക്കേറി കോളേജിലേക്ക് ടിക്കറ്റെടുത്തിട്ടു , ഏതോ ഫോൺകാൾ വന്നപ്പം പാതിവഴിക്കിറങ്ങിപ്പോയെന്നു പിന്നെ അവള് കയറിയ ബസ് സിഗ്നൽകാത്തുകിടക്കുമ്പോഴുണ്ട് , ബസ്സീന്നിറങ്ങിയ പെണ്ണ് , ബൈക്കിൽ ഒരുത്തനെ കെട്ടിപ്പിടിച്ചു , കെട്ടിയോനെയും പെമ്പറന്നോത്തിയെയും പോലെ പോകുന്നത് കണ്ടെന്ന്…
എന്റെ തമ്പുരാനേ ..എനിക്കതു കേട്ടിട്ട് മേല് പെരുത്തുവന്നു …ഞാൻ എന്റെ പെൺകൊച്ചിനോട് പറഞ്ഞു, ഇതൊന്നും കണ്ടു നീ തുള്ളണ്ട കേട്ടോ എന്ന് .ഇപ്പം പീഡനങ്ങളുടെ കാലമല്ലേ…ആമ്പിള്ളാരാവുമ്പം ചിലപ്പോ കയ്യും കലാശവും കാട്ടി പെണ്ണിനെ വളച്ചെന്നിരിക്കും …വലയിൽ വീഴാതെയും ,കേടാവാതെയും സൂക്ഷിക്കേണ്ടത് പെണ്ണാ …ഇല ചെന്ന് മുള്ളിൽ വീണാലും ,മുള്ളു ചെന്ന് ഇലയിൽ വീണാലും ആർക്കാ കേട്?”
രണ്ടു നിമിഷം അവിടെ നിശ്ശബ്ദത പരന്നു.
പിന്നെ രണ്ടാമൻ പതിയെ പറഞ്ഞു തുടങ്ങി …”അത് ശരി തന്നെ സഹോദരാ…എന്നാലും മറ്റുള്ള പെൺകുട്ടികൾ സ്വന്തം അമ്മയെപ്പോലെയോ, പെങ്ങളെപ്പോലെയോ ബഹുമാനിക്കപ്പെടേണ്ടവരാണെന്നു നമ്മുടെ ആൺകുട്ടികളെയും പഠിപ്പിക്കേണ്ടതല്ലേ …ഇന്ന് അവൻ വഴിപിഴപ്പിച്ചു നിഷ്കരുണം വലിച്ചെറിയുന്നതുപോലെ ഒരു പെൺകുട്ടിയെ നാളെ അവന്റെ ജീവിതത്തിലേക്ക് ഭാര്യയായി അവൻ സ്വീകരിക്കുമോ?”
“ഹേയ്,അതൊന്നും ശരിയാവില്ല…ആണാവുമ്പോൾ ചെളി കാണുന്നിടത്തു ചവുട്ടും, വെള്ളം കാണുന്നിടത്തു കഴുകും …അത്ര തന്നെ …സൂക്ഷിക്കേണ്ടത് പെണ്ണ് തന്നെ “
“എങ്കിൽ ഞാൻ ഒന്ന് ചോദിച്ചോട്ടെ , ഈ മനസ്ഥിതിയുള്ള ഒരു പയ്യൻ ,താങ്കളുടെ സ്വന്തം മകളെ നശിപ്പിച്ചുവെന്നറിഞ്ഞാൽ ,താങ്കളെന്തുചെയ്യും ?”

“ചവുട്ടി അവന്റെ നട്ടെല്ലൊടിക്കും ഞാൻ “അലറിക്കൊണ്ട് ചാടിയെഴുന്നേറ്റു മറ്റേയാൾ…..ഇതുകേട്ട് ഞാൻ ഞെട്ടിപ്പോയി …ഇപ്പോൾ അവിടെ അടി നടന്നേക്കുമെന്നും തോന്നി .
ചങ്കിടിപ്പോടെ ഞാൻ രണ്ടുപേരെയും മാറിമാറി നോക്കി.
രണ്ടാമൻ പതിയെ ചിരിക്കാൻ തുടങ്ങി…പിന്നെ പറഞ്ഞു,”ഇതുപോലെ വേറെ ഏതെങ്കിലും ഒരപ്പൻ, മകളെ വഴിപിഴപ്പിച്ചതിനു , നമ്മുടെയൊക്കെ ആണ്മക്കളുടെ നട്ടെല്ല് ചവുട്ടി ഒടിക്കാതിരിക്കാൻ വേണ്ടീട്ടാണ് , മകളോടൊപ്പം നല്ല പാഠങ്ങൾ മകനെയും പഠിപ്പിക്കണമെന്ന് ഞാൻ പറഞ്ഞത് “
നിശ്ശബ്ദതയുടെ അദൃശ്യമായ ഒരു വല പൊടുന്നനെ ശബ്ദങ്ങളുടെ ഘോഷയാത്രക്കുമേൽ ആധിപത്യം സ്ഥാപിച്ചതുപോലെ എനിക്ക് തോന്നി.
ഇടം കണ്ണിട്ടു ഞാൻ രണ്ടുപേരെയും മാറി മാറി നോക്കി. ഒരു യുദ്ധം കഴിഞ്ഞ ക്ഷീണ ഭാവത്തിൽ കസേരയിലേക്ക് ചാരി ,കണ്ണുകളടച്ചിരിക്കുകയാണ് അവർ.
ഓരോരുത്തരുടെ ഉള്ളിൽ ഒളിഞ്ഞുകിടക്കുന്ന സ്വാർത്ഥതയുടെ കാളസർപ്പങ്ങൾ അവർപോലുമറിയാതെ പുറത്തു ചാടി ,പത്തിവിടർത്തിയാടുന്ന ചില സന്ദര്ഭങ്ങളെക്കുറിച്ചോർത്തു് ഞാനറിയാതെ ചിരിച്ചുപോയി.
ചികിത്സാമുറിയിൽ നിന്നിറങ്ങിവന്ന എന്റെ ഭർത്താവ്, എന്റെ ചിരിയുടെ പൊരുളറിയാതെ അന്തം വിട്ടു നിൽക്കെ, പോകാം എന്ന് ആംഗ്യം കാട്ടി ,പത്രം മടക്കിവച്ചു ,ഞാൻ പതിയെ മുറിവിട്ടിറങ്ങി ….
*******************************

Scroll to Top