ഓരോരോ ഏനക്കേടുകൾ***
“ഇപ്പോഴത്തെ പിള്ളേർക്കിതു എന്നാത്തിന്റെ കേടാ …..വീട്ടീന്ന് സ്നേഹം കിട്ടണില്ലത്രേ….ഇതെന്നാ കാപ്പിയോ കഞ്ഞിയോ പോലെ വല്ലോം ആന്നോ , കോപ്പേലോ പിഞ്ഞാണത്തിലോ നിറച്ചു വിളമ്പിക്കൊടുക്കാൻ ?”….അയാൾ അമർഷം പൂണ്ടു.
“മതിയുടെ അഹമ്മതി…അല്ലാണ്ടെന്നാ …” അയാളുടെ വർത്തമാനം
കേട്ടിരുന്നയാൾ മറുപടി പറഞ്ഞു. “നമ്മുടെയൊക്കെ കുഞ്ഞുന്നാളിൽ, വല്ലതും നിറയെ തിന്നാൻ കിട്ടീല്ലേലോ , അല്ലേൽ പറമ്പിൽ പന്തു
കളിക്കാൻ വിട്ടില്ലെലോഒക്കെയായിരുന്നു പിണക്കവും പതംപറച്ചിലും
കരച്ചിലുമൊക്കെ….കാലം ഒത്തിരി മാറിപ്പോയി… സുഹൃത്തേ.. മാറാത്തത് നമ്മുടെ പഴഞ്ചൻ മനസ്ഥിതിയാ ….”അയാൾ തുടർന്നു.
ഒരു ആയുർവേദ ചികിത്സയുടെ ഭാഗമായി ,ഭർത്താവിന് ഉഴിച്ചിലും ,കിഴികുത്തലും നടന്നുകൊണ്ടിരിക്കുമ്പോൾ ,വൈദ്യശാലയുടെ
കാത്തിരിപ്പ് മുറിയിൽ നിന്നും കേട്ട വർത്തമാനമായിരുന്നു ഇവ .
മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ടു ,ഞാൻ വീണ്ടും അവരുടെ
തുടർ സംഭാഷണത്തിനായി കാതോർത്തു……
“സത്യത്തിൽ ഇന്നത്തെ തലമുറയ്ക്ക് എന്താ പറ്റിയത് ? ആദ്യത്തെയാൾ ചോദിച്ചു. ഉച്ചത്തിലുള്ള പൊട്ടിച്ചിരിയായിരുന്നു മറുപടി. ഒരു നിമിഷത്തിനു ശേഷം രണ്ടാമൻ പറഞ്ഞു “അതിതുവരെയും മനസ്സിലായില്ലേ ….ഞാൻ നേരത്തെ പറഞ്ഞത് തന്നെ …എല്ലാം തികഞ്ഞതിന്റെ അഹങ്കാരം …ഇന്നത്തെ കുട്ട്യോൾക്ക് എന്തിന്റെയെങ്കിലും കുറവുണ്ടോ ?…ഇല്ലായ്മകളും വല്ലായ്മകളും അവർ അറിയുന്നുണ്ടോ ?അല്ലേൽ നമ്മളവരെ അറിയിക്കുന്നുണ്ടോ ?….പെറ്റുവീഴുന്നതുതന്നെ ലാപ്ടോപ്പിന്റെയും മൊബൈലിന്റെയും
മേലേക്കല്ലേ ?…..കൊണ്ടും, കൊടുത്തും,,ഉള്ളത് എല്ലാവരും കൂടി പങ്കുവച്ചും എത്ര സംതൃപ്തിയോടെയാ നമ്മളൊക്കെ വളർന്നു വന്നത്!
ഇന്നത്തെ കുഞ്ഞുങ്ങൾക്ക് സന്തോഷം എന്നൊന്ന് ഉണ്ടോ ….ഏതുനേരം
നോക്കിയാലും മൊബൈലിൽ തോണ്ടിക്കൊണ്ടോ അല്ലേൽ ചെവിയിൽ ഏതാണ്ടൊ തിരുകിവച്ചു തുള്ളിക്കൊണ്ടോ അല്ലാതെ, കുട്ടിത്തത്തിന്റെ മുഖത്തോടെ ഒരു കൗമാരക്കാരെയെങ്കിലും കാണാനുണ്ടോ ?എവിടെയോ കേട്ടതുപോലെ,’ഞാൻ വളരുകയല്ലേ മമ്മീ …’ കോപ്പ് ” അയാൾ പൊട്ടിത്തെറിച്ചു.
“വാസ്തവം ….ഒന്നാമൻ പറഞ്ഞു തുടങ്ങി “സത്യത്തിൽ ഈ സായിപ്പന്മാരുടെ മേൽക്കോയ്മ ഇപ്പോഴും നമ്മളിലുണ്ടെന്നാ എന്റെ വിശ്വാസം …അവമ്മാരവിടെക്കിടന്ന് എന്തൊക്കെ തലതിരിവുകാണിക്കുന്നോ ,അതൊക്കെ ഫാഷനാനും പറഞ്ഞു ഇവിടുള്ളോരു കണ്ണടച്ച് അനുകരിക്കയല്ലേ …..ഇന്ന് കുടുംബങ്ങൾക്ക്
കെട്ടുറപ്പുണ്ടോ? …പിള്ളേർക്ക് അപ്പനമ്മമാരെയും ,മുതിർന്നവരേയും
ബഹുമാനമുണ്ടോ?…..അനുസരണയുണ്ടോ?….ആരും ഒന്നും പറയാൻ പാടില്ല, ശകാരിക്കാൻ പാടില്ല …..ഇനി എന്നാണെന്നറിയില്ല ,കൊച്ചിനെ വഴക്കു പറഞ്ഞെന്നും പറഞ്ഞു പോലീസ് വന്നു തന്തേം തള്ളേം പൊക്കികൊണ്ടു പോകാൻ പോണത് !”
“ഹ ഹ ഹ….വേറൊരു കാര്യം ഇപ്പോഴാ ഞാൻ ഓർത്തെ…ഞങ്ങളുടെ
അയലോക്കത്താ കേട്ടോ ….കൊച്ചന്റെ അപ്പനങ് ഷാർജയിലാ ജോലി ..
‘അമ്മ ഇവിടൊണ്ട്. കൊച്ചനോട് ഇവിടെ എന്തൊണ്ടെടാ വിശേഷമെന്നു
അപ്പൻ ചോദിച്ചപ്പം മറുപടി രണ്ടു പടം. ! ഒന്ന്,രണ്ടു കൈയും കൂട്ടി കൂച്ചുവിലങ്ങു ഇട്ടതിന്റെയും പിന്നൊന്നു തലയ്ക്കു പകരം
ദൂരദർശിനി ഘടിപ്പിച്ച മനുഷ്യന്റെയും ….എന്നതാ കാര്യം …തള്ള ഏതു നേരവും അവന്റെ പ്രവർത്തികൾ വാച്ച് ചെയ്യുവാണെന്നും,അവനൊരു സ്വാതന്ത്ര്യവും ഇല്ലെന്നും…ഒക്കെ സിംബോളിക്കാ,പിന്നെ കോഡ് ഭാഷേം …നമ്മളെപ്പോലുള്ള പുരാതന വസ്തുക്കൾക്ക് ഇതൊക്കെ എങ്ങനെ മനസ്സിലാകാനാ….പിള്ളേർക്കിപ്പം ചോദിക്കുമ്പം ചോദിക്കുമ്പം പണവും , എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യവും മതിയെന്നേ…തന്തേം തള്ളേം ഇതെല്ലാം ചെയ്തു കൊടുക്കാനുള്ള
യന്ത്രങ്ങൾ മാത്രമാ .ഏതാ എന്തിനാന്നോന്നും ചോദിച്ചേക്കരുത്… ചോദിക്കുന്നത് കൊടുത്തോണം ..ഇതാ അവരുടെ രീതി ..വല്യ ശിക്ഷയാണേ…ശിക്ഷ !” പിന്നെ കുറെയൊക്കെ വളർത്തു ദോഷവുമുണ്ട് .പൊട്ടും പൊടിയിയുമായിട്ടു ഒന്നോ രണ്ടോ പിള്ളേരെ ഉള്ളുവെന്നും പറഞ്ഞു, ഒന്ന് ചോദിച്ചാൽ പത്തു വാങ്ങിക്കൊടുക്കും.. ഒന്നിന്റെയും ബുദ്ധിമുട്ടു അവരെ അറിയിക്കത്തുമില്ല അതുകൊണ്ടെന്താ, എല്ലാം ധാരാളികളും, ധിക്കാരികളും ആയി വളർന്നു വരും.”
“അതെ അതെയതെ …”മറ്റെയാൾ സംഭാഷണം തുടർന്നു.”ഇന്നാളു എന്റെ മോള് കോളേജിൽ പോയിട്ട് വന്നു അവളുടെ അമ്മയോട് പറയുവാ ,അവടെ കോളേജിൽ പഠിക്കുന്ന ഒരു പെങ്കൊച്ചു, ബസ്സിക്കേറി കോളേജിലേക്ക് ടിക്കറ്റെടുത്തിട്ടു, ഒരു ഫോൺകാൾ വന്നെന്റെ പേരിൽ , പാതിവഴിക്കിറങ്ങി പോയത്രേ…പിന്നെ, അവരുടെ ബസ്സ്,സിഗ്നൽ കാത്തു കെടക്കുമ്പോഴൊണ്ട് ,ബസ്സീന്നിറങ്ങിപ്പോയ പെണ്ണൊണ്ട് ,ബൈക്കിൽ ഏതോ ഒരുത്തനേം കെട്ടിപ്പിടിച്ചു, കെട്ടിയോനേം കെട്ടിയോളേം പോലെ പോണത് കണ്ടെന്നു …എന്റെ
തമ്പുരാനേ..എനിക്കതു കേട്ടിട്ട് മേല് പെരുത്ത് വന്നു …അന്നേ ഞാൻ
എന്റെ പെൺകൊച്ചിനോട് പറഞ്ഞു, ഇതൊന്നും കണ്ടു നീ ഇളകണ്ടാന്നു ….ഇപ്പൊ എവിടെ നോക്കിയാലും പീഡനമല്ലേ. ആമ്പിള്ളേരാവുമ്പം , ചെലപ്പം കയ്യും കലാശവുംകാട്ടി പെണ്ണിനെ
വളക്കാൻ നോക്കിയെന്നിരിക്കും …വലയിൽ വീഴാതെയും കേടാവാതെയും സൂക്ഷിക്കേണ്ടതാരാ …പെണ്ണ് !”അത് ശരി തന്നെ സുഹൃത്തേ …എന്നാലും മറ്റുള്ള പെൺകുട്ടികൾ സ്വന്തം അമ്മയെപ്പോലെയോ, സഹോദരിയെപ്പോലെയോ,ഭാര്യയെപ്പോലെയോ സംരക്ഷിക്കപ്പെടേണ്ടവൾ ആണെന്ന് നമ്മുടെ ആൺകുട്ടികളെയും പഠിപ്പിക്കേണ്ടതല്ലേ ?….ഇന്ന് അവൻ വഴിപിഴപ്പിച്ചു, നിഷ്കരുണം വലിച്ചെറിയുന്നതുപോലൊരു പെൺകുട്ടിയാണ് നാളെ അവന്റെ ഭാര്യയായി വന്നു കയറുന്നതെങ്കിലോ ?”
“ഹേ, അതൊന്നും ശരിയാവില്ല….ആണാവുമ്പോൾ ചെളി കാണുന്നിടത്തു ചവിട്ടും ,വെള്ളം കണ്ടാൽ കഴുകുകയും ചെയ്യും…അത്രതന്നെ…സൂക്ഷിക്കേണ്ടത് പെണ്ണ് തന്നെ”
“എങ്കിൽ ഞാനൊന്ന് ചോദിച്ചോട്ടെ…ഈ മനസ്ഥിതി ഉള്ളൊരു പയ്യൻ താങ്കളുടെ മകളെ നശിപ്പിച്ചെന്നറിഞ്ഞാൽ എന്ത് ചെയ്യും?”
“ചവുട്ടി അവന്റെ നട്ടെല്ലൊടിക്കും ഞാൻ ” അയാൾ കോപം കൊണ്ട് അലറുന്ന സ്വരത്തിൽ പറഞ്ഞു…മറ്റേ ആളുടെ നനുത്ത ചിരി ഞാൻ അപ്പോൾ കേട്ടു. അയാൾ പറഞ്ഞു “ഇതുപോലെ വേറെ ഏതെങ്കിലും
ഒരപ്പൻ താങ്കളുടെ മകന്റെ നട്ടെല്ല് ചവുട്ടി ഒടിക്കാതിരിക്കാൻ വേണ്ടിയാണ് , നല്ലപാഠങ്ങൾ മകളോടൊപ്പം മകനെയും പഠിപ്പിക്കണമെന്ന് ഞാൻ പറഞ്ഞത്.”
നിശ്ശബ്ദത യുടെ അദൃശ്യമായൊരു വല , ശബ്ദങ്ങളുടെ ഘോഷയാത്ര ക്കുമേൽ കണ്ണി മുറുക്കിയത് പെട്ടെന്നായിരുന്നു …കാത്തിരിപ്പ് മുറിയിൽ നിന്ന് പിന്നീടൊരു സംഭാഷണവും ഞാൻ കേട്ടില്ല.
ഓരോരുത്തരുടെയും ഉള്ളിൽ ഒളിഞ്ഞു കിടക്കുന്ന,സ്വാർത്ഥതയുടെ
കാളസർപ്പം ,സ്വയമറിയാതെ പത്തി വിരിച്ചാടുന്ന ചില സന്ദർഭങ്ങളെ
കുറിച്ചോർത്തു ,ഞാൻ അറിയാതെ ചിരിച്ചു പോയി.
ചികിത്സാ മുറിയിൽ നിന്നിറങ്ങി വന്ന എന്റെ ഭർത്താവ്, എന്റെ ചിരിയുടെ പൊരുളറിയാതെ, അന്തം വിട്ടു നിൽക്കെ, പോകാമെന്നു
ആംഗ്യം കാട്ടി, ഞാൻ ,സഞ്ചിയുമെടുത്തു ,പതിയെ മുറിവിട്ടിറങ്ങി…….
**********************************************************