പെൺ ബുദ്ധി……

സതിയോടു എനിക്ക് വല്ലാത്ത ദേഷ്യം തോന്നി. ഒരുച്ചയുറക്കത്തിന് ആകെ സ്കോപ്പുള്ളൊരു ഞായറാഴ്ചയാണ് …

മഹിളാ സമാജത്തിലെ പണിയില്ലാത്ത കൊച്ചമ്മമാരുടെ പൊങ്ങച്ച പ്രസംഗം കേൾക്കാൻ വിളിച്ചുകൊണ്ടുവരേണ്ട വല്ല കാര്യവുമുണ്ടോ ?. ഗതികേട് !…അല്ലാതെന്തുപറയാൻ. സുനന്ദ ചേച്ചിക്ക് ‘ കുത്തിക്കുറിക്കാൻ’ എന്തെകിലുമൊക്കെ വീണുകിട്ടുമെന്ന സതിയുടെ പ്രലോഭനങ്ങളിൽ വീണുപോയെന്നു പറഞ്ഞാൽ മതിയല്ലോ…

” ഇത് എഴുത്തുകാരി സുനന്ദാപോൾ , എന്റെ കസിനാ….” കണ്ടവരോടെല്ലാം സതി പറഞ്ഞു .എനിക്ക് ലജ്ജ തോന്നി. അറിയപ്പെടുന്ന ഒരു എഴുത്തുകാരിയൊന്നുമല്ല ഞാൻ …പലപ്പോഴായി മനസ്സിൽ തോന്നുന്നതൊക്കെ കുത്തിക്കുറിച്ചു , എന്നെങ്കിലുമൊരിക്കൽ ഒരാവേശത്തിനു പകർത്തി എഴുതി , നല്ലതെന്നു തോന്നിയാൽ മാത്രം പ്രസിദ്ധീകരിക്കാൻ അയച്ചുകൊടുക്കുന്ന ഒരു പാവം നാട്ടിന്പുറത്തുകാരി. മനസ്സിലെ നൊമ്പരങ്ങൾ മുഴുവൻ എഴുതിത്തീർത്തു ആശ്വാസംകൊള്ളുന്ന ഒരു സാധു… അതിലപ്പുറം ഒരു വിശേഷണങ്ങളും ഞാൻ അർഹിക്കുന്നില്ലെന്നറിയാവുന്നതുകൊണ്ടാവാം , ആൾക്കൂട്ടത്തിനുമുന്നിൽ പാകമല്ലാത്തൊരു കുപ്പായം അണിഞ്ഞെത്തിയതുപോലൊരു ജാള്യത തന്നെ വന്നു മൂടിയത്.

ശാസനയോടെ ഞാൻ സതിയെ നോക്കി. അവൾ ഒരു പ്രത്യേകരീതിയിൽ എല്ലാവരെയും നോക്കി അഭിവാദ്യം ചെയ്യുകയും കൃത്രിമമായി ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. എനിക്ക് പരിചിതയായ സതിയേ ആയിരുന്നില്ല അവളപ്പോൾ …. സങ്കോചത്തോടെ ഞാൻ അവിടെക്കണ്ട കസേരയിലേക്കിരുന്നു.

” സുനന്ദചേച്ചി , ഇതെന്താ ഇവിടിരുന്നു കളഞ്ഞത് ? ഡയസ്സിലല്ലേ ഇരിക്കേണ്ടത് ?”

സതി ഓടിവന്നു എന്റെ കയ്യിൽ പിടിച്ചു.

” വേണ്ട കുട്ടീ …ഞാനിവിടെ ഇരുന്നോളാം…” ഞാൻ ഒഴിഞ്ഞുമാറി….

” ഇതായിപ്പോ നല്ല കഥ…ചർച്ച ഉത്ഘാടനം ചെയ്യേണ്ട ആൾ ഇവിടിരുന്നാലെങ്ങനാ ?”

സതി ചിരിച്ചു.

” ഞാനോ ?.” ഞാൻ ഞെട്ടിപ്പോയി.

” പിന്നല്ലാണ്ട് … ഞാൻ ഒരു വിധത്തിലാ സെക്രട്ടറി ശാരദാമണിയെ പറഞ്ഞു സമ്മതിപ്പിച്ചത് . എല്ലാതവണയും അവരുടെ വകേലെ കുഞ്ഞമ്മേടെ മകളുണ്ടല്ലോ…. ഒരു ഐപിഎസ്കാരി , അവരെയുംകൊണ്ട് വരും …എന്താ ഒരു തള്ളിച്ച. ഇത്തവണ ഒരു എഴുത്തുകാരി മതിയെന്ന് ശാട്യം പിടിച്ചതും , പിടിച്ചപിടിയാലേ സുനന്ദചേച്ചിയെ ഞാൻ കൊണ്ടുവന്നതും അതുകൊണ്ടാ …” സതി സത്യം വെളിപ്പെടുത്തി.

“ചതി ” ഞാൻ മനസ്സിൽ പറഞ്ഞു. പിന്നെ, ഉയർന്നുവന്ന ദേഷ്യം ഉള്ളിലൊതുക്കി , കഴിയുന്നത്ര സൗമ്യതയോടെ പറഞ്ഞു :

” സതീ…. എനിക്കൊന്നും അറിയില്ല , എന്താണിവുടുത്തെ ചർച്ച വിഷയമെന്നുപോലും. എന്തിനെക്കുറിച്ചായാലും യാതൊരു തയ്യാറെടുപ്പുമില്ലാതെ …..ഇല്ല….എനിക്ക് പറ്റില്ല “

” ചേച്ചിയിങ്ങു വന്നേ …., ഞാൻ പറയട്ടെ ….സതി എന്റെ കൈ പിടിച്ചു ആളൊഴിഞ്ഞ ഒരു മൂലയിലേക്ക് കൊണ്ടുപോയി . പിന്നെ ശബ്ദം താഴ്ത്തി പറഞ്ഞു :

” ഒന്നിനും ഒരു വിവരവും ഇല്ലെന്നേ ….ഒറ്റയൊരെണ്ണം പത്രംപോലും വായിക്കാറില്ല . അതുകൊണ്ടല്ലേ സുനന്ദചേച്ചിയുടെ പത്തുപതിനഞ്ചു നോവലുകളും അതിലേറെ കഥാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും , ഇത്തവണത്തെ “നാരായം ” അവാർഡ് ചേച്ചിക്കാണെന്നുമൊക്കെ ധൈര്യമായി തട്ടിവിട്ടത്….”

” നാരായം ” അവാർഡോ ….അതെന്തൊന്നാ ? ” ഞാൻ ചോദിച്ചു.

” തകഴിക്കു കയറാവാർഡ് കിട്ടിയിയതുപോലൊന്നാണെന്നുവച്ചോ … ഇങ്ങനൊരവാർഡ് സുനന്ദചേച്ചിക്കു കിട്ടിയലെന്താ പുളിക്കുമോ ?… അവളുമാരറിയെട്ടെ പേരുകേട്ട ആൾക്കാരൊക്കെ എനിക്കും സ്വന്തക്കാരായിട്ടുണ്ടെന്നു…” സതി വീറോടെ പറഞ്ഞു.

എന്റെ കണ്ണ് തള്ളിപ്പോയി… എന്തൊക്കെയാണിവള് പറയുന്നത്. എന്റെ പരിഭ്രമം കണ്ടിട്ടാവാം സതി പറഞ്ഞു :

” ഒന്നും പേടിക്കണ്ടെന്നേ … ചേച്ചി ചുമ്മാ അങ്ങ് നിന്ന് തന്നേച്ചാ മതി. ബാക്കിയൊക്കെ ഞാനേറ്റു .”

വിളറിയ മുഖത്തോടെ ഞാൻ നിന്നു .

” ചേച്ചി വന്നേ ..” സതി കൈ പിടിച്ചു വലിച്ചു. അറവുമാടിന്റെ മനസ്സോടെ ഞാൻ അവളോടൊപ്പം ചെന്നു . ഏതായാലും നനഞ്ഞു, ഇനി കുളിച്ചു കയറുകതന്നെ….

” ആട്ടെ എന്താ നിങ്ങളുടെ ചർച്ചാ വിഷയം സതീ ..?” ഞാൻ ആരാഞ്ഞു .

” പുരുഷ മേധാവിത്വം വേണോ വേണ്ടയോ ? ” സതി ഉശിരോടെ പറഞ്ഞു.

” നമുക്ക് അടിച്ചു കസരണം ചേച്ചീ …പുരുഷന്മാരുടെ പീഡനം സഹിച്ചു സഹിച്ചു പാവം പെണ്ണുങ്ങൾക്ക് സ്വന്തമായി ഒരു മനസ്സുപോലും ഇല്ലാതായി…പെണ്ണുങ്ങളൊന്നും അത്ര മോശക്കാരല്ലെന്നു പുരുഷന്മാരും അറിയട്ടെ …ന്യൂസ് കവർ ചെയ്യാൻ എ സി വി ക്കാരും വരുന്നുണ്ട്.” സതി ആവേശത്തോടെ പറഞ്ഞു.

എന്റെ ചങ്കിടിപ്പേറി. ആഴ്ചയിലൊരിക്കൽമാത്രം വീട്ടിലെത്തുന്ന പോളേട്ടനെയും കെട്ടിപ്പിടിച്ചു കിടന്നുറങ്ങാനുള്ളതിനുപകരം ഇവളുടെ നിർബന്ധത്തിനു വഴങ്ങി വേഷംകെട്ടി ഇറങ്ങാൻ തോന്നിയ നിമിഷങ്ങളെ ഞാൻ മനസ്സാ ശപിച്ചു.,

” എന്റെ സതീ, ഈ വിഷയത്തെക്കുറിച്ചു എനിക്കൊന്നും പറയാനറിയില്ലല്ലോ…”

” വെരി സിമ്പിൾ …..നമുക്ക് സ്വാതന്ത്ര്യം തീരെ പോരെന്നും, പെമ്പിള്ളാരെയൊക്കെ നിലക്ക് നിർത്താമെന്നു ഭർത്താക്കന്മാർക്ക് വല്ല വിചാരവുമുണ്ടെങ്കിൽ ഇനി അത് നടക്കില്ലെന്നും , ഇത് കമ്പ്യൂട്ടർ യുഗമാണെന്നുമൊക്കെ ഇത്തിരി സാഹിത്യം മേമ്പൊടിചേർത്തു തട്ടിവിട്ടാ മതിയെന്നേ …. ഇതിലൊക്കെ ചിന്തിക്കാനെന്നായിരിക്കുന്നു ? പിന്നെ വ്യൂവേഴ്സ് …അവര് നമ്മുടെ സാരീം കോലോം ഒക്കെ നോക്കി ഇരുന്നോളും…പറയുന്നതൊക്കെ ആര് കേൾക്കാൻ ?” അവൾ ലാഘവത്തോടെ പറഞ്ഞു.

എനിക്ക് ഉള്ളിൽ ചിരി വന്നു . മഹിളാ സമാജത്തിലെ ഒട്ടു മുക്കാലും ലലനാമണികളുടെ കുടുംബ ജീവിതം അത്ര ചൊവ്വുള്ളതല്ലെന്നു തനിക്കറിയാം. അതൊന്നുകൊണ്ടുമാത്രം ഇത്തരത്തിലുള്ള ചർച്ച അവർക്കേറെ സുഖിക്കുമെന്നുമറിയാം. … എന്നാലും…

” എന്റെ സതീ…. എനിക്ക് പുരുഷമേധാവിത്വത്തോടു വെറുപ്പൊന്നുമില്ല…..മാത്രവുമല്ല ഭർത്താവിന്റെ സംരക്ഷണത്തിലും സ്നേഹത്തിലും ആശ്വാസവും ആനന്ദവും കാണുന്നവളാണ് ഞാൻ…..അവരെ ഭരിക്കുന്നതിനേക്കാൾ അവരാൽ ഭരിക്കപ്പെടാനാണെനിക്കിഷ്ടം . അടിമകളാണെന്നു നാം സ്വയം കരുതാത്തിടത്തോളംകാലം , സ്‌നേഹംകൊണ്ടുള്ള ഈ അദൃശ്യ ബന്ധനം ഇഷ്ടപ്പെടുന്നവളാണ് ഞാൻ. ഇതൊന്നും നിനക്കറിയാത്തതല്ലല്ലോ …അതുകൊണ്ടു മനഃസ്സാക്ഷിക്കുനിരക്കാത്ത ഒരു കാര്യം പറഞ്ഞു ഫലിപ്പിക്കാനും പൊള്ളയാ വാദഗതികൾക്കു ചുക്കാൻ പിടിക്കാനും എനിക്ക് വയ്യ “

” ചേച്ചി എന്നെ നാണംകെടുതിയെ അടങ്ങൂ അല്ലേ ?…”

” എന്നൊന്നും ഇല്ല സതീ… പക്ഷെ പറ്റാത്ത കാര്യം പറ്റില്ലെന്ന് പറയാനാണെനിക്കിഷ്ടം ..”

” എന്ന പിന്നിനി ഒരു കാര്യം ചെയ്യാം ….ചേച്ചി മൊബൈൽ എടുത്തിട്ടുണ്ടല്ലോ അല്ലേ ? ഞാൻ അതിലേക്കു വിളിക്കാം . അറ്റെൻഡ്ചെയ്തിട്ടു ‘ ശരി …ശരി …ഉടനെ വരാം ‘ എന്ന് മാത്രം പറഞ്ഞാൽ മതി …. വേഗം ആ സെക്രട്ടറി ശാരദാമണിയുടെ അടുത്തുപോയി നിന്നോ…ബാക്കി ഞാൻ മാനേജ് ചെയ്തോളാം.”

ഞാൻ ആശ്വാസത്തോടെ തലയാട്ടി. രണ്ടു മിനിട്ടു കഴിഞ്ഞപ്പോൾ എന്റെ മൊബൈൽ ചിലച്ചു . ഞാൻ സതിയുടെ നിർദേശം അക്ഷരംപ്രതി അനുസരിച്ചു….

ഫോൺ ഓഫ് ചെയ്യേണ്ട താമസം …അതാ വരുന്നു മൈക്കിലൂടെ അനൗൺസ്‌മെന്റ് :..

” പ്രശസ്ത എഴുത്തുകാരി സുനന്ദാപോളിന്റെ വാടകരയിലുള്ള അങ്കിൾ ഹൃദയസ്തംഭനംമൂലം മരിച്ചതായി ഇൻഫർമേഷൻ കിട്ടിയതുകൊണ്ട് ഇന്നത്തെ ചർച്ചയിൽ അവർക്കു പങ്കെടുക്കാൻ സാധിക്കില്ല എന്ന് ഖേദപൂർവ്വം അറിയിക്കുന്നു…”

‘ ഏതങ്കിൾ ? ‘ എനിക്ക് ഉള്ളിൽ ചിരി വന്നു. പിന്നെ കഴിയുന്നത്ര ദുഃഖം മുഖത്ത് വരുത്തി എല്ലാവരോടും യാത്രപറഞ്ഞു അവിടെനിന്നും രക്ഷപ്പെടുമ്പോൾ മനസ്സിലോർത്തു…

” പെൺബുദ്ധി പിൻബുദ്ധിയെന്നു ആരുപറഞ്ഞു…..?.

******************************

Scroll to Top