ഒരു നോമ്പ് കാലത്താണ് ആനി ടീച്ചർക്ക് ആ പൂച്ചയെ കിട്ടിയത്.
കുർബ്ബാന കൂടി, മനസ്സിലൊരു പഴയ ഹിന്ദിപ്പാട്ടിന്റെ ഈണവും മൂളി, വീട്ടിലേക്കു തിരിയുന്ന ഇടവഴിയുടെ പാതിയോളം എത്തിയപ്പോഴാണ്, അവിടെവിടെയോ ചുരുണ്ടുകൂടിക്കിടന്നിരുന്ന ഗര്ഭിണിപ്പൂച്ച, വലിയ വയറും ഏന്തിവലിച്ചു , ടീച്ചറുടെ പിന്നാലെ കൂടിയത് .
ങാവൂ…ങാവൂ ” എന്ന അതിന്റെ കരളലിയിക്കുന്ന വിളിയും , ദയനീയമായ നോട്ടവും കണ്ടപ്പോൾ ടീച്ചറിന് ഒരു മനസ്സലിവ് തോന്നിയെങ്കിലും “പ്രയോജനമില്ലാത്ത ഒന്നിനേയുംഅടുപ്പിക്കരുത് “എന്ന കൊച്ചൗസേപ്പിന്റെ , കാർക്കശ്യം നിറഞ്ഞ ശാസന ഓര്മ വന്നതുകൊണ്ട്, ടീച്ചർ,പൂച്ച ഓരോതവണകരയുമ്പോഴും “പോപൂച്ചേ,പോ പൂച്ചേ ..”എന്ന് ദുർബ്ബലമായ ശബ്ദത്തിൽ പറഞ്ഞുകൊണ്ട്, കയ്യോങ്ങി , പൂച്ചയെ ആട്ടിയോടിക്കാൻ നോക്കിക്കൊണ്ടിരുന്നു …
പെട്ടെന്നാണ് ടീച്ചർക്ക് കൊച്ചൗസേപ്പിന്റെ, നനച്ചുണക്കാനിട്ടിരുന്ന അണ്ടർവെയർ , അതിന്റെ കാതലായ ഭാഗം , എലികടിച്ചു മുറിച്ചിട്ടിരുന്ന കാര്യം ഓർമവന്നത് …മൂന്നു വർഷത്തോളം പഴക്കമുള്ള, ഇലാസ്റ്റിക് അയഞ്ഞു തൂങ്ങി പാവാടപോലെ കിടന്നിരുന്ന ആ അടിവസ്ത്രം , പാന്റ്സിന്റെ , ബലത്തിലാണ് അരയിലിരുന്നിരുന്നതെന്നു തനിക്കല്ലേ അറിയൂ.
ആ പുരാവസ്തു നഷ്ടപ്പെട്ടതിനു എന്തൊരു പുകിലായിരുന്നു വീട്ടിൽ !
കടിച്ച എലിയേയും അതിന്റെ അച്ഛനപ്പൂപ്പന്മാരടക്കമുള്ളവരെയും അതിയാനന്നുവിളിച്ച തെറി …എന്റെ പൊന്നോ….കേട്ടുനിൽക്കാൻ പറ്റൂല്ല.
അയല്പക്കത്തുള്ളവർ ഇതൊക്കെ കേൾക്കുമോ എന്നായിരുന്നു ഏറ്റവും വലിയ പേടി…..എലിയെയാണ് ഭരണിപ്പാട്ടുകൊണ്ടു അഭിഷേകം ചെയ്യുന്നതെന്ന് അവർക്കറിയില്ലല്ലോ ……കൊച്ചൗസേപ്പിന് അതിലൊരു കുറച്ചിലും ഇല്ലെങ്കിലും “ആൾക്കാരെന്തു കരുതുമെന്ന ചിന്ത” തനിക്കുണ്ട്.
ഉന്നത വിദ്യാഭ്യാസവും ഡോക്ടറേറ്റുമൊക്കെ തനിക്കുണ്ടെങ്കിലും , പെണ്ണ് വെറുമൊരു ഭോഗവസ്തു മാത്രമാണെന്ന തരത്തിലുള്ള കൊച്ചൗസേപ്പിന്റെ ചിന്താഗതിയും പെരുമാറ്റവും , വര്ഷം മുപ്പത്തിമൂന്നു കഴിഞ്ഞെങ്കിലും മാറ്റിയെടുക്കാൻ തനിക്കു കഴിഞ്ഞിട്ടില്ലെന്ന് ടീച്ചർ മനസ്താപത്തോടെ ഓർത്തു
ഒരു കാര്യത്തിന് മാത്രം ആളിതുവരെയും തടസ്സം പറഞ്ഞിട്ടില്ല …പള്ളിയിൽ പോകുന്നതിനും, കുടുംബകൂട്ടായ്മയിൽ പങ്കെടുക്കുന്നതിനും ….അത് ദൈവഭയം കൊണ്ടാണെന്നു തനിക്കു തോന്നിയിട്ടില്ല. അതുള്ളവർ സഹജീവികളോട് സ്നേഹവും കരുണയും ഉള്ളവരായിരിക്കുമല്ലോ …..പരസ്യമായി കൈമുത്തുകയും രഹസ്യമായി പരിഹസിക്കുകയും ചെയ്യുന്ന അതിയാന്റെ മനശ്ശാസ്ത്രം എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നതുമില്ല …എന്തെങ്കിലുമാകട്ടെ ….
ഹോ .!ഈ പള്ളീപ്പോക്കുകൂടി ഇല്ലായിരുന്നെങ്കിൽ , മനുഷ്യരെ കാണാതെയും
ആരോടും മിണ്ടാനാവാതെയും താൻ ശ്വാസം മുട്ടി ചത്തുപോയേനെ….
എന്തായാലും പൂച്ചയെ ഓടിച്ചു വിടുന്നില്ല …ടീച്ചർ മനസ്സിലുറപ്പിച്ചു…ഇതിന്റെ കരച്ചിൽ കേട്ടാൽ എലി നാലയലത്തുകൂടി വരില്ലെന്ന് കൊച്ചൗസേപ്പിനെ പറഞ്ഞു , അല്ല , നടത്തിക്കാണിച്ചു ബോധ്യപ്പെടുത്തേണ്ടിവരും …..
ടീച്ചർ , ഗേറ്റിന്റെ കുറ്റിയെടുത്തു അകത്തു കയറി , പൂച്ചക്ക് കയറാനായി അൽപ്പനേരം തുറന്നു പിടിച്ചു…പക്ഷെ അത് സംശയത്തോടെ നിന്നതേയുള്ളൂ.
“എന്താ ഒരു ജാട?…കേറി വാ പൂച്ചേ ” ടീച്ചർ ക്ഷമ കെട്ടുപറഞ്ഞു.”പ്ലാന്റർക്കു നിന്നെ ഇഷ്ടപ്പെട്ടാൽ രക്ഷപ്പെട്ടു ….നോക്കീം കണ്ടുമൊക്കെ നിന്നോണം കേട്ടോ …പിന്നെ കട്ടുതിന്നരുതു,…മേശപ്പുറത്തു കയറി നിരങ്ങരുത് ….ആ ചായ്പ്പിലെങ്ങാനും അടങ്ങി ഒതുങ്ങി കഴിഞ്ഞോണം ….” പൂച്ച തലയാട്ടിയെന്നു ടീച്ചർക്ക് തോന്നി … ഏതായാലും അത് പതിയെ ടീച്ചറിന്റെ കാൽപാദങ്ങളിൽ വന്നു മുഖമുരുമ്മാൻ തുടങ്ങി
ടീച്ചർക്ക് സന്തോഷം തോന്നി …വീട്ടിലുള്ള മനുഷ്യർക്കോ തന്നോടൊരു സ്നേഹവും നന്ദിയുമില്ല …ഊണിലും ഉറക്കത്തിലും “പണം …പണം…പണം.”എന്നൊറ്റ വിചാരമല്ലാതെ മറ്റൊന്നുമില്ല ….ലോകം മുഴുവൻ വസ്തു വാങ്ങിച്ചുകൂട്ടി ,അത് മറിച്ചു വിറ്റാൽ കിട്ടുന്ന ലാഭത്തിന്റെ കണക്കുകൾ മാത്രമേ കൊച്ചൗസേപ്പിന്റെ ശ്വാസനിശ്വാസങ്ങളിൽപോലുമുള്ളൂ. മൂന്നു ആണ്മക്കളുള്ളതാവട്ടെ , അപ്പന്റെ പാത പിന്തുടർന്ന് , കാശുകൊയ്യാൻ വിദേശങ്ങളിൽ പോയി ചേക്കേറിയിരിക്കുന്നു. അവന്മാർക്ക് , വല്ലപ്പോഴും ഒന്ന് വിളിച്ചിട്ടു , അമ്മച്ചിക്ക് സുഖമാണോ എന്നെങ്കിലും ചോദിച്ചൂടെ?
ഇളയവനാ ഭേദം …ഈസ്റ്ററിനും ക്രിസ്തുമസ്സിനും മുടങ്ങാതെ വിളിക്കും ..കാശ് വല്ലതും ആവശ്യമുണ്ടോ അമ്മച്ചീന്ന് ചോദിക്കും , ഒന്നും അയച്ചു തരില്ലെങ്കിലും ….പിന്നെ, പൈസയൊന്നും കയ്യിലില്ലാതെവരുന്നത് തനിക്കൊരു പുത്തരിയൊന്നുമല്ല ….ജോലിക്കു പൊയ്ക്കൊണ്ടിരിക്കുമ്പോൾ തന്നെ , മാസാമാസം കിട്ടുന്ന ശമ്പളം മുഴുവൻ കൊച്ചൗസേപ്പിന് കാണിക്കയിടണമായിരുന്നു …ചിലപ്പോൾ തോന്നിയിട്ടുണ്ട്, എന്തിനിങ്ങാനൊരു അടിമത്ത ജീവിതമെന്ന്…..ഒന്നിനും സ്വാതന്ത്ര്യമില്ലാതെ, സ്വന്തം അധ്വാനത്തിന്റെ ഫലം പോലും അനുഭവിക്കാൻ യോഗമില്ലാതെ, ഒരു കൂട്ടിലടച്ച കിളിയെപ്പോലെ,….ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ,…നല്ല ഒരു സാരി ഉടുക്കാൻ ….ഒരു സിനിമ കാണാൻ,….പാട്ടു കേൾക്കാൻ …..എന്തിനേറെ, അയല്പക്കത്തുള്ളവരുമായി ഒന്ന് മനസ്സ് തുറന്നു സംസാരിക്കാൻ പോലും കൊച്ചൗസേപ്പ് സമ്മതിക്കില്ല ….
തന്റെ രണ്ടേ രണ്ടു അഭയ കേന്ദ്രങ്ങൾ …പഠിപ്പിച്ചിരുന്ന കോളേജും, പിന്നെ പള്ളിയും
..വലിയ പ്ലാന്ററുടെ ഭാര്യയായിട്ടും ആനിടീച്ചരു
എത്ര സിംപിളാ …സഹപ്രവർത്തകരും സ്റുഡന്റ്സും അഭിനന്ദിക്കുമ്പോൾ പലപ്പോഴും താൻ ഉള്ളിൽ കരഞ്ഞിട്ടുണ്ട്. രാവിലെ കോളേജിലേക്ക് വരാനും വൈകീട്ട് തിരിച്ചുവീട്ടിലേക്കുവരാനുമു ള്ള ബസ്ചാർജ് ദിവസവും കൊച്ചൗസേപ്പിൽനിന്നും ഇരന്നു വാങ്ങിക്കുകയാണെന്നു ആരോടെങ്കിലും പറയാൻ കൊള്ളാമോ ?
…റിട്ടയർ ആയതോടെ കോളേജ് എന്ന ഒരു വാതിൽ എന്നന്നേക്കുമായി അടഞ്ഞു, പുറത്തിറങ്ങി മനുഷ്യരെ കാണണമെന്നുണ്ടെങ്കിൽ പള്ളി തന്നെ ശരണം ….
ഏതായാലും ഇപ്പോൾ തനിക്കു മിണ്ടാനും,പരിഭവം പറയാനും, അത്യാവശ്യം ശകാരിക്കാനുമൊക്കെ ഒരാളായി…..അത് മനുഷ്യ ജീവി തന്നെയാവണമെന്നു തനിക്കു ഒരു നിർബന്ധവുമില്ല !
ഇന്നിപ്പോ കൊച്ചൗസേപ്പ് മലബാറിന് പോകുമെന്ന് തോന്നുന്നു….പോക്കുവരവുകളെപ്പറ്റി ഇന്നേവരെ തന്നോടൊന്നും മുൻകൂർ പറഞ്ഞിട്ടേയില്ല ….ഇതുതന്നെ അവിടുത്തെ പണിക്കാരോട് ഫോൺ ചെയ്യുന്നത് കേട്ടാണ് താൻ മനസ്സിലാക്കിയത്…ഇനി കുറഞ്ഞത് ഒന്നൊന്നര മാസം കഴിഞ്ഞു ആളിനെ നോക്കിയാ മതി …ഉണക്കി സൂക്ഷിച്ചിരിക്കുന്ന റബ്ബറും, ഏലവും മറ്റു മലഞ്ചരക്കുകളും ഒക്കെ വിറ്റു, വിളവെടുപ്പ് മഹോത്സവവും ആഘോഷിച്ചു , പതുക്കെയേ വരാൻ വഴിയുള്ളൂ .പട്ടച്ചാരായവും , വെടിയിറച്ചിയുമാണല്ലോ പുള്ളിയുടെ ഇഷ്ട വിഭവങ്ങൾ ….
അതവിടെ സുലഭമായി സംഘടിപ്പിക്കാനും, പാചകം ചെയ്യാനുമൊക്കെ “റാൻ മൂളികൾ” അവിടെയും ഉണ്ടെന്നു തോന്നുന്നു .
ഇവിടെയുമുണ്ടല്ലോ കുറെ സിൽബന്ധികളും സ്തുതിപാഠകരും! അവരെ സൽക്കരിക്കുന്നതു, മക്കൾ സംഭാവന ചെയ്യുന്ന മുന്തിയ മദ്യം കൊണ്ടാണെന്നുമാത്രം …..
ഇനി കൂട്ടുകാരാരെങ്കിലും തന്നെ അന്വേഷിച്ചാലോ , അവരോടു പറയുന്നത് കേൾക്കാം “യൂസ്ലെസ്സ് ഫെല്ലോ ….എപ്പോഴും പരാതികളേയുള്ളു ….ഒന്നീ തലവേദന…അല്ലേൽ ക്ഷീണം ….മൂഡോഫ് …വെറുതേ അതിന്റെ മോന്ത കണ്ടു നമ്മുടെ രസം കൂടി കളയണ്ട “
ആദ്യമൊക്കെ കേൾക്കുമ്പോൾ വിഷമം തോന്നിയിരുന്നു ..പിന്നെ പിന്നെ അതൊരു ശീലമായി
ഒരുതരം ഇന്ഫെരിയോരിറ്റി കോംപ്ലക്സ് അല്ലാണ്ടെന്താ … “വെളുത്തു തുടുത്തു പൂവന്പഴം പോലിരിക്കുന്ന ആനി ടീച്ചറിന് , ഈ കാട്ടുമാക്കാനെ മാത്രമേ കിട്ടിയുള്ളോ “…..കാശു കാരനായോണ്ടായിരിക്കും..അല്ലേപ്പിന്നെ….” എന്ന പ്യൂൺ ബാലൻ ചേട്ടന്റെ കമന്റ് ഇടയ്ക്കിടെ തനിക്കു ഓര്മ വരും …
മുപ്പതു വയസ്സായിട്ടും , കൊച്ചൗസേപ്പിന്റെ ഭാഷയിൽ പറഞ്ഞാ, കെട്ടാച്ചരക്കായി നിന്ന തനിക്കു ഒരു ജീവിതം തന്നു, ആത്മത്യാഗം ചെയ്ത മഹാനുഭാവൻ ആണ് എന്റെ ഭർത്താവെന്നു പറയാൻ നാവിൻ തുമ്പുവരെ വന്നതാണ്….പക്ഷെ തന്നോട് തന്നെയുള്ള പുച്ഛം ഉള്ളിലടക്കി, നിസ്സംഗതയോടെ നിന്നതേയുള്ളൂ താൻ.
തന്റെ തന്നെ പ്രൊഫഷനിലുള്ള ഏതെങ്കിലും കോളേജ് അധ്യാപകന്റെ ജീവിത സഖിയാവാനായിരുന്നു തനിക്കു താൽപ്പര്യം …പല നല്ല നല്ല ആലോചനകളും വന്നതുമാണ് …വില്ലനായത് തന്റെ ഡിഗ്രികളും ഡോക്ടറേറ്റുമാണ് .
പെണ്ണ്, കെട്ടിയോനെക്കാൾ പഠിത്തക്കാരിയായാൽ, അഹങ്കാരം കൂടും ,വകവക്കുകേല…..എന്നൊക്കെയായിരുന്നു ഓരോരുത്തരുടെ കണ്ടുപിടുത്തങ്ങൾ ….തന്റെ സഹപ്രവർത്തകനായ അലക്സിന്, തന്റെ മേലൊരു കണ്ണുണ്ടായിരുന്നെന്നു തനിക്കറിയാം …പക്ഷെ എന്ത് ചെയ്യാം, ഒട്ടും തന്റേടമില്ലാത്ത ഒരുതരം ചാന്തുപൊട്ട് ടൈപ്പ് ആയിരുന്നു അയാൾ …തന്റെ മനസ്സിലെ ഭർതൃസങ്കൽപ്പത്തിന് , വിദൂരമായ ഒരു ഛായപോലുംഇല്ലാത്ത ഒരാൾ !
എന്നാൽ സങ്കല്പമനുസ്സരിച്ചു ഒരാളെയാണോ തനിക്കു കിട്ടിയത്? അല്ലേഅല്ല .
അപ്പന്റെയും ആങ്ങളമാരുടെയും ഭീഷണികൾക്കും, അമ്മച്ചിയുടെ തോരാത്ത കണ്ണുനീരിനും മുൻപിൽ തന്റെ മധുര സ്വപ്നങ്ങളെല്ലാം ഒലിച്ചുപോവുകയായിരുന്നു. ….കുടുംബ പാരമ്പര്യത്തിനും , പണത്തിനും മുന്നിൽ വിദ്യാഭ്യാസത്തിനു എന്ത് പ്രസക്തി?…പ്രീ ഡിഗ്രി പോലും പാസ്സാവാത്ത ,ആളാണ് പ്രതിശ്രുതവരൻ എന്നറിഞ്ഞപ്പോഴേ മനസ്സ് തകർന്നതാണ്.
കല്യാണത്തിന്റെയന്നു, പലരും തന്നെ സഹതാപത്തോടെ നോക്കുന്നത് കണ്ടു, ഹൃദയം വല്ലാതെ നൊന്തു പിടഞ്ഞതാണ് ….പിന്നെ ആശ്വസിച്ചു, ഇതും ഒരു സഹനത്തിന്റെ പാതയാണ് …ദൈവം കൂട്ടിയോജിപ്പിച്ചത് ,കുഴിമാടത്തോളം പോകട്ടേന്നു……..
കെട്ടിക്കൊണ്ടു വന്ന അന്നുതന്നെ, ശമ്പളം കിട്ടുന്നത് , പേ സ്ലിപ് അടക്കം തന്നെ ഏൽപ്പിക്കണമെന്നുതുടങ്ങി ഒരു നൂറു നിബന്ധനകൾ…….ബന്ധുക്കളൊന്നും ഇടയ്ക്കിടെ ഇവിടം സന്ദർശിക്കാൻ പാടില്ല, താൻ തന്റെ വീട്ടിലേക്കും പോകാൻ പാടില്ല …എല്ലാം സമ്മതിച്ചുകൊടുത്തു. മനസ്സിൽ അപ്പോൾ എല്ലാറ്റിനോടും പ്രതികാരമായിരുന്നു, പിന്നെ സ്വയം പീഡിപ്പിക്കപ്പെടുന്നതിന്റെ അവാച്യമായ ഏതോ ഒരു നിർവൃതിയും. ഒന്നിനും എഗ്രിമെന്റ് തന്നെക്കൊണ്ട് ഒപ്പിട്ടു വാങ്ങിയില്ലെന്നേയുള്ളു…അല്ലെങ്കിലും ബലിമൃഗത്തിന്റെ സമ്മതം വാങ്ങീട്ടല്ലല്ലോ ബലി നടത്തുക!. … ഒടുവിൽ, പ്രതീക്ഷിച്ചിരിക്കാത്ത നിമിഷത്തിൽ ശാരീരികമായി ഒരു കടന്നാക്രമണവും ! അന്ന് ആനി മരിച്ചു. ഇന്നുള്ളത്, മരവിച്ച മനസ്സും ചിരിക്കാൻ മറന്നുപോയ മുഖവുമുള്ള ആനിയുടെ, ജീവിക്കുന്ന പ്രേതം ……
ഓരോ വർഷത്തിന്റെ ഇടവേളകളിൽ , എങ്ങിനെയൊക്കെയോ മൂന്നു കുട്ടികൾ …ഒരു പെണ്ണിനുവേണ്ടി എന്ന പരീക്ഷണത്തിനായി പിന്നെയും ബലിയാടാവാൻ ആരോഗ്യം സമ്മതിച്ചില്ല …അതൊരുകണക്കിനു നന്നായി….
ഇടക്കിടെ,”ശവം”എന്ന പരിഹാസം കേൾക്കേണ്ടി വന്നെങ്കിലും, കൊച്ചൗസേപ്പ് ,കിടപ്പു , മുകളിലത്തെ നിലയിലേക്ക് മാറ്റി .സന്തോഷം ! ശവമാണെങ്കിലും, ഒരു ശരീരത്തിനെ, അധിക്ഷേപിക്കുന്നത് സഹിക്കണ്ടല്ലോ ….
മക്കളെല്ലാം സ്വന്തം കാലിൽ നിൽക്കാരായ സ്ഥിതിക്ക് , പെൻഷൻ തുകയെങ്കിലും സ്വന്തം ആവശ്യങ്ങൾക്ക് വിട്ടുകിട്ടുമെന്നു കരുതി …എവിടെ ? അതും വെള്ളത്തിൽ വരച്ച വര ….പിന്നെ, തന്റെ കഷ്ടപ്പാടും ജീവിതവുമറിഞ്ഞു , അമ്മച്ചി രഹസ്യമായി തനിക്കു തന്ന കുറച്ചു ഡെപ്പോസിറ്റുള്ളത് ഭാഗ്യം ! അറിഞ്ഞിരുന്നെങ്കിൽ ആ തുകയും , വസ്തു വാങ്ങാൻ , തിണ്ണമിടുക്ക് കാണിച്ചു , കൊച്ചൗസേപ്പ് തട്ടിയെടുത്തേനേ …..
പൂച്ച ഉരുമ്മൽ നിറുത്തി, ടീച്ചറെ നോക്കി , ദയനീയമായി കരയാൻ തുടങ്ങി. ഒരു പക്ഷേ വിശന്നിട്ടാവും ….ഫ്രിഡ്ജിൽ കുറച്ചു പാൽ ഇരിപ്പുണ്ടെന്നു തോന്നുന്നു…തൽക്കാലം അതൊഴിച്ചു കൊടുക്കാം …. തനിക്കു മാത്രമായി പാചകം ചെയ്യണമെന്നോർക്കുമ്പോൾ , പലപ്പോഴും ഒന്നും വേണ്ടെന്നു വയ്ക്കയാണ് പതിവ്…വിശപ്പ് തീരെ സഹിക്കാൻ പറ്റാതായാൽ , ചിലപ്പോൾ കുറച്ചു അരി വറുത്തോ , റവ കാച്ചിയതോ ഉണ്ടാക്കി കഴിക്കും….തനിക്കു ഇഷ്ടപ്പെട്ട ഒരൽപം മീനോ ഇറച്ചിയോ കഴിക്കണമെങ്കിൽ , വല്ല കല്യാണ റിസെപ്ഷനും പോകണമെന്ന സ്ഥിതി വന്നിരിക്കുന്നു…..അതും അതിയാൻ സ്ഥലത്തില്ലെങ്കിലേ പോകാൻ പറ്റൂ ….കൊച്ചൗസേപ്പ് വന്നുവന്ന് മൂന്നു നേരവും ഭക്ഷണം പുറത്തു നിന്നാക്കീട്ടുണ്ട് …അതുകൊണ്ടു വീട്ടുകാര്യം ഒന്നും അറിയണ്ട….ഉണ്ടെങ്കിലെന്തു , ഇല്ലെങ്കിലെന്തു ! ഇടക്കിടെ കുറെ കച്ചറ കൂട്ടുകാര് വരും …അന്ന് പിന്നെ കുടിയും…ബഹളവും ആയിരിക്കും രാത്രി മുഴുവൻ ., വീട്ടിൽ ഭക്ഷണമെത്തിക്കാൻ ഓൺലൈൻ ഓർഡറും കൊടുത്താൽ മതിയല്ലോ …..പിറ്റേന്ന് വീട് വൃത്തിയാക്കി തന്റെ നടുവൊടിയും
ആഴ്ച്ചേൽ ഒരിക്കലെങ്കിലും വീട് തൂത്തു തുടക്കാൻ ആളിനെ നിർത്തണമെന്ന് ഒരിക്കൽ താൻ ആവശ്യപ്പെട്ടതാണ്. ….അപ്പൊ എനിക്കെന്താ പണീന്ന്….അഞ്ചു പൈസ പോലും കൊടുക്കേണ്ടാത്ത ഒരു വീട്ടു വേലക്കാരിയാണല്ലോ താൻ ….അതിൽ കൂടുതൽ ഒരു സ്ഥാനവും അതിയാനൊട്ടു തന്നിട്ടുമില്ല ….
“വാ പൂച്ചേ”….ടീച്ചർ പൂച്ചയെ പുറകുവശത്തുള്ള ചായ്പ്പിലേക്കു കൂട്ടിക്കൊണ്ടുപോയി. ഒഴിഞ്ഞുകിടന്ന ഒരു കാർഡ്ബോർഡ് പെട്ടി ,തട്ടിക്കുടഞ്ഞു, അതിൽ കുറെ പേപ്പറും നിവർത്തിയിട്ടു.”ഇതില് കേറി കിടന്നോ …ആവശ്യമില്ലാതെ ഒച്ച വയ്ക്കരുത് “പൂച്ചയെ താക്കീതു ചെയ്തു ,ടീച്ചർ വീടിനുള്ളിലേക്ക് കയറിപ്പോയി. ….
ഒന്നര മാസങ്ങൾക്കുശേഷം , ഒരു ത്രിസന്ധ്യ നേരത്താണ്, കൊച്ചൗസേപ്പ് മലബാറിൽ നിന്നും തിരിച്ചെത്തിയത്….
ടൈൽ പാകിയ മുറ്റത്തും ,കാർഷെഡ്ഡിലും കുമിഞ്ഞുകൂടിയിരുന്ന കരിയിലകൾ , അതൊരു ആൾപ്പാർപ്പില്ലാത്ത വീടിന്റെ പ്രതീതി ഉളവാക്കി.
കനംവയ്ക്കാൻ തുടങ്ങുന്ന ഇരുട്ടിനെ വകഞ്ഞുമാറ്റിക്കൊണ്ടു , വീടിനുള്ളിൽ എവിടെയോനിന്നു വെളിച്ചത്തിന്റെ നേർത്ത കിരണങ്ങൾ , പുറത്തേക്കു ചാടാൻ വെമ്പി നിന്നു….കൊച്ചൗസേപ്പിന്റെ മനസ്സിലൂടെ ഭയത്തിന്റെ ഒരു മിന്നൽപ്പിണർ കടന്നുപോയി. …പൊടുന്നനെ, ഇടിമുഴക്കം പോലെ, വീടിനുള്ളിൽ നിന്നു ടീച്ചറിന്റെ ശബ്ദം ഉയർന്നു പൊങ്ങി.”ഓ മൈ ലോർഡ് ഓഫ് ജെലസി …ഇറ്റ് ഈസ് ദി ഗ്രീൻ ഐഡ് മോൺസ്റ്റർ , വിച്ച് ടോത് മോക്ക് ദി മീറ്റ് ഇറ്റ് … ഹു സേർട്ടൻഓഫ് ഹിസ് ……..”
കാർ,ഷെഡിൽ പാർക്ക് ചെയ്തു, ശബ്ദമുണ്ടാക്കാതെ, കൊച്ചൗസേപ്പ്, വീടിനുപുറത്തുകൂടി വെളിച്ചം കണ്ട മുറി ലക്ഷ്യമാക്കി നടന്നു….ആനി ടീച്ചറിന്റെ കിടപ്പുമുറിയിൽ നിന്നാണ് വെളിച്ചവും ബഹളവും എന്ന് അയാൾക്ക് മനസ്സിലായി. …കുറ്റി ഇടാൻ വിട്ടുപോയ ജന്നൽപാളി , പതിയെ തുറന്നു അയാൾ ഉള്ളിലേക്ക് നോക്കി. …
അവിടെ, കയ്യിലൊരു ചൂരലുമേന്തി , ഒരു കസേരയിൽ ചാരിയിരുന്നു , ടീച്ചർ പൂച്ചകൾക്ക് ക്ലാസ്സെടുക്കുന്നുണ്ടായിരുന്നു …ടീച്ചറിന്റെ കിടക്കയിൽ, ചുരുണ്ടുകൂടിക്കിടന്നുറങ്ങുന്ന ഒരു തള്ളപ്പൂച്ചയെയും , അതിറെമേൽ ഉരുണ്ടു കളിക്കുന്ന ഏതാനം പൂച്ചക്കുഞ്ഞുങ്ങളെയും അയാൾ കണ്ടു…..എന്തോ പന്തികേടുണ്ട് …അയാൾക്ക് തോന്നി.
“ആനീ, ആനിയമ്മേ…വാതിൽ തുറക്ക് ” ജീവിതത്തിൽ ആദ്യമായി ,സൗമ്യമായി കൊച്ചൗസേപ്പ് ടീച്ചറെ വിളിച്ചു.
ഞെട്ടിത്തരിച്ച ആനി ടീച്ചർ ജനാല നോക്കി അലറി “പോ കണ്ടൻ പൂച്ചേ …എന്റെ കുഞ്ഞുങ്ങളെ കൊല്ലാൻ വന്നിരിക്കുന്നു !….കൊന്നുകളയും നിന്നെ ഞാൻ “……പിന്നെ ഒറ്റ ചാട്ടത്തിനു പൂച്ചകളെ മാറോടടുക്കിപ്പിടിച്ചു , ടീച്ചർ കരഞ്ഞു “ങ്യാവൂ ….ങ്യാവൂ “
*******************