പെണ്ണെഴുത്ത് !

“സെക്സും വയലൻസും ലഹരിയുമില്ലാതെ എന്തു സാഹിത്യം? ….വായിയ്ക്കുന്നവരുടെ സിരകളിൽ രക്തം തിളയ്ക്കണം…..ഞരമ്പുകൾ ഉദ്വേഗംകൊണ്ടു വലിഞ്ഞു മുറുകണം…ഹൃദയം അതിദ്രുതം ത്രസിയ്ക്കണം….ഇതു വെറും പെണ്ണെഴുത്ത്.!…..വീട്ടുകാര്യങ്ങൾ നോക്കി, അടങ്ങിയൊതുങ്ങിക്കഴിയാതെ, വായിൽത്തോന്നിയതൊക്കെ , ഒരുപേപ്പറിലേയ്ക്കു കുത്തിക്കുറിച്ച് വച്ചാൽ സാഹിത്യമാകുമോ ? ഇതു വെറും ചവറ്.!….മടക്കിയേരേ …”

മേശപ്പുറത്തേയ്ക് കൈയ്യെഴുത്ത്പ്രതി വലിച്ചെറിഞ്ഞ്, ചീഫ് എഡിറ്റർ കുമാരദാസ് ,കസേരയിൽനിന്നെഴുന്നേറ്റു.

റിവ്യൂ കമ്മിറ്റിയിലെ അംഗങ്ങൾ ആശ്ചര്യത്തോടെ മുഖത്തോടുമുഖം നോക്കി.

എല്ലാവരും ഒരേ സ്വരത്തിൽ ഏറ്റവും നല്ലതെന്ന അഭിപ്രായം പറഞ്ഞ സൃഷ്ടിയാണ് , ഒന്നു നേരേചൊവ്വേ വായിച്ചുപോലും നോക്കാതെ , തിരിച്ചയച്ചേക്കാൻ പറഞ്ഞിരിയ്ക്കുന്നത്….

പാരവയ്പും കുതികാൽവെട്ടും ഭൂഷണമാക്കിയിരിയ്ക്കുന്ന മറ്റിതര പ്രസ്ഥാനങ്ങളേയും പോലെ, നമ്മുടെ പ്രസ്ഥാനവും ധാർമ്മികമായി അധ:പ്പതിച്ചുപോയല്ലോ എന്നു അവർ അന്യോന്യം പറയാതെ പറഞ്ഞുകൊണ്ടിരുന്നു…..

“മേച്ചിൽപ്പുറങ്ങൾ” എന്ന മനോഹരമായ, മഞ്ഞുതുള്ളികൾ പോലെ സുതാര്യമായ , ആ നോവൽ മടക്കി അയയ്ക്കുമ്പോൾ, സ്വന്തം മനസ്സാക്ഷിയോടെങ്കിലും നീതി പുലർത്തണമെന്നു തോന്നി ഗൗതംഗോകുലിന്….

അതുകൊണ്ടുമാത്രം അയാളൊരു കുറിമാനമെഴുതി , നോവലിനോടൊപ്പം പിൻ ചെയ്തു വച്ചു.:

“പ്രീയ സാഹിത്യകാരീ,

നിങ്ങളുടെ നോവൽ, ഞങ്ങളുടെ മാദ്ധ്യമത്തിന് ഉൾക്കൊള്ളാവുന്നതിലുമധികം മനോഹരവും, ഉന്നത നിലവാരം പുലർത്തുന്നതുമാകയാൽ നിരുപാധികം തിരിച്ചയയ്ക്കുന്നു.

എന്നാലും വ്യക്തിപരമായി എനിയ്ക്ക് താങ്കളോടുപറയാനുള്ളത്, ഈ നോവൽ , ’സാഗരം’ വാരികയുടെ, ഈ വർഷത്തെ, ‘ഉയരുന്ന പ്രതിഭകൾ’ മത്സരത്തിന് അയച്ചുകൊടുക്കണമെന്നാണ്.

ആശംസകളോടെ,

ഗൗതം ഗോകുൽ.

അയയ്ക്കേണ്ട വിലാസം മറുപുറത്തു കുറിയ്ക്കുന്നു.

പഴയതുപോലെ,കഴമ്പുള്ള പലതും ചവറ്റുകൊട്ടയിൽ സ്ഥാനംകണ്ടും, ചപ്പുചവറുകൾ വെളിച്ചംകണ്ടും ചില മാസങ്ങൾ കടന്നുപോയി ….

അപ്രതീക്ഷിതമായി , ഒരു കത്തു കൈയ്യിൽ കിട്ടിയപ്പോൾ ഗൗതം ആകാംക്ഷയടക്കാനാകാതെ, അപ്പോൾത്തന്നെ തുറന്നുനോക്കി.

“അപരിചിതനായ സുഹൃത്തേ,

ഒരു സന്തോഷവാർത്ത അറിയിയ്ക്കാനാണ് ഞാനിതു കുറിയ്ക്കുന്നത്.

മുളയിൽത്തന്നെ കൂമ്പടഞ്ഞുപോകുമായിരുന്ന എൻ്റെ ’എഴുത്തെ’ന്ന വള്ളിച്ചെടിയ്ക്ക് ,താങ്ങും വഴികാട്ടിയുമായിത്തീർന്ന താങ്കൾക്ക് ആദ്യം ഞാൻ നന്ദി പറയട്ടെ….

സാഗരം വാരികയുടെ, ബെസ്റ്റ്നോവലിനുള്ള ഈവർഷത്തെ അവാർഡിന് , എൻ്റെ ആദ്യനോവലായ”മേച്ചിൽപ്പുറങ്ങളാണ്” തിരഞ്ഞെടുത്തിട്ടുള്ളതെന്ന് എനിയ്ക്ക് ഒരറിയിപ്പു വന്നിട്ടുണ്ട്.

ഒപ്പം അവരുടെ ബാനറിൽത്തന്നെ എൻ്റെ നോവലിനെ ആസ്പദമാക്കി ഒരു സിനിമ നിർമ്മിയ്ക്കാനുള്ള ആലോചനയുണ്ടെന്നും ഒരു സൂചന തന്നിട്ടുണ്ട് ….അവാർഡു ദാനച്ചടങ്ങിൽ അവരതു പ്രഖ്യാപിച്ചേക്കും എന്നാണറിഞ്ഞത്.

താങ്കളുടെ സന്മനസ്സിന് ഒരായിരമായിരം നന്ദി….

ഈശ്വരൻ താങ്കളെ കനിഞ്ഞ് അനുഗ്രഹിയ്ക്കട്ടെ!

സൗദ.

ഗൗതം ഗോകുലിന് വിവരിയ്ക്കാനാവാത്ത സന്തോഷം തോന്നി. മറ്റൊരാളുടെ സന്തോഷങ്ങൾക്ക് താനൊരു നിമിത്തമായതിൻ്റെ ചാരിതാർത്ഥ്യം, അതൊന്ന് അനുഭവിച്ചറിയേണ്ടതാണ്..

തല്കാലം ആരോടും താനിതു പറയാൻ പോകുന്നില്ല…പറഞ്ഞാൽ , സൗദയ്ക്കുമാത്രം ഇങ്ങനൊരു കുറിമാനമയച്ചതിൻ്റെ കാരണം ചോദിക്കും…..ചില വക്രബുദ്ധിക്കാർ ,യുക്തിയ്ക്കും ബുദ്ധിയ്ക്കും നിരക്കാത്തപോലെ വേറൊരു തരത്തിൽ വ്യാഖ്യാനിച്ചെന്നുമിരിയ്ക്കും…..എന്തിനാ വെറുതേ….വേലിയേലിരുന്നതിനെയെടുത്ത് …….

അയാൾ കത്തു മടക്കി പോക്കറ്റിലിട്ടു…..

അവാർഡു ദാനച്ചടങ്ങിന്,ക്ഷണിക്കപ്പെട്ട അതിഥികളിലെ,ഒരു പ്രമുഖൻ ,കുമാരദാസായിരുന്നു.

പ്രശസ്തരായ മൂന്നെഴുത്തുകാർ , സംയുക്തമായി തിരഞ്ഞെടുത്ത, ലളിതമായ ഭാഷയിലെഴുതിയ, ചൂണ്ടിക്കാണിയ്ക്കാനാവുന്ന ഒരു കുറ്റവും കുറവുവില്ലാത്ത, സമൂഹത്തിനു നല്ലൊരു സന്ദേശം പകരുന്ന സാഹിത്യസൃഷ്ടിയെന്നാണ് ‘മേച്ചിൽപ്പുറങ്ങളെ ’വിശേഷിപ്പിച്ച് ‘ സാഗരത്തിൻ്റെ ചീഫ് എഡിറ്റർ പ്രസംഗിച്ചത്.

തൻ്റെ ഭാര്യയെപ്പോലൊരാളെ പെട്ടെന്നാണ് കുമാരദാസിൻ്റെ ശ്രദ്ധയിൽപ്പെട്ടത്.

ആരോ അല്ല, അവൾതന്നെ….ആ ബുദ്ദൂസിന് ഇവിടെ എന്താ കാര്യം?……ഒരുപക്ഷേ, ആർക്കെങ്കിലും കൂട്ടുവന്നതാകാം…എന്നാലും തന്നോടൊരുവാക്കു പറയേണ്ടതായിരുന്നു……ഇതങ്ങനെവിട്ടാൽപറ്റില്ല …വീട്ടിൽ ചെല്ലട്ടെ…..അയാൾ മനസ്സിൽ പറഞ്ഞു.

“അവാർഡ് സ്വീകരിയ്ക്കുന്നതിലേയ്ക്കായി ശ്രീമതി.സൗദയെ ഈ വേദിയിലേയ്ക്കു ക്ഷണിയ്ക്കുന്നു”എന്ന അനൗൺസ്മെൻ്റ് കേട്ട് കുമാരദാസിൻ്റെ ശ്രദ്ധ സ്റ്റേജിലേയ്ക്കായി.

അവാർഡ് വാങ്ങാനെത്തിയ ആളെക്കണ്ട് കുമാരദാസ് ഞെട്ടി.

‘സൗദ…സൗദാമിനി….’തൻ്റെഭാര്യ…! നീണ്ട കരഘോഷങ്ങൾ അടങ്ങിയപ്പോൾ, സൗദയ്ക്കു നേരേ നീണ്ടുവന്ന മൈക്രോഫോൺ വാങ്ങി അവർ പറഞ്ഞുതുടങ്ങി..:

“നന്ദി…എല്ലാത്തിനും…എല്ലാവരോടും …പ്രത്യേകിച്ചും എൻ്റെ മനസ്സിൽ വാശിയുടെ വിത്തുകളെറിഞ്ഞു മുളപ്പിച്ചതിന്,…..കാണാമറയത്തിരുന്ന് താങ്ങും തണലും നൽകി, വള്ളികൾ പടരാൻ അനുവദിച്ചതിന്…..ഇന്നിപ്പോൾ അതിൻ്റെ ഫലം അനുഭവിയ്ക്കാൻ അനുഗ്രഹിച്ചതിന്….മറ്റൊന്നും എനിയ്ക്കു പറയാനാവുന്നില്ല…

നന്ദി…നന്ദി…നന്ദി…

മൈക്രോഫോൺ തിരിയെ നൽകുമ്പോൾ സൗദയുടെ കണ്ണുകൾ സന്തോഷംകൊണ്ട് നിറഞ്ഞു തുളുമ്പിപ്പോയി.

സാഗരയുടെ ജനറൽമാനേജർ വേദിയിൽ എഴുന്നേറ്റുനിന്നു….മൈക്രോഫോൺവാങ്ങി…

“ഒരു അനൗൺസ്മെൻ്റ് കൂടി ഈ അവസരത്തിൽ നടത്തുകയാണ്…മേച്ചിൽപ്പുറങ്ങൾ സാഗരയുടെ ബാനറിൽ സിനിമയാക്കുന്നതിനെക്കുറിച്ചും ആലോചിയ്ക്കുന്നുണ്ട്…കുറച്ചു കാലതാമസം വന്നേക്കാം …പക്ഷേ കഴമ്പുള്ള ഒരു കഥയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിച്ചതിനാൽ ഈ പ്രോജക്ടുമായി മുന്നോട്ടുപോകാനാണ് മാനേജ്മെൻ്റിൻ്റെ തീരുമാനം..”വീണ്ടും ഹാളിൽ നീണ്ട കരഘോഷം മുഴങ്ങി.

ലജ്ജകൊണ്ട് കുമാരദാസിൻ്റെ മുഖം താഴ്ന്നുപോയി.

സമയം കിട്ടുമ്പോഴെല്ലാം അവളെ ഇകഴ്‌ത്തി സംസാരിച്ചിട്ടേയുള്ളു. ഭാര്യയെ ചൊൽപ്പടിയ്ക്കു നിർത്താൻ അതൊരാവശ്യമാണെന്നായിരുന്നു തൻ്റെ ധാരണ.

തിരക്കു നടിച്ച്, കാപ്പി സൽക്കാരങ്ങളിൽ പങ്കെടുക്കാതെ, ഓഫീസിലേയ്ക്കു തിരിച്ചു ഡ്രൈവുചെയ്യുമ്പോൾ കുമാരദാസിൻ്റെ മനസ്സ് വല്ലാതെ കലുഷിതമായിരുന്നു….

‘ഛേ…ഒന്നും വേണ്ടായിരുന്നു…അവൾതന്നെ തോൽപ്പിച്ചുകളഞ്ഞിരിയ്ക്കുന്നു….

“ഒരു ദിവസം ഞാൻ ദാസേട്ടനെ ഞെട്ടിയ്കും “എന്നവൾ പറഞ്ഞപ്പോൾ താനെന്തൊക്കെയാണു പറഞ്ഞത്…”ഉം…ഉം…നീ ഞൊട്ടും…

വല്ല ഗർഭംകലക്കി വെടിക്കെട്ടു നടത്തി ഞെട്ടിയ്ക്കാമെന്നു വച്ചാൽപോലും, പൊന്നുമോളേ…നീ വേറേ ആളിനെ നോക്കിക്കോ…”

അന്നു താനവളെ കണക്കിനു പരിഹസിച്ചു…വിദ്യാഭ്യാസം കുറഞ്ഞുപോയതിന്, ഓരോ ചെറിയ ആവശ്യങ്ങൾക്കുപോലും തൻ്റെ മുന്നിൽ കൈനീട്ടി അലോസരപ്പെടുത്തുന്നതിന്…..എന്നുവേണ്ട , അവളുടെകുറവുകൾ തിരയാൻവേണ്ടിമാത്രം താനെത്രയോ സമയം വൃഥാ ചിലവാക്കിയിട്ടുണ്ട്….അതിനിടയിൽ അവളിലെ നന്മകൾ, കഴിവുകൾ തിരിച്ചറിയാനോ പ്രോത്സാഹിപ്പിയ്ക്കാനോ ശ്രമിച്ചിട്ടുമില്ല….

ഒരു പക്ഷേ അവൾ തന്നേക്കാൾ ഉയർന്നുപോയാലോ എന്ന തൻ്റെ ഉൾഭയമാകാം അതിനു കാരണം…..

ട്രാഫിക് ബ്ലോക്കിൽപ്പെട്ടിട്ട് നേരം കുറച്ചായിരിക്കുന്നു..

ചിന്തകൾക്ക് കടിഞ്ഞാണിട്ടുകൊണ്ട്, കുമാരദാസ് വെറുതേ പുറത്തേയ്ക്കു നോക്കി.

ബൈക്കുകാർക്കിടയിൽ, ഹെൽമറ്റൂരി കൈയ്യിൽപ്പിടിച്ച്, അക്ഷമനായി ഇടയ്ക്കിടെ വാച്ചുനോക്കിയിരിയ്ക്കുന്ന ഗൗതം ഗോകുലിനെക്കണ്ട് അയാൾ കൗതുകത്തോടെ നോക്കി.

ഇവനിത് എവിടെപ്പോയതാ….? അതോ എന്നും താൻ ഓഫീസിൽ നിന്നിറങ്ങിയാലുടൻ ഇതുപോലെ സർക്കീട്ടടിയ്ക്കലാണോ ഇവൻ്റെയൊക്കെ സ്ഥിരം പരിപാടി?

ഇന്ന് രണ്ടിലൊന്ന് അറിഞ്ഞിട്ടുതന്നെ കാര്യം….

മുന്നിലെ ബ്ലോക്കു കുറേശ്ശെ അഴിഞ്ഞുതുടങ്ങിയപ്പോൾ, ബൈക്കുകാർ തിക്കിത്തിരക്കി സ്ഥലംവിട്ടുതുടങ്ങി…..

കാറുകൾക്കു നീങ്ങാൻ ഇനിയും സമയമെടുക്കുമായിരിയ്കും….

മൊബൈൽ പെട്ടെന്നു ബെല്ലടിച്ചപ്പോൾ കുമാരദാസ് ഞെട്ടി…ബ്ലൂടൂത്തിൽ കാൾ എടുത്തു….

മുംബൈയിൽനിന്നും, ഒരേ ഒരു മകൾ ഹർഷിതയുടെ കാളാണ്….

“അപ്പാ….എന്താപ്പാ ഇത്…. അമ്മയ്ക്ക് അവാർഡോ?….എനിയ്ക്ക് വിശ്വസിയ്ക്കാനേ പറ്റുന്നില്ല…ഞാനിപ്പോ ഫേസ്ബുക്കിൽ കണ്ടു…ആ മിണ്ടാപ്രാണി ഇത്രയും മിടുക്കിയായിരുന്നെന്ന് ഞാൻ സ്വപ്നത്തിൽപ്പോലും വിചാരിച്ചില്ല…ഒന്ന് അഭിനന്ദിച്ചേക്കാമെന്നുവച്ച് അമ്മേ വിളിച്ചിട്ട്, ഫോണെടുക്കുന്നതേയില്ല…നിങ്ങളിപ്പം എവിടെയാ…? സെലിബ്രേഷനിലാണോ….?

“യാ…യാ” അവളുടെ ചോദ്യങ്ങളിൽ നിന്നു രക്ഷപ്പെടാൻ ഒരു പിടിവള്ളി കിട്ടിയ ആശ്വാസത്തിൽ അയാൾ പറഞ്ഞു.

“ഞാൻ കമ്പനിയിലേയ്ക്കു പൊയ്ക്കൊണ്ടിരിയ്ക്കുകയാ…പിന്നെ വിളിയ്ക്കാം….”ഫോൺ കട്ടായി.

പാർക്കിങ് ഏരിയയിൽ , ഹോണ്ടാസിറ്റി പാർക്കുചെയ്ത്, വെറുതേ ഒന്നു ടൂവീലർ പാർക്കിങിലേയ്ക്കു നോക്കി……

ഉം…വന്നിട്ടുണ്ടവൻ…ഇന്നുരണ്ടു തെറി പറഞ്ഞു ഗൗതമിനെ നിലയ്ക്കു നിർത്തിയിട്ടുതന്നെ….കള്ളത്തരം കാണിയ്ക്കുന്നഎല്ലാവർക്കും അതൊരു പാഠമായിരിയ്ക്കട്ടെ….

മെയിൻഹാളിൽ പല സീറ്റുകളും ഒഴിഞ്ഞു കിടക്കുന്നു..കോൺഫറൻസ് ഹാളിൽനിന്ന് ഒച്ചപ്പാടും ബഹളവും കേൾക്കാം..ഇതെന്താ ചന്തയോ എന്നു ചോദിയ്ക്കാനാഞ്ഞ്, ഡോർലോക്കിൽ കൈവച്ചതേയുള്ളു….

ഉള്ളിൽ നിന്നും ഗൗതമിൻ്റെ , ഗാംഭീര്യംതുളുമ്പുന്ന ശബ്ദം അയാൾ കേട്ടു.

“തനിത്തങ്കവും ചെമ്പും തിരിച്ചറിയാനാവാത്ത ഒരിടത്താണു

ഫ്രണ്ട്‌സ് നമ്മളിപ്പോൾ ജോലി ചെയ്യുന്നത്….ശരിയും തെറ്റും ചൂണ്ടിക്കാണിയ്ക്കാനാവാതെ വീർപ്പുമുട്ടുന്ന ഒരു വിഭാഗത്തിൻ്റെ പ്രതിനിധികളാണു നമ്മൾ….വെറും തലയാട്ടു ബൊമ്മകൾ…!

ആ സ്ത്രീയുണ്ടല്ലോ…സൗദ….എന്തൊരു പാവമാണവർ…വാക്കിലും നോക്കിലും എന്തൊരു സൗമ്യതയും വിനയവുമാണവർക്ക്…! അതുപോലൊരു സഹോദരിയോ കൂട്ടുകാരിയോ എനിയ്ക്കുണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നേനേ എന്ന് അവരെ പരിചയപ്പെട്ട നിമിഷം ഞാൻ ചിന്തിച്ചുപോയി .

ഗയ്സ്….പെണ്ണെഴുത്ത്…ചവറ്…മടക്കിയേരെന്നു പറഞ്ഞ്, ഒന്നു വായിയ്ക്കാൻപോലും കൂട്ടാക്കാതെ, നമ്മുടെ വലിയ ആശാൻ തിരസ്ക്കരിച്ച നോവലിനാണ് അവർക്കിപ്പോ അവാർഡു കിട്ടിയെ…ഭാഗ്യം! അന്നതു തിരിച്ചയച്ചത്…ഇനി നോക്കിക്കോ….പിടിച്ചാൽ കിട്ടാത്തത്ര ഉയരത്തിലേയ്ക്കവർ പറന്നു പൊങ്ങും….നമ്മുടെ വീക്കിലി സർക്കുലേഷൻ കുറയുമ്പോ നല്ലൊരു നോവലിനുവേണ്ടി, ഈ തള്ളിപറഞ്ഞവർതന്നെ കാലുപിടിയ്ക്കും….”

തലയ്ക്കടിയേറ്റപോലെ നിന്നുപോയി, കുമാരദാസ്.

ഹാൻഡിലിലെ പിടിവിട്ട്,സ്വന്തം ക്യാബിനിലേയ്ക്കു നടക്കുമ്പോൾ , കുമാരദാസ് ചിന്തിച്ചു,’താൻതന്നെയല്ലേ ശരിയ്ക്കും ഇവിടെ ചപ്പുചവറ്?’?

******************************

Scroll to Top