പരിപ്പുവടയുടെ വില
**
ഡോക്ടറുടെ ചോദ്യം കേട്ട് എൽസക്കു ചിരിക്കാതിരിക്കാനായില്ല .”ഇടക്കിടെ നെഞ്ചുവേദന വരാറുണ്ടോ?” എന്ന് …..
“ന്റെ ഡോക്ടറേ എനിക്കൊരു നെഞ്ചുവേദനയും ഇല്ല”
“പിന്നെ നിങ്ങളെയാരാ റ്റീഎംടി റെഫർ ചെയ്തു ഇങ്ങോട്ടു വിട്ടത്?”
എനിക്കൊന്നും അറിയില്ല ….,തലവേദനേം , മനംപിരട്ടലുമായിട്ടാ ഞാൻ ഇവിടെ വന്നത്…..ഛർദിച്ചു കഴിഞ്ഞപ്പോ അതങ്ങു മാറുകേം ചെയ്തു….
ലേശം ഇഞ്ചിനീരോ അല്ലേൽ രണ്ടു വായുഗുളികയോ കഴിച്ചാൽ മാറാവുന്ന ദെണ്ണമൊക്കെ എനിക്കുള്ളൂ….”
ഡോക്ടർ ഗൗരവത്തോടെ തലയാട്ടി…പിന്നെ ,മേശപ്പുറത്തിരുന്ന ബെല്ലിൽ വിരലമർത്തി.ഒരു സിസ്റ്റർ ഓടിക്കിതച്ചെത്തി ..”ഈ പേഷ്യന്റ് ന്റെ കേസ്ഫയൽ എവിടെ?” “അത് ഡോക്ടർ ഉർസുലേടെ ടേബിളിൽ ഉണ്ട്….ഇ സി ജി യുടെ റിസൾട്ട് നോക്കാനെടുത്തതാണ് ….”
“എന്നിട്ടു?” “ഒക്കെ നോര്മലാണ് ഡോക്ടർ” “പിന്നെന്തിനാ ഇപ്പൊ റ്റീഎംടി ?” “എല്ലാ ടെസ്റ്റുകളും നടത്തീട്ടു ഡിസ്ചാർജ് ചെയ്താൽ മതിയെന്ന് ഡോക്ടർ അലക്സാണ്ടർ പറഞ്ഞു “സിസ്റ്റർ ശബ്ദം താഴ്ത്തി .
എൽസ കണ്ണുകളടച്ചു ,കസേരയിൽ ചാരിയിരുന്നു…പറഞ്ഞിട്ട് കാര്യമില്ല …അഡ്മിറ്റ് ആയിക്കഴിഞ്ഞാൽ ,രോഗി ,ഡോക്ടറുടെ കയ്യിലെ കളിപ്പാട്ടമാണ്…പരീക്ഷണങ്ങൾ മതിയാക്കി ,വലിച്ചെറിയുന്നതുവരെ ..
.
“ആട്ടെ,എന്തൊക്കെ ടെസ്റ്റുകൾ നടത്തി”?ഡോക്ടർ ആരായുന്നത് കേട്ടു.
“തൈറോയ്ഡ് നോക്കാൻ ബ്ലഡ് എടുത്തിട്ടുണ്ട്…കൂട്ടത്തിൽ ഷുഗർ ,എൽ .എഫ് .റ്റി…അങ്ങനെ കുറച്ചു ടെസ്റ്റുകൾ …” ഇത്തവണ, ഡോക്ടർ ചിരിക്കുന്നത് കേട്ടു “ഇത്രയും ആയ സ്ഥിതിക്ക് ഒരു എം .ആർ ഐ സ്കാൻ കൂടി എഴുതാമായിരുന്നു ” നോണ്സെന്സ് “ഡോക്ടർ പെട്ടെന്ന് ഗൗരവത്തിലായി
“എന്തായാലും ഇതുവരെ ചെയ്ത ടെസ്റ്റുകളുടെ റിസൾട്ട് കാണട്ടെ …എന്നിട്ടു മതി റ്റീഎംടി ….ഇവരെ റൂമിലേക്ക് കൊണ്ടുപൊക്കോളൂ “
കേൾക്കേണ്ട താമസം,എൽസ ,ചാടി എഴുന്നേൽക്കാൻ തുടങ്ങി . .”പതുക്കെ, പതുക്കെ”…സിസ്റ്റർ ഓടിവന്നു എൽസയുടെ കയ്യിൽ കടന്നു പിടിച്ചു. വേദന കൊണ്ട് എൽസ കരഞ്ഞുപോയി …ഇന്നലെ ബ്ലഡ് എടുക്കാൻ , വെയ്ൻ പരതി,ഏതോ ഒരു വിദ്യാർത്ഥിനി സിസ്റ്റർ ,കൈ മുഴുവൻ കുത്തി കുളമാക്കീട്ടുണ്ട്…ആ കയ്യിലാണ് സിസ്റ്റർ പിടുത്തമിട്ടിരിക്കുന്നതു …. “എന്ത് പറ്റി..ചങ്കിനു വേദനയാണോ ? “സിസ്റ്റർ ആരാഞ്ഞു “ഹും…ചങ്കിനു വേദന!…കയ്യീന്ന് പിടി വിട്….!കുത്തി കുഴിച്ചു വച്ചിരിക്കയാ “എൽസ ചീറി
പുറത്തിറങ്ങുമ്പോൾ , ജെയിംസ് അക്ഷമനായി കാത്തുനിൽക്കുന്നുണ്ടായിരുന്നു …”എന്തായി? റ്റീഎംടി എടുത്തില്ലേ ?” അയാൾ ആകാംഷയോടെ ആരാഞ്ഞു .”ഇല്ല… നമുക്ക് വീട്ടിലേക്കു പോകാം ജെയിംസ്….അവിടെ കുട്ട്യോള് തനിച്ചല്ലേയുള്ളു…. എനിക്കൊരസുഖവും ഇല്ലെന്നേ ….”എൽസ പറഞ്ഞു “നിനക്ക് പിള്ളേരെക്കുറിച്ചു മാത്രമേയുള്ളു വേവലാതി…നിനക്കെന്തെങ്കിലും പറ്റിയാൽ പിന്നെ എനിക്കാരുണ്ട്?” ജെയിംസ് ഗദ്ഗദകണ്ഠനായി .എൽസ സ്നേഹത്തോടെ അയാളെ നോക്കി.
റൂമിലേക്ക് നടക്കുമ്പോൾ ,തന്റെ വിഡ്ഢിത്തമോർത്തു എൽസക്കു ലജ്ജ തോന്നി…കുറച്ചു നാളുകളായി ,കണ്ണാടി നോക്കുമ്പോൾ ,തനിക്കു തടി കൂടുന്നില്ലേ, എന്ന് സംശയം തോന്നിയിരുന്നു .ഉച്ചഭക്ഷണം ഒഴിവാക്കാമെന്ന് തീരുമാനിച്ചത് അങ്ങിനെയാണ്….മിനിയാന്ന് കലശലായി വിശന്നപ്പോൾ,രണ്ടു പരിപ്പുവടയും തിന്നു ,പച്ചവെള്ളവും കുടിച്ചത് സത്യമാണ്….നേരിയ തലവേദന തുടങ്ങിയപ്പോഴെങ്കിലും വല്ലതും വയറു നിറയെ കഴിക്കേണ്ടതായിരുന്നു….ഒടുവിൽ തലവേദന കലശലാവുകയും,ശരീരം വെട്ടിവിയർക്കുകയും ചെയ്തെന്നത് നേര് .
പേടിച്ചരണ്ട ജെയിംസ് , പിടിച്ചപിടിയാലേ തന്നെ ആശുപത്രീൽ എത്തിക്കുകയായിരുന്നു ……അവിടെ വന്നു , ഒന്ന് ശർദിച്ചതോടെ, അസ്കിതകൾ മാറിയതുമാണ്…പക്ഷെ ഡ്യൂട്ടി ഡോക്ടർ സമ്മതിക്കണ്ടേ… താൻ ശർദിക്കുന്നതു കണ്ടപ്പോൾ ഡ്യൂട്ടി ഡോക്ടർ ആർക്കോ ഫോൺ ചെയ്യുന്നത് കേട്ട് തനിക്കുപോലും ചിരിവന്നു “ഇപ്പോൾ വന്ന ഹാർട്ട് പേഷ്യന്റ് ശർദിക്കുന്നു ഡോക്ടർ, ഞാൻ ഇനി എന്താ ചെയ്യേണ്ടേ ” ശരീരം വിയർത്തെന്നു പറഞ്ഞത് ഹാർട്ട് അറ്റാക് ലക്ഷണമായി അവർ എടുത്തിട്ടുണ്ടാവാം ……
ഓരോന്ന് ഓർത്തോർത്തു റൂമിനു മുന്നിലെത്തിയത് അറിഞ്ഞില്ല… ബെഡിൽ കയറി കിടക്കുമ്പോൾ വെറുതെ ജെയിംസിനെ നോക്കി.
ഉറക്കക്ഷീണം മുന്നിട്ടു നിൽക്കുന്ന , പരവശമായ മുഖം.കണ്ടിട്ട് കഷ്ടം തോന്നി …
വാതിലിൽ മുട്ട് കേട്ട് ജെയിംസ് എഴുന്നേറ്റു …സിസ്റ്റർ ആണ് “ദാ ഈ ബില്ല് അടച്ചോളു …എന്നിട്ടു ഡോക്ടറെ ചെന്ന് കാണാൻ പറഞ്ഞു .” അവർ ബില്ലെടുത്തു നീട്ടി…. “എത്രയായി? പൈസയുണ്ടോ ജെയിംസ് ?” എൽസ ആരാഞ്ഞു “അയ്യായിരത്തി തൊണ്ണൂറു “പോക്കറ്റിൽ കയ്യിട്ടുകൊണ്ടു ജെയിംസ് ,കാശു കയ്യിലുണ്ടെന്നു തലയാട്ടി .”ദൈവമേ …. രണ്ടു പരിപ്പുവടയുടെ വില ഇത്രയോ” അവൾ മനസ്സിൽ പറഞ്ഞു
ബില്ലടച്ചു മടങ്ങി വരുമ്പോൾ , ജയിംസിന്റെ മുഖത്തു ആശ്വാസത്തിന്റെ വെളിച്ചം കണ്ടു. “ഡോക്ടർ പറഞ്ഞു,നിനക്ക് കുഴപ്പമൊന്നുമില്ല, സംഭവം ഗ്യാസ് പ്രോബ്ലം ആയിരുന്നുഉടൻ ,ഡിസ്ചാർജ് ചെയ്തേക്കാമെന്നു “…ജെയിംസ് കുരിശു വരച്ചു …
.എൽസയുടെ ഉള്ളിൽ ഒരു തേങ്ങൽ വന്നു തിക്കുമുട്ടി. അത് എന്തിനാണെന്ന് അവൾക്കു തിരിച്ചറിയാനായില്ല…………
**********************************************************