നിറം അറിയാത്ത കനവുകൾ

ആട്ടിൻ കാഷ്ഠത്തിൻ്റെ ചൂരടിയ്ക്കുന്ന ഊടുവഴികളിലൂടെ സാറ ,മൂക്കുംപൊത്തി, ബദ്ധപ്പെട്ടുനടന്നു.

“ദിസ് ഈസ് ടൂ മച്ച് കിരൺ..

അയാളോട് ലൊക്കേഷൻ വാട്ട്സ് ആപ്പ് ചെയ്യാൻ പറയാരുന്നില്ലേ?

എത്രനേരമായി ഈ അലച്ചിലു തുടങ്ങിയിട്ട്….നല്ലവഴിയാണേലും വേണ്ടില്ല …നാറ്റോം,കൊതുകും,അഴുക്കുചാലും….കന്നാലികൾ പോലും ഇവിടെ കഴിയൂല്ല….”

മുമ്പേ നടന്നിരുന്ന കിരണിനെ നോക്കി സാറ വിളിച്ചുപറഞ്ഞു.

തിരിഞ്ഞുനോക്കി ഒന്നു ചിരിച്ചതേയുള്ളു കിരൺ..,

” ഇതൊക്കെ റിയാലിറ്റിയാണത്രേ,റിയാലിറ്റി! സ്റ്റുപ്പിഡ്….”സാറ മുരണ്ടു.

കിരൺ അതു കേട്ടഭാവം കാണിച്ചില്ല.

ദേഷ്യംകൊണ്ട് സാറയുടെ മുഖം വീർത്തുതുടുത്തു.

“ഈ നശിച്ച സബ്ജക്ട് പ്രോജക്ടിനായി തിരഞ്ഞെടുത്ത തന്നെത്തന്നെ പറഞ്ഞാൽ മതിയല്ലോ …അതെങ്ങനെ…കടുത്ത പ്രേമപ്പനി പിടിച്ചിരിയ്ക്കയല്ലേ…കിരൺ എന്തുചെയ്യുന്നോ,മുൻപിൻ നോക്കാതെ ഒപ്പം എടുത്തുചാടും….ആൾക്കാണെങ്കിലോ എന്തുകണ്ടാലും ഒരുകൂസലുമില്ല…ഇതൊക്കെ എന്ത് എന്നൊരു തണുപ്പൻമട്ട്..

വരട്ടെ,ഒരിക്കൽ സ്വന്തമായികൈയ്യിൽകിട്ടും ഈ സാധുജനസേവകനെ…അന്നുകാണിച്ചുതരാം സാറ ഏതാ മൊതലെന്ന്….സാറ മനസ്സിൽ പറഞ്ഞു.

അവളുടെ മനസ്സുവായിച്ചിട്ടെന്ന വണ്ണം പെട്ടെന്ന് കിരൺ തിരിഞ്ഞുനിന്നു.

“സാറക്കുട്ടി മടുത്തോ? വാത്സല്യത്തോടെ കിരൺചോദിച്ചു.

സാറയുടെ ദേഷ്യം ഇരട്ടിയായി ആ ചോദ്യം കേട്ടപ്പോൾ…കണ്ണുകൾകൂർപ്പിച്ച് അവനെയൊന്നു നോക്കിയതല്ലാതെ

അവൾ ഒന്നും മിണ്ടിയില്ല …

“ദേ..ആ ചാലു ചാടിക്കടന്നാലുടൻ നമ്മളന്വേഷിച്ചുവന്ന വീടെത്തും”

ഒരൽപ്പം അകലേക്കു ചൂണ്ടിക്കാട്ടി കിരൺ പറഞ്ഞു.

“ഓ…വല്യഉപകാരം….സാറ ചുണ്ടുകോട്ടി. എനിയ്ക്കിനി ഒരടി നടക്കാൻവയ്യാ”

“എന്നാ ഞാനെടുത്താലോ?”

കുസൃതിയോടെ കിരൺ അവൾക്കുനേരേ രണ്ടുകയ്യുംനീട്ടി.

ഉള്ളിൽ ചിരിവന്നെങ്കിലും സാറ ഗൗരവം ഒട്ടും കുറച്ചില്ല.

“കൊണ്ടുവന്ന മിനറൽവാട്ടറും തീർന്നു… തൊണ്ടയാണേൽ വരണ്ടു പൊട്ടാറായി…അപ്പോഴാ ഒരാൾടെ കിന്നാരം…ഹും!

“എടീ ഭയങ്കരീ….ആ രണ്ടുലിറ്ററും നീതന്നെ കുടിച്ചു തീർത്തോ…ഒരുതുള്ളിപോലും എനിയ്ക്കുതരാതെ….ഇത്രയ്ക്കൊന്നും സെൽഫിഷ് നെസ്സ് പാടില്ല കേട്ടോ…സഹജീവികളോട് ഒരനുകമ്പയും ഇല്ലാതെ..”

കിരൺ കള്ള പരിഭവം കാട്ടി…

” ഞാനറിഞ്ഞോ ഇത്രവേഗം അത് തീർന്നുപോകുമെന്ന്…ദാഹിച്ചപ്പം ഓരോ കവിളുവീതം ഇടയ്ക്കിടെ കുടിച്ചു… അതു തീർന്നുംപോയി..

ഏതെങ്കിലും സൂപ്പർമാർക്കറ്റ് കാണട്ടെ..ഞാൻ വാങ്ങിത്തന്നേക്കാം …”സാറ ശുണ്ഠിയോടെ പറഞ്ഞു.

“സൂപ്പർമാർക്കറ്റ്… അതും ഈ ചേരിയില്…….കിരൺചിരിച്ചു.

പറഞ്ഞുപോയ അബദ്ധംമറച്ചുവയ്ക്കാനെന്നപോലെ സാറയുംമുഖത്തൊരു ചിരി വരുത്തി.പിന്നെ പറഞ്ഞു..

“കിരണിനോടൊപ്പം ഒരു ദിവസം മുഴുവൻ കറങ്ങിനടക്കാമല്ലോ എന്നോർത്താ ഞാൻ …

ഗദ്ഗദംകൊണ്ട് സാറയ്ക്കു മുഴുമിപ്പിയ്ക്കാനായില്ല.

” എനിയ്ക്കറിയാമെടാ കുട്ടാ…പക്ഷേ നമ്മളൊരു കാര്യത്തിനിറങ്ങിയാൽ പാതിവഴിയിൽ ഉപേക്ഷിച്ചുപോകുന്നത് ശരിയാണോ?…ഒന്നോർത്തു നോക്കിക്കേ…”കിരൺ അനുനയസ്വരത്തിൽ പറഞ്ഞു.

സാറയുടെ മുഖം വീർത്തുതന്നെയിരുന്നു …

“ഈ ബലൂണിൻ്റെ കവിളത്തൊരുമ്മകൊടുത്ത് ,അതിൻ്റെ കാറ്റുകുറച്ചൊന്നു തുറന്നുവിട്ടാലോ?” ചൂണ്ടുവിരൽ സാറയുടെ കവിളത്തുതൊട്ടുകൊണ്ട് കിരൺ ചിരിയോടെ സാറയെനോക്കി.

“വേണ്ട..വേണ്ട മോനങ്ങു മര്യാദയ്ക്കു നടന്നാ മതി. . . വിരൽ പതിയെ എടുത്തുമാറ്റിക്കൊണ്ട് സാറ പറഞ്ഞു.

“ഇതാ കുഴപ്പം …ഒപ്പംനടന്നാൽ ഇങ്ങനത്തെ വല്ല കുണ്ടാമണ്ടിത്തരവും മനസ്സിൽ തോന്നിയാലോ എന്നോർത്താ മുമ്പേ നടന്നത്……കൂടെ നടക്കാമെന്നുവച്ചപ്പോഴോ ഞാൻ മര്യാദയില്ലാത്തവനുമായി”

ഇത്തവണ സാറ ചിരിച്ചു പോയി.

“ഹാവൂ…സമാധാനമായി…ഒരുദീർഘനിശ്വാസമുതിർത്തുകൊണ്ട് കിരൺ പറഞ്ഞു.

” എനിയ്ക്കു വിശന്നിട്ടുവയ്യ കിരൺ….രാവിലെ ഒരുമിച്ചു യാത്രചെയ്യാമെന്ന ത്രില്ലിൽ ബ്രേക്ക്ഫാസ്റ്റ് കഴിച്ചതുമില്ല… ഇവിടാണേൽ ഒരു ഹോട്ടൽ പോലും കാണുന്നുമില്ല….”

സാറ പതം പറഞ്ഞു.

കിരൺ ഒന്നും കേട്ടമട്ടു കാണിച്ചില്ല.

കീറച്ചാക്കുകളും തുളകൾവീണു തുടങ്ങിയ പ്ലാസ്റ്റിക്കവറുകളും തകരപ്പാട്ടയും ബേസ്ബോർഡ് കഷണങ്ങളുമൊക്കെ ചേർത്ത്,ഒരാൾക്കു കുനിഞ്ഞു മാത്രം കഷ്ടിച്ചു കയറാനാകുന്ന,ചേരിയിലെ `കൊട്ടാര’ങ്ങൾക്കു നടുവിലൊരു ഹോട്ടലോ….? ഈ കുട്ടി എന്തൊരു മിഥ്യാലോകത്താണു ജീവിയ്കുന്നത്! അല്ല..അവളെപ്പറഞ്ഞിട്ടും കാര്യമില്ല…സമൃദ്ധിയുടെ,നിറപ്പകിട്ടാർന്ന,തിളങ്ങുന്ന വശംമാത്രം കണ്ടിട്ടുള്ള അവൾക്ക്,ഒരു പക്ഷേ ഈ യാത്ര തന്നെ,യാതനകളുടെ കൊടുമുടി കയറ്റമായി തോന്നുന്നുണ്ടാവാം…….

“ദേ..ആ പൈപ്പിൻചോട്ടിൽപോയി കാലും മുഖവുമൊക്കെ കഴുകി ഫ്രഷായാലോ….?

സാറ ചൂണ്ടിക്കാണിച്ചയിടത്തേയ്ക് കിരൺ നോക്കി. അടുത്തകാലത്തെങ്ങും ആ പൈപ്പിലൂടെ വെള്ളം വന്നിട്ടുണ്ടാവില്ലെന്ന് ലക്ഷണം കണ്ടപ്പോഴേ അവനു മനസ്സിലായി.

പ്രതീക്ഷയോടെ തൻ്റെ മുഖത്തേയ്ക്കു നോക്കിനിലക്കുന്ന സാറയോട് മറുത്തൊന്നുംപറയാൻ അവനുതോന്നിയില്ല …നനയാതിരിയ്ക്കാൻ, ചുരിദാറിൻ്റെ ഷാളെല്ലാം ഒതുക്കിപ്പിടിച്ച് തയാറെടുക്കുന്ന സാറയെ കണ്ടപ്പോൾഅവനു സഹതാപം തോന്നി.

പാവം…ഏസി കാറിൽമാത്രം പുറത്തിറങ്ങി ശീലമുള്ള പെണ്ണ്…ഒരല്പം വെയിലു കൊണ്ടപ്പോഴേക്കും ചീരത്തണ്ടുപോലെ കുഴഞ്ഞുപോയിരിയ്ക്കുന്നു…..

ടാപ്പു തുറന്നതും,പൈപ്പ് ഒരു സീൽക്കാരം പുറപ്പെടുവിച്ചതും ഒരുമിച്ചിരുന്നു.

സാറ ഞെട്ടി ,ഒരു ചാട്ടംചാടി.

“ഷിറ്റ്…ബുൾഷിറ്റ്…” അവൾ പൈപ്പിനെ നോക്കി അലറി.

“താൻ വാ..നമുക്കു വേറെന്തേലും വഴിയുണ്ടാക്കാം”…കിരൺ അവളുടെ തോളത്തുതട്ടി സമാധാനിപ്പിച്ചു, ചാട്ടത്തിനിടയിൽ,തറയിൽവീണുപോയ ഷോളെടുത്ത് അവൾക്കുനേരേ നീട്ടി…..

അഴുക്കുചാൽ ചാടിക്കടന്ന് ,ആ കുടിലിനുമുന്നിലെത്തുവോളം പിന്നെ,രണ്ടു പേരും ഒന്നും സംസാരിച്ചില്ല.

“വേലുഅണ്ണാ …വേലുഅണ്ണാ…’കിരൺ ഉള്ളിലേയ്ക്കുനോക്കി ഉറക്കെ വിളിച്ചു.

“എന്ന തൊന്തരവ് ഇത് …യാരത്? തുങ്കറുതുക്കും വിടമാട്ടയാ?

അരിശപ്പെട്ടുകൊണ്ട്,ചാക്കുമറപൊക്കി,പ്രായമേറെതോന്നിയ്ക്കുന്ന ഒരു പാട്ടി, കണ്ണുംതിരുമ്മി എഴുന്നേറ്റുവന്നു.

കീറിത്തുന്നിയ ഒരു കൈലി മാത്രമായിരുന്നു അവരുടെവേഷം.

അയഞ്ഞു തൂങ്ങിയ പാട്ടിയുടെ മാറിടങ്ങൾ,ഒട്ടിയവയറിനു മീതേ ,പാതിവെള്ളം നിറച്ച ബലൂൺകണക്കെ കിടന്നാടി. വക്രിച്ച മുഖത്തോടെ സാറ അരുണിൻ്റെ മുഖത്തേക്കു നോക്കി.പിന്നെഅവനുമാത്രം കേൾക്കാവുന്നത്ര ശബ്ദം താഴ്ത്തിചോദിച്ചു.,”ഇതെന്നാ,ഫാഷൻ ഷോയാ?..

സാറയെ ശാസന നിറഞ്ഞഒരുനോട്ടം നോക്കി,കിരൺപാട്ടിയോടു ചോദിച്ചു”വേലുവണ്ണൻ ഇന്നു കാണാമെന്നു പറഞ്ഞിരുന്നു….ഒന്നുവിളിയ്ക്കാമോ?

“എതുക്കു ? കക്കൂസ്ടാങ്ക് ക്ലീൻ പണ്ണറുതുക്കാ?

“ഏയ് തള്ളേ…നീ ഉള്ളെ പോ..നാൻപാത്തുകിറേൻ”

ഉന്തിയ വയറിനു മീതേ ,പിഞ്ചിയ സാരി വലിച്ചു വാരിച്ചുറ്റി,ഒക്കത്തൊരു കുഞ്ഞുമായി,മെലിഞ്ഞുണങ്ങിയ ഒരുസ്ത്രീ പുറത്തേയ്ക്കിറങ്ങിവന്നു.

“അണ്ണൻ ഉങ്കളെപ്പറ്റി സൊല്ലിയാച്ച്…. ഉക്കാറയ്യാ…ഉക്കാറ്…അമ്മാ നീയും

ഉക്കാറ്…

ഇരിയ്ക്കാൻ പറഞ്ഞശേഷം,അതിനു പറ്റിയൊരിടം ചൂണ്ടിക്കാണിക്കാനാവാതെ അവർ നിന്നു പരുങ്ങി.

“സാരമില്ല,ഞങ്ങളിവിടെ നിന്നോളാം …”കിരൺപറഞ്ഞു.

ഒക്കത്തിരുന്ന് മൂക്കിൽനിന്നും ഒലിച്ചിറങ്ങുന്ന കൊഴുത്ത മഞ്ഞദ്രാവകത്തിൻ്റെ രുചി നുണയുന്ന കുട്ടിയിലായിരുന്നു സാറയുടെ ശ്രദ്ധ മുഴുവൻ.

നോക്കിനിൽക്കേ അവൾക്ക് ഓക്കാനം വന്നു. അതു കണ്ടിട്ടാവാം ആ സ്ത്രീ ,സാരിത്തുമ്പുകൊണ്ട് വേഗം കുട്ടിയുടെമൂക്കു തുടച്ചെടുത്തു. അറപ്പു തോന്നിയിട്ട് അവിടുന്ന് എങ്ങോട്ടെങ്കിലും ഓടിപ്പോകണമെന്നുതോന്നി സാറയ്ക്ക്.

..”വേലുവണ്ണൻ?….കിരൺചോദിച്ചു.

“കാലെയിലേ യാരോ വന്ത് കൂപ്പിട്ടു പോയിട്ടേൻ…എപ്പോ തിരുമ്പി വരുമെന്ന് തെരിയാതപ്പാ…

ആനാ വന്താലും നേരെ നിക്കതുപോലും മുടിയാത്. നെറയെ സാരായം സാപ്പിട്ടുതാൻ വരും….നീങ്ക യാരെന്നുപോലും നിജമാ അവനുക്ക് ഞാപകം വരാത്..അവനുക്കു തെരിയത് ഒന്നുമട്ടുംതാൻ…അടി,ഇടി ,ആട്ടം,കൂത്ത്….ഉങ്കളെ തിട്ടുമോന്നുപോലും എനക്കു ഭയമിരുക്ക്….” കുലുങ്ങിച്ചിരിച്ചുകൊണ്ട് ആ സ്ത്രീ പറഞ്ഞു.

ഇതുകേട്ട് സാറയുടെ മുഖം വിളറിവെളുത്തു.

“പാവം ! തോട്ടിപ്പണി താനേ…കൊഞ്ചം കുടിയ്കട്ടും…വേലയ് മുടിഞ്ചതുക്കു അപ്രം താനേ… ആനാ നാൻശണ്ഠകൂടാത്….”

ആ സ്ത്രീ ഭർത്താവിനെ ന്യായീകരിച്ചു.

“പൊയി…പൊയി…”ഉള്ളിൽനിന്നും പാട്ടിയുടെ ശബ്ദമുയർന്നു.

“വായെ മൂട് കെളവീ….നാൻ ഉള്ളെ വന്താ…ഉം…… ആ സ്ത്രീ ഭീഷണിയുടെ സ്വരത്തിൽ മുരണ്ടു. പിന്നെ,സാറയെ നോക്കി മന്ദഹസിച്ചു. സാറ മുഖംതിരിച്ചുകളഞ്ഞു.

“റുക്കു…റുക്കൂ…” ഉള്ളിലേയ്ക്കുനോക്കി വേലുവിൻ്റെ പൊണ്ടാട്ടി വിളിച്ചു.” എന്നമ്മാ…”

ജട പിടിച്ച തലമുടി,രണ്ടു കൈ കൊണ്ടും നിർത്താതെ മാന്തിക്കൊണ്ട്,പത്തു വയസ്സുതോന്നിയ്ക്കുന്ന ഒരു പെൺകുട്ടി,കുടിലിനുള്ളിൽനിന്നും പുറത്തേയ്കു വന്നു. മുഷിഞ്ഞു നാറിയ,ഒരു പെറ്റിക്കോട്ടായിരുന്നു അവളുടെ വേഷം.

അപരിചിതരെ കണ്ട്,ഒരുനിമിഷം പകച്ചു നിന്നെങ്കിലും,ഉറക്കപ്പിച്ചിൻ്റെ ആലസ്യത്തോടെ,അവൾ അവരെനോക്കി മന്ദഹസിച്ചു.

“ടീ റുക്കൂ…ശീഘ്രം പോയി `സില്ക്കി’നെ കൊണ്ടുവാ…

“സരി അമ്മാ…” റുക്കു ഓടിപ്പോയി..

നിമിഷങ്ങൾക്കകം എവിടെനിന്നോ ഒരാടിനെ പിടിച്ചു വലിച്ചുകൊണ്ടു വന്നു…പെൺകുട്ടി ഒരുചുവടു മുന്നോട്ടു വയ്ക്കൂമ്പോൾ ,അവളെ രണ്ടുചുവടു പുറകോട്ടുവലിയ്കുന്ന ആടിൻ്റെ പ്രകടനം കണ്ടപ്പോൾ സാറയ്ക്കു ചിരിവന്നു.

പിറന്നതിൽപ്പിന്നിന്നോളം ,ആ ആടിൻ്റെ ദേഹത്ത് ഒരുതുള്ളി വെള്ളംപോലും വീണിട്ടില്ലെന്നുതോന്നി സാറയ്ക്ക് അതിനെ കണ്ടപ്പോൾ…രോമങ്ങളിൽ അവിടെയുമിവിടെയും,ആട്ടിൻകാഷ്ഠം,ഉണങ്ങിയ മുന്തിരിപോലെ പറ്റിപ്പിടിച്ചിരിയ്ക്കുന്നു.

ഓ…ഒരുവൃത്തീമില്ല,വെടിപ്പുമില്ല…. ഏതായാലും അഭിമുഖംനടത്താൻ കിരൺ കണ്ടുപിടിച്ച ആളുംകൊള്ളാം,അയാടെ ആൾക്കാരും കൊള്ളാം …സാറ മനസ്സിൽ പറഞ്ഞു.

“ഒരു ടീ എടുക്കട്ടുമാ? കിരണിനോട് വേലുവിൻ്റെ പൊണ്ടാട്ടി ചോദിച്ചു.

“വേണ്ട…വേണ്ട…” സാറ ചാടിക്കയറി പറഞ്ഞു.

“എനക്ക് പസിക്കിതമ്മാ….കണ്ടിപ്പാ എനക്കു ടീ വേണം.. നേത്തുക്കും ഒന്നുമേ സാപ്പിടലേ…വയറു വലിയ്ക്കുതമ്മാ…” പെൺകുട്ടി പറഞ്ഞു….പ്ലീസ് എന്ന ഒരാംഗ്യത്തോടെ അവൾ കിരണിനെ നോക്കി. ശരി എന്ന് കിരൺ തലയാട്ടി. ആശ്വാസത്തിൻ്റെയും സന്തോഷത്തിൻ്റെയും തിരകൾ അവളുടെ വിടർന്ന വലിയ കണ്ണുകളിൽ അലയടിയ്ക്കുന്നത് കിരൺ കണ്ടു. ഒരു പക്ഷേ,ഇങ്ങനെയുള്ള അവസരങ്ങളിൽ മാത്രമാവാം ‘ചായ `എന്ന ധാരാളിത്തം അവൾക്കനുഭവിയ്ക്കാനാവുന്നത് ….

രണ്ടുപാക്കറ്റ് ബിസ്കറ്റെങ്കിലും,ഇവർക്കു കൊടുക്കാൻ കൈയ്യിൽ കരുതേണ്ടതായിരുന്നു.. കിരൺ ഖേദത്തോടെ ഓർത്തു.

കിരൺ ഏറുകണ്ണിട്ട് സാറയെ നോക്കി. നിരാശയും നിസ്സഹായതയും വിശപ്പും വരിഞ്ഞുമുറുക്കിയ ഭാവത്തോടെ വിദൂരതയിലേയെക്കെവിടെയോ കണ്ണുനട്ട് ഒരേനിൽപ്പു നിൽക്കുകയാണവൾ …

വൃത്തിഹീനമായ ഈ ചുറ്റുപാടു കണ്ടിട്ട്,ചായഎന്നല്ല ഇനി അമൃതു വിളമ്പാമെന്നു പറഞ്ഞാലും അവൾ കഴിയ്ക്കുമെന്നു തോന്നുന്നില്ല.

ആടിനെ,അടുത്തുകണ്ട ഒരു കുറ്റിയിൽ കെട്ടിയിട്ട്,രുക്കു അകത്തേയ്ക്ക് ഓടിപ്പോയി.പിന്നെ,ഒരു അലൂമിനിയം മൊന്തയുമായിവന്ന്,കുന്തിച്ചിരുന്ന് പാൽ കറക്കാൻ തുടങ്ങി. കൗതുകംകൊണ്ട് സാറയുടെ കണ്ണുകൾ വിടർന്നുവരുന്നത് കിരൺ കണ്ടു.

കൂടിലിനുള്ളിൽനിന്നും തെയില തിളയ്ക്കുന്ന ഗന്ധം പുറത്തേക്കൊഴുകിവന്നപ്പോൾ വിശപ്പ് നാലിരട്ടിയായതുപോലെ തോന്നി സാറയ്ക്….എങ്ങനെ കുടിയ്ക്കും?…അതുംഈ അറയ്ക്കുന്ന ചുറ്റുപാടിൽ…?വല്ലാത്തൊരു ദുരവസ്ഥ തന്നെ… വിശപ്പ് ഇത്രയും കടുത്തതാണോ?..

വീട്ടിൽ,തീൻമേശയിൽ,ടേസ്റ്റ് ഇല്ലെന്നു കുറ്റംപറഞ്ഞ്,കഴിയ്ക്കാതെ തള്ളിനീക്കിയിട്ടുള്ള ഓരോന്നിനെപ്പറ്റിയും പൊടുന്നനെ അവളോർത്തു. അതിലേതെങ്കിലുമൊന്ന് ഇപ്പോൾ കിട്ടിയിരുന്നെങ്കിൽ എത്ര നന്നായേനേ….

ഓട്ടുമൊന്തയിൽ,ആവിപറക്കുന്ന കടുംചായയുമായി ,പാട്ടിയമ്മ,ഉള്ളിൽനിന്നിറങ്ങിവന്നു. അതിലേയ്ക് കറന്നെടുത്ത ആട്ടിൻപാലൊഴിച്ച് നന്നായി പതപ്പിച്ചു.

“സീ കിരൺ,ദേ ഹാവ് നോട്ട് ബോയിൽഡ് ദി മിൽക്…ഡോണ്ട് ഡ്രിങ്ക്‌ ദി ടീ….സാറ,കിരണിനു, താക്കീതു നൽകി.

കിരൺ ചിരിച്ചതേയുള്ളു.

പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചുകൊണ്ട്,ചായ,രണ്ടുഗ്ലാസ്സുകളിലേയ്ക്കു പകർന്ന്,പാട്ടിയമ്മ,കിരണിനും സാറയ്ക്കും നേരേ നീട്ടി…”ചക്കര കൊഞ്ചം കമ്മി” അവർ സങ്കോചത്തോടെ പറഞ്ഞു.

“സാരമില്ല …ചായ വാങ്ങിക്കൊണ്ട് കിരൺ പറഞ്ഞു. സാറ ചായ വാങ്ങാൻ കൂട്ടാക്കിയതേയില്ല…

“കുടി ,മാ..,തിരുമ്പി പോക വേണ്ടാമാ? പശിക്കും…ടൗണിൽപോകതുക്കു റൊമ്പം ദൂരമിരുക്കേ…” അവർ അറിയാവുന്ന മലയാളത്തിൽ ,സാറയെ നോക്കി വാത്സല്യത്തോടെ പറഞ്ഞു.

” പാട്ടി അവിടെ വച്ചോളൂ… കുറച്ചൊന്നു തണുത്തിട്ട് കുടിച്ചോളും ….”

” സരി…സരി….. ചായതാഴെ വച്ച്,പാട്ടി,കൊതിയോടെ നോക്കി നില്ക്കുന്ന റുക്കുവിനെ കണ്ണുരുട്ടിക്കാട്ടി,പിന്നെ,തല്ലാനായി കൈയ്യോങ്ങി.”ഉള്ളെ പോടീ” അവർ റുക്കുവിനോടു കയർത്തു.

കൊഴുത്തചായ,രണ്ടുകവിൾ ഉള്ളിൽ ചെന്നപ്പോൾ.പുതുജീവൻ കിട്ടിയതുപോലെതോന്നി കിരണിന്…അവൻ സാറയെനോക്കി. സങ്കടവും ദേഷ്യവും വിശപ്പുമൊക്കെചേർന്ന്, ഇമചിമ്മിയാൽ കരയുമെന്ന മട്ടിലായിരുന്നു സാറ….

ഒഴിഞ്ഞ ചായഗ്ലാസ്സ് താഴെവച്ച് കിരൺ ,സാറയെ നോക്കി.അവളുടെ ശ്രദ്ധമുഴുവൻ ,പാൽ പത തുളുമ്പിനിൽക്കുന്ന ചായഗ്ലാസ്സിലാണെന്നു കണ്ട് അവന് ഉള്ളിൽ ചിരിവന്നു. അവളുടെയുള്ളിൽ വിശപ്പും വൃത്തിയും തമ്മിൽ ഒരു യുദ്ധംനടക്കുന്നുണ്ടെന്ന് അവനു മനസ്സിലായി.

“എന്നാ നമുക്കു പോയാലോ? ഇവരു പറഞ്ഞതനുസരിച്ചാണെങ്കിൽ വേലു വണ്ണനെ ഇന്നിവിടെ കാത്തിരുന്നിട്ടു കാര്യമില്ലെന്നു തോന്നുന്നു….കിരൺ പറഞ്ഞു.

ഒരുനിമിഷം..മിന്നൽപോലെ ,സാറ,ചായഗ്ലാസ്സെടുത്ത് ഒറ്റവലിയ്ക്കു കുടിച്ചുതീർത്തു.

വീട്ടുകാരോട്,നന്ദിപറഞ്ഞ്,യാത്രതിരിയ്ക്കുമ്പോൾ,സാറ തികച്ചും മൂകയായിരുന്നു.എന്തൊക്കെയോ ചിന്തകൾ അവളുടെ മനസ്സിനെ വല്ലാതെ മഥിയ്ക്കുന്നുണ്ടെന്നുതോന്നി കിരണിന്.

ഒരു പത്തുചുവടുനടന്നുകാണും…സാറ,തിരിഞ്ഞ് കുടിലിനുനേർക്ക് ഓടി.

എന്തുപറ്റി?…പരിഭ്രമത്തോടെ കിരണുംപുറകേ വന്നു .

“ഞാൻ…ഞാനിവൾക്ക് ,റുക്കുവിന് ഒന്നും കൊടുത്തില്ല … അതിനുവന്നതാ…”പഴ്സ് തുറന്ന്,എത്രയെന്ന് എണ്ണാൻപോലും നിൽക്കാതെ,സാറ,അന്തംവിട്ടുനിന്നിരുന്ന രുക്കുവിൻ്റെ കൈവെള്ളയിലേയ്ക്ക് കുറേ നോട്ടുകൾ വച്ചുകൊടുത്തു..

“ഒന്നും വേണ്ടാ അമ്മാ…..എല്ലാരുമേ നല്ലാരുന്താ പോതും… പാട്ടിപറഞ്ഞു.

“കുട്ടികൾക്ക് എന്തെങ്കിലുംവാങ്ങി കൊടുത്താൽ മതി..”സാറ പറഞ്ഞു.

“സോറി…എന്നോടൊപ്പംകൂടി തനിയ്ക്കും ബുദ്ധിമുട്ടായി അല്ലേ? ചേരി അവസാനിയ്ക്കുന്ന തെരുവിലെത്തിയപ്പോൾ കിരൺ,സാറയോടു ചോദിച്ചു. അവനെ ഒന്നുനോക്കിയതല്ലാതെ അവൾമറുപടിഒന്നുംപറഞ്ഞില്ല..”അടുത്ത തവണ വരുമ്പോൾ ഞാൻ തനിച്ചു വന്നോളാം….താനി ങ്ങനെ അലയണ്ട.തനിയ്ക്കിതൊന്നും പരിചയമില്ലാത്തതല്ലേ ?”

“കിരൺ കൂടെയുണ്ടെങ്കിൽ ,ഞാനെന്തുംസഹിയ്ക്കും …എവിടെപ്പോയാലും ഞാൻ കൂടെവരും…

സത്യത്തിൽ ഇങ്ങനെയും ജീവിയ്ക്കുന്ന മനുഷ്യരുണ്ടെന്ന് എനിയ്ക്കിന്നാണ് ബോധ്യമായത്…തികച്ചും പച്ചയായ മനുഷ്യർ …ശരിയ്ക്കും കിരണിനോട് ഞാൻ നന്ദിപറയണം..”തരളിതയായി അവൾ പറഞ്ഞു.

“ശരി…ശരി…ഞാൻ അടുത്തയാഴ്ച വനവാസത്തിനു പോകുന്നുണ്ട്…സാറാ …നീ വരുന്നുണ്ടോ? നാടകീയമായി കിരൺചോദിച്ചു.

“ഉവ്വ് രാമാ …നീ എവിടെപ്പായാലും ഈ സീത കൂടെ വരും മോനേ…”.

പതിയെ പതിയെമൗനത്തിൻ്റെ വത്മീകം പൊളിച്ചെറിഞ്ഞ്,ചിരിയുടെ ഊഷ്മളതയിലേയ്ക്ക് അവർ ഊർന്നിറങ്ങി. ….

………… .. …… …… …….. ……. ……….

Scroll to Top