“പുള്ളി”യാണ് പുള്ളി

                "പുള്ളി"യാണ്  പുള്ളി 
              ***************************

ബാങ്കിന്റെ റൂറൽ ബ്രാഞ്ചിൽ നാലഞ്ചു ആൺ സാറന്മാർക് ഇടയിലേക്ക് ,ആദ്യമായ് ചെന്നെത്തുന്ന പെൺതരിയായിരുന്നു ഞാൻ .
അതുകൊണ്ടുതന്നെ ഒരു കുഞ്ഞനുജത്തിക്ക് കിട്ടുന്ന സ്വീകരണമാണ്
എനിക്കവിടെ കിട്ടിയത്……എല്ലാവരും എന്നെക്കാൾ വളരെ സീനിയേഴ്സ് .

“മാനേജർ ഇന്നിവിടെ ഇല്ലാത്തതു കൊച്ചിന്റെ ഭാഗ്യം”…കൂട്ടത്തിൽ ഏറ്റവും സീനിയർ ആയ പിള്ളസ്സാർ അഭ്പ്രായപ്പെട്ടു…..എനിക്കെന്തോ
പന്തികേട് തോന്നി. എന്റെ വിരണ്ട മുഖം കണ്ടിട്ടാവും ,പുള്ളി തുടർന്നു
“കൊച്ചൊന്നും പേടിക്കേണ്ട, അതിയാനൊരു പെൺസ്‌നേഹിയാ,അത്രേ
ഉള്ളൂ .”
“പിന്നെ പെണ്ണുങ്ങളെ വലിയ വിശ്വാസമായതുകൊണ്ടു , സുന്ദരിയായ
ഭാര്യയേയും മൂന്നു പെണ്കുഞ്ഞുങ്ങളെയും ആശാൻ വീട്ടിൽ പൂട്ടിയിട്ടേച്ചാ ബാങ്കിൽ വരുന്നതെന്ന് മാത്രം “പ്യൂൺ കാദറിക്ക ഒരു
ഊറിച്ചിരിയോടെ പറഞ്ഞു .എന്റെ മനസ്സിടിഞ്ഞു പോയി….ജോലിസ്ഥലത്തു മനസ്സമാധാനം ഇല്ലെങ്കിൽ ജീവിതം ഒരു നരകമായതു തന്നെ …..എന്റെ നിരാശ കണ്ടിട്ടാവും ,’മാനേജർ ഇൻ ചാർജ് ‘ അശോകൻ സർ ചിരിക്കാൻ തുടങ്ങി. …ഇനി ഇത് വല്ല റാഗിംഗോ മറ്റോ ആണോ …എനിക്ക് സംശയം തോന്നി “ഇനി , ആ “ഇളിച്ച വായെൻ” വരുമ്പോഴേക്കും നമുക്കിവിടുത്തെ
രീതികളൊക്കെ ഈ കൊച്ചിനെ പഠിപ്പിക്കണ്ടേ?” ഇത്രയും നേരം മിണ്ടാതിരുന്ന കുരിയൻ സർ , ക്യാഷ്‌കാബിനിൽ നിന്നും വിളിച്ചു ചോദിച്ചു. “പിന്നേ,..വേണം …വേണം ” കോറസ് മുഴങ്ങി.ഇതിനിടയിൽ മാനേജർസ് ക്യാബിൻ ഫോൺ ശബ്‌ദിച്ചു …അത് അറ്റൻഡ് ചെയ്തു അശോകൻ സർ ചിരിച്ചുകൊണ്ട് കൗണ്ടറിലേക്ക് വന്നു .
“തരികിട”, ലീവ് ക്യാൻസൽ ചെയ്തു ,നാളെത്തന്നെ ജോയിൻ ചെയ്യുന്നു…
കൊച്ചു വന്നു ജോയിൻ ചെയ്‌തോന്നും ചോദിച്ചു “
“ദുർമുഖന് അവിടിരുന്നിട്ടു ഇരിക്കപ്പൊറുതി വരുന്നില്ലാരിക്കും …
നമ്മളെല്ലാം കൂടി ഇതിനെ പിടിച്ചു വിഴുങ്ങിയാലോ “പിള്ളസ്സാർ എന്നെ
ചൂണ്ടി പറഞ്ഞു …അവിടെ കൂട്ടച്ചിരി മുഴങ്ങി ….
“ആരാണീ ദുർമുഖനും ഇളിച്ചവായനും തരികിടയുമൊക്കെ?” മടിച്ചു മടിച്ചു ഞാൻ ചോദിച്ചു .
“എല്ലാം ഒരാള് തന്നെ.നമ്മുടെ മാനേജർ സാക്ഷാൽ ലൂക്കാച്ചൻ പാറപ്പടിക്കൽ ….തരികിടയും , ദുർമുഖനും നാട്ടുകാരിട്ട പേര് ,മറ്റേതു ഞങ്ങളും .”
മെയിൽ കസ്റ്റമറെ കണ്ടാലുടൻ അയാളുടെ മുഖം കറുക്കും. ശകാരിക്കും മട്ടിലെ സംസാരിക്കൂ ..പക്ഷെ പെണ്ണുങ്ങളോടങ്ങിനല്ല കേട്ടോ …ഭയങ്കര സോഫ്റ്റാ ….’പിണ്ണാക്ക് കണ്ട എലി’ യെപ്പോലെയാ ഇളിക്കുന്നത്…അത് കണ്ടു ഞങ്ങൾ ഇട്ടുകൊടുത്ത വട്ടപ്പേരാ ‘ഇളിച്ച വായനെന്നു’….ആ….. കൊച്ചിനി എന്തെല്ലാം കാണാനും
കേൾക്കാനുമിരിക്കുന്നു !”
എന്റെ വിളറിയ മുഖം കണ്ടിട്ടാവാം,പിള്ളസാർ പറഞ്ഞു “കൊച്ചു പേടിക്കേണ്ട,ഞങ്ങളൊക്കെയില്ലേ ഇവിടെ ….നമ്മളൊറ്റക്കെട്ടായി
നിന്നാ മതി….വന്നാലുടൻ, ഒന്നേൽ അയാള് കൊച്ചിനെ കയ്യിലെടുക്കാൻ
നോക്കും…അല്ലേൽ വിരട്ടും….ഒട്ടും അയയണ്ട , ഇടഞ്ഞു നിൽക്കാനും പോകേണ്ട …ബാക്കി ഞങ്ങളേറ്റു ” എന്റെ ശ്വാസം നേരെ വീണു…..

അടുത്ത ദിവസം രാവിലെ ബാങ്കിൽ എത്തിയപ്പോൾ ,കറുത്ത് മെലിഞ്ഞ കഷണ്ടിക്കാരനൊരാൾ മാനേജരുടെ കസേരയിൽ ഇരിപ്പുണ്ട്. കൗണ്ടറിനുള്ളിലേക്കു കടക്കാൻ അനുവദിക്കാതെ പുള്ളി
എന്നെ ക്യാബിനിലുള്ളിലേക്കു വിളിച്ചു…എന്റെ ചങ്കിടിപ്പ് കൂടി .
കടക്കണ്ണിട്ടു ഞാൻ ആകെയൊന്നു വീക്ഷിച്ചു. എല്ലാവരും ആകാംക്ഷയോടെ നോക്കിയിരിക്കുകയാണ് ….
“നിങ്ങളാണോ ഇന്നലെ വന്നു ജോയിൻ ചെയ്ത ആൾ “?
“അതെ”
“എന്നെപ്പറ്റി സ്റ്റാഫ് എല്ലാം പറഞ്ഞു തന്നുകാണുമല്ലോ അല്ലേ?”
“ഉവ്വ് ” പറഞ്ഞു തന്ന കാര്യമോർത്തു ഉള്ളിൽ ചിരി വന്നെങ്കിലും ഞാൻ
വളരെ വിനയത്തോടെ പറഞ്ഞു. “ഇവിടുത്തെ താപ്പാനകളോടൊത്തു ചേർന്ന് ഉഡായിപ്പൊന്നും കാണിക്കാതിരുന്നാൽ നല്ലതു…കാണിച്ചാൽ ഞാൻ സി.ആർ കുളമാക്കും. കൗണ്ടറിന്റെ അറ്റത്തുള്ള ആദ്യ സീറ്റിലിരുന്നാ മതി …നിങ്ങളവിടെ എന്താ ചെയ്യുന്നതെന്ന് എനിക്ക് ഇവിടിരുന്നാ കാണണം ….”
നൗ യു ക്യാൻ ഗോ ടു യുവർ സീറ്റ് ” സംസാരത്തിനിടയിൽ, കണ്ണുകൊണ്ടു അയാൾ എന്റെ ദേഹമാസകലം ഉഴിയുന്നുണ്ടെന്നു എനിക്ക് മനസ്സിലായി . ഞാൻ വേഗം അവിടെ നിന്ന് രക്ഷപ്പെട്ടു. …

പിള്ളസാർ , ടേബിളിനരികിലേക്കു എന്നെ കൈയ്യാട്ടി വിളിക്കുന്നത്
ഒരു പക്ഷെ മാനേജർ കണ്ടിരിക്കാം , പുള്ളി വേഗം ക്യാബിനിൽ നിന്നും
എഴുന്നേറ്റു കൗണ്ടറിലേക്ക് വന്നു.”കളീം ചിരീംഒക്കെ ബ്രേക്ക് ടൈമിലും അഞ്ചു മണിക്ക് ശേഷവും മതി…ജോലീടെ കാര്യത്തില് ഒരു
വിട്ടുവീഴ്ചയുമില്ല ….പറഞ്ഞത് കേട്ടല്ലോ ….”എന്നോട് മാനേജർ പറഞ്ഞു. ഞാൻ സീറ്റിൽ പോയിരുന്നു…..
അര മണിക്കൂർ കഴിഞ്ഞുകാണും….. ലിപ്സ്റ്റിക്ക് ഇട്ട, ഒരു ലലലാമണി,
പ്രദേശമാകെ ചന്ദനത്തിന്റെ സുഗന്ധം പ്രസരിപ്പിച്ചുകൊണ്ടു ബാങ്കിങ്
ഹാളിലേക്ക് കടന്നു വന്നു.
“പുണ്ണാക്കു കണ്ട എലിയെ കാണണോങ്കി ഏമാനെ നോക്കിക്കോ “ക്യാഷ് ക്യാബിനിൽ നിന്ന് ഒരു മർമ്മരം ഞാൻ കേട്ടു. ലെഡ്ജർ തുറന്നുവച്ചു ഞാൻ പതിയെ മാനേജർസാറിനെ ശ്രദ്ധിച്ചു.
പുള്ളിയുടെ ആനക്കണ്ണുകൾ വികസിക്കുന്നതും, പലക പല്ലുകൾ മുഴുവൻ പുറത്തുകാട്ടി ,ആഗതയെ നോക്കി ചിരിക്കുന്നതും
ക്യാബിനിലേക്കു ക്ഷണിക്കുന്നതും ഞാൻ കണ്ടു.
“ആരാ കക്ഷി”? ഞാൻ പതിയെ തൊട്ടപ്പുറത്തിരുന്ന കാദറിക്കയോട് ചോദിച്ചു. “ലീലാമ്മ”…കെട്ടിയോൻ ഫോറിനിലാ …ഇപ്പോ ഏമാൻ സുവിശേഷം തുടങ്ങും…നോക്കിക്കോ ” കാദറിക്ക ചേർത്തുപിടിച്ച പല്ലുകൾക്കിടയിലൂടെ മറുപടി നൽകി .”..ഇത് ക്യാബിൻ കസ്റ്റമറാ …എല്ലാം മാനേജർ തന്നെ ചെയ്താലേ അവർക്കു ശരിയാവൂ… അതുകൊണ്ടു നമുക്കൊരു തൊല്ലയുമില്ല”….കാദറിക്ക കൂട്ടിച്ചേർത്തു .

പേടിച്ചിട്ടു ഞാൻ പിന്നെ ക്യാബിനിലേക്കു നോക്കാനേപോയില്ല. പക്ഷെ
മറ്റുള്ളവരുടെ അമർത്തിച്ചിരികളിൽ നിന്നും, അവിടെന്തൊക്കെയോ നടക്കുന്നുണ്ടെന്നുമാത്രം എനിക്ക് മനസ്സിലായി.ഒടുവിൽ മാനേജർ
അവരുടെ കൈ പിടിച്ചു കുലുക്കുന്നതും , അവർ കൗണ്ടറിൽ ഉള്ളവരെയൊക്കെ ‘പോടാ പുല്ലേ ‘എന്ന മട്ടിൽ നോട്ടമെറിഞ്ഞു പുറത്തേക്കു പോകുന്നതും ഓട്ടക്കണ്ണിലൂടെ ഞാൻ കണ്ടു.

സമയം ഒന്നേകാൽ ആയിട്ടുണ്ടാകും….അപ്പോഴാണ് ബാങ്കിന്റെ ഏറ്റവും പഴയ ഒരു കസ്റ്റമർ ‘കാരണം ഗോവിന്ദൻ’ പണയം വയ്ക്കാൻ ഓടി ക്കിതച്ചെത്തിയത്…ഗോവിന്ദൻ ചേട്ടന് ഒരുപാർട്ടിയുമില്ല ,എന്നാൽ കവലയിൽ ഏതു പാർട്ടിക്കാരുടെ സമ്മേളനമാണെങ്കിലും ഗോവിന്ദൻ ചേട്ടൻ പ്രസംഗിക്കും .സംസാരത്തിനിടയിൽ ഒരു പത്തു തവണയെങ്കിലും ‘കാരണം’ എന്ന് പറഞ്ഞിരിക്കും .
“വിളക്ക് അണക്കാൻ നേരത്താണോടോ താൻ പണയം വയ്ക്കാൻ കൊണ്ടുവരുന്നത്?” വന്ന കാര്യമറിഞ്ഞപ്പോൾ മാനേജർ ചീറി.
“സാറേ ,ഒരു ആശുപത്രി കേസാ…ഇപ്പോഴാ ആവശ്യം വന്നേ” ഗോവിന്ദൻ ചേട്ടൻ കേണു …”താൻ വേറേ വല്ലടോംകൊണ്ടുപോടോ …ഇവിടെ പണയ സമയം കഴിഞ്ഞു ..ഇന്നിനി പറ്റില്ല “….”അങ്ങനെ പറഞ്ഞാലെങ്ങനാ …എന്റെ അക്കൗണ്ട് ഇവിടെയാ… പിന്നെന്തിനാ ഞാൻ വേറേ വല്ലടത്തോട്ടും പോന്നെ…എനിക്കിവിടെ വച്ചാമതി” ഗോവിന്ദേട്ടന് സങ്കടം വന്നു
“പറ്റില്ലെന്ന് പച്ച മലയാളത്തിലല്ലെടോ പറഞ്ഞേ? തന്റെ കവലപ്രസംഗം
പോലെ അത്ര എളുപ്പമൊന്നുമല്ല പണയമെടുപ്പ് …അതും പന്ത്രണ്ടാം മണിക്കൂറില് കൊണ്ട് വന്നേക്കുവാ …മനുഷ്യന് പണിയുണ്ടാക്കാൻ ” മാനേജർ അയഞ്ഞില്ല
ഗോവിന്ദൻ ചേട്ടൻ ദയനീയതയോടെ കൗണ്ടറിലേക്ക് നോക്കി.
ആരും ഒന്നും മിണ്ടിയില്ല .ശുപാര്ശ ചെയ്തിട്ടും ഒരു കാര്യവും ഇല്ലെന്നു
എല്ലാവര്ക്കും അറിയാം
“അപ്പൊ നടക്കത്തില്ല,അല്ലേ സാറേ ….” ഗോവിന്ദേട്ടൻ നിരാശനായി
“താൻ സമയം മെനക്കെടുത്തിക്കാതെ പോ ഉവ്വേ ” മാനേജർ ക്യാബിനിൽ നിന്നെഴുന്നേറ്റു യൂറിനലിലേക്കു പോയി…..
പൊടുന്നനെ, പിള്ളച്ചേട്ടൻ ഗോവിന്ദേട്ടനെ കൈയ്യാട്ടി,അരികിലേക്ക് വിളിച്ചു.എന്നിട്ടു ചെവിയിൽ എന്തോ പറഞ്ഞു.തലയാട്ടിക്കൊണ്ടു ഗോവിന്ദേട്ടൻ ചെറു ചിരിയോടെ പുറത്തേക്കു പോയി.

ഇപ്പോൾ സമയം ഒന്നേ മുക്കാൽ….. രണ്ടു സ്ത്രീകൾ , ഒരു മദ്ധ്യ വയസ്കയും പിന്നൊരു ചെറുപ്പക്കാരിയും ബാങ്കിലേക്ക് കയറി വന്നു .
” ഇനി നടക്കാൻ പോകുന്ന കളി നോക്കിക്കോ” പിള്ളസാർ ഉഷാറോടെ സീറ്റിൽ ഒന്നിളകി ഇരുന്നു. മാനേജർ രണ്ടു പേരെയും ക്യാബിനിലേക്കു
കൈയ്യാട്ടി വിളിച്ചു, കാര്യം ചോദിച്ചു . ” ഒരു പണയം വയ്ക്കണം സാറേ,
അത്യാവശ്യം ആയതു കൊണ്ടാ. ” ” അത്യാവശ്യക്കാരല്ലേ പണയം വയ്ക്കു” ആഗതരെ കണ്ണുകൾ കൊണ്ട് സ്കാൻചെയ്തു മാനേജർ തൃപ്തിവരുത്തി . ” ഉം.. സമയം കഴിഞ്ഞു ….. എന്നാലും എടുത്തേക്കാം ; നിങ്ങടെ കാര്യം നടക്കാതെ പോകേണ്ട … “. മാനേജർ കൈ നീട്ടി പണയ പണ്ടം വാങ്ങി. ഇതിനിടെ ഒരു പത്തു പ്രാവശ്യം എങ്കിലും കണ്ണുകൾ കൊണ്ട് ചെറുപ്പക്കാരിയുടെ അളവെടുത്തിട്ടുണ്ട്.
രണ്ടു മണി ആയിട്ടും വിസ്തരിച്ചുള്ള പണയമെടുപ്പ് തീരുന്നില്ലെന്നു കണ്ടു കുരിയൻ സാർ ക്യാഷ് ക്യാബിൻ പൂട്ടി ഊണ് കഴിക്കാൻ പുറത്തിറങ്ങി . ” കുരിയാ, ഒരു പതിനായിരം രൂപ ഇങ്ങു തന്നിട്ട് പോ…”
മാനേജർ ക്യാബിനിൽ നിന്നും വിളിച്ചു പറഞ്ഞു .ഒപ്പിടാനല്ലാതെ, മറ്റൊന്നിനും പേന തൊടാത്ത മാനേജർ, പ്ലെഡ്ജ് ഫോം മുഴുവൻ പൂരിപ്പിച്ചു , കക്ഷിയെക്കൊണ്ട് ഒപ്പിടുവിച്ചു , പൈസ കൊടുത്തു യാത്രയാക്കുന്ന രംഗം ഓർത്തപ്പോൾ എനിക്ക് ചിരി വന്നു .നോക്കിയപ്പോൾ എല്ലാവരും ഒരു ഡ്രാമ കാണുന്നതുപോലെ ആകാംഷയോടെ ക്യാബിനിലേക്കു നോക്കി ഇരിക്കയാണ്.

പൊടുന്നനെ വാതിൽക്കൽ ഒരു മുരടനക്കം കേട്ടു ഗോവിന്ദൻ ചേട്ടൻ ആണ് ….. ” ഇപ്പൊ തനിക്കു പണയം എടുക്കാൻ പറ്റും അല്ലേടോ കൂവേ …താനെന്നാ പറഞ്ഞെ … സമയം കഴിഞ്ഞു പോയി എന്ന് … കാണാൻ കൊള്ളാവുന്ന പെണ്ണുങ്ങള് വന്നാൽ ഏതു സമയവും തനിക്കു ബാങ്ക് സമയം ആകുവോടെ….? “
മാനേജരുടെ സ്വതവേ കറുത്ത മുഖം ജാള്യതയിൽ ഒന്നുകൂടി കരുവാളിച്ചു….. ധാർഷ്ട്യം നിറഞ്ഞു നിന്നിരുന്ന മുഖം ദയനീയമായി..
“കാര്യം നടന്നില്ലേ.. എഴുന്നേറ്റു വാടി…” ഗോവിന്ദൻ ചേട്ടൻ, പകച്ചുപോയ മദ്ധ്യ വയസ്‌കയോട് ദേഷ്യപ്പെട്ടു , പിന്നെ തിരിഞ്ഞു മാനേജരോട് പറഞ്ഞു ” ഇതേ എന്റെ വീട്ടുകാരത്തിയും മോളുമാ…. സാരി ചുറ്റിയ ചുള്ളി കമ്പിനോടുപോലും സാറിന് വല്യ കരുണയാ അല്ലിയോ …. ഇത് നേരത്തെ അറിയാൻ മേലാരുന്നു … എന്നാ പിന്നെ ഞാൻ ദാവണി ചുറ്റി വന്നേനെ …. തോളത്തു കിടന്ന തോർത്തു ദാവണി പോലെ ചുറ്റി കാട്ടി ഗോവിന്ദേട്ടൻ …… കാറ്റ് പോയ ബലൂൺ പോലെ നാണംകെട്ടു, ചുരുണ്ടു പോയിരുന്നു മാനേജർ .
പൈസ വാങ്ങി എണ്ണി നോക്കി , ഭാര്യയേയും മകളെയും വിളിച്ചു വിജയശ്രീലാളിതനായി ഗോവിന്ദേട്ടൻ പുറത്തേക്കിറങ്ങി പോയി.
അൽപനേരം തല കുമ്പിട്ടിരുന്നു, മേശപ്പത്തു നിന്നും മൊട്ടുസൂചിയെടുത്തു , പലക പല്ലിട കുത്തിക്കൊണ്ടു മാനേജരും പുറത്തേക്കിറങ്ങി, ഊണ് കഴിക്കാൻ വീട്ടിലേക്കുപോയി.
.
ബാങ്കിന്റെ ഡൈനിങ്ങ് ഹാളിൽ ചിരിയുടെ പൂരമായിരുന്നു ….. പിള്ളച്ചേട്ടന്റെ ബുദ്ധിയിലുദിച്ച നാടകമായിരുന്നു അവിടെ അരങ്ങേറിയതെന്നു ഞങ്ങൾക്കുമാത്രം അറിയാവുന്ന രഹസ്യം !…
വർഷങ്ങൾ എത്ര കഴിഞ്ഞു.!…ഓർക്കുമ്പോൾ ഇപ്പോഴും ചിരിക്കാതിരിക്കാൻ കഴിയുന്നില്ല …..

                                            ***************************
Scroll to Top