( കവിത – by:. സുലു )
ഒരു പിടി വെണ്ണീറാകുവാനുള്ളവർ
കടിപിടി കൂടുന്നു, കലാപം വിതക്കുന്നു !
മനസ്സിലസുയതൻ തീയാളി നിൽക്കിലും
കപടസ്നേഹത്തിന്റെ പൊയ്മുഖം കാട്ടുന്നു !
അമ്മതൻ നെഞ്ചിലെ ചൂടറിയിക്കാതെ
അമ്മിഞ്ഞപ്പാലിലും മായം കലർത്തുന്നു !
താരാട്ടു കേൾക്കേണ്ട പിഞ്ചിളം കാതിലും
പോരാട്ട സൂക്തങ്ങൾ ചൊല്ലി കൊടുക്കുന്നു !
ഈശ്വരനാമം പെരുമ്പറ കൊട്ടിക്കോ-
ഡേറ്റവും നീചപ്രവർത്തികൾ ചെയ്യുന്നു !
പാപഭാരത്താൽ കുനിയും ശിരസ്സിനെ
സ്ഥാനമാനത്താലുയർത്തിപ്പിടിക്കുന്നു !
മണ്ണോടു ചേരുവാനുള്ളോരീദേഹമെ –
ന്നോർക്കുന്നതില്ലാരും മദമത്സരങ്ങളിൽ !
ഒരു പഴുതുണ്ടാകിലുടലോടെ താനങ്ങ് –
സ്വർലോകം പോകുമെന്നകമേ നിനയ്ക്കുന്നു !
അന്യന്റെ നേർക്കോങ്ങും പരിഹാസ ചുരികക-
ളവനോന്റെ തല ചീന്തും നിമിഷങ്ങളറിയാതെ
അപരന്റെ വീഴ്ച കണ്ടാർത്തുല്ലസിക്കുന്നു
അഭിമാനം നേദിച്ചും അധികാരം നേടുന്നു…!
നേർച്ചകൾ നേർന്നാലും , നോമ്പുകൾ നോറ്റലും
ഉള്ളും പ്രവർത്തിയും നല്ലതല്ലെന്നാകിൽ
നേദ്യവും കാഴ്ചയും തട്ടി തെറിപ്പിച്ചു
ഈശ്വരൻ പോലും പലായനം ചെയ്തിടും.
…………………………………………………………………….