കിളിമനസ്സ്

സ്നേഹം വല്ലാത്തൊരു ശ്വാസംമുട്ടലായാണ് അനിതക്ക് തോന്നിയത്.

അത് തന്നിൽ അടിച്ചേൽപ്പിക്കുന്ന വിലക്കുകളേയും അസ്വാതന്ത്രങ്ങളേയും കുറിച്ചായിരുന്നു അവൾക്കേറെ ദുഃഖം. വിലക്കുകളില്ലാതെ, സ്വാതന്ത്ര്യത്തോടെ ഇന്റർനെറ്റ് കഫെകളിലും ബീച്ചിലും ഹോട്ടല്മുറികളിലും കറങ്ങി നടക്കുന്ന കൂട്ടുകാരികളുടെ നിറംപിടിപ്പിച്ച കഥകൾ അവളെ ആവേശം കൊള്ളിച്ചു.

ഒരിക്കൽ ….ഒരിക്കൽ മാത്രമെങ്കിലും അവരോടൊപ്പം ഒരു ശലഭം കണക്കെ പാറിനടക്കാൻ അവൾ ആഗ്രഹിച്ചു. അപ്പോഴൊക്കെയും അവളുടെ മുന്നിൽ, ഒരല്പം വൈകിയാൽ വഴിയോരക്കണ്ണുമായി കാത്തു നിൽക്കുന്ന അമ്മയുടെ മുഖം ഓർമ വരും. ” ന്റെ ഗുരുവായൂരപ്പാ നീ കാത്തു …” എന്ന് നെഞ്ചത്തു കൈവച്ചു ആശ്വസിക്കുന്ന മുത്തശ്ശിയുടെ രൂപം കടന്നു വരും. ദിവസവും രാവിലെ വാത്സല്യത്തോടെ ” ബൈ ബൈ ” പറഞ്ഞു ഓഫീസിലേക്ക് പോകുന്ന അച്ഛന്റെ ചിരിക്കുന്ന മുഖം തെളിഞ്ഞു വരും.

ഇതൊക്കെ അവഗണിച്ചു തന്നിഷ്ടം കാട്ടാൻ അവൾക്കു കഴിഞ്ഞില്ല.

സ്നേഹത്തിന്റെ അദൃശ്യമായ ചങ്ങല തന്നെ തടവിലാക്കിയിരിക്കുകയാണെന്നു അവൾക്കു തോന്നി.

“ഇതെല്ലം വലിച്ചെറിഞ്ഞു ഞാനെങ്ങോട്ടെങ്കിലും ഓടിപ്പോകും..” അവൾ പിറുപിറുത്തു.” എന്താ കുട്ട്യേ നീ പറഞ്ഞത് ..? ” നാമംചൊല്ലുന്നതിനിടയിൽ മുത്തശ്ശി ചോദിച്ചു.

” എന്തേ …നിക്കൊന്നും പറയാൻ പാടില്ലേ ..”അനിതക്കു ദേഷ്യം വന്നു.,

അനിത പുസ്തകവുമായി എഴുന്നേറ്റു. ഒന്നും പഠിക്കാൻ തോന്നുണില്യ . മനസ്സിൽ കൂട്ടുകാരികൾ പറഞ്ഞ ഹരംപിടിപ്പിക്കുന്ന അനുഭവങ്ങൾ കടന്നു വരികയാ…..

എന്നാണെന്റെഈശ്വരാ ഇതൊക്കെ നേരിട്ടറിയാൻ പറ്റുക…? അവൾ ദീർഘനിശ്വാസമുതിർത്തു.

” എന്തെ കുട്ട്യേ നിനക്ക് സുഖം ഇല്യേ ? ‘അമ്മ വേവലാതിയോടെ അടുത്തേക്ക് വന്നു . അവർ അനിതയുടെ നെറ്റിയിലും കഴുത്തിലും ചൂട് നോക്കി…

” പനിയൊന്നും ഇല്ല…മോൾക്കെന്താ ഒരു വല്ലായ്ക ..? “അവർ അലിവോടെ ചോദിച്ചു .,

“ഒന്നൂല്യ.. ന്നെ ഇത്തിരി നേരത്തേക്ക് സ്വൈര്യായി വിടാനുണ്ടോ..?” അമ്മയുടെ മുഖം മങ്ങി.

അവർ ഒന്നും പറയാതെ അടുക്കളയിലേക്കു പോയി.

പടിക്കൽ കാറിന്റെ ഹോൺ മുഴങ്ങുന്നത് കേട്ടിട്ടും അനിത അനങ്ങിയില്ല.

” മോളൂ ….അനൂ …” ഉമ്മറത്തുനിന്നും അച്ഛന്റെ വിളി ഉയർന്നു.

” ഇടംകേടിലാ ” ‘അമ്മ പറയുന്നത് കേട്ടു.

” എന്ത് പറ്റീഡാ നിനക്ക് ? ” സ്നേഹമസൃണമായ സ്വരത്തിൽ അച്ഛൻ ചോദിച്ചു.

” നിക്ക് ഇവിടെ ഒരു സ്വാതന്ത്രോമില്ല …” അനിത ചൊടിച്ചു .

” മിണ്ടാൻ പാടില്ല, ….ലേറ്റവാൻ പാടില്ല,…തിരിയാൻ പാടില്ല ….മടുത്തു….”

അവൾ അരിശത്തോടെ കൈയ്യിലിരുന്ന പുസ്തകം മേശപ്പുറത്തടിച്ചു….

അച്ഛൻ വെറുതെ ചിരിച്ചതേയുള്ളു.

അനിത തനിയെ കുറെ നേരമിരുന്നു. ചിന്തകൾ പാതി വഴിയിലെവിടെയോ മുറിഞ്ഞുപോയിരുന്നു.

അച്ഛൻ വന്നാലുടൻ ഒരു വട്ടമേശസമ്മേളനം ഉണ്ടാകാറുള്ളതാണ്. ഓഫീസിലെ വിശേഷങ്ങളൊക്കെ പൊടിപ്പും തൊങ്ങലുംവെച്ചു അച്ഛൻ വിസ്തരിക്കുമ്പോൾ മറ്റുള്ളവർ ചിരിച്ചു ചിരിച്ചു ഒരു പരുവമാകും.

ഇന്ന് ഒരു അനക്കവും കേൾക്കുന്നില്ലല്ലോ …. താനാണ് ഇതിനു കാരണക്കാരി എന്നോർത്തപ്പോൾ ചെറിയൊരു കുറ്റബോധവും തോന്നാതിരുന്നില്ല.

പുസ്തകം അടച്ചുവെച്ചു അവൾ സോഫയിൽ കയറി കണ്ണുകളടച്ചു കിടന്നു. മനസ്സ് വെറും സൂന്യം …

പതിഞ്ഞ കാലടിശബ്ദം അടുത്ത് വന്നപ്പോൾ അവൾ കണ്ണുകൾ ഇറുകെ പൂട്ടി. അച്ഛൻ തന്നെ പുതപ്പിക്കുന്നതും കവിളിൽ തലോടി ‘ ഗുഡ്‌നൈറ്റു ബേബി ‘ ന്നു പറയുന്നതും അവൾ അറിഞ്ഞു .

” ഉറങ്ങിയോ ” വാതിൽക്കൽ നിന്ന് ‘അമ്മ ചോദിക്കുന്നു.

” പാവം കിടന്നോട്ടെ , ഉണർത്തണ്ട ” അച്ഛന്റെ മറുപടി ..

ലൈറ്റ് അണച്ച് അച്ഛൻ മുറിയിൽ നിന്നിറങ്ങി.

കാറും കോളും നിറഞ്ഞ മനസ്സോടെ ,അനിത ഇരുട്ടത്ത് കണ്ണും മിഴിച്ചു കിടന്നു….

രാത്രി ഏറെ വൈകിയാണ് അവൾ ഉറക്കത്തിലേക്കു വഴുതി വീണത്.

‘ ഈ പെണ്കുട്ടിയോൾക്കിതെന്തുപറ്റി ? ‘ എന്ന അമ്മയുടെ വിലാപം കേട്ടാണ് അവൾ കണ്ണ് തുറന്നത് .

നേരം നന്നേ പുലർന്നിരുന്നു. ജാള്യതയോടെ അവൾ ക്ലോക്കിലേക്കു നോക്കി.

മണി എട്ടര! അച്ഛൻ ഓഫീസിൽ പോയിട്ടുണ്ടാവും. അവൾ എഴുന്നേറ്റു പല്ലു തേച്ചു ഫ്രഷ് ആയി ഉമ്മറത്തേക്ക് ചെന്നു . അവിടെ മുത്തശ്ശി ഉറക്കെ പേപ്പർ വായിക്കുന്നു. അത് കേട്ടിരുന്നു അമ്മ കറിക്കരിയുന്നു .

അവളെ കണ്ട ഉടൻ മുത്തശ്ശി പുഞ്ചിരിയോടെ പേപ്പർ നീട്ടി. ” ചായ ഇപ്പൊ തരാം ട്ടോ ” എന്ന് പറഞ്ഞു ‘അമ്മ അടുക്കളയിലേക്കും പോയി.

പേപ്പറിലൂടെ അലസമായി കണ്ണോടിക്കവേ , ഒരു വാർത്തയിൽ പൊടുന്നനെ അവളുടെ ശ്രദ്ധ

തറഞ്ഞു നിന്നു .

” നഗരത്തിലെ പ്രശസ്തമായ ഒരു കോളേജിൽ നിന്നും നാലുപെണ്കുട്ടികളെ അനാശ്യാസ പ്രവർത്തനങ്ങൾക്കു പിടികൂടി താക്കീതു നൽകി വിട്ടയച്ചു. പ്രീഡിഗ്രി വിദ്യാർത്ഥിനികളായ

ഇവരുടെ മാതാപിതാക്കൾ വിവരമറിഞ്ഞിട്ടും പ്രതികരിക്കാൻ കൂട്ടാക്കിയില്ല…..”

അനിത ഞെട്ടി വിളറി വെളുത്തുപോയി.

ദൈവമേ…ഇവർ ഇന്നലെയും തന്നെ കൂട്ടത്തിൽ കൂടാൻ വിളിച്ചതാണ് ! വരുന്നില്ലെന്ന് പറഞ്ഞപ്പോൾ ആവശ്യത്തിലേറെ പരിഹസിക്കുകയും ചെയ്തു…

മുത്തശ്ശി പറയാറുള്ളതുപോലെ അവരോടൊപ്പം പോകാൻ തോന്നാതിരുന്നതു ”കാർന്നോമ്മാര് ചെയ്ത പുണ്യ ഫലം !’

ദൈവമേ ഈ സ്നേഹവലയം എന്നെ പൊതിഞ്ഞിരുന്നില്ലെങ്കിൽ !, അമ്മയുടെയും അച്ഛന്റേയും മുത്തശ്ശിയുടേയുമൊക്കെ കരുതൽ തനിക്കൊരു രക്ഷാ കവച ആയിരുന്നില്ലെങ്കിൽ….

ആശ്വാസത്തോടെ അനിത നെടുവീർപ്പിട്ടു….

” ദാ ….ചായ…”

‘അമ്മ പുഞ്ചിരിയോടെ ചായ നീട്ടി.

അനിത മുഖമുയർത്തി പതിയെ അമ്മയെ നോക്കി….

ഇന്നലത്തെ പിണക്കത്തിന്റെ പ്രതിഫലനം വല്ലതും ഉണ്ടോ എന്നറിയാൻ … കണ്ണുകളിൽ വാത്സല്യ നക്ഷത്രങ്ങളെ മിന്നിച്ചു ‘അമ്മ പറഞ്ഞു :

” അച്ഛനിന്നു നേരത്തെ വരുന്നുണ്ട് ….നമുക്കെല്ലാവർക്കുംകൂടി ഒരു സിനിമക്ക് പോകാൻ…” അവൾ അനുസരണയുള്ള ഒരു നായക്കുട്ടിയെപോലെ തലയാട്ടി.

പുഞ്ചിരിയുമായി മുത്തശ്ശി അവളുടെ അടുത്തേക്ക് വന്നു, സ്നേഹത്തോടെ അവളുടെ മുടി മാടി ഒതുക്കി മുത്തശ്ശി ചോദിച്ചു :

” ആട്ടെ …. മോളെന്തിനാ ഇന്നലെ പിണങ്ങിയേ ?”

“ചുമ്മാ …ഒരു സിനിമക്ക് പോകാൻ …”

മുത്തശ്ശിയെ കെട്ടിപ്പിടിച്ചു അനിത പൊട്ടിച്ചിരിച്ചു.

************************************************

Scroll to Top