അവസാനത്തെ കസ്റ്റമറും ബാങ്ക് ഹാൾ വിട്ടു പോകുമ്പോൾ സമയം രണ്ടര .
ഒരു മണി മുതൽ വിശപ്പിന്റെ കാഹളം മുഴക്കിയിരുന്ന വയർ, ഇപ്പോൾ പ്രതിഷേധത്തിന്റെ കാറ്റൂതി വീർപ്പിച്ച ബലൂൺ പോലെ ആയി തീർന്നിരിക്കുന്നു.
ചോറുപാത്രം തുറന്നു, കറികളൊഴിച്ചു ഒന്ന് കുഴച്ചതേയുള്ളു, കൗണ്ടറിലെ ഫോൺ നിർത്താതെ ചിലക്കാൻ തുടങ്ങി.
ലഞ്ച് ബ്രേക്ക് ആണ് …വേണമെങ്കിൽ അറ്റൻഡ് ചെയ്യാതിരിക്കാം . പക്ഷെ നിസ്സംഗതയോടെ കേട്ടിരിക്കാൻ മനസ്സനുവദിച്ചില്ല. വല്ല അത്യാവിശ്യക്കാരും ആണെങ്കിലോ…?.
മാനേജർ, പിയൂണിനെയും കൂട്ടി പുറത്തു പോയിരിക്കുന്നു. ഉണ്ണുന്നിടത്തുനിന്നും എഴുനേൽക്കാതെ ഒരു രക്ഷയുമില്ല . കൈ കഴുകാൻ മിനക്കെടാതെ, വിരലുകൾ നക്കി തുടച്ചു , ഞാൻ ഓടിച്ചെന്നു റീസിവർ എടുത്തു.:
” ഹലോ…”
” ഇത് ബാങ്ക് അല്ലെ ? ഞാൻ കറിയാപ്പിയാ …, കറിയാച്ചൻ . എനിക്ക് എടിഎം നിന്നും കാശു കിട്ടുന്നില്ലല്ലോ കൊച്ചെ …”
ആളെ എനിക്ക് പിടി കിട്ടിയില്ല .
ഞാൻ മൗനം പാലിച്ചതുകൊണ്ടാവാം , കറിയാച്ചൻ പറഞ്ഞു :
” ഞാൻ തിരുവന്തോരത്തൂന്നു വിളിക്കുവാ …കൊച്ചിനെന്നെ മനസ്സിലായില്ലെന്ന് തോന്നുന്നു.. “തള്ള് കറിയാപ്പി ” എന്റെ വട്ടപ്പേരാ “
അപ്പോഴാണെനിക്ക് ആളെ പിടികിട്ടിയത് … തൊണ്ണൂറു ശതമാനം പൊങ്ങച്ചവും ബാക്കി രാഷ്ട്രീയവുമായി നടക്കുന്ന ഒരു മൂവാറ്റുപുഴക്കാരൻ അച്ചായൻ., കാര്യമായ വിദ്യാഭ്യാസം ഒന്നും ഇല്ല..വിവരവുമില്ല. പക്ഷെ അതൊന്നും സമ്മതിച്ചു തരില്ല. എല്ലാം തനിക്കറിയാം എന്ന മട്ടും ഭാവവും .
തോന്നിയപടി പിൻ നമ്പരെല്ലാം കുത്തി , കാർഡ് ബ്ലോക്കാക്കലാണ് കക്ഷിയുടെ സ്ഥിരം പരിപാടി. ഇന്നും അങ്ങിനെ എന്തെങ്കിലും ആവുമെന്നു ഞാൻ കരുതി.
“എന്ത് പറ്റിയതാ കറിയാച്ചായ ..? ” ഞാൻ ചോദിച്ചു .
” ഒന്നും പറയേണ്ടെന്റെ കോച്ചേ , നിങ്ങടെ പള്ളിമുക്ക് എടിഎം ൽ ചെന്നപ്പം അവിടെ “മൈന്തനൻസ് “, അവിടന്നോടി മെയിൻ ബ്രാഞ്ചിൽ ചെന്നപ്പം എടിഎം ൽ
കാശില്ല. പിന്നോടി ഉള്ളൂര് ചെന്നപ്പം അവിടത്തെ എടിഎം എന്റെ അക്കൗണ്ടിൽ കാശില്ലെന്നൊരു നോട്ടീസ് അടിച്ചു തന്നിരിക്കുന്നു.. കർത്താവാണേ സത്യം രണ്ടു ദിവസം മുമ്പേ എന്റെ മോൻ ദുബായീന്ന് അക്കൗണ്ടിലേക്കു കാശിട്ടു തന്നതാ … അവന്റെ കൊച്ചിവിടെ ജൂബിലീല് നഴ്സിങ്ങിന് പഠിക്കുവാ… അവടെ പരീഷാഫീസ് അടക്കാനുള്ള കാശാ അത്….”
കറിയാച്ചന് ഫോണിലൂടെ പതം പറഞ്ഞു. എനിക്കും വിഷമം തോന്നി. ഒരു മിനിറ്റ് ..ഞാനൊന്നു അക്കൗണ്ട് നൊക്കട്ടെ , ഹോൾഡ് ചെയ്യണേ …”
ഞാൻ കമ്പ്യൂട്ടർ ഓൺ ആക്കി. “കറിയാച്ചൻ എത്ര രൂപയാ എടുക്കാൻ നോക്കിയേ ?, കമ്പ്യൂട്ടറിൽ പരതിക്കൊണ്ടു ഞാൻ ചോദിച്ചു :
“പതിനയ്യായിരം “
“അക്കൗണ്ടിൽ മിനിമം ബാലൻസ് മാത്രമേ ഉള്ളല്ലോ കറിയാച്ചായ …”
ഇതെന്താ കൊച്ചെ ഈ പറയുന്നേ ? കോടതി കേറ്റും ഞാൻ എല്ലാത്തിനെയും…മാനേജരേയും കുട്ടിസാറന്മാരെ എല്ലാത്തിനെയും…എന്റെ കാശെടുത്തു നിങ്ങള് പുട്ടടിച്ചു കാണും …ഇത് ഞാൻ അങ്ങിനെ വിടില്ല …അഴി എണ്ണിക്കും ഞാൻ എല്ലാത്തിനെയും….” കറിയാച്ചൻ ഉറഞ്ഞു തുള്ളി.,
ആളുടെ ദേഷ്യം ഒന്നടങ്ങുംവരെ ഞാൻ മിണ്ടാതെ നിന്നു . പിന്നെ ചോദിച്ചു… ” കറിയാച്ചായ മോൻ എന്ന് കാശു ഇട്ടെന്നാ പറഞ്ഞത് ? അതിനി തെറ്റി വേറെ വല്ല അക്കൗണ്ടിലും പോയതാണോ ?
“ഇനി നിങ്ങൾ അവനെ കള്ളനുമാക്കിക്കോ…അവനങ്ങനെ ഒന്നും തെറ്റത്തില്ല. വര്ഷങ്ങളായിട്ട് അവൻ സ്റ്റേറ്റ് ബാങ്കിലെ എന്റെ അക്കൗണ്ടിലേക്കാ കാശയക്കുന്നത് . കാശു വന്ന ഉടൻ എന്റെ ഫോണിലേക്കു മെസ്സേജ്ഉം വന്നതാ…”
പെട്ടെന്ന് എന്റെ മനസ്സിലേക്ക് ഒരു വെളിച്ചം മിന്നി…
“അച്ഛായെന്റെ കയ്യിലിരിക്കുന്ന എടിഎം കാർഡ് ആരുടെയാ ?”
“നിങ്ങടെ “… അതെടുക്കാൻ നോക്കുകയാണു് .
മൗത് പീസ് പൊത്തി പിടിച്ചു , ഞാൻ ഒരു നിമിഷം ചിരിച്ചു പോയി ….
“അച്ചായാ, സ്റ്റേറ്റ് ബാങ്കിലെ അക്കൗണ്ടിൽ നിന്നും കാശെടുക്കാൻ അവരുടെ എടിഎം കാർഡ് അല്ലെ വേണ്ടത് ? അത് കൈയ്യിൽ ഉണ്ടോ ?”
“ഇല്ല അത് വീട്ടിലാ ..നിങ്ങടെ കാർഡ് തന്നപ്പം നിങ്ങളല്ലേ പറഞ്ഞത് ഏതു എടിഎം ൽ നിന്ന് വേണമെങ്കിലും കാശ് ഏടുക്കാം എന്ന് , ഇപ്പോഴെന്താ മാറ്റി പറയുന്നത് ?… ഒരു വിവരോം ബോധോം പൊക്കണവും ഇല്ലാത്തതിനെ ഒക്കെ പിടിച്ചു ബാങ്കിൽ കേറ്റും ..മറ്റുള്ളവരെ വട്ടം കറക്കാൻ “
കറിയാച്ചന് സ്വന്തം അമളി ബോധ്യമായി എന്ന് എനിക്ക് മനസ്സിലായി.
ഞാൻ ചിരി അടക്കിപ്പിടിച്ചു നിന്നു .
“ഇനി ഞാൻ എന്നാ എടുക്കും ” കറിയാച്ചന്റെ ചോദ്യം വന്നു…
” അച്ചായൻ ചേടത്തിയെ വിളിച്ചു കാര്യം പറഞ്ഞേ …സ്റ്റേറ്റ് ബാങ്കിലെ എടിഎം കാർഡ് വച്ച് ക്യാഷ് എടുത്തു ഇവിടെ കൊണ്ടടക്കാൻ . അപ്പൊ ഈ ബാങ്കിലെ എടിഎം കാർഡ് വച്ച് അച്ചായന് അവിടെ നിന്നും ക്യാഷ് എടുക്കാം.”
” ആണ്ടെ കിടക്കുന്നു ! എന്റെ കാർഡും പിൻ നമ്പറും കിട്ടാത്ത താമസമേ ഉള്ളു …പിന്നെ കാശ് എപ്പോ തീർന്നെന്നു നോക്കിയാ മതി. അവള് കണ്ട സാരീം കീരീം മാലേം ഒക്കെ വാങ്ങിച്ചു എന്നെ കുത്തു പാള എടുപ്പിക്കും. അതൊന്നും വേണ്ട കൊച്ചെ…ഒന്നും നടക്കത്തില്ലേ പിന്നെ ഞാൻ ഫോൺ കാശു കളയുന്നതെന്തിനാ …കൊച്ചു ഫോൺ വച്ചോ.”
കറിയാച്ചൻ തണുത്തു.
” ഒരു മിനിറ്റ് , അപ്പൊ ഫീസ് എങ്ങിനെ അടയ്ക്കും ? “
എന്റെ വെപ്രാളം അതായിരുന്നു..
” ഓ അതോ …ഞാൻ എമ്മല്ലേ കോർട്ടേഴ്സിൽ ഒന്ന് കറങ്ങി നോക്കട്ടെ ..എന്റെ ഷിശ്യന്മാർ ഒത്തിരി ഉണ്ടല്ലോ അവിടെ….ഹ..ഹ…ഹ..
കറിയാച്ചൻ സ്വതസിദ്ധമായ വളിച്ച ചിരി ചിരിച്ചു.
ഞാൻ ഫോൺ കട്ടുചെയ്തു ഊണ് മേശക്കു അരികിലേക്ക് ചെന്നു. വിശപ്പു എപ്പോഴോ കെട്ട് പോയിരുന്നു. തണുത്തു വിറങ്ങലിച്ച ചോറും കറികളും വെസ്റ്റ് ബിന്നിലേക്ക് തട്ടി, രണ്ടു ഗ്ലാസ് വെള്ളവും അകത്താക്കി ഞാൻ ക്യാബിനിലേക്കു നടന്നു. പിന്നെ കണ്ണ് നിറയുവോളം പൊട്ടിച്ചിരിച്ചു..
************************