ഇന്നലെകൾക്കിടയിൽ
==================
ആകാശം കറുത്തിരുണ്ട്വവന്നു. ചീറിയടിക്കുന്ന തണുത്ത കാറ്റിനോടൊപ്പം ഇടയ്ക്കിടെ കൊള്ളിയാൻ മിന്നി. ചാരുകസേര ജനാലക്കരുകിലേക്കു നീക്കിയിട്ടു, മഴയുടെ തയ്യാറെടുപ്പുകൾ നോക്കിക്കൊണ്ടു , അന്തോണിമാപ്പിള കാൽ വിറപ്പിച്ചുകൊണ്ടു കിടന്നു…
“കുഞ്ഞന്നാമ്മേ, എടീ കുഞ്ഞന്നാമ്മേ …” ബോധോദയം ഉണ്ടായതുപോലെ പൊടുന്നനെ അയാൾ അലറി വിളിച്ചു.
“എന്നാ മനുഷ്യനേ …?” അടുക്കളയിൽ, വേവാൻ കൂട്ടാക്കാത്ത ചക്കപ്പുഴുക്ക് തവിക്കണകൊണ്ട് കുത്തി ഉടക്കുന്നതിനിടയിൽ അന്നമ്മച്ചേടത്തി വിളിച്ചു ചോദിച്ചു. ” എടിയേ..വെളീക്കിടന്നതെല്ലാം എടുത്തു അകത്തിട്ടൊടിയേ?
“എന്നാ വെളീകെടക്കുന്നെന്നാ …തുണിയാണേൽ ,എടുത്തിട്ടു മനുഷ്യാ …”അസഹ്യതയോടെ കുഞ്ഞന്നാമ്മ വിളിച്ചു കൂവി
“എടിയേയ്.. എല്ലാം ഊരിയിട്ടോടിയേയ്..?” മാനത്തുനിന്നും കണ്ണെടുക്കാതെ അന്തോണിമാപ്പിള ചോദിച്ചു.
“ഇങ്ങോർക്ക് എന്നാത്തിൻറെ ഏനക്കേടാ..ഒന്നെഴുന്നേറ്റു ആ പ്ലഗ്ഗൊക്കെ ഊരിയിട്ടാലെന്നാ …… അതിനും ഞാൻ തന്നെ വരണോ ? ” ചേടത്തി ചൂടായി .
” അല്ല.. പിള്ളാര് വാങ്ങിച്ചുവച്ച ടീവിയാ… ഇടിവെട്ടി അതെങ്ങാനും കേടായാൽ….”
” ഇതിയാന്റെ ടീവികാണിച്ച മുട്ടും” അന്തോണിമാപ്പിള മുഴുമിപ്പിക്കുന്നതിനു മുന്പ് ചേടത്തിയുടെ പൂരിപ്പിക്കൽ കഴിഞ്ഞു.
“ഞാനൊന്നും കാണുന്നില്ലെന്നാ വിചാരം…വയസ്സുകാലത്തു പത്തു കൊന്ത എത്തിച്ചു ഇരിക്കാനുള്ളതിനു പകരം തുണിയുടുക്കാത്ത കൊറേ പെണ്ണുങ്ങളുടെ ….പാഷൻ റ്റീവീയാപോലും…..വേണ്ട …എന്നെക്കൊണ്ടൊന്നും പറയിക്കണ്ട..” ചേടത്തി പിറുപിറുത്തു.
അന്തോണിമാപ്പിള ശേഷം ഒന്നും പറയാൻ പോയില്ല.,പതുക്കെ എഴുന്നേറ്റു മെയിൻ സ്വിച്ച് ഓഫ്ഫാക്കി. കുഞ്ഞന്നമ്മ ഇടഞ്ഞാൽ പിന്നെ വീട്ടുകാര്യങ്ങൾ എല്ലാം അവതാളത്തിലാകും .കുട്ടി കലം പോലെ മോന്തയും വലിച്ചുകെട്ടി മൂപ്പത്തികട്ടിലിൽ കയറി ഒരറ്റ കിടപ്പു കിടന്നുകളയും .തൊണ്ട വരണ്ടു പൊട്ടിയാൽപോലും ഇത്തിരി കട്ടൻ ഉണ്ടാക്കി തന്നെന്നുവരില്ല . തനിക്കാണെങ്കിലോ ഇടയ്ക്കിടെ ഓരോ കോപ്പ കട്ടനടിച്ചേ പറ്റൂ. അതും, കുഞ്ഞന്നാമ്മ പാകത്തിന് വറുത്തു പൊടിച്ചെടുക്കുന്ന , മായമില്ലാത്ത ഉശിരൻ കട്ടൻ കാപ്പി. !. അക്കാര്യം ഓർത്തപ്പോൾത്തന്നെ അന്തോണിമാപ്പിളക്കു കാപ്പി കുടിക്കണമെന്ന് തോന്നി. വല്ല വറുത്തതും പൊരിച്ചതും കൊറിച്ചുകൊണ്ട് , ആവിപറക്കുന്ന കട്ടങ്കാപ്പിയും ഊതിക്കുടിച്ചു , ഈ മഴയും നോക്കിയിരിക്കാൻ എന്ത് രസമാ. അതൊന്നും പറഞ്ഞ ഈ പെമ്പറന്നോത്തിക്കു മനസ്സിലാവുകേലാ . നേരം വെളുത്താൽ രാത്രി വൈകുവോളം അടുക്കളയിലും പറമ്പിലും മടപ്പുതന്നെ മടപ്പ്..!…എന്നാ അതിനുമാത്രം ഒന്നും കാണാനുമില്ല . വല്ല പണിക്കാരേംപിടിച്ചു നിർത്താൻ പറഞ്ഞാ അതൊട്ടു കേൾക്കുകേം ഇല്ല .എല്ലാം സ്വന്തം കൈ കൊണ്ട് വച്ചുവിളമ്പിയാലേ അവൾക്കു തൃപ്തിയാവൂ …കുറ്റം വല്ലോം പറയാൻ പറ്റുമോ..? ” ഭർത്താവു അത്ര പോരാ” എന്നെങ്ങാനും തോന്നിയാൽ പിന്നെ തന്റെ ഗതി…അധോഗതി..!.
. എന്നാലും ഒന്ന് സോപ്പിട്ടു നോക്കിയേക്കാം…
“അന്നപെണ്ണേ , ഇത്തിരി കട്ടൻ ഇങ്ങെടുത്തേടി …കൂട്ടത്തിൽ രണ്ടാഞ്ഞിലിക്കുരു വറത്തതും”..അയാൾ സ്വരത്തിൽ കഴിയുന്നത്ര മയം വരുത്തി വിളിച്ചു പറഞ്ഞു. ഇത്തവണ അവൾ വീഴാതിരിക്കില്ല …”അന്ന പെണ്ണേ” എന്ന വിളി അവളുടെ ഒരു ദൗർബല്യം ആണെന്ന് തനിക്കു നന്നായി അറിയാം.
നാൽപത് വര്ഷങ്ങള്ക്കു മുൻപ് , കുട്ടിത്തം മാറാത്ത ഒരു പതിനാറുകാരി പെണ്ണിന്റെ കയ്യുംപിടിച്ചു,കോരിച്ചൊരിയുന്ന മഴയത്താണ് താനീ മല നാട്ടിലെത്തിയത് ………….അന്നൊക്കെ, കാട് വെട്ടിയുണ്ടാക്കിയ വഴികളിലൂടെ വല്ലപ്പോഴും നിരങ്ങി നീങ്ങുന്ന കാളവണ്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇന്നിപ്പോൾ എന്തെല്ലാം മാറ്റങ്ങൾ . കമ്പൂട്ടറെന്നോമറ്റോ പറയുന്ന ഏതോ കുന്ത്രാണ്ടത്തിലൂടെ ,.യൂക്കെയിലിരിക്കുന്ന മരിയക്കുട്ടിയെയും ,ജര്മനിലുള്ള റോസിക്കുട്ടിയെയും ടീവീ കാണുന്നപോലെ വീട്ടിലിരുന്നു കാണാം, വർത്താനം പറയാം …അവിടിരുന്നു പെങ്കൊച്ചിനു തന്റെ അക്കൗണ്ടിലേക്കു കാശിടാം ,പിന്നെ, വീട്ടിലെ, ഫ്രിഡ്ജും ടീവീം, എന്നുവേണ്ട , സകല സാധനങ്ങളും മരിയക്കുട്ടിവീട്ടിലിരുന്നു ഫോണേക്കൂടി ഏതാണ്ടൊക്കെ കാണിച്ചു കോറിയെന്നോ കോരിയർ എന്നോ പറയുന്ന ആരാണ്ടോ വീട്ടിൽ കൊണ്ടുതരുവാരുന്നു ….ഓരോ മായാജാലങ്ങള് ….!മാറ്റമില്ലാത്തതായി അന്നും ഇന്നും ഒന്നേയുള്ളു…തന്റെ കുഞ്ഞന്നാമ്മ !
തൊടിയിൽ തെങ്ങോല വീഴുന്ന ശബ്ദം കേട്ട്, അന്തോണി മാപ്പിള ചിന്തയിൽ നിന്നുണർന്നു. മഴ നന്നായി പെയ്തു തുടങ്ങിയിരിക്കുന്നു….വീശിയടിക്കുന്ന കാറ്റിൽ , ഒന്നോ രണ്ടോ മഴത്തുള്ളികൾ , ജന്നലിനിടയിലൂടെ ,അന്തോണിമാപ്പിളയുടെ ദേഹത്തും വന്നു വീണു …അയാൾക്ക് കുളിരുകോരി
പണ്ട്, അന്നപെണ്ണും താനും കൂടി ഒരു കമ്പിളിപ്പുതപ്പിനുള്ളിൽ പീച്ചിക്കൂടിയിരുന്നു എത്രനേരം മഴനോക്കി രസിച്ചിരിക്കുന്നു ! അന്ന് താൻ കാട്ടിയിരുന്ന ചില്ലറ കുസൃതികളിൽ അവൾ എത്ര നേരമാ കുടുകുടെ ചിരിക്കുക ! അതോർത്തപ്പോൾ അന്തോണിമാപ്പിളക്കു ചിരിക്കാതിരിക്കാനായില്ല .
“എന്നാ മനുഷ്യനെ ചുമ്മായിരുന്നു കിരിക്കുന്നേ…വല്ല വട്ടും പിടിച്ചോ ?”.. കോപ്പയിൽ ആവിപറക്കുന്ന കട്ടനുമായി മുന്നിൽ അന്നചേടത്തി ….
ജാള്യത്തോടെ, കോപ്പ കൈനീട്ടി വാങ്ങുന്നതിനിടയിൽ അന്തോണി മാപ്പിള പറഞ്ഞു “വട്ടൊന്നുമല്ലെടി പെണ്ണെ …ഈ മഴ നോക്കിയിങ്ങനെ ഇരിക്കാൻ എന്നാ രസമാ …..വാ നീയിവിടെ അടുത്ത് വന്നിരി ….നമുക്ക് പഴയ കാര്യങ്ങളൊക്കെ പറഞ്ഞിരിക്കാമെടീ ..”
“മൂരി ശൃംഗാരം കൊള്ളാം …വയറുകിടന്നു “കീയോ, കീയോ ” എന്നുവിളിക്കുമ്പം വല്ലതും തിന്നാനെടുക്കു പെണ്ണുമ്പിള്ളേ എന്നും പറഞ്ഞു ഇവിടെക്കിടന്നു തൊള്ള കീറുമല്ലോ …..കിന്നരിച്ചോണ്ടിരുന്നാ അന്നേരം എന്നാ എടുത്തു വിഴുങ്ങും ?…പണിയെടുത്തെന്റെ നടുവോടിഞ്ഞു…
ഇതിയാനൊന്നും അറിയണ്ടല്ലോ …ചാരുകസേരേല് , കാലും വിറപ്പിച്ചു കെടന്നാപ്പോരേ …എന്റെ വായീന്നൊന്നും കേക്കരുത് കേട്ടോ …എല്ലാം കല്ലേൽ അരച്ചൊണ്ടാക്കണം, കുക്കറിൽ വയ്ക്കാൻ പാടില്ല ,….ഈ സിദ്ധാന്തമൊന്നും പുന്നാരമോള് വന്നു നിക്കുമ്പം കാണാറില്ലല്ലോ ….ഇതിനിടയിൽ തോപ്പം തോപ്പം കാപ്പികുടീം ….അല്ല പിന്നെ !…ചാടിത്തുള്ളി ചേടത്തി അടുക്കളയിലേക്കു പോയി ..
“ഹാവൂ …വയസ്സിത്രയായിട്ടും ഇവൾ പഴയ കാന്താരി തന്നെ …എരിവ് കൂടീട്ടുണ്ടെങ്കിലേ ഉള്ളു ..”ചേടത്തിയുടെ പ്രകടനം നോക്കി രസിക്കുന്നതിനിടയിൽ അന്തോണി മാപ്പിള മനസ്സിലോർത്തു .
കാപ്പികുടി കഴിഞ്ഞപ്പോൾ , ഒരു ബീഡി പുകച്ചാൽ കൊള്ളാമെന്നുതോന്നി അന്തോണി മാപ്പിളക്ക്.”വെളി”ക്കിരിക്കുമ്പോൾ ഒരു ബീഡി വലിച്ചോളാൻ അനുവാദം തന്നിട്ടുണ്ട് കുഞ്ഞന്നാമ്മ . ആ പേരും പറഞ്ഞു , ഇന്ന് തന്നെ ,രണ്ടു പ്രാവശ്യം കൊതുകുകടിയും കൊണ്ട് , പൊന്തക്കാട്ടിൽ കുത്തിയിരുന്നതാണ്….ഈ മഴയത്തു ഇനി എന്തായാലും അത് വയ്യ .
അടച്ചുകെട്ടിയ കക്കൂസുമുറിയിൽ കയറി, കസേരയിലിരിക്കുമ്പോലെയുള്ള ചാരിയിരുപ്പു തനിക്കൊട്ടും പിടുത്തമല്ല .ഒരിക്കൽ അതിൽ കയറി ,കുത്തിയിരിക്കാൻ നോക്കി ,കാലുരണ്ടും ആ കുന്തറണ്ടത്തിനുള്ളിൽ വീണ കാര്യം ഇന്നും തന്റെ മനസ്സിനുള്ളിലെ രഹസ്യമാണ് . അത് മാത്രമല്ല, താൻ അതിലെങ്ങാനും കയറി ബീഡിവലിച്ചാലുടനെ ,കുഞ്ഞന്നാമ്മക്കു “കുത്തിച്ചുമ “വരും ..അതവളുടെ ഒരടവാണോന്നു തനിക്കു സംശയം ഇല്ലാതില്ല….തേങ്ങയിടാൻ വരുന്ന നാണു മൂപ്പര് അവളുടെ മുന്നിലിരുന്നു ബീഡി പുകച്ചിട്ടും അവൾ ചുമയ്ക്കുന്നില്ലല്ലോ …അതെന്താ അങ്ങനെ ?..എന്നതാണോ …എന്തായാലും ഇനി ഒന്നുകൂടി പറമ്പിൽ പോയാൽ, വയറിനെന്തോ കൊള്ളയാണെന്നും പറഞ്ഞു , കൂവപ്പൊടി കുറുക്കി തീറ്റിക്കും അവൾ…അടുക്കളയിൽ നിന്നും പൊങ്ങുന്ന പുഴുക്കിന്റെയും, മത്തി കറിയുടെയും മണംസഹിച്ചു, പഷ്ണി കിടക്കാൻ വയ്യ .ബീഡി വലിക്കാനുള്ള മോഹം ഉപേക്ഷിക്കുക തന്നെ ! അന്തോണിമാപ്പിള നെടുവീർപ്പിട്ടു.
പണ്ട്, കാട്ടിൽനിന്നും , എത്രയെത്ര പന്നികളെ തോട്ടവച്ച് പിടിച്ചിരിക്കുന്നു …അതുപോലെതന്നെ എന്തുമാത്രം , മുയലും, മാനും തീൻ മേശയിലെത്തിയിരിക്കുന്നു….വെടിയിറച്ചിയുടെ രുചി ഒന്ന് വേറെതന്നെയാണേയ് …അന്തോണി മാപ്പിള കൊതിയോടെ വെള്ളമിറക്കി. അല്ല, ആഗ്രഹിച്ചിട്ടും കാര്യമില്ല . ഇത്തവണത്തെ ചെക്കപ്പ് കഴിഞ്ഞു,ഒരു കൈക്കുമ്പിൾ മരുന്ന് വീതമല്ലേ , ഓരോ ദിവസവും തന്നെ തീറ്റിക്കുന്നതു….പണ്ടൊക്കെ ഒരു ചുക്കുകാപ്പീം കുടിച്ചു, ആവി പിടിക്കലും കഴിഞ്ഞാൽ മാറുന്ന രോഗങ്ങളേ ഉണ്ടായിരുന്നുള്ളു…മരിയക്കുട്ടി, കഴിഞ്ഞ അവധിക്കു വന്നപ്പോ , ആശുപത്രി ചെക്കപ്പിന്, തന്നെ, കൊണ്ടുപോയതോടെ തുടങ്ങി കഷ്ടകാലം…തനിക്കു കഴിക്കാനാവുന്ന സാധനങ്ങളുടെ ലിസ്റ്റുണ്ടാക്കി , കുഞ്ഞന്നാമ്മയെ ഏല്പിച്ചിട്ടാണ് അവൾ മടങ്ങിപ്പോയത്. പോരെങ്കിൽ ജർമനീലുള്ള രണ്ടാമത്തെ സന്തതി റോസിക്കുട്ടീടെ വക ഇടക്കിടെയുള്ള കോണദോഷങ്ങളും….എല്ലാം കൊണ്ടും വയറ്റുഭാഗ്യം പോയെന്നു പറഞ്ഞാൽ മതിയല്ലോ …
നെഞ്ചിലെ, രോമങ്ങൾക്കിടയിലൂടെ , വിരലോടിച്ചുകൊണ്ട്,അന്തോണിമാപ്പിള കണ്ണുകളടച്ചു കിടന്നു.
“അന്നകൊച്ചേ ,അന്ന കൊച്ചേ”പെട്ടെന്ന് എന്തോ ഓർത്തതുപോലെ അയാൾ കാറി വിളിച്ചു.അടുപ്പിലിരുന്നു തിളയ്ക്കുന്ന മീൻകറി വാങ്ങി വയ്ക്കാനൊരുങ്ങുകയായിരുന്നു കുഞ്ഞന്നാമ്മ . കരി പുരണ്ട കൈ മുണ്ടിന്റെ കോന്തലയിൽ തുടച്ചുകൊണ്ട്, വേവലാതിയോടെ അവർ ഉമ്മറത്തേക്ക് ഓടിയെത്തി.
മുഷിഞ്ഞ മുണ്ടും, കരി പുരണ്ട ചട്ടയുമിട്ടു, പാതിയോളം നരച്ച മുടിയിൽ ,അവിടെയുമിവിടെയും ചാമ്പലുമായി , മുന്നിൽ പ്രത്യക്ഷപ്പെട്ട ഭാര്യയെ, ആദ്യമായി കാണുന്നതുപോലെ അന്തോണി മാപ്പിള നോക്കി. വെയിലും മഴയുമൊന്നും വകവയ്ക്കാതെ, അകത്തും പുറത്തും പണിയെടുത്തു ,നിറമൊത്തിരി കരുവാളിച്ചെങ്കിലും, തന്റെ ഭാര്യ സുന്ദരിതന്നെ എന്ന് അയാൾ കണ്ടെത്തി .
അടുക്കളപ്പണിക്കിടയിൽ , തന്നെ വിളിച്ചുവരുത്തി, ഒന്നും പറയാതെ അടിമുടി തുറിച്ചുനോക്കുന്ന കെട്ടിയോനെ കണ്ടപ്പോൾ അവർക്കു ദേഷ്യം വന്നു.”നിങ്ങക്ക് എന്നാത്തിന്റെ ഏനക്കേടാ?”കുഞ്ഞന്നാമ്മ പല്ലുകടിച്ചു .
“എടീ പെമ്പിളെ, നിനക്കത്ര വയസ്സായീ …അമ്പത്താറ്…എനിക്ക് അറുപത്തിരണ്ടു…അതൊന്നും അത്ര വലിയ വയസ്സല്ലെന്നേ ….എടീ എനിക്കൊരാഗ്രഹം , നീ എതിരൊന്നും പറയല്ല്” അന്തോണി മാപ്പിള പ്രതീക്ഷയോടെ കുഞ്ഞന്നാമ്മയെ നോക്കി പറഞ്ഞു.
“എന്നാന്നു വേഗം പറ…അടുപ്പിലിരിക്കുന്ന മീൻ കറി കരിഞ്ഞുപോകും ….”മുള്ളിന്മേൽ നിൽക്കുന്നതുപോലെ കുഞ്ഞന്നാമ്മ മുരണ്ടു.
“അതേയ് , നീയിങ്ങു അടുത്തുവന്നേ…” “ഓരോ കോപ്രായങ്ങള് “എന്ന് മനസ്സിലോർത്തുകൊണ്ടു , കുഞ്ഞന്നാമ്മ , ഭർത്താവിനരികിലേക്കു നീങ്ങി നിന്നു. ഭാര്യയുടെ, തഴമ്പുവീണ കൈ, സ്വന്തം കൈക്കുള്ളിലാക്കി ,തലോടിക്കൊണ്ട് , അന്തോണി മാപ്പിള പറഞ്ഞു “പണ്ട്, സാരിയൊക്കെ വേണമെന്ന് പറഞ്ഞപ്പോൾ,ചട്ടേം മുണ്ടുമല്ലാതെ ഞാൻ വേറൊന്നും നിനക്ക് വാങ്ങിത്തന്നിട്ടില്ല …അതൊക്കെ തെറ്റായിപ്പോയെന്ന് ഇപ്പൊ തോന്നുവാ …ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ …നീയേ ഒരു കാര്യം ചെയ്യ്, ഈ അളിഞ്ഞ വേഷമൊക്കെ ഊരിക്കളഞ്ഞിട്ടു , കുളിച്ചു വൃത്തിയായി , നമ്മടെ മരിയക്കുട്ടീടെ അലമാരീലിരിക്കുന്ന, ആ ചോവന്ന ചുരിദാറൊക്കെ ഇട്ടൊന്നു വന്നേ ….ദേ..നല്ല കലക്കൻ മഴ പിന്നെയും വരുന്നത് കണ്ടില്ലേ …നമ്മക്ക് ഒരു പൊതപ്പിനുള്ളിൽ ചുരുണ്ടുകൂടിയിരിക്കാം ….”
കുഞ്ഞന്നാമ്മക്കു ഉള്ളിൽ ചിരി വന്നു. ” ഇതെന്നാ പെട്ടന്ന് ഇങ്ങിനെ ഒരു പൂതി ഇളകാൻ ?” അവർ നെറ്റി ചുളിച്ചു. “അതേയ് ഞാനീ ടീവിയിൽ ഒരു കാര്യം കണ്ടാരുന്നെടീ …വയസ്സുകാലത്തും ദാമ്പത്യ ജീവിതം എങ്ങനെ രസകരമാക്കാമെന്ന , മനഃശാസ്ത്രഞ്ജന്റെ ഒരു പരിപാടി”….. അന്തോണിമാപ്പിള കുമ്പസാരിച്ചു… “വേറൊന്നും കണ്ടില്ലേ? ദേഷ്യത്തോടെ ,കെട്ടിയോന്റെ കൈ കുടഞ്ഞുമാറ്റിക്കൊണ്ടു കുഞ്ഞന്നാമ്മ ചിറി കോട്ടി. “വയസ്സുകാലത്തു ഇത്തരം വഷളത്തരങ്ങളൊക്കെ കണ്ടിരിക്കാൻ ഇതിയാനോട് ആരാ പറഞ്ഞത്..കണ്ട അഴുക്ക പെണ്ണുങ്ങളെയും നോക്കിയിരുന്നു വെള്ളമിറക്കീട്ടു ….ഒന്നുമില്ലെങ്കി കെട്ടിച്ചുവിട്ട രണ്ടു പെമ്പിള്ളാരുടെ അപ്പനാണെന്നെങ്കിലും ഓർക്കണ്ടേ ….അല്ലെങ്കി വേണ്ട ….ഞാനൊന്നും പറയുന്നില്ല….മനസ്സ് ശുദ്ധമാക്കിവെച്ചു പത്തു ” നന്മനിറഞ്ഞ മറിയമേ” ചൊല്ല് മനുഷ്യാ….” കൊടുങ്കാറ്റുപോലെ കുഞ്ഞന്നാമ്മ അടുക്കളയിലേക്കു പോയി…..
“ഇവൾ ആളു ശരിയല്ല ….ഒന്നും സമ്മതിക്കത്തില്ല…” എന്ന് പിറുപിറുത്തുകൊണ്ട് ,ഇച്ഛാഭംഗത്തോടെ അന്തോണിമാപ്പിള , കസേരക്കയ്യിൽ കാലും കയറ്റിവെച്ചു മഴയിലേക്ക് കണ്ണും നട്ടിരുന്നു, മുറ്റത്തു തുള്ളിക്കളിക്കുന്ന നീർക്കുമിളകൾ അയാളെ നോക്കി കളിയാക്കിച്ചിരിച്ചതറിയാതെ…….
*****************************