പതിയെ തലപൊക്കി ചന്ദനെ നോക്കി. ഫാൻ ഫുൾ സ്പീഡിൽ കറങ്ങുന്നുണ്ടെങ്കിലും അവൻ നന്നായി വീശുന്നുണ്ട് . അതിനർത്ഥം പ്രധാനപ്പെട്ടതെന്തോ എന്നോട് പറയാനുണ്ടെന്നാണ്. ഭാവവ്യത്യാസങ്ങൾ കാണാതിരിക്കാനുള്ള ഒരു മറയാണിതെന്നു തനിക്കു നന്നായി അറിയുകയും ചെയ്യാം.
” ഉം …പറയ് …” വായിച്ചുകൊണ്ടിരുന്ന മാസിക അടച്ചുവെച്ചു അവന്റെ മുഖത്തേക്കുററുനോക്കി. പൊടുന്നനെ അകലേക്ക് ദൃഷ്ടിപായിച്ചു് , ചന്ദൻ മെല്ലെ പറഞ്ഞു .:
” നാളെ അച്ഛൻ നമ്മുടെ വീട്ടിൽ വരുന്നുണ്ടമ്മേ …” ഞെട്ടിപ്പോയി.. ഒരു നിമിഷം മനസ്സ് വല്ലാതെ പതറി. പിന്നെ ആവുന്നത്ര സമചിത്തത വീണ്ടെടുത്തു കൊണ്ട് ചോദിച്ചു :
” എന്തിനു ? ?
” അമ്മക്കറിയുമോ പഴയകാര്യങ്ങളോർത്തു അച്ഛനെന്തുമാത്രം വേദനിക്കുന്നുണ്ടെന്ന് ? “
ചന്ദന്റെ സ്വരം വല്ലാതെ ഇടറുന്നുണ്ടായിരുന്നു.
” കഴിഞ്ഞ ഇരുപത്തിരണ്ടു വർഷങ്ങൾ . എനിക്ക് നീയും നിനക്ക് ഞാനും മാത്രമേ ഉണ്ടായിരുന്നുള്ളു . ഇനിയും അങ്ങിനെതന്നെ മതി.”
” പക്ഷേ എനിക്കെന്റെ അച്ഛനെ വേണം അമ്മേ ….”
കൈയിൽനിന്നും കണ്ണാടി വഴുതിപ്പോയതറിഞ്ഞില്ല. അതെ ,തന്റെ മകൻ വളർന്നിരിക്കുന്നു. ഉള്ളിലെന്തോ പൊട്ടിത്തകരുന്നതുപോലെ….പറയാനുള്ളതെല്ലാം പറഞ്ഞുകഴിഞ്ഞു എന്നഭാവത്തിൽ ചന്ദൻ എഴുന്നേറ്റുപോയി. കൈയ്യിലിരുന്ന പുസ്തകം ഷെൽഫിൽ തന്നെ വച്ചിട്ട് എഴുന്നേറ്റു പോന്നു. ഇന്നിനി ഒന്നും ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല.
ശരത് എന്തിനാണ് ഇങ്ങോട്ടു വരുന്നത് ? ഈ വൈകിയ വേളയിൽ തന്റെ ഉള്ള മനസ്സമാധാനംകൂടി നശ്ശിപ്പിക്കാനാവും. താങ്ങും തണലും ആവശ്യമായിരുന്ന samayathu തന്നെയും മൂന്ന് വയസ്സുകാരൻ ചന്ദനെയും നിഷ്കരുണം ഉപേക്ഷിച്ചു സഹപ്രവർത്തകയെ ഭാര്യയായി സ്വീകരിച്ചു പോയതല്ലേ ?. സമൂഹത്തിനുമുന്പിൽ താനെത്രമാത്രം പരിഹാസ്യയായി. താനും മകനുമിത്രയുംനാൾ എങ്ങനെ ജീവിച്ചു എന്ന് അന്വേഷിക്കാത്തയാൾ…നാളെ അവകാശംപറഞ്ഞു വരുന്നുണ്ടത്രേ….ഉള്ളിൽ ആത്മരോഷം പതഞ്ഞു പൊങ്ങി. മകനും തനിക്കന്യനായിത്തീരുകയാണോ / വല്ലാത്തൊരു ഭീതി വീനീതയെ പൊതിഞ്ഞു.,
“അമ്മേ അത്താഴം കഴിക്കാൻ വാ …” ചന്ദനാണ് …
” എനിക്ക് തീരെ വിശപ്പില്ല കുട്ടാ…നീ കഴിച്ചോളൂ “…കിടക്കയിൽനിന്നും എഴുനേൽക്കാതെതന്നെ വിളിച്ചു പറഞ്ഞു.
ഭക്ഷണമുറിയിൽനിന്നും പാത്രങ്ങൾ തട്ടിമുട്ടുന്ന സ്വരം കേട്ടു . ടേപ്റെക്കോർഡറിൽ നിന്നും പങ്കജ് ഉദാസിന്റെ ശോക സാന്ദ്രമായ ഗസൽ ഒഴുകി വരുന്നുണ്ടായിരുന്നു. മണിക്കൂറുകളോളം ഈ പാട്ടിൽ ലയിച്ചിരുന്നിട്ടുണ്ട്. അപ്പോഴൊക്കെ മനസ്സ് വല്ലാതെ വിതുമ്പിപ്പോയിട്ടുണ്ട് . ശരത്തിന്റെ സാമിപ്യം , ഇനി അതൊരിക്കലും ഉണ്ടാവില്ലെന്നറിഞ്ഞിട്ടും വല്ലാതെ കൊതിച്ചു പോയിട്ടുണ്ട്. പക്ഷേ ഇന്നിപ്പോൾ….ഗസൽ തന്നെ വല്ലാതെ അസ്വസ്ഥയാക്കുന്നു.
ചന്ദൻ അത്താഴം കഴിഞ്ഞെന്നു തോന്നി. സാധാരണ തനിക്കുവേണ്ടി വേണ്ടെന്നുപറഞ്ഞാലും നിര്ബന്ധിപ്പിച്ചു കഴിപ്പിക്കാറുള്ളതാണ് . താനെ മനസ്സിലേക്ക് വേദനയുടെ , നൊമ്പരങ്ങളുടെ വലിയൊരു അഗ്നിഗോളം ഏറിഞ്ഞിട്ടു അവനെങ്ങനെ ഒന്നാശ്വസിപ്പിക്കാൻപോലും കൂട്ടാക്കാതെ സന്തോഷമായിരിക്കാൻ കഴിയുന്നു …?
ശരത്തിന്റെ തനി പകർപ്പാണവൻ….സ്വഭാവംപോലും കടുകിട വ്യത്യാസമില്ലാതെ … സ്വന്തം ഇഷ്ടാനിഷ്ടങ്ങൾക്കുമാത്രമേ അവനെന്നും മുൻതൂക്കം കൊടുത്തിട്ടുള്ളു. ശരത്തിനെ വീട്ടിലേക്കു ക്ഷണിക്കുന്നതിനുമുന്പ് തന്നോടൊരുവാക്കെങ്കിലും ചോദിക്കാമായിരുന്നില്ലേ …
താഴെനിന്നും ഇപ്പോൾ ശബ്ദമൊന്നും കേൾക്കാനില്ല. ചന്ദൻ ഉറങ്ങിയ ലക്ഷണമാണ്. എന്നും ഉറങ്ങാൻ പോകുന്നതിനു മുൻപുള്ള ഗുഡ്നൈറ്റ് ആശംസകളും നെറ്റിയിലുള്ള ഓമന മുത്തവും ഇന്നവൻ വേണ്ടെന്നുവച്ചതാവും തന്നോടുള്ള പ്രതിഷേധാർത്ഥം. പക്ഷെ അവനതു നൽകാതെ തനിക്കുറങ്ങാൻ പറ്റില്ലെന്ന് അവനറിയില്ലല്ലോ.
ലൈറ്റ് തെളിയിച്ചു പതുക്കെ താഴേക്കിറങ്ങിചെന്നു . ചന്ദന്റെ മുറിയിലിപ്പോഴും ബെഡ്റൂം ലാംപ് കത്തി നില്പുണ്ട്. ആൾ സുഖ ഉറക്കമാണ്. നെഞ്ചിൽ കമഴ്ത്തിവച്ചിരിക്കുന്ന പുസ്തകം ഡയറിയാണെന്നു ഒറ്റ നോട്ടത്തിൽ തോന്നി. എടുത്തുമാറ്റവേ മനസ്സിലായി ആൽബമാണെന്നു. ഇതെങ്ങിനെ അവന്റെ കയ്യിൽ വന്നു ? കഴിഞ്ഞ ഇരുപത്തിരണ്ടു വര്ഷക്കാലത്തിനിടയിൽ ഒരിക്കൽ പോലും തൻ തുറന്നു നോക്കിയിട്ടില്ലാത്ത ആൽബം. നൊമ്പരപ്പെടുത്തുന്ന ഓർമകളെ ആട്ടിപ്പായിക്കുന്നതിനിടയിൽ മുൻപ് ഉലകുളിരേകിയിട്ടുള്ള ഒരു സംഭവംപോലും ഓർക്കരുതെന്നു തനിക്കു നിർബന്ധമായിരുന്നു. ഇന്നിതാ കാലം പിന്നെയും പഴയ ചെപ്പു തല്ലിത്തുറക്കാൻ പറയുന്നു.
ചാന്ദനെ കഴുത്തറ്റം പുതപ്പിച്ചു , നെറ്റിയിൽ ചുംബിച്ചു പതുക്കെ പുറത്തു കടന്നു. എന്തോ ആൽബം അവിടെ ഉപേക്ഷിച്ചുപോരാൻ തോന്നിയില്ല. മനസ്സുവല്ലാതെ ആര്ദ്രമാകുന്നതുപോലെ … വിറയാർന്ന കൈകൾകൊണ്ട് ആൽബം മെല്ലെ തുറന്നു., ഹൃദയം ഉച്ചത്തിൽ തുടികൊട്ടാൻ തുടങ്ങിയിരുന്നു.
മധുവിധുകാലത്തു ഊട്ടിയിൽവെച്ചെടുത്ത , ഒറ്റ ഷാളിനുള്ളിൽ കെട്ടിപ്പിടിച്ചുനിൽകുന്ന ചിത്രം . ശരത്തിന്റെ കുസൃതിത്തരം കൂമ്പി നിൽക്കുന്ന കണ്ണുകൾ …. ആയിടയിലെടുത്ത ചിത്രങ്ങളിലിൽ തനിക്കേറ്റവും പ്രിയപ്പെട്ടതു ….. അറിയാതെതന്നെ phottokkumeethe വിരലൊടിച്ചുപോയി. അന്നൊക്കെ മണിക്കൂറുകളോളം മുഷിവില്ലാതെ തങ്ങൾ കണ്ണിൽ കണ്ണിൽ നോക്കിയിരുന്നിട്ടുള്ളത് , ചന്ദനെ കുളിപ്പിച്ചുകൊണ്ടിരിക്കെ …പിന്നിലൂടെവന്നു ഷവർ തുറന്നു ,അതൊരു കുട്ടിക്കളിയാക്കിയത്, പാർട്ടി നടന്നുകൊണ്ടിരിക്കെ രഹസ്യമായി തോണ്ടി വിളിച്ചു ,മറ്റാരും കാണാതെ ഒരു നൂറു ഉമ്മകൾ കൊണ്ട് മൂടി, ‘ കൊതി സഹിക്കാൻ കഴിഞ്ഞില്ലെന്നു ‘ ക്ഷമായാചനം ചെയ്തത് …. എല്ലാം ഒരു ചലച്ചിത്രത്തിലെന്നപോലെ ഓർമയിൽ ഓടി എത്തി. ഇനി ഒരിക്കലും മടങ്ങി വരാത്തവിധം കൊഴിഞ്ഞുപോയ സന്തോഷത്തിന്റെ നാളുകൾ. ഒരു ദീർഘനിശ്വാസമുതിർത്തുകൊണ്ടു പേജ് മറിക്കെ കണ്ടു , അച്ഛനും മകനും ഒരുമിച്ചിരുന്നു അടുത്തെന്നോ എടുത്ത ഫോട്ടോ. അതിനു താഴെ ചന്ദൻ എഴുതിയിരിക്കുന്നു…” മൈ ഗ്രേറ്റ് ഫാദർ “. ഇരുപത്തിരണ്ടു വര്ഷങ്ങള്ക്കുശേഷമുള്ള ശരത്തിന്റെ രൂപം…..കണ്ണുകളിൽ കുസൃതിയുടെ മിന്നലാട്ടം കാണാനില്ല. മുഖത്തിന്റെ ഗാംഭീര്യം ഒന്ന് കൂടിയിട്ടുണ്ടെന്നുള്ളതൊഴിച്ചാൽ ആൾക്ക് വലിയ വ്യത്യസമൊന്നുമില്ല.
ഏതോ ഒരു ഉൽപ്രേരണക്കു വഴങ്ങി വിനീത മെല്ലെ എണീറ്റ്… നിലക്കണ്ണാടിയിലുറ്റ്നോക്കി. പഴയ വിനീതയുടെ പ്രേതമാണ് താനെന്നു തോന്നി. നരകൊണ്ട് മൂടി, കണ്ണുകൾ കുഴിയിലാണ്ടു ,കഴിഞ്ഞ വർഷങ്ങളുടെ നൊമ്പരങ്ങൾ സമ്മാനിച്ച ദീനതയാർന്ന മുഖം…തൻറെ യവ്വനം , അതാർക്കും വേണ്ടാതെ ഹോമിക്കപ്പെടുകയായിരുന്നില്ലേ ? അടിമ നൊമ്പരങ്ങളിൽപെട്ട് മെഴുകുതിരിപോലെ ഉരുകുമ്പോൽ ആ ചൂടേറ്റു വാങ്ങാൻ ആരും ഉണ്ടായിരുന്നില്ല. എന്നിട്ടിപ്പോൾ… വിനീത വല്ലാതെ നിന്ന് കിതച്ചു. തന്റെ നഷ്ട്ടപ്പെട്ടുപോയ വർഷങ്ങൾ…കൊഴിഞ്ഞുപോയ സ്വപ്നങ്ങൾ …” ഇതെല്ലാം തിരികെ തരാൻ ഈ പുനഃസമാഗമത്തിനു കഴിയുമോ ? ഇല്ല, ഒരിക്കലും ഇല്ല… ശരത് , നിങ്ങൾക്കൊരിക്കലും മാപ്പു തരാൻ എനിക്കാവില്ല. പക്ഷെ ചന്ദൻ, അവനെ ഞാൻ എങ്ങനെ വേദനിപ്പിക്കും.
ആൽബം അലമാരക്കുള്ളിൽ ഭദ്രമായി വച്ച് പിന്തിരിയവേ , കൈ തട്ടി ഹാങ്ങറിൽനിന്നും ആ സാരി ഊർന്നു വീണു . ഉടുക്കുമ്പോളൊക്കെയും ” സുന്ദരിക്കുട്ടി” എന്ന് പറഞ്ഞു ശരത് കളിയാക്കാറുള്ള , ക്രീം കളറിൽ നീല പൂക്കളുള്ള പട്ടു സാരി. !. അനിർവചനീയമായ ഒരു അനുഭൂതിക്കു അടിമപ്പെട്ടവണ്ണം വിനീത ആ സാരി മാറോടു ചേർത്ത് പിടിച്ചു. സാരിയുടെ പഴകിയ മണം വിനീതയെ വല്ലാതെ മത്തു പിടിപ്പിച്ചു.
വല്ലാത്തൊരാവേശത്തോടെ ഉടുത്തിരുന്ന സെറ്റുമുണ്ട് വലിച്ചെറിഞ്ഞു അവൾ ആ സാരി ധരിച്ചു. പിന്നെ ആഭരണപ്പെട്ടി തുറന്ന് ഒഴിഞ്ഞ കൈകളും കഴുത്തും ആഭരണങ്ങളാൽ അലങ്കരിച്ചു. കണ്ണെഴുതി, പൊട്ടുകുത്തി, നെറുകയിൽ സിന്ദൂരവും തൂകി കണ്ണാടിയിൽ നോക്കി നിൽക്കെ തൻ പഴയ വിനീതയാണെന്നു അവൾക്കു തോന്നി. സന്തോഷത്തിന്റെ ഒരു കുഞ്ഞല ഹൃദയത്തിനുള്ളിൽ പിറന്ന് സാഗരത്തോളം വലുതാകുന്നത് വിനീതയറിഞ്ഞു. അതിന്റെ തിരത്തള്ളലിൽപ്പെട്ടു ശ്വാസം മുട്ടുന്നതുപോലെ….ഹൃദയം ഒരു ബലൂൺപോലെ പറന്നുപൊങ്ങുന്നുവോ…?
പൊടുന്നനെ വേദനയുടെ ഒരു വലിയ മാള ഹൃദയത്തിലേക്ക് വീണതുപോലെ വിനീതക്ക് തോന്നി. അതിന്റെ ഭാരം താങ്ങാനാവാതെ അവർ കിടക്കയിലേക്ക് കുഴഞ്ഞു വീണു.. കടവായിലൂടെ ചൂടുള്ള ചോര പടർന്നൊഴുകി. തണുപ്പ് ഒരു കട്ടിയുള്ള പുതപ്പായി വിനീതയെ പൊതിഞ്ഞു. ഇനിയൊരിക്കലും ഉണർത്താത്തവിധം…..
****************************