ഉപദേശങ്ങൾ കേൾക്കുമ്പോൾകോപംകൊണ്ടു ചുവന്നു വരുന്ന കണ്ണുകളിലേക്കും വിറയ്ക്കുന്ന, മീശയില്ലാത്ത, മുഖത്തേക്കും നോക്കുമ്പോൾ ഉള്ളിൽ സമ്മിശ്ര വികാരങ്ങളാണ് തിരതള്ളുക ….
.ഒരു പാവം വള്ളിനിക്കറുകാരൻ, ദേഷ്യപ്പെട്ടാൽ വിതുമ്പുന്ന ,ചിരിച്ചാൽ ഒരായിരം ഉമ്മകൾ തരുന്ന,കഥ കേൾക്കാൻ പുറകെ നടന്നു സോപ്പിടുന്ന ഒരു കുസൃതി കുടുക്ക !ആ ചിത്രമാണാദ്യം മനസ്സിൽ വരിക….പിന്നെയാണ് ഒരു വന്മരമാകാൻ വെമ്പുന്ന ഇപ്പോഴത്തെ രൂപം കണ്ണിൽ കാണുക….
വളർച്ചയിൽ അഭിമാനം ആകാം അഹങ്കാരം വേണ്ട എന്ന് പറയണമെന്ന് പലവട്ടം തോന്നി….പിന്നെ
വേണ്ടെന്നുവച്ചു..തന്നോളമായാൽ താനെന്നു കരുതണ്ടേ….എന്നാലും ഒരുകൂട്ടം പറയാതെ വിട്ടത് ശരിയായില്ലെന്നൊരു തോന്നൽ …..വന്മരമായാലും വേരുറച്ചില്ലെങ്കിൽ കടപുഴകി വീഴുമെന്ന്….അടിസ്ഥാനമില്ലാത്ത ഏതു മണിമാളികയും നേരിയൊരു ഉലച്ചിലിൽ തറപറ്റുമെന്നു ……
സമയം നിന്റെ,പ്രയത്‌നം നിന്റെ ,ഉറക്കം പോയതും ബുദ്ധിയും നിന്റെ..പക്ഷെ നിന്റെ നന്മയ്ക്കു വേണ്ടി ഉണർവിലുംഉറക്കത്തിലുംചിലരുടെ പ്രാര്ഥനകളുണ്ടായിരുന്നു,
അനുഗ്രഹങ്ങളുണ്ടായിരുന്നു ..ഒരു ചുവടു പോലും പിഴക്കാതിരിക്കാൻ ….ഒരു സ്വപ്നം പോലും പാഴാവാതിരിക്കാൻ …..ഇതിനു വിലയിടാൻ കഴിയുമോ?..
“സ്നേഹം” ഒന്നും പിടിച്ചുവാങ്ങാൻ ആഗ്രഹിക്കുന്നില്ല.അതിനെ കെട്ടിനിർത്താനുമാവില്ല …അതൊരുതരം ഒഴുക്കാണ് …മക്കളിൽ നിന്ന് കൊച്ചുമക്കളിലേക്കു ….തലമുറകൾ ഉള്ളിടത്തോളം അത് തുടരും …
ഒന്നറിയുക. ..ഒഴുക്കുള്ള പുഴയിൽ അഴുക്കു കുറവായിരിക്കും .
സൗഭാഗ്യങ്ങൾക്കുമുണ്ട് അതുപോലൊരു പ്രത്യേകത ….
ഇന്നൊരാൾക്കു നാളെ മറ്റൊരാൾക്ക് ….ആ ഏറ്റക്കുറച്ചിലുകളിൽ സ്നേഹം മാത്രമേ തുണയായിട്ടുണ്ടാവൂ.സൗഭാഗ്യങ്ങളും.അണ കെട്ടി
തനിക്കുമാത്രമായി അനുഭവിക്കാമെന്ന സ്വാർത്ഥത പാടില്ല.ഞാൻ കാരണം എന്റെ ചുറ്റുമുള്ളവർ കൂടി സന്തോഷിച്ചോട്ടെ എന്ന് കരുതുന്നതല്ലേ കൂടുതൽ നല്ലതു?വൃക്ഷ ചില്ലകളിൽ കൂടുകൂട്ടി കഴിയുന്ന പക്ഷിക്കൂട്ടങ്ങളെ കണ്ടിട്ടില്ലേ ….ഏതാണ്ട് അതുപോലെ …..
ചെറുതായിരുന്നപ്പോൾ വേഗം വലുതായി, നല്ലപദവിയിലെത്തി കാണണമെന്ന് മോഹിച്ചു..വലുതായപ്പോഴോ….പഴയ നിഷ്കളങ്കതയും കുട്ടിത്തവുമായിരുന്നു ഇതിനേക്കാൾ അഭികാമ്യം എന്നോർത്തു പോകുന്നു ..
എന്റെ .ചിന്തകളൊക്കെ ബാലിശമെന്നു തിരിച്ചറിഞ്ഞപ്പോൾ എനിക്കു വെളിപാടുണ്ടായി “നീ ഇപ്പോഴാണ് മനുഷ്യനായത് ..പക്ഷെ നിനക്ക് വയസ്സായി ..നിന്റെ ദിനങ്ങൾ എണ്ണപ്പെട്ടു തുടങ്ങിയിരിക്കുന്നു…നീ ആർജിച്ചതൊക്കെയും ഇവിടെ ഉപേക്ഷിക്കപ്പെടണം ..”
പക്ഷെ ഒരു സമാധാനം ….എന്റെ നന്മകൾ എന്റെ കുഞ്ഞുങ്ങൾക്ക് കുട പിടിക്കും ….അവരെ വെയിലത്ത് തളർത്തുകില്ല ,മഴയത്തു നനയ്ക്കുകയുമില്ല ..എന്റെ സൽപ്പേര് അവനെ തലയുർത്തി നടക്കാൻ പ്രാപ്തനാക്കും …..ഇതൊരു സൗഭാഗ്യമല്ലേ ?
ഇതാണെന്റെ വളർച്ച..വന്മരത്തിന്റെ നിഴലിലെ .വെറുമൊരു പുൽക്കൊടിയാണ് ഞാൻ എന്ന തിരിച്ചറിവ് !