നേരിയ ഉച്ചമയക്കത്തിലായിരുന്നു ഞാൻ…
ഗേറ്റിലെമണി തെരുതെരെ കിടുക്കുന്ന,അലോസരപ്പെടുത്തുന്ന ശബ്ദമാണെന്നെ,ഓർത്തെടുക്കാനാവാത്ത,ഏതോ ഒരുസുന്ദര സ്വപ്നലോകത്തിൻ്റെ പടി വാതിലിൽ നിന്ന് തട്ടിയുരുട്ടി തറയിലേക്കിട്ടത്.
സുഖകരമായ ഉറക്കം പാതിമുറിഞ്ഞ അരിശത്തോടെ,പുതപ്പുവലിച്ചുനീക്കി ,ഞാൻ പതിയെ കട്ടിലിൽ എഴുന്നേറ്റിരുന്നു. “മനസ്സമാധാനത്തോടെ ഒന്നു നടുവുനിവർക്കാൻ പോലുംസമ്മതിയ്ക്കില്ല” ഞാൻഉള്ളിലോർത്തു.
ഗേറ്റിലെമണിനാദം ഇപ്പോൾ കുറേക്കൂടി ഉച്ചത്തിലായി.
എനിയ്ക്കുദേഷ്യംവന്നു.
”ഇതാരാത്..? ആക്രോശിച്ചുകൊണ്ട് ഞാൻ പതിയെ ഉമ്മറ വാതിൽ തുറന്നു.’
“ഇതെന്നാ പണിയാണെന്നേ…
നിങ്ങളെന്നാത്തിനാ പകലും ഗേറ്റു ലോക്കപ്പു ചെയ്യുന്നേ? മനുഷമ്മാരു വന്നു വെളീ നിക്കാൻ തൊടങ്ങീട്ടു നേരം കൊറേ ആയി..മണിഅടിയ്ക്കണം…ഗേറ്റിനുകൊട്ടണം..കാത്തു നിക്കണം.. .ഇതെന്നാ കോ….അല്ലേവേണ്ട,പണിയാണെന്നേ…?”
പുരികം ചുളുക്കി,കണ്ണു കൂർപ്പിച്ച്,എന്നെകണ്ടമാത്രയിൽ ഒരുചാട്ടംചാടി റോയി.
എനിയ്ക്കു ഉള്ളിൽ ചിരിവന്നു.. എന്താ ഒരധികാരം!
“എന്നാ റോയി,എന്താ ഇത്ര അത്യാവശ്യം? അതും ഈ നേരത്ത് ?…”ഞാൻചോദിച്ചു.
“നേരത്തിനെന്നാ കൊഴപ്പം?…വാ..സാറത്തി വന്ന് ഈ ഗേറ്റു തൊറ….”
ഞാൻ റോയിയെ സൂക്ഷിച്ചൊന്നു നോക്കി. ഗേറ്റിലെ പിടി വിട്ടാൽ താഴെവീണുപോകുമെന്ന മട്ടിൽ നിന്ന് ആടുകയാണ് കക്ഷി. കയറും അരിവാളും മതിലിനുമേൽ സ്ഥാപിച്ചിട്ടുണ്ട്..
സംഗതി ഞങ്ങളുടെ സ്ഥിരം തെങ്ങുകയറ്റക്കാരനും മരംകോതലുകാരനുമൊക്കെ യാണെങ്കിലും ഇന്നത്തെ വരവിൽ എന്തോ പന്തികേടുണ്ടല്ലോ …ഞാൻ മനസ്സിലോർത്തു. മാത്രമല്ല, തേങ്ങയിട്ടിട്ടുപോയിട്ട് കഷ്ടിച്ചു രണ്ടാഴ്ചയാകുന്നതേയുള്ളു…
“റോയി കുടിച്ചിട്ടുണ്ടോ?”
“ഒണ്ട് …പണ്ട് …ഇപ്പം ഇനി എന്തായാലുംവേണ്ട…” എന്തോ വലിയ തമാശപറഞ്ഞതുപോലെ റോയി ചിരിച്ചു. എനിയ്ക്കു ദേഷ്യംവന്നു.
“ഇപ്പം കുടിച്ചിട്ടാണോ വന്നിരിയ്ക്കുന്നേ എന്നാ ഞാൻ ചോദിച്ചത്.. ഗൗരവത്തോടെ ഞാൻപറഞ്ഞു.
” ഇല്ലെന്നേ….എന്നാപ്പിന്നെ ഞാനിങ്ങോട്ടു വരുമോ? മാന്യമ്മാരോട് എടപെടുമ്പം ,ഞാനത്ര മാന്യനൊന്നുമല്ലേലും ,കൊറച്ചൊക്കെ മാന്യത പാലിയ്ക്കണ്ടേ?
എപ്പോഴെങ്കിലും ഒരനാവശ്യ വർത്താനം എൻ്റെ വായീന്നു വീണിട്ടുണ്ടോ പെങ്ങളേ ?…”
“അതു നേരാ …സമ്മതിച്ചു. എനിക്കിപ്പം ഒന്നേ അറിയേണ്ടു…കുടിച്ചിട്ടില്ലേൽ റോയിയെന്താ കാലുനിലത്തുറയ്ക്കാതെ ഇങ്ങനെനിന്ന് ആടുന്നത് ?”
“ഓ… മാടവും തൊടങ്ങിയോ ലക്ഷണംനോക്കി ചോദ്യംചെയ്യല് ?
എൻ്റെ പെമ്പ്രന്നോത്തിയുണ്ടല്ലോ,ആ സൂർപ്പണഹ…അവളു സ്ലീപ്പറു പട്ടിയെപ്പോലെ മണത്തുനോക്കിയാ എന്നെ കുരിശേകേറ്റുന്നേ….
ഈ പെണ്ണുങ്ങളെല്ലാം ഒരെനംതന്നെയാന്നു എനിക്കിപ്പഴാ മനസ്സിലായേ… ചുമ്മാതല്ല കർത്താവു തമ്പുരാൻ പെണ്ണുകെട്ടാതിരുന്നേ…അല്ലേ പുള്ളിഎന്നും കുരിശുചുമക്കേണ്ടി വന്നേനേ…” റോയി ചുണ്ടുകോട്ടി ഒരു ചിരിചിരിച്ച് പുശ്ചത്തോടെ എന്നെ നോക്കി.”റോയീ ,റോയി കുടിയ്ക്കുന്നതൊന്നും എന്നെ ബാധിക്കുന്ന പ്രശ്നമേ അല്ല..
ഈ കോലത്തില് വല്ല മരത്തേലും വലിഞ്ഞുകയറി,തലേംകുത്തിവീണ്,തൻ്റെ കുടുംബത്തിന് പണിയുണ്ടാക്കണ്ടെന്നു മാത്രമേ ഞാൻ ഉദ്ദേശിച്ചുള്ളു….”ഞാൻപറഞ്ഞു.
“അതിന് ആരുകേറുന്നു മരത്തേല് ?….എനിയ്ക്കേ ആ തിണ്ണേലൊന്നു കിടക്കാനാ ……അതിലാവുമ്പം നല്ല തണുപ്പുകിട്ടും….പൊറത്തൊക്കെ എന്നാ ആവിയാണെന്നേ..
പിന്നെ,പെങ്ങളോടായതുകൊണ്ട് ഞാനൊരു സത്യം പറയാം..
ഞാനിച്ചിരി കഞ്ചാവടിച്ചിട്ടുണ്ട്.. നല്ലകിടുമ്പൻ സാദനമായിരുന്നു..അതിത്തിരി കൂടിപ്പോയി…വല്ലാത്തൊരു പരവേശം…മണമൊന്നുമില്ല സഹോദരി… വാ..ഗേറ്റു തുറ…
ഇത്തിരി വെള്ളവുംമോന്തി,ദേ..ആ തിണ്ണേലൊന്നുകിടന്നു മയങ്ങിയാ തീരുന്ന പ്രശ്നമേയുള്ളെന്നേ…
ഒറങ്ങി എണീറ്റാപിന്നെ റോയി ആരാ…ഡീസൻ്റാ…”
ഞാൻ വല്ലാത്ത പ്രതിസന്ധിയിലായി.
ഗേറ്റു തുറന്നുകൊടുത്താൽ അയാൾ ഇവിടെക്കിടന്നു വല്ല കോപ്രായങ്ങളും കാട്ടിക്കൂട്ടിയാലോ എന്ന പേടി ഉള്ളിലുണ്ട്…ആളിനെ പിണക്കാനും വയ്യ..
തെങ്ങുകയറ്റക്കാർ അന്യംനിന്നുപോകുന്ന ഇക്കാലത്ത്,ഏറ്റവുമധികം ഡിമാൻ്റുള്ളതും സംരക്ഷിയ്കപ്പെടേണ്ടതുമായ റെയർ സ്പീഷീസാണ്,ആടിക്കൊണ്ട് മുന്നിൽ നിന്നു കെഞ്ചുന്നത്…
തുറന്നാലും പ്രശ്നം…ഇല്ലേലുംപ്രശ്നം…
`ദൈവമേ.. ഈ കുരുക്കീന്നു രക്ഷപ്പെടാൻ നീ എന്തെങ്കിലും ഒരുബുദ്ധിഎനിയ്ക്കു തോന്നിക്കണേ…ഞാൻ ഉള്ളുരുകി പ്രാർത്ഥിച്ചു.
“നിക്ക്…ഞാൻ താക്കോലെടുത്തിട്ടുവരാം” ഞാൻ അകത്തേയ്ക്കു കയറിവന്നു.
ഇതിനിടെ റോയി തെരുതെരെ റോഡിലേയ്ക്കു തുപ്പാൻ തുടങ്ങിയിരുന്നു..
അതുകൂടികണ്ടപ്പോൾ എനിയ്കു മതിയായി…ഗേറ്റുതുറന്നുകൊടുത്താൽ റോയി എനിയ്ക്കു പണി’തരുമെന്ന് ഉറപ്പായി.
എന്തെങ്കിലും പറഞ്ഞ് ഒഴിവാക്കുകയേ നിവൃത്തിയുള്ളു.
” രക്ഷയില്ലല്ലോ റോയി …താക്കോലിവിടെ കാണുന്നില്ല…സാറ് ഗേറ്റ്ഉള്ളിൽ നിന്നും പൂട്ടി താക്കോലുംകൊണ്ട് പുറത്തു പോയെന്നു തോന്നുന്നു.”
ഞാൻ പറഞ്ഞു.
“അതെന്നാ പന്നപ്പണിയാ സാറു കാണിച്ചേ? എന്നിട്ടെന്നാ ഈ വയസ്സാം കാലത്ത് പുള്ളി മതിലു ചാടിപ്പോയോ?….റോയി എന്നെ ചുഴിഞ്ഞു നോക്കി.
“ഇല്ലെന്നേ..ആള് മറ്റേഗേറ്റ് വെളിയിൽനിന്നു പൂട്ടിപ്പോയി.
വിശ്വാസം വരാതെ, ആടിയാടി റോയി പോക്കറ്റ് ഗേറ്റിൽപോയി നോക്കി.
“എന്നാ ആണേലും ഇതൊരുമാതിരി കോ …അല്ല വല്യചതിയായിപ്പോയി” റോയി ഉച്ചത്തിൽ പിറുപിറുത്തു.
..”അല്ലാ…എന്നാ ഇങ്ങനെ കാണിയ്കാൻ കാര്യം? പാതിയും നരച്ച തലയിൽ മാന്തിക്കൊണ്ട്,തല ചരിച്ച്, കള്ളനെ ചോദ്യം ചെയ്യുന്ന പോലീസുകാരൻ്റെ ഭാവത്തോടെ, റോയി, എന്നെ തുറിച്ചുനോക്കി ചോദിച്ചു..
“ഓ…അതോ…
ഞങ്ങളിപ്പം മിക്കദിവസവും ഇങ്ങനെയാ…ഗേറ്റുപൂട്ടിയില്ലേൽ, വഴിയേപോണ സകല പിച്ചക്കാരും, കള്ളുകഞ്ചാവുകാരും സഹായം ചോദിച്ചു വരും. നല്ലൊരു കാര്യത്തിനാണേൽ വേണ്ടില്ല…കൊടുത്തതുക ബോധിച്ചില്ലേൽ വലിച്ചെറിയും, തെറിവിളിക്കും, മുടിഞ്ഞുപോണേന്നു പ്രാകും. ചിലർ കണ്ണിൽകണ്ടതൊക്കെ അടിച്ചുമാറ്റും. മറ്റു ചിലർ ദേഷ്യം തീർക്കാൻ ഗേറ്റു വലിച്ചു തുറന്നിട്ടുപോകും..വഴിയേപോണ ചാവാലിപ്പട്ടികൾ പിന്നെ പറമ്പിലും തിണ്ണയിലും കയറി’സവാരിഗിരിഗിരി’കളിയ്ക്കും.പേടിച്ചുപേടിച്ചാ ഓരോന്നിനേയും ആട്ടിപ്പായിയ്ക്കുന്നത്. ഗേറ്റു പൂട്ടിയിട്ടാ പിന്നെ ആ പ്രശ്നമില്ലല്ലോ… അതാ..
ആളിനെ തിരിച്ചറിഞ്ഞു തുറന്നാമതിയല്ലോ..”
“അപ്പോ സാറുപുറത്തുപോയാ ഇവിടെവരുന്നവരു സാറു വരുന്നവരെ ഈ വെയിലത്തു ഗേറ്റേ പിടിച്ചോണ്ടു നിക്കണോ?. ഇതു നല്ല ശേലായി…”റോയിപരിഹസിച്ചു ചിരിച്ചു. “നിങ്ങക്കൊരു സെക്യൂരിറ്റിയെ നിർത്താൻ പാടില്ലേ? അതാവുമ്പം നോക്കിം കണ്ടും ചെയ്തോളുമല്ലോ… ഇതു മഹാ മോശമാ പെങ്ങളേ…പറയുന്നോണ്ട് ഒന്നും തോന്നരുത്…. മാന്യമ്മാരു വന്നാ എത്ര നേരംന്നു കണ്ടാ ഇങ്ങനെ നോക്കി നിൽക്കുന്നേ… ഇതൊരുമാതിരി മറ്റെടത്തെ പരിപാടിആയിപ്പോയി…”
“സോറി റോയി..ഞാൻ ഉറങ്ങുന്നതു കണ്ടപ്പോൾ എന്നെവിളിയ്ക്കണ്ടെന്നു കരുതി പൂട്ടി പോയതാവും.. പിന്നെ, സെക്യൂരിറ്റിയെ നിർത്താനുള്ള പാങ്ങൊന്നും ഞങ്ങൾക്കില്ലെന്ന് റോയിയ്ക്കറിയില്ലേ..” ഞാൻവിനയാന്വിതയായി…
” ശരി..ശരി ,ഞാൻ വന്നിരുന്നെന്ന് സാറു വരുമ്പോൾ പറഞ്ഞേരെ”
മതിലിന്മേൽ വച്ചിരുന്ന കയറും വെട്ടുകത്തിയുമെടുത്ത് റോയി ആടിയാടി തിരിച്ചുനടന്നു. എനിക്ക് അപ്പോഴാണ് ശ്വാസം നേരേവീണത്.
മുകളിലത്തെ നിലയിൽ കൂർക്കംവലിച്ചുറങ്ങുന്ന, എൻ്റെ കെട്ടിയോനെങ്ങാനും ശബ്ദംകേട്ട്, ഇതിനിടെ താഴെഇറങ്ങി വന്നിരുന്നെങ്കിൽ ഞാൻ ഐസായിപ്പോയേനേ…
ഇന്നലെ രാവിലെ ഉമ്മറത്തിറങ്ങിയപ്പോൾ മതിലിൻ മുകളിലിരുന്ന ഒരുചെറിയ ബേസ്ബോർഡ്പെട്ടിയാണ് ആദ്യം എൻ്റെ കണ്ണിൽപ്പെട്ടത്.. പേടിതോന്നിയെങ്കിലും അടുത്തുചെന്നുനോക്കിയപ്പോൾ അതിനുള്ളിലെന്തോ ജീവനുള്ളതാണെന്ന് എനിയ്ക്കു തോന്നി.. ഇനിവല്ല പാമ്പോ മറ്റോ….ഛേ…അത്രയ്ക്കു ശത്രുതയൊന്നും എനിയ്ക്കു ആരോടുമില്ലല്ലോ..എന്നുടനേ തന്നെ ആശ്വസിയ്ക്കുകയും ചെയ്തു…എന്നാലും..
കുറച്ചു ദൂരെമാറിനിന്ന് ഒരുകമ്പുകൊണ്ട് പതിയെ പെട്ടി തുറന്നു നോക്കി.. .കാണാൻനല്ലഭംഗിയുള്ള, ഒരു കുഞ്ഞുനാടൻ പട്ടിക്കുട്ടി അതിനുള്ളിലിരുന്ന് ദയനീയതയോടെ എന്നെ നോക്കി.
കരയണമോ ചിരിയ്ക്കണമോ എന്നറിയാൻ വയ്യാത്ത ഒരു മാനസികാവസ്ഥയിലായി ഞാനപ്പോൾ….
പേടിച്ചു പേടിച്ചു ഞാനതിനെ പുറത്തെടുത്തു. അപ്പോഴാണ്, നനയാതെ, പ്ലാസ്റ്റിക് കവറിനുള്ളിൽ വച്ചിരുന്ന ഒരു കുറിമാനം എൻ്റെകണ്ണിൽപ്പെട്ടത്.
അതിൽ ,അക്ഷരത്തെറ്റുകളോടെയാണെങ്കിലും,വായിച്ചെടുത്ത സാരാംശം ഇങ്ങനെ ആയിരുന്നു. സാറിന്,
ഇവൻ നല്ലൊരു കാവൽക്കാരനാണ്…ഒരു ഈച്ചയെപ്പോലും അകത്തു കടത്തിവിടില്ല…വലിയ ചിലവൊന്നുമില്ല … എന്തെങ്കിലും തിന്നാൻ കൊടുത്താൽമതി….
ഇതിൻ്റെ അപ്പനും അമ്മയും ഞാൻ വളർത്തുന്നതാണ്. നല്ല നന്ദിയുള്ള വകുപ്പാണ്. വലുതായാൽ പിന്നെ ഗേറ്റു പൂട്ടേണ്ടി വരില്ല.
റോയി.
” ചേട്ടായീ…ഒന്നിങ്ങോട്ടുവന്നേ…
ഡൈനിങ് ഹാളിലിരുന്ന്പത്രം വായിച്ചുകൊണ്ടിരുന്ന എൻ്റെ കെട്ടിയോനെ ഞാനുറക്കെവിളിച്ചു.
“ഇതു കണ്ടോ ആ റോയി പറ്റിച്ച പണി! ഇവിടെ മനുഷ്യൻ്റെ കാര്യം നേരേ ചൊവ്വേ നോക്കാൻ പറ്റുന്നില്ല… അപ്പോഴാ അവൻ്റെയൊരു പട്ടി!
പതഞ്ഞു പൊന്തിയ ദേഷ്യത്തോടെ ഞാൻ പട്ടിയെചൂണ്ടിക്കാട്ടി.
ഒരു പൊട്ടിച്ചിരിയായിരുന്നു പുള്ളിയുടെ മറുപടി.
“റോയി നല്ല ഹ്യൂമർ സെൻസുള്ളവനാ..അവനാ പട്ടിയെയും ഒഴിവാക്കി, കൂട്ടത്തിൽ നമുക്കൊരു`കൊട്ടും `കൊട്ടി.
താനൊരു കാര്യംചെയ്യ്…അതിനെയെടുത്ത് നമ്മുടെ ഒഴിഞ്ഞു കിടക്കുന്ന പട്ടിക്കുട്ടിലിട്ടേരേ…
റോയി വരുമ്പോൾ അവനുതന്നെ തിരിച്ചു കൊടുക്കാം”
ഞാൻ ആശ്വാസത്തോടെ തലയാട്ടി, പിന്നെ.എന്നെനോക്കി പ്രതീക്ഷയോടെ വാലാട്ടുന്ന കുട്ടിപ്പട്ടിയെ,പെട്ടിയിൽനിന്നെടുത്ത് പട്ടിക്കുട്ടിലിട്ടു…
” കഞ്ചാവടിച്ചാൽ ഓർമ്മക്കുറവൊന്നും വരില്ലേ?”ഞാൻ കെട്ടിയോനോടു ചോദിച്ചു.
“ചിലർക്ക് ബുദ്ധി കൂടുമായിരിക്കും…എന്താ ഒരുകൈ നോക്കുന്നോ?” പുള്ളി ചിരിച്ചുകൊണ്ട് എന്നെ ചേർത്തുപിടിച്ചു……”എടോ….മണ്ടീ….റോയി പ്രതികാരം വീട്ടിയതാണ്….മധുരപ്രതികാരം…! താനതു മറന്നേക്ക്…..” ഞാൻ പട്ടിക്കൂട്ടിലേയ്ക്ക് ഒന്നു തിരിഞ്ഞുനോക്കി…കുട്ടിപ്പട്ടി, കൂട്ടിനുള്ളിൽ പതിയെ മയങ്ങിത്തുടങ്ങിയിരുന്നു…
***************************