പേറ്റുനോവ്

“എനിക്ക് പെറണ്ട,..പേടിയാ…സിസ്സേറിയൻ വേണം “…ശോശന്ന വാശി പിടിച്ചു….വിട്ടുവിട്ടു വരുന്ന വേദന ബലംപിടിച്ചമർത്തി,ശ്വാസംപിടിച്ചു സിസ്സേറിയൻ എന്ന് പിറുപിറുത്തുകൊണ്ടിരുന്നു.
“തല തുമ്പത്തു വന്നിരിക്കുകയാ….ഒന്നമർത്തി മുക്കുകയെ വേണ്ടു….”തഴക്കവും പഴക്കവും വന്ന വയറ്റാട്ടി ചെല്ലമ്മ ,ഇതുകേട്ട് ത്രേസിയാമ്മച്ചിയോടു മന്ത്രിച്ചു .
തന്തേം തള്ളേം ഇല്ല,കെട്ടിയോനും അടുത്തില്ലെന്നു വച്ച് ,അവക്കടെ മോഹം നമുക്ക് സാധിച്ചു കൊടുക്കാതെ പറ്റുവോടി ചെല്ലേ …. നീ ഒരു കാര്യം ചെയ്യൂ …”ത്രേസിയാമ്മച്ചി എന്തോ ഒന്ന് ചെല്ലമ്മയുടെ ചെവിയിൽ അടക്കം പറഞ്ഞു
അരമണിക്കൂർ കഷ്ടി…ഫ്ലാനലിൽ പൊതിഞ്ഞ ഒരൂട്ടവുമായി ചെല്ലമ്മേടെ കൊച്ചുമോൻ ഓടിയെത്തി .”
“അവള് പറഞ്ഞ സാധനം തന്നേടി ഇത് ?” പൊതി തുറന്നുനോക്കി ത്രേസിയാമ്മച്ചി ചോദിച്ചു
“ആണെന്നാ തോന്നുന്നത്'”
“എന്നതാ ചെക്കാ ഇതിന്റെ പേര് ?’ “പൊമറേനിയൻ” ചെക്കൻ മൊഴിഞ്ഞു …
“എന്നാ ചെല്ലേ …നീ ഇത് അവക്കടെ കയ്യി കൊണ്ട് കൊടുക്ക് “ചെല്ലമ്മ രണ്ടുകയ്യും നീട്ടി പൊതി വാങ്ങി .
“ഇന്നാ കുഞ്ഞേ ,കുഞ്ഞു പറഞ്ഞ സിസ്സേറിയൻ കിട്ടിയില്ല….അതുപോലെ ഏതാണ്ടോവാ ഇത് …നല്ല പൂച്ചകുഞ്ഞുപോലെ
പൂടയോക്കെ ഉള്ളൊരു പട്ടിക്കുഞ്ഞു !”ചെല്ലമ്മ ഫ്ലാനൽ തുറന്നു ഉള്ളടക്കം ശോശന്നയെകാട്ടി .
സർവ വേദനകളും മറന്നു ശോശന്ന പൊട്ടിച്ചിരിച്ചു .
ചിരികൾക്കൊടുവിൽ റോസാപ്പൂവ് പോലൊരു പെണ്കുഞ്ഞു ശോശന്നക്കരുകിൽ കിടന്നു “ളേ…ളേ “ന്നു കരഞ്ഞു ……….
=================================

Scroll to Top