“എടാ പൊട്ടാ …മണുക്കൂസേ…”ഉച്ചത്തിൽ കൂകിവിളിച്ചു പിള്ളേർ സുന്ദരന്പിറകെ കൂടി.
ചേട്ടന്മാർ ഉപയോഗിച്ച്, ഉപേക്ഷിച്ച , പിഞ്ഞിത്തുടങ്ങിയ സ്കൂൾ ബാഗും തോളത്തിട്ടു ,സുന്ദരൻ ആവുന്നത്ര വേഗത്തിൽ ഓടി …അതുകണ്ടു കൂട്ടുകാർക്കും വാശിയായി. …
അവർക്കറിയാം , അരിശം പിടിപ്പിച്ചാൽ , സുന്ദരൻ തനി പോക്കിരി ആവുമെന്ന് . പിന്നെ, കണ്ണുമടച്ചു, തോൾ സഞ്ചി ചുഴറ്റി , അലറിവിളിച്ചു ,സുന്ദരന്റെ ഒരു പ്രകടനമുണ്ട് …അതിനിടയിൽ നിന്നിടത്തുതന്നെ അവൻ കുഴഞ്ഞു വീഴുകയും ചെയ്യും …പിന്നീടാണ് പിള്ളേർ കൈത്തരിപ്പ് തീർക്കുക …സുന്ദരനാവട്ടെ , തന്നെ തല്ലിയത് ആരാണെന്നുപോലും ഓര്മയുണ്ടാവില്ല …
അതായിരുന്നു പിള്ളേരുടെ വിജയവും
അന്നും അത് തന്നെ സംഭവിച്ചു.
മേലാസകലം മാന്തി ക്കീറിയ പാടുകളോടെ, കീറിപ്പറിഞ്ഞ വസ്ത്രങ്ങളോടെ, അവശനായി , നേരം വൈകിയെത്തിയ അവനെക്കാത്തു, നിറകണ്ണുകളോടെ,’അമ്മ പടിപ്പുരയിൽ നിൽക്കുന്നുണ്ടായിരുന്നു ….
“ഞാ …പടിച്ചുന്നില്ല…”അമ്മയെ കണ്ടയുടൻ , ബാഗ് വലിച്ചെറിഞ്ഞു അവൻ ചിണുങ്ങി.
“ന്താ..ന്റെ കുട്ടിക്ക് പറ്റിയേ? ഇന്നും തല്ലുണ്ടാക്കിയോ ? ചോര പൊടിയുന്ന മുറിപ്പാടിലൂടെ , സങ്കടത്തോടെ വിരലോടിച്ചു ദേവമ്മ തിരക്കി.
“ശ്ശേ ..തൊടാതെ മാറ് ‘ അവൻ അവരുടെ കൈ തട്ടി മാറ്റി, തള്ളി നീക്കി ,ഉമ്മറപ്പടിയിൽ പോയി കുന്തിച്ചിരുന്നു .
പിന്നെ, മുറിപ്പാടുകളിൽ , തുപ്പൽ തൊട്ടു തേക്കാൻ തുടങ്ങി …വേദനയോടെ, കുറേനേരം അവനെ നോക്കി നിന്ന്, ദേവമ്മ, ബാഗുമെടുത്തു ചായ്പ്പിലേക്കു നടന്നു.
പിഞ്ഞാണത്തിൽ ചോറ് കോരിവച്ചു, ഉമ്മറത്തേക്ക് ചെല്ലുമ്പോഴത്തേക്കും ,സുന്ദരൻ , അവിടെ ചുരുണ്ടുകൂടിക്കിടന്നു ഉറക്കം പിടിച്ചിരുന്നു…
വിളിച്ചുണർത്തിയാൽ ഒരുപക്ഷേ അവൻ അവിടെക്കിടന്നു അലറിവിളിക്കും, മുറ്റത്തു കിടന്നുരുളും, കയ്യിൽ കിട്ടുന്നതെല്ലാമെടുത്തു വലിച്ചെറിഞ്ഞെന്നും വരും….
അവനെ, ഉണർത്താതെ പൊക്കിയെടുത്തു ചായ്പ്പിൽ കൊണ്ട് കിടത്താനുള്ള ആരോഗ്യം തനിക്കൊട്ടു ഇല്ല താനും …എന്താ ഇപ്പൊ ചെയ്ക …അവർ നിന്ന് വിയർത്തു.
എങ്ങനെയെങ്കിലും , ഉമ്മറത്തെ സോഫായിലൊന്നു എടുത്തു കിടത്താമെന്നു വച്ചാൽ , അതിലൊന്നും തൊട്ടുപോകരുതെന്നാണ് അവനുള്ള ഉഗ്ര ശാസന.
ഒരിക്കൽ , പതുപതുപ്പിന്റെ രഹസ്യം തേടി , എവിടുന്നോ കിട്ടിയ തുരുമ്പിച്ച ബ്ലേഡ് കൊണ്ട് , സോഫ വരഞ്ഞുനോക്കിയതിനു അവനു കിട്ടിയ പുളിവാറടി അവനിതുവരെ മറന്നിട്ടില്ല …അതുകൊണ്ടാവും, ആരും ഇല്ലാത്തപ്പോൾ പോലും അതിലൊന്ന് തൊട്ടു നോക്കാൻ അവൻ ധൈര്യപ്പെടാറില്ല .
ദേവമ്മ വേദനയോടെ അവനെ നോക്കി .
ഇരുപതു വര്ഷങ്ങളുടെ ഇടവേളക്കു ശേഷം, അന്പതാമത്തെ വയസ്സിൽ, തനിക്കു ലഭിച്ച സന്തതി !
നാണമാവില്ലേ ഈ സ്ത്രീക്ക് …അതും തന്നോളം പോന്ന രണ്ടു കുട്ട്യോൾ ഉള്ളപ്പോൾ ?…പരസ്യമായും രഹസ്യമായും പലരും പിറുപിറുത്തു. എന്തിനു, സ്വന്തം മക്കൾ തന്നെ , അവജ്ഞയോടെ തന്നെ നോക്കി ചിരിക്കുന്നത് കണ്ടിട്ടും താൻ കണ്ടഭാവം കാണിച്ചില്ല . കുട്ട്യോൾടെ അച്ഛന്റെ ഭാവമാകട്ടെ , എന്നും ഒരുതരം നിസ്സംഗതയായിരുന്നു …
സ്വപ്നം കണ്ടും പിറക്കാനിരിക്കുന്ന കുരുന്നിനെ, ഉള്ളിലിട്ടു താലോലിച്ചും നടന്നിരുന്ന നാളുകൾ …
എത്രപെട്ടെന്നാണ് എല്ലാം തകിടം മറിഞ്ഞത് ! കുട്ടിക്ക് ബുദ്ധിവളർച്ച കുറവാണെന്നറിഞ്ഞ നിമിഷം , അവന്റെ അച്ഛനടക്കം കാലുമാറി. തനിക്കിങ്ങനെയൊരു കുട്ടിയുണ്ടാവില്ലെന്നയാൾ തീർത്തു പറഞ്ഞു
“നശിച്ച ജന്തു”…ഇതായിരുന്നു സഹോദരങ്ങൾ അവനു നൽകിയ വിശേഷണം. അങ്ങനെ പറയരുതെന്ന് വിലക്കിയപ്പോഴൊക്കെയും അവർ തന്നെ കടിച്ചുകീറാൻ വന്നു …”നിങ്ങക്ക് ആ അശ്രീകരം ജീവനാരിക്കും …ഞങ്ങക്ക് കണ്ടൂടാ ആ നശൂലത്തിനെ ….ചവുട്ടിക്കൊല്ലണ്ടേങ്കിൽ വിളിച്ചോണ്ട് പോ ” അവനെ കാണുമ്പോഴൊക്കെയും അവർ ആട്ടിയകറ്റി …
സുന്ദരനെ നെഞ്ചോടമർത്തി നിശ്ശബ്ദം കരയാനേതനിക്കു കഴിഞ്ഞുള്ളു.
“മ്മേ…നിക്ക് പുത്തിവരാനുള്ള മരുന്ന് മേടിച്ചു താ , കൈപ്പു വച്ചാലും ഞാൻ മിയുങ്ങാമമ്മേ …..”ഒരിക്കൽ സാരിത്തുമ്പിൽ തൂങ്ങി അവൻ പറഞ്ഞു.
‘നിക്കും ചേത്തനെപ്പോലെ മുത്തൻ ആളാബനം…..ബാച്ചു കെത്തണം,
ബന്തി ബാങ്ങണം….പീഡിൽ ഓടിക്കണം ….”സങ്കടം കൊണ്ട് ദേവമ്മ തേങ്ങിപ്പോയി.
ബാലചന്ദ്രന്റെ കല്യാണം ഉറപ്പിക്കാൻ പോയപ്പോഴാണതുണ്ടായത്
“ഇതിനെയും കെട്ടി എഴുന്നള്ളിക്കണോ…ഏതെങ്കിലും മുറിയിലിട്ടു പൂട്ടിയിട്ടു പോയാൽ പോരേ? സുന്ദരന്റെ അച്ഛൻ ചോദിച്ചു.
“ഞാനും അവനും കൂടി ഇവിടെ നിന്നോളാം…നിങ്ങൾ പോയിട്ട് വരൂ …” താൻ പറഞ്ഞു “അതൊന്നും പറ്റില്ല , കാര്യങ്ങളൊക്കെ അതിന്റെ മുറപോലെ നടക്കണം” കാർന്നോൻമാരാരോ കട്ടായം പറഞ്ഞു . ഒടുവിൽ പ്രാകിക്കൊണ്ടാണ് സുന്ദരനെ ഒപ്പം കൂട്ടാൻ സമ്മതിച്ചത്.
ചടങ്ങുകൾക്കിടയിൽ എപ്പോഴോ തന്റെ ശ്രദ്ധ കൈവിട്ടുപോയി. അവൻ മുറ്റത്തിറങ്ങി, കണ്ട കാറുകളിലൊക്കെ , കിട്ടിയ കമ്പുകൊണ്ടു കുത്തിവരച്ചു….പോരാത്തതിന്, ആരോടൊക്കെയോ ‘മുത്തായി മേടിക്കാൻ കാസും’ചോദിച്ചു. …അന്ന്, അവിടെവച്ചു , അവന്റെ അച്ഛൻ , ബെൽറ്റ് ഊരി തല്ലുന്നത് കണ്ടപ്പോൾ തനിക്കു സഹിക്കാൻ കഴിഞ്ഞില്ല …അരുതെന്നു ആരുമൊട്ടു പറഞ്ഞതുമില്ല ….അന്ന് തടസ്സം പിടിക്കാൻ ചെന്ന തനിക്കും കിട്ടി, മുഖമടച്ചു ഒരടി ! അതും മരുമകളുടെ വീട്ടുകാരെല്ലാം നോക്കിനിൽക്കേ….
അമ്മക്ക് വീട്ടിലുള്ള സ്ഥാനം മരുമകൾക്ക് അന്നേ മനസ്സിലായിക്കാണും…. പിന്നെങ്ങിനെയാ അവരൊക്കെ തന്നെ വകവയ്ക്കുക …….
ഏതായാലും അന്ന് തുടങ്ങിയതാണിവന്, അരിശം വന്നാൽ , ഒരുതരം ഹിസ്റ്റീരിയ കാട്ടി തളർന്നു വീഴുന്ന സ്വഭാവം …ഡോക്ടറെ കാണിക്കണമെന്ന് കാലുപിടിച്ചു കെഞ്ചി നോക്കി , നല്ല തല്ലിൻറെ കുറവാണെന്നു പറഞ്ഞു പരിഹസിച്ചതേയു ള്ളു എല്ലാവരും.
കുട്ടിയോളുടെ അച്ഛന്റെ മരണശേഷം ജീവിതം നരകതുല്യമായിരിക്കുന്നു ..ഏതു നേരവും ശകാരവും അതൃപ്തിയും തന്നെ …കാശു കൊടുക്കേണ്ടാത്ത ഒരു വേലക്കാരിയായിട്ടെങ്കിലും അവർക്കു തന്നെ കരുതാമായിരുന്നു….
ലോകത്തുള്ള , സകല പുച്ഛവും ആവാഹിച്ചുള്ള , അവരുടെ “തള്ളേ” വിളി കേട്ടാൽ തന്നെ , ഭൂമി പിളർന്നു , ഉള്ളിലേക്കാണ്ടുപോയിരുന്നെങ്കിൽ എന്ന് തോന്നും. ഇനി പെട്ടെന്നെങ്ങാനും തന്റെ കണ്ണടഞ്ഞുപോയാൽ, അന്ന് തന്നെ ഇവനെ ആട്ടി പുറത്താക്കാനും മതി …പിന്നെ,തന്റെ കുട്ടി, ഗതിയില്ലാതെ, അലഞ്ഞുതിരിഞ്ഞു…ഹോ അതൊന്നും ഓർക്കാൻ കൂടി വയ്യ ……
ഗേറ്റിനുപുറത്തു , നിർത്താതെയുള്ള ഹോൺ കേട്ട്,ദേവമ്മ ,ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു . ഇനി, ഗേറ്റ് തുറക്കാൻ താമസിച്ചാൽ , അത് മതി ഇന്നത്തെ പുകിലിന് ….പെമ്പ്രന്നോത്തി പ്രസവത്തിനു പോയേപ്പിന്നീട്, എന്നും രണ്ടെണ്ണം വീശി, അത്താഴവും കഴിഞ്ഞാണ് വരവ്….താനൊന്നും പറയാൻ പോവാറില്ല, ഇനി പെലയാട്ടും കൂടി ആ വായീന്നു കേൾക്കേണ്ടല്ലോ
വേച്ചും, കിതച്ചും , ഓടിവന്നു , ഗേറ്റു തുറക്കുന്ന അമ്മക്ക് നേരേ, തീപാറുന്ന ഒരു നോട്ടമെറിഞ്ഞു, ബാലചന്ദ്രൻ , കാർ, ഷെഡിലേക്കു കേറ്റിയിട്ടൂ .
പേടിയോടെ , ദേവമ്മ, സുന്ദരനെ വിളിച്ചുണർത്താൻ നോക്കി ..അവൻ കണ്ണ് തുറക്കാൻ കൂട്ടാക്കാതെ, വെറുതെ ചിണുങ്ങിയതേയുള്ളു ..
“ഈ ശവത്തിനെന്താ വന്നു ഗേറ്റ് തുറന്നാൽ ?…നാല് നേരവും വയറു പൊളക്കെ വെട്ടി വിഴുങ്ങുന്നുണ്ടല്ലോ …”വെറുപ്പ് നിറഞ്ഞ നോട്ടത്തോടെ, ഷൂസിട്ട കാലുകൊണ്ട്, സുന്ദരന്റെ പുറത്തു തൊഴിച്ചു , ബാലചന്ദ്രൻ ,വീടിനുള്ളിലേക്ക് കയറിപ്പോയി.
നെഞ്ചിൽ ഒരു ചാട്ടുളി കൊണ്ടതുപോലെ ദേവമ്മ ഞെട്ടിത്തരിച്ചു .
തന്റെ കണ്മുൻപിൽ വച്ച്, ഈ പാവത്തിനെ ഇങ്ങനെ ചവുട്ടിയരക്കുന്നുണ്ടെങ്കിൽ , നാളെ താൻ ഇല്ലാതായാൽ ……..
ഉറക്കത്തിൽ നിന്നും ചാടിയെഴുന്നേറ്റു, വേദനയോടെ വിങ്ങിക്കരയുന്ന ,സുന്ദരനെ ചേർത്തുപിടിച്ചു അവർ ചായ്പ്പിലേക്കു പോയി. ഇനി സഹിക്കവയ്യ….
ഓരോരോ മുട്ടുന്യായങ്ങൾ നിരത്തി, അച്ഛൻ മരിച്ചു, അധികനാൾ ആവും മുമ്പുതന്നെ , തന്റെ കിടപ്പു മുറിയിലേക്ക് ബാലചന്ദ്രൻ ചേക്കേറി….ശരത്ചന്ദ്രനാവട്ടെ, ദൂരെയാണെങ്കിലും , വർഷത്തിൽ രണ്ടോ മൂന്നോ തവണ മാത്രമേ വരാറുള്ളുവെങ്കിലും , അവന്റെ മുറി
പൂട്ടിക്കൊണ്ടാണ് ജോലിക്കു പോവുക. …മൂന്നാമതൊരു കിടപ്പു മുറി ഉണ്ടായിരുന്നതാവട്ടെ, ഗസ്റ്റ് റൂം എന്ന പേരിൽ സ്ഥാനക്കയറ്റം കൊടുത്തു ,തന്നെയും സുന്ദരനേയും സമർത്ഥമായി ചായ്പ്പിലേക്കു മാറ്റുകയായിരുന്നു.
അവഗണകളും അവഹേളനങ്ങളും മനസ്സിലാവാഞ്ഞിട്ടല്ല, എല്ലാം സഹിച്ചത് … മക്കളെയൊക്കെ കാണാമല്ലോ എന്ന അത്യാഗ്രഹം കൊണ്ടുമാത്രം….
മതിയായി…എല്ലാം മതിയായി ….
“മ്മേ….വിശക്കുവാ …”സുന്ദരൻ പതുക്കെ കിണുങ്ങാൻ തുടങ്ങി. നേരത്തെ വിളമ്പിവച്ചിരുന്ന , തണുത്തു മരവിച്ച ചോറ് , ഉരുളകളാക്കി അവന്റെ വായിൽ വച്ചുകൊടുക്കുമ്പോൾ, ദേവമ്മ ഉള്ളിൽ ചിരിക്കാൻ തുടങ്ങി.
മിണ്ടാതിരുന്നെന്നു കരുതി താനൊരു പൊട്ടിയാണെന്നാണ് എല്ലാവരുടെയും ധാരണ …..ഇനി തന്നെ ആരാണ് തോൽപ്പിക്കുക എന്ന് കാണട്ടെ ….
ഊണുകഴിഞ്ഞ സുന്ദരനെ , മാറോടു ചേർത്ത് നിർത്തി, ദേവമ്മ നെറുകയിൽ ഉമ്മ വെച്ചു..”.മോനിനി സ്കൂളിൽ പോകണ്ട കേട്ടോ,…ആരും മോനെ തല്ലാതുമില്ല, ചവിട്ടത്തുംഇല്ല….അതിനുള്ളൊരു സൂത്രം അമ്മേടെ കയ്യിലുണ്ട് കേട്ടോ” സുന്ദരൻ സന്തോഷത്തോടെ തലയാട്ടി.
അലമാര തുറന്നു,ദേവമ്മ , കൊടിയവിഷത്തിന്റെ കുഞ്ഞികുപ്പി പുറത്തെടുത്തു. എന്നെങ്കിലും തനിക്കിതു വേണ്ടി വരുമെന്ന് പണ്ടേ തനിക്കു മനസ്സിലായത് നന്നായി. അവർ മനസ്സിലോർത്തു
കുപ്പി തുറന്നു , പാതി തന്റെ വായിലും, ബാക്കി സുന്ദരന്റെ വായിലും കമഴ്ത്തി , അവർ പറഞ്ഞു, “ബുദ്ധി വരാനുള്ള മരുന്നാണ് കുട്ടാ,…ഇത് കഴിക്കാൻ ഇപ്പോഴാ അമ്മക്ക് ബുദ്ധിയുണ്ടായത്….നീ ദൈവത്തിന്റെ സന്തതിയാ ഈ ലോകത്തുള്ളവർക്കു നിന്നെ കിട്ടാനുള്ള ഒരർഹതയുമില്ല,,..നിന്നെ ഞാൻ തിരിയെ അവിടെ കൊണ്ടാക്കട്ടെ “
സുന്ദരനെ മാറോടു ചേർത്തുപിടിച്ചു , അവർ പിന്നെ, സുഖമായി ഉറങ്ങി.
*****************************************