ഓഫീസിൽ കഴിഞ്ഞു ചന്തയിൽ കയറി മീനും അത്യാവശ്യം പച്ചക്കറിയും വാങ്ങി ധൃതിയിൽ വീട്ടിലേക്കു നടക്കുകയായിരുന്നു ഞാൻ.
” മാഡം ഒന്ന് നിന്നേ പ്ളീസ് “…. ഒരു പിൻവിളി കേട്ട് ഞാൻ തിരിഞ്ഞു നോക്കി. രണ്ടു കൈകളും പൊക്കിപ്പിടിച്ചുകൊണ്ടു ഒരാൾ എന്റടുത്തേക്കു ഓടി വരുന്നുണ്ടായിരുന്നു…. വില്ലേജ് ഓഫിസിസിനു മുൻപിൽ പരാതി എഴുതിക്കൊടുക്കാൻ നിൽക്കുന്ന , കംപ്ലൈന്റ്റ് റൈറ്റർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ബാലൻപിള്ള !. ബാങ്കിന്റെ അഭ്യുദയകാംക്ഷിയെന്നും അതിപുരാതന കസ്റ്റമറെന്നും അവകാശപ്പെടുന്ന ആൾ !.ഞാൻ അയാൾ അടുത്തെത്താൻ കാത്തു നിന്നു ,
” മാഡം …. മാഡം ….” കിതപ്പടക്കാൻ പാടുപെട്ടുകൊണ്ട് അയാൾ വിളിച്ചു. ഞാൻ കൗതുകത്തോടെ അയാളെ നോക്കി. ” എന്റെ എല്ലാം പോയി മാഡം …ഭാര്യയും മക്കളും ചേർന്ന് എന്നെ വീട്ടിൽനിന്നും ഇറക്കി വിട്ടു മാഡം .” അയാൾ കരയുന്ന മട്ടിൽ പറഞ്ഞു. ഞാൻ അമ്പരന്നുപോയി. എന്താ ഉണ്ടായതു ബാലൻപിള്ളേ …ഞാൻ സാമാന്യ മര്യാദക്ക് ചോദിച്ചു. ” അതൊരു കഥയാണ് മാഡം …”
കഥ കേൾക്കാനുള്ള മനസികാവസ്ഥയിലായിരുന്നില്ല ഞാൻ അപ്പോൾ. പ്ലാസ്റ്റിക് കവറിലിരുന്ന് മീൻ അവിയാൻ തുടങ്ങും. വീട്ടിൽ ചെന്നിട്ടുവേണം അത്താഴം കാലമാക്കാൻ. പിന്നെ കുട്ടികളുടെ പഠിപ്പ്… അങ്ങിനെ നൂറുകൂട്ടം കാര്യങ്ങൾ കിടക്കുന്നു , അതിനിടെ… എന്നാലും സാരമില്ല. മാനുഷിക പരിഗണന എന്ന നിലയിൽ…. എന്നോട് പറഞ്ഞാൽ അത്രയും ആശ്വാസമാകുമെങ്കിൽ ആകട്ടെ എന്ന് കരുതി ഞാൻ തലയാട്ടി, കഥ കേൾക്കാൻ സന്നദ്ധയായി. :..
” കുടിക്കുന്നത് ഒരു തെറ്റാണോ മാഡം ..? “
ഞാൻ ചരിച്ചതേയുള്ളു…. അല്ലെന്ന് പറഞ്ഞാൽ അതെന്റെ മനഃസ്സാക്ഷിക്കു നിരക്കാത്തതാകും , അതെ എന്ന് പറഞ്ഞാൽ അയാൾ എങ്ങനെയാണ് പ്രതികരിക്കുക എന്നറിയില്ലല്ലോ..
” പകൽ മുഴുവൻ കുത്തിയിരുന്ന് പരാതി എഴ്തുന്നതല്ലേ മാഡം …. വൈകുന്നേരം മേലുവേദന സഹിക്കാതെ ഞാനിത്തിരി പിടിപ്പിക്കും….അപ്പൊ കൈക്കൊക്കെ ഒരു തരിപ്പാ …അമ്മിണിക്കിട്ടു രണ്ടു പെടപ്പിച്ചു കഴിയുമ്പോൾ അതങ്ങു മാറും ….അതവൾക്കും അറിയാവുന്നതാ …ആന്നേ …എന്നിട്ടും അവളെന്നെ എടുത്തിട്ടു പെരുമാറി.. മക്കളും കൂടെക്കൂടി എന്നെ വീട്ടീന്നിറക്കിവിട്ടു.” ബാലന്പിള്ള കരയാൻ തുടങ്ങി. ഞാൻ വിഷണ്ണയായി നിന്നു . വഴിയേ പോകുന്നവർ പലരും ചിരിയോടെ ഞങ്ങളെ ശ്രദ്ധിക്കുന്നത് കണ്ടു ഞാൻ ചൂളി., അക്കൂട്ടത്തിൽ എനിക്ക് പരിചയമുള്ള പല മുഖങ്ങളുമുണ്ടെന്നു ഞാൻ ജാള്യതയോടെ തിരിച്ചറിഞ്ഞു.
പൊടുന്നനെ ബാലന്പിള്ള ചോദിച്ചു. “: നിർദ്ധനർക്കു ലോൺ കൊടുക്കുമോ മാഡം ? “
എനിക്ക് ചിരി വന്നു.
” ബാലൻപിള്ളക്ക് എന്താവശ്യത്തിനാണ് ലോൺ ? “
” ഒന്ന് പച്ചപിടിക്കാനാ മാഡം,എന്നാലെങ്കിലും ഭാര്യക്കും മക്കൾക്കും വേണോന്നറിയാവല്ലോ “
” അങ്ങനെ ഒരാവശ്യത്തിന് ലോൺ കിട്ടുകേല ബാലൻപിള്ളേ , എന്തെങ്കിലും ബിസിനസ് ആവശ്യത്തിനേ കിട്ടൂ “
” വിസിനസ്സോ ? അതിനല്ലേ ടാറ്റയും ബിർലയുമൊക്കെ . അവമ്മാരു്ള്ളടത്തോളം കാലം ആരു വിസിനസ്സു ചെയ്താലും പൊളിയും….ഉറപ്പാ..”
ബാലൻപിള്ള നിഷേധാർത്ഥത്തിൽ തലയാട്ടി.
” ഞാനാലോചിട്ടു വേറൊരു വഴിയും കാണുന്നില്ലല്ലോ ബാലൻപിള്ളേ “
എനിക്കെങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്നായി .
” സ്വയം തൊഴിലിൽ തന്നാലെന്താ..? ” ബാലൻപിള്ള ചോദിച്ചു.
” സൗകര്യംപോലെ മാനേജരോട് ഒന്ന് സംസാരിച്ചു നോക്ക് “
ഞാൻ മയത്തിൽ പറഞ്ഞു. ഇത് കേട്ടതും ബാലൻപിള്ളയുടെ സ്വഭാവം മാറി.
” പിന്നെ എന്തോ കണ്ടോണ്ടാ ഇത്രയും നേരം എന്നെ പിടിച്ചു നിർത്തി സമയം കളഞ്ഞത്?”
അയാൾ രോഷാകുലനായി. ഇതെന്തു പുലിവാല്…ഞാൻ മനസ്സിൽ കരുതി. എങ്കിലും ചിരിച്ചുകൊണ്ട് പറഞ്ഞു :
: ബാലന്പിള്ള ചൂടാവാതെ, നമുക്ക് എന്തെങ്കിലും വഴിയുണ്ടോന്ന് നോക്കാം “
” എന്നാ അങ്ങിനെ പറ…. ഏതായാലും ഒരു പത്തു രൂപയിങ്ങു താ …ഇന്നൊന്നും തടഞ്ഞില്ല.”
ബാഗിൽ നിന്നും ഒരു പത്തു രൂപാ നോട്ടെടുത്തു അയാൾക്ക് കൊടുത്തു് ഞാൻ വീട്ടിലേക്കു നടന്നു .
നോ യുവർ കസ്റ്റമർ നോമ്സിൽ കസ്റ്റമരുടെ സ്വഭാവത്തെക്കുറിച്ചറിയണമെന്ന് നിബന്ധനയില്ലാത്തതെന്തേ എന്ന ചോദ്യത്തോടെ…..
———————————————————————————————————————————————–